ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീന, ശിഷ്ട ജീവിതകാലത്തൊരിക്കലും മറക്കാന്‍ സാധ്യതയില്ല, സ്വന്തം ജീവന്റെ വിലയുള്ള ആ 45 മിനിറ്റുകള്‍!
2009 മുതല്‍ തുടര്‍ച്ചയായി 15 വര്‍ഷങ്ങളായി താന്‍ ഭരിച്ചിരുന്ന രാജ്യത്തു നിന്ന് ജീവനുമായി രക്ഷപ്പെടാന്‍ ബംഗ്ലാദേശ് എന്ന രാജ്യത്തിന്റെ തന്നെ സ്ഥാപകനായ മുജീബുര്‍ റഹ്മാന്റെ മകള്‍ക്ക് ലഭിച്ചത് ഒരു മണിക്കൂറില്‍ താഴെ സമയം മാത്രം. സെന്‍ട്രല്‍ ധാക്കയില്‍ സ്ഥിതിചെയ്യുന്ന പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഗണഭവനില്‍ നിന്ന് ഷെയ്ഖ് ഹസീനയും അവരുടെ സഹോദരി ഷെയ്ഖ് റഹാനയും ഒരു പോലീസ് വാഹനത്തില്‍ രക്ഷപ്പെട്ടത് അക്ഷരാര്‍ത്ഥത്തില്‍ ഉടുതുണിക്ക് മറുതുണിയില്ലാതെയാണ്. എങ്കിലും ഷെയ്ഖ് ഹസീനയ്ക്ക് ഈശ്വരനോട് നന്ദി പറയാം. കാരണം ചരിത്രമെടുത്താല്‍ ലോകത്തിലെ ഇസ്ലാമിക രാജ്യങ്ങളില്‍ പ്രക്ഷോഭത്തിലൂടെ നടത്തുന്ന ഭരണമാറ്റം അവസാനിച്ചിട്ടുള്ളത് അതുവരെ ഭരണാധികാരിയായിരുന്ന വ്യക്തിയുടെ കൊലപാതകത്തിലാണ്. ലിബിയയും അഫ്ഗാനിസ്ഥാനുമൊക്കെ സമീപകാല ഉദാഹരണങ്ങള്‍ മാത്രം. ധാക്കയിലെ പ്രക്ഷോഭകാരികള്‍ ഷെയ്ഖ് ഹസീനയ്ക്ക് വേണ്ടി കരുതിവെച്ചതും മരണശിക്ഷ തന്നെയായിരുന്നു. പക്ഷെ ഇത്രയും കാലം താന്‍ നിയന്ത്രിച്ചിരുന്ന ബംഗ്ലാദേശ് പട്ടാളം ഹസീനയെ ആ വിധിയില്‍ നിന്ന് രക്ഷിക്കാന്‍ തയ്യാറാകാതിരുന്ന അവസ്ഥയില്‍, അവരെ മരണത്തിന്റെ വായില്‍ നിന്ന് വലിച്ചെടുത്ത് സുരക്ഷിതമായ താവളത്തില്‍ എത്തിക്കാന്‍ ഇന്ത്യന്‍ സുരക്ഷാ സംവിധാനങ്ങള്‍ തന്നെ വേണ്ടിവന്നു.
ഒരു ഫോണ്‍ കോളും 45 മിനുട്ടും
വിശദാംശങ്ങള്‍ ഇനി പുറത്തുവരാനുണ്ടെങ്കിലും ഒരു കാര്യം അസന്നിഗ്ധമായി പറയാന്‍ സാധിക്കുന്നത് ഭാരതത്തിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ സമയോചിതമായ ഇടപെടലും നിര്‍ദ്ദേശങ്ങളും ഇല്ലായിരുന്നെങ്കില്‍ ഗദ്ദാഫിക്കും നജീബുള്ളയ്ക്കും ഉണ്ടായ ആള്‍ക്കൂട്ടത്തിന്റെ ശിക്ഷാവിധി ധാക്കയിലും നടപ്പാകുമായിരുന്നു എന്ന് തന്നെയാണ്.
