ആദികാവ്യമായ രാമായണം ആദിമധ്യാന്തപ്പൊരുത്തമുള്ള ഒരു മനുഷ്യകഥ പറയുക മാത്രമല്ല, സമസ്ത ജീവപ്രപഞ്ചത്തിന്റെയും പ്രാതിനിധ്യഭാവം അവതരിപ്പിക്കുന്നതിനൊപ്പം പ്രാഗ്ഭാരത രാഷ്ട്രത്തിന്റെ ആകാശവും ഭൂമിയും വരച്ചുകാട്ടുക കൂടി ചെയ്യുന്നു. അതായത് പ്രാചീന ഭാരതത്തിന്റെ ഭൂമിശാസ്ത്രവും ചരിത്രവുമാണ് ഈ ഇതിഹാസകാവ്യം. ആദികവിയുടെ അഖണ്ഡഭാരതദര്‍ശനമാണ് രാമായണം.
ശ്രീ വാല്മീകി ഭാരതഭൂമിയ്ക്കു കല്പിച്ച അതിരുകള്‍ കാളിദാസമഹാകവിയുടെ കാലത്തും മാറുന്നില്ല എന്നതിന് കുമാരസംഭവം തന്നെ സാക്ഷ്യം. നഗരാര്‍ണ്ണവ ശൈലങ്ങളെ വര്‍ണ്ണിക്കണമെന്ന നീക്കുപോക്കില്ലാത്ത നിര്‍ബന്ധം ഒറ്റ ശ്ലോകം കൊണ്ടാദ്യമേ കാളിദാസന്‍ നിറവേറ്റി.
‘അസ്ത്യുത്തരസ്യാം ദിശി ദേവതാത്മാ
ഹിമാലയോ നാമ നഗാധിരാജഃ
പൂര്‍വ്വാപരൗ തോയനിധീ വഗാഹ്യ
സ്ഥിതഃ പൃഥിവ്യാ ഇവ മാനദണ്ഡഃ’
(കുമാരസംഭവം ഒന്നാം സര്‍ഗം ഒന്നാം ശ്ലോകം)
ആധുനികകാലത്തും ഭാരതഭൂമിയുടെ അതിരുകള്‍ മാറുന്നില്ല. വടക്ക് ഹിമാലയം തെക്കും കിഴക്കും പടിഞ്ഞാറും സമുദ്രങ്ങള്‍.
വിശ്വാമിത്ര യാത്രയില്‍ പ്രതിഫലിക്കുന്നത് ഉത്തരഭാരതമാണ്. രാമലക്ഷ്മണന്മാര്‍ അയോധ്യയില്‍ നിന്നും വടക്കോട്ട് മിഥില വരെയാണ് മഹര്‍ഷിയോടൊത്തു സഞ്ചരിക്കുന്നത്. ആദ്യദിനം എത്തിച്ചേര്‍ന്നത് സരയൂനദിയുടെ ദക്ഷിണതീരത്തുമാണ്. ഹംസതൂലികാശയ്യയിലെ നിദ്രാസുഖം പുഴയോരത്തെ പൊരിമണലില്‍ കിട്ടില്ലല്ലോ. തളര്‍ന്നുറങ്ങിപ്പോയ ശ്രീരാമനെ ഉറങ്ങാതിരുന്ന് വിളിച്ചുണര്‍ത്തിയില്ലേ വിശ്വാമിത്രന്‍? ഉണര്‍ത്തുപാട്ട് കേള്‍ക്കേണ്ടതുതന്നെ:
‘കൗസല്യാ സുപ്രജാ രാമ
പൂര്‍വ്വാസന്ധ്യാ പ്രവര്‍ത്തതേ
ഉത്തിഷ്ഠ നരശാര്‍ദ്ദൂല
കര്‍ത്തവ്യം ദൈവമാഹ്നികം’
(ബാലകാണ്ഡം 23:2)
ആ ‘നരശാര്‍ദ്ദൂല’ എന്ന വിളിയുണ്ടല്ലോ, അതിന്റെ മുഴക്കം യുദ്ധകാണ്ഡം വരെ തങ്ങിനില്‍ക്കുന്നു.
