വഖഫ് ബോര്‍ഡിന്റെ രൂപീകരണവും, അധികാരങ്ങളും സംബന്ധിച്ച് 1995 ലെ വഖഫ് നിയമം ഭേദഗതി ചെയ്യാനായി കേന്ദ്ര സര്‍ക്കാര്‍ ലോകസഭയില്‍ അവതരിപ്പിച്ച 2024 ലെ വഖഫ് (ഭേദഗതി) ബില്‍ രാജ്യത്ത് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നു. ഈ ഭേദഗതി നിയമം മുസ്ലീങ്ങളെ അടിച്ചൊതുക്കാനുള്ള മൂന്നാം മോദി സര്‍ക്കാരിന്റെ ഹിന്ദുത്വ അജണ്ടയാണെന്നാണ് പ്രതിപക്ഷ കക്ഷികള്‍ പ്രചരിപ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍ മുസ്ലിം സമുദായത്തില്‍ നിന്നുപോലും ഉയര്‍ന്നുവന്ന ആവശ്യങ്ങള്‍ക്ക് അനുസൃതമായാണ് ഈ നിയമ ഭേദഗതി തയ്യാറാക്കിയിരിക്കുന്നത് എന്നുള്ള വസ്തുത ബോധപൂര്‍വ്വം മറച്ചുവെച്ചുകൊണ്ടാണ് തല്‍പരകക്ഷികള്‍ ഈ നിയമ ഭേദഗതിയ്ക്ക് എതിരെ ദുഷ്പ്രചാരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
നിലവിലുള്ള 1995 ലെ വഖഫ് നിയമപ്രകാരം കെപിസിസി ആസ്ഥാനമോ, എകെജി സെന്ററോ, എന്തിനു പറയുന്നു തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റോ, അനന്തപത്മനാഭ സ്വാമി ക്ഷേത്രമോ ഏതെങ്കിലുമൊരു മുസ്ലിം മതഭ്രാന്തന്‍ വഖഫ് ആയി പ്രഖ്യാപിച്ചാല്‍ അതോടെ ഇതെല്ലാം വഖഫ് ബോര്‍ഡിന്റെ വസ്തുവഹകളായി മാറുന്ന വകുപ്പുകളാണ് നിലവിലെ നിയമത്തിലുള്ളത്. മാത്രമല്ല ഇപ്രകാരം പ്രഖ്യാപിച്ചാല്‍ അതിനെതിരെ കോണ്‍ഗ്രസ്സുകാര്‍ക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കും സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും വഖഫ് നിയമത്തിലെ 85-ാം വകുപ്പ് പ്രകാരം ഒരു മുന്‍സിഫ് കോടതിയെപോലും സമീപിക്കാനും ആകില്ല. കോടതിയ്ക്ക് പകരം വഖഫ് നിയമത്തിലെ 83-ാം വകുപ്പ് പ്രകാരം രൂപീകരിക്കപ്പെട്ട വഖഫ് ട്രിബ്യുണലുകളെയാണ് സമീപിക്കേണ്ടത്. ഈ ട്രിബ്യുണലുകളുടെ തീരുമാനം എന്ത് തന്നെയായാലും പ്രാവര്‍ത്തികമായി അന്തിമമായിരിക്കുകയും ചെയ്യും. വഖഫ് ട്രിബ്യുണലിന്റെ തീരുമാനത്തിന് എതിരെ അപ്പീലുകള്‍ നിലനില്‍ക്കില്ല. ഹൈക്കോടതിയ്ക്ക് പോലും ട്രിബ്യൂണലിന്റെ വിധിയ്ക്ക് എതിരെ പരിമിതമായ അധികാരങ്ങളാണ് ഉള്ളത്. ഇതെല്ലാം മറച്ചുവെച്ചാണ് പ്രതിപക്ഷ കക്ഷികള്‍ 2024 ലെ വഖഫ് ഭേദഗതി ബില്ലിലൂടെ മോദി സര്‍ക്കാര്‍ മുസ്ലീങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കുന്നു എന്ന് പ്രചരിപ്പിക്കുന്നത്. 2024 ലെ വഖഫ് ഭേദഗതി ബില്ലിലൂടെ മുസ്ലീങ്ങളുടെ ഏത് നിയമാനുസൃതമായ അവകാശമാണ് ഇല്ലാതാവുന്നത് എന്ന ചോദ്യത്തിന് യാതൊരു മറുപടിയും ഈ തല്പര കക്ഷികള്‍ പറയാന്‍ തയ്യാറല്ല.
