Saturday, July 12, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

നിയമവിരുദ്ധമായ സംഘനിരോധനങ്ങള്‍

അഡ്വ.സി.കെ.സജിനാരായണന്‍

Print Edition: 9 August 2024

കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോഴെല്ലാം രാഷ്ട്രീയ സ്വയംസേവക സംഘത്തെ അടിച്ചമര്‍ത്താനോ നിരോധിക്കാനോ അതിന്റെ എല്ലാ അധികാരങ്ങളും ഉപയോഗിച്ചുവെങ്കിലും സംഘത്തിന്റെ ശക്തി അവരുടെ കൈപ്പിടിക്കപ്പുറത്താണ്. സംഘത്തെ ‘മനുവിന്റെ മത്സ്യം’ എന്ന ചൊല്ലുമായിട്ടാണ് സര്‍സംഘചാലക് മുന്‍പൊരിക്കല്‍ തുലനം ചെയ്തത്. രാഷ്ട്രീയ സ്വയംസേവക സംഘവും ബന്ധപ്പെട്ട സംഘടനകളും ഭാരതത്തിന്റെ എല്ലാ മുക്കിലും മൂലയിലും ഗ്രാമതലം വരെയും സമൂഹത്തിന്റെ എല്ലാ മേഖലകളിലും വ്യാപിച്ചിരിക്കുന്നു. ഇന്ന് നമ്മുടെ ദേശീയ സമൂഹത്തിന് സംഘത്തെ മാറ്റിനിര്‍ത്തിക്കൊണ്ട് പ്രവര്‍ത്തിക്കാനോ ചിന്തിക്കാനോ കഴിയില്ല. കോണ്‍ഗ്രസ് പാര്‍ട്ടിക്കോ ഇടതുപക്ഷ വിഭാഗങ്ങള്‍ക്കോ ഒരിക്കലും ചിന്തിക്കാന്‍ കഴിയാത്ത ഉയരത്തില്‍ ഈ മഹത്തായ സംഘടന വളര്‍ന്നുകൊണ്ടിരിക്കുന്നു! ഇത് കോണ്‍ഗ്രസ്സിനും ഇടതുപക്ഷ സംഘടനകള്‍ക്കും അവരുടെ മാധ്യമങ്ങള്‍ക്കും ബുദ്ധിജീവികള്‍ക്കും ഉറക്കമില്ലാത്ത രാത്രികള്‍ നല്‍കുന്നു. ഇക്കാരണത്താല്‍ രാഹുല്‍ ഗാന്ധി മുതല്‍ രാമചന്ദ്ര ഗുഹ വരെയുള്ളവര്‍ സംഘമഹാപ്രസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള അശ്രാന്തശ്രമങ്ങളില്‍ ഏര്‍പ്പെട്ട് പരാജയപ്പെട്ടിരിക്കുകയാണ്. പുറത്തുനിന്നുള്ള വലിയ വെല്ലുവിളികള്‍ക്കിടയിലും അതിവേഗം വളരാനുള്ള കഴിവ് സംഘം എപ്പോഴും പ്രകടിപ്പിക്കുന്നു.

ആര്‍എസ്എസ്സിനെ നിരോധിക്കുവാനും, നിയന്ത്രിക്കുവാനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയത് ബ്രിട്ടീഷുകാരാണ്. സ്വാതന്ത്ര്യസമരത്തില്‍ ആര്‍എസ്എസ്സിന്റെ സാന്നിധ്യവും ശക്തമായ എതിരാളിയെന്ന നിലയിലുള്ള അതിന്റെ സാധ്യതയും ബ്രിട്ടീഷ് സര്‍ക്കാര്‍ തിരിച്ചറിഞ്ഞിരുന്നു. ശ്രീഗുരുജി ഗോള്‍വല്‍ക്കര്‍ എഴുതുന്നു: ‘അന്നത്തെ സെന്‍ട്രല്‍ പ്രവിശ്യകളുടെ ഗവണ്‍മെന്റ് 1932-ല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് വിലക്കിക്കൊണ്ട് ഒരു സര്‍ക്കുലര്‍ അയച്ചു. അതിന്റെ പേരില്‍ പ്രവിശ്യയില്‍ വലിയ വിവാദമുണ്ടായി. സര്‍ക്കാരിനെതിരെ ഒരു അവിശ്വാസ പ്രമേയം നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ടു. അതിനെ ഹിന്ദു അംഗങ്ങള്‍ മാത്രമല്ല, മുസ്ലീം, ക്രിസ്ത്യന്‍, പാഴ്‌സി തുടങ്ങി മറ്റെല്ലാ അംഗങ്ങളും പിന്തുണച്ചിരുന്നു. തുടര്‍ന്ന് മന്ത്രിസഭയ്ക്ക് തന്നെ സ്ഥാനമൊഴിയേണ്ടി വന്നു.” സ്വതന്ത്രഭാരതത്തില്‍ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകളും പിന്നീട് സംഘത്തോട് ഇതേ രീതിയില്‍ തന്നെ പെരുമാറി.

