രക്ഷാബന്ധന്‍ ആഗസ്റ്റ് 19
ഭാരതീയ കാലഗണന പ്രകാരം വര്‍ഷത്തിലെ അഞ്ചാമത്തെ മാസമാണ് ശ്രാവണം. ഈ മാസം പൗരാണികമായും ചരിത്രപരമായും പാരിസ്ഥിതികമായും ഒട്ടനവധി പ്രാധാന്യമുള്ളതാണ്.
ഹയഗ്രീവന്‍ എന്ന അസുരനെ നേരിടാന്‍ മഹാവിഷ്ണു ഹയഗ്രീവ അവതാരമെടുത്ത ദിവസമാണ് ശ്രാവണ പൗര്‍ണമി. ആഷാഢ പൗര്‍ണ്ണമിയില്‍ ആരംഭിച്ച അമര്‍നാഥ് തീര്‍ത്ഥാടനത്തിന്റെ പരിസമാപ്തിയും ഈ ദിനം തന്നെയാണ്. കേരളത്തില്‍ സാമാജിക സമരസതയുടെ സന്ദേശമോതിയ ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികള്‍, മഹാത്മാ അയ്യങ്കാളി, ആഗമാനന്ദ സ്വാമികള്‍ തുടങ്ങിയ ആചാര്യന്മാരുടെ ജന്മദിനം ഇക്കാലത്താണ്. ‘മാനുഷരെല്ലാരുമൊന്നുപോലെ’ എന്ന സന്ദേശമോതിക്കൊണ്ട് മലയാളികള്‍ സമൃദ്ധിയുടെ ഉത്സവമായി ആഘോഷിക്കുന്ന തിരുവോണവും ഇക്കാലത്ത് തന്നെ. അധര്‍മ്മത്തെ ഇല്ലായ്മ ചെയ്ത് ധര്‍മ്മത്തെ പുന:സ്ഥാപിക്കുവാന്‍ ഭഗവാന്‍ ശ്രീകൃഷ്ണനായി അവതരിച്ചതും ഈ ശ്രാവണമാസത്തിലാണ്. 190 വര്‍ഷക്കാലത്തെ വെള്ളക്കാരുടെ ഭരണത്തില്‍ നിന്നും ഭാരതം മുക്തമായതും അഖണ്ഡ ഭാരതത്തെ എല്ലാക്കാലത്തും സ്വപ്‌നം കണ്ട മഹര്‍ഷി അരവിന്ദന്റെ ജന്മദിനവും ഇക്കാലത്താണ്.
ശ്രാവണമാസത്തിലെ പൗര്‍ണ്ണമി ദിവസം തന്നെയാണ് ഭാരതം സാഹോദര്യത്തിന്റെ ഉത്സവമായ രക്ഷാബന്ധന്‍ ആഘോഷിക്കുന്നതും.
രക്ഷാബന്ധന്‍ ഐതിഹ്യം
ദേവാസുരയുദ്ധകാലത്ത് ദേവഗുരു ബൃഹസ്പതി പൂജിച്ചു നല്കിയ രക്ഷ ഇന്ദ്രന്റെ കയ്യില്‍ ബന്ധിച്ച ഇന്ദ്രാണിയുടെ കഥ പ്രശസ്തമാണ്. വാമനാവതാരത്തിനു ശേഷം സുതലത്തില്‍ മഹാബലിക്കു കാവല്‍ക്കാരനായി മാറിയ തന്റെ ഭര്‍ത്താവിനെ വിട്ടുകിട്ടാനായി ലക്ഷ്മീദേവി മഹാബലിയുടെ കയ്യില്‍ സഹോദരഭാവേന രാഖി ബന്ധിച്ചത് മറ്റൊരു കഥ. ഇതിഹാസമായ മഹാഭാരതത്തിലാവട്ടെ, ശിശുപാലവധത്തിനിടയില്‍ കൈ മുറിഞ്ഞ ഭഗവാന്‍ ശ്രീകൃഷ്ണന്റെ കയ്യില്‍ സ്വന്തം പട്ടുചേല കീറി മുറിവുകെട്ടുന്ന കൃഷ്ണയുടെ കഥയാണുള്ളത്. ഇതിന് പ്രത്യുപകാരമായി ഒരു സഹോദരനായി നിന്നുകൊണ്ട് എല്ലാ ആപത്തുകളില്‍ നിന്നും കൃഷ്ണന്‍ ദ്രൗപദിയെ രക്ഷിക്കുന്നതായി കാണാം.