2050-ഓടെ 31 കോടി മുസ്ലീങ്ങളോടെ ലോകത്തിലെ ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറും എന്നാണ് ജനസംഖ്യാ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതേസമയം ഹിന്ദുക്കളുടെ ജനസംഖ്യ 2010ല്‍ ഉണ്ടായിരുന്ന 80% ല്‍ നിന്നും 77% ആയി കുറയുകയും ചെയ്യും. വെറും 40 വര്‍ഷങ്ങള്‍കൊണ്ടാണ് 2010 ല്‍ 14% ഉണ്ടായിരുന്ന മുസ്ലിം ജനസംഖ്യ 2050 ല്‍ 18% ആയി ഉയരുന്നത്. 2021 ലെ സെന്‍സസ് പ്രകാരം ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ 20 കോടി അതായത് ആകെ ജനസംഖ്യയുടെ 14.61% ആണ്.
ഇന്ത്യയുടെ മൊത്തം ഭൂവിസ്തൃതി 394.6 ലക്ഷം ഏക്കര്‍ ആണെങ്കിലും അതില്‍, കാടും മലകളും മരുഭൂമികളും പാഴ്‌നിലങ്ങളും തടാകങ്ങളും നദികളും മറ്റു പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളും ഒഴിവാക്കിയാല്‍ വിവിധ മാനുഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗ സാധ്യതയുള്ള ഭൂമി വളരെ കുറവാണ്. അപ്പോഴാണ് 9.4 ലക്ഷം ഏക്കര്‍ വസ്തുവഹകള്‍ കൈവശം വെച്ചിരിക്കുന്ന വഖഫ് ബോര്‍ഡിന് ഇന്ത്യയില്‍ എത്രമാത്രം സ്വത്തുവഹകള്‍ ഉണ്ടെന്ന് മനസ്സിലാകുക. 38,863 km2 ആണ് കേരളത്തിന്റെ ഭൂവിസ്തൃതിയെന്നുകൂടി മനസ്സിലാക്കണം. ഭാരത സര്‍ക്കാരും, ഇന്ത്യന്‍ റെയില്‍വേയും കഴിഞ്ഞാല്‍ ഇന്ത്യയിലെ മൂന്നാമത്തെ ഭൂവുടമയാണ് വഖഫ് ബോര്‍ഡ്. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് 8,54,509 വസ്തുവഹകളായി 1.2 ലക്ഷം കോടി വിലമതിക്കുന്ന വസ്തുവഹകള്‍ ആണ് വഖഫ് ബോര്‍ഡിനുള്ളത്. 2024 ല്‍ കൃഷിയ്ക്കായി ഇന്ത്യയുടെ ബഡ്ജറ്റ് 1.52 ലക്ഷം കോടി ആണെന്നുകൂടി ഓര്‍ക്കണം. അപ്പോഴാണ് വഖഫ് ബോര്‍ഡിലെ കൈവശമുള്ള സ്വത്തുവഹകളുടെ വ്യാപ്തി ബോധ്യപ്പെടുക.
