എല്‍ഡിഎഫ് ഭരണത്തില്‍ സംസ്ഥാനത്തെ ആഭ്യന്തരവകുപ്പ് ഒരു അധോലോകസംഘമായി മാറിയിരിക്കുന്നുവെന്ന വെളിപ്പെടുത്തല്‍ ഒരു ഭരണപക്ഷ എംഎല്‍എയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നു. പിണറായി വിജയന്‍ ആഭ്യന്തരവകുപ്പുകൂടി കൈയാളുന്ന മുഖ്യമന്ത്രിയായി ഭരണം നടത്തുമ്പോള്‍ പോലീസ് സേനയുടെ കാര്യക്ഷമതയ്ക്കു നേരെ തുടര്‍ച്ചയായി കരിനിഴല്‍ വീഴുകയാണ്. പിണറായി വിജയന്‍ മുഖ്യമന്ത്രി ആയപ്പോള്‍ മുതല്‍ അദ്ദേഹത്തിന് ഏറെ കുമ്പസാരിക്കേണ്ടി വന്നത് പോലീസിന്റെ പരാജയങ്ങളുടെ പേരിലാണ്. പോലീസിന് വീഴ്ച പറ്റി എന്ന് മുഖ്യമന്ത്രിക്ക് എത്ര തവണ പറയേണ്ടി വന്നു എന്നതിന് കണക്കില്ല. ജിഷ്ണു കൊലപാതകം, ശ്രീജിത്ത് കസ്റ്റഡി മരണം, നടിയെ ആക്രമിച്ച സംഭവം, വാളയാര്‍ കൊലപാതകം, മിഷേല്‍ കൊലപാതകം എന്നിവയിലൊക്കെ പോലീസിന്റെ വീഴ്ച ഏറ്റുപറയാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനായി. ഏറാന്‍മൂളികളെ മാത്രം താക്കോല്‍ സ്ഥാനങ്ങള്‍ ഏല്‍പ്പിച്ചിട്ടും ഉപദേശിക്കാന്‍ മുന്‍ ഡിജിപിയെ നിയമിച്ചിട്ടും ആദ്യ പിണറായി സര്‍ക്കാരിനെ പോലീസ് നാണം കെടുത്തി. തന്റെ വാഹനത്തിന് മാര്‍ഗ്ഗതടസ്സം ഉണ്ടാക്കിയെന്നു പറഞ്ഞ് ഡിവൈഎസ്പി, നിരപരാധിയായ യുവാവിനെ മര്‍ദ്ദിച്ച് കാറിനു മുന്നിലേക്ക് തള്ളിയിട്ട് കൊന്നത് അക്കാലത്താണ്.
രാജ്യദ്രോഹത്തിന്റെ സ്വഭാവമുള്ള, സ്‌ഫോടനാത്മകമായ, അഴിമതിയാരോപണങ്ങളില്‍പ്പെട്ട് ആടിയുലഞ്ഞ ഒന്നാം പിണറായി സര്‍ക്കാര്‍, പ്രതിപക്ഷ സമരങ്ങളെ പോലീസിനെ കയറൂരി വിട്ട് അടിച്ചമര്‍ത്തുകയായിരുന്നു. പുരാവസ്തു തട്ടിപ്പുകാരന് പോലീസുകാര്‍ പാറാവ് പോയതും ഐ.ജി. ഉള്‍പ്പെടെയുള്ള ഉന്നതര്‍ കുടുങ്ങിയതുമൊക്കെ സേനയ്ക്ക് അവമതിപ്പുണ്ടാക്കിയ സംഭവങ്ങളായി. ക്രിമിനല്‍ വാസനകളുള്ള പോലീസ് ഉദ്യോഗസ്ഥരെ ഘട്ടം ഘട്ടമായി സേനയില്‍ നിന്നും പുറത്താക്കുന്നതിന് ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത് എന്ന് ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രിക്ക് ഇടയ്ക്കിടെ പറയേണ്ടി വന്നു. ക്രിമിനല്‍ കേസ്സുകളില്‍ ഉള്‍പ്പെട്ട 108 ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍നിന്നും നീക്കം ചെയ്തത് സര്‍ക്കാര്‍ ഭരണനേട്ടമായി ആഘോഷിച്ചു.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷവും ഇത് തുടര്‍ന്നു. കേരളത്തില്‍ പോലീസ് അതിക്രമങ്ങളില്ലാത്ത ഒരൊറ്റ ദിവസം പോലും കടന്നുപോയിട്ടില്ലെന്നു പറയുന്നത് ഒട്ടും അതിശയോക്തിയല്ല. തിരുവനന്തപുരത്ത് ഫോണ്‍ മോഷ്ടിച്ചു എന്നാരോപിച്ച് ഒരച്ഛനെയും മകളെയും പിങ്ക് പോലീസ് അവഹേളിച്ചത് പിണറായി സര്‍ക്കാരിന് അധികാരത്തുടര്‍ച്ച ലഭിച്ചതിനുശേഷമാണ്. ഇതിനെത്തുടര്‍ന്നുള്ള ഓരോ മാസത്തിലും വിവിധ ജില്ലകളില്‍ നിരവധി പോലീസ് അതിക്രമങ്ങള്‍ അരങ്ങേറി. അപ്പോഴൊക്കെ അതിനെ ഒറ്റപ്പെട്ട സംഭവങ്ങളെന്നു പറഞ്ഞ് ലളിതവത്കരിക്കുകയാണ് ഭരിക്കുന്നവര്‍ ചെയ്തത്. സാധാരണക്കാര്‍ക്കും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കും ഇങ്ങനെ മര്‍ദ്ദനമേല്‍ക്കേണ്ടിവരുന്നത് പിണറായി ഭരണത്തിലെ പൊതുപ്രവണതയാണ്. പോലീസിന്റെ ഈ അഴിഞ്ഞാട്ടത്തെക്കുറിച്ച് ആഭ്യന്തരവകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേകിച്ചൊന്നും പറയാനില്ല. അവയൊക്കെ തന്റെ പരിഗണനയില്‍ വരുന്നതോ പ്രതികരണം അര്‍ഹിക്കുന്നതോ ആയ പ്രശ്‌നങ്ങളല്ലെന്ന മനോഭാവമാണ് മുഖ്യമന്ത്രിയുടേത്.
ചെറുതോ വലുതോ ആയ കേസുകളില്‍ പ്രതികളാവുന്ന പൗരന്മാരെ മര്‍ദ്ദിക്കാന്‍ നിയമപരമായി യാതൊരു അധികാരവും പോലീസിനില്ല. പക്ഷേ ഇങ്ങനെയൊരു അവകാശം തങ്ങള്‍ക്കുണ്ടെന്ന ധാര്‍ഷ്ട്യത്തില്‍ പോലീസ് അതിക്രമങ്ങള്‍ കാണിക്കുകയാണ്. ഒന്നിനു പുറകെ ഒന്നായി ഇത്തരം അനിഷ്ടസംഭവങ്ങളുണ്ടാവുകയും മരണങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടും പോലീസ് ഈ രീതി ഉപേക്ഷിക്കാത്തത് വളരെ ഗുരുതരമായ പ്രശ്‌നമാണ്.
