ജമ്മുവിലെ റിയാസില്‍ ഹൈന്ദവതീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്സിനു നേരെ ഭീകരാക്രമണമുണ്ടായത് ഇക്കഴിഞ്ഞ ജൂണ്‍മാസം 9-ാം തീയതിയാണ്. ഒന്‍പതുപേരുടെ ഉയിര്‍ച്ചേതം വരുത്തിക്കൊണ്ടും നാല്പതിലധികം പേര്‍ക്ക് പരിക്കേല്പിച്ചുകൊണ്ടും തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെ വെടിയുതിര്‍ത്ത്് ജമ്മുവില്‍ അഴിഞ്ഞാട്ടത്തിന് പുതിയ തിരക്കഥയുമായി ഒരുങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് ഭീകരര്‍.
ദില്ലിയില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം സര്‍ക്കാര്‍ അധികാരമേല്ക്കുന്ന ദിവസമായിരുന്നു ഈ അത്യാഹിതം അരങ്ങേറിയത്. രണ്ടു ദിവസത്തിനുശേഷം ജമ്മുവിലെത്തന്നെ കഠുവ, ദോദ ജില്ലകളില്‍ വീണ്ടും മൂന്നിടങ്ങളില്‍ ഭീകരന്മാര്‍ തങ്ങളുടെ തീക്കളികള്‍ ആവര്‍ത്തിച്ചു. പ്രസ്തുത സംഭവങ്ങളില്‍ ഒരു സിആര്‍പി ജവാന്റെ ജീവനെടുത്തുകൊണ്ടും കൂടെയുള്ള ഏഴു ജവാന്മാര്‍ക്കു ഗുരുതരമായ പരിക്കേല്പിച്ചുകൊണ്ടും ഭാരതത്തിന്റെ സുരക്ഷാസേനയുടെ ചിറിയില്‍ തോണ്ടി കളിക്കുകയാണ് ഭീകരവാദികള്‍ ചെയ്തത്.
നമ്മുടെ സേനയുടെ പ്രത്യാക്രമണത്തില്‍ ഈ താന്തോന്നിത്തത്തിനിറങ്ങിയ രണ്ടു ഭീകരരും കാലപുരി പൂകുകയാണുണ്ടായത്. അതിനെത്തുടര്‍ന്ന്, ജൂണ്‍മാസം 27-ാം തീയതി ദോദയില്‍ വെച്ച് മൂന്നു ഭീകരരെക്കൂടി ഭാരതത്തിന്റെ സുരക്ഷാസേന തിരഞ്ഞുപിടിച്ചു വധിച്ചു. അതിനുള്ള മറുപടിയെന്നോണം 2024 ജൂലായ് മാസം എട്ടാം തീയതി തിങ്കളാഴ്ച, കഠുവ ജില്ലയില്‍ നമ്മുടെ കരസേനാവാഹനത്തിനുനേരെ ആക്രമണമഴിച്ചു വിട്ടുകൊണ്ട് അഞ്ചു സൈനികരുടെ വിലപ്പെട്ട ജീവന്‍ തീവ്രവാദികള്‍ കവര്‍ന്നെടുത്തു.
ഭീകരവാദികള്‍ തങ്ങളുടെ വിനാശപ്രവര്‍ത്തനങ്ങളുമായി കശ്മീര്‍ ഉപേക്ഷിച്ച് ജമ്മുവിലേക്ക് ശ്രദ്ധ പതിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന വസ്തുതയിലേക്കാണ് പ്രസ്തുത ആക്രമണങ്ങളെല്ലാം വെളിച്ചം വീശുന്നത്. കശ്മീര്‍ താഴ്‌വരയിലെ കനത്ത സേനാസാന്നിധ്യത്തിനു മുമ്പില്‍ തങ്ങള്‍ക്കു പിടിച്ചു നില്ക്കാന്‍ ആവില്ലെന്ന ബോധ്യമാവണം ഒരുപക്ഷേ, സേനാവിന്യാസം താരതമ്യേന കുറവായ ജമ്മുവിലേക്കുള്ള ഈ ഇടംമാറ്റത്തിനു കാരണമായത്. മാത്രവുമല്ല, ജമ്മുവിലെ രജൗറി, പൂഞ്ച് ജില്ലകള്‍ ഇന്ത്യാ-പാകിസ്ഥാന്‍ നിയന്ത്രണരേഖയ്ക്കു സമീപമായതിനാല്‍ ഇവിടേക്കു നുഴഞ്ഞു കയറാനും ആക്രമണം നടത്തി തിരിച്ച് പാകിസ്ഥാനിലേക്ക് രക്ഷപ്പെടാനും ഉള്ള സൗകര്യവും ഈ കളംമാറ്റത്തിന് കാരണമായിട്ടുണ്ട് എന്നുവേണം കരുതാന്‍. ജമ്മുവിലെ മലമ്പ്രദേശങ്ങളില്‍ ഗതാഗതസൗകര്യം കുറവായതുകൊണ്ട,് ആക്രമണത്തിനെത്തുന്ന ഭീകരരെ പിന്തുടര്‍ന്നു പിടികൂടുക എളുപ്പമല്ല എന്നുള്ള വസ്തുതയും ഭീകരന്മാര്‍ക്ക് അനുകൂലമായി നില്ക്കുന്നുണ്ട്.
1980-കളുടെ അവസാനപാദത്തോടെ ബലപ്പെട്ടു വളര്‍ന്ന കശ്മീര്‍ തീവ്രവാദം 1990-കളില്‍ ജമ്മുവിലേക്കും പടര്‍ന്നു കയറാന്‍ തുടങ്ങി. എന്നാല്‍ 2005-ഓടെ ആ പ്രദേശത്ത് ഭീകരന്മാരുടെ അഴിഞ്ഞാട്ടം ഏറെക്കുറെ ഇല്ലെന്നുതന്നെ പറയാവുന്ന അളവിലേക്ക് കുറയുന്നതായാണ് അനുഭവപ്പെട്ടത്. എന്നാല്‍ ഈ മേഖലയില്‍ അശാന്തി പരത്തിക്കൊണ്ട് രണ്ടായിരത്തി ഇരുപതിന്റെ ആരംഭത്തോടെ ഭീകരര്‍, വീണ്ടും അഴിഞ്ഞാടാന്‍ ആരംഭിച്ചു. അതിനു കാരണമായതാകട്ടെ, നരേന്ദ്രമോദി സര്‍ക്കാര്‍ കശ്മീരിനുള്ള പ്രത്യേക പദവി മരവിപ്പിച്ചതായിരുന്നു.
2019 ആഗസ്റ്റ് 5, 6 തീയതികളില്‍ രാഷ്ട്രപതി പുറപ്പെടുവിച്ച ഉത്തരവുകളിലൂടെയാണ് കശ്മീര്‍ അനുഭവിച്ചു പോന്നിരുന്ന പ്രത്യേക പദവി റദ്ദാക്കപ്പെടുന്നത്. ഇതിന്റെ തുടര്‍ച്ചയായി, പാര്‍ലമെന്റിലെ നിയമനിര്‍മ്മാണത്തിലൂടെ ജമ്മുകശ്മീരിന്റെ സംസ്ഥാനപദവി എടുത്തു കളഞ്ഞ് ആ ഭൂമേഖലയെ ജമ്മുകശ്മീര്‍ എന്നും ലഡാക്ക് എന്നും രണ്ടു കേന്ദ്രഭരണപ്രദേശങ്ങളായി പുനഃസംഘടിപ്പിച്ചു. ആര്‍ട്ടിക്കിള്‍ 370 ഉം അനുച്ഛേദമായ 35-എയും റദ്ദാക്കിക്കൊണ്ടാണ്, കശ്മീര്‍ പ്രശ്‌നത്തിന് നരേന്ദ്രമോദി ഗവണ്‍മെന്റ് വിരാമമിട്ടത്. 1948 മുതല്‍ ഭാരതത്തിന്റെ ഉറക്കം കെടുത്തിയ കീറാമുട്ടിയായിരുന്നു കശ്മീര്‍ പ്രശ്‌നം. അതിനെയാണ് 2019, ഒക്ടോബര്‍ മാസം 31-ാം തീയതി നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ ഒരു ദ്രുതപ്രക്രിയയിലൂടെ മറികടന്നത്.
ഇതിനെതിരെ നിരവധി ഹരജികള്‍ അന്ന് സുപ്രീം കോടതിയിലേക്ക് പ്രവഹിച്ചെത്തി. ഈ പ്രതിഷേധപ്രകടനങ്ങളെല്ലാം കെട്ടടങ്ങി നാലു വര്‍ഷത്തിനുശേഷം, ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച്, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിക്കൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവു ശരിവെച്ചുകൊണ്ട് വിധി പുറപ്പെടുവിച്ചു. സംഘര്‍ഷഭരിതമായ ഒരു രാഷ്ട്രീയാന്തരീക്ഷത്തില്‍ ഇന്ത്യയുമായുള്ള കശ്മീരിന്റെ ലയനം സുഗമമാക്കുന്നതിനുവേണ്ടി രൂപപ്പെടുത്തിയ ഒരു താല്ക്കാലിക വ്യവസ്ഥ മാത്രമായിരുന്നു 370-ാം വകുപ്പ് എന്നായിരുന്നു സുപ്രീം കോടതി നിരീക്ഷിച്ചത്. സുപ്രീം കോടതിയുടെ ഈ തീര്‍പ്പോടെ, ദീര്‍ഘകാലമായി ഭാരതത്തിന്റെ രാഷ്ട്രീയമണ്ഡലത്തിന് നിരന്തരം തലവേദന സൃഷ്ടിച്ചുകൊണ്ടു കിടന്നിരുന്ന ഒരു വലിയ പ്രശ്‌നത്തിനാണ് മുക്തിയുണ്ടായിരിക്കുന്നത്.
