എന്തറിഞ്ഞു നീയിത്ര കാലത്തിനാല്‍
മന്നിതില്‍ മര്‍ത്ത്യജന്മം പഠിപ്പിച്ചു
വാക്കുകള്‍ രാകി ചന്തം തിരയവെ
വെന്ത ചിന്തയാല്‍ നിന്‍മനം പൊള്ളിയോ
നാലതിരുകള്‍ക്കപ്പുറം കേട്ടുവോ
നാവറുത്ത് പിടയും നിലവിളി
അന്‍പിരന്നുമതിരുകള്‍ ഭേദിച്ച്
അമ്പ് പോല്‍ നിന്‍ കര്‍ണ്ണം മുറിച്ചുവോ.
കാറ്റ് പോലുമേ പേടിച്ചകലുന്ന
കോട്ട തന്നില്‍ സുരക്ഷിത ചിന്തയാല്‍
മാറ്റി നിര്‍ത്തിയതിന്നുമീ ജീവിതം
തോറ്റുപോയെന്ന ചിന്തയിലാണ്ടുവോ.
വേണ്ട നേരത്ത് വേണ്ട പോല്‍ നോക്കാതെ
വേദന പൂണ്ടിരിക്കുമാ കാലങ്ങള്‍
വീണ്ടെടുക്കുവാനാവില്ലതോര്‍ക്കാതെ
വീണുടഞ്ഞുവോ ചില്ലുകൂടാരത്തില്‍
ആരോ നട്ടു നനച്ചതെന്നോര്‍ക്കാതെ
കൂരിരുളിന്‍ മറ പറ്റിയെങ്കിലും
കൊയ്‌തെടുക്കുവാനേകനായ് രാവതില്‍
കൊയ്ത്തരിവാളിനാല്‍ മുറിവേറ്റുവോ
മിത്രമല്ലെന്നോ വീട്ടിലുള്ളോര്‍പോലും
ശത്രുവേഷമണിവത് കാണവെ
കൂട്ടംകൂടി പറക്കും പറവകള്‍
കൂട്ടിനുള്ളിലും ശത്രുക്കളാകുമോ
കണ്ടുവേഗം മടങ്ങുവാന്‍ കാഴ്ചകള്‍
മണ്ണില്‍ വന്ന വിനോദസഞ്ചാരികള്‍
മണ്ണു പങ്കിട്ടധികാരമാളുന്നു
മണ്ണടിയുന്ന കാലത്തിനോളവും.
കണ്ടിരിക്കവെ കണ്‍കളില്‍ കാഴ്ചകള്‍
കാണാതാകുന്ന പോലെയീ ജീവിതം
കത്തിച്ച വിളക്കിന്‍ തിരിമെല്ലെ
കത്തിടും നാളം കെട്ടുപോകും വരെ
ജീവിതം പാഠപുസ്തകമാര്‍ക്കുമേ
ആവര്‍ത്തിച്ചു പഠിക്കാനൊരിക്കലും
ആവില്ലെന്നറിയുമ്പോള്‍ പുസ്തകം
ജീവിതവും ഉപേക്ഷിച്ചു പോകുന്നു.