ചരിത്രത്തിലേയ്ക്കു നോക്കിയാല്‍ 1905- ല്‍ ബംഗാള്‍ വിഭജനസമയത്ത് ടാഗൂറിന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ ഒരുമിച്ചു ചേര്‍ന്ന് വന്ദേമാതരത്തോടെ രാഖി ബന്ധിച്ചതായി കാണാം.
സപ്തകോടി ലോകേര് കരുണ ക്രന്ദന്
സുനേനാ സുനില് കഴ്‌സണ്‍ ദുര്‍ജന്
തായി നിതേ പ്രതിശോധ് മതന് കരില്,
ആമി സ്വജനേ രാഖി ബന്ധന്
(7 കോടി ജനങ്ങളുടെ മാതൃഭൂമിയെ അല്പം പോലും കരുണയില്ലാതെ വെട്ടിമുറിച്ച ക്രൂരനായ കഴ്‌സണ്‍ പ്രഭുവിന്റെ നടപടിക്കെതിരെ ഞങ്ങള്‍ സഹോദരങ്ങള്‍ രാഖി ബന്ധിച്ചുകൊണ്ട് പ്രതിഷേധിക്കുന്നു).
ആദ്യകാലങ്ങളില്‍ സഹോദരീസഹോദരബന്ധം ഊട്ടിയുറപ്പിക്കാനാണ് രാഖി ബന്ധിച്ചിരുന്നതെങ്കില്‍ പിന്നീട് ഭാര്യ ഭര്‍ത്താവിന്റെ കയ്യിലും ശിഷ്യന്‍ ഗുരുവിന്റെ കയ്യിലും പ്രജകള്‍ രാജാവിന്റെ കയ്യിലും വ്യാപാരികള്‍ വസ്തുക്കളിലും ക്ഷത്രിയന്മാര്‍ ശസ്ത്രങ്ങളിലും കര്‍ഷകര്‍ കാര്‍ഷികോപകരണങ്ങളിലും രാഖി ബന്ധിക്കുന്നു. ഇന്ന് രക്ഷാബന്ധന്‍ സാര്‍വ്വത്രികമായിരിക്കുന്നു.
രക്ഷയെ ബന്ധിക്കുക
വ്യക്തി, കുടുംബം, സമാജം, രാഷ്ട്രം, വിശ്വം ഇവയെ ധര്‍മ്മത്തിന്റെ ചരടില്‍ ബന്ധിക്കുക എന്നതാണ് രക്ഷാബന്ധനം കൊണ്ട് അര്‍ത്ഥമാക്കുന്നത്. മഹാഭാരതത്തില്‍ സത്യയുഗത്തെ സംബന്ധിച്ച് ഭീഷ്മര്‍ യുധിഷ്ഠിരനോട് ഇങ്ങനെ വിശദീകരിക്കുന്നു.
‘ന വൈ രാജ്യം ന രാജാƒസീത്
ന ച ദണ്ഡ്യോ ന ദാണ്ഡികഃ
ധര്‍മ്മേണൈവ പ്രജാഃ സര്‍വാ
രക്ഷന്തി സ്മ പരസ്പരം”
(ശാന്തിപര്‍വ്വം : 59-14)
(അക്കാലത്ത് രാജാവോ രാജ്യമോ ഉണ്ടായിരുന്നില്ല; ശിക്ഷാവിധിയോ ശിക്ഷ നല്‍കുന്ന വ്യവസ്ഥയോ ഉണ്ടായിരുന്നില്ല അതായത് ഭരണകൂടം ഉണ്ടായിരുന്നില്ല. ജനങ്ങള്‍ ധര്‍മ്മയുക്തമായി ജീവിക്കുകയും പരസ്പരം സംരക്ഷിക്കുകയുമാണ് ചെയ്തിരുന്നത്).
ധര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ ജീവിച്ചിരുന്ന കാലം ധര്‍മ്മക്ഷയത്തോടെ അസ്തമിച്ചു. ഈ ധര്‍മ്മത്തെ പുന:സ്ഥാപിക്കാനാണ് അവതാരങ്ങള്‍ ഉണ്ടായത്.
‘യദാ യദാ ഹി ധര്‍മ്മസ്യ
ഗ്ലാനിര്‍ഭവതി ഭാരത
അഭ്യുത്ഥാനം അധര്‍മ്മസ്യ
തദാത്മാനം സൃജാമ്യഹം’
(ഭഗവദ്ഗീത, 4-7)
വ്യക്തിയേയും സമാജത്തേയും രാഷ്ട്രത്തേയുമെല്ലാം നിലനിര്‍ത്തുന്ന ധര്‍മ്മത്തെ രക്ഷിക്കുവാനാണ് ഋഷിമാര്‍ തപം ചെയ്തത്; നിരവധി സ്മൃതികളുണ്ടായത്. ധര്‍മ്മരക്ഷയ്ക്കായാണ് നമ്മുടെ പൂര്‍വികര്‍ യുദ്ധം ചെയ്തിട്ടുള്ളത്.
