”മലമുകളില്‍ നിന്ന് പുഴയിലൂടെ ഒഴുകിയിരുന്ന വെള്ളത്തിന് ചോരയുടെ നിറമായിരുന്നു. പക്ഷികള്‍ അസാധാരണമാംവിധം കരയുന്നുണ്ടായിരുന്നു. എന്തോ സംഭവിക്കാന്‍ പോകുന്നതുപോലെ തോന്നി. പിന്നീട് ചെറിയ കല്ലുകള്‍ വലിയ പാറകളില്‍ വന്നിടിക്കുന്ന ശബ്ദങ്ങള്‍ കേട്ടു. ഒപ്പം പച്ച മണ്ണിന്റെ മണം മൂക്കിലേക്കടിച്ചു കയറി. രണ്ടു വര്‍ഷം മുമ്പ് ഇതുപോലൊരു മഴക്കാലത്ത് തൊട്ടടുത്തുണ്ടായിരുന്ന വിജയന്റെ വീട് ഉരുള്‍പൊട്ടലില്‍ തകര്‍ന്നത് മനസ്സിലേക്കോടിയെത്തി. എനിക്കവിടെ നില്‍ക്കാന്‍ തോന്നിയില്ല. ഞാനും മകളും മകന്റെ ഭാര്യയും അവരുടെ നാലുമക്കളും വീട്ടില്‍ നില്‍ക്കുന്നത് അപകടമാണെന്ന് മനസ്സു പറഞ്ഞു. മക്കളെയും കൂട്ടി കുറച്ചു ദൂരെയുള്ള വീട്ടിലേക്ക് ഞാന്‍ നടന്നു. അവിടെ ഉള്ളവര്‍ മുന്‍പേ തന്നെ ഏതോ ബന്ധു വീട്ടിലേക്കുപോയിരുന്നു. മകളേയും കൂട്ടി അതിന്റെ വരാന്തയില്‍ അല്‍പ്പസമയം ഇരുന്നു. അപ്പോഴാണ് തൊട്ടടുത്ത റിസോര്‍ട്ടില്‍ ഇതൊന്നുമറിയാതെ ഉറങ്ങിയിരുന്ന ടൂറിസ്റ്റുകളെ ഓര്‍മ്മ വന്നത്. മക്കളെ അവിടെയിരുത്തി തിരിച്ചു പോയി അവരോടു കാര്യം പറഞ്ഞ് അവരേയും കൂടെ കൂട്ടി. അപ്പോള്‍ ഇരിക്കുന്ന ഇടവും സുരക്ഷിതമല്ല എന്ന് തോന്നിയതിനാല്‍ അകലെ ഏലവയലിലെ ബന്ധുവീട്ടിലേക്കു പോയി. അവിടെയെത്തി കുറേ സമയം കഴിഞ്ഞാണ് അറിഞ്ഞത് ഞാനെന്റെ സ്വപ്‌നങ്ങള്‍ നട്ടുവളര്‍ത്തിയിരുന്ന മലഞ്ചെരുവിലെ മുണ്ടക്കൈ എന്ന ഗ്രാമം ഒന്നാകെ മണ്ണെടുത്തു പോയെന്ന.്”
മേപ്പാടി സെന്റ് ജോസഫ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലിരുന്ന് കുരിക്കള്‍ വീട്ടില്‍ സലീന ഇതു പറയുമ്പോള്‍ അവരുടെ കണ്ണിലൂടെ ഒഴുകിയിറങ്ങിയ മിഴിനീരിനും പുഴയിലെ വെള്ളത്തിന്റേതുപോലെ ചുവന്ന നിറമായിരുന്നു.
ജൂലായ് മുപ്പതിന് പുലര്‍ച്ചെ പന്ത്രണ്ടരക്ക് വെള്ളരിമലയുടെ മുകളില്‍ നിന്നും കുത്തിയൊലിച്ചു വന്ന വെള്ളവും മണ്ണും മരങ്ങളും തുടച്ചുനീക്കിയത് മലയുടെ അതേ പേരില്‍ തന്നെ അറിയപ്പെട്ടിരുന്ന വെള്ളരിമല ഗ്രാമത്തിലെ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല തുടങ്ങിയ പ്രദേശങ്ങളിലെ അഞ്ഞൂറോളം ആളുകളുടെ ജീവനും ആയിരക്കണക്കിന് ആളുകളുടെ സ്വപ്‌നങ്ങളുമായിരുന്നു.
