വിവിധ ലോകരാജ്യങ്ങളിലെ ഭരണകൂടങ്ങളെ അട്ടിമറിക്കാനും അധികാരഭ്രഷ്ടമാക്കാനും ഗൂഢാലോചനകള്‍ നടത്തുന്ന സാമ്പത്തിക ഭീമനെന്ന നിലയില്‍ ജോര്‍ജ് സോറസിന്റെ പേര് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നു. സോറസ് ഒരു ചെറിയ മീനല്ല. രാഹുല്‍ ഗാന്ധിയുടെ വകയിലെ ഒരു കാരണവര്‍ എന്ന് തന്നെ സോറസിനെ വിശേഷിപ്പിക്കാം. ജവഹര്‍ലാല്‍ നെഹ്രുവിന്റെ സഹോദരന്‍ ബി.കെ.നെഹ്‌റുവിന്റെ ഭാര്യയുടെ ബന്ധുവാണ് സോറസിന്റെ അമ്മ. സോറസിന് രാഹുലിനെ ഇഷ്ടമാണ്. തനിക്ക് ഇഷ്ടമല്ലാത്ത രാജ്യഭരണങ്ങളേയും ധനകാര്യ സ്ഥാപനങ്ങളെയും രായ്ക്കുരാമാനം മുടിക്കുന്നവനെന്ന് സോറസിന് വിശേഷണമുണ്ട്. ഒറ്റ രാത്രി കൊണ്ടാണ് സോറസ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ പൊളിച്ചത് (1992). 1997ല്‍ ഏഷ്യന്‍ ഫിനാന്‍ഷ്യല്‍ ക്രൈസിസ് സൃഷ്ടിച്ച് മലേഷ്യയെ തകര്‍ത്തു. 1988 ല്‍ ഫ്രാന്‍സില്‍ സാമ്പത്തിക അട്ടിമറി നടത്തി. അതിന്റെ പേരില്‍ 2006 ല്‍ ഫ്രഞ്ച് സുപ്രീം കോടതി സോറസിനെ ശിക്ഷിക്കുകയും ചെയ്തു. അമേരിക്കയിലെ വാള്‍സ്ട്രീറ്റ് പ്രതിഷേധത്തിന് പണം മുടക്കിയതും സോറസാണ്. ജോര്‍ജിയയിലെ പനിനീര്‍പ്പൂ വിപ്ലവത്തിലൂടെ അവിടത്തെ പ്രസിഡന്റിനെ പുറത്താക്കിയതില്‍ സോറസിന്റെ കരങ്ങളുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
ഏഷ്യ, ആഫ്രിക്ക, അമേരിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളില്‍ ഭരണസംവിധാനങ്ങളെ സൃഷ്ടിക്കുകയും സംഹരിക്കുകയും ചെയ്യുന്ന സോറസിന്റെ സുഹൃത്താണ് ബംഗ്ലാദേശിലെ പുതിയ പ്രധാനമന്ത്രി മുഹമ്മദ് യൂനസ്. സോറസിന്റെ മറ്റൊരു ആത്മമിത്രമാണ് അമര്‍ത്യാസെന്‍. ഭാരതത്തില്‍ തന്നെ സോറസിന് അനുയായികള്‍ ഏറെയുണ്ട്; ഇടതു ലിബറല്‍ ബുദ്ധിജീവികളായ എഴുത്തുകാര്‍, പത്രലേഖകര്‍, അക്കാദമിക വിദഗ്ദ്ധര്‍, രാഷ്ട്രീയക്കാര്‍, സ്വയം പ്രഖ്യാപിത നന്മമരങ്ങള്‍ എന്നിവരാണ് അവരിലേറെയും.
ലോകത്ത് എവിടെയായാലും സോറസ് സംഘത്തിന്റെ പ്രധാന ജോലി അവിടങ്ങളിലെ സുസ്ഥിരമായ ഭരണകൂടങ്ങളെ അട്ടിമറിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ്. അതിനായി സാമൂഹിക സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധികള്‍ സൃഷ്ടിക്കുക, ഭരണസമ്പ്രദായത്തേയും ജ്യുഡീഷ്യറിയേയും വരെ ഉപയോഗിക്കുക തുടങ്ങിയ ജോലികളാണ് അവര്‍ക്ക് ചെയ്യാനുള്ളത്. ഈ ജോലിയില്‍ വ്യാപരിക്കുന്നവര്‍ക്കെല്ലാം സോറസ് നല്ല കൂലി നല്‍കുന്നുണ്ട് എന്നതും മറക്കാവുന്നതല്ല. ആഗോളവ്യാപകമായി തന്റെ ഇംഗിതത്തിന് ഒത്തു പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായി നില്‍ക്കുന്ന കൂലിക്കാരുള്ള മറ്റൊരു മുതലാളിയും ഇന്നു ലോകത്തു ജീവിച്ചിരിപ്പില്ല.