വനങ്ങള്‍, പര്‍വ്വതങ്ങള്‍, നാടുകള്‍, നഗരങ്ങള്‍, നദികള്‍ എല്ലാറ്റിനേയും കുറിച്ച് രാമന്‍ ജിജ്ഞാസയോടെ വിശ്വാമിത്രനോടു ചോദിക്കുന്നു. എന്തിനും ഉത്തരം മഹര്‍ഷിയുടെ പക്കലുണ്ട്. മുത്തച്ഛനും പേരക്കുട്ടികളുമെന്ന പോലെ അവരങ്ങനെ നടക്കുന്നു.
സരയൂ തീരത്തൂടെ നടന്നു നടന്ന് ഗംഗ കടന്ന് ഉത്തരദിക്കിലുയര്‍ന്നു നില്‍ക്കുന്ന ഹിമവല്‍ പര്‍വ്വതത്തെ വലംവെച്ച് വടക്കോട്ടവര്‍ സഞ്ചരിക്കുന്നു. രാഘവന്‍ മിഥിലാപുരിയുടെ ഉപവനങ്ങളിലൊന്നില്‍ വസിക്കുന്ന അഹല്യയുടെ കാല്‍തൊട്ട് സസന്തോഷം വണങ്ങി.
പത്തു ദിവസത്തേക്കാണ് വിശ്വാമിത്ര മഹര്‍ഷി രാമലക്ഷ്മണന്മാരെ ഒപ്പം കൂട്ടിയത്. ദശദിനസംഭവങ്ങളെത്രയെത്ര. സുബാഹു, മാരീചന്‍, താടക, മൂന്നു വധങ്ങള്‍, ഒരുമോക്ഷം, അഹല്യയ്ക്ക്. തുടര്‍ന്നോ ഒരു സ്വയംവരം. കുമാരന്മാരില്‍ ശൈശവസംസ്‌കാരം പ്രബലപ്പെടുത്തുകയാണ് മഹര്‍ഷി. സീതാസ്വയംവരത്തിനു ശേഷം വിശ്വാമിത്ര മഹര്‍ഷിയെ വാല്മീകി രാമായണത്തില്‍ നാം കാണുന്നേയില്ല. അങ്ങു വടക്കോട്ടു പോയി പോലും.
ഒരു ജീവിതകാലത്തേക്കു വേണ്ടുന്നതെല്ലാം രാജര്‍ഷി നല്കി. ഒരു ഭരണാധികാരിയെ അജാതശത്രുവാക്കാന്‍ വേണ്ടിയതൊക്കെ. പോരാ ഒരു ധര്‍മ്മപത്‌നിയേയും ചൂണ്ടിക്കാട്ടി. വിശ്വാമിത്രന്റെ സംഭാവന നോക്കൂ: ധര്‍മ്മചക്രം, കാലചക്രം, വിഷ്ണുചക്രം, ഇന്ദ്രാസ്ത്രം, വജ്രാസ്ത്രം, പാശുപതാസ്ത്രം, ബ്രഹ്മാസ്ത്രം, മോദകീ, ശിഖരീ എന്നു രണ്ടു ഗദകള്‍. അസ്ത്രങ്ങളിങ്ങനെ: ധര്‍മ്മപാശം, കാലപാശം, വരുണപാശം, ആര്‍ദ്രം, പിനാകം, നാരായണം. ഓരോന്നിന്റെയും പ്രയോഗം, പ്രയോജനം വിവരിച്ചുകൊടുക്കുകയും ചെയ്തു. വ്യക്തിത്വ വികാസത്തിനിതിനുമപ്പുറമെന്തുവേണം?