ഈ വിധിയോടൊപ്പം തന്നെ 2024 സപ്തംബര്‍ 30ന് ഉള്ളില്‍ ജമ്മു കശ്മീരില്‍ പൊതുതിരഞ്ഞെടുപ്പ് നടത്തണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ആ ഉത്തരവനുസരിച്ച് മൂന്നുഘട്ടങ്ങളിലായി (സപ്തംബര്‍ 18, 25 ഒക്ടോബര്‍ 1) ജമ്മുകശ്മീരില്‍ പൊതു തിരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങളിലാണ് മോദി സര്‍ക്കാര്‍.
2019ല്‍ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കപ്പെട്ട വേളയില്‍, അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍, കശ്മീരില്‍ മുസ്ലീങ്ങളുടെ മനുഷ്യാവകാശം ലംഘിക്കപ്പെടുന്നുണ്ടെന്ന ആക്ഷേപമുയര്‍ന്നതും അത്തരം പരാതികള്‍ക്കുള്ള മറുപടിയായി കശ്മീരുകാരിയായ പത്രപ്രവര്‍ത്തക, സുനന്ദ വസിഷ്ഠ ഏവരുടെയും കരളലിയിക്കും വിധം അവിടെ പ്രബന്ധം അവതരിപ്പിച്ചതുമെല്ലാം ആരും മറന്നിട്ടുണ്ടാവില്ല. വളരെ കാലമായി കശ്മീരി ഹിന്ദുക്കളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന ഒരെഴുത്തുകാരിയായ സുനന്ദ, മുസ്ലീങ്ങള്‍ കശ്മീരില്‍ കൂട്ടക്കൊല ചെയ്യപ്പെടുന്നുവെന്ന ആരോപണത്തിന് പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു:
‘പണ്ട് കശ്മീര്‍ താഴ്‌വരയില്‍ ഡാനിയല്‍ പേള്‍ എന്ന പത്രപ്രവര്‍ത്തകന്‍ കൊലചെയ്യപ്പെടുമ്പോള്‍ തന്റെ നേരെ കൊലക്കത്തിയുമോങ്ങി നില്ക്കുന്ന മുസ്ലീം തീവ്രവാദികളോട് അദ്ദേഹം പറഞ്ഞു: ‘അതെ, എന്റെ അച്ഛന്‍ ജൂതനാണ്. അമ്മ ജൂതസ്ത്രീയാണ്. അതുകൊണ്ട്, ഞാനും ഒരു ജൂതന്‍തന്നെയാണ്’. പറഞ്ഞുതീരുന്നതിനു മുമ്പെ, പേളിന്റെ ശിരസ്സ് അറുത്ത് വേര്‍പെടുത്തപ്പെടുന്നതാണ് അവിടെ ചുറ്റി നിന്നവര്‍ പിന്നീട് കണ്ടത്. ഇന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ കടമെടുത്തുകൊണ്ട് ഞാന്‍ പറയുന്നു: അതെ, എന്റെ അച്ഛന്‍ കശ്മീരി ഹിന്ദുവാണ്. അമ്മ ഹിന്ദുസ്ത്രീയാണ്. ഞാനും ഒരു കശ്മീരി ഹിന്ദുതന്നെയാണ്.
മുപ്പതു വര്‍ഷം മുമ്പ്, കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, അമേരിക്കപോലുള്ള രാജ്യങ്ങള്‍ ഇസ്ലാമിക തീവ്രവാദത്തിന്റെ ബീഭത്സത അനുഭവിച്ചറിയുന്നതിന് എത്രയോ വര്‍ഷങ്ങള്‍ക്കുമുമ്പ്, ഞങ്ങളെ ജന്മഭൂമിവിട്ട് തുരത്തിയോടിച്ചവരാണ് ഇസ്ലാമിക തീവ്രവാദികള്‍. ഒന്നുകില്‍ ഓടുക, അല്ലെങ്കില്‍ മതം മാറാന്‍ തയ്യാറാവുക, അതുമല്ലെങ്കില്‍ അവരുടെ മാംസദാഹത്തിന്റെ തീക്ഷ്ണത ശമിപ്പിക്കാനുള്ള ഉപകരണമായി ചിത്രവധമേറ്റുവാങ്ങിക്കൊണ്ട് അവസാനം ജീവിതത്തോട് യാത്രപറയുക എന്നീ മൂന്നു വഴികളേ അന്നു ഞങ്ങളുടെ മുമ്പില്‍ തുറന്നുകിടന്നിരുന്നുള്ളു.
ഗിരിജാ ടിക്കു എന്ന വനിതാഡോക്ടറെ, അവള്‍ ഒരു ഹിന്ദുവായ കാഫിറായിരുന്നു എന്ന കുറ്റത്തിന്, ക്രൂരമായി ബലാത്സംഗം ചെയ്ത് ഈര്‍ച്ചമില്ലിലെ ഓടുന്ന അറക്കവാള്‍കൊണ്ട് ഈര്‍ന്നുമുറിച്ചവരാണ് ഈ തീവ്രവാദികള്‍. ഇവര്‍ ജീവനെടുക്കാന്‍ വരുന്നതുകണ്ട് അരിഭരണിക്കകത്ത് കയറി ഒളിച്ചിരുന്ന, എഞ്ചിനീയറായിരുന്ന ബി.കെ.ഗഞ്ചുവിനെ നിഷ്ഠുരമായി കൊലപ്പെടുത്താന്‍ അയല്‍വാസി ഒറ്റിക്കൊടുത്തതും അദ്ദേഹം ഹിന്ദുവാണെന്ന കുറ്റത്തിനായിരുന്നു. താന്‍ ഒളിഞ്ഞിരിക്കുന്ന അരിഭരണിയിലിട്ട് അദ്ദേഹത്തെ വെടിവെച്ചുകൊന്ന് ആ രക്തം വീണുകുതിര്‍ന്ന അരി അദ്ദേഹത്തിന്റെ ഭാര്യയെക്കൊണ്ട് തീറ്റിക്കാന്‍ അവള്‍ ചെയ്ത കുറ്റവും ഒരു ഹിന്ദുവായിപ്പോയതുതന്നെയായിരുന്നു.
ഐ എസ് തീവ്രവാദികളുടെ ക്രൂരത ലോകമറിയുന്നതിനുമുമ്പേ, മുസ്ലീം തീവ്രവാദികളുടെ ക്രൂരരൂപം നേരിട്ടു കണ്ടവരാണ് ഞങ്ങള്‍. ഇന്ന്, മനുഷ്യാവകാശം പറഞ്ഞ് പുറപ്പെട്ടിരിക്കുന്ന ഈ മനുഷ്യാവകാശവാദികളെല്ലാം അന്നെവിടെയായിരുന്നു? 1990 ജനുവരിമാസം 19-ാം തീയതി രാവിലെ 8-മണിക്ക് അമുസ്ലീങ്ങള്‍ താഴ്‌വര വിടണമെന്ന അറിയിപ്പുണ്ടായി. അതിനെത്തുടര്‍ന്ന് എന്നെയും എന്റെ അമ്മയെയും സംരക്ഷിക്കാന്‍ എന്റെ അപ്പൂപ്പന്‍ അടുക്കളയിലെ രണ്ടു കത്തികളും തുരുമ്പെടുത്ത കോടാലിയുമെടുത്തു നിന്നത് ഞങ്ങളെ കുത്തിക്കൊന്ന് അവരുടെ ചിത്രവധത്തിനാളാകാതെ കാക്കാനായിരുന്നു. ആയുസ്സിന്റെ ബലം ഒന്നുകൊണ്ടു മാത്രമാണ് അന്ന് ഞങ്ങള്‍ക്ക് അവിടെനിന്ന് രക്ഷപ്പെടാനായത്. നിരവധി ഞങ്ങളുടെ സഹോദരങ്ങള്‍ ഹിന്ദുക്കളാണെന്ന ഒറ്റക്കാരണത്താല്‍ അന്ന് കൊലചെയ്യപ്പെട്ടു. ജമ്മുവിലും ഹിമാചലിലും ദില്ലിയിലുമുള്ള തെരുവുകളില്‍ രായ്ക്കുരാമാനം ഭിക്ഷാടകരായി മാറി പിച്ചതെണ്ടാനായിരുന്നു അന്ന് ഞങ്ങള്‍ വിധിഗതരായത്. നീണ്ട മുപ്പതുവര്‍ഷങ്ങള്‍ക്കു ശേഷം ഇന്നും, എന്റെ ജന്മഭൂമിലേക്ക് തിരിച്ചുപോകാന്‍ എനിക്കാവുന്നില്ല. ഇന്നും എന്റെ ജന്മഭൂമിയില്‍ ഒരു ഹിന്ദുവായി നിര്‍ഭയം ജീവിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നുമില്ല. എന്റെ വീട്ടില്‍ ഇന്ന് താമസിക്കുന്നത് മറ്റാരോ ആണ്. അവര്‍ ആക്രമിച്ച് കൈവശപ്പെടുത്തിയിരിക്കുന്ന എന്റെ വീടും പുരയിടവും എനിക്കു തിരിച്ചുകിട്ടുമെന്നും ഞാന്‍ കരുതുന്നില്ല. എത്ര ക്ഷേത്രങ്ങളാണ് അവര്‍ അന്ന് നിലംപരിശാക്കുകയും പള്ളികളാക്കി പരിവര്‍ത്തനം ചെയ്യുകയും ചെയ്തത്! കശ്മീരിന്റെ മണ്ണില്‍നിന്ന് ഹൈന്ദവസംസ്‌കാരത്തെ ഉച്ചാടനം ചെ യ്യാന്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് അവര്‍ കൈക്കൊണ്ടത്! മനുഷ്യാവകാശത്തെ മറന്നുകൊണ്ടുള്ള തിട്ടമിട്ട പദ്ധതികളിലൂടെയാണ് മുസ്ലീങ്ങള്‍ ഇന്ന് കശ്മീര്‍ താഴ്‌വര മുഴുവന്‍ കൈവശപ്പെടുത്തിവെച്ചിരിക്കുന്നത്.
