ലണ്ടനിലെ നഗരപ്രാന്തമായ വെംബ്‌ളിയില്‍ മികേയ്‌ല എന്ന വിദ്യാലയത്തിന്റെ പ്രധാനാദ്ധ്യാപികയാണ് കാതറിന്‍ ബീര്‍ബല്‍ സിംഗ്. ബീര്‍ബല്‍ സിംഗ് എന്ന പേരു കണ്ടാല്‍ ഇന്ത്യക്കാരിയാണെന്ന് തോന്നുമെങ്കിലും അവര്‍ യഥാര്‍ത്ഥത്തില്‍ ഗയാന എന്ന രാജ്യത്തു നിന്നുള്ളവരാണ്. കറുത്ത വര്‍ഗ്ഗക്കാരിയായ അമ്മയും ഭാരതീയ പാരമ്പര്യമുള്ള അച്ഛനും ആണ് അവരുടേത്. നമ്മള്‍ വെസ്റ്റ് ഇന്‍ഡീസ് എന്ന് വിളിക്കുന്ന രാജ്യങ്ങളില്‍ പെട്ടതാണ് ഗയാന.
കാതറിന്‍ വളര്‍ന്നത് കാനഡയിലും ന്യൂസിലാന്‍ഡിലുമായിരുന്നു. പഠിക്കാന്‍ മിടുക്കിയായിരുന്ന അവര്‍ ലോക പ്രശസ്തമായ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നാണ് ബിരുദം കരസ്ഥമാക്കിയത്. ലണ്ടനിലെ പല വിദ്യാലയങ്ങളിലും അദ്ധ്യാപികയായി ജോലി നോക്കിയ അവര്‍ കുറച്ച് സുഹൃത്തുക്കളുടേയും ചില പ്രമുഖ രാഷ്ട്രീയ നേതാക്കളുടേയുമെല്ലാം സഹായത്തോടെ സ്ഥാപിച്ച വിദ്യാലയമാണ് മികേയ്‌ല. മികേയ്‌ല എന്നാല്‍ ദൈവസമാനമായത് എന്ന് അര്‍ത്ഥം പറയാം.
മികേയ്‌ല എന്ന വിദ്യാലയം ആരംഭിക്കുന്നത് തന്നെ വളരെ പണിപ്പെട്ടിട്ടാണ്. ലണ്ടനിലെ പല വിദ്യാലയങ്ങളിലും അദ്ധ്യാപികയായി ജോലി നോക്കിയിരുന്ന കാതറിന്‍ 2010 ല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കോണ്‍ഫറന്‍സില്‍ രാജ്യത്തെ വിദ്യാഭ്യാസ നിലവാരത്തിന്റെ തകര്‍ച്ചയെപ്പറ്റിയും ഇടതുപക്ഷ ആശയങ്ങള്‍ വിദ്യാലയങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നത് കാരണം കുട്ടികളില്‍ ദൂരവ്യാപകമായ ദോഷങ്ങള്‍ ഉണ്ടാകുന്നതിനെപ്പറ്റിയും ഒരു പ്രഭാഷണം നടത്തി. ഇടതുപക്ഷ ആശയങ്ങളാല്‍ ഭരിക്കപ്പെട്ടിരുന്ന അദ്ധ്യാപക സംഘടനകള്‍ക്ക് ഈ പ്രഭാഷണം വലിയൊരു അടിയായിരുന്നു. വലിയ വിമര്‍ശനമാണ് ഇതോടെ കാതറിനെതിരേ ഉണ്ടായത്. അദ്ധ്യാപക സമൂഹത്തെ ഒറ്റിക്കൊടുത്തു എന്നൊക്കെ അവര്‍ക്കെതിരെ വിമര്‍ശനം ഉണ്ടായി. ഇതോടെ അദ്ധ്യാപക സമൂഹത്തില്‍ കാതറിന്‍ ഒറ്റപ്പെട്ടു. ജോലി പോലും നഷ്ടപ്പെടുന്ന അവസ്ഥ വന്നു. അതോടെയാണ് താന്‍ പറഞ്ഞത് പ്രായോഗികമാക്കി കാണിക്കാന്‍ ഒരു വിദ്യാലയം തന്നെ തുടങ്ങി മാതൃക കാട്ടണമെന്ന് കാതറിന്‍ തീരുമാനിച്ചത്.
ബ്രിട്ടനില്‍ കമ്യൂണിറ്റി സ്‌കൂള്‍ എന്നാല്‍ നമ്മുടെ നാട്ടിലുള്ള ഒരു എയ്ഡഡ് സ്‌കൂള്‍ എന്ന് സാമാന്യമായി പറയാം. ആ വിദ്യാലയത്തില്‍ പ്രദേശത്തുള്ള കുട്ടികള്‍ക്ക് പ്രത്യേക പരിഗണനകളോ പ്രവേശന പരീക്ഷകളോ ഒന്നുമില്ലാതെ സര്‍ക്കാര്‍ സ്‌കൂളിലെ പോലെ തന്നെ പ്രവേശനം നല്‍കിയിരിക്കണം. സിലബസിലും മാറ്റങ്ങള്‍ പാടില്ല. എന്നാല്‍ വിദ്യാലയം നടത്തിപ്പ് – മാനേജ്‌മെന്റ് ആ സ്‌കൂള്‍ തുടങ്ങുന്നവരുടെ നിയന്ത്രണത്തിലാവും. സ്‌കൂളില്‍ ഗവണ്‍മെന്റ് കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള ചിലവായി സര്‍ക്കാര്‍ ഗ്രാന്റ് നല്‍കും, അദ്ധ്യാപക അനദ്ധ്യാപകരുടെ ശമ്പളം നല്‍കും. നമ്മുടെ നാട്ടിലും ജാതി-മത-സാമൂഹ്യ സംഘടനകളുടെ എയ്ഡഡ് സ്‌കൂളുകളും കോളേജുകളും നടക്കുന്നത് ഈ രീതിയിലാണല്ലോ.