മഹാത്മാഗാന്ധിയുടെ വധം കോണ്‍ഗ്രസ് സര്‍ക്കാര്‍ ആര്‍എസ്എസ്സിനെ നിരോധിക്കാനുള്ള അവസരമായി ഉപയോഗിച്ചു. 1947 ഡിസംബര്‍ 7ന്, അതായത് ഗാന്ധിജിയുടെ വധത്തിന് രണ്ട് മാസം മുമ്പ്, സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് ആര്‍എസ്എസ്സിനെതിരെ നെഹ്‌റു എഴുതിയ ഒരു കത്തില്‍ നിന്നും സംഘത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ ഉദ്ദേശ്യം വ്യക്തമായിരുന്നു. നാഥുറാം ഗോഡ്‌സെ ഹിന്ദു മഹാസഭയുടെ സജീവ നേതാവും, ഗാന്ധിജി കൊല്ലപ്പെടുമ്പോള്‍ ഹിന്ദു മഹാസഭയുടെ ഔദ്യോഗിക മാസികയായ ‘ഹിന്ദു രാഷ്ട്ര’യുടെ പത്രാധിപരുമായിരുന്നുവെന്ന് നെഹ്‌റു സര്‍ക്കാരിന് നന്നായി അറിയാമായിരുന്നു. എന്നാല്‍ ഗാന്ധിജി കൊല്ലപ്പെട്ട് മാസങ്ങള്‍ക്കുള്ളില്‍, 1948 ജൂലായില്‍, നെഹ്‌റു ഹിന്ദു മഹാസഭയുടെ സ്ഥാപക നേതാവും, ദേശീയ അധ്യക്ഷനുമായ നിര്‍മ്മല്‍ ചാറ്റര്‍ജിയെ ഹൈക്കോടതി ജഡ്ജിയെന്ന ഉന്നത പദവിയിലേക്ക് നിയമിച്ചു. അതേസമയം വി.ഡി.സാവര്‍ക്കറെ പോലുള്ള മറ്റ് പ്രമുഖ നേതാക്കളെ ഗാന്ധിജിയെ വധിച്ചതിന് ജയിലില്‍ അടക്കുകയും ചെയ്തു. നെഹ്രുവിന്റെ ഈ വൃത്തികെട്ട രാഷ്ട്രീയം അവിടെയും നിന്നില്ല, തന്റെ തെറ്റുകള്‍ മറയ്ക്കാന്‍ ആര്‍എസ്എസ്സിനുമേല്‍ പഴിചാരി, ആര്‍എസ്എസ്സിന് കൊലപാതകവുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് പൂര്‍ണ്ണമായി അറിഞ്ഞുകൊണ്ട് തന്നെ അതിനെ നിരോധിക്കുകയും ചെയ്തു. മറിച്ച് നിര്‍മ്മല്‍ ചാറ്റര്‍ജിയുമായുള്ള നെഹ്‌റുവിന്റെ വ്യക്തിപരമായ സ്‌നേഹവും അടുപ്പവും കാരണം ഹിന്ദു മഹാസഭ നിരോധിക്കപ്പെട്ടില്ല. പിന്നീട് 1970-ല്‍ സാവര്‍ക്കറുടെ രാഷ്ട്രീയ സ്വാധീനം കോണ്‍ഗ്രസ്സിന് അനുകൂലമാക്കാന്‍ ഇന്ദിരാഗാന്ധി സാവര്‍ക്കറുടെ സ്റ്റാമ്പ് പുറത്തിറക്കി. എന്തൊരു വിചിത്രമായ രാഷ്ട്രീയം!

സംഘത്തിനെതിരെയുള്ള ദുരുദ്ദേശ്യപരമായ രാഷ്ട്രീയക്കളി വ്യക്തമാക്കുന്ന മറ്റൊരു ചോദ്യമുണ്ട്, ഗാന്ധി വധത്തിനുശേഷം എന്തുകൊണ്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി 1949 ഒക്‌ടോബര്‍ 7ന് ആര്‍എസ്എസ്സിനോട് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരാന്‍ അഭ്യര്‍ത്ഥിച്ചത്? ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭഭായ് പട്ടേലും 1948 സപ്തംബര്‍ 11ന് സംഘം കോണ്‍ഗ്രസ്സില്‍ ചേരണമെന്ന് അഭ്യര്‍ത്ഥിച്ച് ഗുരുജി ഗോള്‍വല്‍ക്കര്‍ക്ക് കത്തെഴുതി. അദ്ദേഹം എഴുതി, ‘എന്റെ ജയ്പൂര്‍, ലഖ്‌നൗ പ്രസംഗങ്ങള്‍ പരിഗണിക്കാനും, ഞാന്‍ സൂചിപ്പിച്ച വഴി ആര്‍എസ്എസ്സ് സ്വീകരിക്കാനും ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു. ആര്‍എസ്എസ്സിന്റെയും രാജ്യത്തിന്റെയും നന്മയ്ക്കാണത് എന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മുടെ രാജ്യത്തിന്റെ ക്ഷേമം കൈവരിക്കാന്‍ നമുക്ക് കൈകോര്‍ക്കാം. കോണ്‍ഗ്രസില്‍ ചേരുന്നതിലൂടെ മാത്രമേ ആര്‍എസ്എസ്സുകാര്‍ക്ക് അവരുടെ ദേശസ്‌നേഹ പ്രയത്‌നം തുടരാനാകൂ, മറിച്ച് വേറിട്ട് നിന്നുകൊണ്ടോ എതിര്‍ത്തോ അല്ലെന്നതാണ് എന്റെ പൂര്‍ണ്ണ ബോധ്യം.” കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെ തന്നെ ഗാന്ധിജിയുടെ കൊലപാതകത്തില്‍ ആര്‍എസ്എസ്സിന് പങ്കില്ലെന്ന് സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ ആവര്‍ത്തിച്ച് പറഞ്ഞു. സംഘത്തിന്റെ നിരോധനത്തിന് തൊട്ടുമുമ്പ്, 1948 ജനുവരി ആറിന് സര്‍ദാര്‍പട്ടേല്‍ ഒരു കോണ്‍ഗ്രസ് റാലിയില്‍ ആര്‍എസ്എസ്സുകാരെ രാജ്യസ്‌നേഹികളെന്ന് പരസ്യമായി പുകഴ്ത്തുകയും ആര്‍എസ്എസ്സിനെ കഴുത്ത് ഞെരിച്ച് കൊല്ലണം എന്ന് പറഞ്ഞ, സര്‍ക്കാരിലെ ചിലരെ ശക്തമായി വിമര്‍ശിക്കുകയും ചെയ്തു.

ഗാന്ധിജിയുടെ വധം വിചാരണ ചെയ്ത കോടതിയും, കപൂര്‍ കമ്മീഷനും, ആര്‍എസ്എസ്സിനെയല്ല, നെഹ്‌റു സര്‍ക്കാരിനെയാണ് രൂക്ഷമായി വിമര്‍ശിച്ചത്. മരണത്തിന് മുമ്പ് ഗാന്ധിജിക്ക് നേരെ അഞ്ച് തവണ കൊലപാതകശ്രമങ്ങള്‍ ഉണ്ടായിട്ടും അദ്ദേഹത്തിന് മതിയായ സംരക്ഷണം നല്‍കിയില്ലെന്നതായിരുന്നു കാരണം. ഗാന്ധിജിക്ക് പോലീസ് സംരക്ഷണം നല്‍കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കാണിച്ച കരുതലും ജാഗ്രതയും പോലും കോണ്‍ഗ്രസ് സര്‍ക്കാര്‍ കാണിച്ചില്ല.