ജനകപുരിയായ മിഥിലയിലെ യാഗശാലയില്‍ വെച്ച് ഇരുകുമാരന്മാരെയും കണ്ടിട്ട് ജനകമഹാരാജാവ് വിശ്വാമിത്ര മഹര്‍ഷിയോടു ചോദിച്ചു:
”അശ്വിനാവിവ രൂപേണ
സമുപസ്ഥിത യൗവനൗ”
സൗന്ദര്യത്തില്‍ അശ്വിനീ കുമാരന്മാര്‍. യൗവ്വനം വന്നുചേര്‍ന്നിരിക്കുന്ന ഇവര്‍ എന്തിന് കാല്‍നടയായി വന്നു?
വിശ്വാമിത്രന്റെ മറുപടി ശ്രദ്ധിക്കണം: ‘പുത്രൗ ദശരഥസ്യേ തൗ’. ദശരഥസൂതന്മാര്‍. അങ്ങയുടെ സുപ്രസിദ്ധ ധനുസ്സ് കാണാന്‍ ഇവര്‍ക്ക് ഇച്ഛയുണ്ട്. മനഃശാസ്ത്രജ്ഞനേപ്പോലെ മഹര്‍ഷി പറഞ്ഞവസാനിപ്പിക്കുന്നു: ”വത്സ രാമ ധനുഃ പശ്യ.” മുത്തച്ഛന്‍ വേഷമഴിച്ച് ഉത്തര ഭാരതയാത്ര തുടങ്ങുന്നു, തുടര്‍ന്ന് ഉത്തരഭാരതത്തിന്റെ അക്ഷാംശരേഖാംശങ്ങള്‍ കോറിയിട്ടതിനുശേഷം ഇതിഹാസകവി ദക്ഷിണ ഭാരതത്തിലേക്കു കടക്കുകയായി. അയോദ്ധ്യാകാണ്ഡത്തിന്റെ അവസാനമാണിതാരംഭിക്കുന്നത്. രാമലക്ഷ്മണന്മാരും സീതാദേവിയും നടത്തുന്ന ‘വനപ്രസ്ഥാനം.’ വാനപ്രസ്ഥമല്ല. അത് യൗവ്വനത്തില്‍ത്തന്നെ ശ്രീരാമചന്ദ്രന്‍ വരിച്ചുവല്ലൊ. യുവരാജപ്പട്ടമൊഴിഞ്ഞ് വനയാത്രയ്‌ക്കൊരുങ്ങുന്ന സ്ഥിതപ്രജ്ഞനെ വാല്മീകി വരച്ചുകാട്ടിയതിങ്ങനെ:
‘ഉദയേസവിതാരക്തോ
രക്തശ്ചാസ്തമയേ തഥാ
സമ്പത്തൗ ച വിപത്തൗ ച
മഹതാമേകരൂപതാ’
ഉദയസൂര്യനു ചെന്നിറം. അസ്തമയ സൂര്യനും അതേ നിറം. സമ്പത്തിലും വിപത്തിലും മഹത്തുക്കള്‍ ഒന്നുപോലെ തന്നെ. സുഖത്തിലും ദുഃഖത്തിലും ഭാവഭേദമില്ല.
അയോധ്യയില്‍ നിന്നും യാത്രാസംഘം പുറപ്പെട്ടു കഴിഞ്ഞു. തമസാ നദികടന്ന് നേരെ വടക്കോട്ട്. തുടര്‍ന്ന് ഗംഗാനദി കടന്ന് തെക്കോട്ട്. നാടും നഗരവും നന്നേ കുറവ്. പിന്നീട് ഘോരഭീകരവനങ്ങള്‍. പര്‍വ്വതങ്ങള്‍, നദികള്‍. ദക്ഷിണഭാരതത്തിന്റെ മുക്കാല്‍ ഭാഗവും നടന്നു തീര്‍ക്കുകയാണിവര്‍.