മികേയ്‌ല സ്‌കൂള്‍ തുടങ്ങുന്ന സമയത്ത് തന്നെ വലിയ എതിര്‍പ്പ് നേരിടേണ്ടി വന്നു. ഇടതുപക്ഷ സംഘടനകള്‍ ഈ വിദ്യാലയത്തിനെതിരെ സമരങ്ങള്‍ തുടങ്ങി. പ്ലക്കാര്‍ഡുകള്‍ പിടിച്ച് വിദ്യാലയത്തിന് മുന്നില്‍ കുത്തിയിരുപ്പ് സത്യഗ്രഹമൊക്കെ ഉണ്ടായിരുന്നു. സ്‌കൂളിലേക്ക് കയറിപ്പോകുന്ന വിദ്യാര്‍ത്ഥികളുടെ കയ്യില്‍ നിങ്ങളുടെ ജീവിതം തകരാന്‍ പോവുകയാണ് എന്ന മട്ടിലുള്ള ലഘുലേഖകളും മറ്റും കൊടുത്ത് അവരെ ഭീഷണിപ്പെടുത്തുകയായിരുന്നു ആദ്യഘട്ടം. കാതറിന്‍ ബീര്‍ബല്‍ സിംഗ് ഒട്ടും പിന്നോട്ടുപോയില്ല. ആ ലഘുലേഖകള്‍ സ്വയം പകര്‍പ്പെടുത്ത് വിദ്യാര്‍ഥികള്‍ക്കെല്ലാം വിതരണം ചെയ്തു. എന്നിട്ട് പറഞ്ഞു. ”ഇനി ഇതൊരെണ്ണം നിങ്ങളുടെ കയ്യിലേക്ക് തരുന്നവരോട് പറയുക. ഞങ്ങളുടെ ഹെഡ് ടീച്ചര്‍ തന്നെ ഞങ്ങള്‍ക്കിത് തന്നിട്ടുണ്ട് എന്ന്.”
ഒരിക്കല്‍ സമരത്തിനിടയില്‍ ഒരു വെള്ളക്കാരിയായ ഇടതുപക്ഷ പ്രവര്‍ത്തക കാതറിനോട് വിളിച്ചു പറഞ്ഞത് നീ ഞങ്ങളെ ചതിച്ചു എന്നാണ്. അതായത് വെള്ളക്കാരിയായിട്ടും താന്‍ ഇടതുപക്ഷ മൂല്യങ്ങളില്‍ ഉറച്ചുനിന്നു വംശീയതക്കെതിരെയും മറ്റും സംസാരിക്കുമ്പോള്‍ കറുത്ത വര്‍ഗ്ഗക്കാരിയായ നീ ഞങ്ങളെ സപ്പോര്‍ട്ട് ചെയ്യാതെ വലതുപക്ഷ മൂല്യങ്ങളോട് അനുഭാവം കാട്ടുന്നത് ഒരു ചതിയായാണ് അവര്‍ക്ക് തോന്നിയത്. കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് സ്വയം ഏതു രാഷ്ട്രീയ പക്ഷത്ത് ചേരണമെന്ന് തീരുമാനമെടുക്കാന്‍ പോലും സ്വാതന്ത്ര്യമില്ല എന്നാണ് ആ വെള്ളക്കാരി പറയാതെ പറഞ്ഞത്. ആ വാചകത്തിന്റെ പിറകിലുള്ള കൊടിയ വംശീയത മനസ്സിലാക്കാന്‍ പോലും കഴിവ് ആ ഇടതുപക്ഷ പ്രവര്‍ത്തകക്ക് ഇല്ലല്ലോ എന്നാണ് കാതറിന്‍ പ്രതികരിച്ചത്. എന്തായാലും എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് മികെയ്‌ല എന്ന വിദ്യാലയം തുറന്നു. ആദ്യ വര്‍ഷം തന്നെ നൂറോളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നു.
യുകെയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളെ പേടിച്ചാണ് നടക്കുന്നത്. ഒരുതരം വോക്ക് കള്‍ച്ചറില്‍ (Woke Culture) ഊന്നിനിന്നുള്ള പഠനമാണ് അടുത്തിടെയായി യുകെയിലെ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാഭ്യാസം. മിക്ക പൊതുവിദ്യാലയങ്ങളിലും വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്കും വിദ്യാര്‍ത്ഥികളുടെ ഇഷ്ടങ്ങള്‍ക്കും ഒക്കെയാണ് മുന്‍തൂക്കം. അദ്ധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളെ ശാസിക്കാനോ അവരെ നിയന്ത്രിക്കാനോ യാതൊരു അവകാശവുമില്ല. ക്ലാസ് മുറിയില്‍ കുട്ടികള്‍ മര്യാദയ്ക്ക് പെരുമാറിയില്ലെങ്കില്‍ അദ്ധ്യാപകര്‍ ഇറങ്ങിപ്പോവുകയല്ലാതെ വേറെ വഴിയൊന്നുമില്ല. അദ്ധ്യയനത്തിലും പാഠ്യവിഷയങ്ങള്‍ പഠിപ്പിക്കുന്നതിലും അദ്ധ്യാപകര്‍ക്ക് വലിയ പങ്കില്ല. ഗ്രേഡിങ് ആണെങ്കില്‍ എല്ലാവരെയും ഏതാണ്ട് ഒരുപോലെ ജയിപ്പിച്ച് വിടുന്ന പരിപാടിയാണെന്ന് പറയാം. എല്ലാ വിദ്യാലയങ്ങളിലും ടീനേജ് ഗ്യാങ്ങുകളും ആരോഗ്യമില്ലാത്ത കുട്ടികളെ ഉപദ്രവിക്കലും (Bullying) എല്ലാം പതിവാണ്. അദ്ധ്യാപകര്‍ക്ക് ഇതിലൊന്നും ഒന്നും പറയാനാകില്ല.
ഇതൊന്നും മികേയ്‌ലയില്‍ നടപ്പില്ല. അവിടെ അച്ചടക്കം നിര്‍ബന്ധമാണ്. എന്നാല്‍ കുട്ടികളുടെ സകല കഴിവുകളും വികസിപ്പിക്കാനും വ്യക്തിപരമായി പഠനം തുന്നിയെടുക്കാനും എല്ലാ അവസരവും ഉണ്ട്. പഠന പാഠ്യേതര വിഷയങ്ങളിലെല്ലാം മികച്ച പരിശീലനം നേടിയ വളരെ ആത്മാര്‍ത്ഥതയുള്ള അദ്ധ്യാപക-അനദ്ധ്യാപകരുടെ നിയന്ത്രണത്തിലായിരിക്കും എല്ലാം നടക്കുന്നത് എന്ന് മാത്രം.
ഈ വിദ്യാലയത്തില്‍ കുട്ടികള്‍ക്ക് വെറുതേ ക്യാമ്പസില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കാനാവില്ല, വരാന്തകളിലൂടെ ക്ലാസ് കട്ട് ചെയ്ത് നടക്കാനാവില്ല, ബ്രിട്ടനിലെ ദേശീയ ഗാനം നിര്‍ബന്ധമായും പാടണം, ഫുട്‌ബോള്‍ കളികള്‍, മറ്റ് കായിക മത്സരങ്ങള്‍ വരുമ്പോള്‍ സ്‌കൂളില്‍ ബ്രിട്ടീഷ് ടീമുകള്‍ക്ക് പിന്തുണ നല്‍കി പരിപാടികള്‍ നടത്തണം തുടങ്ങി യുകെയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ അറിയാവുന്നവര്‍ക്ക് അത്ഭുതം തോന്നുന്ന പല നിയന്ത്രണങ്ങളും മികേയ്‌ലയില്‍ ഉണ്ട്.