കോണ്‍ഗ്രസ് സര്‍ക്കാര്‍ 1948 ഫെബ്രുവരി ഒന്നിന് അര്‍ദ്ധരാത്രി ശ്രീഗുരുജിയെ അറസ്റ്റ് ചെയ്യുകയും ഫെബ്രുവരി 4 ന് ആര്‍എസ്എസ്സിനെ നിരോധിക്കുകയും ചെയ്തു. 1948 ഫെബ്രുവരി 27ന് ഗാന്ധിജി കൊല്ലപ്പെട്ട് ഒരു മാസത്തിനുള്ളില്‍, പട്ടേല്‍ നെഹ്‌റുവിന് അയച്ച ഒരു മറുപടിക്കത്തില്‍ എഴുതി: ”ബാപ്പുവധക്കേസിന്റെ അന്വേഷണ പുരോഗതി ഞാന്‍ മിക്കവാറും എല്ലാ ദിവസവും വിലയിരുത്തുന്നുണ്ട്. പ്രധാന പ്രതികളെല്ലാം അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ദീര്‍ഘവും വിശദവുമായ മൊഴികള്‍ നല്‍കിയിട്ടുണ്ട്. ആര്‍എസ്എസ്സിന് ഇതില്‍ യാതൊരു പങ്കുമില്ലെന്നാണ് അവരുടെ പ്രസ്താവനകളില്‍ നിന്ന് വ്യക്തമാകുന്നത്.”

അറസ്റ്റിലായി ആറു മാസത്തിനുശേഷം ശ്രീഗുരുജി ജയി ല്‍ മോചിതനായി. 1948 നവംബര്‍ 2ന് നടന്ന ഒരു പത്രസമ്മേളനത്തില്‍, കോണ്‍ഗ്രസ് ഗവണ്‍മെന്റിന്റെ നടപടിക്കെതിരെ ശ്രീഗുരുജി ഒരു പ്രസ്താവന നല്കി. അതില്‍ കോണ്‍ഗ്രസ്സില്‍ ചേരാനുള്ള നെഹ്‌റുവിന്റെയോ പട്ടേലിന്റെയോ വാഗ്ദാനത്തില്‍ തങ്ങള്‍ വശംവദരാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ശ്രീഗുരുജിയുടെ പ്രതികരണം കണ്ടപ്പോള്‍, അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്യുമെന്ന് സര്‍ക്കാര്‍ ഭീഷണിപ്പെടുത്തി. തല്‍ഫലമായി, 1948 നവംബര്‍ 13ന് രാത്രിയില്‍, ശ്രീഗുരുജിയെ 1818-ലെ ബംഗാള്‍ സ്റ്റേറ്റ് പ്രിസണേഴ്‌സ് ആക്ട് ഉപയോഗിച്ച് വീണ്ടും അറസ്റ്റ് ചെയ്തു. ബ്രിട്ടീഷ് ഭരണകാലത്ത് കോണ്‍ഗ്രസ് തന്നെ ഈ നിയമത്തെ ‘കറുത്ത നിയമം’ എന്ന് വിളിച്ചിരുന്നു. കോണ്‍ഗ്രസ്സില്‍ ചേരൂ, അല്ലെങ്കില്‍ നടപടി നേരിടൂ, ഇതായിരുന്നു കോണ്‍ഗ്രസ്സിന്റെ ആര്‍എസ്എസ്സിനോടുള്ള സമീപനം. എന്തു തന്നെയായാലും, ഒരു സമ്മര്‍ദത്തിനും കീഴടങ്ങരുതെന്ന് ഗുരുജി എല്ലാ സ്വയംസേവകര്‍ക്കും കത്തെഴുതി. തുടര്‍ന്ന് സ്വയംസേവകരുടെ രാജ്യവ്യാപക സത്യഗ്രഹം നടന്നു. വര്‍ദ്ധിച്ചുവരുന്ന പൊതുജന സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഒരു വര്‍ഷത്തിനുശേഷം 1949 ജൂലായ് 12ന് നിരുപാധികം ആര്‍എസ്എസ്സ് നിരോധനം നീക്കാന്‍ നെഹ്‌റു നിര്‍ബന്ധിതനായി, ഗുരുജിക്ക് അയച്ച കത്തില്‍ നിരോധനം നീക്കിയതില്‍ സര്‍ദാര്‍ പട്ടേല്‍ സന്തോഷം പ്രകടിപ്പിച്ചു: ‘സംഘത്തിന്റെ നിരോധനം നീക്കിയപ്പോള്‍ ഞാന്‍ എത്ര സന്തോഷവാനായിരുന്നുവെന്ന് എന്റെ അടുത്തുള്ള ആളുകള്‍ക്ക് മാത്രമേ അറിയൂ. നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു.’

മഹാത്മജിയുടെ കൊലപാതകം ആര്‍എസ്എസ്സിന്റെ മേല്‍ മുദ്രകുത്താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കാര്‍ രാഷ്ട്രീയമായി വളരെ യത്‌നിച്ചു. ആര്‍എസ്എസ്സിനെ കുറ്റവിമുക്തരാക്കുന്ന ആഭ്യന്തരമന്ത്രി സര്‍ദാര്‍ പട്ടേലിന്റെ കത്തുകളും, പോലീസ് അന്വേഷണ റിപ്പോര്‍ട്ടും, കോടതി വിധിയും, കപൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും മറ്റും അറിഞ്ഞിട്ടും ആര്‍എസ്എസ്സിനെതിരായ ഗാന്ധി വധത്തിന്റെ പേരിലുള്ള പ്രചാരണം കോണ്‍ഗ്രസ് തുടര്‍ന്നു.

1954-ല്‍ ബീഹാറിലെ ദര്‍ഭംഗയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രീഗുരുജിയെ പ്രോസിക്യൂട്ട് ചെയ്തു. പാട്‌ന ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിക്കൊണ്ട് പറഞ്ഞു: ‘പ്രസംഗം മൊത്തത്തില്‍ പരിശോധിച്ചാല്‍, അത് വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയോ വിദ്വേഷമോ വളര്‍ത്താന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് കരുതാന്‍ പ്രയാസമാണ്.’

