കള്ളക്കര്‍ക്കടകം അതിന്റെ രൗദ്രഭാവങ്ങള്‍ മുഴുവന്‍ പുറത്തെടുത്ത് മഴയായും കാറ്റായും താണ്ഡവമാടുകയാണ്. സൂര്യപ്രഭയില്ലാത്ത പകലുകളും തോരാതെ പെയ്യുന്ന മഴയും ഇടയ്ക്കിടെ അടിക്കുന്ന ഈറന്‍ കാറ്റും എല്ലാം കര്‍ക്കടകത്തിന് ഒരു പഞ്ഞമാസത്തിന്റെ പരിവേഷം നല്‍കുന്നു. മലയാളിക്ക് വറുതിക്കാലമാണ് കര്‍ക്കടകം. സമൃദ്ധിയുടെ കാലമാണ് ചിങ്ങം. ചിങ്ങത്തിന്റെ വരവോടെ ‘നിറ’ എന്നൊരു ആഘോഷം തന്നെ കേരളത്തില്‍ നടക്കുന്നു. അതൊരു കാര്‍ഷികോത്സവമാണ്. വയല്‍ക്കൊയ്ത്ത് തുടങ്ങുന്നതിനുമുന്‍പ് ശുഭസമയം നോക്കി വിളഞ്ഞു പാകമായ ഒരുകറ്റ ആര്‍പ്പുവിളിയോടെ ‘പൊലി പൊലിയോ പൊലി’ എന്ന വായ്ത്താരിയോടെ കൃഷിക്കാരന്റെ വീട്ടിലെത്തിക്കുന്ന ചടങ്ങാണ് ‘ഇല്ലം നിറ’.
കര്‍ക്കടകവാവ് കഴിഞ്ഞാല്‍ പാടത്തുനിന്നും കതിര് ഊരിയെടുക്കുകയില്ല. കറ്റ മുറിച്ച് തൂശനിലയില്‍ പൊതിഞ്ഞ് വീട്ടുപടിക്കല്‍ വെക്കുന്നു. പിന്നീട് ശുഭസമയം നോക്കി വീടിനുള്ളിലേക്ക് കൊണ്ടുവരും. ഓവുള്ള നെല്ലാണ് ഇതിന് ഉപയോഗിക്കുന്നത്. ഇങ്ങനെ കൊണ്ടുവരുന്ന കതിര്‍ക്കറ്റ ആലില, മാവില എന്നിവ കൂട്ടി അറയിലോ മച്ചിലോ കെട്ടിത്തൂക്കും. അല്ലെങ്കില്‍ ചാണകം കൂട്ടി അറയിലെ ചുവരില്‍ പതിക്കും. ഇലകളുടെ കൂട്ടത്തില്‍ അരയാല്‍, പേരാല്‍, മാവില, ദശപുഷ്പം എന്നിവയും ഉണ്ടാകും.
വീട്ടുപടിക്കല്‍ നിന്നും ഭക്തിപൂര്‍വ്വം കതിര്‍ക്കുല ശിരസ്സില്‍വച്ച് വിളക്കിന്റെ അകമ്പടിയോടെ ഗൃഹാങ്കണത്തിലേക്ക് കൊണ്ടുവരുമ്പോഴും ‘പൊലി പൊലി’ വിളിയ്ക്കും. പുതിയകതിര്‍ ‘ലക്ഷ്മിദേവി’ ആണെന്നാണ് സങ്കല്പം. വാതിലില്‍ നെല്‍ക്കതിര്‍ തൂക്കിയിടും. അപ്പോള്‍ ‘പൊലി പൊലി മുടപൊലി’ എന്നു പറയും. വിത്തു ശേഖരിക്കുന്ന കുട്ടയാണ് ‘മുട’. പിന്നീട് കൊയ്‌തെടുത്ത പുതിയ അരികൊണ്ട് പായസം വയ്ക്കും. ക്ഷേത്രങ്ങളിലും ഇതേ ചടങ്ങുകള്‍ തന്നെ നടത്തും. ഈ ചടങ്ങിന് ‘നിറപുത്തരി’ എന്നു പറയുന്നു.
വട്ടപ്പലം, നെല്ലി, ആല്, പാലുവള്ളി, കാഞ്ഞിരം, മാവ് എന്നീ ഇലകളാണ് പ്രധാനമായും നിറപുത്തരിക്ക് ഉപയോഗിക്കുന്നത്. നേന്ത്രക്കായയ്ക്കും ഈ കാലഘട്ടത്തില്‍ വലിയ പ്രാധാന്യമുണ്ട്. ഉപ്പേരിയായും കാഴ്ച്ചക്കുലയായും നേന്ത്രക്കായ നമ്മുടെ ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്നു. തിരുവോണത്തിന് മുന്‍പുള്ള ചിങ്ങമാസ ദിവസങ്ങളെ ‘പോക്കു ചിങ്ങം’ എന്നാണ് പറയുന്നത്.’
