ഭാരതത്തിലെ ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കുന്നതിനായി മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ ആരംഭിച്ചതായിരുന്നുവല്ലോ 1942 ലെ ക്വിറ്റിന്ത്യാ സമരം. ബ്രിട്ടീഷ് സര്‍ക്കാരില്‍നിന്ന് പണം കൈപ്പറ്റി ഈ സമരത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുമ്പോഴും ചില പരിപാടികള്‍ സംഘടിപ്പിച്ച് അത് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമിച്ചിരുന്നു. ഇതില്‍ വലിയൊരളവോളം അവര്‍ക്ക് വിജയിക്കാനും കഴിഞ്ഞു. അന്നത്തെ നിലയ്ക്ക് പ്രചണ്ഡമായ പ്രചാരണമാണ് ഇതിനുവേണ്ടി കമ്മ്യൂണിസ്റ്റു പാര്‍ട്ടി നടത്തിയത്. ഇന്ത്യന്‍ സാഹചര്യമൊന്നും വിലയിരുത്താതെ സ്വന്തം പിതൃഭൂമിയും ഭാരതത്തിലെ സാമ്രാജ്യത്വ വാഴ്ചയുടെ സഹകാരികളുമായിരുന്ന സോവിയറ്റ് യൂണിയന്റെ താല്‍പ്പര്യവും നിര്‍ദ്ദേശവും അനുസരിച്ചാണ് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇത് ചെയ്തത്. എന്നിട്ടും അത് സ്വാതന്ത്ര്യത്തിനു വേണ്ടിയാണെന്ന് വരുത്തിത്തീര്‍ക്കാനും, സ്വന്തം അണികളെ വിശ്വസിപ്പിക്കാനും കഴിഞ്ഞു എന്നിടത്താണ് അവരുടെ സാമര്‍ത്ഥ്യം പ്രകടമാകുന്നത്. ക്വിറ്റിന്ത്യാ സമരത്തെ വഞ്ചിച്ചത് രാജ്യദ്രോഹം ആയിരുന്നിട്ടും പാര്‍ട്ടി നേതൃത്വം എക്കാലത്തും അതിനെ ന്യായീകരിക്കുകയും, മസ്തിഷ്‌ക പ്രക്ഷാളനത്തിലൂടെ അണികളും ജനങ്ങളില്‍ ഒരുവിഭാഗവും അത് വിശ്വസിക്കുകയും ചെയ്യുന്നു.
ഭാരത് ഛോഡോ ആന്തോളന്‍ ആണല്ലോ ക്വിറ്റിന്ത്യാ സമരമായി അറിയപ്പെട്ടത്. എട്ട് പതിറ്റാണ്ടിനു ശേഷം ഈ യാത്രയെ അനുകരിച്ച് ഒരു ഭാരത് ജോഡോ യാത്ര നടത്തിയപ്പോള്‍ ക്വിറ്റിന്ത്യ സമരത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വഞ്ചനാത്മകമായ റോളാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പാരമ്പര്യം അവകാശപ്പെടുന്ന സോണിയാ കോണ്‍ഗ്രസ് നിര്‍വ്വഹിച്ചത്. സ്വാതന്ത്ര്യസമര മുന്നേറ്റത്തെ ശക്തിപ്പെടുത്താനെന്ന വ്യാജേന അതിനെ അട്ടിമറിക്കാനാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ ശ്രമിച്ചതെങ്കില്‍, ഭാരതത്തെ ഐക്യപ്പെടുത്താന്‍ എന്ന വ്യാജേന ഭാരതം ദുര്‍ബ്ബലവും ശിഥിലവുമായി കാണാന്‍ ആഗ്രഹിക്കുന്ന ശക്തികളുമായി കൈകോര്‍ക്കുകയായിരുന്നു സോണിയാ കോണ്‍ഗ്രസ്. ഭാരത് ഛോഡോ യാത്രയില്‍ കമ്മ്യൂണിസ്റ്റ് നേതാക്കളെപ്പോലെ ഭാരത് ജോഡോ യാത്രയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുലും വൈദേശിക ശക്തികളുമായി കൈകോര്‍ക്കുകയും, അവര്‍ക്ക് കീഴടങ്ങുകയും ചെയ്തു എന്നത് ചരിത്രത്തിലെ കൗതുകകരമായ ഒരു സമാനതയാണ്.