കോണ്‍ഗ്രസ് നേതൃത്വത്തിന്, പ്രത്യേകിച്ച് നെഹ്‌റുവിന് ശത്രുത ആര്‍എസ്എസ്സിനോട് മാത്രമായിരുന്നില്ല, പാര്‍ട്ടിയുടെയും നെഹ്‌റുവിന്റെയും സ്വാര്‍ത്ഥപരമായ രാഷ്ട്രീയ നിലപാടുകള്‍ക്കെതിരെ നിലകൊണ്ട ഡോ.അംബേദ്കര്‍, ഗാന്ധിജി, നേതാജി സുഭാഷ് ചന്ദ്രബോസ്, സര്‍ദാര്‍ പട്ടേല്‍ തുടങ്ങി നിരവധി ദേശീയവാദികളുമായും അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവായ കേരളത്തിലെ എ.കെ.ഗോപാലനെതിരെ കാസര്‍കോട് മത്സരിക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനിന്ന സമയത്ത്, ഭണ്ഡാര ഉപതിരഞ്ഞെടുപ്പില്‍ ഡോ. അംബേദ്കറിനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് പ്രത്യേകം നിഷ്‌ക്കര്‍ഷ പുലര്‍ത്തിയിരുന്നു.

സമാന്തരമായി, കോണ്‍ഗ്രസില്‍ പലരും സംഘത്തെ ഒളിഞ്ഞും തെളിഞ്ഞും പിന്തുണച്ചു. പിന്നീട് കേന്ദ്ര ക്യാബിനറ്റ് മന്ത്രിയായ ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവ് കോണ്‍ഗ്രസ്സിലെ പലരുടെയും എതിര്‍പ്പ് അവഗണിച്ച് ദല്‍ഹിയില്‍ നടന്ന സംഘത്തിന്റെ ഒരു ചടങ്ങില്‍ പങ്കെടുത്തത് ശ്രീഗുരുജി ഓര്‍ക്കുന്നു (വിചാരധാര). പിന്നീട് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ തന്നെ കാലാകാലങ്ങളിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ സംഘത്തിന്റെ സഹായം തേടിയിരുന്നു. 1962-ല്‍ ഭാരതത്തിനെതിരെ പെട്ടെന്നുണ്ടായ ചൈനീസ് ആക്രമണ സമയത്ത്, സൈനികരെയും സാധാരണക്കാരെയും സഹായിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആര്‍എസ്എസ്സിന്റെ സഹായം തേടി. അതില്‍ സ്തുത്യര്‍ഹമായ സേവനത്തിനുള്ള പ്രതിഫലമായി, ഒരു സര്‍ക്കാരിതര സംഘടനയാണെങ്കിലും, ആര്‍എസ്എസ്സിനെ 1963-ല്‍ റിപ്പബ്ലിക് പരേഡില്‍ അവരുടെ ‘പൂര്‍ണ്ണ ഗണവേഷ’ത്തോടെ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ക്ഷണിച്ചു, ഇത് ചരിത്രത്തിലെ ഒരു അപൂര്‍വ സംഭവമായിരുന്നു. 1965-ല്‍ പാകിസ്ഥാന്‍ ഭാരതത്തെ ആക്രമിച്ചപ്പോള്‍ സൈനിക ശ്രമങ്ങളെ സഹായിക്കാന്‍ പോലീസ് സേന നിയോഗിക്കപ്പെട്ടപ്പോള്‍ ദല്‍ഹി നഗരത്തിലെ ഗതാഗതം നിയന്ത്രിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആര്‍എസ്എസ്സിനോടാണ് ആവശ്യപ്പെട്ടത്.

ഗാന്ധിജിയുടെ കൊലപാതകികള്‍ ആര്‍എസ്എസ്സുകാരാണെന്ന് പരസ്യമായി ആരോപിച്ച പലര്‍ക്കും പിന്നീട് വിവിധ കോടതികളില്‍ മാനനഷ്ടക്കേസുകള്‍ നേരിടേണ്ടിവന്നുവെന്നതും ശ്രദ്ധേയമാണ്. ഒടുവില്‍ ആര്‍എസ്എസ്സിനോട് മാപ്പ് പറഞ്ഞ് ശിക്ഷയില്‍ നിന്ന് ഇവര്‍ക്ക് തടിതപ്പേണ്ടി വന്നു. 1950-ല്‍ കമ്മ്യൂണിസ്റ്റ് പത്രമായ ‘ദേശാഭിമാനി’യില്‍ നിന്നാണ് ഇക്കാര്യത്തില്‍ ആര്‍എസ്എസ്സിനോട് ക്ഷമാപണം പറയുന്ന ചരിത്രം ആരംഭിച്ചത്. അവരുടെ കലണ്ടറില്‍ ‘ജനുവരി 30 ആര്‍എസ്എസ്സുകാര്‍ ഗാന്ധിയെ കൊലപ്പെടുത്തിയ ദിവസം’ ആയി രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണിത്. മാധ്യമപ്രവര്‍ത്തകന്‍ അബ്ദുള്‍ ഗഫൂര്‍ നൂറാനി (എ.ജി.നൂറാനി), കോണ്‍ഗ്രസ് നേതാവ് സീതാറാം കേസരി തുടങ്ങിയവരാണ് ആര്‍എസ്എസ്സിനോട് മാപ്പ് പറഞ്ഞ മറ്റ് പ്രമുഖര്‍. ഏറ്റവും ഒടുവില്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ വിചാരണ നേരിടുന്നത് രാഹുല്‍ ഗാന്ധിയാണ്.

‘മക്കാര്‍ത്തിയിസത്തിന്റെ’ നിയമം
1983-ല്‍ രഘുവംശി കേസില്‍ ആര്‍എസ്എസ്സുമായി ബന്ധമുള്ളതിന്റെ പേരില്‍ ഒരു ജീവനക്കാരനെ പിരിച്ചുവിടുന്നതിനെ ‘മക്കാര്‍ത്തിയിസം’ എന്നാണ് ഇന്ത്യന്‍ സുപ്രീം കോടതി വിശേഷിപ്പിച്ചത്. എതിര്‍പ്പിനെ അടിച്ചമര്‍ത്താന്‍ മതിയായ തെളിവുകളില്ലാതെ പരസ്യമായി അക്രമം, അട്ടിമറി തുടങ്ങിയ ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്ന അന്യായവും അടിച്ചമര്‍ത്തുന്നതുമായ രാഷ്ട്രീയ സമ്പ്രദായമാണ് ‘മക്കാര്‍ത്തിയിസം’.