വടക്കേ മലബാറില്‍ ചിങ്ങം ഒന്നിന് വേടര്‍, മലയര്‍, പെരുവണ്ണാന്‍ സമുദായക്കാര്‍ ശിവപാര്‍വ്വതി വേഷത്തില്‍ വീടുകളില്‍ കയറിയിറങ്ങുന്നു. ഇവരെ ആടിവേടര്‍ എന്ന് വിളിക്കുന്നു.
കര്‍ക്കടക സംക്രാന്തി സൂര്യന്‍ ഭ്രമണപഥത്തില്‍ ഏറ്റവും വടക്കേ അറ്റത്ത് എത്തുന്ന ദിവസമാണ്. കര്‍ക്കടകം പഞ്ഞമാസം ആകയാല്‍ മണ്ണാന്‍ മുതലായ സമുദായത്തിലുള്ളവര്‍ കാലക്ഷേപത്തിന് വേടവേഷം കെട്ടുന്നതിനെയാണ് ‘ഓണത്താര്‍’ എന്ന് പറയുന്നത്.
കേരളത്തിന് ആണ്ടറുതികള്‍ രണ്ടുണ്ട്; ഓണവും വിഷുവും. തിരുവാതിരയും ഇതില്‍ കൂട്ടാം. വിഷു അധ്വാനത്തിന്റെയും ഓണം സമൃദ്ധിയുടെയും തിരുവാതിര സൗന്ദര്യത്തിന്റെയും പ്രതീകങ്ങളാണ്. വിഷു ഗ്രീഷ്മത്തിലാണ്. ഹേമന്തകാലത്താണ് തിരുവാതിര. എന്നാല്‍ ശരത്കാലത്തിലാണ് ഓണം. മേടം മുതല്‍ ശരത് കാലം തുടങ്ങും. ‘കര്‍ക്കടക സംക്രാന്തി’യാണ് ആണ്ടറുതി. അതുകഴിഞ്ഞാല്‍ ചിങ്ങത്തിന്റെ വരവാണ്. ദുര്‍വിചാരങ്ങളുടെയും വൃത്തിഹീനതകളുടെയും ശുദ്ധീകരണം കൂടിയാണ് ആണ്ടറുതി. ഇതില്‍ പ്രധാനം ‘ചേട്ട’യെ കളയുക എന്നൊരു ചടങ്ങാണ്.
അശ്രികരങ്ങളായ, ഉപയോഗശൂന്യമായ എല്ലാ വസ്തുക്കളും ഒരു പൊട്ടക്കലത്തില്‍ ശേഖരിച്ച് ഒരു സ്ത്രീ അതേറ്റി, ചൂലും ചാണകവുമായി പടിപ്പുറത്ത് എറിഞ്ഞ് ‘ചേട്ടേ ചേട്ടേ പോ പോ’ എന്ന് ഉറക്കെ പറയും. ‘ശീവോതിവായോ വായോ’ എന്നും പറയും അങ്ങനെ ചേട്ട പുറത്തും, ശ്രീഭഗവതി അകത്തും വരുന്നു. കര്‍ക്കടകമെന്നത് ക്ഷാമകാലമാണ്. കയ്യിലിരുപ്പും കരുതല്‍ ധനവും കൃഷിക്ക് ചെലവിട്ട് പത്തായം കാലിയാകുന്ന കാലമാണ് കര്‍ക്കടകം. സാധാരണക്കാരന് അത് പേടിസ്വപ്‌നമാണ്. അങ്ങനെയുള്ള കള്ളക്കര്‍ക്കടകത്തില്‍ ഈശ്വര ഭജനവും രാമായണ പാരായണവും ഒക്കെയായി ആളുകള്‍ കഴിച്ചുകൂട്ടി കഷ്ടതയെ മാറ്റുന്നു. ആ പേടിസ്വപ്‌നത്തെ അവര്‍ മറികടക്കുന്നത് ചിങ്ങം വരുമെന്നുള്ള പ്രതീക്ഷയിലാണ്. തോരാത്ത മഴയും ആടിക്കറുപ്പും പോയി, മാനം തെളിയുന്നതാണ് മലയാളിക്ക് ചിങ്ങമാസം! തുമ്പ പൂത്താല്‍ ഓണവും കൊന്ന പൂത്താല്‍ വിഷുവുമാണ് മലയാളിയുടെ മനസ്സില്‍ നിറയുക. തെളിവെയിലില്‍ തൊഴുത്തിനു പുറത്ത് മത്തപ്പൂ വിരിയുമ്പോള്‍ കുടുംബിനികളുടെ ഓണസ്വപ്‌നങ്ങളും പൂവിടുന്നു. അധ്വാനിക്കുക, ആഹ്ലാദിക്കുക എന്നിങ്ങനെയാണ് കര്‍ഷക ജനതയുടെ രീതികള്‍. അതിനുദാഹരണമാണ് ചിങ്ങക്കൊയ്ത്ത്.
