മഴയുടെ കൂടപ്പിറപ്പാണ് പനി. മാനത്ത് മഴ കണ്ടാല്‍ മതി പനിക്കാന്‍. പണ്ടുകാലത്ത് ഒന്ന് പനിച്ചാല്‍ ആരും അതൊട്ടു കാര്യമാക്കിയിരുന്നില്ല. ഒരു ചുക്കു കാപ്പിയോ പനിക്കഞ്ഞിയോ കുടിച്ച് ഒന്ന് പുതച്ച് കിടക്കും. പനി പനിച്ചു മാറും.
ഇന്ന് കാലം മാറി. പനിയൊട്ട് കടുക്കും. ചിലപ്പോള്‍ ഒരാഴ്ചയോ അതിലേറെയോ സമയമെടുക്കും. ചുക്കു കാപ്പിയോ പനിക്കഞ്ഞിയോ വിശ്രമമോ പോരാതെ വരും. നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥ അത്രകണ്ട് ഉടഞ്ഞുപോയി എന്നുകരുതണം.
മാങ്ങാപ്പനി, മഴപ്പനി, മലമ്പനി, മഞ്ഞപ്പനി, ജലദോഷപ്പനി, എലിപ്പനി, പൊക്കന്‍പനി, അഞ്ചാം പനി, ഡെങ്കിപ്പനി എന്നിങ്ങനെ എത്രയോ തരം പനികള്‍. പനി നിഘണ്ടുവില്‍ പുത്തന്‍ പനിപ്പേരുകള്‍ ചേര്‍ത്തുകൊണ്ടേയിരിക്കുന്നു.
ഈ പനികളൊക്കെയും വൈറസ്, ബാക്ടീരിയ, ഫംഗസ്, അമീബ തുടങ്ങിയ അണുക്കള്‍ക്ക് സ്വന്തം. ജീവിതത്തില്‍ ഒരിക്കലെങ്കിലും പനി വരാത്തവര്‍ ഉണ്ടോ? പ്രായമേറിയവരുടെ രോഗ പ്രതിരോധ ശൃംഖല കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതിനാല്‍ അവര്‍ക്ക് കുട്ടികളെയും ചെറുപ്പക്കാരെയും പോലെ പനിക്കുകയില്ല.
പനി ഒരു രോഗമല്ല. രോഗ ലക്ഷണമാണ്. അതൊരു അറിയിപ്പാണ്. ശരീരത്തെ രോഗാണുബാധയില്‍ നിന്നും രക്ഷിക്കാനുള്ള യുദ്ധതന്ത്രമാണ്.
അപ്പോള്‍ പനിക്കെതിരെ ഔഷധം നല്‍കി പനി ശമിപ്പിക്കുന്നത് അന്യായമല്ലേ?
അതെ.
തികച്ചും അന്യായം.
പനി പനിച്ചു മാറട്ടെ. എന്നാല്‍ പനി കൈവിട്ടു പോയാല്‍ അപകടമാണ്. ശാരീരിക പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കും. തന്മൂലമുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ അപകടാവസ്ഥയിലേക്ക് നീങ്ങും.
ശരീരത്തില്‍ കടക്കുന്ന രോഗാണുക്കളെ തളയ്ക്കാനുള്ള ഒരു മെക്കാനിസം ആണ് പനി. ഇനി നമുക്ക് പനിയുടെ രഹസ്യ അറ പൊളിക്കാം.
പനിയുടെ കാഞ്ചി വലിക്കുന്ന തന്മാത്രയാണ് ഇന്റര്‍ലൂക്കിന്‍ – ഒന്ന് (interleukin -1). രോഗാണുക്കളുടെ വരവിനെ ഇന്റര്‍ലൂക്കിന്‍ – ഒന്ന് മണത്തറിയുന്നു. പിന്നെ അമാന്തമില്ല. യുദ്ധമുഖത്ത് എത്തുകയായി.
പടയൊരുക്കം.