ദണ്ഡകാരണ്യത്തിലെ രണ്ടു ദേശങ്ങള്‍ സവിസ്തരം വര്‍ണ്ണിക്കുന്നുണ്ട്. ജനസ്ഥാനവും പഞ്ചവടിയും. ഇന്നത്തെ നാസിക്കാണ് അന്നത്തെ പഞ്ചവടി. ആരണ്യക സംസ്‌കാരത്തിന്റെ പാഠ്യമാണ് ആരണ്യകാണ്ഡം. സംഭവപരമ്പരകളാകവേ സംവിധാനം ചെയ്തിരിക്കുന്നത് ഭരദ്വാജന്‍ മുതല്‍ അഗസ്ത്യന്‍ വരെയുള്ള മഹര്‍ഷിമാരാണ്. ശബര്യാശ്രമത്തിലെത്തുന്നതോടെ യാത്ര ആരണ്യകാണ്ഡത്തില്‍ അവസാനിക്കുന്നു.
കിഷ്‌കിന്ധാകാണ്ഡം യഥാര്‍ത്ഥത്തില്‍ വാല്മീകി മഹര്‍ഷിയുടെ ഭൂലോകവിജ്ഞാനത്തിന്റെ പ്രത്യക്ഷപത്രമാണ്. ആരണ്യകാണ്ഡത്തില്‍ മുനിമാരാണെങ്കില്‍ കിഷ്‌കിന്ധ മുഴുവനും വാനരന്മാരാണ്. വാനരചക്രവര്‍ത്തിയായ സുഗ്രീവന്‍ സീതാന്വേഷണത്തിനായി സൈന്യസജ്ജീകരണം നടത്തുന്നു. നാലു സേനകളെ രൂപീകരിച്ചതിനുശേഷം പ്രസ്രവണവനത്തില്‍ നിന്നുകൊണ്ട് ഒരു പ്രസംഗം നടത്തുന്നുണ്ട്. ഇവിടെയാണ് വാല്മീകിമഹര്‍ഷി ഭാരതത്തിലെ നാട്ടുരാജ്യങ്ങളുടെ സുവ്യക്തമായ ‘പ്ലാന്‍’ അവതരിപ്പിക്കുന്നത്. ദേശം, കാലം, ഉപായം എന്നിവയെക്കുറിച്ചാദ്യം സുഗ്രീവന്‍ സംസാരിക്കുന്നു. തുടര്‍ന്ന് ഓരോ പ്രദേശത്തുമുള്ള മല, കാട്, ചോല എന്നിവകളെക്കുറിച്ച്. സപ്തസാഗരങ്ങളും പഞ്ചഭൂഖണ്ഡങ്ങളും ഷഡൃതുക്കളും ഋശ്യമൂകാചലത്തിലിരുന്ന് സുഗ്രീവന്‍ കാട്ടിത്തരുന്നു.
കിഴക്കുദിക്കിലേക്ക് പോകേണ്ടുന്ന സൈന്യത്തിനു നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ നമുക്കു സംഗ്രഹിക്കാം. ഉദയഗിരി, ഉദയഗിരിയ്ക്കു മുമ്പില്‍ സുദര്‍ശനമെന്ന ദ്വീപ്. ഭൂമിയ്ക്കും ജഗത്തിനും ഒന്നാമത്തെ വാതിലായി, സൂര്യന്റെ ഉദയസ്ഥാനമായി പ്രശോഭിക്കുന്നതുകൊണ്ട് പൂര്‍വ്വദിക്ക്. സീതാന്വേഷണം നടത്തേണ്ട ദേശങ്ങള്‍: ബ്രഹ്മമാലം, വിദേഹം (ഹിമാചല്‍ പ്രദേശ്), മാളവം, കാശി (ബനാറസ്), കോസലം, മാഗധം (ബീഹാര്‍), വംഗം (ബംഗാള്‍), പാണ്ഡ്‌റം, യവദ്വീപം. കിഴക്കിന്റെ വര്‍ണ്ണനയില്‍ ജപ്പാന്‍ വരെ ഉള്‍പ്പെടുന്നതായി രാമായണ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
സുഷേണന്‍ സേനാനായകനായ സംഘമാണ് പടിഞ്ഞാറുദിക്കില്‍ അന്വേഷണം നടത്തേണ്ടത്. സ്ഥലങ്ങള്‍ ശ്രദ്ധിക്കുക. ജടീപുരം, അംഗലോപാനഗരം, സിന്ധു നദീതീരഭൂമി, വരാഹപര്‍വ്വതം, മേഘവാന്‍, മേരുപര്‍വ്വതം, അന്ധകാരഭൂമി, അസ്തമയ പര്‍വ്വതം, സൗരാഷ്ട്രം, പാരിയാത്രം, ആരവല്ലി മലനിര. ഏതാണ്ട് ഇന്നത്തെ അമേരിക്ക വരെയുള്ള സ്ഥലം ഇതില്‍ ഉള്‍പ്പെടുന്നുപോലും.