വഖഫ് എന്നാല്‍ ലളിതമായി ‘സമര്‍പ്പിക്കപ്പെട്ടത്’ എന്നാണര്‍ത്ഥം. ഇസ്ലാം അനുസരിച്ചു ജീവിക്കുന്ന മുസ്ലീങ്ങള്‍ക്ക് അഞ്ചു നേരം നിസ്‌കാരം പോലെത്തന്നെ നിഷ്ഠാപൂര്‍വ്വമുള്ള മതത്തിന്റെ ആചരണത്തിനായും, ധര്‍മ്മത്തിനായും സ്വത്തുവഹകള്‍ സമര്‍പ്പിക്കുകയെന്നതും പ്രധാനമാണ്. അതുകൊണ്ടാണ് പള്ളികള്‍ക്ക് മുന്നില്‍ ദാനധര്‍മ്മം ആപത്തിനെ തടയും എന്ന് എഴുതിവെച്ചു ഓരോ ദാനപാത്രം സ്ഥാപിച്ചിരിക്കുന്നത്. അപ്രകാരം ദാനം കിട്ടിയ ധനം, വസ്തുവഹകള്‍ എന്നിവയ്ക്കാണ് ചുരുക്കത്തില്‍ വഖഫ് എന്ന് പറയുന്നത്.”Waqf is a pious obligation that is required of every person professing Islamic faith.” ‘ വഖഫിന്റെ ചരിത്രം തുടങ്ങുന്നത് ഏഴാം നൂറ്റാണ്ടു മുതലാണ്. അന്നത്തെ സാഹചര്യത്തില്‍ അത് ധനം സമര്‍പ്പിക്കുക, പള്ളികള്‍ സ്ഥാപിക്കുക, വിദ്യാലയങ്ങള്‍, ആശുപത്രികള്‍, യാത്രികര്‍ക്ക് വിശ്രമിക്കാന്‍ സത്രങ്ങള്‍ സ്ഥാപിക്കുക തുടങ്ങിയവയായിരുന്നു. ഇപ്രകാരമുള്ള വഖഫ് വസ്തുക്കളുടെ പരിപാലനത്തിനായും മേല്‍നോട്ടത്തിനായും നിയോഗിക്കപ്പെട്ടവര്‍ മുത്തവല്ലി എന്നും അറിയപ്പെടുന്നു.
ഇന്ത്യയില്‍ ആദ്യമായി വഖഫുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണം നടക്കുന്നത് 1913 ല്‍ മുസല്‍മാന്‍ വഖഫ് വാലിഡേറ്റിങ് ആക്റ്റ് പ്രാബല്യത്തില്‍ വരുന്നതോടെയാണ്. പിന്നീട് 1923 ല്‍ മുസല്‍മാന്‍ വഖഫ് ആക്ട്, 1954 ല്‍ വഖഫ് ആക്ട് എന്നിവ നിലവില്‍ വന്നു. 1923 ലെ മുസല്‍മാന്‍ വഖഫ് ആക്ട് ബാധകമായ വഖഫുകള്‍ക്ക് 1954 ലെ വഖഫ് ആക്ട് ബാധകമല്ലായിരുന്നു. 1954 ലെ വഖഫ് ആക്ട് റദ്ദാക്കി 1995ലെ വഖഫ് ആക്ട് 01-01-1996-ാം തീയതി മുതല്‍ നിലവില്‍ വന്നു. എന്നാല്‍ ഈ 1995ലെ വഖഫ് നിയമം അജ്മീറിലുള്ള ദര്‍ഗ ഖ്വാജാ സാഹിബ് വഖഫിനു ബാധകമല്ല. 1955ലെ ദര്‍ഗ ഖ്വാജാ സാഹിബ് നിയമമമാണ് അജ്മീറിലുള്ള ദര്‍ഗ ഖ്വാജാ സാഹിബ് വഖഫിനു ബാധകമായിരിക്കുന്നത്. 1995ലെ വഖഫ് ആക്ട് നിയമത്തിലാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കാലാനുസൃതമായ ഭേദഗതികള്‍ കൊണ്ടുവരുന്നത്
1995ലെ വഖഫ് നിയമത്തില്‍ നാല്‍പ്പതോളം ഭേദഗതികള്‍ വരുന്നുണ്ടെങ്കിലും മര്‍മ്മ പ്രധാനമായ ഭേദഗതികള്‍ വഖഫ് ബോര്‍ഡിന്റെ അധികാരവുമായി ബന്ധപ്പെട്ടതാണ്. പുതിയ ഭേദഗതികള്‍ ഇതുവരെയായി വഖഫ് ബോര്‍ഡ് അനുഭവിച്ചു വന്നിരുന്ന ആര്‍ക്കും നിയന്ത്രണമില്ലാത്ത ഒട്ടനവധി അധികാരങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ്. വഖഫ് ബോര്‍ഡിന്റെ ഏകാധിപത്യപരമായ അധികാരങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലൂടെ വഖഫ് ബോര്‍ഡും പ്രാവര്‍ത്തികമായി ഇന്ത്യയിലെ നിയമസംവിധാനത്തിന് കീഴില്‍ വരുന്നു എന്നതാണ് ശ്രദ്ധേയം.