ദൈവത്തിലും മതനിഷ്ഠയിലും വിശ്വാസമില്ലാത്ത ഹംഗേറിയന്‍ ജൂതനായ സോറസ് 1930 ആഗസ്റ്റ് 12നു ബുഡാപെസ്റ്റിലാണ് ജനിച്ചത്. അമ്മ എലിസബത്ത് ചെറുകിട പട്ടുവസ്ത്രവ്യാപാരം നടത്തിയിരുന്നു. അച്ഛന്‍ തിവേടര്‍ ഷേവാട്‌സ് അഭിഭാഷകനും ഒരു ചെറുകിട സാഹിത്യ മാസികയുടെ പത്രാധിപരുമായിരുന്നു. ഹംഗറി നാസികളുടെ കീഴിലായപ്പോള്‍ സോറസിന്റെ കുടുംബം പീഡിപ്പിക്കപ്പെട്ടു. ഒരു ക്രിസ്ത്യന്‍ പുരോഹിതന് കൈക്കൂലി നല്‍കി തിവേടര്‍ ഷേവാട്‌സ് കുടുംബം അവര്‍ ക്രിസ്ത്യാനികളാണെന്ന വ്യാജരേഖയുണ്ടാക്കിയാണ് രക്ഷപ്പെട്ടത്. അതിനുശേഷമാണ് ഷേവാട്‌സ് എന്ന പേരു മാറ്റി സോറസ് എന്ന പേര് സ്വീകരിച്ചത്. സോറസ് എന്ന വാക്കിന്റെ അര്‍ത്ഥം ‘തൊട്ടടുത്തത്’ എന്നാണ്. അദ്ദേഹത്തിന്റെ ബാല്യകൗമാര വിദ്യാഭ്യാസ കാലം കഷ്ടത നിറഞ്ഞതായിരുന്നു. എന്നിട്ടും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ ചേര്‍ന്നു പഠിച്ച് ഫിലോസഫിയില്‍ മാസ്റ്റര്‍ ബിരുദം നേടി. ഫിലോസഫി പ്രൊഫസര്‍ ആകണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ അതിനാവശ്യമായ അക്കാദമിക മികവ് നേടാന്‍ സോറസിനായില്ല. പഠനകാലത്ത് റെയില്‍വെ പോര്‍ട്ടറായും ഹോട്ടല്‍ വെയ്റ്ററായും കൗതുകവസ്തുക്കളുടെ കാല്‍നട വില്പനക്കാരനായും ജോലി ചെയ്തു പണം ഉണ്ടാക്കിയാണ് പഠനം തുടര്‍ന്നത്.
പ്രൊഫസറാകാന്‍ കഴിയില്ല എന്നു വന്നപ്പോഴാണ് സോറസ് സിംഗര്‍ ആന്റ് ഫ്രീലാന്‍സര്‍ എന്ന മര്‍ച്ചന്റ് ബാങ്കില്‍ ഗുമസ്തനായി ചേര്‍ന്നത്. അതേ ബാങ്കില്‍ തന്നെ ബ്രോക്കറേജ് വിഭാഗം ഉദ്യോഗസ്ഥനായി. തുടര്‍ന്ന് എഫ്.എം മേയര്‍, വെര്‍ത്തീമില്‍ തുടങ്ങിയ ധനകാര്യ ക്രയവിക്രയ കമ്പനികളില്‍ പ്രവര്‍ത്തിച്ചു. അങ്ങനെയാണ് പണം സമ്പാദിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം പണവ്യാപാരമാണെന്നു സോറസ് മനസ്സിലാക്കിയത്.
ലോകത്തിലെ അതിസമ്പന്നരില്‍ ഒരാളായ സോറസിന് ആകെ മൂന്നു ഭാര്യമാരുണ്ട്; അവരില്‍ അഞ്ച് ആണ്‍മക്കളുമുണ്ട്. 1960ല്‍ ജര്‍മ്മന്‍ വംശജയായ അന്നാലിയാസിയെ വിവാഹം ചെയ്തു. 23 കൊല്ലം നീണ്ടുനിന്ന ആ വിവാഹത്തില്‍ മൂന്ന് മക്കളുണ്ടായി. മൂത്തവന്‍ റോബര്‍ട് ഡാനിയല്‍ സോറസ്. അദ്ദേഹമാണ് സെന്‍ട്രല്‍ യൂറോപ്യന്‍ സര്‍വ്വകലാശാലയുടെ സ്ഥാപകന്‍. സോറസിന്റെ ആശയങ്ങളുടെ പ്രചാരണശാലയാണത്. രണ്ടാമന്‍ ആന്‍ഡ്രിയ സോറസ് ട്രേസ് ഫൗണ്ടേഷന്റെ സ്ഥാപകനും ഡയറക്ടറുമാണ്. ചൈനയുടെ പീഡനം സഹിക്കുന്ന തിബറ്റുകാരെ സഹായിക്കലാണ് ഫൗണ്ടേഷന്റെ ലക്ഷ്യം. മൂന്നാമന്‍ ജോനാഥന്‍ തിവാഡര്‍ സോറസ് അച്ഛനെപോലെ ബഹുജനധനനിക്ഷേപ വ്യാപാരിയാണ്. ഒപ്പം ഫ്രണ്ട്‌സ് ഓഫ് ഡിമോക്രസി എന്ന സംഘടന സ്ഥാപിച്ചു നടത്തുന്നു. ഈ സംഘടന ലോക ജനാധിപത്യ സംരക്ഷണത്തിനാണ് നിലകൊള്ളുന്നത് എന്ന് പറയപ്പെടുന്നു. 1983ല്‍ സോറസ് സൂസന്‍ പെബറെ വിവാഹം ചെയ്തു. അതില്‍ രണ്ട് ആണ്‍ മക്കള്‍ ജനിച്ചു. ഒന്നാമന്‍ അലക്‌സാണ്ടര്‍ സോറസ് ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന ഫൗണ്ടേഷന്‍ സ്ഥാപിച്ച് അച്ഛനെ സഹായിക്കുന്നു. രണ്ടാമന്‍ ഗ്രിഗറി ജയിംസ് സോറസ് ഒരു കലാകാരനാണ്. 83-ാം വയസ്സില്‍ സോറസ് ടോമിക്കോ ബോള്‍ടനെ മൂന്നാം ഭാര്യയായി സ്വീകരിച്ചു. ഇതുവരെ അതില്‍ കുട്ടികള്‍ ജനിച്ചിട്ടില്ല. എല്ലാ മക്കളും അച്ഛനെ സഹായിക്കുന്നു.
ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ കാള്‍ പോപ്പറിന്റെ ശിഷ്യനായിരുന്നു സോറസ്. ലോജിക് ഓഫ് സയന്റിഫിക് ഡിസ്‌കവറി എന്ന ക്ലാസിക് കൃതിയുടെ രചയിതാവാണ് പോപ്പര്‍. ശാസ്ത്രജ്ഞാനം സ്വരൂപിക്കുന്നതിനു സ്വീകരിക്കുന്ന ജ്ഞാനമീമാംസയുടെ അടിസ്ഥാന തത്ത്വങ്ങളെ ഈ കൃതി ചോദ്യം ചെയ്യുന്നു. അരിസ്റ്റോട്ടില്‍ വിഭാവനം ചെയ്തു വികസിപ്പിച്ചെടുത്ത ഇന്‍ഡക്ഷന്‍ ഡിഡക്ഷന്‍ എന്നീ മെത്തേടായിരുന്നു ശാസ്ത്രം അവലംബിച്ചിരുന്നത്. അതായത്, മാങ്ങ വീഴുന്നതും തേങ്ങ വീഴുന്നതും ആപ്പിള്‍ വീഴുന്നതും കണ്ടതിനുശേഷം ലോകത്തുള്ള പദാര്‍ത്ഥജാലം മുഴുവന്‍ ഗുരുത്വാകര്‍ഷണ നിയമത്തിനു വിധേയമാണെന്ന നിഗമനത്തിലെത്തുന്ന ഇന്‍ഡക്ടീവ് ലോജിക്കാണ് ശാസ്ത്രത്തിലെ കണ്ടുപിടുത്തങ്ങള്‍ക്ക് കാരണമായ ജ്ഞാന പദ്ധതി എന്നാണ് ശാസ്ത്രം വിശ്വസിച്ചിരുന്നത്. ഇത് ശരിയല്ല എന്ന് പോപ്പര്‍ വാദിച്ചു. പരിമിതമായ വസ്തുതകളെ മാത്രം നിരീക്ഷിച്ചുകൊണ്ട് പരിമിതികളില്ലാത്ത തത്ത്വം സ്വരൂപിക്കുന്നതിന് യാതൊരു അനുഭവവും യുക്തിയും ബാധകമല്ല എന്നും അതുകൊണ്ട് ആ ജ്ഞാനം അയുക്തികമാണെന്നും അദ്ദേഹം വാദിച്ചു. അതായത്, സയന്റിഫിക് ഡിസ്‌കവറി അയുക്തികവും സയന്റിഫിക് പ്രാക്ടീസ് സയുക്തികവുമാണെന്ന പരികല്പനക്ക് ഇത് വഴിവെച്ചു. സമകാലിക ശാസ്ത്രജ്ഞാന പരികല്പനകള്‍ രൂപീകരിക്കുന്നതില്‍ ഈ കൃതി ചെലുത്തിയ സ്വാധീനം വളരെ വലുതാണ്.
എന്നാല്‍ പോപ്പറുടെ ഈ പുസ്തകത്തേക്കാള്‍ ഓപ്പണ്‍ സൊസൈറ്റി ആന്റ് ഇറ്റ്‌സ് എനിമീസ് എന്ന കൃതിയാണ് സോറസിനെ കൂടുതല്‍ സ്വാധീനിച്ചത്. പോപ്പര്‍ മുന്നോട്ടുവെച്ചത് തുറന്ന സമൂഹം എന്ന സങ്കല്പമാണ്. തുറന്ന സമൂഹത്തിന്റെ വിഖ്യാതരായ ശത്രുക്കളാണ് പ്ലേറ്റോയും ഹെഗലും കാറല്‍ മാര്‍ക്‌സും എന്ന് പോപ്പര്‍ പ്രഖ്യാപിച്ചു. ദാര്‍ശനികന്‍ ചക്രവര്‍ത്തിയായി രാജ്യഭാരം നടത്തുന്ന പ്ലേറ്റോയുടെ സ്വപ്‌നസാമ്രാജ്യം മനുഷ്യനെ അടിമകളാക്കുന്ന സമഗ്രാധിപത്യ ഭരണ സമ്പ്രദായമാണെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു. ഹെഗല്‍ അറപ്പുളവാക്കുന്നവിധം ഏകാധിപത്യം പ്രചരിപ്പിക്കുന്നു എന്നും മാര്‍ക്‌സ് ആളെ കൊല്ലുന്ന സമഗ്രാധിപത്യമാണ് പ്രചരിപ്പിക്കുന്നതെന്നും പോപ്പര്‍ നിരീക്ഷിച്ചു. അതുകൊണ്ട് മാനവികതയെ അംഗീകരിക്കുന്ന തുറന്ന സമൂഹമാണ് അഭികാമ്യം എന്നും അദ്ദേഹം വാദിച്ചു.