ആഗസ്റ്റ് 5ന് പ്രക്ഷോഭകര്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇരച്ചു കയറാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഷെയ്ഖ് ഹസീനയ്ക്ക് ദിവസങ്ങള്‍ക്ക് മുമ്പ് ലഭിച്ചെങ്കിലും അവര്‍ അത് ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ല. ആഗസ്റ്റ് നാലിന് താന്‍ രാജിവെക്കേണ്ടിവരുമെന്ന ബോധ്യം വന്നപ്പോഴും രാജ്യത്തെ അഭിസംബോധന ചെയ്ത ശേഷം സ്ഥാനമൊഴിയാമെന്നും എങ്കിലും താന്‍ രാജ്യം വിടില്ലെന്ന നിലപാടിലുമായിരുന്നു പ്രധാനമന്ത്രി. എന്നാല്‍ പിറ്റേന്ന് കാര്യങ്ങള്‍ കൈവിട്ടുപോയി. രാവിലെ 9 മണിയോടെ പ്രക്ഷോഭകര്‍ ഗണഭവന്‍ വളയാന്‍ തുടങ്ങി. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പ്രക്ഷോഭകരെ നേരിടാന്‍ ബംഗ്ലാദേശ് പട്ടാളം തയ്യാറല്ലെന്ന വിവരം ഹസീനയ്ക്ക് ലഭിക്കുന്നത്. ധാക്കയില്‍ നിന്ന് ദല്‍ഹിയിലേക്ക് പോയ ഒരു SOS ടെലിഫോണ്‍ കോള്‍ ആണ് കാര്യങ്ങള്‍ ദ്രുതഗതിയില്‍ ആക്കിയത്. രക്ഷപ്പെടാനുള്ള വഴിയൊരുക്കല്‍ ആയിരുന്നു പിന്നീട്. ഭാരതത്തില്‍ അഭയം തേടുക എന്നതാണ് പ്രാഥമിക ലക്ഷ്യം എന്ന കാര്യത്തില്‍ ഷെയ്ഖ് ഹസീനയ്ക്കും സഹായികള്‍ക്കും സംശയമൊന്നുമില്ലായിരുന്നു. ഹസീനക്ക് എന്ത് സംഭവിച്ചാലും തങ്ങള്‍ ഇതില്‍ ഇടപെടില്ലെന്ന നിലപാട് സൈന്യം എടുത്ത ആ നിര്‍ണായകഘട്ടത്തില്‍, ഭാരതത്തില്‍ നിന്ന് ബംഗ്ലാദേശ് പട്ടാള മേധാവിക്ക് പോയ ഒരു ഹോട്ട് ലൈന്‍ കോളാണ് ഹസീനയെ രക്ഷിച്ചത് എന്നാണ് ഇപ്പോള്‍ അറിയുന്നത്. പ്രധാനമന്ത്രിയെ പ്രക്ഷോഭകാരികളുടെ നടുവിലേക്ക് എറിഞ്ഞുകൊടുത്ത് മാറി നിന്നാല്‍ പ്രത്യാഘാതം അതീവ ഗുരുതരമായിരിക്കും എന്ന് ജനറല്‍ വാഖിര്‍ ഉസ്സമാനെ ബോധ്യമാക്കിയ ഒരു ടെലഫോണ്‍ കോള്‍. പിന്നീട് കാര്യങ്ങള്‍ അതിവേഗത്തില്‍ നടന്നു. നാല് ഭാഗത്ത് കൂടി വരുന്ന പ്രക്ഷോഭകരില്‍ നിന്ന് ഷെയ്ഖ് ഹസീനയും കൂട്ടരും കാറില്‍ തേജ് ഗാവ് ഹെലികോപ്റ്റര്‍ പാഡിലേക്ക്. അവിടെനിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം കരീംടോല എയര്‍ഫോഴ്‌സ് താവളത്തിലേക്ക്. അവിടെ കാത്തുനിന്ന ബംഗ്ലാദേശ് എയര്‍ഫോഴ്‌സിന്റെ ഇ130ഖ വിമാനത്തില്‍ ഷെയ്ഖ് ഹസീന കയറുമ്പോഴേക്കും മൈലുകള്‍ അകലെ അവരുടെ ഔദ്യോഗിക വസതി കൊള്ളയടിക്കുന്ന തിരക്കിലായിരുന്നു സമരക്കാര്‍! ഭാരതത്തിലെ ഹിന്‍ണ്ടന്‍ വ്യോമസേനാ താവളത്തിലേക്കുള്ള യാത്രയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ രണ്ട് റാഫേല്‍ വിമാനങ്ങള്‍ ബംഗ്ലാദേശ് വിഐപി സംഘത്തിന്റെ സുരക്ഷക്കായി കൂടെ പറന്നു.