തുടക്കംമുതല്‍ ഹിന്ദുവിരുദ്ധത
ലോക്‌സഭാ തിരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി സംഘടിപ്പിക്കപ്പെട്ട ഭാരത് ജോഡോ യാത്രയുടെ ദേശവിരുദ്ധവും ഹിന്ദുവിരുദ്ധവുമായ സ്വഭാവം തുടക്കത്തില്‍ തന്നെ വെളിപ്പെടുകയുണ്ടായി. ഇന്ത്യയെ കണ്ടെത്താനെന്നു പറഞ്ഞുള്ള രാഹുലിന്റെ ഈ യാത്ര 2022 സപ്തംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച് 3500 കിലോമീറ്ററോളം സഞ്ചരിച്ച് കശ്മീരിലാണ് അവസാനിച്ചത്. താന്‍ യാത്രയുടെ നേതാവല്ല, പങ്കാളിയാണെന്നു പറഞ്ഞെങ്കിലും നിരന്തര പരാജിതന്‍ എന്ന പ്രതിച്ഛായ മാറ്റി പ്രതിപക്ഷത്തിന്റെ നേതാവായി സ്വയം ഉയര്‍ത്തിക്കാട്ടുന്നതിനുള്ള ശ്രമമാണ് കോണ്‍ഗ്രസും രാഹുലും നടത്തിയത്. യുപിഎ ഭരണകാലത്ത് സോണിയ അദ്ധ്യക്ഷയായി രൂപീകരിച്ച ദേശീയ ഉപദേശക സമിതിയുടെ (എന്‍എസി) അംഗങ്ങളും, ഇവര്‍ക്ക് ബന്ധമുള്ള ചില സന്നദ്ധ സംഘടനകളും ജോഡോ യാത്രയില്‍ പങ്കുചേര്‍ന്നു. മസ്ദൂര്‍ കിസാന്‍ ശക്തി സംഘടന്‍ (എംകെഎസ്എസ്) സ്ഥാപക നേതാവ് അരുണ റോയ്, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പ്രൊഫ. ഗണേഷ് ദേവി, മുന്‍ ആസൂത്രണ കമ്മീഷന്‍ അംഗം സെയ്ദ് ഹമീദ്, സഫായി കര്‍മ്മചാരി ആന്തോളന്‍ സ്ഥാപകന്‍ ബെസ്‌വാദ വില്‍സണ്‍ തുടങ്ങിയവരുടെ യാത്രയിലെ പങ്കാളിത്തം പല സംശയങ്ങളുമുയര്‍ത്തി.
ജോഡോ യാത്ര മൂന്നുദിവസമാണ് തമിഴ്‌നാട്ടിലൂടെ സഞ്ചരിച്ചത്. ഇതിനിടെ അഞ്ച് ക്രൈസ്തവ പള്ളികളിലും അവര്‍ നടത്തുന്ന സ്‌കൂളുകളിലുമാണ് രാഹുലിന്റെ സംഘം തങ്ങിയത്. പൗരാണികവും പ്രസിദ്ധവുമായ ക്ഷേത്രങ്ങളുടെ നാടാണ് തമിഴ്‌നാട്. ഇവയില്‍ ഒന്നില്‍ പോലും രാഹുല്‍ ദര്‍ശനം നടത്തിയില്ലെന്നുമാത്രമല്ല, ‘ജനനായക ക്രൈസ്തവ പേരവൈ’ എന്ന സംഘടനയുടെ നേതാവും, ഹിന്ദു ദൈവങ്ങളെ നിന്ദിച്ചതിന് അറസ്റ്റിലാവുകയും ചെയ്തിട്ടുള്ള ഫാദര്‍ ജോര്‍ജ് പൊന്നയ്യയുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ”ക്രിസ്തുവാണ് ഒരേ ഒരു സത്യദൈവം” എന്ന് ഈ കൂടിക്കാഴ്ചയില്‍ പൊന്നയ്യ പറയുന്നതും, രാഹുല്‍ അത് തലയാട്ടി ശരിവയ്ക്കുന്നതുമായ ദൃശ്യങ്ങള്‍ പിന്നീട് പുറത്തുവരികയുണ്ടായി. കൂടംകുളം ആണവ നിലയത്തിനെതിരെ ക്രൈസ്തവ സഭയുടെ പിന്തുണയോടെ നടന്ന സമരത്തിന്റെ നേതാവ് ഉദയകുമാറാണ് രാഹുലുമായി കൂടിക്കാഴ്ച നടത്തിയ മറ്റൊരാള്‍.