മരിച്ചവരെല്ലാം തന്നെ നിസ്സഹായരായ സാധാരണ മനുഷ്യര്‍. അവരാരും തന്നെ കയ്യേറ്റക്കാരോ പ്രകൃതിചൂഷകരോ ആയിരുന്നില്ല. മറിച്ച് ഒന്നരനൂറ്റാണ്ടുമുമ്പ് സ്വര്‍ണ്ണം തേടിയിറങ്ങി പരാജയപ്പെട്ട് പകരം മലഞ്ചെരുവില്‍ തേയില ചെടികള്‍ വച്ചുപിടിപ്പിച്ച സായിപ്പിന്റെ തോട്ടത്തില്‍ ജോലിക്കായി വന്നവരുടെ പിന്‍ഗാമികളാണ്. ഒരായുഷ്‌ക്കാലം മുഴുവന്‍ അട്ടയുടേയും പുഴുവിന്റേയും കടികൊണ്ട് ചോര നീരാക്കി ചായത്തോട്ടത്തില്‍ ജോലി ചെയ്ത് പിരിയുമ്പോള്‍ കിട്ടുന്നതുക കൊണ്ട് അഞ്ചോ പത്തോ സെന്റ് സ്ഥലവും വാങ്ങി വീടുകള്‍ വച്ച് തലമുറകളായി അവിടെ കഴിയുന്ന പാവങ്ങള്‍. മലയുടെ മാറുപിളര്‍ന്ന് തുരങ്കപാതയുണ്ടാക്കാന്‍ വ്യഗ്രത കാട്ടുന്ന ഭരണകൂടത്തിന്റെ നിസ്സംഗതയും നിഷ്‌ക്രിയതയും മൂലം നഷ്ടപ്പെട്ടത് നൂറു കണക്കിന് മനുഷ്യജീവനുകളാണ്.
2019 ല്‍ പുത്തുമലയില്‍ ഉണ്ടായ ദുരന്തത്തില്‍ പതിനേഴു പേര്‍ മരിച്ചെങ്കില്‍ 1984 ല്‍ മുണ്ടക്കൈയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ നഷ്ടപ്പെട്ടത് പതിനാല് ജീവനുകള്‍ ആയിരുന്നു. 2020 ല്‍ മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടി പലരുടേയും വീടുകള്‍ നഷ്ടമായിരുന്നു. നിരന്തരം ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള സ്ഥലമായിട്ടും അതിതീവ്ര മഴ പെയ്യുന്ന സമയത്ത് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ അധികാരികള്‍ തയ്യാറായില്ല.
ജൂലായ് 30 ന് പുലര്‍ച്ചെ 12.30 ന് ഉണ്ടായ ഉരുള്‍പൊട്ടല്‍ മുണ്ടക്കൈ പ്രദേശത്തെ ഭൂരിഭാഗം വീടുകളും വൃക്ഷങ്ങളും തുടച്ചെടുത്തുകൊണ്ട് രാക്ഷസഭാവത്തോടെ ഒഴുകിയെത്തിയത് ഒരു കാലത്തും തങ്ങളെ ഇത്തരമൊരു ദുരന്തം സമീപിക്കില്ല എന്ന വിശ്വാസത്തില്‍ സുഖമായുറങ്ങിയിരുന്ന ചൂരല്‍മലയിലെ നൂറുകണക്കിന് ആളുകളുടെ സ്വപ്‌നങ്ങളുടെ മുകളിലേക്കായിരുന്നു!