രാജ്യത്ത് ഉരുത്തിരിയുന്ന ഗുരുതരാവസ്ഥ ഒരുപക്ഷേ ഷെയ്ഖ് ഹസീന ഒഴിച്ച് മറ്റെല്ലാവര്‍ക്കും മാസങ്ങളായി അറിയാമായിരുന്നു എന്നുവേണം കരുതാന്‍. എങ്കിലും മാസങ്ങള്‍ക്ക് മുന്‍പ് നടത്തിയ ഒരു പത്രസമ്മേളനത്തില്‍ അമേരിക്കന്‍ ഭരണകൂടം തന്നെ ലക്ഷ്യം വെച്ചിരിക്കുന്ന കാര്യം പ്രധാനമന്ത്രി ഹസീന തന്നെ പറഞ്ഞിരുന്നു. ബംഗാള്‍ ഉള്‍ക്കടലിലെ സെയ്ന്റ് മാര്‍ട്ടിന്‍ ദ്വീപ് തങ്ങള്‍ക്ക് വേണമെന്ന ആവശ്യം അമേരിക്ക ഉന്നയിച്ചെന്ന് പറഞ്ഞ ഹസീന, ബംഗ്ലാദേശിന്റെയും മ്യാന്‍മാറിന്റെയും ഭാരതത്തിലെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെയും ചില ഭൂവിഭാഗങ്ങള്‍ ചേര്‍ത്ത് ഒരു ക്രിസ്ത്യന്‍ രാജ്യം ഉണ്ടാക്കാന്‍ അമേരിക്കന്‍ ഭരണകൂടം ശ്രമിക്കുന്നതായും ഗുരുതരമായ ആരോപണം ഉന്നയിച്ചു. എന്നാല്‍ അപ്പോഴേക്കും അമേരിക്കന്‍ ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന സിഐഎയും അവരുടെ പിണിയാളുകളും ചേര്‍ന്ന് രൂപംകൊടുത്ത ഹസീന വിരുദ്ധ വിപ്ലവം അതിന്റെ ആദ്യഘട്ടം പിന്നിട്ടിരുന്നു. അമേരിക്കന്‍ ചാര സംഘടനയായ സിഐഎയെ സംബന്ധിച്ചിടത്തോളം വലിയ ആയാസമില്ലാതെ നടപ്പാക്കാന്‍ സാധിച്ച ഒരു പദ്ധതി കൂടിയായിരുന്നു ഇത്. ഇസ്ലാമിക തീവ്ര പക്ഷത്തിനും ചൈനയ്ക്കും ഹസീന സ്ഥാനഭ്രഷ്ടയാകുന്നതില്‍ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ.
ഒരു ഭരണാധികാരി എന്ന നിലയില്‍ ഷെയ്ഖ് ഹസീനയ്ക്ക് ന്യൂനതകള്‍ ഏറെയുണ്ടായിരുന്നു. എങ്കിലും അവര്‍ ഒരു ദേശീയവാദിയും രാഷ്ട്രസ്‌നേഹിയുമായിരുന്നു. ദീര്‍ഘകാലം പട്ടാളത്തെ രാഷ്ട്രീയത്തില്‍ നിന്നും അകറ്റിനിര്‍ത്താനും ബംഗ്ലാദേശിലേക്ക് ഇടിച്ചു കയറാന്‍ ശ്രമിക്കുന്ന അമേരിക്കയെയും ചൈനയേയും സമദൂരത്തില്‍ നിര്‍ത്താനും രാജ്യത്ത് ജനാധിപത്യമൂല്യങ്ങള്‍ നിലനിര്‍ത്താനും ന്യൂനപക്ഷങ്ങള്‍ക്ക് മറ്റൊരു ഇസ്ലാം ഭൂരിപക്ഷ രാഷ്ട്രത്തിലും ലഭ്യമല്ലാത്ത വിധം സുരക്ഷിതത്വം പ്രദാനം ചെയ്യാനും ഹസീനയ്ക്ക് സാധിച്ചിരുന്നു. എന്നുമാത്രമല്ല ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ സാമ്പത്തിക വളര്‍ച്ചയും അടിസ്ഥാന സൗകര്യ വികസനവും അവിടെ നടപ്പായി. എന്നാല്‍ അരാജകത്വത്തില്‍ നിന്നും അസ്ഥിരതയില്‍ നിന്നും വിളവെടുക്കാന്‍ കാത്തുനില്‍ക്കുന്ന അന്താരാഷ്ട്ര ലോബികള്‍ക്ക് ഒട്ടും സഹിക്കാന്‍ പറ്റുന്നതായിരുന്നില്ല ബംഗ്ലാദേശിന്റെ ഈ മാറ്റം. കാര്യങ്ങള്‍ അവതാളത്തിലാക്കാന്‍ ടൂള്‍ കിറ്റ് പ്രക്ഷോഭമായിരുന്നു അവര്‍ കണ്ടെത്തിയ മാര്‍ഗം. ഭാരതത്തില്‍ ഒന്നില്‍ കൂടുതല്‍ തവണ പരീക്ഷിച്ചു പരാജയപ്പെട്ടെങ്കിലും അത് ബംഗ്ലാദേശില്‍ വിജയിക്കുമെന്ന പ്രതീക്ഷ തെറ്റിയുമില്ല.