ഇത്രയൊക്കെ ക്രൂരതകള്‍ അവിടത്തെ ഹിന്ദുക്കള്‍ക്കുനേരെ അരങ്ങേറിയിട്ടും ഇന്നും കശ്മിരി മുസ്ലീങ്ങളുടെ മനുഷ്യാവകാശം പാടിക്കൊണ്ടാണ് ലോകം വിലപിക്കുന്നത്. കശ്മീരി മുസ്ലീങ്ങളുടെ മനുഷ്യാവകാശത്തിന് ഒന്നും സംഭവിച്ചിട്ടില്ല. കശ്മീരി ഹിന്ദുക്കള്‍, കശ്മീരി ബൗദ്ധന്മാര്‍, കശ്മീരി ക്രൈസ്തവര്‍ എന്നിവരുടെ മനുഷ്യാവകാശത്തിനാണ് അപകടം സംഭവിച്ചിരിക്കുന്നത്. അവര്‍ക്കാണ് സംരക്ഷണം കൊടുക്കേണ്ടത്. അതു കൊടുക്കാന്‍ വേണ്ടിയാണ് 370-ാം വകുപ്പ് എടുത്തു കളഞ്ഞിരിക്കുന്നത്. മനുഷ്യാവകാശത്തിന്റെ പുന:സ്ഥാപനമാണത്. യു.എസ്. ഭരണഘടനയെ മാതൃകയാക്കിച്ചമച്ച ഭാരതഭരണഘടനയാണ് ലോകത്തിലെത്തന്നെ ഏറ്റവും ഉദാത്തമായ നിയമസംഹിത’ എന്നു പോകുന്ന സുനന്ദയുടെ പ്രസംഗം സൂചിവിണാല്‍ കേള്‍ക്കുന്ന നിശ്ശബ്ദതയോടെയാണ് സഭാംഗങ്ങള്‍ കേട്ടുകൊണ്ടിരുന്നത്.
എന്തായിരുന്നു വാസ്തവത്തില്‍ കശ്മീരില്‍ നടന്നത്, കശ്മീരിന്റെ പൂര്‍വ്വചരിത്രമെന്ത്, എങ്ങനെയാണ് അവിടെ ഹിന്ദുക്കള്‍ ന്യൂനപക്ഷമായത്, കശ്മീരിലെ രാഷ്ട്രീയഭൂമികയെ സങ്കീര്‍ണ്ണമാക്കുന്നതില്‍ നെഹ്രുവും ഷേക്ക് അബ്ദുള്ളയും വഹിച്ച പങ്കെന്ത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കണമെങ്കില്‍ കശ്മീരിന്റെ ഏകദേശചരിത്രം അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണെന്നു തോന്നുന്നു.
‘ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അതിതാണ്’ എന്ന് കശ്മീരിനെക്കുറിച്ചു പറഞ്ഞത് മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറാണ്. അത്രകണ്ട് ആരും കൊതിച്ചുപോകുംവിധമുള്ള ശാലീനഭൂമിയാണ് കശ്മീരം എന്ന ഭാരതത്തിന്റെ തലപ്പാവ് മഞ്ഞിന്‍തണുപ്പുകൊണ്ട് നിദ്രവിട്ടുണരാന്‍ മടിക്കുന്ന മലനിരകളും വര്‍ണ്ണശബളാഭ തൂകുന്ന ഉദ്യാനങ്ങളും കുങ്കുമപ്പാടങ്ങളും ആപ്പിള്‍ത്തോട്ടങ്ങളും മനോഹരിയാക്കുന്ന സ്വര്‍ഗഭൂമി!
ആറാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനും ഇടയില്‍ രചിക്കപ്പെട്ട നീലമതപുരാണത്തിലും പന്ത്രാണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സുപ്രസിദ്ധചരിത്രകാരനായ കല്‍ഹണന്‍ രചിച്ച ‘രാജതരംഗിണി’യിലും കശ്മീരിന്റെ പൂര്‍വികനാമം ‘സതിസാര്‍’ ആണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സതീദേവിയുടെ ഇഷ്ടവിഹാരരംഗമായിരുന്നുവത്രെ ഈ തടാകപ്രദേശം.
ഈ തടാകത്തിനടിയില്‍ ജലോത്ഭവന്‍ എന്നൊരസുരന്‍ പാര്‍പ്പുറപ്പിച്ചിരുന്നുവത്രെ. കൊടുംക്രൂരനായ ഈ രാക്ഷസന്റെ അക്രമങ്ങള്‍ സഹിക്കവയ്യാതെ കുഴങ്ങിയ ജനം കശ്യപമഹര്‍ഷിയെക്കണ്ട് സങ്കടമുണര്‍ത്തിച്ചു. അസുരന്റെ ദുഷ്‌കൃത്യങ്ങളില്‍നിന്ന് ജനങ്ങളെ മോചിപ്പിക്കാന്‍ തീരുമാനിച്ച കശ്യപമുനി ഹിമാലയത്തിന്റെ അടിവാരത്ത് ഒരു പിളര്‍പ്പുണ്ടാക്കി തടാകത്തിലെ ജലം ഒഴുക്കിക്കളഞ്ഞു. ഇവിടെനിന്നൊഴുകിപ്പോയ ജലം സംഭരിച്ചുണ്ടായതാണ് കാസ്പിയന്‍ കടല്‍ എന്ന് പില്‍ക്കാലത്ത് അറിയപ്പെട്ട ‘കാശ്യപസമുദ്രം.’ വറ്റിപ്പോയ തടാകപ്രദേശത്തുനിന്ന് പുറത്തെത്തിയ ജലോത്ഭവന്‍ എന്ന അസുരനെ തന്റെ തപോബലംകൊണ്ട് കശ്യപന്‍ വധിച്ചു. കശ്യപനാല്‍ വീണ്ടെടുക്കപ്പെട്ട ഈ ഭൂപ്രദേശം പിന്നീട് കശ്യപപുരമായെന്നും ആ ‘കശ്യപപുര’ മാണ് പില്‍ക്കാലത്ത് കശ്മീരായത് എന്നുമൊക്കെയാണ് കശ്മീരിനെക്കുറിച്ച് നിലനിന്നുപോരുന്ന ഐതിഹ്യം.
മഹര്‍ഷിയുടെ ക്ഷണം സ്വീകരിച്ച് ആ തടാകഭൂമിയില്‍ ബ്രാഹ്മണര്‍ താമസമുറപ്പിച്ചു. ആ മഹാബ്രാഹ്മണരുടെ പിന്‍മുറക്കാരാണത്രെ താപസദത്തമായ പുണ്യഭൂമിയില്‍നിന്നും തുരത്തപ്പെട്ട് അനാഥരെപ്പോലെ ഇന്ന് അഭയാര്‍ത്ഥികേന്ദ്രങ്ങളില്‍ ആലംബമില്ലാതെ ഉഴലുന്ന കശ്മീരി പണ്ഡിറ്റുകള്‍. പില്‍ക്കാലത്ത് ബുദ്ധമതവിശ്വാസികളുടെയും ഇഷ്ടഭൂമിയായിമാറി ഈ ഭൂപ്രദേശം. ടോളമി, ഹുയന്‍സാങ് തുടങ്ങിയ യാത്രികരുടെ സഞ്ചാരവിവരക്കുറിപ്പുകളില്‍ കുറവറ്റ ആവാസഭൂമിയായി രേഖപ്പെടുത്ത പ്പെട്ടിട്ടുണ്ട്, ഈ പുണ്യഭൂമി.