ചോരയും മാംസവും കലര്‍ന്ന് താഴ്വരയിലെ മണ്ണ് മനസ്സു തകര്‍ക്കും വിധമായി. എവിടേയും കബന്ധങ്ങള്‍, അറ്റുപോയ കൈകാലുകള്‍, കുരുന്നു ശരീരങ്ങള്‍. ആ ഗ്രാമമാകെ ശ്മശാനഭൂമിയായി! അപകടഭീഷണി ഉണ്ടായിരുന്നെന്ന് കരുതപ്പെട്ടിരുന്ന മറ്റു പ്രദേശങ്ങളിലെ ആളുകളും ചൂരല്‍മല ഹൈസ്‌കൂള്‍ റോഡിലുള്ള തങ്ങളുടെ ബന്ധുവീടുകളില്‍ എത്തിയിരുന്നു. അതുകൊണ്ടുതന്നെയാണ് മരണസംഖ്യ ഇത്രയും ഭീതിദമായത്.
പല കുടുംബങ്ങളും ഒരുതരി പോലും അവശേഷിക്കാതെ ഭൂമുഖത്തു നിന്നും അപ്രത്യക്ഷമായി. തന്റെ വീട് സുരക്ഷിതമാണെന്ന വിശ്വാസത്തിലാണ് മുണ്ടക്കൈയിലെ പൊതുപ്രവര്‍ത്തകനായ സുബ്രഹ്മണ്യന്‍, രണ്ട് സഹോദരന്മാരുടെ കുടുംബത്തേയും അയല്‍വാസികളേയും തന്റെ വീട്ടില്‍ പാര്‍പ്പിച്ചത്! ഒരാള്‍ പോലും അവശേഷിച്ചില്ല.
ആദ്യത്തെ ഉരുള്‍പൊട്ടല്‍ കഴിഞ്ഞപ്പോള്‍ പുഴയരികിലെ പതിനാലോളം പേരെ സുരക്ഷിത സ്ഥാനത്തെത്തിച്ച മുണ്ടക്കൈ മാരിയമ്മന്‍ ക്ഷേത്ര പ്രസിഡന്റും പൊതുപ്രവര്‍ത്തകനുമായ വിജയന്‍ തന്റെ അമ്മയേയും സഹോദരിയേയും മാറ്റുവാന്‍ ശ്രമിക്കുന്നതിനിടയിലാണ് രണ്ടാമതും ഉരുള്‍പൊട്ടി വരുന്നത്. അവര്‍ ഒഴുകിപ്പോകുന്നത് നിസ്സഹായതയോടെ നോക്കി നില്‍ക്കാന്‍ മാത്രമേ അയാള്‍ക്കു കഴിഞ്ഞുള്ളൂ! അകലെ അനുജന്റെ വീട്ടില്‍ ഉണ്ടായിരുന്ന മാതാപിതാക്കളെ തന്റെ വീട്ടിലേക്ക് കൊണ്ടുവരുമ്പോള്‍ എറക്കാടന്‍ നസീറിന് താനിരിക്കുന്നിടം സുരക്ഷിതമാണെന്ന വിശ്വാസമായിരുന്നു. പക്ഷെ അവരുടെ കൈപിടിച്ച് അയാള്‍ നടന്ന് കയറിയത് മരണത്തിലേക്കായിരുന്നു.
ഭാസ്‌കരന്‍, വിജയന്‍, ബാലചന്ദ്രന്‍ എന്നിവരും ഗുരുമല്ലന്‍, ശിവണ്ണ, സിദ്ധരാജ് എന്നിവരും സഹോദരന്മാരാണ്. അവരെല്ലാം തന്നെ കുടുംബസഹിതം പ്രകൃതിയുടെ സംഹാര താണ്ഡവത്തില്‍ ഇല്ലാതായി. നൂറിലധികം മൃതദേഹങ്ങള്‍ ലഭിച്ചത് കിലോമീറ്ററുകള്‍ അകലെ നിലമ്പൂരില്‍ നിന്നുമായിരുന്നു. പുന്നപ്പുഴയുടെ ഇരുകരകളും മൃതദേഹങ്ങള്‍ കൊണ്ടു നിറഞ്ഞു.
മരണത്തിലും ഞങ്ങള്‍ പിരിയില്ല എന്നതുപോലെ പരസ്പരം ചേര്‍ത്തുപിടിച്ച കുടുംബാംഗങ്ങളുടെ മൃതദേഹം കണ്ടെപ്പോള്‍ കണ്ണുനീര്‍വാര്‍ക്കാത്ത ഒരു രക്ഷാപ്രവര്‍ത്തകനും ഉണ്ടായിരുന്നില്ല!