എന്താണ് ടൂള്‍ കിറ്റ് പ്രക്ഷോഭം?
ഒരു സിനിമയുടെ തിരക്കഥ പോലെ തുടക്കം മുതല്‍ ക്ലൈമാക്‌സ് വരെയുള്ള സീനുകള്‍ ഒന്നിന് പുറകെ ഒന്നായി തയ്യാറാക്കിയ ശേഷം നടപ്പിലാക്കുന്ന ഒന്നാണ് ടൂള്‍ കിറ്റ് പ്രക്ഷോഭങ്ങള്‍. ആദ്യം ന്യായമായ ഒരു ആവശ്യം സാവധാനം, സമാധാനപരമായി സമൂഹത്തില്‍ ചില വിഭാഗങ്ങള്‍ ഉന്നയിക്കുന്നു. അതിനായി സോഷ്യല്‍ മീഡിയ പ്രചരണം ശക്തമാക്കുന്നു. പതുക്കെ വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും മുന്നില്‍ നിര്‍ത്തി തെരുവിലേക്ക് സമരരംഗം മാറ്റുന്നു. അതൊരു പ്രത്യേക ഘട്ടത്തില്‍ എത്തുമ്പോള്‍ സമരത്തിന്റെ മൗലികമായ ആവശ്യത്തോട് ഭരണകൂടത്തിന് അനുകൂല നിലപാട് ആണെങ്കില്‍ പോലും സമരം രാജ്യത്തെ ഭരണാധികാരിക്കെതിരെ തിരിയുന്നു. ഏകാധിപതിയും ഭരണഘടനയോടും രാജ്യത്തോടും കൂറുപുലര്‍ത്താത്ത ആളാണ് എന്ന് ഭരണാധികാരി മുദ്ര കുത്തപ്പെടുന്നു. സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ അത് വ്യാപകമായി പ്രചരിക്കപ്പെടുന്നു. അതിനിടെ സമരത്തിന്റെ നേതൃത്വത്തില്‍ ചില പുതിയ മുഖങ്ങള്‍ ഉണ്ടാകുന്നു. അന്നേവരെ കേട്ടിട്ടില്ലാത്ത ചിലര്‍ നായകന്മാരായി അവതരിപ്പിക്കപ്പെടുന്നു അവര്‍ പ്രക്ഷോഭകരുടെ വക്താക്കളായി അന്തര്‍ദേശീയ മാധ്യമങ്ങളിലും തിളങ്ങുന്നു. അങ്ങനെ ചൂടുപിടിച്ചു വരുമ്പോള്‍ പ്രക്ഷോഭം ഒരു ദിനം അക്രമാസക്തമായി മാറുന്നു.
ബംഗ്ലാദേശില്‍ നടന്ന ഈ സംവരണ വിരുദ്ധ വിദ്യാര്‍ത്ഥി പ്രക്ഷോഭവും ഭാരതത്തില്‍ നടന്ന കര്‍ഷക സമരവും തമ്മിലുള്ള കോപ്പി ബുക്ക് സാമ്യം അവസാനിക്കുന്നത് ഈ ഘട്ടത്തിലാണ്. മോദിയും ഷെയ്ഖ് ഹസീനയും തമ്മിലുള്ള വ്യത്യാസവും പ്രകടമായ ഘട്ടം. യഥാര്‍ത്ഥത്തില്‍ ഭരണാധികാരികളെ വാരിക്കുഴിയില്‍ വീഴ്ത്താനുള്ള ശ്രമമാണ് ഈ അക്രമങ്ങള്‍. അക്രമത്തെ ഭരണകൂടം ശക്തമായി നേരിടുകയും അക്രമം അടിച്ചമര്‍ത്തുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ‘രക്തസാക്ഷികളാണ്’ സമരം കൂടുതല്‍ അക്രമസക്തമാക്കാനും ഭരണസംവിധാനത്തെ തന്നെ അവസാനം തകിടം മറിക്കാനുമുള്ള വെടിമരുന്നായി മാറുന്നത്. ഭാരതത്തില്‍ കര്‍ഷക സമരത്തിനിടെ ചുവപ്പ് കോട്ടയിലെ ദേശീയ പതാക മാറ്റി ഖലിസ്ഥാന്‍ കൊടി സ്ഥാപിച്ചതും പട്ടാളത്തിന്റെ പാറ്റേണ്‍ ടാങ്കുകളെ അനുസ്മരിപ്പിക്കുന്ന വിധം രൂപമാറ്റം വരുത്തിയ ട്രാക്ടറുകളുമായി വാളും തോക്കും ഏന്തിയ കര്‍ഷക സമരക്കാര്‍ ദല്‍ഹി തെരുവുകള്‍ കയ്യേറിയതും ഇത്തരം ഒരു ട്രാപ്പ് സൃഷ്ടിക്കലായിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച് സമരത്തിന്റെ ഫ്യൂസ് ഊരാന്‍ മോദിക്ക് സാധിച്ചു. പക്ഷെ അത്രയും ഭരണതന്ത്രജ്ഞത ഇല്ലാത്ത ഹസീനയാകട്ടെ ആ ചതിക്കുഴിയില്‍ വീഴുകയും ചെയ്തു. ഭരണകൂടം പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. നിരവധി യുവാക്കള്‍ കൊല്ലപ്പെട്ടു പിന്നീട് ബാക്കിയുള്ളത് സമകാലീന ചരിത്രം!