ശരീരോഷ്മാവ് ഉയരുന്നു. ഇന്റര്‍ലൂക്കിന്‍ – രണ്ട്(interleukin -2), ഇന്റര്‍ഫറോണ്‍ (Interferon) എന്നിവ ഉണ്ടാകുന്നു. ഒപ്പം ലിംഫോസൈറ്റുകള്‍ (Lymphocytes) പ്രതിരോധ നിര തീര്‍ത്ത് പ്രവര്‍ത്തനക്ഷമമാകുന്നു. രോഗാണുക്കള്‍ക്കെതിരെ പടപൊരുതുന്ന യോദ്ധാക്കളാണ് ലിംഫോസൈറ്റുകള്‍. ഇവ ശ്വേത രക്താണുക്കള്‍ (leucocytes) ആണ്.
രോഗാണുക്കള്‍ക്കെതിരെ നമ്മുടെ പോരാളികള്‍ ആഞ്ഞടിക്കും. രോഗാണുക്കള്‍ തോറ്റു പിന്മാറുമെന്ന് കരുതരുത്. അവ ശക്തമായി തിരിച്ചടിക്കും. അതിലേക്ക് രോഗാണുക്കള്‍ എന്‍സൈമുകള്‍ ഉല്‍പാദിപ്പിക്കുന്നു.
ഇത് കണ്ട് നമ്മുടെ ശരീരത്തിന് നോക്കിയിരിക്കാനാവുമോ? അഗ്‌നിബാണം തൊടുത്തു വിടുന്നു. ശരീരം പനിക്കാന്‍ തുടങ്ങുന്നു. പനിച്ചൂടില്‍ രോഗാണു ഉല്‍പാദിപ്പിക്കുന്ന എന്‍സൈമുകളുടെ പ്രവര്‍ത്തനം മന്ദഗതിയിലാവുന്നതിനാല്‍ രോഗാണുവിന്റെ നിലനില്‍പ്പ് ബുദ്ധിമുട്ടിലാവുന്നു.
തീര്‍ന്നില്ല. ശരീരത്തിലെ പ്ലാസ്മയിലെ ഇരുമ്പ് (Fe), സിങ്ക് (Zn), എന്നീ ലോഹ അയോണുകളുടെ സാന്നിധ്യം ബാക്ടീരിയ തുടങ്ങിയ സൂക്ഷ്മാണുക്കളുടെ നിലനില്‍പ്പിന് അത്യാവശ്യമാണ്. പനിച്ചൂടില്‍ ഈ അയോണുകളുടെ ഗാഢത കുത്തനെ താഴുന്നതിനാല്‍ സൂക്ഷ്മാണുക്കളുടെ നിലനില്‍പ്പ് അസാധ്യമാവുന്നു.
ശരീരത്തില്‍ കടക്കുന്ന സൂക്ഷ്മാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്ന രക്താണുക്കള്‍ ആണ് പോളിമോര്‍ഫുകള്‍ (polymorphs) ഇവയും ശ്വേത രക്താണുക്കള്‍ (white blood cells) ആണ്. പനിച്ചൂടില്‍ വിഴുങ്ങല്‍ പ്രക്രിയ ദ്രുതഗതിയില്‍ ആകുന്നതിനാല്‍ പ്രതിരോധ നിര ശക്തിയാര്‍ജിക്കുന്നു.
വൈറസിനെതിരെ പട നയിക്കുന്ന ആന്റിവൈറല്‍ ഏജന്റ് (antiviral agent) ആണ് ഇന്റര്‍ഫിറോണ്‍. അവ ഉയര്‍ന്ന ശരീരോഷ്മാവില്‍ കൂടുതല്‍ കരുത്തുറ്റവരാകുന്നു. പനിച്ചൂടില്‍ വൈറസ് തോല്‍ക്കുമെന്ന കാര്യത്തില്‍ ഇനി സംശയം വേണ്ട.