ജോഡോ യാത്ര 18 ദിവസം സഞ്ചരിച്ച കേരളത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഗണവേഷം കത്തിക്കുന്നതിന്റെ ചിത്രം കോണ്‍ഗ്രസ് പാര്‍ട്ടി ട്വിറ്ററില്‍ (പിന്നീട് എക്‌സ്) ഔദ്യോഗികമായിത്തന്നെ പ്രദര്‍ശിപ്പിച്ച് സ്വയംസേവകരുടെ ഉന്മൂലനത്തിന് ആഹ്വാനം ചെയ്തത് വിവാദം സൃഷ്ടിച്ചു. ഒരു നൂറ്റാണ്ട് കാലത്തോളം രാഷ്ട്രത്തിനുവേണ്ടിയും സമാജത്തിനു വേണ്ടിയും നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന ഒരു സംഘടനയെയാണ് ഇപ്രകാരം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചത്. ഒരുകാലത്ത് ദേശീയ പാര്‍ട്ടിയായിരുന്ന കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ ചിന്താഗതിയെ നിയന്ത്രിക്കുന്നത് അര്‍ബന്‍ നക്‌സലുകളും ബഹുരാഷ്ട്ര എന്‍ജിഒകളുമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ജോഡോ യാത്രയിലുടനീളം രാഹുലിന്റെ ഭാഷയും ശരീര ഭാഷയും അത്യന്തം പ്രകോപനപരവും ദേശീയ താല്‍പര്യത്തിനെതിരുമായിരുന്നു. ചില വൈദേശിക ശക്തികള്‍ രാഹുലിനെക്കൊണ്ട് പറഞ്ഞുപറയിപ്പിക്കുന്നതു പോലെയാണ് തോന്നിയത്.
രാഹുലിന്റെ വിദേശ ചരടുകള്‍
ഭാരത് ജോഡോ യാത്ര കര്‍ണ്ണാടകയില്‍ എത്തിയപ്പോള്‍ സലില്‍ ഷെട്ടി എന്നയാള്‍ രാഹുലിനൊപ്പം കൈകോര്‍ത്തു നടന്നത് യാത്രയുടെ രഹസ്യ അജണ്ട പുറത്തുകൊണ്ടുവരികയുണ്ടായി. ജോര്‍ജ് സോറസ് നിയന്ത്രിക്കുന്ന ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ ആഗോള വൈസ് പ്രസിഡന്റാണിയാള്‍. ഇടത്-ജിഹാദി ശക്തികള്‍ക്കും കോണ്‍ഗ്രസിനും അര്‍ബന്‍ നക്‌സലുകള്‍ക്കുമൊപ്പം പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ പങ്കാളിയാവുകയും, കോവിഡ് കാലത്ത് ഭാരതം തദ്ദേശീയമായി നിര്‍മ്മിച്ച വാക്‌സിനെതിരെ പ്രചാരണം നടത്തുകയും, ഫിസര്‍, മൊഡേര്‍ണ എന്നീ വിദേശ വാക്‌സിന്‍ കമ്പനികള്‍ക്കു വേണ്ടി വാദിക്കുകയും ചെയ്തയാളാണ് സലില്‍ ഷെട്ടി. ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷനില്‍ എത്തുന്നതിനു മുന്‍പ്, മനുഷ്യാവകാശത്തിന്റെ പേരില്‍ നിരന്തരം ഭാരതവിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചുപോരുന്ന ആംനസ്റ്റി ഇന്റര്‍നാഷണല്‍ എന്ന സംഘടനയുടെ സെക്രട്ടറി ആയിരുന്നു ഷെട്ടി. ഇയാളെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷനില്‍ എത്തിച്ച കരങ്ങള്‍തന്നെയാണ് ഭാരത് ജോഡോ യാത്രയ്‌ക്കൊപ്പം കൈപിടിച്ച് നടത്തിച്ചതെന്നും കരുതേണ്ടിയിരിക്കുന്നു. തന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ സോറസിന്റെ മറ്റൊരു കൂട്ടാളിയായ സുനിതാ വിശ്വനാഥനുമായി രാഹുല്‍ വേദി പങ്കിട്ടത് ഇതോടൊപ്പം വായിക്കേണ്ടതുണ്ട്.