ഭാരതത്തില്‍ ഈ ടൂള്‍കിറ്റ് പ്രക്ഷോഭത്തിന്റെ യഥാര്‍ത്ഥ ടാര്‍ജറ്റ് പ്രധാനമന്ത്രി മോദി ആണെന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണ് കാര്‍ഷിക ഭേദഗതി പിന്‍വലിച്ചിട്ടും സമരം അവസാനിച്ചില്ല എന്നത്. അതുപോലെ ബംഗ്ലാദേശില്‍ സമരത്തിന് കാരണമായ സംവരണം പുനസ്ഥാപിച്ച വിധി സുപ്രീംകോടതി റദ്ദാക്കിയിട്ടും സമരം ഹസീനയെ പുറത്താക്കും വരെ നിന്നില്ല. ഭാരതത്തില്‍ അങ്ങനെയൊരു സ്ഥിതിവിശേഷം ഉണ്ടാകാത്തതിന് കാരണം, ഈ രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന്റെ കെട്ടുറപ്പും, സൈന്യത്തിന്റെ അച്ചടക്കവും കര്‍ത്തവ്യ ബോധവും, രാഷ്ട്രീയ സ്വയംസേവക സംഘം പോലെ സമൂഹത്തില്‍ ആഴത്തില്‍ വേരൂന്നിയിട്ടുള്ള ദേശിയ സംഘടനയുടെ അര്‍പ്പണബോധവും ഒക്കെ ഈ ഛിദ്രശക്തികള്‍ക്ക് സ്വപ്‌നം കാണാന്‍ കഴിയുന്നതിനുമപ്പുറം ആയതുകൊണ്ട് മാത്രമാണ്. പക്ഷേ ഭീഷണി ഒഴിവായിട്ടില്ല, ഇനിയും ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കും എന്നതിന്റെ തെളിവാണ് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അജണ്ട സെറ്റ് ചെയ്യാന്‍ ഇതേ ശക്തികള്‍ ശ്രമിച്ചത്. തങ്ങളുടെ ജീവിതമാര്‍ഗവും രാഷ്ട്രീയപ്രാമുഖ്യവും ഇല്ലാതാക്കിയ നരേന്ദ്രമോദിയെ ‘പാഠം പഠിപ്പിക്കാന്‍’ ഏതു ചെകുത്താനെയും കൂട്ടുപിടിക്കുന്ന ഇന്ത്യയിലെ പ്രതിപക്ഷകക്ഷികള്‍ ചിലരെങ്കിലും ഇന്ന് രാജ്യ സുരക്ഷയ്ക്ക് തന്നെ ഭീഷണിയായിരിക്കുന്നു എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.