ഓപ്പണ്‍ സൊസൈറ്റി എന്ന ആശയം സോറസില്‍ ഉറയ്ക്കാനുള്ള കാരണം ഇതാണ്. വന്‍മാറ്റങ്ങള്‍ വരുത്തുന്ന കണ്ടുപിടുത്തങ്ങള്‍ അയുക്തികമാണെന്ന വാദം ഒരിക്കലും മാറാത്ത ഒരു അടിത്തറ ശാസ്ത്രജ്ഞാനത്തിനുണ്ട് എന്ന വിശ്വാസത്തെ അസാധുവാക്കി. ഈ ആശയം സോറസിനെ ആഴത്തില്‍ സ്വാധീനിച്ചു. മാത്രമല്ല, ഒരിക്കലും തെറ്റാത്ത വിജ്ഞാനത്തെ ആസ്പദമാക്കിയല്ല എപ്പോഴും തെറ്റാവുന്ന ആശയങ്ങളെയും വിശ്വാസങ്ങളെയും ആശ്രയിച്ചാണ് മനുഷ്യന്‍ അറിവ് സ്വരൂപിക്കുന്നതെന്നും ആ അറിവിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യന്‍ ജീവിക്കുന്നതെന്നും സോറസ് വിശ്വസിച്ചു. ഈ വിശ്വാസത്തിന് ഒരു മറുവശമുണ്ട്. എപ്പോഴും തെറ്റാവുന്ന ആശയങ്ങളാണ് മനുഷ്യനെ സ്വാധീനിക്കുന്നത് എന്നാണെങ്കില്‍ തെറ്റായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് തെറ്റല്ല എന്നും സിദ്ധിക്കുന്നു. അതായത്, ബോധപൂര്‍വ്വം ഒരാള്‍ തെറ്റായ ആശയങ്ങളും വിശ്വാസങ്ങളും പ്രചരിപ്പിച്ചാല്‍ അതും ശരിയാണെന്നു സമ്മതിക്കേണ്ടി വരും. കാരണം, ഈ വിശ്വാസമനുസരിച്ച് ശരിതെറ്റുകള്‍ തരംതിരിക്കാനാകില്ല. കുറേ കാലത്തേക്ക് അഭികാമ്യമായ ഫലം ആ അറിവ് പ്രദാനം ചെയ്താല്‍ അത്രയും നന്ന് എന്നു മാത്രം. ഈ സിദ്ധാന്തത്തിലും സോറസ് വിശ്വസിച്ചു എന്നാണ് അദ്ദേഹത്തിന്റെ ജീവിതം തെളിയിച്ചത്.
ഫിലോസഫി പ്രൊഫസറാകണം എന്ന മോഹം മനസ്സില്‍ സൂക്ഷിച്ചുകൊണ്ടാണ് സോറസ് പണമിടപാട് വ്യവസായത്തില്‍ ഇറങ്ങിയത്. പല ധനകാര്യ സ്ഥാപനങ്ങളില്‍ പണിയെടുത്ത അനുഭവസമ്പത്തുമായി 1966 ല്‍ ഡബിള്‍ ഈഗിള്‍ എന്ന പേരില്‍ ബഹുജന ധനനിക്ഷേപ സ്ഥാപനം തുടങ്ങി. നാട്ടുകാര്‍ പണം നിക്ഷേപിക്കും. അവര്‍ക്ക് ഒരു നിശ്ചിത തുക ലാഭമായി നല്‍കും. ഈ മൂലധനം ഉപയോഗിച്ച് പണവ്യവസായം നടത്തും. മൂന്നു വര്‍ഷം കൊണ്ട് 4 മില്യണ്‍ ഡോളര്‍ ആ സ്ഥാപനത്തില്‍ ആളുകള്‍ നിക്ഷേപിച്ചു. 1970 ല്‍ സോറസ് ഫണ്ട് എന്ന കമ്പനി രൂപീകരിച്ച് അദ്ദേഹം അതിന്റെ ചെയര്‍മാനായി. പിന്നീട് അതിന്റെ പേര് ക്വാണ്ടം ഫണ്ട് എന്നാക്കി മാറ്റി. പോപ്പറിന്റെ ഫിലോസഫിയില്‍ നിന്നും വീര്യം ഉള്‍ക്കൊണ്ട സോറസ് പണവിനിമയ രംഗത്ത് ഒരു പുതുസിദ്ധാന്തം അവതരിപ്പിച്ചു. അതാകട്ടെ മൊത്തം ഓഹരി വിപണിയെ സ്വാധീനിക്കുന്ന സിദ്ധാന്തവുമാണ്. വിപണിയെ സ്വാധീനിക്കുന്നത് വസ്തുനിഷ്ഠമായ വസ്തുതകളല്ല. ആ വസ്തുതകളെ കുറിച്ചുള്ള നിക്ഷേപകന്റെ ആത്മനിഷ്ഠമായ കാഴ്ചപ്പാടുകളാണ്. ഈ കാഴ്ചപ്പാടുകള്‍ വ്യക്തികള്‍ക്ക് അനുസരിച്ച് കാലാകാലങ്ങളില്‍ മാറുകയും ചെയ്യും. ഇങ്ങനെയുള്ള നിക്ഷേപകന്റെ കാഴ്ചപ്പാടുകള്‍ സാമ്പത്തിക ക്രയവിക്രയ സംവിധാനത്തെ സ്വാധീനിക്കും. ഇങ്ങനെ സ്വാധീനിക്കപ്പെട്ട സംവിധാനം തിരിച്ച് നിക്ഷേപകനേയും സ്വാധീനിക്കും. അതോടെ വിപണിക്ക് ഉണ്ട് എന്നു കരുതപ്പെട്ടിരുന്ന സന്തുലിതാവസ്ഥ തകരും. അതോടെ വിപണിയെ കുറിച്ചു യുക്തിപൂര്‍വ്വമായ നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാതെയാകും. അത്തരം ഒരു അവസ്ഥ വിപണിയില്‍ അവ്യവസ്ഥ ഉണ്ടാക്കും. ഈ സിദ്ധാന്തത്തിന് തിയറി ഓഫ് റിഫ്‌ലെക്‌സിവിറ്റി എന്നാണ് അദ്ദേഹം നല്‍കിയ പേര്.