ഒന്നാം നൂറ്റാണ്ടില്‍, കുഷാനരാജവംശത്തിന്റെ ഭരണത്തിനു കീഴില്‍ സര്‍വ്വസമൃദ്ധികളും വിളയുന്ന ഋദ്ധിമത്തായ മണ്ണായിരുന്നു കശ്മീര്‍. കശ്മീരിന്റെ ആദ്യചരിത്രകാരനായ കല്‍ ഹണന്‍, കശ്മീര്‍ ചക്രവര്‍ത്തിയായിരുന്ന ലളിതാദിത്യയുടെ (എ.ഡി. 724-760) കാലത്ത് സര്‍വരംഗങ്ങളിലും തിളങ്ങിനിന്നിരുന്ന കശ്മീരിനെക്കുറിച്ച് തന്റെ ഗ്രന്ഥമായ ‘രാജതരംഗിണി’യില്‍ പ്രതിപാദിക്കുന്നുണ്ട്. കനിഷ്‌ക്കന്റെ കാലത്താണ് കശ്മീരില്‍ ബുദ്ധമതം തഴച്ചുവളരാന്‍ തുടങ്ങിയത്.
1339 മുതല്‍ 42 വരെ കശ്മീര്‍ ഭരിച്ച, സ്വാത് വംശജനായ ഷംസുദ്ദീന്‍ ഷാമീര്‍ എന്ന മുസ്ലിം രാജാവാണ് കശ്യപപുരത്ത് ഇസ്ലാംമതത്തിന്റെ വിത്തുപാകുന്നത്. അതിനുശേഷം 1561-ല്‍ മുഗളന്മാര്‍ കശ്മീര്‍ ആക്രമിക്കുന്നതുവരെ ഷാമീറിന്റെ വംശംതന്നെയാണ് കശ്മീരം ഭരിച്ചത്.
15-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കശ്മീരി ചരിത്രകാരന്‍ ജോനരാജന്റെ ഭാഷ്യത്തില്‍ പഞ്ചഗഹ്വര ഭൂപ്രദേശത്തുനിന്നുമാണ് (കശ്മീരിലെ രജൗരി-ബുധല്‍ ദേശങ്ങള്‍ക്കിടയ്ക്കുള്ള ഇന്നത്തെ പഞ്ച്ഗബ്ബര്‍ താഴ്‌വാരം) ഷാമിര്‍ തന്റെ അനുചരന്മാരോടൊത്ത് കശ്മീരിലെത്തി ഭരണമുറപ്പിക്കുന്നത്. ഇദ്ദേഹം മഹാഭാരതത്തിലെ പാര്‍ത്ഥന്റെ പിന്‍മുറക്കാരനാണെന്നും പാര്‍ത്ഥന്‍ ഭരിച്ച പഞ്ചഗഹ്വരം ഷാമിറിന്റെ ജന്മദേശമായത് അങ്ങനെയാണെന്നും ജോനരാജന്‍ പറയുന്നു. പില്ക്കാലത്ത് എന്‍. കെ സുഷ്ടി എന്ന കശ്മീരി പണ്ഡിതനും ഈ വാദത്തില്‍ ജോനരാജനെ പിന്‍താങ്ങുന്നുണ്ട്.
1301 മുതല്‍ 1320 വരെ കശ്മീരം ഭരിച്ചിരുന്ന രാജാ സുഹദേവന്റെ ആശ്രിതനായാണ് ഷാമീര്‍ ഈ താഴ്‌വാരഭൂമിയിലെത്തുന്നത്. സ്വാത്തിലെ സ്വാധീനമുള്ള പ്രഭുകുടുംബത്തില്‍ പിറന്ന ഷംസുദ്ദീന്‍ ഷാമീര്‍, അവിടത്തെ ഭരണാധികാരികള്‍ക്കെതിരെ കലാപം അഴിച്ചുവിട്ടു. പ്രസ്തുത കലാപം അടിച്ചമര്‍ത്തപ്പെട്ടതിനെത്തുടര്‍ന്ന് ഭരണകര്‍ത്താക്കളുടെ കഴുകദൃഷ്ടികളില്‍പ്പെടാതെ ഒരഭയാര്‍ത്ഥിയെപ്പോലെ പലായനം ചെയ്ത് ഷാമീര്‍ കശ്മീരിലെത്തി. അഭയാര്‍ത്ഥിയായെത്തിയ പ്രഭുകുടുംബത്തിലെ ഇളംകണ്ണിക്ക്, മതഭേദത്തിന്റെ മറ തകര്‍ത്തുകൊണ്ട് തന്റെ സൈന്യത്തിലും ഉപദേശകസമിതിയിലും വരേണ്യമായ സ്ഥാനം നല്കി അവിടത്തെ രാജാവായ രാജാ സുഹദേവ് ആദരിച്ചു.
ആ ആദരവിന് മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. ഷാമീര്‍ സ്വാത്തുകാരനാണ്. സംസ്‌കൃതഭാഷ നിരന്തരം കടപ്പെട്ടു നില്ക്കുന്ന സംസ്‌കൃതവ്യാകരണഗ്രന്ഥമായ ‘അഷ്ടാധ്യായി’ രചിച്ച പാണിനി പിറന്ന പുണ്യഭൂമിയാണത്. (ഇന്ന് പാകിസ്ഥാനിലുള്ള ഈ സ്വാത്ത്, വിനാശം വിതയ്ക്കുന്ന തെഹര്‍-എ-താലിബാന്റെയും ലഷ്‌കര്‍- ഇ-തോയ്ബയുടെയും വിളയാട്ട ഭൂമിയാണെന്നുള്ളത് വേറെക്കാര്യം). ആ വിശുദ്ധഭൂമിയില്‍നിന്നെത്തിയ അഭയാര്‍ത്ഥിക്ക്, അവനേതു മതക്കാരനാണെങ്കിലും അഭയസങ്കേതമരുളുന്നത് സംസ്‌കൃതഭാഷയെ ആദരിക്കുന്നതിനു തുല്യമാവും എന്ന, രാജാ സുഹദേവിന്റെ സുമനസ്സില്‍ വിളഞ്ഞ അനുകൂലചിന്തകള്‍ ഷാമീറിന്റെ ജാതകക്കെട്ടിലെ ശുക്രസാന്നിധ്യമായി തെളിഞ്ഞു. ഷാമീര്‍, സുഹദേവരാജാവിന്റെ ഉപദേശകനായി അവരോധിക്കപ്പെട്ടു. അധികം താമസിയാതെതന്നെ ഷാമീറിന്റെ കുതന്ത്രങ്ങളും അതിസാമര്‍ത്ഥ്യവും രാജാവിന്റെമേല്‍ നിഴല്‍വീഴ്ത്തിത്തുടങ്ങി.
ഭരണസാമര്‍ത്ഥ്യമില്ലാതിരുന്ന സുഹദേവിന്റെ വിശ്വസ്തനായിരുന്നു, മുഖ്യസൈന്യാധിപനായ രാമചന്ദ്രന്‍. സേനാധിപനായിരുന്നുകൊണ്ട് ഏറെക്കുറെ രാജാവിനുവേണ്ടി ഭരണച്ചുമതല നിര്‍വ്വഹിച്ചിരുന്നത്് രാമചന്ദ്രന്‍തന്നെയായിരുന്നു.
പശ്ചിമ തിബറ്റിന്റെ ഭരണാധികാരിയായിരുന്ന രിഞ്ചന്‍, രാമചന്ദ്രനെ കൊന്ന് രാജ്യഭരണം കൈക്കലാക്കാന്‍ തക്കംകാത്തിരുന്ന സമയമായിരുന്നു അത്. രിഞ്ചന്‍ തന്റെ വിശ്വസ്തരായ പടയാളികളില്‍ ചിലരെ കച്ചവടക്കാരുടെ വേഷത്തില്‍ രാമചന്ദ്രന്റെ അടുത്തേക്കയച്ച് അദ്ദേഹത്തെ ചതിച്ചുകൊന്നു. രാമചന്ദ്രന്റെ മകള്‍ കോത്തറാണിയെ അയാള്‍ വിവാഹം കഴിച്ചു. പിന്നീട് ദുര്‍ബലനായ സുഹദേവനെ ഷാമീറിന്റെ സഹായത്തോടെ സ്ഥാനനിഷ്‌ക്കാസിതനാക്കി രിഞ്ചന്‍ ഭരണമേറ്റെടുത്തു. ഷാമീറുമായുണ്ടായ നിരന്തരസമ്പര്‍ക്കം രിഞ്ചനെ ഇസ്ലാംമതത്തിലേക്ക് ആകൃഷ്ടനാക്കി. അയാള്‍ സുല്‍ത്താന്‍ സദറുദ്ദീന്‍ ആയി മതം മാറി. ഇക്കാലം തൊട്ടാണ് കശ്മീരില്‍ ഇസ്ലാംമതം കുറേശ്ശെയായി വേരൂന്നാന്‍ തുടങ്ങിയത്.