കൊല്ലവര്‍ഷത്തിലെ പ്രഥമമാസമാണ് ചിങ്ങമാസം. കേരളത്തില്‍ ചിങ്ങം ഒന്ന് കര്‍ഷകദിനം കൂടിയാണ്. തുമ്പയും തുളസിയും മുക്കുറ്റിയും പൂക്കുന്ന ധന്യതയുടെ മാസം! മണ്ണിന്റെ മണമുള്ള മായാത്ത ഓര്‍മ്മകളുടെ മണമുള്ള മാസം. മലയാളിയെ ഓണമൂട്ടാന്‍ കര്‍ഷകര്‍ ചെളിയിലും ചേറിലും മടച്ച് പൊന്നു വിളയിച്ച് ജൈവജീവിതത്തിലേക്ക് തിരിച്ചു വിളിക്കുന്ന ദിവസമാണ് ചിങ്ങമൊന്ന്. അതാണ് ചിങ്ങം ഒന്ന് ‘കര്‍ഷകദിന’മായത്. പൂപ്പാടം നിറയെ അഴകും പത്തായം നിറയെ അരിയുമായി മലയാളിയെ സമൃദ്ധിയിലേക്ക് നയിക്കുന്ന ദിവസമാണ് കര്‍ഷകദിനം കൂടിയായ ‘ചിങ്ങം ഒന്ന്.’ ഐശ്വര്യത്തിന്റെ പൊന്‍ വെളിച്ചം കൊണ്ടുവരുന്ന പുതുവര്‍ഷത്തിന്റെ തുടക്കം ഏതൊരു മലയാളിക്കും ഗൃഹാതുരതയുടെ ഓര്‍മ്മകളാണ് സമ്മാനിക്കുന്നത്.
കര്‍ക്കിടക പഞ്ഞത്തെ പ്രതീക്ഷയുടെ ചിങ്ങസ്വപ്‌നങ്ങള്‍ കൊണ്ട് പൊതിയുന്നവനാണ് മലയാളി. വറുതിയെ മാറ്റി സമൃദ്ധിയുടെ പൊന്‍കിരണങ്ങളുമായി വരുന്ന ചിങ്ങത്തെ എല്ലാ മലയാളിയും ഇഷ്ടപ്പെടുന്നു. ഞാറ്റുപാട്ട്, കൊയ്ത്തുപാട്ട്, വള്ളംകളിപ്പാട്ട് എന്നിങ്ങനെ മലയാളിയുടെ ഉത്സവകാലം കൂടിയാണ് ചിങ്ങമാസം. ഓണത്തിന്റെ വരവ് മലയാളിക്ക് വസന്തത്തിന്റെ വരവുതന്നെയാണ്. നമുക്ക് സ്വയം പര്യാപ്തത നല്‍കുന്നത് കൃഷിയാണ്. കേരളം കാര്‍ഷിക രാജ്യമാണ്. കര്‍ക്കിടകത്തിന്റെ വറുതികളെ ചിങ്ങത്തില്‍ കൊയ്‌തെടുക്കുന്ന പൊന്‍ കറ്റകളാലാണ് മലയാളി നികത്തുക. പൊന്നിന്‍ ചിങ്ങത്തിന് ഒരുപാട് പ്രത്യേകതകളുണ്ട്. കാണം വിറ്റും ഓണം ഉണ്ണുന്നവനാണ് മലയാളി. കാണം വില്‍ക്കണമെങ്കില്‍ കാണമുണ്ടാകണം ഉണ്ടാകണമെങ്കില്‍ കൃഷി ചെയ്യണം. ഓണത്തിന് സുഖസമൃദ്ധമായ ഒരു സദ്യ കഴിക്കണമെങ്കില്‍ വയലില്‍ അതിനുമുന്‍പ് പണി തുടങ്ങണം.