പ്രതിരോധ നിരയിലെ മറ്റൊരു യോദ്ധാവാണ് ടി സെല്‍സ് (T. Cells). കൂടാതെ സൈറ്റൊലിറ്റിക് സെല്‍സ് (cytolytic cells) ഇമ്മ്യൂണോഗ്ലോബിനുകള്‍ (immunoglobulins) എന്നിവയും. പനിച്ചൂടില്‍ ഇവയുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാവുന്നു. യോദ്ധാക്കളുടെ സംഖ്യയില്‍ ഉണ്ടാകുന്ന വര്‍ദ്ധന യുദ്ധവിജയം ഉറപ്പാക്കും.
പനിക്കഥ തീര്‍ന്നില്ല. വ്രണങ്ങള്‍ പഴുക്കുമ്പോഴോ ശരീരത്തില്‍ എവിടെയെങ്കിലും അണുബാധ ഉണ്ടാവുമ്പോഴോ ആ ഭാഗത്ത് ചൂട് എടുക്കുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ. അതും രോഗാണുക്കളെ തളയ്ക്കാനുള്ള ഉപാധി തന്നെ.
തുറന്നില്ലേ പനിയുടെ രഹസ്യ അറയിലേക്കുള്ള വാതില്‍. പനിച്ചൂടിന്റെ രസതന്ത്രം എങ്ങനെയുണ്ട്. പനി ഒരു വരമാണെന്ന് തോന്നുന്നില്ലേ?
ഇവിടെ ഒരു ചോദ്യം ശേഷിക്കുന്നു. വൈറസ്, ബാക്ടീരിയ, അമീബ തുടങ്ങിയ സൂക്ഷ്മ ജീവികള്‍ക്കും ഇതര പരാദങ്ങള്‍ക്കും മനുഷ്യ ശരീരത്തില്‍ കടന്നു കൂടി ഇപ്രകാരം അടി വാങ്ങേണ്ടതുണ്ടോ?
അവിടെയാണ് തെറ്റിയത്. നമ്മുടെ ജൈവ ശരീരം ബാക്ടീരിയ ഉള്‍പ്പെടെയുള്ള ജീവജാതികളുടെ ആവാസകേന്ദ്രം കൂടിയാണ്. അവയ്ക്ക് അവിടെ ഭക്ഷണം കണ്ടെത്തി അധിവസിക്കാനും പ്രജനനത്തിലൂടെ വംശം നിലനിര്‍ത്താനും അവകാശമുണ്ട്.
ആന്റി വൈറല്‍ ഔഷധങ്ങള്‍ (മിശേ ്ശൃമഹ റൃൗഴ)െ ലഭ്യമാണെങ്കിലും എല്ലാത്തരം വൈറല്‍ രോഗങ്ങള്‍ക്കും നിര്‍ദ്ദിഷ്ട ഔഷധങ്ങള്‍ കണ്ടെത്തിയിട്ടില്ല.
നമുക്കിടയില്‍ കാണുന്ന പനിയാണ് ഫ്‌ളൂ (Flu)) അഥവാ ഇന്‍ഫ്‌ളുവന്‍സ്സ (Influenza)). പനി, മൂക്കൊലിപ്പ്, തലവേദന, ശരീരവേദന, സന്ധിവേദന, ഓക്കാനം, ഛര്‍ദ്ദി, ക്ഷീണം, എന്നിവയാണ് ഫ്‌ളൂവിന്റെ സാധാരണ ലക്ഷണങ്ങള്‍.
ഫ്‌ളൂവിന് പ്രത്യേകം ചികിത്സ ലഭ്യമല്ലാത്തതിനാല്‍ വേദനസംഹാരികളും (analgesic)) പനി താഴ്ത്തുന്നതുമായ (antipyretics) പാരസെറ്റമോള്‍ തുടങ്ങിയ ഔഷധങ്ങള്‍, പാനീയം, എന്നിവ കഴിച്ച് വിശ്രമിക്കുന്നതാണ് ഉത്തമം. രോഗത്തിന് വാക്‌സിന്‍ (പ്രതിരോധൗഷധം) ലഭ്യമാണ്.
ഒരാള്‍ക്ക് ബാധിച്ച പനി മറ്റ് അപകടകാരികളായ പനികള്‍ അല്ലായെന്ന് ഉറപ്പുവരുത്തേണ്ടതാണ്. രോഗത്തിന് രണ്ട് ദിവസം കൊണ്ട് ആശ്വാസമില്ലായെങ്കില്‍ ഡോക്ടറെ കാണുക. മാത്രമല്ല പിടിപെട്ട പനി, കോവിഡ് തുടങ്ങിയ അപകടകാരികളായ പകര്‍ച്ചവ്യാധികള്‍ ഒന്നുമല്ലായെന്ന് ഉറപ്പുവരുത്തേണ്ടതുമുണ്ട്. അതുവരെ രോഗി മറ്റുള്ളവരുമായുള്ള സഹവാസം ഒഴിവാക്കുകയും കഴിയുമെങ്കില്‍ മാസ്‌ക് ധരിക്കേണ്ടതുമാണ്. രോഗി മാത്രമല്ല രോഗിക്കൊപ്പം ഉള്ളവരും നിര്‍ബന്ധമായും ഇത്തരം നിയന്ത്രണങ്ങള്‍ പാലിക്കണം.
മഴക്കാലം കൊതുകിന്റേയും കൂടിയാണ്. കൊതുക് പരത്തുന്ന രോഗങ്ങളില്‍ പ്രധാനി ഡെങ്കിപ്പനിയാണ് (dengue fever). കൂടാതെ ചിക്കുന്‍ഗുനിയ (chickungunya), മലേറിയ, മന്ത്, സീക്ക പനി (Zika fever) തുടങ്ങിയ രോഗങ്ങളും പരത്തുന്നുണ്ട്. രോഗം പരത്തുന്ന കൊതുകിനെ വെക്ടര്‍ (vector)) എന്നു വിളിക്കുന്നു.
ഡെങ്കിപ്പനി ഒരു വൈറസ് രോഗമാണ്. ഈഡിസ് ഈജിപ്‌റ്റൈ (Aedes aegypti) എന്നയിനം പെണ്‍കൊതുകുകളുടെ ഉമിനീര്‍ ഗ്രന്ഥിയില്‍ ഡെങ്കി വൈറസ് (dengue virus) വളരുന്നു. വെക്ടറുകളായ ഈ കൊതുകുകള്‍ക്ക് ആഹാരം മനുഷ്യരക്തമാണ്. കൊതുക് ഡെങ്കിപ്പനി ബാധിച്ച ഒരാളുടെ ചര്‍മ്മം തുളച്ച് ചോര കുടി ക്കുന്ന വേളയില്‍ ഡെങ്കി വൈറസും കൊതുകിന്റെ ശരീരത്തില്‍ കടക്കുന്നു. അവിടെ ഡെങ്കി വൈറസ് വളര്‍ന്നു പെരുകുന്നു. ആ കൊതുക് മറ്റൊരാളെ കടിക്കുന്നതോടെ അയാളുടെ ശരീരത്തില്‍ വൈറസ് എത്തുന്നു.
ശക്തമായ പനി, തലവേദന, ശരീരവേദന, സന്ധിവേദന, പേശീവേദന, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയാണ് ഡെങ്കിപ്പനിയുടെ പ്രാഥമിക ലക്ഷണങ്ങള്‍.
രോഗിയില്‍ പനിക്കൊപ്പം ഈ വക രോഗലക്ഷണങ്ങള്‍ പ്രകടമാവുകയാണെങ്കില്‍ കൂടി അത് ഡെങ്കിപ്പനിയാണെന്ന് തിരിച്ചറിയുക പ്രയാസമാണ്. രോഗലക്ഷണങ്ങള്‍ പ്രകടമായി ഒന്നു രണ്ടാഴ്ചയ്ക്കകം ചികിത്സ നല്‍കാതെ തന്നെ രോഗലക്ഷണങ്ങള്‍ അപ്രത്യക്ഷമാവാം.