വടക്കുദിക്ക്. ശതബലിയാണ് സൈന്യാധിപന്‍. സീതാന്വേഷണ ഭൂമിക ഇങ്ങനെ. ഭരതം, ചന്ദ്രകം, കുരു, കാംബോജം, യവനം, ശകം തുടങ്ങിയ രാജ്യങ്ങള്‍. തുടര്‍ന്ന് ഋഷീകം, ചൗരവം, ടങ്കണം, ചീനം, മഹാചീനം (പരമചീനം), നീഹാരം, ഭരദം. ദേവതാര വനങ്ങളും സ്വര്‍ണ്ണം നിറഞ്ഞുകിടക്കുന്ന സുദര്‍ശനമലയും സുഗ്രീവന്‍ ഭൂപടത്തില്‍ അടയാളപ്പെടുത്തുന്നുണ്ട്. സോമഗിരി പര്‍വ്വതം കഴിഞ്ഞ് റഷ്യന്‍ അതിര്‍ത്തിയിലുള്ള സമുദ്രം വരെ ഇതിലുണ്ട്.
തെക്കുദിക്കിലേക്ക് നിയോഗം ലഭിച്ച നേതാക്കള്‍ അംഗദനും നീലനും ഹനുമാനും ജാംബവാനും ആണ്. ദണ്ഡകാരണ്യം, ആന്ധ്ര, പുണ്ഡ്‌റം, ചോളം (ഇന്നത്തെ കേരളം) എന്നീ പാണ്ഡ്യരാജ്യങ്ങള്‍. മാഹേന്ദ്രപര്‍വ്വതം, അഗസ്ത്യാശ്രമം. മൂന്നാമതൊരു പട്ടിക കൂടിയുണ്ട്. ഉത്കലം (ഒറീസ്സ), അവന്തി (ഉജ്ജയിനി), മാഹിഷകം (മൈസൂര്‍), കൗശികദേശം (ഹൈദരാബാദ്). തെക്കന്‍ ദേശങ്ങളില്‍ ആസ്‌ട്രേലിയ കൂടിയുള്‍പ്പെട്ടിട്ടില്ലേ എന്ന് ഗവേഷകര്‍ അദ്ഭുതപ്പെടുന്നുമുണ്ട്.
അത്ഭുതാദരങ്ങളോടെ ഒക്കെയും കേട്ടിരുന്ന ശ്രീരാമന്‍ സുഗ്രീവനോടു ചോദിച്ചു:
”കഥം ഭവാന്‍ വിജാനീതേ
സര്‍വ്വം വൈമണ്ഡലം ഭുവഃ”
അങ്ങ് ഭൂഗോളം മുഴുവനും അറിയാനിടയായതെങ്ങനെ? സുഗ്രീവന്‍ മുകളിലേക്കു നോക്കി. എല്ലാമറിയുന്ന, എല്ലാമെല്ലാമറിയിക്കുന്ന അച്ഛന്‍, കര്‍മ്മസാക്ഷിയായ ഭഗവാന്‍ അവിടെയാണല്ലൊ ഇന്നലെയും നാളെയും. ആദികവിയ്ക്ക് പ്രണാമമര്‍പ്പിക്കുക.
