ആറ് തവണ തുടര്‍ച്ചയായി ബജറ്റ് അവതരിപ്പിച്ചതിന്റെ സര്‍വകാല റെക്കാര്‍ഡ് മൊറാര്‍ജി ദേശായിയുടെ പേരിലാണ്. എന്നാല്‍, ഏഴാം തവണ തുടര്‍ച്ചയായി കേന്ദ്ര ബജറ്റവതരിപ്പിച്ച് നിര്‍മ്മലാ സീതാരാമന്‍ ആ ചരിത്രം തിരുത്തിക്കുറിച്ചിരിക്കുന്നു. നിര്‍മ്മലാ സീതാരാമന്റെ കേന്ദ്ര ബജറ്റ് 2024 ഭാരതത്തിന്റെ ”വികസിത ഭാരത” സ്വപ്‌നത്തിന് ചിറകുകള്‍ നല്‍കാന്‍ പോരുന്നതാണ്. ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന അഞ്ചാമത്തെ സാമ്പത്തിക ശക്തിയായ ഭാരതത്തിന്റെ വികസന ചരിത്രത്തില്‍ നാഴികക്കല്ലായി മാറുന്നതാണ്. ഈ വര്‍ഷത്തെ ബജറ്റ്. പതിനെട്ടാം ലോകസഭയില്‍ അശോകസ്തംഭം തിലകം ചാര്‍ത്തിയ ചുവന്ന പട്ടില്‍ പൊതിഞ്ഞ് കൊണ്ടുവന്ന് പട്ടിന്റെ ചാരുതയോടെ അവതരിപ്പിച്ച ബജറ്റിന് പ്രത്യേകതകളേറെയാണ്.
വികസിത ഭാരത ബജറ്റ്
മോദിയുടെ മൂന്നാമൂഴത്തിലെ പ്രഥമ ബജറ്റിനെ സാധാരണക്കാര്‍ മുതല്‍ യൂണിക്കോണ്‍ ആയി മാറാന്‍ കൊതിക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ വരെ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. വ്യക്തികളും വ്യവസായ രംഗവും പ്രതീക്ഷിച്ച തോതിലുള്ള മാറ്റം നികുതിഘടനയിലും നികുതി നിരക്കിലും കൊണ്ടു വന്നില്ലെങ്കിലും ഈ രംഗത്ത് നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് ഏറെ ആശ്വാസപ്രദമാണ്. ശമ്പളക്കാര്‍ക്ക് ആശ്വാസമായി ആദായ നികുതി സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50000 രൂപയില്‍ നിന്നും 75000 രൂപയായി വര്‍ദ്ധിപ്പിച്ചു. പുതിയ സ്‌കീമില്‍ ആദായ നികുതിയില്‍ മൂന്ന് ലക്ഷം വരെ നികുതിയില്ല. എല്ലാ വിഭാഗം നിക്ഷേപകര്‍ക്കുമുള്ള ഏഞ്ചല്‍ നികുതി നിര്‍ത്തലാക്കും. 15 ലക്ഷത്തിന് മുകളില്‍ മുപ്പത് ശതമാനം നികുതി മാറ്റമില്ലാതെ തുടരുകയും ചെയ്യും.
കോര്‍പ്പറേറ്റ് നികുതി 35 ശതമാനമായി കുറച്ചത് വ്യവസായികള്‍ക്ക് ആശ്വാസമാകും. വ്യവസായ വളര്‍ച്ചയ്ക്കും വ്യക്തിഗത വരുമാന വര്‍ദ്ധനവിനും സരളവും സുതാര്യവുമായ ഒരു നികുതിഘടന അത്യാവശ്യമാണ്. സാധാരണക്കാരന്റെ കൈയില്‍ ചിലവഴിക്കാനുള്ള കാശ് എത്തിച്ചു നല്‍കുക എന്നത് സമ്പദ് വ്യവസ്ഥയുടെ സുസ്ഥിതിക്ക് ആവശ്യമാണ്. വികസനം കൊതിക്കുന്ന ഒരു സര്‍ക്കാരിന്റെ കടമ കൂടിയാണത്.
അഗ്രിക്കള്‍ച്ചറും, ആത്മനിര്‍ഭര ഭാരതവും, ആര്‍ട്ടിഫിഷ്യല്‍ ഇന്റ്‌ലിജന്‍സും അര്‍ത്ഥശാസ്ത്രത്തോടൊപ്പം ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തില്‍ ഇടംപിടിക്കുകയുണ്ടായി. മനുഷ്യ വിഭവത്തിനൊപ്പം നിര്‍മ്മിത ബുദ്ധിയെയും വികസന കാര്യത്തില്‍ വേണ്ടുംവിധം പ്രയോജനപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ ദരിദ്രര്‍ക്കും, കര്‍ഷകര്‍ക്കും, യുവജനങ്ങള്‍ക്കും വനിതകള്‍ക്കും പ്രാധാന്യം നല്‍കുന്നതാണ് നിര്‍മ്മലാ സീതാരാമന്റെ ഏഴാമത്തെ ചരിത്ര ബജറ്റ്. വനിതകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള പദ്ധതിക്കായി മൂന്ന് ലക്ഷം കോടിരൂപ ബജറ്റില്‍ വകയിരുത്തിയത് വനിതകള്‍ക്ക് വനിതാമന്ത്രിയുടെ സമ്മാനമായി വേണം കരുതാന്‍. സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ധനസഹായമേര്‍പ്പെടുത്തുക എന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയം. ഒരു കോടി യുവാക്കള്‍ക്ക് 500 കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ പ്രതിമാസം 5000 രൂപ സ്‌റ്റൈപ്പന്റില്‍ ഇന്റേണ്‍ഷിപ്പിനുള്ള അവസരം തൊഴില്‍ തേടുന്ന യുവാക്കള്‍ക്ക് പ്രോത്സാഹനജനകമാണ്. രണ്ടു ലക്ഷം കോടി രൂപ ചെലവില്‍ 4.1 കോടി യുവാക്കള്‍ക്ക് അഞ്ചുവര്‍ഷ കാലയളവില്‍ തൊഴില്‍ വൈദഗ്ധ്യം, മറ്റ് അവസരങ്ങള്‍ എന്നിവ സുഗമമാക്കാന്‍ ബജറ്റില്‍ പദ്ധതികള്‍ വിഭാവനം ചെയ്തത് അവസരോചിതമാണ്. ജനസംഖ്യയില്‍ ലോകത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഭാരതത്തെ സംബന്ധിച്ചിടത്തോളം തൊഴിലില്ലായ്മ ഒരു പ്രധാന വിഷയമാണ്. തൊഴില്‍ മേഖലയ്ക്കായി മൂന്ന് സുപ്രധാന പദ്ധതികളാണ് ഈ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതുതായി തൊഴിലില്‍ പ്രവേശിക്കുന്നവര്‍ക്കും, തൊഴില്‍ ദാതാക്കള്‍ക്കും ഗുണം ചെയ്യുംവിധം ഇപിഎഫോയുമായി ബന്ധപ്പെടുത്തി ഗുണഭോക്താക്കള്‍ക്ക് നേരിട്ട് ധനസഹായമെത്തിക്കാനുള്ളതാണ്. ഈപദ്ധതിപട്ടിണിയും, തൊഴിലില്ലായ്മയും, പണപ്പെരുപ്പവും ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ്. അതിനെ കാര്യമായി പ്രതിരോധിക്കാന്‍ സാധിച്ചു എന്നതാണ് മോദി സര്‍ക്കാരിന്റെ വിജയം. ഒമ്പത് കാര്യങ്ങള്‍ക്ക് ഊന്നല്‍ കൊടുത്താണ് അമൃതകാലത്തേയ്ക്കുള്ള ഭാരതത്തിന്റെ പ്രയാണത്തിന് ദിശാബോധം നല്‍കുന്ന ഈ ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. കാര്‍ഷിക രംഗത്ത് ഉത്പാദനക്ഷമത വര്‍ദ്ധിപ്പിച്ചു പുത്തനുണര്‍വ് പ്രദാനം ചെയ്യുക, തൊഴിലവസരങ്ങളും തൊഴില്‍ നൈപുണ്യവും വര്‍ദ്ധിപ്പിക്കുക, സര്‍വ്വാശ്ലേഷിയായ മനുഷ്യ വിഭവ വികസനവും സാമൂഹ്യനീതിയും ഉറപ്പ് വരുത്തുക, ഉത്പാദന സേവനരംഗങ്ങള്‍ ശക്തിപ്പെടുത്തുക, നഗരവികസനം ത്വരിതപ്പെടുത്തുക, ഊര്‍ജ്ജസംരക്ഷണം ഉറപ്പ് വരുത്തുക, പശ്ചാത്തല സൗകര്യവികസനം ശക്തമാക്കുക, പുതിയ ആശയങ്ങള്‍ക്കും ഗവേഷണ വികസനത്തിനും പ്രാധാന്യം നല്‍കുക, പുതിയ തലമുറയ്ക്ക് അനുയോജ്യമായ പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കുക എന്നിവയാണ് ബജറ്റ് ഊന്നല്‍ നല്‍കുന്ന ഒമ്പത് കാര്യങ്ങള്‍.
കഴിഞ്ഞ ബജറ്റില്‍ ധനകമ്മി 5.8 ശതമാനമായി നിലനിര്‍ത്താനായിരുന്നു ലക്ഷ്യമിട്ടത്. ഇടക്കാല ബജറ്റില്‍ അത് 5.1 ആയി കുറയ്ക്കാന്‍ ആത്മാര്‍ത്ഥമായി ധനമന്ത്രി ശ്രമിക്കുകയുണ്ടായി. അഞ്ച് ശതമാനത്തില്‍ താഴെ ധനകമ്മി കുറച്ചുകൊണ്ടുവരാമെന്ന പ്രതീക്ഷയാണ് ബജറ്റിലൂടെ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ നടത്തിയിരിക്കുന്നത്.
സ്വന്തമായൊരു വീട് സാധാരണക്കാരന്റെ സ്വപ്‌നമാണ്. കിടപ്പാടവും കിടന്നുറങ്ങാനൊരു വീടും എല്ലാവര്‍ക്കും നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അടുത്ത അഞ്ച് വര്‍ഷത്തില്‍ രണ്ട് കോടി വീടുകള്‍ പ്രധാനമന്ത്രി ആവാസ് യോജനയില്‍ പെടുത്തി നിര്‍മ്മിച്ചു നല്‍കാനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. മൂന്നു കോടി വീടുകള്‍ എന്ന ലക്ഷ്യത്തിന് ഏതാനും ചുവടുകള്‍ മാത്രം പിറകിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ നില്‍ക്കുന്നത് എന്ന് നിര്‍മ്മലാ സീതാരാമന്‍ സൂചിപ്പിക്കുകയുണ്ടായി. അതിന് പരിഹാരമായി മൂന്ന് കോടി വീടുകള്‍ അധികമായി നിര്‍മ്മിക്കാനുള്ള നിര്‍ദ്ദേശം ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു കോടി വീടുകള്‍ക്ക് സോളാര്‍ പദ്ധതിയില്‍ വൈദ്യുതി ലഭ്യമാക്കാന്‍ ബജറ്റ് വിഭാവനം ചെയ്യുന്നു. പ്രധാനമന്ത്രി സൂര്യഘര്‍ സൗജന്യ പദ്ധതി പ്രകാരമാണ് ഈ സൗകര്യം സാധാരണക്കാര്‍ക്ക് ലഭ്യമാക്കുന്നത്.