അമേരിക്കയിലെത്തിയ രാഹുല്‍, സുനിതാ വിശ്വനാഥനുമായി കൂടിക്കാഴ്ച നടത്തിയത് വിമര്‍ശനവിധേയമായപ്പോള്‍ കോണ്‍ഗ്രസ് അതിനോട് പ്രതികരിച്ചില്ല. എന്നാല്‍ അപകടം മനസ്സിലാക്കി തനിക്ക് ജോര്‍ജ് സോറസുമായി ബന്ധമൊന്നുമില്ലെന്ന് സുനിത അവകാശപ്പെടുകയുണ്ടായി. ജോര്‍ജ് സോറസ് ഭാരതത്തോട് എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് പലര്‍ക്കും അറിയാം. ഇയാളുടെ കൂട്ടാളികളുമായി രാഹുലും കോണ്‍ഗ്രസും കൈകോര്‍ക്കുന്നത് ആരുടെ താല്‍പര്യം സംരക്ഷിക്കാനാണ്? അമേരിക്കയിലെ രാഹുലിന്റെ പരിപാടിയില്‍ സഹകരിച്ച ‘ഇസ്ലാമിക് സര്‍ക്കിള്‍ ഓഫ് നോര്‍ത്ത് അമേരിക്ക’ എന്ന കൂട്ടായ്മയുടെ നേതാവ് തന്‍സീം അന്‍സാരിക്ക് ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുണ്ട്. പ്രവാസി ഭാരതീയരുമായുള്ള രാഹുലിന്റെ ആശയവിനിമയ പരിപാടിയുടെ രജിസ്‌ട്രേഷനുവേണ്ടി ബന്ധപ്പെടേണ്ടിയിരുന്നത് തന്‍സീമിനെയാണ്. ദക്ഷിണേഷ്യയില്‍ പ്രവര്‍ത്തിക്കുന്ന മതമൗലികവാദ സംഘടനകള്‍ ജനാധിപത്യത്തിന് ഭീഷണി ഉയര്‍ത്തുന്നതിനെക്കുറിച്ച് 2019 ഫെബ്രുവരിയില്‍ യുഎസ് ഹൗസ് ഓഫ് കോണ്‍ഗ്രസ് പാസ്സാക്കിയ പ്രമേയം ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. ഇസ്ലാമിക് സര്‍ക്കിള്‍ ഓഫ് നോര്‍ത്ത് അമേരിക്കയും ജമാഅത്തെ ഇസ്ലാമിയും തമ്മിലുള്ള ബന്ധം ഇതിന് ഉദാഹരണമായി ഉയര്‍ത്തിക്കാട്ടുകയും ചെയ്തിരുന്നു.