ചിലപ്പോള്‍ അപ്രത്യക്ഷമായ രോഗം പൂര്‍വാധികം ശക്തമായി മടങ്ങിവരികയും അത് ഏറെക്കുറെ മാരകമാവുകയും ചെയ്യുന്നു. അതിനാല്‍ ഇത്തരത്തില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ ഒരു വിദഗ്ദ്ധ ഡോക്ടറെ കണ്ട് പരിരക്ഷ ഉറപ്പാക്കേണ്ടതാണ്.
രോഗം തീവ്രമാവുന്നതോടെ മൂക്കിലൂടെയും മോണയിലൂടെയും രക്തസ്രാവം, ഛര്‍ദ്ദിയില്‍ ചോര, ചോര കലര്‍ന്ന മലം, വലിയ ക്ഷീണം ഇത്യാദി ലക്ഷണങ്ങള്‍ രോഗി പ്രകടിപ്പിക്കുന്നു.
രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ (platelets) കുറവ്, രക്തക്കുഴലുകളിലെ ചോര്‍ച്ച, ഇക്കാരണങ്ങളാല്‍ ഉണ്ടാവുന്ന രക്തസ്രാവം എന്നിവ രക്തസമ്മര്‍ദ്ദം കുറയാനും അത് ഡെങ്കി ഷോക്ക് സിന്‍ഡ്രോമിലേക്ക് (dengue shock syndrome) നയിക്കാനും കാരണമാകുന്നു. ഈ അവസ്ഥ അതിമാരകമാണ്. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന രക്തകോശങ്ങളാണ് പ്ലേറ്റ്‌ലെറ്റുകള്‍.
ഡെങ്കി വൈറസിന്റെ സാന്നിധ്യം കണ്ടെത്തി രോഗനിര്‍ണ്ണയം നടത്തുന്നതിലേക്ക് വേണ്ട ആന്റിജന്‍ ആന്റിബോഡി ടെസ്റ്റുകള്‍ (antigen-antibody tests) ലഭ്യമാണ്. കൂടാതെ രക്താണുക്കളുടെ സംഖ്യയും മനസ്സിലാക്കി രോഗം ഉറപ്പുവരുത്താവുന്നതാണ്. അതേസമയം ചിക്കുന്‍ഗുനിയ ഉള്‍പ്പെടെ ഇതര വൈറസ് പനികള്‍ക്കും രക്തകോശങ്ങളുടെ എണ്ണത്തിലെ വ്യത്യാസം ശ്രദ്ധേയമാണ്.
ഡെങ്കിപ്പനിക്ക് കാരണം ഡെങ്കി വൈറസുകളാണ്. ഇവ റൈബോ ന്യൂക്ലിക് ആസിഡ് (ribo nucleic acid) അഥവാ ആര്‍എന്‍എ (RNA) വിഭാഗത്തില്‍ പെടുന്നു. ഫ്‌ളാവിവൈറിഡെ (flavi viridae)) കുടുംബാംഗമാണ്.
പ്രതിവര്‍ഷം 39 കോടി ജനത ഡെങ്കിപ്പനിക്ക് ഇരയാവുന്നു എന്നാണ് കണക്കുകള്‍. ഉഷ്ണ മേഖല, സമശീതോഷ്ണ മേഖല പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി അധികമായും കാണപ്പെടുന്നത്.
ഇത് ഒരു വൈറസ് രോഗം ആകയാല്‍ രോഗചികിത്സയ്ക്ക് നിര്‍ദിഷ്ട ഔഷധം ലഭ്യമല്ല. വാക്‌സിനുമില്ല. രോഗലക്ഷണങ്ങള്‍ക്ക് ചികിത്സ നല്‍കി ഒരു താല്‍ക്കാലിക ആശ്വാസം നല്‍കാമെന്നേയുള്ളു.
സൂക്ഷിക്കുകയാണ് കരണീയം. കൊതുക് പരത്തുന്ന രോഗമാകയാല്‍ രോഗാണുവാഹകരായ കൊതുകുകളില്‍ നിന്നും രക്ഷപ്പെടുകയാണ് രോഗപ്രതിരോധം. അതിലേക്ക് വേണ്ട മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടതുണ്ട്.
ഈ കൊതുകുകള്‍ പകല്‍ സമയത്താണ് കൂടുതല്‍ ഊര്‍ജ്ജസ്വലരാവുന്നത്. അതിനാല്‍ പകല്‍ നേരം അവയുടെ കടി ഏല്‍ക്കാതെ സൂക്ഷിക്കുക. കൊതുകുകള്‍ ധാരാളമായി പാറി നടക്കുന്ന ഒരു പ്രദേശത്ത് കൊതുക് കടിയില്‍ നിന്നും രക്ഷപ്പെടുക എളുപ്പമല്ല. അതിനാല്‍ കൊതുകുകളുടെ വംശവര്‍ദ്ധന തടയുകയാണ് പ്രാഥമികമായി ചെയ്യേണ്ടത്.
മഴക്കാലത്താണ് ഡെങ്കി പ്രഹരം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത്. അപ്പോഴാണ് രോഗാണുവാഹകരായ കൊതുകുകള്‍ പെറ്റുപെരുകുന്നത്.
കൊതുകുകള്‍ വെള്ളത്തില്‍ മുട്ടയിട്ടാണ് പ്രജനനം നടത്തുന്നത്. അതിനാല്‍ കിണര്‍, കുളം, പുഴ തുടങ്ങിയ ജലസ്രോതസ്സുകളില്‍ കൊതുകിന്റെ വംശവര്‍ദ്ധന തടയുകയാണ് അടിയന്തരമായ ആവശ്യം.
ജലസ്രോതസ്സുകളില്‍ കൊതുക് മുട്ടയിടുന്നത് തടയുകയോ മുട്ട പൊട്ടി ഉണ്ടാക്കുന്ന കൂത്താടിയുടെ നിലനില്‍പ്പ് ഇല്ലാതാക്കുകയോ ചെയ്യുക. കൂത്താടിയെ ഭക്ഷണമാക്കുന്ന മീനുകളെ വളര്‍ത്തിയും കൊതുകിന്റെ വംശവര്‍ദ്ധന തടയാവുന്നതാണ്. കൊതുകുകളുടെ വംശവര്‍ദ്ധന നിയന്ത്രിക്കാന്‍ ഓരോ ദേശത്തും തനതായ മാര്‍ഗങ്ങള്‍ ഉണ്ട്. അത്തരം രീതികള്‍ അവലംബിക്കുകയാണ് ഉത്തമം.
ആവശ്യം കഴിഞ്ഞ് പരിസരത്തേക്ക് വലിച്ചെറിയുന്ന പാത്രങ്ങള്‍, ചിരട്ടകള്‍, തുടങ്ങിയവയില്‍ മഴവെള്ളം നിറയാം. അതില്‍ കൊതുകുകള്‍ മുട്ടയിട്ടു അവയുടെ വംശവര്‍ദ്ധന ത്വരിതഗതിയിലാകുന്നു. അതിനാല്‍ അവ ശാസ്ത്രീയമായി നീക്കം ചെയ്യുക. മഴക്കാലത്ത് വീടിന് പരിസരത്തും പറമ്പിലും അങ്ങിങ്ങ് വെള്ളം കെട്ടിക്കിടക്കും. അവിടെയും കൊതുക് വളരാം. അതിനും അനുവദിക്കാതിരിക്കുക.
ഈ വക കാര്യങ്ങളില്‍ ജനത്തെ ബോധവല്‍ക്കരിക്കാന്‍ ആരോഗ്യവകുപ്പിനും പ്രാദേശിക ഭരണകൂടങ്ങള്‍ക്കുമാവണം. വലിയ ആശുപത്രി സമുച്ചയങ്ങളോ സൂപ്പര്‍ സ്‌പെഷ്യാലിറ്റികളോ അല്ല അടിയന്തരാവശ്യം. ജനത്തെ ആരോഗ്യബോധമുള്ളവരായി തീര്‍ക്കാന്‍ വേണ്ട ബോധവല്‍ക്കരണവും സൗകര്യങ്ങളും അതിലേക്ക് വിദഗ്ദ്ധരും പ്രവര്‍ത്തകരും വേണം.
ആരോഗ്യബോധത്തിലുപരി നാം ആരോഗ്യമാനിയാക്കുകളാണ്. അത് ചൂഷണം ചെയ്യാന്‍ മുറി വൈദ്യന്മാരും ഗൂഗിള്‍ ഡോക്ടര്‍മാരും രംഗത്തുണ്ട്. നാട് രോഗങ്ങള്‍ക്ക് കീഴടങ്ങുമ്പോള്‍ ഇവര്‍ ആരോഗ്യരക്ഷകരുടെയും നന്മമരങ്ങളുടെയും വേഷത്തില്‍ ഒറ്റമൂലികളുമായി എത്തുകയാണ്. അതും സമ്പൂര്‍ണ്ണ സാക്ഷര കേരളത്തില്‍ എന്നതാണ് ഏറെ ഖേദകരം.
കരള്‍, വൃക്കകള്‍ തുടങ്ങിയ ആന്തരാവയങ്ങള്‍ക്ക് ഒറ്റമൂലികള്‍ മൂലമുണ്ടാകുന്ന പരിക്കുകള്‍ കാലക്രമേണ വലിയ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. അതിനാല്‍ ഇത്തരം ചികിത്സകളെ നിയന്ത്രിക്കുകയും നിരന്തരം നിരീക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. അക്കാര്യത്തില്‍ വലിയ ശ്രദ്ധ ഭരണകൂടത്തിന് ഉണ്ടാവണം.
ലോകത്തുള്ള തിരക്കേറിയ നഗരങ്ങളില്‍ ഒന്നാണ് മുംബൈ. അവിടെ ജനപ്രളയമാണ്. മഴ വീണാല്‍ മതി ജനജീവിതം സ്തംഭിക്കാന്‍. എങ്ങും ജലപ്രളയം. മലമൂത്ര വിസര്‍ജ്യങ്ങള്‍ ഉള്‍പ്പെടെ മഹാനഗരി ഉല്‍പാദിപ്പിക്കുന്ന മാലിന്യങ്ങള്‍ കാരണം നമുക്ക് നിരത്തിലൂടെ ഒരടി നടക്കാനാവില്ല.
വൃത്തിഹീനതയ്ക്ക് നടുവില്‍ ജീവിച്ചിട്ടും എന്തേ മഹാനഗരി കേരളം പോലെ പനിക്കുന്നില്ല. മഴയില്‍ മുങ്ങിയ നഗര ഒതുക്കുകളില്‍ എലികള്‍ നീന്തി തുടിക്കുന്ന കാഴ്ചകള്‍. എന്നിട്ടുമെന്തേ എലിപ്പനി പടരുന്നില്ല?
മുംബൈവാസികളുടെ രോഗപ്രതിരോധ ശേഷിയെ കുറിച്ച് നാം കൂടുതല്‍ മനസ്സിലാക്കുകയും ചര്‍ച്ച ചെയ്യുകയും വേണം. മാത്രമല്ല നമ്മുടെ രോഗപ്രതിരോധശേഷി കുറയുന്നതെന്തുകൊണ്ട് എന്ന് ചിന്തിക്കാനും നാം തയ്യാറാവണം. അപ്പോഴാണ് ആരോഗ്യ കേരളം എന്ന മുദ്രാവാക്യം കൂടുതല്‍ ശോഭയേറുന്നത്.