ആഭ്യന്തര വകുപ്പ് കയ്യാളുന്നതില്‍ അമ്പേ പരാജയമാണ് താനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരുന്നു. മോഷണം, ഗുണ്ടാ വിളയാട്ടം, കൊലപാതകങ്ങള്‍, കള്ളക്കടത്ത്, ലഹരിക്കടത്ത്, തട്ടിപ്പുകള്‍, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയൊക്കെ സംസ്ഥാനത്ത് അരങ്ങുതകര്‍ക്കുകയാണ്. സാധാരണ പോലീസുകാര്‍ മുതല്‍ സമുന്നത പോലീസ് ഉദ്യോഗസ്ഥന്മാര്‍ വരെ ഇതിനൊക്കെ കൂട്ടുനില്‍ക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ ഇങ്ങനെയൊരു ആഭ്യന്തരമന്ത്രിയെ കിട്ടിയതില്‍ കുറ്റവാളികളും കൊലപാതകികളും സന്തോഷിക്കുകയാണ്. നിയമപാലകരായ പോലീസുകാര്‍ക്ക് എന്ത് നിയമവിരുദ്ധ പ്രവര്‍ത്തനം നടത്താനും മടിയില്ലാതായിരിക്കുന്നു. സിപിഎമ്മിന് വിടുപണി ചെയ്താല്‍ മാത്രം മതി, ഈ ഭരണസംവിധാനത്തില്‍ തങ്ങള്‍ ശിക്ഷിക്കപ്പെടില്ലെന്ന ഉറപ്പ് അവര്‍ക്കുണ്ട്. പാര്‍ട്ടി ക്രിമിനലുകളും പോലീസ് ക്രിമിനലുകളും കൈകോര്‍ത്താണ് നീങ്ങുന്നത്.
ചെയ്യുന്ന ജോലിയുടെ മഹത്വം തിരിച്ചറിയുന്ന ബഹുഭൂരിപക്ഷം പേരില്‍കൂടി കളങ്കം വീഴ്ത്തിക്കൊണ്ട്, പൊലീസ് സേനയിലെ ചിലര്‍ വഴിവിട്ടു സഞ്ചരിക്കുന്നതു കേരളത്തെ ഞെട്ടിക്കാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളേറെയായി. പുരാവസ്തു തട്ടിപ്പുകാരനുമായുള്ള ബന്ധം, മാങ്ങാ കട്ടതിന് പോലീസുകാരന്‍ പിടിയിലായത്, അങ്കമാലിയില്‍ ഗുണ്ടാനേതാവിന്റെ വീട്ടില്‍ വിരുന്നുകൂടിയ ഡി.വൈ.എസ്.പിയും പോലീസുകാരും സ്വന്തം സഹപ്രവര്‍ത്തകരുടെ പരിശോധനയില്‍ കുടുങ്ങിയത്, കോഴിക്കോട് മുക്കം പോലീസ് സ്‌റ്റേഷനില്‍നിന്ന് തൊണ്ടിമുതലായ മണ്ണുമാന്തിയന്ത്രം കടത്തിയ എസ്.ഐ.യെ പോലീസിന് അറസ്റ്റുചെയ്യേണ്ടിവന്നത് ഇങ്ങനെ കേരള പോലീസിലെ ധര്‍മച്യുതി വെളിവാക്കുന്ന സംഭവങ്ങളുടെ നിരയാണ് വന്നുകൊണ്ടിരുന്നത്.