രാഹുലുമായും ജോഡോ യാത്രയുമായും സുനിത വിശ്വനാഥനും സലില്‍ ഷെട്ടിക്കുമുള്ള ബന്ധം ഇവരില്‍ ഒതുങ്ങിനില്‍ക്കുന്നില്ല. ജോര്‍ജ് സോറസിന്റെ ഒരു പ്രസ്താവന ഇത് വ്യക്തമാക്കുന്നുണ്ട്. ഭാരതത്തിലെ വന്‍ വ്യവസായ ഗ്രൂപ്പായ അദാനി കമ്പനി ഓഹരി വിപണിയില്‍ കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ച് വിവാദമുണ്ടാക്കിയ ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ടുമായുള്ള സോറസിന്റെ ബന്ധം ഇതിനിടെ പുറത്തുവരികയുണ്ടായി. ആ റിപ്പോര്‍ട്ട് വിവാദമായതിനു പിന്നാലെയാണ് ജോര്‍ജ് സോറസ് അത്യന്തം പ്രകോപനപരമായ ഒരു പ്രസ്താവന നടത്തിയത്. ലോകത്ത് ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരുകളെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയെന്നത് പ്രഖ്യാപിത ലക്ഷ്യമായിട്ടുള്ള സോറസ് പ്രസ്താവനയില്‍ പറഞ്ഞത് പ്രശ്‌നത്തില്‍ (ഹിന്‍ഡെന്‍ബര്‍ഗ് വിവാദം) പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പാലിക്കുകയാണെന്നും, വിദേശ നിക്ഷേപകരില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് മോദി പാര്‍ലമെന്റില്‍ മറുപടി പറയേണ്ടിവരുമെന്നുമാണ്.
ഭാരതത്തിലെ തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റംഗത്തെപ്പോലെയാണ് ജോര്‍ജ് സോറസ് സംസാരിച്ചത്. ”ഇത് (ഹിന്‍ഡെന്‍ബര്‍ഗ് വിവാദം) കാര്യമായിത്തന്നെ ഭാരത സര്‍ക്കാരിനുമേലുള്ള മോദിയുടെ പിടി ദുര്‍ബ്ബലമാക്കും. കൂടുതല്‍ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് നിര്‍ബന്ധിതനാക്കും. ഞാന്‍ അറിവില്ലാത്തവനായിരിക്കാം. പക്ഷേ ഭാരതത്തില്‍ ഞാന്‍ ഒരു ജനാധിപത്യ പുനരുജ്ജീവനം പ്രതീക്ഷിക്കുന്നു” എന്നാണ് സോറസിന്റെ വാക്കുകള്‍. ഇതേ വാക്കുകള്‍ കടമെടുത്താണ് രാഹുലും കോണ്‍ഗ്രസ് നേതാക്കളും മോദി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടിരുന്നത്. ആര് അധികാരത്തില്‍ വരണം, ആര് പ്രതിപക്ഷത്തിരിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് ഭാരതത്തിലെ ജനങ്ങളാണെന്നു പറഞ്ഞ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം പക്ഷേ സോറസിനോട് യോജിക്കുകയും ചെയ്യുന്നു! തൊണ്ണൂറ്റിരണ്ടുകാരനായ ഒരു വിദേശ പൗരന് അട്ടിമറിക്കാന്‍ കഴിയുന്നത്ര ദുര്‍ബലമാണോ മോദി സര്‍ക്കാര്‍ എന്നത് തനിക്കറിയില്ലെന്നും ചിദംബരം പരിഹസിക്കുന്നുണ്ട്.
കോണ്‍ഗ്രസ്സിന്റെ ദേശവിരുദ്ധത
ജോര്‍ജ് സോറസിന്റെ പ്രതികരണങ്ങള്‍ ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലായിരുന്നു. ഇതിനെ ശക്തമായി എതിര്‍ക്കാനും അപലപിക്കാനുമുള്ള ഉത്തരവാദിത്വ ബോധം കോണ്‍ഗ്രസ് കാണിക്കണമായിരുന്നു. അതുണ്ടായില്ലെന്നു മാത്രമല്ല, സോറസിനെ ഒപ്പം നിര്‍ത്തുകയും ചെയ്തു. സോറസിന്റെ കൂട്ടാളികള്‍ ജോഡോ യാത്രയുടെ നടത്തിപ്പുകാരായി മാറുന്ന കാഴ്ചയാണ് ജനങ്ങള്‍ കണ്ടത്.