വഖഫ് ഭേദഗതി ബില്ലില്‍ അവതരിപ്പിച്ചിരിക്കുന്ന ഒരു സുപ്രധാന ഭേദഗതി വഖഫ് വസ്തുവഹകള്‍ ജില്ലാ കളക്ടറുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണമെന്നുള്ളതാണ്. നിലവില്‍ ഒരു ജില്ലയുടെ അധികാരിയായ കളക്ടര്‍ക്ക് പോലും തന്റെ കീഴിലുള്ള ജില്ലയിലെ വഖഫ് ഭൂമിയുടെ വിവരങ്ങള്‍ അറിയാന്‍ സാധ്യമല്ലായിരുന്നു. ഇത് മുസ്ലീങ്ങളും, മറ്റ് മതസ്ഥരുമായി വഖഫ് വസ്തുവിനെച്ചൊല്ലി തര്‍ക്കങ്ങള്‍ക്ക് വഴിവെക്കുകയും, സാമുദായിക ലഹളകള്‍ക്ക് കാരണമാകുകയും ചെയ്തിരുന്നു. ഈയൊരു നിയമം വരുന്നതിലൂടെ ഇങ്ങനെയുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ കഴിയും. കേരളത്തില്‍ ആരാധനാലയങ്ങളുടെ നിര്‍മ്മാണത്തിന് ജില്ലാ കളക്ടറുടെ അനുമതി ആവശ്യമായിരുന്ന സ്ഥിതി 2021 വരെ നിലവില്‍ ഉണ്ടായിരുന്നു എന്ന് ഓര്‍ക്കണം, മാത്രമല്ല ഇപ്പോള്‍ സര്‍ക്കാര്‍ ദേവസ്വം ഭൂമി പിടിച്ചെടുത്തു മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനായി കളക്ടര്‍മാര്‍ക്ക് ഭൂമി സര്‍വേ നടത്താന്‍ ഉത്തരവ് കൊടുത്തിരിക്കുകയുമാണ്. വഖഫ് ബോര്‍ഡിന്റെ വസ്തുവഹകളെക്കുറിച്ചു കേന്ദ്ര സര്‍ക്കാര്‍ കണക്കെടുക്കുമ്പോള്‍ അതിനെ ഭരണഘടനാ ലംഘനമെന്ന് പറഞ്ഞു എതിര്‍ക്കുകയും, കേരളത്തില്‍ ഹിന്ദു ആരാധനാലയങ്ങളുടെ ഭൂമി കണക്കെടുത്തു പിടിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ ന്യായീകരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നയമാണ് കേരളത്തിലെ ഇരു മുന്നണികളും സ്വീകരിക്കുന്നത്. മാത്രമല്ല ഇപ്പോഴത്തെ നിയമമനുസരിച്ചു വഖഫ് ബോര്‍ഡ് ഒരു ഭൂമിയെ വഖഫ് ആയി പ്രഖ്യാപിച്ചാല്‍ അത് സര്‍ക്കാര്‍ ഭൂമി ആണെങ്കിലും, സ്വകാര്യ ഭൂമി ആണെങ്കിലും പിന്നെ മുസ്ലിം മതപരമായ ആവശ്യങ്ങള്‍ക്കായി മാത്രം ഉപയോഗിക്കാവുന്ന വഖഫ് ഭൂമി ആയിമാറും. എന്നാല്‍ ഇപ്പോള്‍ അവതരിപ്പിച്ച ഭേദഗതി അനുസരിച്ചു സര്‍ക്കാര്‍ ഭൂമി ഒരിക്കലും വഖഫ് ഭൂമി ആയി പ്രഖ്യാപിക്കാനാവില്ല. അങ്ങനെ സര്‍ക്കാര്‍ ഭൂമി വഖഫ് ആണെന്ന് തര്‍ക്കം വന്നാല്‍ ജില്ലാ കളക്ടര്‍ മധ്യസ്ഥനായി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുകയും, ജില്ലാ കളക്ടറുടെ തീരുമാനം അന്തിമമായിരിക്കുകയും ചെയ്യും. നിലവില്‍ വഖഫ് വസ്തുവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് കോടതിയെ സമീപിക്കാന്‍ സാധ്യമല്ലായിരുന്നു. ഈ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ വഖഫ് ബോര്‍ഡിന് സ്വാധീനമുള്ള ട്രിബ്യൂണല്‍ ആയിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ ഭേദഗതി അനുസരിച്ചു വഖഫ് തര്‍ക്കങ്ങളില്‍ കോടതിയ്ക്ക് ഇടപെടാം. മാത്രമല്ല വഖഫ് വസ്തുക്കളുടെ ഓഡിറ്റിങ് നിര്‍ബന്ധമാക്കി. സ്ത്രീകള്‍ക്ക് പ്രാതിനിധ്യം വേണമെന്ന നിബന്ധന കൊണ്ടുവന്നു. ഇതൊക്കെ കൊണ്ടുതന്നെയാണ് ഭേദഗതി ബില്ലിനെ രാഷ്ട്രീയ ലാഭം വച്ച് ചില തല്പര കക്ഷികള്‍ എതിര്‍ക്കുന്നത്. ഇപ്പോഴത്തെ നിയമം അനുസരിച്ചു ഏതൊരു ഭൂമിയും വഖഫ് ആണെന്ന് പറഞ്ഞാല്‍ അത് അങ്ങനെ അല്ല എന്ന് തെളിയുന്നത് വരെ ആ ഭൂമി വഖഫ് ആണെന്നുതന്നെയാണ് കണക്കാക്കുക. എന്നാല്‍ ഇപ്പോള്‍ അവതരിപ്പിച്ച ഭേദഗതി അനുസരിച്ചു ഒരു ഭൂമി വഖഫ് ആണോ അല്ലയോ എന്ന തര്‍ക്കം വന്നാല്‍ നിജസ്ഥിതി തെളിയുന്നതുവരെ ആ ഭൂമി വഖഫ് ആയി ഇസ്ലാമിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാവില്ല.
ഒരാള്‍ക്ക് ഭൂമി വഖഫ് ആയി നല്‍കണമെങ്കില്‍ അയാള്‍ അതിന്റെ ഉടമസ്ഥന്‍ ആയിരിക്കണമെന്നും, നിയമപരമായി ആ ഭൂമിയ്ക്കുമേല്‍ അവകാശ അധികാരങ്ങളുള്ള ആള്‍ ആയിരിക്കണമെന്നും, ഭൂമി കൈമാറ്റം ചെയ്യാന്‍ അധികാരങ്ങളുള്ള ആളായിരിക്കണമെന്നും ഒരു 3അ വകുപ്പ് പുതിയതായി ഉള്‍പ്പെടുത്തി. നിലവിലെ നിയമം അനുസരിച്ചു ഒരാള്‍ക്ക് ഉടമസ്ഥാവകാശം ഇല്ലെങ്കില്‍ക്കൂടി അയാള്‍ക്ക് ഭൂമി വഖഫ് ആയി പ്രഖ്യാപിക്കാം. അതോടെ ആ വഖഫ് വസ്തുവില്‍ ഉടമസ്ഥാവകാശ തര്‍ക്കം ഉടലെടുക്കുകയും, ആ തര്‍ക്കം തീരുന്നതുവരെ ആ ഭൂമി വഖഫ് ആയി കണക്കാക്കപ്പെടുകയും ചെയ്യുന്ന അന്യായ നിബന്ധനയാണ് ഇതോടെ ഇല്ലാതായത്. ഉദാഹരണത്തിന് ഒരു മുസ്ലിം കുടുംബത്തില്‍ ജ്യേഷ്ഠന്റെ കൈവശമുള്ള ഭൂമി അനുജന്‍ വഖഫ് ആയി പ്രഖ്യാപിച്ചാല്‍ ആ പ്രഖ്യാപനത്തോടെ ജ്യേഷ്ഠന് ആ ഭൂമിയില്‍ അവകാശം നഷ്ടപ്പെടുകയും, വഖഫ് ബോര്‍ഡിന് അവകാശം സിദ്ധിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷം ആണുള്ളത്. വഖഫ് ആയി പ്രഖ്യാപിക്കുന്നതിലൂടെ ദാതാവിന്റെ വനിതകള്‍ ഉള്‍പ്പെടെയുള്ള അനന്തരാവകാശികള്‍ക്ക് വഖഫ് വസ്തുവില്‍ അവകാശം നിഷേധിക്കപ്പെടുന്നില്ല എന്നൊരു ഭേദഗതി വകുപ്പ് കൂടി പുതിയതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഭേദഗതി നിയമം നിലവില്‍ വന്നു ആറു മാസത്തിനകം എല്ലാ വഖഫ് വസ്തുവഹകളും കേന്ദ്ര സര്‍ക്കാരിന്റെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അനുശാസിക്കുന്നു. സര്‍ക്കാര്‍ വസ്തു തെറ്റായി വഖഫ് ആയി ഉള്‍പ്പെടുത്തിയാല്‍ അത് വഖഫ് പ്രോപ്പര്‍ട്ടി ആയി ഇനി മുതല്‍ കണക്കാക്കാന്‍ ആകില്ല എന്നൊരു ഭേദഗതി കൂടി ഉള്‍പ്പെടുത്തി. ഉദാഹരണത്തിന് നിലവിലെ സ്ഥിതി അനുസരിച്ചു തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റ് വഖഫ് വസ്തു ആണെന്ന് ആരെങ്കിലും പ്രഖ്യാപിച്ചാല്‍ അത് അങ്ങനെ അല്ല എന്ന് തെളിയിക്കേണ്ട ബാധ്യത സര്‍ക്കാരിനും, അത് അങ്ങനെ അല്ല എന്ന് തെളിയുന്നതുവരെ വഖഫ് ആയി നിലനില്‍ക്കുകയും ചെയ്യും. അങ്ങനെയിരിക്കെ സെക്രട്ടറിയേറ്റ് ഇസ്ലാമിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും കഴിയും.
സംസ്ഥാന വഖഫ് ബോര്‍ഡുകളുടെ രൂപീകരണത്തില്‍ കാതലായ മാറ്റങ്ങളാണ് ഭേദഗതി നിയമപ്രകാരം നിലവില്‍ വരുന്നത്. സംസ്ഥാന വഖഫ് ബോര്‍ഡില്‍ ഒരു ചെയര്‍മാന്‍, സംസ്ഥാനത്തു നിന്നുള്ള ഒരു എം.പി, ഒരു എം.എല്‍.എ, ഒരു ലക്ഷം രൂപയില്‍ കുറയാത്ത വാര്‍ഷിക വരുമാനമുള്ള ഒരു മുത്തവല്ലി, ഒരു ഇസ്ലാമിക ദൈവശാസ്ത്ര പണ്ഡിതന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും തെരഞ്ഞെടുപ്പെട്ട രണ്ടോ അതിലധികമോ ജനപ്രതിനിധികള്‍, സാമ്പത്തിക, വ്യാപാര, കൃഷി, സാമൂഹിക പ്രവര്‍ത്തനം, റവന്യൂ കാര്യങ്ങളില്‍ പ്രവൃത്തി പരിചയമുള്ള രണ്ടുപേര്‍, ജോയിന്റ് സെക്രട്ടറി റാങ്കില്‍ കുറയാത്ത ഒരു സര്‍ക്കാര്‍ പ്രതിനിധി, സംസ്ഥാന ബാര്‍ കൗണ്‍സിലില്‍ നിന്നുള്ള ഒരു അംഗം, രണ്ടു മുസ്ലിം വനിതകള്‍, രണ്ടു അമുസ്ലിങ്ങള്‍, ചുരുങ്ങിയത് ഷിയാ, സുന്നി മറ്റു പിന്നാക്ക മുസ്ലിം വിഭാഗങ്ങളില്‍ നിന്നും ഓരോ പ്രതിനിധികള്‍, ബോഹ്‌റ, അഫ്ഗാനി വിഭാഗങ്ങളില്‍ നിന്നും ഓരോ പ്രതിനിധികള്‍ എന്നിങ്ങനെ എല്ലാവരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വഖഫ് ബോര്‍ഡാണ് പുതിയ ഭേദഗതി പ്രകാരം രൂപീകരിക്കേണ്ടത്. ആവശ്യമെങ്കില്‍ ബോഹ്‌റ, അഫ്ഗാനി വിഭാഗങ്ങള്‍ക്ക് പ്രത്യേകം വഖഫ് ബോര്‍ഡുകള്‍ രൂപീകരിക്കാനും ഭേദഗതി നിയമം വ്യവസ്ഥ ചെയ്യുന്നു.