ശാസ്ത്രത്തിലെ കണ്ടുപിടുത്തങ്ങള്‍ക്ക് യുക്തിസഹമായ സിദ്ധാന്തങ്ങളുടെ പിന്‍ബലമില്ല എന്ന് പോപ്പര്‍ പറഞ്ഞപ്പോള്‍ അതേകാര്യം തന്നെ ശിഷ്യന്‍ വിപണിയില്‍ പ്രയോഗിച്ചു ഗുരുത്വം തെളിയിച്ചു. മൂലധന നിക്ഷേപകരെ ആശ്രയിച്ചുകൊണ്ട് മുതലാളിത്ത വ്യവസ്ഥയുടെ ഗുണം അനുഭവിക്കുന്ന സോറസ് ആഗോള മുതലാളിത്തത്തെ എതിര്‍ക്കുകയും ചെയ്യുന്നു. അസ്ഥിരതയിലും അവ്യവസ്ഥയിലും വിശ്വസിക്കുന്നതുകൊണ്ട് ഈ വൈരുദ്ധ്യം സോറസ് കാണുന്നുമില്ല. പോള്‍ ക്രൂഗ്‌മെന്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക ശാസ്ത്രജ്ഞര്‍ സോറസിനെ അതിരൂക്ഷമായി വിമര്‍ശിക്കുന്നുമുണ്ട്.
ഈ സിദ്ധാന്തങ്ങളെല്ലാം സാമ്പത്തിക സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ പ്രയോഗിച്ചുകൊണ്ടാണ് സോറസ് ധനികനായി മാറിയത്. നിക്ഷേപകരുടെ കാഴ്ചപ്പാട് മാറ്റാന്‍ കഴിയുന്ന പ്രചാരണമാണ് സോറസ് ആദ്യം നടത്തുക. നിലനില്‍ക്കുന്ന സാമ്പത്തിക വസ്തുതകളെ മറ്റൊരു കാഴ്ചപ്പാടിലൂടെ അവതരിപ്പിച്ച് നിക്ഷേപകരുടെ വിശ്വാസം തകര്‍ക്കും. അതോടെ നിക്ഷേപകരുടെ മനസ്സില്‍ ആശയപരമായ അവ്യക്തതയും അവ്യവസ്ഥയും വളരും. ഈ അവസ്ഥ വിപണിയുടെ അല്ലെങ്കില്‍ ധനകാര്യ സ്ഥാപനത്തിന്റെ തകര്‍ച്ചയ്ക്ക് ഇടവരുത്തും. ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ ഒറ്റ രാത്രി കൊണ്ടു തകര്‍ത്ത് സോറസ് നേടിയത് ഒരു മില്യണ്‍ അമേരിക്കന്‍ ഡോളറാണ്. ഈ സിദ്ധാന്തത്തിന്റെ പ്രയോഗത്തിലൂടെയാണ് സോറസ് ധനകാര്യ സ്ഥാപനങ്ങളെ തളര്‍ത്തിയതും വളര്‍ത്തിയതും. വളരലും തളരലും സോറസിന് ലാഭകരമായിരുന്നു.
ഇതേ സിദ്ധാന്തം തന്നെയാണ് സാമൂഹിക രാഷ്ട്രീയ രംഗത്തും സോറസ് പ്രയോഗിച്ചത്. ഏത് രാജ്യത്ത് ഏതു തരത്തിലുള്ള രാഷ്ട്രീയ സാമൂഹിക സാമ്പത്തിക അസ്ഥിരതകള്‍ ഉണ്ടാക്കിയാലും സോറസിന് അതിന്റെ പേരില്‍ സാമ്പത്തിക നേട്ടം ഉണ്ടാകും. ഏതെങ്കിലും ഒരു രാജ്യത്ത് രാഷ്ട്രീയ അസ്ഥിരത ഉണ്ടാക്കാന്‍ സോറസ് തീരുമാനിച്ചാല്‍ ആ തീരുമാനം നടപ്പാക്കുന്ന രീതി ശ്രദ്ധേയമാണ്. ആ രാജ്യത്തും വിദേശങ്ങളിലുമുള്ള ബുദ്ധിജീവികള്‍, മാധ്യമ പ്രവര്‍ത്തകര്‍, പൗരാവകാശ പ്രവര്‍ത്തകര്‍, മനുഷ്യാവകാശ സംഘടനകള്‍, അക്കാദമിക വിദഗ്ദ്ധര്‍, കലാകാരന്മാര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ മുതലായവരെ കൊണ്ട് നിരന്തരം ചോദ്യങ്ങള്‍ ചോദിപ്പിക്കും. ചോദ്യങ്ങള്‍ ചോദിക്കുന്നതിന് അവര്‍ക്കെല്ലാം കൃത്യമായി പണം നല്‍കാനും സോറസ് ശ്രദ്ധിക്കും. സ്വദേശത്തും വിദേശത്തും ഉള്ള എന്‍ജിഒകളാണ് പണം എത്തിക്കുന്നതും വിതരണം ചെയ്യുന്നതും. ഇവര്‍ ചോദിക്കുന്ന വൈകാരിക സംഭവങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ജനങ്ങളെ കൊണ്ട് ഉത്തരം പറയിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ജനങ്ങള്‍ പറയുന്ന ഉത്തരങ്ങള്‍ വൈകാരിക സ്വഭാവമുള്ളതും അവ്യക്തവുമായിരിക്കും. ഈ ചോദ്യങ്ങള്‍ക്കുള്ള വസ്തുനിഷ്ഠമായ ഉത്തരങ്ങള്‍ അവഗണിക്കുകയും ചെയ്യും.