ആദ്യത്തെ ഉരുള്‍പൊട്ടല്‍ സമയത്ത് തന്നെ അട്ടമല ആശുപത്രി പരിസരത്തെ എല്ലാവരേയും സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചത് പ്രജീഷ്, ശരത് എന്നീ യുവാക്കളായിരുന്നു. ആരെങ്കിലും അവശേഷിക്കുന്നുണ്ടോ എന്ന് നോക്കുവാന്‍ തിരിച്ചു പോയ സമയത്താണ് രണ്ടാമതും ഉരുള്‍പൊട്ടുന്നത്. ശരത്തിന്റെ മൃതദേഹം പോലും ലഭിച്ചില്ല. ഇനിയൊരു ജന്മമില്ലാത്തവണ്ണം അവര്‍ സുകൃതം നേടിയിരിക്കാം.
ഈ ഉരുള്‍പൊട്ടലോടെ ഒരു ഗ്രാമം വിസ്മൃതിയിലാവുകയാണ്. ഇനി വരുംകാലത്ത് വാസം സാധ്യമാവാത്ത വിധമായിരിക്കുന്നു ആ മണ്ണ്! അവിടെയുണ്ടായിരുന്ന വിദ്യാലയങ്ങള്‍ തകര്‍ന്നുപോയി! മുണ്ടക്കൈ എല്‍പി സ്‌കൂള്‍, പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ അതിമികവു കാട്ടിയിരുന്ന ജില്ലയിലെ തന്നെ മികച്ച സര്‍ക്കാര്‍ സ്‌കൂളുകളിലൊന്നായ വെള്ളാര്‍മല ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവ തുടര്‍പ്രവര്‍ത്തനം ഇനിയൊരിക്കലും സാധ്യമാവാത്ത വിധം നശിച്ചിരിക്കുന്നു!
ആ നാട് തിരിച്ചു പോയിരിക്കുകയാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പതിമൂന്നു കിലോമീറ്റര്‍ അകലെ മേപ്പാടി സ്‌കൂളിലേക്ക് നടന്നു പോയി പഠിച്ചിരുന്ന ആ പഴയ കാലത്തിലേക്ക്.
‘മാനഭംഗം ചെയ്യപ്പെട്ട ഒരു യുവതിയെപ്പോലെയാണ് പശ്ചിമഘട്ടം. അവളുടെ വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞിരിക്കുന്നു അവ നാം തുന്നിച്ചേര്‍ക്കേണ്ടതുണ്ട.്’ മാധവ്ഗാഡ്ഗിലിന്റെ ഈ വാക്കുകള്‍ അന്വര്‍ത്ഥമാക്കുംവിധം റിസോര്‍ട്ടുകളും കയ്യേറ്റങ്ങളും പശ്ചിമഘട്ടത്തിന്റെ ഭാഗമായ വെള്ളരിമലയുടെ വസ്ത്രങ്ങള്‍ വലിച്ചു കീറിയിരിക്കുന്നു. അവളുടെ കണ്ണുനീര്‍ ചോര നിറമാര്‍ന്നൊഴുകിയപ്പോള്‍ അതിനുപ്പുരസം നല്‍കാനവള്‍ തകര്‍ത്തത് താഴ്വരയിലെ ആയിരക്കണക്കിന് പാവം മനുഷ്യരുടെ ജീവിതവും സ്വപ്‌നങ്ങളുമാണ്. ഈ മുറിവുണങ്ങും മുന്‍പേ കണ്ണീരു വറ്റും മുന്‍പേ അവര്‍ വരും അവളുടെ മാറുതുരന്ന് പാതയൊരുക്കാന്‍. അവരോട് ‘മാനിഷാദാ’ പറയാന്‍ മനുഷ്യകുലം ഒരുമിക്കാത്തിടത്തോളം കാലം ഇനിയും പുത്തുമലകളും കവളപ്പാറകളും കണ്ണീരുണങ്ങാത്ത ചൂരല്‍മലകളും ഉണ്ടായിക്കൊണ്ടിരിക്കും.