മൂന്നുവര്‍ഷം രാജ്യം ഭരിച്ച സദറുദ്ദീന്‍ കൊലചെയ്യപ്പെട്ടു. വിധവയായ കോത്തറാണി രക്ഷിതാക്കളുടെ ഉപദേശപ്രകാരം ഉദയനദേവന്‍ എന്നൊരാളെ വിവാഹം ചെയ്തു. ഉദയനദേവന്‍ കശ്മീര്‍ രാജാവായി അവരോധിതനായി. എറെത്താമസിയാതെ മഗധപുരരാജാവായിരുന്ന അകാലന്‍ കശ്മീരിനുനേരെ അഴിച്ചുവിട്ട ആക്രമണം ചെറുത്തുനില്ക്കാനാവാതെ ഉദയനന്‍ ജീവനുംകൊണ്ടോടി. എങ്കിലും, ഷാമീറിന്റെ സ്ഥൈര്യവും ധീരതയും യുദ്ധവിജയം കശ്മീരിനുതന്നെ നേടിക്കൊടുത്തു. പിന്നീട് ഉദയനന്‍ തിരിച്ചുവന്നെങ്കിലും ഭരണം നടത്തിയത് ഷാമീര്‍തന്നെയായിരുന്നു.
1338-ല്‍ ഉദയനന്‍ കാലം ചെയ്തു. മക്കള്‍ പ്രായപൂര്‍ത്തിയാകാത്ത കാരണംകൊണ്ട് കോത്തറാണി രാജഭരണമേറ്റെടുത്തു. ഭട്ടഭിക്ഷണനായിരുന്നു കോത്തയുടെ പ്രധാനമന്ത്രി. അധികാരത്തിന്റെ രുചിയറിഞ്ഞ ഷാമീര്‍ അധികം താമസിയാതെ ഭട്ടഭിക്ഷണനെയും കോത്തയെയും കൊലപ്പെടുത്തി രാജഭരണം കൈക്കലാക്കി. കോത്ത ആത്മഹത്യചെയ്യുകയായിരുന്നുവെന്നാണ് ജോനരാജന്റെ കുറിപ്പുകളില്‍ കാണുന്നത്. അതെന്തുതന്നെയായാലും തന്നെ വിശ്വസിച്ചവരെ ചതിച്ചുകൊണ്ട് ഷാമീര്‍ പില്‍ക്കാലത്ത് ഭരണം പിടിച്ചെടുക്കുകയാണ് ഉണ്ടായത്.
ഷാമീറിന്റെ കാലശേഷം ഷിഹാബുദ്ധീനായിരുന്നു കശ്മീര്‍ ഭരിച്ചത്. ലക്ഷ്മി എന്ന ഹിന്ദു വനിതയായിരുന്നു ഷിഹാബുദ്ധീന്റെ സഹധര്‍മ്മിണി. ഷിഹാബുദ്ധീനും അദ്ദേഹത്തിന്റെ കാലത്തിനപ്പുറം കശ്മീരിന്റെ ഭരണം എറ്റെടുത്ത കുത്തബുദ്ധീനുമൊന്നും ഹിന്ദുക്കളോട് വിവേചനം കാണിച്ചിരുന്നില്ല എന്നുമാത്രമല്ല, ഇവരുടെ ഭരണഭാഷയും സംസ്‌കൃതം തന്നെയായിരുന്നു.
ഇവര്‍ക്കുശേഷം സ്ഥാനാരോഹിതനായ സൈനുള്‍-അബ്ദീന്‍ സുല്‍ത്താന്റെ കാലഘട്ടമാണ് കശ്മീര രാജ്യത്തിന്റെ സുവര്‍ണകാലഘട്ടമായി അറിയപ്പെടുന്നത്. ഇന്നും ആഗോളകമ്പോളങ്ങളില്‍ വന്‍ വരവേല്പുള്ള കശ്മീര്‍ സാല്‍വകളും കമ്പളങ്ങളും ഉരുത്തിരിഞ്ഞത് ഇദ്ദേഹത്തിന്റെ കാലത്താണ്. ചരിത്രകാരന്മാര്‍ പതിച്ചുനല്കിയ ‘കശ്മീരിന്റെ അക്ബര്‍’ എന്ന അപരനാമം അദ്ദേഹത്തിന്റെ കര്‍മ്മനൈപുണിയുടെ അംഗീകാരമായിവേണം കണക്കാക്കാന്‍. മുഗളന്മാരുടെ അധിനിവേശം പില്ക്കാലത്ത് ഈ രാജവംശത്തിന്റെ മരണമണി മുഴക്കുക യാണുണ്ടായത്.
ക്രമേണ, 1752-ല്‍, അഹമദ് ഷാ ധുരാണിയുടെ കീഴിലുണ്ടായിരുന്ന അഫ്ഗാന്‍ സാമ്രാജ്യത്തിന്റെ അതിര്‍ത്തികള്‍ കശ്മീരിലേക്കും വ്യാപിതമായതോടെ കശ്മീരിന്റെ രാഷ്ട്രീയാന്തരീക്ഷവും കുറേശ്ശെക്കുറേശ്ശെയായി മാറിത്തുടങ്ങി. ആരംഭത്തില്‍ നല്ല ഭരണം കാഴ്ചവെച്ച അഫ്ഗാനികള്‍ പ്രായേണ പാതമാറ്റിച്ചവിട്ടിത്തുടങ്ങി. ക്രമേണ ഇവരുടെ കോയ്മ ഹിന്ദുമതവിശ്വാസികളെ ബുദ്ധിമുട്ടിക്കാന്‍ തുടങ്ങി. എങ്കിലും ഹൈന്ദവര്‍ക്കിടയില്‍ നിലനിന്നിരുന്ന സതി, നിയമം മൂലം ഇവര്‍ നിര്‍ത്തലാക്കിയത് ഇരുട്ടില്‍ ഒളിമിന്നുന്ന ഇത്തിരിവെട്ടംപോലെ ശ്ലാഘിക്കപ്പെടേണ്ടതുെണ്ടന്ന് സമ്മതിക്കാതെ വയ്യ.
ധുറാണിവംശത്തിന്റെ ക്രൂരതകള്‍ സഹിക്കാനാവാതെ 1811-ല്‍, ബിര്‍ബല്‍ ധര്‍ എന്ന കശ്മീരിയുടെ നേതൃത്വത്തില്‍ ഒരുപറ്റം ഹിന്ദുക്കള്‍ അന്നത്തെ പഞ്ചാബ് ഭരണാധികാരിയായിരുന്ന രണ്‍ജിത് സിങ്ങിനെ ചെന്നു കണ്ടു. കശ്മീരിലെ സൈനികരഹസ്യങ്ങള്‍ മുഴുവനും ഇവര്‍ രണ്‍ജിത് സിങ്ങിന് കൈമാറി. ഇതിനുമുമ്പ് രണ്ടുതവണ കശ്മീര്‍ പിടിച്ചടക്കാന്‍ പരിശ്രമിച്ച് പരാജയപ്പെട്ട രണ്‍ജിത് സിങ്ങിന് ഈ സംഭവം പാല്‍ ഇച്ഛിച്ച രോഗിക്ക് വൈദ്യനും പാലുതന്നെ കല്പിച്ചതുപോലെയായി.
വലിയൊരു പടയൊരുക്കത്തിനുശേഷം, 1819-ല്‍ രണ്‍ജിത് സിങ്ങ് ധുറാണിവംശത്തെ ആട്ടിയോടിച്ച് കശ്മീര്‍ കീഴടക്കി. പക്ഷേ, രണ്‍ജിത് സിങ്ങിന്റെ ഭരണവും കശ്മീരികള്‍ പ്രതീക്ഷിച്ചതുപോലെ തങ്ങള്‍ക്ക് അത്രക്കൊന്നും അനുകൂലമാകാതെ പോവുകയാണുണ്ടായത്. കച്ചവടക്കണ്ണുള്ള രണ്‍ജിത് സിങ്ങെന്ന പഞ്ചാബി ഭരണാധികാരിക്ക്, തന്നിലഭയം തേടിയ കശ്മീരി ഹൈന്ദവരുടെ ക്ഷേമത്തെക്കാള്‍, അവിടെത്തെ പ്രശസ്തമായ പരവതാനികളുടെയും സാല്‍വകളുടെയും പ്രകൃതിവിഭവങ്ങളുടെയും കശ്മീരകമ്പളങ്ങളുടെയും വിപണനസാധ്യതയിലായിരുന്നു കൂടുതല്‍ താല്പര്യം.
അതുകൊണ്ടുതന്നെ താഴ്‌വരയുടെ വളര്‍ച്ച അദ്ദേഹത്തിന്റെ താല്പര്യങ്ങള്‍ക്കും അപ്പുറത്തായിരുന്നു. വരണ്ടുകിടക്കുന്ന കൃഷിനിലങ്ങളും ജീവനാശം വിതച്ചു കുതിക്കുന്ന കോളറാ രോഗവും പട്ടിണിയുടെയും ദുരിതത്തിന്റെയും ദുരന്തഗര്‍ത്തങ്ങളിലേക്ക് കശ്മീരിന്റെ നിറസമൃദ്ധിയെ കൂപ്പുകുത്തിച്ചു. ഇരുപത്തിയേഴുവര്‍ഷം നീണ്ടുനിന്ന രണ്‍ജിത് സിങ്ങിന്റെ ഭരണം കശ്മീരി ജനതയ്ക്ക് വെളുക്കാന്‍ തേച്ചത് പാണ്ടായതുപോലെയാണ് അനുഭവപ്പെട്ടത്.