അതിന്റെ തുടര്‍ച്ചയും കൂടുതല്‍ ഗൗരവതരവുമാണ് ഇപ്പോഴത്തെ ആരോപണങ്ങള്‍. പത്തനംതിട്ട എസ്.പി. എസ്.സുജിത് ദാസിന്റേതെന്നപേരില്‍ ഭരണകക്ഷി എംഎല്‍എ അന്‍വര്‍ പുറത്തുവിട്ട ശബ്ദശകലം പോലീസ് സേനയ്ക്കുണ്ടാക്കുന്ന കളങ്കം സമാനതകളില്ലാത്തതാണ്. 2021ല്‍ സുജിത്ദാസ് മലപ്പുറം എസ്.പി.യായിരിക്കെ ക്യാമ്പ് ഓഫീസില്‍നിന്നു മരങ്ങള്‍ മുറിച്ചുകടത്തിയെന്ന് എം.എല്‍.എ. പരാതി നല്‍കിയിരുന്നു. ഇതു പിന്‍വലിക്കണമെന്ന അപേക്ഷയുമായാണ് അന്‍വറിനെ എസ്.പി. ടെലഫോണില്‍ ബന്ധപ്പെട്ടത്. ഇരുപത്തിയഞ്ചാംവയസ്സില്‍ ഐ.പി.എസ്. ലഭിച്ച താന്‍ ദീര്‍ഘസര്‍വീസില്‍ ഡി.ജി.പി.വരെയാകുമെന്നും അപ്പോഴൊക്കെ അന്‍വറിനോടു കടപ്പെട്ടവനായിരിക്കുമെന്നും സുജിത്ദാസ് പറയുന്നതായി ശബ്ദരേഖയിലുണ്ട്. ഇതിനെക്കാള്‍ വലിയൊരു മാനഹാനി കേരള പോലീസിന് ഇനിയെന്താണു വരാനുള്ളത്. ജില്ലാ പോലീസ് മേധാവിയുടെ തിളക്കമുള്ള കസേരയിലിരിക്കുന്നയാളാണ് ഇത്ര വിലകെട്ടരീതിയില്‍ സംസാരിക്കുന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയുടെ ആജ്ഞാനുവര്‍ത്തിയാണ് എ.ഡി.ജി.പി. അജിത്കുമാറെന്ന് എസ്.പി. പറയുന്നന്നതും ശബ്ദരേഖയില്‍ കേള്‍ക്കാം. എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ മേലുദ്യോഗസ്ഥനെക്കുറിച്ച് ഉത്തരവാദിത്തരഹിതമായ കുറ്റപ്പെടുത്തലുകള്‍ നടത്തുന്നത് പദവിയുടെ അന്തസ്സിനുമാത്രമല്ല, അദ്ദേഹം ജോലിചെയ്യുന്ന സേനയുടെ അച്ചടക്കത്തിനും യോജിച്ചതല്ല. ഇപ്പോഴത്തെ മലപ്പുറം എസ്.പി. സ്ഥാനക്കയറ്റംവഴി ഐ.പി.എസ്. ലഭിച്ച ആളാണെന്നു പരിഹസിക്കുന്നതും ശബ്ദരേഖയില്‍ ഉണ്ട്. എസ്.ഐ.തലത്തില്‍നിന്നുയര്‍ന്ന് കഴിവുതെളിയിച്ച് ഐ.പി.എസ്. പദവിവരെയെത്തുന്ന ഉദ്യോഗസ്ഥരുടെ ആത്മവീര്യം തകര്‍ക്കാന്‍പോന്ന പരാമര്‍ശമാണിത്.
പോലീസിനെ നാറ്റിക്കുക എന്നത് കമ്മ്യൂണിസ്റ്റുകാരുടെ ആശയവുമായി ബന്ധപ്പെട്ടതാണ്. സംവിധാനങ്ങളെ തകര്‍ത്ത് ജനങ്ങളില്‍ അവിശ്വാസം വരുത്തുകയും അതിലൂടെ അരാജകത്വം സൃഷ്ടിച്ച് മുതലെടുപ്പ് നടത്തുക എന്നതുമാണ് കമ്മ്യൂണിസ്റ്റ് രീതി. പോലീസ്, കോടതി, തിരഞ്ഞെടുപ്പ് കമ്മീഷന്‍ തുടങ്ങിയ സംവിധാനങ്ങളെ അപമാനിക്കാന്‍ കിട്ടുന്ന ഒരവസരവും ഒരു കമ്മ്യൂണിസ്റ്റുകാരനും പാഴാക്കില്ല. പിണറായിയും അതു ചെയ്തുകൊണ്ടിരിക്കുന്നു. നമ്മുടെ പൊലീസിന് ആത്മവിശ്വാസത്തിന്റെയും അഭിമാനത്തിന്റെയും തൊപ്പി അണിയാന്‍ പിണറായി ഭരണത്തില്‍ കഴിയില്ലെന്നതുമാത്രമാണ് ഉറപ്പു പറയാനാകുന്ന കാര്യം.