അമേരിക്കന്‍ ലോബി സംവിധാനം ചെയ്ത ‘വസന്ത വിപ്ലവം’
എല്ലാവരും ഷെയ്ഖ് ഹസീനയ്ക്ക് എതിരായ പ്രക്ഷോഭമായിരുന്നു ബംഗ്ലാദേശില്‍ കണ്ടത്. പ്രക്ഷോഭം സംവിധാനം ചെയ്തത് അമേരിക്കന്‍ ലോബിയാണെങ്കിലും, ‘വസന്ത വിപ്ലവം’ എന്നൊക്കെ മലയാളത്തിലെ മുത്തശ്ശി പത്രം കോള്‍മയിര്‍ കൊണ്ട് വിശേഷിപ്പിച്ച ഈ പ്രക്ഷോഭത്തിന്റെ പിന്നാമ്പുറത്ത് നടന്ന താലിബാന്‍ മോഡല്‍ ന്യൂനപക്ഷ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് നിരോധിത സംഘടനയായ ജമാഅത്തെ ഇസ്ലാമിയും അവരുടെ വിദ്യാര്‍ത്ഥി വിഭാഗമായ ‘ഇസ്ലാമിക് ഛാത്ര പരിഷത്തും’ ആയിരുന്നു. ക്ഷേത്രങ്ങളും അനുബന്ധ ശാലകളും ഇസ്‌കോണ്‍ കേന്ദ്രങ്ങളും ആക്രമിച്ചതിലും ഹിന്ദുക്കളെ തിരഞ്ഞുപിടിച്ചു കൊല്ലുന്നതിലും സ്ത്രീകളെ കെട്ടിയിട്ട് ബലാത്സംഗം ചെയ്യുന്നതിലും അവരുടെയെല്ലാം ഭവനങ്ങള്‍ നശിപ്പിക്കുന്നതിലുമെല്ലാം ജമാഅത്തെ ഇസ്ലാമിയുടെ കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നു. ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ച് സംഘടനയെ നിരോധിക്കുകയും പ്രസ്ഥാനത്തിന്റെ ഉന്നത നേതാവായ ദെല്‍വര്‍ ഹുസൈന്‍ സയ്യീദിനെ വധശിക്ഷക്ക് വിധിച്ചു തുറുങ്കിലടക്കുകയും ചെയ്ത ഹസീനയോട് കണക്കുതീര്‍ക്കാനുള്ള അവസരമായി ഇത് മാറി.
ബംഗ്ലാദേശിലെ ഹിന്ദു സമൂഹം
ലോകത്ത് ഒരു മതവിഭാഗം ദീര്‍ഘകാലം നിരന്തരമായി അവിരാമം പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ ആയിരിക്കും. വിഭജനത്തിന്റെ ചോര മണമുള്ള ചരിത്രം പറയുമ്പോള്‍ ഹിന്ദു സംഘടനകള്‍ പോലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പഞ്ചാബ് ആണ്. കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍ അധികമായി ബംഗ്ലാദേശ് ഹിന്ദുക്കള്‍ തങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള നിരന്തര പ്രയ ത്‌നത്തിലാണ്. 1903ലെ ബംഗാള്‍ വിഭജനം, 1947ലെ വിഭജനം, 1971ലെ മൂന്നാം വിഭജനവും യുദ്ധവും- ഇതിന്റെയെല്ലാം തിക്തഫലങ്ങള്‍ അനുഭവിച്ച സമൂഹത്തിലെ ഏറ്റവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ദരിദ്ര ജനതയാണ് ബംഗ്ലാദേശ് ഹിന്ദുക്കള്‍. അവരാണ് ഈ 2024 ലും അക്രമവും കൊലപാതകങ്ങളും കൊള്ളിവെപ്പും നേരിടുന്നത്.
ഹിന്ദുവേട്ടയെ വെള്ളപൂശിയ മാധ്യമങ്ങള്‍
ഈ പ്രക്ഷോഭത്തിന് ഒരു റൊമാന്റിക് പരിവേഷം നല്‍കാനും ജനാധിപത്യത്തിന്റെ വിജയമായി ഉദ്‌ഘോഷിക്കുവാനും ഇന്ത്യയിലെ ചില മാധ്യമങ്ങള്‍ നടത്തിയ ശ്രമങ്ങളും ഇതിനിടെ കാണാതെ പോകരുത്. വിദ്യാര്‍ത്ഥി സമരത്തിന്റെ പിന്നിലെ അന്താരാഷ്ട്ര ഗൂഢാലോചന പൂര്‍ണമായും തമസ്‌കരിച്ചും അക്രമങ്ങള്‍ മൂടിവച്ചുമായിരുന്നു ആദ്യകാല റിപ്പോര്‍ട്ടിംഗ് മുഴുവന്‍. പിന്നീട് അന്താരാഷ്ട്ര മാധ്യമങ്ങള്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയപ്പോള്‍ ഹിന്ദു വിരുദ്ധ കലാപം എന്ന് ഉപയോഗിക്കാതെ വെറും അക്രമം എന്നോ ന്യൂനപക്ഷ വിരുദ്ധ അക്രമങ്ങളെന്നോ ആയി പ്രയോഗം. ഹിന്ദുക്കളുടെ അല്ലാത്ത ഒരൊറ്റ ആരാധനാലയമോ വീടോ ഈ പ്രക്ഷോഭത്തിനിടെ ആക്രമിക്കപ്പെട്ടില്ലാത്ത സാഹചര്യത്തിലായിരുന്നു ഈ പൊതിഞ്ഞു വയ്ക്കല്‍. അക്രമികള്‍ ആയ ജമാഅത്തെ ഇസ്ലാമിയുടെ പേര് ആരും പറഞ്ഞില്ല. ഒരു സംവരണ വിരുദ്ധ വിദ്യാര്‍ത്ഥി പ്രക്ഷോഭം എങ്ങനെ ഒരു ഹിന്ദുവിരുദ്ധ കലാപമായി എന്നും ആരും ചോദിച്ചില്ല
ബംഗ്ലാദേശ് ഇനി എങ്ങോട്ട്?