1839-ല്‍ രണ്‍ജിത് സിങ്ങ് അന്തരിച്ചെങ്കിലും 1845-46 ലെ ആംഗ്ലോ സിഖ് യുദ്ധംവരെ ഈ പ്രദേശം അദ്ദേഹത്തിന്റെ പിന്മുറക്കാരുടെ ഭരണത്തില്‍ തന്നെ തുടര്‍ന്നു. ആംഗ്ലോ സിഖ് യുദ്ധാവസാനത്തിലുണ്ടായ ലാഹോര്‍ ഉടമ്പടിയനുസരിച്ച് വെള്ളക്കാരന്‍ കശ്മീര്‍ കൈക്കലാക്കി. പില്‍ക്കാലത്ത് അമൃത് സാര്‍ ഉടമ്പടിയനുസരിച്ച്, എഴുപത്തഞ്ചുലക്ഷം രൂപയ്ക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കാര്‍ ജമ്മുരാജാവായ ഗുലാംസിങ്ങിന് കശ്മീര്‍ കൈമാറി. അങ്ങനെയാണ് ഗുലാംസിങ്ങ് ജമ്മു-കശ്മീര്‍ എന്ന ഏകോപിതപ്രദേശത്തിന്റെ ആദ്യത്തെ ഭരണാധികാരിയാവുന്നത്. ഈ സമയത്തിനുള്ളില്‍ ജമ്മുവും ലഡാക്കും ഒഴിച്ച് മറ്റു പ്രദേശങ്ങളിലെല്ലാം ഭൂരിഭാഗം ജനങ്ങളും മുസ്ലീങ്ങളായി മതം മാറ്റപ്പെട്ടു കഴിഞ്ഞിരുന്നു.
ഗുലാംസിങ്ങിന്റെ പരമ്പരയില്‍പ്പെട്ട രാജാ ഹരിസിങ്ങിലേക്ക് ഭരണമെത്തിയപ്പോഴേയ്ക്കും, ഹരിസിങ്ങിന്റെ പ്രപിതാമഹനായ ഗുലാംസിങ് സ്വന്തം കീശയിലെ പണംമുടക്കിയാണ് തങ്ങളെ വെള്ളക്കാരന്റെ കിരാതഭരണത്തില്‍ നിന്ന് രക്ഷിച്ചതെന്ന ഉപകാരസ്മരണ കശ്മീര്‍ മുസ്ലീങ്ങളുടെ മസ്തിഷ്‌ക്കങ്ങളില്‍നിന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. അപ്പോഴേയ്ക്കും രാജ്യത്തെക്കാള്‍ അവര്‍ക്കു വലുത് അവരുടെ സമുദായമാണെന്ന് തോന്നിത്തുടങ്ങിക്കഴിഞ്ഞിരുന്നു.
മുസ്ലീംഭൂരിപക്ഷമുള്ള കശ്മീരെന്ന നാട്ടുരാജ്യം കാഫിറായ ഒരു ഹിന്ദു രാജാവ് ഭരിക്കുന്നതില്‍ ഉള്ള എതിര്‍പ്പ് കശ്മീരിലെ മുസ്ലീം പ്രജകളില്‍ നല്ലൊരു വിഭാഗം ജനങ്ങളുടെ മനസ്സിലും വിഷാഗ്നിയായി ജ്വലിക്കാന്‍ തുടങ്ങി. രാജാ ഹരിസിങ് ജനങ്ങളുടെമേല്‍ അനാവശ്യമായ പല നികുതികളും അടിച്ചേല്പിക്കുന്നുവെന്നാരോപിച്ചുകൊണ്ട് കശ്മീരിലെ പൂഞ്ചിലുള്ള ജനങ്ങള്‍, ഇത് അവിടത്തെ ഭൂരിപക്ഷംവരുന്ന മുസ്ലീങ്ങളുടെ ഗൂഢാലോചനയുടെ തുടര്‍ച്ചയാണെന്ന് തിരിച്ചറിയാതെ ഹരിസിങ്ങിനെതിരെ സമരമുറകളാരംഭിച്ചു. ജനസംഖ്യയുടെ അനുപാതത്തില്‍ തങ്ങള്‍ക്ക് ഭരണകൂടത്തില്‍ പ്രാതിനിധ്യം വേണമെന്ന് മുസ്ലീങ്ങള്‍ ആവശ്യപ്പെട്ടു. അതൊത്തുകിട്ടിയാല്‍, ക്രമേണ മുസ്ലീങ്ങള്‍ കശ്യപദത്തമായ കശ്മീര്‍ എന്ന പുണ്യപ്രദേശത്തെ ഹിന്ദുക്കളുടെ കശാപ്പുഭൂമിയാക്കി മാറ്റുമെന്ന് ഹരിസിങ്ങിനറിയാമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം അതിന് വശപ്പെടാതിരിക്കുക യാണുണ്ടായത് (രാജാഹരിസിങ്ങിന്റെ ഈ ദീര്‍ഘദര്‍ശനത്തിന്റെ ദൃഷ്ടാന്തചിത്രമാണ് പിന്നീട് കശ്മീരില്‍നിന്ന്, മതവെറിപിടിച്ച മുസ്ലീങ്ങളാല്‍ ആക്രമിച്ചു തുരത്തപ്പെട്ട് ജീവഭയംകൊണ്ട് പലായനം ചെയ്ത് ദല്‍ഹിയിലെ കൂടാരങ്ങളില്‍ കഴിയുന്ന, അനാഥരായ കശ്മീരി പിണ്ഡിറ്റുകള്‍).
ക്രമേണ സമരം മുസാഫിറാബാദ്, മീര്‍പൂര്‍ തുടങ്ങിയ പ്രദേശങ്ങളിലേയ്ക്കും വ്യാപിച്ചു. ഹിന്ദു ഭൂരിപക്ഷപ്രദേശമായ ജമ്മുവില്‍ ഇവരില്‍ച്ചിലര്‍ അഴിച്ചുവിട്ട അക്രമങ്ങള്‍ക്കു ഹിന്ദുക്കള്‍ തിരിച്ചടി കൊടുത്തതോടെ ഒട്ടനവധി മുസ്ലീങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അതോടനുബന്ധിച്ച് ഒരുകൂട്ടം മുസ്ലീങ്ങള്‍ പാകിസ്ഥാനിലേക്ക് പലായനം ചെയ്തു. അന്ന് വര്‍ഗീയവിഷമിളക്കിവിട്ട് സ്ഥിതി വഷളാക്കിയ സമരക്കാരുടെ തലപ്പത്തുണ്ടായിരുന്നത് ‘മതേതരം’ പ്രസംഗിച്ച് മക്കള്‍രാഷ്ട്രീയം പയറ്റി പിന്നീട് അധികാരത്തില്‍ കയറിക്കൂടിയ, ഫാറൂക്ക് അബ്ദുള്ളയുടെ അച്ഛനും ഒമര്‍ അബ്ദുള്ളയുടെ മുത്തച്ഛനുമായ ഷേക് മുഹമ്മദ് അബ്ദുള്ളയായിരുന്നു. വിദ്യാവിഹീനരും ചരിത്രഗ്രാഹ്യമില്ലാത്തവരുമായ തദ്ദേശവാസികളുടെ മസ്തിഷ്‌ക്കപ്രക്ഷാളനത്തിന് ഷേക് അബ്ദുള്ളയ്ക്ക് അധികമൊന്നും ആയാസപ്പെടേണ്ടിവന്നില്ല.
സമരത്തിന്റെ കാഠിന്യം രൂക്ഷമായതോടെ പ്രക്ഷുബ്ധരായ മുസ്ലീം നേതാക്കന്മാര്‍ പാകിസ്ഥാനിലെ റാവല്‍പ്പിണ്ടിയില്‍ ഒത്തുകൂടി, ‘ആസാദ് കശ്മീരി’ന്റെ ഗവണ്‍മെന്റ് സ്ഥാപിച്ചതായി പ്രഖ്യാപിച്ചു. ‘ക്വിറ്റ് കശ്മീര്‍’ മുദ്രാവാക്യം മുഴക്കിക്കൊണ്ട് അക്രമാസക്തരായി ഓടിയടുക്കുന്ന സമരക്കാര്‍ക്കുമുമ്പില്‍ രാജാ ഹരിസിങ്ങിന്റെ പോലീസുകാര്‍ പതറിപ്പകച്ചുനിന്നു. ഹരിസിങ്ങിനെ സഹായിക്കാന്‍ പാട്യാല രാജാവിന്റെ ഭടന്മാര്‍ ജമ്മു കശ്മീരില്‍ പ്രവേശിച്ചു. സമരം അടിച്ചമര്‍ത്തപ്പെട്ടു. ഷേക്ക് അബ്ദുള്ള ജയിലിലായി.