1960-ല്‍, കോണ്‍ഗ്രസ് സര്‍ക്കാര്‍ ബ്രിട്ടീഷ് കാലഘട്ടത്തിലെ ഒരു കറുത്ത നിയമമായ സെന്‍ട്രല്‍ സിവില്‍ സര്‍വീസസ് റൂള്‍സ്, 1933, ആര്‍എസ്എസ്സുമായുള്ള ബന്ധത്തിന്റെ പേരില്‍ നാഗ്പൂരില്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരനായ ബി.ജി.കേദാറിന് മേല്‍ പ്രയോഗിച്ചു. എന്നാല്‍ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് ഈ നടപടി റദ്ദാക്കി. രാഷ്ട്രീയ പാര്‍ട്ടികളുടെ സാംസ്‌കാരിക സംഘടനകളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കു സജീവമായി പങ്കെടുക്കാന്‍ സ്വാതന്ത്ര്യമുള്ളപ്പോഴാണിത് നടന്നത്.

1966 നവംബര്‍ ഏഴിന് പാര്‍ലമെന്റിനു മുന്നില്‍ ആര്‍എസ്എസ്സിന്റെയും ജനസംഘത്തിന്റെയും നേതൃത്വത്തില്‍ സന്യാസിമാര്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ ഗോവധ വിരുദ്ധ പ്രതിഷേധം നടന്നു. പോലീസ് വെടിവെപ്പില്‍ നിരവധി പേര്‍ മരിച്ചു. കോണ്‍ഗ്രസ് സര്‍ക്കാര്‍ പരിഭ്രാന്തരാകുകയും ആര്‍എസ്എസ്സിനെ അടിച്ചമര്‍ത്താന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടുകയും ചെയ്തു. ധനമന്ത്രാലയം ഉന്നയിച്ച ഒരു ചോദ്യത്തിന്, ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ 1966 നവംബര്‍ 30ന് ഒരു ‘മറുപടി കത്ത്’ വഴി, സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍എസ്എസ്സുമായി ബന്ധപ്പെടുന്നത് നിരോധനത്തിന്റെ പരിധിയില്‍ കൊണ്ടുവന്നു. കേന്ദ്ര സിവില്‍ സര്‍വീസസ് (നടത്തല്‍) ചട്ടങ്ങള്‍, 1964ലെ റൂള്‍ 5(1) പ്രകാരമാണിത്. കത്തില്‍ സര്‍ക്കാര്‍ ആര്‍എസ്എസ്സിനെ ജമാഅത്തെ ഇസ്ലാമി എന്ന വര്‍ഗീയ തീവ്ര സംഘടനയോട് ചേര്‍ത്താണ് രേഖപ്പെടുത്തിയത്. ഈ രണ്ട് സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയസ്വഭാവമുള്ളതാണെന്നാണ് സര്‍ക്കാര്‍ ആരോപിച്ചത്. അതേ വര്‍ഷം തന്നെ, ഗാന്ധിവധത്തില്‍ ആര്‍എസ്എസ്സിന്റെ പങ്ക് പരസ്യപ്പെടുത്താന്‍ പ്രധാനമായും ഉദ്ദേശിച്ചുകൊണ്ട് കോണ്‍ഗ്രസ് സര്‍ക്കാര്‍ റിട്ടയേര്‍ഡ് ജസ്റ്റിസ് ജെ.എല്‍.കപൂറിന്റെ നേതൃത്വത്തില്‍ ഒരു ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചു. പക്ഷേ കോണ്‍ഗ്രസിന്റെ പ്രതീക്ഷയ്ക്ക് വിപരീതമായി ഗാന്ധിജിയുടെ കൊലപാതകത്തില്‍ ആര്‍എസ്എസ്സിന് യാതൊരു പങ്കുമില്ലെന്ന് 1969ല്‍ കപൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 1967ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍ ആക്ട്) എന്നൊരു നിയമം കൊണ്ടുവന്നു.

1970 ജൂലായ് 25, 1975 നവംബര്‍ 28 തീയതികളിലെ ഉത്തരവുകളിലൂടെ 1966-ലെ ആര്‍എസ്എസ്സ് വിരുദ്ധ നിര്‍ദ്ദേശം കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ വീണ്ടും ആവര്‍ത്തിച്ചു. 1975ല്‍ അലഹബാദ് ഹൈക്കോടതി പാര്‍ലമെന്റിലേക്കുള്ള ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ശേഷം ഉണ്ടായേക്കാവുന്ന പൊതുജന രോഷം ഭയന്ന് സര്‍ക്കാര്‍ ആര്‍എസ്എസ്സിനെ നിരോധിച്ചു. 1975 ജൂലായ് 3, 4 തീയതികളില്‍, 1971ലെ ഡിഫന്‍സ് ആന്റ് ഇന്റേണല്‍ സെക്യൂരിറ്റി റൂള്‍സിലെ റൂള്‍ 33 പ്രകാരം ജമാഅത്തെ ഇസ്ലാമി, ആനന്ദ് മാര്‍ഗ്, സിപിഐ (എംഎല്‍) എന്നിവയ്‌ക്കൊപ്പം ആര്‍എസ്എസ്സിനെയും നിരോധിച്ചു. മാത്രമല്ല, 1975 നവംബര്‍ 28ലെ ഉത്തരവില്‍ ആര്‍എസ്എസ്സുമായി ബന്ധപ്പെട്ട ജീവനക്കാരെ ‘ഒരു അന്വേഷണവുമില്ലാതെ’പിരിച്ചുവിടുന്നത് സംബന്ധിച്ച ഭരണഘടനാ വ്യവസ്ഥകള്‍ അവലംബിക്കാന്‍ സര്‍ക്കാര്‍ എല്ലാ വകുപ്പുകളോടും ആവശ്യപ്പെട്ടു. പക്ഷേ, 1977-ല്‍ ഭാരതത്തിലെ ജനങ്ങള്‍ കോണ്‍ഗ്രസ്സിന്റെ ഫാസിസ്റ്റ് ഭരണം തിരഞ്ഞെടുപ്പില്‍ തൂത്തെറിയുകയും ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അധികാരത്തിലേറ്റുകയും ചെയ്തു. തുടര്‍ന്ന് ആര്‍എസ്എസ്സിന്റെ നിരോധനം പിന്‍വലിച്ചു. എന്നിട്ടും, 1977 ഏപ്രില്‍ 23 ലെ ഒരു സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു: ‘സംഘടനകളുടെ നിരോധനം പിന്‍വലിച്ചതിന് ശേഷം രാഷ്ട്രീയ സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ സാധാരണ സേവന നിയമങ്ങള്‍ പ്രകാരം നടപടിയെടുക്കാം.’ കോണ്‍ഗ്രസ് എപ്പോഴും സംഘത്തെ ഒരു രാഷ്ട്രീയ സംഘടനയായാണ് പ്രചരിപ്പിക്കുന്നത്.