ജോര്‍ജ് സോറസിന്റെ പ്രസ്താവനയുമായി അകലം പാലിക്കാന്‍ മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചെങ്കിലും രാഹുല്‍ അതിനൊപ്പം നിന്നില്ല. രാഹുലിന്റെ സെക്രട്ടറിയായ പ്രവീണ്‍ ചക്രവര്‍ത്തി താന്‍ സോറസിന്റെയും സഹായിയാണെന്ന മട്ടിലായിരുന്നു പെരുമാറിയത്. സോറസിന്റെ പ്രസ്താവനയെ ട്വിറ്ററിലൂടെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് വക്താവ് ജയ്‌റാം രമേശ് ശ്രമിച്ചിരുന്നു. ഭാരതത്തിലെ ജനാധിപത്യ പുനരുജ്ജീവനം പൂര്‍ണമായും കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെയും ആശ്രയിച്ചാണിരിക്കുന്നത് എന്നാണ് ജയറാം രമേശ് പറഞ്ഞത്. ഇത് വകവയ്ക്കാതെയാണ് രാഹുലിന്റെ സെക്രട്ടറി സോറസിനെ പിന്തുണച്ചത്. രാഹുലിന്റെ അറിവും സമ്മതവുമില്ലാതെ ഇങ്ങനെ സംഭവിക്കില്ലല്ലോ. കോണ്‍ഗ്രസിന്റെ ഡാറ്റ അനലിറ്റിക്‌സ് മേധാവിയായ പ്രവീണ്‍ ചക്രവര്‍ത്തി 2019 മുതലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുലിന്റെ സഹായിയാണ്. നരേന്ദ്രമോദി സര്‍ക്കാരിനെതിരെ രാഹുല്‍ ഉയര്‍ത്തിക്കൊണ്ടുവന്ന റഫാല്‍ വിവാദത്തിന്റെ ഉപജ്ഞാതാവ് ചക്രവര്‍ത്തിയാണെന്ന് കരുതപ്പെടുന്നു.
കോണ്‍ഗ്രസിന് ജോര്‍ജ് സോറസുമായി ബന്ധമൊന്നുമില്ലെന്നും, നമ്മുടെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാന്‍ സോറസിനെപ്പോലുള്ളവര്‍ക്ക് കഴിയില്ലെന്ന് നെഹ്‌റുവിന്റെ പൈതൃകം ഉറപ്പുവരുത്തുന്നു എന്നുമാണ് ജയറാം രമേശ് പറഞ്ഞത്. എന്നാല്‍ കോണ്‍ഗ്രസിന്റെ മാധ്യമ വക്താവ് ഇങ്ങനെയൊക്കെ ഊറ്റംകൊണ്ടത് വെറുതെയായി. സോണിയാ കോണ്‍ഗ്രസിന് നെഹ്‌റുവിനെക്കാള്‍ വലുത് സോറസാണെന്ന് രാഹുല്‍ തന്നെയാണ് തെളിയിച്ചിരിക്കുന്നത്. സാമ്പത്തിക കുറ്റവാളി എന്നു വിളിപ്പേരുള്ള, ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ തകര്‍ത്തയാളെന്ന ആക്ഷേപം നേരിട്ടിട്ടുള്ള സോറസ് ഭാരതത്തിന്റെ ജനാധിപത്യത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. ഇങ്ങനെയൊരാള്‍ക്കൊപ്പം കൂട്ടുചേരാതിരിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെങ്കില്‍ അതിനര്‍ത്ഥം ആ പാര്‍ട്ടി പൂര്‍ണമായിത്തന്നെ ദേശവിരുദ്ധമായിത്തീര്‍ന്നിരിക്കുന്നു എന്നാണ്.
(തുടരും)