അടുത്തപടി പ്രക്ഷോഭമാണ്. കര്‍ഷകര്‍, സ്ത്രീകള്‍, വിദ്യാര്‍ത്ഥികള്‍, അഴിമതിവിരുദ്ധ സമരക്കാര്‍, മതവിശ്വാസികള്‍ എന്നിവരെയാകും സമരത്തിന് അണിനിരത്തുക. സമരം ചിലപ്പോള്‍ കുറെക്കാലം, നീണ്ടുനിന്നു എന്നു വരാം. സമരത്തിന്റെ മുഴുവന്‍ ചെലവും സോറസ് തന്നെ വഹിക്കും. സമരം അനിശ്ചിതമായി നീളുന്നതിനിടയില്‍ സമരം അക്രമാസക്തമാകും. ലാത്തിച്ചാര്‍ജും വെടിവെപ്പും നടക്കും. ജീവനാശം സംഭവിക്കും. ക്രമസമാധാന തകര്‍ച്ച ഉണ്ടാകും. അതിനെ തുടര്‍ന്ന് ഭരണമാറ്റം. ഈയിടെ ബംഗ്ലാദേശില്‍ ഉണ്ടായ സമരവും അട്ടിമറിയും സോറസ് മോഡല്‍ സമരത്തിന്റെ നല്ല മാതൃകയാണ്. സോറസിന്റെ ചങ്ങാതിയായ മുഹമ്മദ് യൂനിസ് ആണ് അവിടെ പ്രധാനമന്ത്രിയായത്.
അടുത്തകാലത്തായി ഭാരതത്തില്‍ രാഹുല്‍ഗാന്ധിയും ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. കര്‍ഷകര്‍ ദില്ലിയില്‍ സമരം നടത്തിക്കൊണ്ടിരുന്നു. ജാതി സെന്‍സസ് വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. മണിപ്പൂര്‍ കലാപത്തെ മതവൈര്യം പടര്‍ത്തി ആളിക്കത്തിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇതിലൊന്നും സോറസിന്റെ എന്‍ജിഒകള്‍ക്ക് പങ്കില്ല എന്നു നമുക്ക് വിശ്വസിക്കാം!
കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും സോവിയറ്റ് യൂണിയനിലും കമ്മ്യൂണിസ്റ്റ് ഭരണം അവസാനിപ്പിക്കാന്‍ വേണ്ടി സോറസ് പണമൊഴുക്കി. പോളണ്ടിലെ സോളിഡാരിറ്റിയെ സംരക്ഷിച്ചതും ജോര്‍ജിയയെ തകര്‍ക്കാനുള്ള സമരത്തിന് പണം മുടക്കിയതും സോറസ് ആണ്. 2011 ല്‍ 59 ദിവസം നീണ്ടു നിന്ന വാള്‍ സ്ട്രീറ്റ് പ്രക്ഷോഭത്തിന് പണം ഒഴുക്കിയതും സോറസ് തന്നെ. സമരം നയിച്ചത് അമേരിക്കയിലെ ഇടതുപക്ഷമാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോടുള്ള വിരോധമാണ് സോറസിനെ അതിന് പ്രേരിപ്പിച്ചത്. സോറസ് കറതീര്‍ന്ന ഡെമോക്രാറ്റിക് കക്ഷിക്കാരനാണ്. അവര്‍ക്ക് വേണ്ടി സഹസ്രകോടികളാണ് സോറസ് ചെലവഴിക്കുന്നത്. ഇപ്പോള്‍ ട്രംപിന് എതിരെയുള്ള പടയൊരുക്കത്തിലാണ് സോറസ്.
ജൂതനാണെങ്കിലും സോറസ് ജൂതന്മാര്‍ക്ക് വേണ്ടി കാര്യമായി ഒന്നും ചെയ്യില്ല. ജൂതന്മാര്‍ക്ക് ഒരു രാജ്യം വേണമെന്ന ആവശ്യം ന്യായമാണെന്നു സമ്മതിക്കുന്ന സോറസ് താന്‍ അതിനു വേണ്ടി ഒന്നും ചെയ്യില്ല എന്നും ഒരു പ്രസംഗത്തില്‍ പറഞ്ഞു. ജന്മനാടായ ഹംഗറിയെ നശിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഹംഗറി സര്‍ക്കാര്‍ സോറസിനെ രാജ്യശത്രുവായി പ്രഖ്യാപിച്ചു. സോറസിന്റെ എന്‍ജിഒകളുടെ പ്രവര്‍ത്തനത്തെ റഷ്യയും തുര്‍ക്കിയും നിരോധിച്ചു. ഫ്രഞ്ച് കോടതി സോറസിനെ രാജ്യദ്രോഹം നടത്തിയതിന് ശിക്ഷിച്ചു. നികുതി വെട്ടിപ്പും ക്രമരഹിതമായ പണമിടപാടുകളും നടത്തിയതിന്റെ പേരില്‍ ബലേറസില്‍ സോറസിന്റെ എന്‍ജിഒകള്‍ മൂന്ന് മില്യണ്‍ ഡോളര്‍ പിഴയൊടുക്കി. അതോടെ അവിടത്തെ പ്രവര്‍ത്തനം സോറസ് അവസാനിപ്പിച്ചു. ഹംഗേറിയന്‍ സര്‍ക്കാര്‍ രാജ്യദ്രോഹം നടത്തിയതിന്റെ പേരില്‍ സെന്‍ട്രല്‍ യൂറോപ്യന്‍ സര്‍വ്വകലാശാലയുടെ ലൈസന്‍സ് റദ്ദു ചെയ്തു. യുഎസ്എ ഐഡിയില്‍ നിന്നും അഞ്ച് മില്യണ്‍ ഡോളര്‍ അടിച്ചുമാറ്റിയതിന്റെ പേരില്‍ സോറസ് നിയമനടപടികള്‍ നേരിട്ടു കൊണ്ടിരിക്കുന്നു.