1980-ല്‍ ആര്‍എസ്എസ്സിന്റെ പേര് വലിച്ചിഴച്ചു കൊണ്ടുള്ള ഇരട്ട അംഗത്വവിവാദത്തിന്റെ പേരില്‍ ജനതാ പാര്‍ട്ടി സര്‍ക്കാര്‍ തകര്‍ന്നുവീണു. അതേ വര്‍ഷം തന്നെ കോണ്‍ഗ്രസ്സിനെ വീണ്ടും അധികാരത്തിലെത്തിക്കാന്‍ ഇത് കാരണമായി. അധികാരത്തില്‍ വന്നയുടന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ 1980 ഒക്‌ടോബര്‍ 28ല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍എസ്എസ്സില്‍ ചേരുന്നത്‌വിലക്കിക്കൊണ്ടുള്ള 1966ലെ പഴയ വ്യവസ്ഥ സര്‍ക്കാര്‍ വകുപ്പുകളുടെ ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ഉത്തരവ് പുറപ്പെടുവിച്ചു. വിചിത്രമെന്ന് പറയട്ടെ, ആര്‍എസ്എസ്സ് പോലുള്ള സംഘടനകളില്‍ നിന്നുള്ള ഒരു പരാതിയും സര്‍ക്കാര്‍ വകുപ്പുകള്‍ സ്വീകരിക്കരുതെന്നും പ്രസ്തുത ഉത്തരവില്‍ പറഞ്ഞു: ആര്‍എസ്എസ്സുകാരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നിലവിലുള്ള ഏറ്റവും ഒടുവിലുള്ള ഉത്തരവാണിത്.

1992 ഡിസംബര്‍ 10ന്, അയോദ്ധ്യയിലെ തര്‍ക്ക കെട്ടിടം തകര്‍ന്ന് നാല് ദിവസത്തിന് ശേഷം കോണ്‍ഗ്രസ് സര്‍ക്കാര്‍ 1967 ലെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം ഉപയോഗിച്ച് സംഘത്തെ വീണ്ടും നിരോധിച്ചു. നരസിംഹറാവു സര്‍ക്കാര്‍ തര്‍ക്കമന്ദിരം തകര്‍ക്കാന്‍ ഒത്താശ ചെയ്തുവെന്ന ആരോപണത്തില്‍ നിന്നും മുഖം രക്ഷിക്കാന്‍ വേണ്ടിയായിരുന്നു ഇത്. എന്നാല്‍ വിഷയം റഫര്‍ ചെയ്ത ട്രൈബ്യൂണല്‍, നീണ്ട വിചാരണയ്ക്ക് ശേഷം ”ആര്‍എസ്എസ്സിനെതിരായി മറ്റ് വിശദാംശങ്ങളോ വസ്തുതകളോ നല്‍കുവാനോ, അല്ലെങ്കില്‍ നിരോധന വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്ന കാരണങ്ങളെ സാധൂകരിയ്ക്കുന്ന തെളിവുകളോ വസ്തുതകളോ നിരത്തുവാനോ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല” എന്ന് വ്യക്തമാക്കിക്കൊണ്ട് ആര്‍എസ്എസ്സിനെ നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം റദ്ദാക്കി.

സംസ്ഥാന സര്‍ക്കാരുകളുടെ നിരോധനം
ആര്‍എസ്എസ്സ് വിരുദ്ധ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളും ആര്‍എസ്എസ്സ് പ്രവര്‍ത്തനങ്ങളെ പലവിധത്തില്‍ അടിച്ചമര്‍ത്താന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. പല സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നിരോധന നിയമങ്ങള്‍ കൊണ്ടുവന്നു. ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ആര്‍എസ്എസ്സിലും ജമാത്തെ ഇസ്ലാമിയിലും പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് ജീവനക്കാരെ വിലക്കി. മധ്യപ്രദേശില്‍, 2000-ല്‍ ദിഗ്വിജയ് സിംഗ് സര്‍ക്കാര്‍ ഇതിനായി മധ്യപ്രദേശ് സിവില്‍ സര്‍വീസസ് (നടത്തല്‍) ചട്ടങ്ങളില്‍ ഭേദഗതി വരുത്തി, എന്നാല്‍ 2006-ല്‍ അത് പിന്‍വലിച്ചു. 2000-ല്‍ ഗുജറാത്തിലും സമാനമായ നിരോധനം പിന്‍വലിച്ചു. അതുപോലെ ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍ 2008ല്‍ നിരോധനം എടുത്തുകളഞ്ഞു. 2015-ല്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് ആര്‍എസ്എസ്സുമായി സഹകരിക്കാന്‍ അനുമതി നല്‍കി. ഹരിയാന സര്‍ക്കാര്‍ 2021-ല്‍ ആര്‍എസ്എസ്സിലും ജമാഅത്തെ ഇസ്ലാമിയിലും ചേരാന്‍ ജീവനക്കാരെ അനുവദിച്ചുകൊണ്ട് പറഞ്ഞു: ‘ഇത് സംബന്ധിച്ചുള്ള 1967, 1970, 1980 വര്‍ഷങ്ങളിലെ ഉത്തരവുകള്‍ ഇനി പ്രസക്തമല്ലാത്തതിനാല്‍ ഉടന്‍ തന്നെ പിന്‍വലിച്ചിരിക്കുന്നു.’