ബംഗ്ലാദേശ് ഇനി എങ്ങോട്ട് എന്ന ചോദ്യത്തിനുത്തരം ആ രാജ്യത്ത് ഇപ്പോള്‍ സ്ഥാപിക്കപ്പെട്ട ഇടക്കാല സര്‍ക്കാരിന്റെ ഘടനയില്‍ തന്നെ വ്യക്തമാണ്. ഇടക്കാല സര്‍ക്കാര്‍ നയിക്കുന്ന ഡോ. മുഹമ്മദ് യൂനുസ് അമേരിക്കയുടെ കളിപ്പാവ ആയിരിക്കുമെന്ന് വിശ്വസിക്കുന്ന നിരീക്ഷകര്‍ ഏറെയാണ്. നൊബേല്‍ പ്രൈസും രണ്ട് അമേരിക്കന്‍ സിവിലിയന്‍ ബഹുമതികളും ഒക്കെ നേടിയ 84കാരനായ മുഹമ്മദ് യൂനുസിന്റെ അമേരിക്കന്‍ ബന്ധം 1964 മുതല്‍ തന്നെ ദൃഢമാണ്. അമേരിക്കന്‍ Deep State ന്റെ മുഖങ്ങളെന്ന് പലരും പറയുന്ന ക്ലിന്റണ്‍ കുടുംബവുമായുള്ള ബന്ധം,സിഐഎ ഫണ്ട് ചെയ്യുന്ന ഫോര്‍ഡ് ഫൗണ്ടേഷന്‍, റോക്ക് ഫെല്ലര്‍ ഫൗണ്ടേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളുമായുള്ള ബന്ധവും സിഐഎ ബന്ധം ആരോപിക്കപ്പെടുന്ന റാമോണ്‍ മാഗ്‌സസെയ് അവാര്‍ഡ് നേടിയതുമൊക്കെ പലരും ഇപ്പോള്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്.
ഒരു കാര്യം ഉറപ്പാണ്. ബംഗ്ലാദേശിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ യഥാര്‍ത്ഥത്തില്‍ തുടങ്ങാന്‍ ഇരിക്കുന്നതേയുള്ളൂ. ഇതിനു കാരണങ്ങളുണ്ട്. ഒന്ന്, ഇസ്ലാമിക തീവ്രവാദികള്‍ക്ക് മേല്‍ക്കൈ നേടിയുള്ള ഇപ്പോഴത്തെ രാഷ്ട്രീയ ചുറ്റുപാടില്‍ ഒരു അമേരിക്കന്‍ പക്ഷപാതി രാജ്യം ഭരിക്കുന്നു എന്ന വൈരുദ്ധ്യം അധികം നിലനില്‍ക്കാന്‍ സാധ്യതയില്ലാത്ത ഒരു ഏര്‍പ്പാടാണ്. രണ്ടാമത്തേത് അതിലും ഗൗരവമായ ഒരു ഘടകമായ ചൈനയാണ്. ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ സമുദ്രമേഖലയിലും സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്ന ചൈനയ്ക്ക് ഈ മേഖലയില്‍ അമേരിക്കന്‍ സ്വാധീനം വര്‍ദ്ധിക്കുന്നതും സെന്റ് മാര്‍ട്ടിന്‍ ദ്വീപ് അമേരിക്കന്‍ താവളം ആകുന്നതും ചിന്തിക്കാന്‍ പോലും കഴിയുന്ന സാഹചര്യമല്ല. അതുകൊണ്ട് തന്നെ അമേരിക്ക-ചൈന ശീതസമരത്തിന്റെയും വടംവലിയുടെയും ഒരു വേദിയായി ബംഗ്ലാദേശ് മാറിയേക്കാം.