നിയമവ്യവസ്ഥയുടെ വിശ്വാസ്യത തകര്‍ക്കുക എന്നതും സോറസിന്റെ പ്രവര്‍ത്തനപരിധിയില്‍ വരും. തുറന്ന സമൂഹം, ലിബറല്‍ ഡിമോക്രസി, രാഷ്ട്ര വ്യവഹാരത്തിലെ സുതാര്യത എന്നിവയെല്ലാം സ്ഥാപിക്കലാണ് തന്റെ ജന്മദൗത്യം എന്നാണ് സോറസ് പരസ്യമായി അവകാശപ്പെടുന്നത്. എന്നാല്‍, അദ്ദേഹം ഉറച്ച ഭരണത്തേയും സ്വതന്ത്രമായ ജനാധിപത്യ സമ്പ്രദായത്തേയും ഭയപ്പെടുന്നു എന്നതാണ് വസ്തുത. സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന ക്രമങ്ങളെ ലിബറല്‍ സമീപനത്തിന്റെ പേരില്‍ തകര്‍ക്കുന്ന സോറസ് സ്വയം നിയന്ത്രിതമായ വിപണിവ്യവസ്ഥ സൃഷ്ടിക്കുന്നുമില്ല. ഈ അവസ്ഥ വിപണയില്‍ കയ്യൂക്കുള്ളവനെ കാര്യക്കാരനാക്കുന്നു. ആ കയ്യൂക്ക് കൊണ്ടുതന്നെയാണ് ലോകത്തിലെ അതിസമ്പന്നരില്‍ ഒരാളായി സോറസ് മാറിയത്.
സോറസിന്റെ അടിസ്ഥാനപരമായ പ്രശ്‌നം വസ്തുതകളുടെ നിജസ്ഥിതിയില്‍ അദ്ദേഹത്തിന് വിശ്വാസമില്ല എന്നതാണ്. യഥാര്‍ത്ഥ വസ്തുതകളല്ല വസ്തുതകളെ കുറിച്ച്, അത് കാണുന്നവര്‍ക്കുള്ള, കാഴ്ചപ്പാടാണ് വസ്തുതകളായി വരുന്നത് എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. അതായത്, സത്യം എന്നത് കാണുന്നവന്റെ മനോനിര്‍മ്മിതിയായിത്തീരുന്നു എന്നു സാരം. അതായത്, സത്യം എന്നാല്‍ ഓരോരുത്തരും സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ചു നിര്‍മ്മിക്കുന്ന ആഖ്യാനങ്ങളാണെന്നു ധ്വനി. യഥാര്‍ത്ഥത്തിലുള്ള വസ്തുതകളില്‍ കാണിയുടെ മനോനിര്‍മ്മിതികള്‍ കൂടി ചേര്‍ന്നുവരുമ്പോള്‍ സത്യം ഓരോരുത്തരുടേയും നിര്‍മ്മിതികളായി മാറും. ഈ സിദ്ധാന്തത്തിന്റെ പ്രയോഗമാണ് വാര്‍ത്തകളായി വസ്തുതകള്‍ക്ക് പകരം വസ്തുതകളെ കുറിച്ചുള്ള ആഖ്യാനങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നതിനു കാരണം.
സോറസിന്റെ എന്‍ജിഒകളും അവിടത്തെ ജീവനക്കാരും എന്നും അവര്‍ ആഗ്രഹിക്കുന്ന ആഖ്യാനങ്ങളെ വാര്‍ത്തകളാക്കി പ്രചരിപ്പിക്കും. മണിപ്പൂര്‍ കലാപം തന്നെ ഉദാഹരണം. അവിടെ രണ്ടു ഗോത്രങ്ങള്‍ തമ്മിലുള്ള കലഹമാണ് നടക്കുന്നത് എന്ന വസ്തുതയ്ക്ക് പകരം ഹിന്ദു-ക്രിസ്ത്യന്‍ സംഘര്‍ഷം ആണ് നടക്കുന്നത് എന്ന ആഖ്യാനമാണ് അവര്‍ പ്രചരിപ്പിച്ചത്. ബംഗ്ലാദേശിന്റെ കാര്യത്തിലാകട്ടെ അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സര്‍ക്കാരിനെ ഏകാധിപത്യ ഭരണകൂടം എന്നാണ് അവര്‍ വിശേഷിപ്പിച്ചത്. ആ പ്രചാരണം അവിടെ ഫലിക്കുകയും ചെയ്തു. നാലു പ്രാവശ്യം ജനവിധി നേടിയ ഒരു ജനനേതാവിനേക്കാള്‍ സ്വീകാര്യത ഒരിക്കല്‍ പോലും ജനസമ്മതി ലഭിക്കാത്ത യൂനിസിന് ലഭിക്കുകയും ചെയ്തു. സത്യത്തെ മൂടിവെച്ചു കൊണ്ട് അസത്യം പ്രചരിപ്പിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ജയം നേടുകയും ചെയ്യുന്ന രീതിയാണ് സോറസും സംഘവും സ്വീകരിക്കുന്നത്.