മികേയ്‌ലയില്‍ പ്രധാനമായും മൂന്ന് മൂല്യങ്ങളില്‍ അടിസ്ഥാനമാക്കിയാണ് അദ്ധ്യയനം നടക്കുന്നത്. വ്യക്തിപരമായ ഉത്തരവാദിത്തത്തില്‍ ഉള്ള വിശ്വാസം. മറ്റുള്ളവരോടും സമൂഹത്തോടും രാഷ്ട്രത്തോടുമുള്ള ധാര്‍മികമായ കടമകളില്‍ ഊന്നിയുള്ള ജീവിതം. തങ്ങള്‍ക്ക് ലഭിച്ച നന്മകളില്‍ ഉള്ള കൃതജ്ഞത.
ഇവിടുത്തെ കുട്ടികള്‍ തങ്ങളുടെ ജോലികള്‍ ചെയ്തുതീര്‍ക്കുന്നത് സ്വന്തം ഉത്തരവാദിത്തത്തിലാണ്. അതായത് അവര്‍ക്ക് കുടുംബത്തില്‍ സൗകര്യമില്ലെന്നോ മറ്റെന്തെങ്കിലും കുഴപ്പങ്ങള്‍ ഉണ്ടെന്നോ ഒന്നും പറയാന്‍ സാധ്യമല്ല. തങ്ങളുടെ ജീവിതം മറ്റാരുടെയും ഉത്തരവാദിത്തമല്ല എന്നും അവനവന്‍ ചെയ്തു തീര്‍ക്കേണ്ടത് അവനവന്‍ തന്നെ ചെയ്തു തീര്‍ക്കണമെന്നുമാണ് ഇവിടുത്തെ നിയമം. അതുപോലെതന്നെ പൊതുഗതാഗത സൗകര്യങ്ങള്‍ ഉപയോഗിക്കുന്ന ഈ വിദ്യാലയത്തിലെ കുട്ടികള്‍ക്ക് അവിടെ പെരുമാറേണ്ട ചിട്ടവട്ടങ്ങളുണ്ട്. മുതിര്‍ന്നവര്‍ക്കും ആരോഗ്യമില്ലാത്തവര്‍ക്കുമെല്ലാം സീറ്റ് ഒഴിഞ്ഞു കൊടുക്കുക, വാഹനത്തില്‍ കൂട്ടുകൂടി നിന്ന് മറ്റ് യാത്രികര്‍ക്ക് ശല്യം ഉണ്ടാക്കാതിരിക്കുക തുടങ്ങി വിദ്യാലയത്തിന് പുറത്തും അവര്‍ ഈ കടമകള്‍ പാലിച്ചേ പറ്റൂ.
എല്ലാ ദിവസവും സ്‌കൂളില്‍ ഉച്ചഭക്ഷണം കഴിഞ്ഞ് ആ ദിവസത്തെ ജീവിതം സാദ്ധ്യമാക്കാന്‍ കുട്ടികളെ സഹായിച്ച ആള്‍ക്കാര്‍ക്ക് അവര്‍ ഒരുമിച്ച് ഭക്ഷണ മുറിയിലിരുന്ന് നന്ദി പറയും. അത് ഒരുപക്ഷേ അവരെ അവിടെ എത്തിച്ച പൊതുഗതാഗത ഡ്രൈവര്‍മാര്‍ക്ക് ആകാം, അല്ലെങ്കില്‍ അവര്‍ക്ക് ഭക്ഷണം ഉണ്ടാക്കിയ അടുക്കള ജീവനക്കാര്‍ക്ക് ആകാം, അല്ലെങ്കില്‍ അവരെ അന്ന് സന്ദര്‍ശിച്ച ഏതെങ്കിലും അതിഥിയോട് ആവാം. കൃതജ്ഞത എന്നത് ഒരു സംസ്‌കാരമായി കുട്ടികളില്‍ വളര്‍ത്തുകയാണ് ഈ പരിപാടിയുടെ ഉദ്ദേശ്യം.
ഇത് സസ്യാഹാരവും മുട്ടയും മാത്രം വിളമ്പുന്ന സ്‌കൂളാണ്. അതിന്റെ കാരണം നമ്മളെ ഒരുപാട് ചിന്തിപ്പിക്കുന്നതുമാണ്. ഏതെങ്കിലും പ്രത്യേക ആശയഗതിയുടെയോ പ്രത്യയശാസ്ത്രത്തിന്റെയോ ഒന്നും പുറത്തല്ല ഇവിടെ സസ്യാഹാരമേ വിളമ്പൂ എന്ന് തീരുമാനിച്ചത്. വെറും പ്രായോഗികതയാണ് അതിനു പിന്നില്‍.
മികേയ്‌ല സ്‌കൂള്‍ തുടങ്ങുമ്പോള്‍ സ്‌കൂളില്‍ മാംസഭക്ഷണം ഉണ്ടായിരുന്നു. പക്ഷേ ചില കുട്ടികള്‍ മതപരമായി മാംസഭക്ഷണം കഴിക്കില്ല. മാംസഭക്ഷണം കഴിക്കുന്നവരിലും മുസ്ലിം കുട്ടികള്‍ പന്നിയിറച്ചി കഴിക്കില്ല. ഹലാല്‍ മാംസമേ കഴിക്കൂ. ഹിന്ദു, സിഖ് കുട്ടികള്‍ പശുവിറച്ചി കഴിക്കില്ല. സിഖ് വിശ്വാസികളും ജൂതരും ഒരിക്കലും ഹലാല്‍ മാംസം കഴിക്കില്ല. ഇങ്ങനെയൊക്കെ പല കുട്ടികളും സ്‌കൂളിലെ ഉച്ചഭക്ഷണ സമയത്ത് പല രീതിയിലുള്ള ആവശ്യങ്ങള്‍ പറയാന്‍ തുടങ്ങി. ഓരോരോ ഭക്ഷണരീതി പിന്തുടരുന്നവര്‍ പ്രത്യേകമായി ഇരുന്ന് ഭക്ഷണം കഴിക്കാന്‍ തുടങ്ങി.
കുടുംബ ഭക്ഷണ സമയമായാണ് (family lunch time) ഇവിടുത്തെ ഉച്ചഭക്ഷണം ക്രമീകരിച്ചിരിക്കുന്നത്. എല്ലാവരും ഒരു കുടുംബമെന്ന പോലെ ഒരുമിച്ചിരുന്ന് ഒരേപോലെ വിളമ്പുന്ന ഭക്ഷണം കഴിക്കുക എന്നതാണ് ആശയം. ആറുപേരുള്ള കുടുംബങ്ങളായാണ് കുട്ടികള്‍ ഭക്ഷണം കഴിക്കുക. ഒരാള്‍ പോയി ഭക്ഷണം എടുത്തു കൊണ്ടുവരണം. വേറൊരാള്‍ പാത്രങ്ങള്‍ നിരത്തി വയ്ക്കും. ഒരാള്‍ ഗ്ലാസുകളില്‍ വെള്ളം നിറയ്ക്കും. അടുത്തയാള്‍ ഭക്ഷണം പാത്രങ്ങളിലേക്ക് വിളമ്പും. എല്ലാവര്‍ക്കും വേണ്ട പാത്രങ്ങളും സ്പൂണുകളും മറ്റും എടുത്തുകൊണ്ടു വരികയാണ് അടുത്തയാളുടെ ജോലി. ഭക്ഷണം കഴിച്ചു കഴിഞ്ഞ് എല്ലാവരുടെയും പാത്രങ്ങള്‍ തിരികെ കൊണ്ടുവെച്ച് സ്ഥലം വൃത്തിയാക്കുകയാണ് അടുത്ത ആള്‍ ചെയ്യുന്നത്.
കുടുംബത്തിലെ ഈ ആറ് അംഗങ്ങളുടെ ജോലികള്‍ ദിവസവും മാറി മാറി വരും. കുടുംബാംഗങ്ങളും മാറും. പല മതങ്ങള്‍, ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും കുടിയേറിയ മാതാപിതാക്കള്‍, വ്യത്യസ്തമായ സംസ്‌കാരങ്ങള്‍, വ്യത്യസ്തമായ ജീവിതരീതികള്‍, വ്യത്യസ്തമായ ജീവിത പശ്ചാത്തലം. ഇവയെല്ലാം ഉള്ള കുട്ടികള്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുക, ഒരു കുടുംബം പോലെ പെരുമാറുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്. ഈ വിദ്യാലയത്തിലെ പല കുട്ടികള്‍ക്കും വൈകിട്ട് വീട്ടില്‍ ചെന്നാല്‍ ഇതുപോലെ കുടുംബവുമൊത്ത് ഒരു ഭക്ഷണ സമയം സാധ്യമല്ലാത്തവരാണ്. അത്ര പാവപ്പെട്ട പശ്ചാത്തലത്തില്‍ നിന്ന് വരുന്നവരാണ് പലരും എന്നതാണ് ഇതിലെ ഏറ്റവും വലിയ പ്രത്യേകത.
ഇങ്ങനെയുള്ള ഭക്ഷണ സമയത്ത് മാംസഭക്ഷണത്തിന്റെ പേരില്‍ മതപരമായ വ്യത്യസ്തതകള്‍ മികയ്‌ല കുടുംബ ബന്ധത്തിന് തടസ്സമാകുന്നു എന്ന് കണ്ടതോടെയാണ് അവിടെ മാംസ ഭക്ഷണം നിര്‍ത്തി നല്ല വെജിറ്റേറിയന്‍ ഭക്ഷണം മാത്രമായി വിളമ്പാന്‍ തുടങ്ങിയത്. അപ്പോഴും പൂര്‍ണ്ണ സസ്യാഹാരികളായ ചില ഹൈന്ദവ വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് മുട്ട ഒരു പ്രശ്‌നമായിരുന്നു. അവര്‍ അല്പം പരാതി ഒക്കെ പറഞ്ഞു. മുട്ട സഹിക്കാമെങ്കില്‍ മാത്രം ഇവിടെ പഠിച്ചാല്‍ മതി എന്ന് കാതറിനില്‍ നിന്ന് മറുപടിയും ലഭിച്ചു.
ബ്രിട്ടനിലെ ഏറ്റവും കര്‍ശനമായ സ്‌കൂള്‍ എന്നാണ് ഒരു പ്രമുഖ ചാനല്‍ ഈ വിദ്യാലയത്തെ വിളിച്ചത്. ഏറ്റവും കര്‍ക്കശക്കാരിയായ പ്രധാനാദ്ധ്യാപിക എന്ന് കാതറിനും പേര് കിട്ടി. കുട്ടികളോടുള്ള അഗാധമായ സ്‌നേഹത്തില്‍ നിന്ന് വരുന്ന കാര്‍ക്കശ്യം അവര്‍ക്കു നന്നായി മനസ്സിലാകും എന്നാണ് കാതറിന്‍ മറുപടി പറഞ്ഞത്.
മാദ്ധ്യമങ്ങള്‍ എന്ത് വിളിച്ചാലും ഫലം ഗംഭീരമായിരുന്നു. സകല വിഷയങ്ങളിലും മികേയ്‌ലയിലെ കുട്ടികള്‍ മുന്നിലെത്തി. നമ്മുടെ പത്താം ക്ലാസിന് തുല്യമായ ജി.സി.എസ്.ഇ പരീക്ഷയില്‍ ബ്രിട്ടനിലെ ഏറ്റവും മികച്ച പരീക്ഷാഫലം ലഭിച്ച വിദ്യാലയങ്ങളിലൊന്ന് ഇതാണ്. ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ അറബ് രാജകുമാരന്മാര്‍ വരെ പഠിച്ചിരുന്ന – പഠിക്കുന്ന – ലോകത്തെ മികച്ച സ്വകാര്യ സ്‌കൂളുകള്‍ക്ക് ഒപ്പമുള്ള പരീക്ഷാഫലമാണ് മികേയ്‌ലക്ക് ലഭിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി രാജ്യത്ത് ഏറ്റവും വിദ്യാഭ്യാസ നിലവാര മുന്നേറ്റം ഉണ്ടാക്കിയ സ്‌കൂളും ഇത് തന്നെ.
അതുമാത്രമല്ല ആരുടെയും നിര്‍ബന്ധമില്ലാതെ തന്നെ ഇവിടുത്തെ ബഹുഭൂരിപക്ഷം കുട്ടികളും വിദ്യാലയത്തിന് പുറത്തും മാന്യതയും നന്മയും കൃതജ്ഞതയും എല്ലാം കാട്ടിത്തുടങ്ങി. പൊതുഗതാഗത വാഹനങ്ങളില്‍ ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ പെരുമാറുന്നത് അത്ഭുതത്തോടെയാണ് നാട്ടുകാര്‍ കണ്ടത്. പഠനത്തില്‍ മികവ് പുലര്‍ത്തുന്നവരായാലും അല്ലെങ്കിലും ഇവിടുന്നു പുറത്തിറങ്ങുന്ന വിദ്യാര്‍ഥികള്‍ ജീവിതത്തില്‍ മികച്ച വിജയം നേടിത്തുടങ്ങി.
മികേയ്‌ല സ്‌കൂള്‍ നിലനില്‍ക്കുന്ന വെംബ്‌ളി ഭാഗത്ത് നിന്നാണ് ഇവിടെ കുട്ടികളെ ചേര്‍ക്കുന്നത്. വെംബ്ലി മുസ്ലീങ്ങള്‍ കൂടുതലായി താമസിക്കുന്ന ഭാഗമാണ്. സ്വാഭാവികമായും മികേയ്‌ലയില്‍ ചേരുന്ന എണ്ണൂറോളം കുട്ടികളില്‍ പകുതിയും മുസ്ലിങ്ങളാണ്. ഈ വിദ്യാലയത്തില്‍ ഒരു പ്രാര്‍ത്ഥനാമുറിയില്ല. ഇതൊരു മതേതര വിദ്യാലയമാണ്. യൂണിഫോം പോളിസി നിര്‍ബന്ധമാണ്. മതചിഹ്നങ്ങള്‍ പൊതുവേ അനുവദനീയമല്ല. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഹിജാബ് ധരിക്കാമെങ്കിലും അത് സ്‌കൂളിലെ യൂണിഫോമിനുള്ളില്‍ കൃത്യമായി മടക്കി വയ്ക്കണം. ഇടനേരങ്ങളില്‍ ഈ വിദ്യാലയത്തില്‍ നിന്ന് ആവശ്യമില്ലാതെ പുറത്ത് പോകാന്‍ ആവില്ല. അതിലുപരിയായി ഈ വിദ്യാലയത്തിലേക്ക് പഠനാവശ്യത്തിനുള്ള സാധനങ്ങള്‍ അല്ലാതെ ഒന്നും കൊണ്ടുവരാനും പാടില്ല. എട്ടുവര്‍ഷത്തോളം ഈ വിദ്യാലയം വളരെ നന്നായി പ്രവര്‍ത്തിച്ചു. ഓരോ വര്‍ഷവും കുട്ടികളുടെ അക്കാദമിക നിലവാരം കൂടി വന്നു. അനേകായിരം മുസ്ലിം വിദ്യാര്‍ത്ഥികള്‍ ഈ വിദ്യാലയത്തില്‍ നിന്ന് പഠിച്ചിറങ്ങി ജീവിത വിജയം കൈവരിച്ചു.
എന്നാല്‍ 2023ല്‍ ആ വിദ്യാലയത്തിലെ നാനൂറോളം മുസ്ലിം വിദ്യാര്‍ത്ഥികളില്‍ പത്തോളം കുട്ടികള്‍ക്ക് വെള്ളിയാഴ്ചകളില്‍ സ്‌കൂളില്‍ നമാസ് ചെയ്‌തേ പറ്റൂ എന്ന ഒരു നിര്‍ബന്ധം തുടങ്ങി. അതിനായി പ്രാര്‍ത്ഥനാ മുറി വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. സ്വാഭാവികമായും സ്‌കൂള്‍ നിയമങ്ങള്‍ മതേതരമായതു കൊണ്ടു തന്നെ ഒരു വിഭാഗത്തിന് പ്രത്യേക പ്രാര്‍ത്ഥന മുറി അനുവദിക്കാന്‍ സാധ്യമല്ല എന്നും സ്‌കൂളിലുള്ള വിശ്വാസികളായ എല്ലാ കുട്ടികള്‍ക്കും പ്രാര്‍ത്ഥനാ മുറി അനുവദിക്കുക പ്രായോഗികമല്ലെന്നും മാനേജ്‌മെന്റ് തീരുമാനമെടുത്തു. നാനൂറ് മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് പ്രാര്‍ത്ഥിക്കണം എങ്കില്‍ എത്ര പ്രാര്‍ത്ഥനാ മുറികള്‍ ഒരുക്കണം!
ആര്‍ക്ക് വേണമെങ്കിലും ക്ലാസ് ഇല്ലാത്ത സമയത്ത് സ്വകാര്യമായി ഇരിക്കാന്‍ പറ്റുന്ന എവിടെയെങ്കിലും ഇരുന്ന് പ്രാര്‍ത്ഥിക്കാമല്ലോ എന്ന് മാനേജ്‌മെന്റ് മറുപടി നല്‍കി. ഉടനെ തന്നെ പത്തോളം മുസ്ലിം കുട്ടികള്‍ ദിവസവും സ്‌കൂളിലെ പ്രധാന കളിസ്ഥലത്തിന് നടുക്ക് തങ്ങളുടെ കോട്ട് ഊരി നിസ്‌കാരപ്പായാക്കി അതിലിരുന്ന് നമാസ് തുടങ്ങി. സ്‌കൂളിലെ നിയമമനുസരിച്ച് പഠന ആവശ്യത്തിനുള്ള സാധനങ്ങളല്ലാതെ ഒന്നും കൊണ്ടുവരാന്‍ പാടില്ല എന്നതുകൊണ്ട് നിസ്‌കാരപ്പായ എടുക്കാനാവില്ല എന്നത് കാണിക്കാനാണ് അവര്‍ സ്വന്തം കോട്ട് ഊരി നിസ്‌കാരം ചെയ്തിരുന്നത്.
എന്തായാലും കുട്ടികള്‍ ഉച്ച വെയിലത്ത് സ്‌കൂളിന്റെ നടുത്തള ത്തില്‍ സ്വന്തം കോട്ടൂരി നിസ്‌കാരം നടത്തേണ്ട ഗതികേടാണേ എന്ന് ചില പ്രാദേശിക മുസ്ലിം നേതാക്കള്‍ സ്വിച്ചിട്ട പോലെ നിലവിളി തുടങ്ങി. കുട്ടികള്‍ നിസ്‌കാരം തുടങ്ങിയതിന്റെ പിറ്റേന്ന് തന്നെ ഈ സ്‌കൂളിനെതിരെ ഒരു പ്രമുഖ വെബ്‌സൈറ്റില്‍ കൂട്ടപ്പരാതിയും ആരംഭിച്ചു. കാത്തിരുന്നത് പോലെ ആയിരത്തോളം പേര്‍ അതില്‍ ഒപ്പിട്ടു.
ഈ സ്‌കൂളിന് പുറത്തുള്ള വഴിയില്‍ നിന്നാല്‍ കുട്ടികള്‍ നടുമുറ്റത്ത് നിസ്‌കരിക്കുന്നത് കാണാം. അവിടെ നിന്ന് ഈ കുട്ടികള്‍ നിസ്‌കരിക്കുന്ന ഫോട്ടോയും വീഡിയോയും ഒക്കെ എടുത്ത് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരണം തുടങ്ങി. ഇസ്ലാമോഫോബിക് ആയ മികെയ്‌ലയും പ്രധാനാദ്ധ്യാപികയും എന്നതായിരുന്നു ഇതിലെ പരാമര്‍ശങ്ങള്‍. ഇവിടത്തെ അദ്ധ്യാപകരേയും മാനേജ്‌മെന്റിനേയും മര്യാദ പഠിപ്പിക്കണമെന്ന് ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം ഇസ്ലാമിക നേതാക്കളും മുല്ലാമാരും അലറി വിളിച്ചു.
കാതറിന്‍ ബീര്‍ബല്‍ സിംഗ് തന്റെ ജീവിതത്തില്‍ അനുഭവിച്ച ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു ഈ സമയം. അവര്‍ക്കെതിരെ വധഭീഷണികള്‍ ഉയര്‍ന്നു. മികെയ്‌ല സ്‌കൂളിന് എതിരെ ചില മുസ്ലിം കൗണ്‍സിലര്‍മാരും ഇടത് പാര്‍ട്ടി നേതാക്കളും സമരവുമായി വന്നു. സ്‌കൂളിന് മുന്നില്‍ പ്ലക്കാര്‍ഡുകളുമായി മുസ്ലിം സംഘടനകള്‍ കൂട്ടം കൂടി മുദ്രാവാക്യം വിളിച്ചു. പ്രധാന അധ്യാപികക്കെതിരെ മാത്രമല്ല മറ്റ് അധ്യാപകര്‍ക്ക് നേരെയും സാമൂഹ്യ മാധ്യമങ്ങളില്‍ ഭീഷണികള്‍ ഉയര്‍ന്നു. ചിലര്‍ക്ക് നേരെ ആക്രമണവും ഉണ്ടായി. ഒരു അധ്യാപകന്റെ വീടിനുള്ളിലേക്ക് ജനല്‍ തകര്‍ത്ത് ചുടുകട്ടകള്‍ വലിച്ചെറിഞ്ഞു. ഒരു അധ്യാപികയുടെ ഫ്‌ളാറ്റിന്റെ വാതില്‍ തകര്‍ത്തു. അധ്യാപകരുടെ വീടുകളില്‍ വധഭീഷണിക്കത്തുകള്‍ ലഭിച്ചു. അധ്യാപകരുടെ കാര്‍ നമ്പറുകള്‍ നോക്കി ആക്രമണങ്ങള്‍ നടന്നതിനാല്‍ പലര്‍ക്കും ബന്ധുക്കളുടെയും മറ്റും കാറുകളില്‍ രഹസ്യമായി സ്‌കൂളില്‍ വന്നിറങ്ങേണ്ടി വന്നു. കറുത്ത വര്‍ഗ്ഗക്കാരായ അധ്യാപകര്‍ സ്‌കൂളിലേക്ക് കയറി വരുമ്പോള്‍ പാകിസ്ഥാനി-ബംഗ്ലാദേശി വംശജരായ സമരക്കാര്‍ വഴിയില്‍ കൂട്ടം കൂടി നിന്ന് അവരെ ‘നിഗര്‍’ എന്നും ‘കുരങ്ങന്മാര്‍’ എന്നുമൊക്കെ അധിക്ഷേപിക്കുന്നത് പതിവായി. സ്‌കൂളിന് നേരെ ബോംബ് ഭീഷണി ഉണ്ടായി. പല ദിവസങ്ങളിലും ഇത് കാരണം അധ്യാപനം തടസ്സപ്പെട്ടു.
പുറത്ത് മാത്രമല്ല വിദ്യാലയത്തിനകത്തും കൃത്യമായ പദ്ധതിയോടെ പ്രശ്‌നങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. നമാസ് ചെയ്യുക മാത്രമല്ല വിശ്വാസി മുസ്ലീം കുട്ടികള്‍ നടത്തിയ പ്രവര്‍ത്തനം. നമാസ് ചെയ്യാത്ത മുസ്ലിം കുട്ടികളെ അവര്‍ അവിശ്വാസികള്‍ – കാഫിറുകള്‍ എന്നൊക്കെ വിളിച്ച് കളിയാക്കാന്‍ തുടങ്ങി. റംസാന്‍ സമയത്ത് നോമ്പ് എടുക്കാത്ത മുസ്ലീം കുട്ടികളെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. പലരും ഈ കളിയാക്കല്‍ പേടിച്ച് ഇവരോട് ചേര്‍ന്ന് നമാസ് ചെയ്യാന്‍ തുടങ്ങി. ഒരാഴ്ചയ്ക്കുള്ളില്‍ ഏകദേശം മുപ്പതോളം വിദ്യാര്‍ത്ഥികള്‍ നടുമുറ്റത്തിരുന്ന് നമാസ് ചെയ്തു തുടങ്ങി.
മികേയ്‌ലയിലെ കുടുംബ ഉച്ചഭക്ഷണരീതിയെപ്പറ്റി നാം പറഞ്ഞല്ലോ. വിശ്വാസികളായ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് റംസാന്‍ സമയത്ത് ഈ ഉച്ചഭക്ഷണത്തില്‍ നിന്ന് ഒഴിവായി നില്‍ക്കാം എന്ന് ഇളവുണ്ടായിരുന്നു. എന്നാല്‍ നമാസ് വിവാദം തുടങ്ങിയതോടെ ഈ കുടുംബ ഉച്ചഭക്ഷണ സമയത്ത് ഈ ‘വിശ്വാസികളായ’ മുസ്ലിം കുട്ടികള്‍ ഭക്ഷണമുറിയില്‍ കയറിവന്ന് ഭക്ഷണത്തിനായിരിക്കുന്ന മുസ്ലീങ്ങളായ കുട്ടികളെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. വിശപ്പ് സഹിക്കാത്തതിനാലോ അനാരോഗ്യം കൊണ്ടോ ആര്‍ത്തവ സമയത്തോ ഒക്കെ പല മുസ്ലീം കുട്ടികളും നൊയമ്പ് എടുക്കാറില്ലായിരുന്നു. ഇവരില്‍ പലരും ഈ വിശ്വാസികളുടെ ഭീഷണി കാരണം ഉച്ചഭക്ഷണം ഒഴിവാക്കാന്‍ നിര്‍ബന്ധിതരായി. ക്വയര്‍ സംഗീതം പഠിച്ചുകൊണ്ടിരുന്ന ചില മുസ്ലിം വിദ്യാര്‍ത്ഥികളെ ഈ വിശ്വാസികള്‍ ഭീഷണിപ്പെടുത്തി. സംഗീതം ഹറാമാണ് എന്നതാണ് കാരണം. ഭീഷണി കാരണം പല മുസ്ലിം കുട്ടികളും സങ്കടത്തോടെ ക്വയര്‍ സംഗീത പഠനവും ഉപേക്ഷിച്ചു. ഹിജാബ് ധരിക്കാതെ സ്‌കൂളിലെത്തിയിരുന്ന മുസ്ലിം പെണ്‍കുട്ടികളെ ഇവര്‍ ഭീഷണിപ്പെടുത്തി ഹിജാബ് ധരിപ്പിക്കാന്‍ തുടങ്ങി.
ഇത്രയുമായപ്പോള്‍ ഹെഡ് ടീച്ചര്‍ എന്ന നിലയില്‍ കാതറിന്‍ ബീര്‍ബല്‍ സിംഗിന് ഇടപെടാതെ തരമില്ല എന്നായി. നടുമുറ്റ നമാസ് പ്രഹസനവും അവര്‍ നിരോധിച്ചു. നടുമുറ്റത്ത് കോട്ട് ഊരി പായയാക്കി നമാസ് ചെയ്യുന്നത് പുറത്ത് വഴിയില്‍ നിന്ന് കാണാന്‍ കഴിയുന്നു എന്നതാണല്ലോ പ്രശ്‌നങ്ങള്‍ക്ക് കാരണം. നടുമുറ്റ നമാസങ്ങ് നിര്‍ത്തിയാല്‍ ശല്യം തീര്‍ന്നു എന്നവര്‍ കരുതിക്കാണും. അതോടെ സമരവും ബഹളവും അടുത്ത ഘട്ടത്തിലേക്ക് നീങ്ങി. ഒപ്പം കാതറിന്‍ ബീര്‍ബല്‍ സിംഗിനും മികെയ്‌ല വിദ്യാലയത്തിനും എതിരേ ഹൈക്കോടതിയില്‍ കേസും കൊടുത്തു. പേര് വെളിപ്പെടുത്താത്ത ഒരു വിദ്യാര്‍ത്ഥിയാണ് കേസ് കൊടുത്തത്. ആ വിദ്യാര്‍ത്ഥിയുടെ പ്രാര്‍ത്ഥനാ സ്വാതന്ത്ര്യം എന്ന മൗലികാവകാശത്തിന് സ്‌കൂള്‍ മാനേജ്‌മെന്റും പ്രധാനാധ്യാപികയും തടസ്സം നില്‍ക്കുന്നുവെന്നും പ്രാര്‍ത്ഥനാ മുറി വിദ്യാര്‍ത്ഥികളുടെ മൗലികാവകാശമാണെന്നും ആയിരുന്നു വാദം.
മികേയ്‌ല സ്‌കൂളും ഒട്ടും വിട്ടുകൊടുത്തില്ല. ഏറ്റവും മികച്ച വക്കീലന്മാര്‍ സ്‌കൂളിന് വേണ്ടി ഹാജരായി. നാനൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് ഈ വിദ്യാലയത്തിലൊരു പ്രാര്‍ത്ഥന മുറി പ്രായോഗികമല്ല. ഈ വിദ്യാലയത്തിലെ ചിട്ടവട്ടങ്ങളും മതേതരമായ അന്തരീക്ഷവുമെല്ലാം നേരത്തെ പറഞ്ഞിട്ടാണ് വിദ്യാര്‍ഥികള്‍ക്ക് ഇവിടെ പ്രവേശനം നല്‍കുക. ഇതെല്ലാം മാതാപിതാക്കളെയും ധരിപ്പിച്ചിട്ടുള്ളതാണ്. ഇത്തരം കാര്യങ്ങള്‍ ഇഷ്ടമല്ലെങ്കില്‍ അവര്‍ക്ക് അടുത്തുള്ള മറ്റു വിദ്യാലയങ്ങളില്‍ ചേരാം. ആയതുകൊണ്ട് വിദ്യാലയങ്ങളുടെ നിയമങ്ങള്‍ പാലിക്കാന്‍ അനുവദിക്കണം എന്നായിരുന്നു സ്‌കൂളിന്റെ വാദം. കേസ് ഹൈക്കോടതിയില്‍ പോയതോടെ മറ്റു സമരങ്ങള്‍ നിര്‍ത്തേണ്ടിവന്നു. അത് വിദ്യാലയത്തിന് അനുഗ്രഹവുമായി. അവസാനം ഒരുപാട് കാലത്തെ വാദപ്രതിവാദത്തിനു ശേഷം സ്‌കൂളിന്റെ ഭാഗമാണ് ശരി എന്ന് ഹൈക്കോടതി വിധിച്ചു. ബ്രിട്ടനിലെ എല്ലാ വിദ്യാലയങ്ങളുടെയും വിജയം എന്നാണ് കാതറിന്‍ ബീര്‍ബല്‍ സിംഗ് ഈ വിധിയെ സ്വാഗതം ചെയ്തത്.
വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ ഇന്നും നടക്കുന്നുണ്ട്. ഹൈക്കോടതിയില്‍ ഇത്രയും വലിയ ഒരു കേസ് നല്‍കുവാന്‍ മികയ്‌ല പോലെ ഒരു വിദ്യാലയത്തില്‍ സൗജന്യപഠനം നടത്തുന്ന വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ക്ക് എവിടെ നിന്നാണ് പണം ലഭിച്ചത് എന്നത് കണ്ടെത്തണമെന്നാണ് യുകെയിലെ പ്രശസ്ത മാസികയായ സ്‌പെക്ടേറ്റര്‍ അഭിപ്രായപ്പെട്ടത്. ഈ വിധി ഇസ്ലാമോഫോബിയ വളര്‍ത്തുന്നു എന്ന് ഇടതുപക്ഷ മാധ്യമങ്ങളും അഭിപ്രായപ്പെട്ടു. കാതറിന്‍ ബിര്‍ബല്‍ സിംഗ് കാരണം ഇസ്ലാം വളരെ മോശമായി ചിത്രീകരിക്കപ്പെട്ടു എന്നാണ് ഒരു ഇടതുപക്ഷ അദ്ധ്യാപിക പത്രത്തില്‍ എഴുതിയത് (കുറ്റം കാതറിന്റേതാണ്. അല്ലാതെ ആക്രമണങ്ങള്‍ നടത്തിയവരുടെയല്ല!). ഇങ്ങനെ ഒരു വിധി വന്നില്ലായിരുന്നുവെങ്കില്‍ മികേയ്‌ല എന്ന വിദ്യാലയം മാത്രമല്ല അവര്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങളുടെ പോലും അവസാനമായേനെ എന്നാണ് ഡഗ്ലസ് മുറേ എന്ന പ്രമുഖ എഴുത്തുകാരന്‍ അഭിപ്രായപ്പെട്ടത്.
കണ്‍സര്‍വേറ്റീവ് എന്ന പദത്തിന് തത്തുല്യമായ ഒരു മലയാള പദം ലഭിക്കുന്നില്ല. യാഥാസ്ഥിതികര്‍ എന്ന വാക്ക് കണ്‍സര്‍വേറ്റീവ് എന്ന പദത്തിന്റെ പരിഭാഷയല്ല. മാനുഷിക മൂല്യങ്ങളോട് ചേര്‍ന്ന് നിന്ന് സമൂഹത്തിന്റെ ക്രമാനുഗതികമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടുപോകുന്നവരെയാണ് പൊതുവേ കണ്‍സര്‍വേറ്റീവുകള്‍ എന്ന് പറയുന്നത്. സാമ്പ്രദായികമായ സ്ഥാപനങ്ങളെയും ശീലങ്ങളെയും എല്ലാം നിലനിര്‍ത്തിക്കൊണ്ടുതന്നെ, കാലങ്ങളെടുത്ത് പരിണമിച്ചുണ്ടായ വ്യവസ്ഥകളെ ഒന്നിനേയും അനാവശ്യമായി തച്ചുടക്കാതെ തന്നെ സ്വതന്ത്ര ചിന്താഗതിയും സ്വതന്ത്ര വിപണിയും മുന്നില്‍ നിര്‍ത്തി ശാസ്ത്ര പുരോഗതിയെ സ്വീകരിച്ച് ക്രമാനുഗതികമായ മാറ്റങ്ങളോടെ സമൂഹ പുരോഗതിക്കായി യത്‌നിക്കുക എന്നതാണ് കണ്‍സര്‍വേറ്റീവിസം എന്ന് സാമാന്യമായി പറയാം.
എന്നാല്‍ അടിസ്ഥാനമായുള്ള എല്ലാത്തിനെയും തച്ചുടച്ച് അതിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് തികച്ചും നൂതനമായ ഒരു സമൂഹം ഉണ്ടാക്കുക എന്നതാണ് റാഡിക്കലിസം. മിക്ക ഇടതുപക്ഷക്കാരും ഇത്തരം റാഡിക്കല്‍ ആശയങ്ങള്‍ പിന്തുടരുന്നവരാണ്. വിഗ്രഹങ്ങള്‍ തച്ചുടച്ച് പഴയതിനെയെല്ലാം തകര്‍ത്ത് പതിനാറാം നൂറ്റാണ്ടിലെ ഏകതാനമായ അറേബ്യതയെ ലോകമെങ്ങും വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്ന ഇസ്ലാമിസം ഒരു റാഡിക്കല്‍ പ്രത്യയശാസ്ത്രം തന്നെയാണ്. എല്ലാ സ്ഥാപനങ്ങളെയും തകര്‍ത്ത് സാമ്പ്രദായിക സംസ്‌കാരത്തിന്റെ അവസാന ഉറവയും നശിപ്പിച്ച് (Cultural revolution)) അവിടെ ഏകതാനമായ മറ്റൊരു സമൂഹത്തെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന റാഡിക്കല്‍ ഇടതുപക്ഷവും ഇസ്ലാമിസവും തമ്മില്‍ വ്യത്യാസമൊന്നുമില്ല. അതുകൊണ്ടുതന്നെയാണ് റാഡിക്കല്‍ ഇടതുപക്ഷത്തിന്റെ സ്വാഭാവികമായ കൂട്ടാളി ഇസ്ലാമിസമാകുന്നത്. സാമ്പ്രദായികമായ സംസ്‌കാരത്തെ തച്ചുടച്ച് വിഗ്രഹങ്ങള്‍ എല്ലാം തകര്‍ത്ത് കഴിയുമ്പോള്‍ ആര് ആരെ തിന്നും എന്നതില്‍ ഇരുവര്‍ക്കും അവരവരുടേതായ രഹസ്യ അജണ്ടയുണ്ട് എന്നതാണ് ഇതിലെ അവസാന തമാശ.
കാതറീന്‍ ബീര്‍ബല്‍ സിംഗ് കണ്‍സര്‍വേറ്റീവ് മൂല്യങ്ങളുള്ള സമൂഹത്തെ നിലനിര്‍ത്തിക്കൊണ്ട് അതിനെ പുരോന്മുഖമായി നയിക്കാന്‍ ശ്രമിക്കുന്ന ഒരു പ്രധാനാധ്യാപികയാണ്. റാഡിക്കല്‍ ഇടതുപക്ഷവും ഇസ്ലാമിസവും കൈകോര്‍ത്തുപിടിച്ച് ഒരുമിച്ച് നിന്ന്, വോക്കിസത്തിന്റെ പിടിയിലമര്‍ന്ന സമൂഹത്തില്‍ പ്രത്യാശയുടെ അവസാന തുരുത്തായ മികയ്‌ലയെ എങ്ങനെ തകര്‍ക്കാം എന്ന് ശ്രമിക്കുന്നതിന്റെ കഥയാണ് ഇവിടെ പറയാന്‍ ശ്രമിച്ചത്.
മൂവാറ്റുപുഴ നിര്‍മ്മല കോളേജില്‍ നടക്കുന്നതും മറ്റൊന്നല്ല. ഇത് കേരളത്തില്‍ നടക്കുന്ന വളരെ യാദൃച്ഛികമായ ഒരു സംഭവവും അല്ല. മനുഷ്യാവകാശത്തേയും സ്വാതന്ത്ര്യത്തേയുമെല്ലാം താല്‍ക്കാലിക പരിചയാക്കി ആഗോള ഇസ്ലാമിസ്റ്റ്-ഇടത് ഭീകരവാദത്തിന്റെ പാഠപുസ്തകത്താളുകളില്‍ നിന്ന് ലോകമെങ്ങും ആവര്‍ത്തിക്കുന്ന നിരന്തരമായ ആക്രമണങ്ങളുടെ ഒരു ചെറിയ ഉദാഹരണം മാത്രമാണ് മൂവാറ്റുപുഴ നിര്‍മ്മല കോളേജിലേയും അവിടെനിന്ന് ഏതാണ്ട് പതിനായിരം കിലോമീറ്റര്‍ അപ്പുറത്തുള്ള മികേയ്‌ല സ്‌കൂളിലെയും പ്രാര്‍ത്ഥനാ മുറി വിവാദം.