‘മക്കാര്‍ത്തിയിസ’ത്തിനെതിരെ സുപ്രീംകോടതി
വിവിധ അവസരങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പീഡനത്തില്‍ നിന്ന് സര്‍ക്കാര്‍ ജീവനക്കാരെ സുപ്രീം കോടതി ഇടപെട്ട് രക്ഷിച്ചിട്ടുണ്ട്. ഫാസിസ്റ്റ്, നാസി ഭരണകൂടങ്ങളെപ്പോലെ കോണ്‍ഗ്രസ് സര്‍ക്കാരുകളും സംഘടിക്കുവാനുള്ള അവകാശത്തിന്റെ ഭരണഘടനാ തത്വങ്ങളെ നിര്‍ദ്ദയം അവഗണിച്ചു. 1983-ലെ രഘുവംശി കേസില്‍, ആര്‍എസ്എസ്സുമായി ബന്ധപ്പെട്ടതിന്റെ പേരില്‍ ഒരു സ്‌കൂള്‍ അധ്യാപകനെ പിരിച്ചുവിട്ട മധ്യപ്രദേശ് സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി നിരീക്ഷിച്ചു: ”ആര്‍എസ്എസ്സോ ജനസംഘമോ ഏതെങ്കിലും അട്ടിമറിയോ മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളോ ചെയ്തതായി ആരോപിക്കപ്പെട്ടിട്ടില്ല. ഓരോരുത്തര്‍ക്കും അവനവന്റെ ചിന്തകളും വീക്ഷണങ്ങളും പ്രകടിപ്പിക്കാന്‍ അര്‍ഹതയുണ്ട്, അവയ്ക്കു തടസ്സങ്ങളൊന്നുമില്ല. നമ്മുടെ ഭരണഘടന അത് ഉറപ്പ് നല്‍കുന്നു. വാസ്തവത്തില്‍, ഈ സംഘടനകളിലെ അംഗങ്ങള്‍ പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും അംഗങ്ങളായി തുടരുന്നു. പാര്‍ലമെന്റിന് അകത്തും പുറത്തും അവരെ ബഹുമാനത്തോടെ ജനങ്ങള്‍ കേള്‍ക്കാറുണ്ട്. മറിച്ച് ചിന്തിക്കുന്നത് ‘മക്കാര്‍ത്തിസം’ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുക എന്നതാണ്. അത് നമ്മുടെ ഭരണഘടനയുടെ തത്വശാസ്ത്രത്തിന് എതിരാണ്.”

സര്‍ക്കാര്‍ ജോലി തേടുന്നവരുടെ ആര്‍എസ്എസ്സുമായുള്ള ബന്ധം പരിശോധിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പലപ്പോഴും പോലീസിനെ ഉപയോഗിച്ചിട്ടുണ്ട്. വിഷയം രണ്ടുതവണ സുപ്രീംകോടതിയുടെ മുമ്പാകെ വന്നു, 1983 ലെ രഘുവംശി കേസില്‍ ജസ്റ്റിസ് സയ്യിദ് മുര്‍താസ ഫസലലിയും 2011 ലെ അവതാര്‍ സിംഗ് കേസിലെ മൂന്നംഗ ബെഞ്ചും വ്യക്തമാക്കി: ‘സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കുന്ന ഒരാളുടെ മുന്‍കാല രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും, രാഷ്ട്രീയ വിശ്വാസവും, കൂട്ടുകെട്ടും അന്വേഷിച്ചു കൊണ്ടുള്ള പോലീസ് റിപ്പോര്‍ട്ട് ഭരണഘടന ഉറപ്പുനല്‍കുന്ന അടിസ്ഥാന അവകാശങ്ങള്‍ക്കെതിരാണ്.’ ബഹിരാകാശ കേന്ദ്രത്തിലേക്ക് അപേക്ഷിച്ച സമയത്ത് ജീവനക്കാരനായ വാസുദേവന്‍ നായര്‍ അടിയന്തരാവസ്ഥ കാലത്ത് ഒരിക്കല്‍ മുദ്രാവാക്യം വിളിച്ചതിന് ഡിഫന്‍സ് ഓഫ് ഇന്ത്യ റൂള്‍സ് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിക്ഷിക്കപ്പെട്ടുവെന്ന വസ്തുത മറച്ചുവച്ചിരുന്നു. 1988-ല്‍, സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ഈ വിഷയത്തില്‍ വാദം കേള്‍ക്കുകയും അപ്രകാരം വെളിപ്പെടുത്താത്തതിന്റെ പേരില്‍ പ്രസ്തുത നിയമനം റദ്ദാക്കാന്‍ കഴിയില്ലെന്നും അതിനാല്‍ അദ്ദേഹത്തെ നിയമിക്കണമെന്ന് അധികാരികളോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.

കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ നടപടികളെ അപലപിച്ചും ആര്‍എസ്എസ്സിന് അനുകൂലമായും പല ഹൈക്കോടതികളുടെയും വിധികളുണ്ട്. ഈ പരമ്പര ആരംഭിക്കുന്നത് 1955-ലെ മധ്യഭാരത് ഹൈക്കോടതി വിധിയോടെയാണ്: ‘രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ അംഗമായെന്ന പേരില്‍ ഒരു താല്‍ക്കാലിക സര്‍ക്കാര്‍ ജീവനക്കാരനെ പോലും നീക്കം ചെയ്യാന്‍ പാടില്ല.’ 1961-ല്‍ പട്‌ന ഹൈക്കോടതി പറഞ്ഞു: ‘രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പരിപാടിയില്‍ നടത്തിയ ഒരു പ്രസംഗം ഇന്ത്യന്‍ ശിക്ഷാനിയമം 153അ വകുപ്പ് പ്രകാരം കുറ്റകരമല്ല,’ 1962-ല്‍ ബോംബെ ഹൈക്കോടതി നിരീക്ഷിച്ചു: ‘രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാരനെ ‘വിനാശകരമായ ജോലി’യിലേര്‍പ്പെടുന്നുവെന്ന് പറഞ്ഞുകൊണ്ട് സര്‍ക്കാര്‍സര്‍വീസില്‍ നിന്ന് നീക്കം ചെയ്യാന്‍ കഴിയില്ല. 1967-ല്‍ പഞ്ചാബ് സര്‍ക്കാര്‍ തങ്ങളുടെ അഭിപ്രായത്തില്‍ ആര്‍എസ്എസ്സ് ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് വാദിച്ചു. എന്നാല്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഈ വാദം തള്ളുകയും സര്‍ക്കാരിന്റെ കയ്യില്‍ അതിനുള്ള തെളിവില്ലെന്നു വ്യക്തമാക്കുകയും ചെയ്തു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, കര്‍ണാടക, മധ്യപ്രദേശ്, ഗുജറാത്ത്, കേരളം, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ ഹൈക്കോടതികള്‍ ആര്‍എസ്എസ്സുമായുള്ള ബന്ധം സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനുള്ള കാരണമല്ലെന്ന് പലപ്പോഴായി വ്യക്തമാക്കിയിട്ടുണ്ട്. 2024ലെ ഏറ്റവും പുതിയ കേസില്‍, ഹിമാചല്‍പ്രദേശ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് പ്രഥമദൃഷ്ട്യാ ഇത്തരം സര്‍ക്കാര്‍ ഉത്തരവുകള്‍ ‘സ്വേച്ഛാധിപത്യപരവും, നിയമവിരുദ്ധവും ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനവുമാണെന്ന്’ അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, കോണ്‍ഗ്രസ് ഭരണകൂടങ്ങള്‍ ആര്‍എസ്എസ്സിനെതിരെ അതിന്റെ പ്രവര്‍ത്തകരെ ദ്രോഹിക്കുന്ന അവിശുദ്ധമായ പ്രവര്‍ത്തനം തുടരുന്നു.