ഇപ്പോള്‍ സോറസ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് മയക്കുമരുന്ന് കേസുകളില്‍ പിടിക്കപ്പെടുന്ന പ്രതികള്‍ക്ക് വേണ്ടിയാണ്. അതിനായി ക്രിമിനല്‍ ജസ്റ്റിസ് സിസ്റ്റം എന്ന സംഘടനയും ഉണ്ടാക്കി. പൗരന്റെ ജീവിതത്തില്‍ ക്രിമിനല്‍ നിയമങ്ങള്‍ ഇടപെടുമ്പോള്‍ പൗരനു വേണ്ടി പോരാടുക എന്നതാണ് സംഘടനയുടെ ലക്ഷ്യം. അവരുടെ പ്രധാന ആവശ്യങ്ങള്‍ ഇവയാണ്. ഒന്ന്. രാജ്യദ്രോഹം പോലെയുള്ള കുറ്റങ്ങള്‍ എടുത്തുകളയുക. രണ്ട്. ജാമ്യ നിയമം ഉദാരമാക്കി കുറ്റകൃത്യത്തിന്റെ സ്വഭാവം നോക്കാതെ അറസ്റ്റ് ചെയ്യപ്പെടുന്ന എല്ലാവര്‍ക്കും ജാമ്യം നല്‍കുക. മൂന്ന്. മയക്കുമരുന്നു സമ്പാദിക്കല്‍, സംഭരിക്കല്‍, ഉപയോഗിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും ലിബറല്‍ ആക്കണം. ഈ ലക്ഷ്യം നേടുന്നതിനു വേണ്ടി ജഡ്ജിമാര്‍, അഭിഭാഷകര്‍, നിയമനിര്‍മ്മാതാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കെല്ലാം ബോധവല്‍ക്കരണ പരിപാടികള്‍ നടത്തണം. അതിനുവേണ്ടി ഒരു മില്യണ്‍ ഡോളര്‍ ഇതിനകം ചെലവാക്കി കഴിഞ്ഞു എന്നും സോറസ് അവകാശപ്പെടുന്നു.
അമേരിക്കയിലാണ് ഈ പ്രവര്‍ത്തനങ്ങളുടെ തുടക്കം. അവിടത്തെ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി തിരഞ്ഞെടുപ്പില്‍ ഇടപെടുകയും ഈ ആശയങ്ങളോട് യോജിപ്പുള്ള കുറെ പേരെ ജയിപ്പിക്കാന്‍ കഴിയുകയും ചെയ്തതായും ക്രിമിനല്‍ ജസ്റ്റിസ് സിസ്റ്റം അവകാശപ്പെടുന്നു. മരിക്കാനുള്ള അവകാശത്തിനു വേണ്ടിയും അവര്‍ പടപൊരുതുന്നു. മനുഷ്യന് ജീവിക്കാന്‍ അവകാശമുണ്ടെങ്കില്‍ മരിക്കാനും അവകാശമുണ്ട് എന്നാണ് അവര്‍ വാദിക്കുന്നത്. തന്റെ അമ്മ, വാര്‍ദ്ധക്യത്തില്‍ യാതന അനുഭവിച്ചുകൊണ്ടിരിക്കെ, ആത്മഹത്യ ചെയ്യാന്‍ അമ്മയെ സഹായിക്കാമെന്നു താന്‍ പറഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടിട്ടുണ്ട്. ഏതായാലും സോറസിന്റെ അമ്മ ആത്മഹത്യ ചെയ്തില്ല എന്നാണറിയുന്നത്. സോറസ് 93 വയസ്സു കഴിഞ്ഞ വൃദ്ധനാണ്. അദ്ദേഹം ആത്മഹത്യയെ കുറിച്ച് ആലോചിക്കുന്നുണ്ടോ എന്നറിയില്ല. ആത്മഹത്യയില്‍ തന്നെ സഹായിക്കാനുള്ള അനുവാദം തന്റെ മൂന്നാം ഭാര്യയായ ടാമിക്കോ ബോള്‍ട്ടനു നല്‍കുമോ എന്നുമറിയില്ല.
സോറസ് ഏറ്റവും അപകടകാരിയായ മനുഷ്യനാണ്. കാരണം അദ്ദേഹത്തിന് സത്യത്തിലും നന്മയിലും നീതിയിലും വിശ്വാസമില്ല. പ്രപഞ്ചത്തിനും മനുഷ്യജീവിതത്തിനും ഒരു ക്രമമുണ്ടെന്നും വിശ്വസിക്കുന്നില്ല. പ്രപഞ്ചത്തിനും ജീവിതത്തിനും ആധാരമില്ല എന്നും അദ്ദേഹം കരുതുന്നു. നേര് നുണയാകുമെന്നും നുണ നേരാകുമെന്നും അദ്ദേഹം കരുതുന്നു. ജീവിതത്തെ ലാഭനഷ്ടക്കണക്കില്‍ വിലയിരുത്തുന്ന ഈ മനുഷ്യന്‍ സ്വന്തം ലാഭത്തില്‍ മാത്രം വിശ്വസിച്ചു ജീവിക്കുന്നു. അദ്ദേഹത്തിനുവേണ്ടി കൂലിപ്പണി എടുക്കുന്ന മാധ്യമപ്രവര്‍ത്തകര്‍, എഴുത്തുകാര്‍, കലാകാരന്മാര്‍, അക്കാദമിക വിദഗ്ദ്ധര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവരെല്ലാം അറിഞ്ഞും അറിയാതെയും ഇതിനെല്ലാം കൂട്ടുനില്‍ക്കുന്നു.