‘കൊന്ന പൂക്കുമ്പോള്‍ ഉറങ്ങിയാല്‍, മരുതു പൂക്കുമ്പോള്‍ പട്ടിണി’ എന്നൊരു ചൊല്ലുണ്ട്. മേടമാസത്തില്‍ത്തന്നെ കൃഷി തുടങ്ങണം എന്നാണ് ഇതിന്റെ അര്‍ത്ഥം. എല്ലാ ചെടികളും പൂക്കുന്ന മഞ്ഞയുടെ ആഘോഷമായ വര്‍ണ്ണപ്പൊലിമയുടെ മാസമായ ചിങ്ങമാസത്തെ ഇഷ്ടപ്പെടാത്ത ഒരു മലയാളിയും ഇല്ല.
‘ശാര്‍ങ്ഗസംഹിത’യില്‍ പറയുന്ന ശരത്കാലമാണ് ഓണം. നമ്മുടെ മാതൃ സങ്കല്പവുമായും നിറപുത്തരിക്ക് ബന്ധമുണ്ട്. വയലില്‍ വിളയിച്ചെടുക്കുന്ന നെല്ലിന്റെ അല്ലെങ്കില്‍ വിളയുടെ ഒരംശം കൃഷിചെയ്യുന്ന നിലത്തിന് ഭൂമിദേവിക്ക് കൊടുക്കുന്ന ചടങ്ങും നിറപുത്തരിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
വയലേലകളാണ് കേരളത്തിന്റെ ഭംഗി. പച്ചപ്പരവതാനി വിരിച്ച പോലുള്ള വയലുകളില്‍ കര്‍ഷകര്‍ കൃഷി ചെയ്ത് സ്വര്‍ണ്ണ നിറമുള്ള വിത്തുകള്‍ വിളയിച്ചെടുക്കുമ്പോഴാണ് നമുക്ക് സമൃദ്ധി വരിക. ആ സമൃദ്ധിയെ വരവേല്‍ക്കുന്ന ദിനമാണ് ചിങ്ങം ഒന്ന്. ആടി കളഞ്ഞ്, തെളിഞ്ഞ മാനവും നിറഞ്ഞ മനവുമായി മലയാളി ചിങ്ങത്തെ വരവേല്‍ക്കുന്നു.
നെറുകയില്‍ സിന്ദൂരം ചൂടിയ സൂര്യകിരണങ്ങളെ മലയാളി ആഹ്ലാദത്തോടെ നോക്കിക്കാണുന്നു. ഓണത്തിന്റെ വരവറിയിക്കാന്‍ പ്രകൃതിതന്നെ ഒരുക്കുന്ന എല്ലാ പ്രത്യേകതകളും ചിങ്ങത്തിലുണ്ട്. ചിങ്ങത്തിന്റെ നിറം തന്നെ മഞ്ഞയാണ് എന്ന് പറയാറുണ്ട്. മഞ്ഞനിറമാണ് പഴുത്ത നേന്ത്രക്കുലയ്ക്കും. എന്തിന്, നമ്മള്‍ കാച്ചിയെടുക്കുന്ന പപ്പടത്തിനുപോലും മഞ്ഞനിറം ആണെന്ന് പറയുമ്പോള്‍ മഞ്ഞയുടെ ഉത്സവം കൂടിയാണ് ചിങ്ങമാസം.
മലയാളിയുടെ ‘ചിങ്ങം ഒന്നിന്’ ഒരുപാട് പ്രാധാന്യമുണ്ട് എല്ലാ ദുരിതങ്ങളെയും കൊണ്ടുകളഞ്ഞു പൊട്ടിയെ ആട്ടി, ശിവോതിയെ സ്വീകരിക്കുന്ന – തുമ്പക്കുടങ്ങള്‍ കളമെഴുതുന്ന – തെളിഞ്ഞ മാനവും പൊന്‍വെയിലും ഉള്ള ചിങ്ങത്തെ മലയാളി എത്ര കൃത്യമായാണ് വരവേല്‍ക്കുന്നത്! ഇതാണ് കര്‍ഷകദിനമായ ചിങ്ങം ഒന്നിന്റെയും കര്‍ക്കടക സംക്രാന്തിയുടേയുമൊക്കെ പിന്നിലുള്ള ഐതിഹ്യം.
മലയാളിയ്ക്ക് ഉയിരിനുമുയിരാണ് ചിങ്ങം. ചിങ്ങപ്പൂങ്കതിരിനെ വരവേല്‍ക്കുന്ന കര്‍ഷകജനതയുടെ ആഹ്ലാദചിത്തം പ്രകൃതിപോലും പങ്കിടുന്നതാണ് മലയാളിയുടെ ‘ആണ്ടുപിറ’. ദുരിതത്തെ പിന്തള്ളുന്നതാണ് ‘ആടി കളയല്‍’.