രാമായണേതിഹാസം രണ്ടു നഗരങ്ങളെക്കൂടി വര്‍ണ്ണിക്കുന്നുണ്ട്. അയോധ്യയും ലങ്കയും. ഒന്ന് സൂര്യവംശരാജധാനി. മറ്റേത് രാക്ഷസകുലകേന്ദ്രം. അഥവാ തലസ്ഥാനം. വര്‍ണ്ണനയുടെ ധാരാളിത്തം രണ്ടിലുമുണ്ടെങ്കിലും ലങ്കയ്ക്കുവേണ്ടിയാണ് വാല്മീകി ഏറെ ശ്ലോകങ്ങള്‍ രചിച്ചത്. ആധുനിക നഗരവത്ക്കരണത്തിന്റെ പ്രാഗ്രൂപങ്ങള്‍ ഈ സ്ഥലരാശികളുടെ സംവിധാനത്തില്‍ നിന്നും നമുക്ക് നിര്‍ദ്ധാരണം ചെയ്‌തെടുക്കാം.
വാല്മീകിരാമായണം ബാലകാണ്ഡം അഞ്ചു മുതല്‍ ഏഴുവരെയുള്ള സര്‍ഗങ്ങള്‍ കോസലരാജധാനിയായ അയോധ്യയുടെ വര്‍ണ്ണനയാണ്. അജന്റെ പുത്രനായ ദശരഥനാണ് കലയും കാലവും നമിക്കുന്ന അയോധ്യാനഗരത്തിന്റെ മുഖ്യ ശില്പി. പ്രതിരോധവും ആക്രമണസന്നാഹങ്ങളും പഴുതടച്ചുകൊണ്ടുള്ള ശില്‍പസംവിധാനം. പ്രജാവത്സലനും പ്രഭാവശാലിയുമായ ഒരു ഭരണാധികാരിക്കേ ഇതു കഴിയൂ; അന്നും ഇന്നും.
നഗരത്തിന്റെ നാലുപാടും വളഞ്ഞൊഴുകുന്ന നീലജലം കൊണ്ടുള്ള കിടങ്ങ്. പിന്നില്‍ കോട്ട. അതിനുള്ളിലാകട്ടെ അധികചിഹ്നം വരച്ചതു പോലുള്ള ഘണ്ടാപഥങ്ങള്‍. രാജരഥ്യകള്‍ക്കിരുവശവും പടുകൂറ്റന്‍ മതിലുകള്‍. എല്ലായിടത്തും നട്ടുനനച്ചുവളര്‍ത്തിയ പൂച്ചെടികള്‍. സര്‍വ്വത്ര പുഷ്പ പരിമളം. പട്ടണം ശുദ്ധജലതടാകങ്ങളാല്‍ നിഭൃതം.
ഗുണകര്‍മ്മ സ്വഭാവങ്ങളിലധിഷ്ഠിതമായ വര്‍ണ്ണ വ്യവസ്ഥയാണ് അയോധ്യയില്‍ പുലര്‍ന്നിരുന്നത്. വേദവിത്തുകളായ ബ്രാഹ്മണര്‍, വീരശൂരപരാക്രമികളായ ക്ഷത്രിയര്‍, വ്യാപാരവും വ്യവസായവും നിര്‍വഹിക്കുന്ന വൈശ്യര്‍, സേവനനിരതരായ ശൂദ്രര്‍.