‘ബ്ലഡ് ബ്രദര്‍’ എന്ന് ഷേക്കിനെ സംബോധന ചെയ്തിരുന്ന നെഹ്രുവിനെ ഷേക്ക് അബ്ദുള്ളയുടെ അറസ്റ്റ് വൃത്താന്തം ഒട്ടൊന്നുമല്ല അലോസരപ്പെടുത്തിയത്. നെഹ്രുവിന് അബ്ദുള്ളയോടുള്ള അമിത താല്പര്യത്തെക്കുറിച്ചറിയാമായിരുന്ന രാജാ ഹരിസിങ്ങ്, അദ്ദേഹത്തിന് കശ്മീരില്‍ പ്രവേശിക്കാന്‍ അനുമതി നിഷേധിച്ചു. തന്റെ ആത്മസുഹൃത്തിനെ സന്ദര്‍ശിക്കാനും ആശ്വസിപ്പിക്കാനും വഴിയൊരുക്കിക്കിട്ടാന്‍ നെഹ്രു ഗാന്ധിജിയുടെ പിന്തുണ തേടി. പക്ഷേ, പട്ടേലിനെപ്പോലുള്ളവരുടെ എതിര്‍പ്പു കാരണം ആ പരിശ്രമം ഫലംകാണാതെ പോവുകയാണുണ്ടായത്.
ഹരിസിങ്ങിന്റെ ഭരണത്തില്‍ മുസ്ലീങ്ങള്‍ പീഡിപ്പിക്കപ്പെടുന്നതായി ആരോപിച്ച്, പാകിസ്ഥാനില്‍നിന്ന് ഒരു പറ്റം പഠാണികളുടെയും ആദിവാസികളുടെയും കൂടെ, ആദിവാസികളുടെ വേഷമിട്ട പാക് പട്ടാളക്കാരുടെ ഒരു ചെറുപടയും കശ്മീര്‍ ആക്രമിക്കാന്‍ പാഞ്ഞടുത്തു. (ഈ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച യഥാര്‍ത്ഥ പ്രേരകശക്തി ജിന്നയുടെ ഇച്ഛാഭംഗവും പ്രതികാരദാഹവും ആയിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. വിഭജനത്തിനുശേഷം ഗൃഹാതുരത ജിന്നയെ വേട്ടയാടിയിരുന്നതായി അദ്ദേഹത്തോടടുപ്പമുള്ള പലരും വെളിപ്പെടുത്തിയിട്ടുള്ളതാണ്. താന്‍ ജനിച്ച ഗുജറാത്തും വളരെക്കാലം ജീവിച്ച ബോംബെയും പ്രകൃതി കുങ്കുമം പുതച്ചു കിടക്കുന്ന കശ്മീരും ജിന്നക്ക് എന്നും പ്രിയപ്പെട്ട പ്രദേശങ്ങളായിരുന്നു. അതുകൊണ്ടുതന്നെ കശ്മീരിന്റെ മേല്‍ അവകാശമുന്നയിച്ചതുപോലെ ഗുജറാത്ത് രാജാവിനെ അനുനയിപ്പിച്ച് പാകിസ്ഥാന്റെ വശത്താക്കാന്‍ ജിന്ന നടത്തിയ വിഫലശ്രമവും ചരിത്രത്തിന്റെ ഏടുകളില്‍ കുറിച്ചിടപ്പെട്ടിട്ടുണ്ട്. ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍, രോഗാഗ്രസ്തനായ ജിന്ന കശ്മീരിലെ ദാല്‍ തടാകത്തിന്റെ തീരത്ത് അല്പനാള്‍ വിശ്രമിക്കാന്‍ അനുവാദം ചോദിച്ചതായും മതം കാരണംപറഞ്ഞ് രാജ്യത്തെ വിഭജിപ്പിച്ച ജിന്നയെപ്പോലെയുള്ള ഒരു വര്‍ഗ്ഗീയവാദിയെ തന്റെ രാജ്യത്ത് കാലുകുത്താന്‍പോലും അനുവദിക്കില്ലെന്നു പറഞ്ഞ് രാജാ ഹരിസിങ്ങ് അനുമതി നിഷേധിച്ചതായും ആ നിഷേധത്തിനുള്ള പകപോക്കലാണ് പാകിസ്ഥാന്‍ പട്ടാളക്കാരെ ആദിവാസികളുടെ വേഷമണിയിച്ചുകൊണ്ട് കശ്മീര്‍ ആക്രമിക്കാന്‍ അയക്കാന്‍ കാരണമെന്നും പറഞ്ഞു കേട്ടിട്ടുണ്ട്).
അക്രമാസക്തരും ക്രൂരരുമായിരുന്ന ഈ കൂലിപ്പട ബരാമുള്ളയെ ഛിന്നഭിന്നമാക്കിക്കൊണ്ട് കശ്മീരിനു നേരെ ചീറിയടുത്തു. വേണ്ടത്ര പടബലമില്ലാതിരുന്ന ഹരിസിങ്ങ് ഭാരതത്തോട് സഹായമഭ്യര്‍ത്ഥിച്ചു. മറ്റൊരു സ്വതന്ത്രരാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാനുള്ള മര്യാദകേട് കാണിക്കാന്‍ ഭാരതത്തിന് താല്പര്യമില്ലെന്നും സഹായമാവശ്യമുള്ളപക്ഷം കശ്മീര്‍ ഭാരതഭൂമിയുടെ ഭാഗമാവുകയാണ് അഭികാമ്യമെന്നും അങ്ങനെ ഇന്ത്യക്കും പാകിസ്ഥാനുമിടയില്‍ കരാറുണ്ടാക്കിയിട്ടുന്നെും ആഭ്യന്തരമന്ത്രികൂടിയായിരുന്ന പട്ടേല്‍ ഹരിസിങ്ങിനെ ധരിപ്പിച്ചു.
സ്വാതന്ത്ര്യപ്രഖ്യാപനവേളയില്‍ ഇന്ത്യയിലുണ്ടായിരുന്ന 560-ല്‍പ്പരം നാട്ടുരാജ്യങ്ങള്‍ക്ക് തങ്ങളുടെ ഇഷ്ടംപോലെ ഇന്ത്യയിലോ പാകിസ്ഥാനിലോ ലയിക്കാന്‍ അവകാശം കൊടുത്തിരുന്നുവെന്നത് ചരിത്രത്തില്‍ പതിഞ്ഞ വസ്തുതയാണല്ലോ. ഒരു മുസ്ലീം രാജ്യമായ പാകിസ്ഥാന്റെ കൂടെപ്പോവാന്‍ ഹരി സിങ്ങിന് ഒട്ടും തൃപ്തിയുണ്ടായിരുന്നില്ല. ഷേക്ക് അബ്ദുള്ളയെ ബ്ലഡ് ബ്രദറെന്നു വിളിക്കുന്ന നെഹ്രു നേതൃത്വം കൊടുക്കുന്ന ഇന്ത്യയില്‍ ലയിച്ചാലുള്ള അവസ്ഥാന്തരങ്ങളെയും അദ്ദേഹം ഭയന്നു. അതുകൊണ്ടാണ് വാസ്തവത്തില്‍, ഇരുപക്ഷങ്ങളിലും ചേരാതെ കശ്മീരിനെ ഒരു സ്വതന്ത്രരാജ്യമായി നിലനിര്‍ത്താന്‍ ഹരിസിങ്ങ് ഇഷ്ടപ്പെട്ടത്.
ഒരുഭാഗത്ത് തന്നെയും രാജ്യത്തെയും ആക്രമിക്കാന്‍ വരുന്ന പാകിസ്ഥാന്റെ വിവരംകെട്ട പട, മറുഭാഗത്ത്, സഹായിക്കണമെങ്കില്‍ ലയനമാവശ്യപ്പെട്ടുകൊണ്ട് നിഷ്‌ക്രിയമായി നില്ക്കുന്ന ഭാരതം! ഹരിസിങ്ങിന്റെ മുമ്പില്‍ മറ്റുവഴികള്‍ ഒന്നും ഇല്ലായിരുന്നു. ഹരിസിങ് ജമ്മുവിലേക്ക് പലായനം ചെയ്തു. അവിടെവച്ച് അദ്ദേഹം ഭാരതവുമായുള്ള ലയനക്കരാറില്‍ ഒപ്പുവച്ചു. പടയെപ്പേടിച്ച് ജമ്മുവിലേക്ക് നാടുപേക്ഷിച്ചോടിയ ഹരിസിങ്ങ് അഭയാര്‍ത്ഥിയാണെന്നും ഒരഭയാര്‍ത്ഥിക്ക് രാജാവിന്റെ സ്ഥാനത്തു നിന്നുകൊണ്ട് കരാറിലൊപ്പിടാന്‍ യോഗ്യതയില്ലെന്നും അതുകൊണ്ടുതന്നെ കരാര്‍ അസാധുവാണെന്നും പാകിസ്ഥാന്‍ വാദിച്ചു.