മുന്‍ സര്‍ക്കാരുകളുടെ കാലത്ത് അനിയന്ത്രിതമായ അധികാരങ്ങള്‍ വഖഫ് ബോര്‍ഡുകള്‍ക്ക് നല്‍കിയതിന്റെ ഫലമായാണ് ഇലക്ഷന് മുമ്പായി ദല്‍ഹിയില്‍ 2014 മാര്‍ച്ചില്‍ കോണ്‍ഗ്രസ്സ് 123 പ്രധാന വസ്തുവഹകള്‍ വഖഫ് ബോര്‍ഡിന് കൈമാറിയത്. മാത്രമല്ല ഇതേ നിയമം ഉപയോഗിച്ചാണ് സമീപകാലത്ത് തമിഴ്‌നാട് വഖഫ് ബോര്‍ഡ് 1500 വര്‍ഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം അടക്കം 6 ഗ്രാമങ്ങള്‍ വഖഫ് വസ്തുക്കളായി പ്രഖ്യാപിച്ചത്.
ചുരുക്കിപ്പറഞ്ഞാല്‍ വഖഫ് നിയമത്തിന്റെ പേരില്‍ പ്രബലരായ മുസ്ലിം മതമേധാവികളുടെ ഒരു സിന്‍ഡിക്കേറ്റ്, അന്യമതസ്ഥരുടെയും, സര്‍ക്കാരിന്റെയും ഭൂമി തട്ടിയെടുത്തു നടത്തിക്കൊണ്ടിരുന്ന വന്‍ ഭൂമിയിടപാടുകള്‍ക്കാണ് ഇപ്പോള്‍ നിയന്ത്രണങ്ങള്‍ വന്നത്. മാത്രമല്ല വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സുതാര്യത ഉറപ്പുവരുത്താനും, മുസ്ലീങ്ങളിലെതന്നെ ദുര്‍ബലരായ വിഭാഗങ്ങള്‍ക്കും വഖഫ് ബോര്‍ഡില്‍ പ്രാതിനിധ്യവും, അവരുടെയും താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുമാണ് ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. ഭേദഗതി നിയമം നിലവില്‍ വരുന്നതിലൂടെ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന പല വഖഫ്-വഖഫ് ഇതര സ്വത്തുതര്‍ക്കങ്ങള്‍ക്കും അന്തിമ തീരുമാനമുണ്ടാകുകയും, മാത്രമല്ല മികച്ച രീതിയില്‍ വഖഫ് വസ്തുവഹകളുടെ പരിപാലനവും, മേല്‍നോട്ടവും സാധ്യമാവുകയും ചെയ്യും.
യഥാര്‍ത്ഥത്തില്‍ മുസ്ലീങ്ങള്‍ ഇസ്ലാമിക മതപരമായ ആവശ്യങ്ങള്‍ക്കായി സമര്‍പ്പിക്കുന്ന സ്വത്തുക്കളുടെ തര്‍ക്കരഹിതവും സുതാര്യവും ഗുണപരവുമായ ഉപയോഗമാണ് ഈ പുതിയ വഖഫ് ഭേദഗതി നിയമത്തിലൂടെ മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ കാലങ്ങളായി മുസ്ലിം സമുദായത്തിലെ അശാന്തിയും അരക്ഷിതാവസ്ഥയും ചൂഷണം ചെയ്തു രാഷ്ട്രീയ നേട്ടങ്ങള്‍ കൈവരിച്ചു കൊണ്ടിരുന്ന മുന്നണികള്‍ക്ക് അവരുടെ മുസ്ലീങ്ങള്‍ക്കിടയിലുള്ള സ്വാധീനം നഷ്ടപ്പെടുമോ, അതോടെ അധികാരം നഷ്ടപ്പെടുമോ എന്നുള്ള ചിന്തകളാണ് അവരെ ബില്ലിനെ എതിര്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഈ എതിര്‍പ്പുകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. ഈ എതിര്‍പ്പുകള്‍ അതിജീവിച്ചു ബില്ല് നിയമമാകുന്നതോടെ ഇന്ത്യയില്‍ മുസ്ലീങ്ങളുടെ മതപരവും സേവനതല്പരവുമായ പ്രവര്‍ത്തനങ്ങളില്‍ പുരോഗമനപരമായ മാറ്റങ്ങളാണ് സാധ്യമാകുന്നത്.
(ബജ്‌രംഗ്ദള്‍ സംസ്ഥാന ലീഗല്‍ സെല്‍ പ്രമുഖാണ് ലേഖകന്‍)