ഒരു സാധാരണ വ്യക്തിയുടെ വികാസത്തിലൂടെയാണ് അയാളുടെ രക്ഷ സാധ്യമാകുന്നത്. വികാസമെന്നത് കേവലം ശരീരം, മനസ്സ്, ബുദ്ധി ഇവയുടെ വികാസം മാത്രമല്ല. മനുഷ്യന്റെ ഉള്ളിലുള്ള ചൈതന്യത്തെ പ്രകടമാക്കുക എന്നതാണ് വികാസം കൊണ്ടുദ്ദേശിക്കുന്നത്. മോക്ഷമാണ് ഒരു വ്യക്തിയുടെ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം. ഇവിടെ വ്യക്തി ധര്‍മ്മത്താല്‍ ബന്ധിക്കപ്പെടുന്നു. ‘ധര്‍മ്മോ രക്ഷതി രക്ഷിത:’. ധര്‍മ്മം രക്ഷിക്കപ്പെട്ടാല്‍ ധര്‍മ്മവും രക്ഷിക്കും. ഒരു രാഷ്ട്രത്തിലെ പൗരനെന്ന നിലയില്‍ അയാള്‍ പാലിക്കേണ്ട കര്‍ത്തവ്യമാണ് പൗരധര്‍മ്മം.
വ്യക്തികള്‍ വളരുന്ന ഏറ്റവും ചെറിയ യൂണിറ്റാണ് കുടുംബം. കുടുംബത്തെ രക്ഷിക്കുന്നത് കുലധര്‍മ്മമാണ്. കുലധര്‍മ്മം നിലനില്ക്കുന്നതാവട്ടെ ദീര്‍ഘകാലമായി വികാസം പ്രാപിച്ച മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ്. ഈ മൂല്യങ്ങളെ വളര്‍ത്തുവാനാണ് കുടുംബപ്രബോധനം. കുടുംബത്തിലൂടെ തലമുറകളിലേയ്ക്ക് മൂല്യങ്ങള്‍ പകര്‍ന്നു നല്‍കണം.
സമാജത്തിന്റെ സ്വഭാവമാണ് സംസ്‌കൃതി. സമാജത്തെ നിലനിര്‍ത്തുന്നതും പരസ്പരം പോഷിപ്പിക്കുന്നതും സമരസതയാണ്. സമത്വം എന്നത് ബാഹ്യ പ്രകടനമാണ്. എന്നാല്‍ സമരസതയാവട്ടെ ആന്തരികമാണ്. ഭേദഭാവന ചിന്തകളില്ലാതെ മുഴുവന്‍ സമാജത്തിന്റേയും ഉല്‍ക്കര്‍ഷത്തിന് വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് സമാജത്തിലെ ഓരോ അംഗത്തിന്റെയും കര്‍ത്തവ്യം. ഇവന്‍ എന്റെ ആളാണ്/അന്യനാണ് എന്നുള്ള ഭാവന മാറ്റി ഒരേ സമാജത്തിന്റെ ഭാഗമാണ് എന്ന ചിന്തയാണുണ്ടാവേണ്ടത്.
‘ഹിന്ദവ: സോദരാ സര്‍വേ
ന ഹിന്ദു പതിതോ ഭവേത്
മമ ദീക്ഷാ ഹിന്ദു രക്ഷാ
മമ മന്ത്ര: സമാനതാ.’
(മുഴുവന്‍ ഹിന്ദുക്കളും സഹോദരന്മാരാണ്. ഒരു ഹിന്ദുവും പതിതനാവരുത്. എന്റെ വ്രതം ഹിന്ദുരക്ഷയാണ്. എന്റെ മന്ത്രം സമാനതയാണ്).
ജാതി, വര്‍ണം, സ്ഥാനം, അധികാരം, സമ്പത്ത്, ആരാധനാസമ്പ്രദായം തുടങ്ങി യാതൊരു വിധത്തിലുമുള്ള ഭേദഭാവനകളില്ലാതെ ഒരേ ഈശ്വരന്റെ സന്താനമെന്ന പോലെ സമാജത്തിന്റെ ഉത്കര്‍ഷത്തിനായി ഒരേ മനസ്സോടെ പ്രവര്‍ത്തിക്കുമ്പോഴാണ് സമരസതയുണ്ടാവുന്നത്.
രാഷ്ട്രത്തിന്റെ സുരക്ഷ എന്നത് സ്വാതന്ത്ര്യത്തെ ആശ്രയിച്ചിരിക്കുന്നു. സ്വാതന്ത്ര്യം – സ്വതന്ത്രം – എന്നത് സ്വത്വത്തെ വീണ്ടെടുക്കലാണ്. ഭാരതത്തിന്റെ സ്വത്വത്തെ സ്വദേശി, സ്വാശ്രയത്വം എന്ന പേരില്‍ തിലകനും ഹിന്ദവീ സ്വരാജ് എന്ന പേരില്‍ ഗാന്ധിജിയും സനാതനധര്‍മ്മം എന്ന പേരില്‍ മഹര്‍ഷി അരവിന്ദനും നിര്‍വചിച്ചു. സ്വദേശിയും ഗീതയും ഗോവുമെല്ലാം തന്നെ നമ്മുടെ ദേശീയ നേതാക്കള്‍ക്ക് സ്വാതന്ത്ര്യസമ്പാദനത്തിനുള്ള ആയുധങ്ങളായിരുന്നു. ‘വേദങ്ങളിലേയ്ക്കു മടങ്ങുക ‘ എന്ന് മഹര്‍ഷി ദയാനന്ദസരസ്വതി ആഹ്വാനം ചെയ്യുന്നതും ദശപ്രഹരണധാരിണിയായ ദുര്‍ഗയായി കവി ബങ്കിം ചന്ദ്ര ചാറ്റര്‍ജി ഭാരതാംബയെ വാഴ്ത്തുന്നതും ഇതേ ഭാവനയോടെയാണ്.
ഭാരതം അടിമയായത് സമ്പത്തിന്റെയോ സൈനിക ശക്തിയുടെയോ അറിവിന്റെയോ അഭാവത്തിലല്ല. സമ്പത്ത് കൊള്ളയടിക്കാനാണ് ഇസ്ലാമിക യൂറോപ്യന്‍ ശക്തികള്‍ ഇവിടെ വന്നിട്ടുള്ളത്. അറിവ് സമ്പാദിക്കാനാണ് ഹുയാന്‍ സാങ്, ഫാഹിയാന്‍ തുടങ്ങി നിരവധി വിദേശസഞ്ചാരികള്‍ ഭാരതത്തിലേയ്ക്ക് വന്നിട്ടുള്ളത്. അശോകന്റെ കാലത്ത് തന്നെ ഭാരതം സൈനിക ശക്തിയില്‍ ഒന്നാം സ്ഥാനത്തായിരുന്നു.
ഭാരതത്തിന്റെ അടിമത്തത്തിന്റെ കാരണം ആത്മവിസ്മൃതിയും അനൈക്യവും അലസതയുമാണ്. രാഷ്ട്രത്തിന്റെ ആത്മാവിനെ വീണ്ടെടുക്കലാണ് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം, സ്വദേശീ ഭാവം എന്നെല്ലാം അര്‍ത്ഥമാക്കുന്നത്. സ്വഭാഷ, സ്വഭൂഷ, സ്വന്തം ഭക്ഷണ ശൈലി, സ്വധര്‍മ്മം ഇതെല്ലാം തന്നെ സ്വത്വത്തിന്റെ വീണ്ടെടുക്കലാണ്. പരമ്പരയായി നമുക്കു കൈമാറിവന്ന മൂല്യങ്ങളുടെ ആകെത്തുകയായ ഈ സനാതന സംസ്‌കൃതിയെ അറിഞ്ഞാചരിക്കേണ്ടതുണ്ട്. നമ്മുടെ രാഷ്ട്രത്തിന്റെ സ്വത്വം കാക്കുവാന്‍ പോരാടിയ ആയിരക്കണക്കിന് വീരപുരുഷന്മാര്‍, വീരാംഗനമാര്‍, ഗോത്രനായകര്‍ തുടങ്ങിയവരുടെ ചരിത്ര സ്മൃതികള്‍ വരുന്ന തലമുറയിലേയ്ക്ക് പകര്‍ന്നു നല്‍കേണ്ടതുണ്ട്. സ്വന്തം കാലില്‍ നമ്മുടെ രാഷ്ട്രം ഉയര്‍ത്തെഴുന്നേല്ക്കുമ്പോഴാണ് സ്വാതന്ത്ര്യം സാര്‍ത്ഥകമാവുക. ഇതോടൊപ്പം തന്നെ ഈ നാടിനെ – ഇതിന്റെ അസ്തിത്വത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന ബാഹ്യ- ആന്തരിക ശക്തികളുണ്ട്. ഇസ്ലാമിക തീവ്രവാദം, ആഗോള സാമ്പത്തിക ശക്തികള്‍, ആഗോള മതപരിവര്‍ത്തന ശക്തികള്‍, സാംസ്‌കാരിക കമ്യൂണിസം – ഇവരെല്ലാം ഒറ്റയ്ക്കും കൂട്ടായും ഒളിഞ്ഞും തെളിഞ്ഞും ഈ നാടിന്റെ തനിമയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളും കുറവല്ല. ഇന്ന് ഇവര്‍ ആശയ യുദ്ധത്തിന്റെ മാര്‍ഗമാണ് സ്വീകരിച്ചിട്ടുള്ളത്. ഇതിനെ നേരിടാന്‍ തക്കവണ്ണമുള്ള ബൗദ്ധിക ശേഷിയും നാം ആര്‍ജ്ജിക്കേണ്ടതുണ്ട്.
നമ്മുടെ സങ്കല്പമനുസരിച്ച് പ്രകൃതിയിലെ സര്‍വചരാചരങ്ങളും ഒരേ ഈശ്വരന്റെ അംശങ്ങളാണ് (ഈശാവാസ്യമിദം സര്‍വം). ഭൂമിയെ മാതാവായിട്ടാണ് നാം കണ്ടിട്ടുള്ളത്. ഭാരതീയന് ഈ ഭൂമി തന്നെ ഒരു കുടുംബമാണ് (വസുധൈവ കുടുംബകം). നമുക്കീ പുല്‍കളും പൂക്കളും കൂടിത്തന്‍ കുടുംബക്കാര്‍ – എന്നാണ് കവികള്‍ പറഞ്ഞിട്ടുള്ളത്. ഈ ഭൂപ്രകൃതിയെ പൂജിക്കുക, നിലനിര്‍ത്തുക, പോഷിപ്പിക്കുക എന്നത് മുഴുവന്‍ ജീവരാശിയുടേയും നിലനില്‍പ്പിന് ആവശ്യമാണ്. ഇന്ന് നടന്നു വരുന്ന പരിസ്ഥിതി പ്രദൂഷണത്തിനെ നേരിടുവാന്‍ മണ്ണും വെള്ളവും വായുവും ആകാശവും ശുദ്ധമാക്കി വയ്ക്കുവാന്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്.
ഈ അമൃതകാലത്ത് പൗരധര്‍മ്മം പാലിച്ചുകൊണ്ടും കുടുംബങ്ങളില്‍ മൂല്യങ്ങള്‍ വളര്‍ത്തിയും സമരസസമാജത്തെ നിര്‍മ്മിച്ചുകൊണ്ടും സ്വദേശി ഭാവനയെ ഉണര്‍ത്തിയും പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടും ഭാരതത്തെ വിശ്വഗുരുസ്ഥാനത്തേക്കുയര്‍ത്തി ‘കൃണ്വന്തോ വിശ്വമാര്യം’ (ലോകത്തെ ശ്രേഷ്ഠമാക്കുക) എന്ന ഭാരത ദൗത്യം നിര്‍വഹിക്കുവാനുള്ള സംഘടിതശക്തിയെ നിര്‍മ്മിക്കേണ്ടതുണ്ട്. അതിനുള്ള കാര്യശാലയാണ് സംഘശാഖ. സംഘം ശതാബ്ദിയിലേയ്ക്ക് പ്രവേശിക്കുന്ന ഈ സമയത്ത് ശാഖകളുടെ വ്യാപനത്തിലൂടെ സംഘടിത ശക്തിയെ വളര്‍ത്തി മുഴുവന്‍ സമാജത്തേയും ചേര്‍ത്തു പിടിച്ചുകൊണ്ട് ഭാരതത്തിന്റെ വൈഭവത്തിനും തദ്വാരാ ലോകത്തെ ശാന്തിപര്‍വ്വത്തിലെത്തിക്കുവാനും കരുത്തുപകരുന്നതാകട്ടെ ഈ വര്‍ഷത്തെ രക്ഷാബന്ധന്‍.
(ആര്‍എസ്എസ് ദക്ഷിണ പ്രാന്ത സഹബൗദ്ധിക് ശിക്ഷണ്‍ പ്രമുഖാണ് ലേഖകന്‍)