ജാതിഭേദമേതുമില്ലാത്ത സോദരത്വം. അവകാശവും കടമയുമറിയുന്ന പൗരബോധമുള്ള ജനത. നാസ്തികരോ ഭീകരരോ ഇല്ലാത്ത നാട്. കാമികളോ ക്രൂരരോ അഗ്നിഹോത്രം ചെയ്യാത്തവരോ അയോധ്യയിലുണ്ടായിരുന്നില്ല. ദരിദ്രരില്ലാത്ത നാട്. ലിംഗനീതിയും അഭിപ്രായ സ്വാതന്ത്ര്യവും സമത്വവും അവിടെ പുലര്‍ന്നിരുന്നു. ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവനും തമ്മിലുള്ള വിധേയഭാവം ശ്രദ്ധേയം. ശ്രീ സമൃദ്ധികളുടെ വിളനിലം തന്നെ സാകേതം.
ശ്രീജിതനായ രാവണന്റെ ലങ്ക എല്ലാ അര്‍ത്ഥത്തിലും സുവര്‍ണ്ണമയി തന്നെ. മൂന്നു ലങ്കാവര്‍ണ്ണനകള്‍ ഇതിഹാസത്തിലുണ്ട്. ആകാശമാര്‍ഗ്ഗം യാത്ര ചെയ്ത ഹനുമാന്‍ കാണുന്ന ലങ്ക. രണ്ടാമത് ശ്രീരാമന്‍ കണ്ട ലങ്ക. മൂന്നാമത് യുദ്ധാനന്തരം പുഷ്പകവിമാനത്തില്‍ അയോധ്യയ്ക്കു മടങ്ങവേ ശ്രീരാമന്‍ സീതാദേവിയ്ക്കു ചൂണ്ടിക്കാണിച്ചു കൊടുക്കുന്ന ലങ്കാചിത്രങ്ങള്‍.
കാവല്‍ക്കാരിയായി ലങ്കാലക്ഷ്മി. നാലുവശത്തും കിടങ്ങുകള്‍. അകത്ത് വലിയ കോട്ടമതിലുകള്‍. കൊടിക്കൂറകള്‍ സദാ പറന്നു കളിക്കുന്ന രമ്യഹര്‍മ്മ്യങ്ങള്‍. കൊത്തളങ്ങളില്‍ ശത്രുഘ്‌നി (പീരങ്കി) സ്ഥാപിച്ചിരിക്കുന്നു. സുശക്തമായ പ്രതിരോധം തീര്‍ക്കാന്‍ രാവണനെപ്പോഴും ശ്രദ്ധിച്ചിരിക്കുന്നു.
ലോകത്തുള്ള സമസ്ത സൗന്ദര്യപദാര്‍ത്ഥങ്ങളും ലങ്കാനഗരിയിലുണ്ട്. ഏഴും എട്ടും നിലയുള്ള രമ്യഹര്‍മ്മ്യങ്ങള്‍. എല്ലാ അര്‍ത്ഥത്തിലും പരിഷ്‌കൃത നഗരം തന്നെ ലങ്ക.
വാല്മീകി രാമായണത്തില്‍ ഭാരതത്തിന്റെ ആകാശവും ഭൂമിയും പ്രതിബിംബിക്കുന്നു. കാടും നാടും പ്രതിസ്പന്ദിക്കുന്നു. ഭൂമിശാസ്ത്രപരമായ അഖണ്ഡതാബോധം ബാലകാണ്ഡം മുതല്‍ യുദ്ധകാണ്ഡം വരെയുള്ള സംഭവ സംഘാതങ്ങള്‍ക്ക് ആധാരശ്രുതി നല്‍കുകയും ചെയ്യുന്നുണ്ട്. ശ്രീരാമചന്ദ്രന്റെ ദിഗ്വിജയവും അശ്വമേധവും ഇതിനെ ശരിവയ്ക്കുന്നു. വിശ്വസാഹിത്യത്തിലെ ഏതിതിഹാസം മണ്‍മറഞ്ഞാലും വാല്മീകിരാമായണം ശാശ്വതമായി നിലകൊള്ളും; വര്‍ദ്ധിത മൂല്യത്തോടെ. കാരണം ഇത് ഭാരതമെന്ന ഉപഭൂഖണ്ഡത്തിന്റെ പ്രമാണപത്രം തന്നെയാണ്.