നിലനില്‍ക്കുന്ന നിരോധനങ്ങള്‍
2000 മാര്‍ച്ച് 12ന്, അന്നത്തെ ദല്‍ഹിയിലെ സംഘത്തിന്റെ സഹസംഘചാലക് ഓര്‍ഗനൈസറിലെ ഒരു ലേഖനത്തിലൂടെ ‘സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മേലുള്ള നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ ഫാസിസ്റ്റ് നിയന്ത്രണം നീക്കം ചെയ്യണമെന്ന്’ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 2016 ജൂണ്‍ 16ന്, ഒരു ചോദ്യത്തിനുള്ള മറുപടിയായി ഡി.ഓ.പി.ടി. സഹമന്ത്രി പറഞ്ഞു, ‘ഇത് സംബന്ധിച്ച് ഏതെങ്കിലും പഴയ ഉത്തരവ് നിലവിലുണ്ടെങ്കില്‍, ഞങ്ങള്‍ അത് പുനരവലോകനം ചെയ്യും.’ അടുത്ത ദിവസം, ആര്‍എസ്എസ്സ് പ്രചാര്‍പ്രമുഖ് പറഞ്ഞു, ”ആര്‍എസ്എസ്സുകാരെ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് വിലക്കുന്നത് അന്യായവും ജനാധിപത്യ വിരുദ്ധവുമാണ്. എന്നാല്‍ ഇത്തരം നിരോധനങ്ങള്‍ ആര്‍എസ്എസ്സ് പ്രവര്‍ത്തനത്തെയും സ്വയംസേവകരുടെ മനോവീര്യത്തെയും ഒരിക്കലും ബാധിക്കില്ല.” 2018 ഒക്‌ടോബര്‍ 20ന് ഭാരതീയ മസ്ദൂര്‍ സംഘവുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഇതേ വിഷയത്തില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. ഒടുവില്‍, ആര്‍എസ്എസ്സ് നിയമാനുസൃതമായ ഒരു സാമൂഹിക-സാംസ്‌കാരിക സംഘടനയായതിനാല്‍, 2024 ജൂലായ് 9ന് എന്‍ഡിഎ സര്‍ക്കാര്‍ 1966 നവംബര്‍ 30, 1970ജൂലായ് 25, 1980 ഒക്‌ടോബര്‍ 28 എന്നീ തീയതികളിലെ ഉത്തരവുകളില്‍ നിന്ന് ആര്‍എസ്എസ്സിനെക്കുറിച്ചുള്ള പരാമര്‍ശം നീക്കം ചെയ്തു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു.

എന്നിരുന്നാലും, മറ്റ് നിയമങ്ങളിലെ സംഘത്തിനെതിരെയുള്ള നിരോധനം നീക്കിയിട്ടുണ്ടോ എന്നത് വ്യക്തമല്ല. ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ ഇപ്പോഴും നിരോധന ഉത്തരവുകള്‍ ഉണ്ട്. ഉദാഹരണത്തിന്, കോണ്‍ഗ്രസ് സര്‍ക്കാര്‍ 1976 മാര്‍ച്ച് 6ന് ഓള്‍ ഇന്ത്യ സര്‍വീസസ് (നടത്തല്‍) ചട്ടങ്ങള്‍, 1968-ലെ 13-ാം ഖണ്ഡികയില്‍ ‘ആര്‍.എസ്.എസ് പോലുള്ള ചില സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നതിനെതിരായ നിരോധനം’ എന്ന തലക്കെട്ടില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുന്നു. 1975 മെയ് 13ലെ എസ്.ഒ. 306, പ്രസ്തുത ചട്ടങ്ങളില്‍ ഒരു വ്യവസ്ഥ കൂടി ചേര്‍ത്തിരുന്നു: ‘രാഷ്ട്രീയ സ്വയം സേവക് സംഘ് എന്നറിയപ്പെടുന്ന സംഘടന ആഭ്യന്തര സുരക്ഷ, പൊതു സുരക്ഷ, പൊതു ക്രമ പരിപാലനം എന്നിവയ്ക്ക് എതിരായുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു എന്ന് കേന്ദ്ര ഗവണ്‍മെന്റിന് ബോധ്യം വന്നിരിക്കുന്നു.’ 1968-ലെ നിയമങ്ങളില്‍ 2014-ല്‍ പുതിയ എന്‍.ഡി.എ സര്‍ക്കാര്‍ ചില ഭേദഗതികള്‍ കൊണ്ടുവന്നുവെങ്കിലും ആര്‍.എസ്.എസ്സിനെതിരായ വ്യവസ്ഥകള്‍ നീക്കം ചെയ്യാതെ അവ ഇന്നും നിലനില്‍ക്കുന്നു.

Tags: RSS
ShareTweetSendShare

Related Posts

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ഗുരുഭക്തി

മഹാഭാരതം- കഥയും ജീവിതവും

പേരുമാറ്റത്തിന്റെ പൊരുള്‍

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ചുകപ്പന്‍ അവാര്‍ഡുകള്‍ മാത്രം വാഴുന്ന സാഹിത്യ അക്കാദമി

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies