സമൂഹത്തിന്റെ സര്‍വ്വമേഖലകളിലും സ്ത്രീകള്‍ക്ക് തുല്യമായ പരിഗണനയും പ്രാതിനിധ്യവുമെല്ലാം വാഗ്ദാനം ചെയ്യപ്പെടുമ്പോഴും തൊഴിലിടങ്ങളില്‍ ഉള്‍പ്പെടെ ഇപ്പോഴും സ്ത്രീകള്‍ കൂടുതല്‍ കൂടുതല്‍ അരക്ഷിതരായി മാറുകയാണ്. അടുത്തിടെ കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവവും മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അതിഭീകരമായ അടിച്ചമര്‍ത്തലുകള്‍ ചൂണ്ടിക്കാണിക്കുന്ന ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളും ഇക്കാര്യം വ്യക്തമാക്കുന്നതാണ്.
ബംഗാളിലെ തൃണമൂല്‍ ഭരണത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ അവിടെ തുടര്‍ച്ചയായി സ്ത്രീകള്‍ക്കെതിരെ സംഘടിതമായ അതിക്രമങ്ങള്‍ അരങ്ങേറുകയാണ്. ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ മുപ്പത്തൊന്നുകാരിയായ വനിതാ ഡോക്ടറുടെ മൃതദേഹത്തോടുപോലും ക്രൂരത കാണിച്ചവരെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സ്വീകരിച്ചത്. കൊലപാതകത്തെ തുടര്‍ന്ന് തൃണമൂല്‍ അക്രമികള്‍ ആശുപത്രി കൈയ്യേറുകയും ഡോക്ടര്‍മാര്‍ക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്തു. പോലീസിന്റെ ഒത്താശയോടെയാണ് ഈ അക്രമങ്ങളെല്ലാം നടന്നത്. മാത്രമല്ല, തുടക്കം മുതല്‍ കേസന്വേഷണത്തില്‍ ഗുരുതര വീഴ്ചവരുത്തിയ പോലീസിനെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുകയും കേസ് സിബിഐ ഏറ്റെടുക്കുന്നതിനെ ഹൈക്കോടതിയില്‍ എതിര്‍ക്കുകയും ചെയ്തു. എന്നാല്‍, ആഗസ്റ്റ് ഒന്‍പതിന് പുലര്‍ച്ചെ നടന്ന സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുക്കുകയും രക്ഷിതാക്കളെ മൃതദേഹം കാണിക്കാന്‍ അനുവദിക്കാതിരുന്നതിനെയും, കൊലപാതകം ആത്മഹത്യയാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചതിനെയും നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. തൃണമൂല്‍ നേതൃത്വത്തില്‍ ബംഗാളില്‍ നടക്കുന്ന ഭീകരഭരണത്തിന്റെ നേര്‍ചിത്രമാണ് ഈ സംഭവത്തിലൂടെ ഒരിക്കല്‍കൂടി പുറത്തുവന്നത്.
മാസങ്ങള്‍ക്ക് മുന്‍പ് ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍പ്പെടുന്ന സന്ദേശ്ഖാലിയിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവായ ഷെയ്ഖ് ഷാജഹാനും സംഘവും ഒരു സ്വതന്ത്ര സാമ്രാജ്യം തന്നെ സൃഷ്ടിച്ച് അവിടെ നടത്തിയിരുന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് സ്ത്രീകള്‍ തന്നെ പരസ്യമായി പ്രതികരിച്ചിരുന്നു. എന്നാല്‍ ഷാജഹാന് രാഷ്ട്രീയ അഭയമൊരുക്കുകയാണ് മുഖ്യമന്ത്രി മമത ബാനര്‍ജി ചെയ്തത്. ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരെ പരിരക്ഷിച്ചും പാര്‍ട്ടി ക്രിമിനലുകളെ പോറ്റി വളര്‍ത്തിയും ബംഗാളില്‍ അരാജകത്വം സൃഷ്ടിക്കാനാണ് അവര്‍ പരിശ്രമിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് ഭരണം തുടങ്ങിയതുമുതല്‍ ബംഗാളില്‍ കൂട്ടബലാത്സംഗവും കൊലപാതകവും തുടര്‍ക്കഥയാവുകയാണ്. 2012 ഫെബ്രുവരിയില്‍ കൊല്‍ക്കത്ത പാര്‍ക് സ്ട്രീറ്റില്‍ ഒരു വനിതയെ ഓടുന്ന കാറില്‍ ബലാത്സംഗം ചെയ്ത സംഭവം അന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. പിന്നീട് തുടര്‍ച്ചയായി അവിടെ ബലാത്സംഗങ്ങളും കൊലപാതകങ്ങളും ഉണ്ടായി. അപ്പോഴെല്ലാം അക്രമികള്‍ക്ക് പ്രോത്സാഹനവും പിന്തുണയും നല്‍കുന്ന സമീപനമാണ് ഭരണകൂടം സ്വീകരിച്ചത്.
ബംഗാളിലെ ബലാത്സംഗത്തിന്റെ ഞെട്ടലില്‍ നിന്ന് രാജ്യം മുക്തമാകുന്നതിനു മുന്‍പാണ് മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അതിഭീകരമായ അതിക്രമങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നത്. 2019 ല്‍ തന്നെ സര്‍ക്കാരിന് സമര്‍പ്പിക്കപ്പെട്ട ഈ റിപ്പോര്‍ട്ട് ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കുശേഷം വിവരാവകാശ നിയമപ്രകാരമാണ് പുറത്ത് വന്നിരിക്കുന്നത്. മലയാള സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധതയുടെ നേര്‍ചിത്രമാണ് റിപ്പോര്‍ട്ടിലുള്ളത്. സിനിമാ രംഗം ഒരു പവര്‍ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണെന്നും സിനിമാ നടിമാര്‍ സാമ്പത്തിക ചൂഷണത്തിനും ലൈംഗിക ചൂഷണങ്ങള്‍ക്കും വിധേയരാവുന്നുവെന്നുമാണ് റിപ്പോര്‍ട്ടിന്റെ രത്‌നച്ചുരുക്കം.
സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ സിനിമാ മേഖല ഉള്‍പ്പെടെയുള്ള കേരളത്തിലെ തൊഴിലിടങ്ങളുടെയെല്ലാം സ്ഥിതി ഒട്ടും ഭേദമല്ലെന്നതാണ് അനുഭവങ്ങള്‍ തെളിയിക്കുന്നത്. കഴിഞ്ഞ വര്‍ഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച യുവാവിന്റെ അക്രമത്തില്‍ വനിത ഡോക്ടര്‍ കൊല്ലപ്പെട്ടിരുന്നു. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് വര്‍ഷങ്ങളോളം മൂടി വെക്കുകയും അതില്‍ നിയമനടപടി സ്വീകരിക്കാന്‍ മടികാണിക്കുകയും ചെയ്യുന്ന സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍ ദയനീയമായി പരാജയപ്പെടുകയാണ്. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ സിപിഎം പുലര്‍ത്തുന്ന നയനിലപാടുകള്‍ തികച്ചും പരിഹാസ്യമാണ്. മുന്‍പൊരിക്കല്‍ ഗാര്‍ഹിക പീഡനം സംബന്ധിച്ച് പരാതി പറഞ്ഞ യുവതിയോട് ‘അനുഭവിച്ചോളൂ’ എന്ന് ആക്രോശിച്ചത് സിപിഎം നേതാവുകൂടിയായ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയായിരുന്നു. മറ്റൊരിക്കല്‍, എംഎല്‍എ കൂടിയായ സിപിഎം നേതാവിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകയായ യുവതി പീഡന ആരോപണം ഉന്നയിച്ചപ്പോള്‍ അതില്‍ വനിതാകമ്മീഷന്‍ ഇടപെടേണ്ടതില്ലെന്നും തങ്ങളുടെ പാര്‍ട്ടി ഒരു കോടതിയും പോലീസ് സ്റ്റേഷനും കൂടിയാണെന്ന് വിശദീകരിച്ചതും ഇതേ വനിതാനേതാവ് തന്നെ. സ്ത്രീകളുള്ളിടത്തൊക്കെ സ്ത്രീപീഡനവും നടക്കുമെന്നത് കാലപ്പഴക്കമില്ലാത്ത ഒരു കമ്മ്യൂണിസ്റ്റ് തമാശയാണ്. എസ്എഫ്‌ഐ എന്ന കമ്മ്യൂണിസ്റ്റ് വിദ്യാര്‍ത്ഥി സംഘടന അദ്ധ്യാപികമാരെ നിരന്തരം ആക്ഷേപിച്ചതും അവര്‍ക്ക് കുഴിമാടങ്ങള്‍ ഒരുക്കിയതും മറക്കാവുന്നതല്ല. പയ്യന്നൂരില്‍ ചിത്രലേഖയെന്ന ദളിത് യുവതിയെ വേട്ടയാടിയതും നിയമസഭയില്‍ വെച്ച് ഒരു വനിതാ അംഗത്തോട് വിധവയായത് വിധിയാണ് എന്ന് പറഞ്ഞതും സ്ത്രീസമത്വത്തിനുവേണ്ടി വനിതാമതിലൊരുക്കിയ ഈ പുരോഗമന നവോത്ഥാനക്കാര്‍ തന്നെ. അങ്ങേയറ്റം സ്ത്രീവിരുദ്ധമായ മുത്തലാഖിനെ കേന്ദ്രസര്‍ക്കാര്‍ നിയമമൂലം നിരോധിച്ചപ്പോഴും പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തിയപ്പോഴും സംസ്ഥാന സര്‍ക്കാര്‍ അതിനെ അനുകൂലിച്ചില്ല. സ്ത്രീകളെ മാനഭംഗപ്പെടുത്തി വസ്ത്രാക്ഷേപം ചെയ്യുന്ന ദുശ്ശാസനത്വത്തിന്റെ കൗരവസഭകള്‍ കാലപ്രവാഹത്തിലും കടപുഴകിയിട്ടില്ലെന്നാണ് സമകാലിക സംഭവങ്ങളില്‍ നിന്ന് വായിച്ചെടുക്കേണ്ടത്. അംഗനമാരുടെ അരക്ഷിതത്വം പരിഷ്‌കൃത സമൂഹത്തിന്റെ അടയാളമല്ലെന്ന് ഏവരും തിരിച്ചറിയേണ്ടതുണ്ട്.