ഹരിസിങ്ങ് കരാറിലൊപ്പുവെച്ചതോടെ ഭാരതവും അതിന്റെ നിലപാടു മാറ്റി. ഇന്ത്യന്‍ പട്ടാളം കശ്മീരിലേക്ക് മാര്‍ച്ചുചെയ്തു. യുദ്ധമുഖത്തെ സ്ഥിതിവിശേഷങ്ങളെക്കുറിച്ച് ഭരണാധികാരികളെ വിവരം ധരിപ്പിച്ച് ജനറല്‍ കെ.എം. കരിയപ്പ മറുപടിക്കുവേണ്ടി കാത്തിരുന്നു. പുരോഗമനവാദിയായ ‘മര്യാദരാമന്‍’ എന്ന പേരെടുക്കാനുള്ള വ്യഗ്രതകൊണ്ട് ദൂരവ്യാപകങ്ങളായ പല അപകടങ്ങളും രാജ്യത്തിന് വരുത്തിവെച്ച നെഹ്രു പതിവുപോലെ, കശ്മീരിലേയ്ക്ക് പട്ടാളത്തെ അയച്ചാല്‍ അന്താരാഷ്ട്രരംഗത്ത് തകര്‍ന്നു വീണേക്കാവുന്ന തന്റെ ഇമേജിനെക്കുറിച്ചോര്‍ത്തു ഭയന്ന് തീരുമാനമെടുക്കാന്‍ വിളംബം കാണിച്ചു നിന്നു. ക്ഷമ നശിച്ച പട്ടേല്‍ പൊട്ടിത്തെറിച്ചു:
‘ഇപ്പോള്‍ നിങ്ങളുടെ മൗനംകൊണ്ട് നഷ്ടമാവുന്ന ഓരോ നിമിഷവും കശ്മീര്‍ കരാറിന്റെ ശവപ്പെട്ടിയിലടിക്കുന്ന ഓരോ ആണികളാണെന്ന് നിങ്ങള്‍ തിരച്ചറിയണം, നെഹ്രുജി. സത്യം പറയൂ, കശ്മീരിനെ ഭാരതത്തോട് ചേര്‍ത്തുനിര്‍ത്തണമെന്ന് നിങ്ങള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടോ?’
നെഹ്രു പറഞ്ഞു: ‘ആഗ്രഹിക്കുന്നുണ്ട്, പക്ഷേ പട്ടേല്‍ജി, നമുക്ക് സ്വാതന്ത്ര്യം കിട്ടി അധികകാലമായിട്ടില്ല. നമ്മുടെ ഓരോ കാല്‍വെപ്പുകളെയും ലോകം ശ്രദ്ധാപൂര്‍വം ഉറ്റുനോക്കുന്നുണ്ടെന്ന് താങ്കള്‍ മനസ്സിലാക്കണം.’
നെഹ്രുവിന്റെ മറുപടിയിലെ ‘ആഗ്രഹിക്കുന്നുണ്ട്’ എന്ന വാക്കിനുമാത്രം ഊന്നല്‍കൊടുത്തുകൊണ്ട് ഉടനെ പട്ടേല്‍ ജനറല്‍ കരിയപ്പയ്ക്ക് വിവരംകൊടുത്തു: ‘നിങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഉത്തരവു കിട്ടിയിരിക്കുന്നു. അമാന്തിക്കാതെ ഉടനെ വേണ്ടതു ചെയ്യുക.’
വാസ്തവത്തില്‍ നെഹ്രു കശ്മീരിന്റെ ലയനത്തിനെതിരായിരുന്നു. കശ്മീരിനെ ഒരു സ്വതന്ത്ര രാജ്യമായി നിലനിര്‍ത്തിക്കൊണ്ട് തന്റെ ആത്മമിത്രമായ, താന്‍ ബ്ലഡ് ബ്രദര്‍ എന്നു സംബോധന ചെയ്യുന്ന ഷേക് അബ്ദുള്ളയെ ജയില്‍മോചിതനാക്കി ഭരണം അദ്ദേഹത്തെ ഏല്പിക്കാനായിരുന്നു അദ്ദേഹത്തിന് ആഗ്രഹം. മാത്രമല്ല, ലോകനേതാക്കളുടെ നിരയിലേയ്ക്ക് പുത്തന്‍പ്രവേശം ലഭിച്ച നെഹ്രു ആഗോള തലത്തില്‍ തന്റെ പ്രതിച്ഛായ ഊട്ടിയുറപ്പിക്കാന്‍ പാടുപെടുന്ന കാലമായിരുന്നു അത്. ചെറിയ രാജ്യത്തിനുമേല്‍ വലിയ രാജ്യം ബലം കാണിക്കുന്നതില്‍ ന്യായമില്ലെന്നു വിശ്വസിക്കുന്ന മഹാമനസ്‌ക്കനാണ് താനെന്നും സ്വന്തം മാതൃരാജ്യമായാല്‍പ്പോലും അന്യായത്തിനുമുമ്പില്‍ താന്‍ സ്വജനപക്ഷപാതിയാവില്ലെന്നും ലോകത്തിനുമുമ്പില്‍ പ്രദര്‍ശിപ്പിക്കാന്‍ കിട്ടിയ അവസരം നെഹ്രു ശരിക്കും ഉപയോഗിച്ചു. കശ്മീര്‍ പ്രശ്‌നം ഐക്യരാഷ്ട്രസഭയുടെ മുന്നിലെത്തിക്കണമെന്ന് അദ്ദേഹം ശഠിച്ചു. കേവലം നാല്പത്തെട്ടു മണിക്കൂര്‍ സമയംകൊണ്ട് ജമ്മുകശ്മീരിനെ പരിപൂര്‍ണ്ണമായും തിരിച്ചു പിടിക്കാമെന്നും ആലോചിച്ചു നില്‌ക്കേണ്ട സമയമല്ല ഇതെന്നുമുള്ള പട്ടേലിന്റെ മുറവിളികളെ അവഗണിച്ചുകൊണ്ട് നെഹ്രു പ്രശ്‌നം ഐക്യരാഷ്ട്രസഭയിലെത്തിച്ചു. ഈ വിഷയത്തില്‍ ഗോപല്‍സ്വാമി അയ്യങ്കാരായിരുന്നു ജവഹര്‍ലാല്‍ നെഹ്രുവിന്റെ ഉപദേശകന്‍. അക്കാലത്ത്, നെഹ്രുവിന്റെ പ്രത്യേക താല്പര്യം മൂലം ഗവണ്മെന്റില്‍ വകുപ്പില്ലാമന്ത്രിയായി കയറിപ്പറ്റിയ വ്യക്തിയായിരുന്നു ഗോപാല്‍സ്വാമി അയ്യങ്കാര്‍.
യുദ്ധത്തില്‍ ശ്ലാഘനീയമായ നൈപുണിയോടെ ഭാരതസൈന്യം പാകിസ്ഥാന്റെ കൂലിപ്പടയെ യുദ്ധഭൂമിയുടെ മണല്‍നിലങ്ങളില്‍ മൂക്കുകൊണ്ട് ‘ക്ഷ’ എഴുതിപ്പിച്ചുകൊണ്ടിരിക്കുന്ന വേളയില്‍, 1949 ജനുവ രി 1-ന് യുദ്ധം നിര്‍ത്താന്‍ ഐക്യരാഷ്ട്രസഭ ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടു. കശ്മീര്‍ പ്രശ്‌നം കൈകാര്യം ചെയ്യാന്‍വേണ്ടിമാത്രം UNICIP (United Nations Commission for India And Pakistan) എന്ന പേരില്‍ ഒരു പ്രത്യേക ബോഡി ഐക്യരാഷ്ട്രസഭയുടെ നിര്‍ദ്ദേശത്തില്‍ തദനന്തരം രൂപംകൊണ്ടു.
ജമ്മുകശ്മീര്‍ ഏതു രാജ്യവുമായാണ് ലയിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് അവിടത്തെ ജനങ്ങളാണെന്നും കക്ഷിഭേദവും രാഷ്ട്രീയനിയന്ത്രിതവുമല്ലാത്ത സ്വതന്ത്രമായ ഹിതപരിശോധന(Plebisite) യിലൂടെവേണം ആ തീരുമാനമെടുക്കാനെന്നും, ഇരുരാജ്യങ്ങളെയും 1949 ജനുവരി 5-ന്, UNICIP അനുശാസിച്ചു. ലയനത്തിന്റെ തീരുമാനം രൂപപ്പെടുന്നതുവരെ, യുദ്ധം നിര്‍ത്തുന്ന സമയത്ത് ഇരു സൈന്യങ്ങളും കൈവശപ്പെടുത്തിയ ഭൂപ്രദേശം രാജ്യാതിര്‍ത്തിയായി കണക്കാക്കാനും ഉത്തരവായി. ഇത് രണ്ടു രാജ്യങ്ങള്‍ക്കും സമ്മതിക്കേണ്ടിവന്നു.
അങ്ങനെ, നെഹ്രുവെടുത്ത തെറ്റായ ഒരു തീരുമാനംകൊണ്ട് കാലങ്ങളോളം രക്തച്ചൊരിച്ചിലുകളുടെ ബലിമണ്ണായി വിലപിക്കാന്‍ കശ്മീര്‍ എന്ന സ്വപ്‌നഭൂമി വിധിഗതമായി. പട്ടേലിന്റെ നിര്‍ദ്ദേശം അംഗീകരിച്ചുകൊണ്ട് കേവലം നാല്പത്തെട്ടു മണിക്കൂറുകള്‍ക്കുള്ളില്‍ പൂര്‍ണ്ണവിരാമമിടാന്‍ സാധിക്കുമായിരുന്ന ഒരു പ്രശ്‌നം ദശകങ്ങള്‍ കടന്നുപോയിട്ടും പരിഹരിക്കാനാവാതെ പോയതിന്റെ ബാധ്യത തീര്‍ച്ചയായും എഴുതിച്ചേര്‍ക്കേണ്ടത് നെഹ്രുവിന്റെ പറ്റുപുസ്തകത്തില്‍തന്നെയാണ്.
(തുടരും)