ഈ സാഹചര്യത്തില്‍ ഭാരതം ഇപ്പോള്‍ അനുവര്‍ത്തിക്കുന്ന കാത്തിരുന്നു കാണുക എന്ന നയം തന്നെയാണ് ഉചിതം. ഇന്ത്യ വിരോധം ആളിക്കത്തിക്കാന്‍ പ്രക്ഷോഭകാരികള്‍ ശ്രമിച്ചത് കൊണ്ട് ഭാരതത്തിന്റെ പരസ്യമായ ചെറിയ ഇടപെടല്‍ പോലും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം. അത് മേഖലയിലെ തന്നെ സമാധാന ഭംഗത്തിന് കാരണവുമാകാം. കണ്ണും കാതും തുറന്നു വച്ച് ഓരോ ചലനങ്ങളും നിരീക്ഷിക്കുക മാത്രമാണ് തല്‍ക്കാലം ചെയ്യാനാകുക. അതു തന്നെയാണ് ഭാരതം ചെയ്യുന്നത്. ഇന്ത്യ വിരുദ്ധ ബാനറില്‍ തിരഞ്ഞെടുപ്പ് വിജയം നേടിയ മാലിദ്വീപിലെ മൊയ്‌സു ഭരണകൂടത്തില്‍ നിന്നും 28 ദ്വീപുകളിലെ ജലവിതരണകരാര്‍ ഭാരതം നേടിയതും താലിബാന്‍ ഭരണമുള്ള അഫ്ഗാനിസ്ഥാനില്‍ ഇന്ന് പാകിസ്ഥാനെക്കാള്‍ കൂടുതല്‍ സ്വാധീനം ഭാരതത്തിനുള്ളതും രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ കര്‍ട്ടന് പിന്നിലെ കളികളാണ് നിര്‍ണായകമാവുക എന്നത് ഒരിക്കല്‍ കൂടി ഉറപ്പിക്കുന്നു.
പക്ഷേ ഇത് ഭാരതത്തിന് ഒരു പരീക്ഷണഘട്ടം തന്നെയാണ്. ചുറ്റുമുള്ള രാജ്യങ്ങളില്‍ തീവ്ര ഇസ്ലാമിസ്റ്റുകള്‍ക്ക് മേല്‍കൈയുള്ള പാകിസ്ഥാനും മാലിദ്വീപിനും ഒപ്പം ഇപ്പോള്‍ ബംഗ്ലാദേശും ചേരുന്നു. മറുവശത്ത് ആകട്ടെ കമ്മ്യൂണിസ്റ്റ് ചൈനയും, ചൈനയെ തുറുപ്പുചീട്ടാക്കി ഇന്ത്യയില്‍ നിന്ന് ആനുകൂല്യങ്ങള്‍ നേടാന്‍ ശ്രമിക്കുന്ന നേപ്പാള്‍, ശ്രീലങ്ക പോലുള്ള രാജ്യങ്ങളും. ആഭ്യന്തരമായി ഭാരതം നേരിടുന്ന ഇസ്ലാമിക ഭീകരതയ്ക്കും മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് ഭീഷണിക്കും സ്‌പോണ്‍സര്‍മാര്‍ അതിര്‍ത്തിക്കപ്പുറവും ആഗോളതലത്തിലും ഉണ്ടെന്ന് ചുരുക്കം.
2500 വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ആചാര്യ ചാണക്യന്‍ ഒരു രാജ്യം നേരിടുന്ന ഭീഷണികളെ നാലായി തിരിച്ചിട്ടുണ്ട്. ആഭ്യന്തര ഭീഷണികള്‍, ബാഹ്യ ഭീഷണികള്‍, ബാഹ്യ സ്വാധീനമുള്ള ആഭ്യന്തര ഭീഷണികള്‍, ആഭ്യന്തര സ്വാധീനമുള്ള ബാഹ്യ ഭീഷണികള്‍ എന്നായിരുന്നു തരംതിരിവ്. വര്‍ത്തമാന ഭാരതം നേരിടുന്ന സാഹചര്യം ഇതിലും നന്നായി വരച്ചുകാട്ടാനാകില്ല. ഉറച്ച നടപടികള്‍ക്ക് മടിയില്ലാത്ത ഭരണകൂടവും അതിനു പിന്തുണയുമായി തന്റെ രാജ്യം നേരിടുന്ന വെല്ലുവിളികള്‍ പൂര്‍ണമായി ഉള്‍ക്കൊണ്ട് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതുള്‍പ്പെടെയുള്ള പൗരധര്‍മ്മം പൂര്‍ണമായും നിര്‍വഹിക്കുന്ന രാജ്യസ്‌നേഹികളുടെ ഒരു സമൂഹവും ഇവിടെ ഉണ്ടെങ്കില്‍ മാത്രമേ ഈ പരീക്ഷണഘട്ടം വിജയകരമായി പിന്നിട്ട് 2047ല്‍ വികസിത ഭാരതം എന്ന സ്വപ്‌നത്തിലേക്ക് കുതിക്കാന്‍ ഹിന്ദുസ്ഥാന് സാധിക്കുകയുള്ളു.