മൂലധന ചിലവിനും അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് ബജറ്റ് ഊന്നല്‍ കൊടുത്തിരിക്കുന്നത്. പശ്ചാത്തല സൗകര്യ വികസനത്തിന് പതിനൊന്ന് ശതമാനം വര്‍ദ്ധനവിലൂടെ 11,11,111 കോടി രൂപ എന്ന മനോഹര സംഖ്യയാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ വകയിരുത്തിയിരിക്കുന്നത്. ഇത് ഏകദേശം ജിഡിപിയുടെ മൂന്നര ശതമാനത്തോളം വരും. തുറമുഖ വികസനം, ദേശീയ പാത, റെയില്‍വെ എന്നിവയ്ക്ക് ബജറ്റില്‍ നല്‍കിയ പ്രധാന്യം ചരക്ക് നീക്കത്തെ ത്വരിതപ്പെടുത്തുകയും സാമ്പത്തിക സ്ഥിതിയെ മെച്ചപ്പെടുത്തുകയും ചെയ്യുന്നതാണ്. സര്‍ക്കാരിന്റെ ദേശീയ ചരക്ക് ഗതാഗത നയത്തെ ഇത് ശക്തിപ്പെടുത്തുന്നതാണ്. 2030ല്‍ ഭാരതത്തെ ഏഴ് ട്രില്ല്യന്‍ ഡോളര്‍ സാമ്പത്തിക ശക്തി എന്ന ലക്ഷ്യത്തിലെത്തിക്കാന്‍ ദേശീയ ചരക്കു ഗതാഗത നയം ഏറെ പ്രയോജനപ്പെടുന്നതാണ്. ഗതാഗത രംഗത്ത് നിക്ഷേപം വര്‍ദ്ധിപ്പിച്ചെങ്കില്‍ മാത്രമെ വികസനത്തെ ഏറെ സ്വാധീനിക്കുന്ന ഈ രംഗത്ത് പുത്തന്‍ ആശയങ്ങളും നവീന സാങ്കേതിക വിദ്യയും കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ. ഈ രംഗത്ത് ഒരു പരിവര്‍ത്തനാത്മക വികസനം കൊണ്ടുവരാനാണ് ധനമന്ത്രി ശ്രമിച്ചിരിക്കുന്നത്.
വികസിത ഭാരത ലക്ഷ്യത്തിലേയ്ക്കുള്ള രാജ്യത്തിന്റെ പ്രയാണത്തിന് ഗതിവേഗം വര്‍ദ്ധിപ്പിക്കത്തക്കരീതിയിലുള്ള നിര്‍ദ്ദേശങ്ങളാണ്. റെയില്‍വെ വികസന കാര്യത്തില്‍ നിര്‍മ്മലാ സീതാരാമന്‍ നടത്തിയിരിക്കുന്നത്. വേഗവും, വികസനവും സുരക്ഷയുമാണ് ഈ മേഖലയില്‍ സര്‍ക്കാരിന്റെ ലക്ഷ്യം. ഗ്രാമീണ മേഖലയുടെ വികസനത്തിനായി 2.66 ലക്ഷം കോടി രൂപയാണ് ഈ ബജറ്റില്‍ വിഭാവനം ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി ഗ്രാം സടക് യോജനയുടെ ഭാഗമായി 25000 ഗ്രാമീണ മേഖലകളെ ബന്ധിപ്പിച്ചുള്ള റോഡ് നിര്‍മ്മിതിയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ബാംഗ്ലൂര്‍ – ഹൈദരബാദ് വ്യവസായ ഇടനാഴി ഇരു സംസ്ഥാനങ്ങളുടെ വ്യവസായ വികസനത്തില്‍ ഒരു വഴിത്തിരിവായിരിക്കും.
വികസനാനുഭവം വഴികാട്ടി
പത്ത് വര്‍ഷത്തെ മോദി ഭരണത്തില്‍ പ്രത്യക്ഷ-പരോക്ഷ നികുതി വരുമാനം അഭൂതപൂര്‍വമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. പ്രത്യേകിച്ചും ചരക്ക് സേവന നികുതിയിലെ ചരിത്രവര്‍ദ്ധന. പ്രതിമാസം രണ്ട് ലക്ഷം കോടി ജിഎസ്ടി വരുമാനം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഏറെ ആശ്വാസമായി. 2014 മുതല്‍ ഓഹരി വിപണി പുതിയ ഉയരങ്ങള്‍ കീഴടക്കാനുള്ള ശ്രമത്തിലാണ്. സെന്‍സെക്‌സ് 80000 ന് മുകളിലുയര്‍ത്തിയാണ് ഓഹരി വിപണി മോദി മൂന്നിനെ സ്വീകരിച്ചത്. ഓഹരി വിപണിയടക്കം ഭാരതത്തിന്റെ വികസന പ്രക്രിയക്ക് പുതിയ ഉണര്‍വ് നല്‍കത്തക്ക രീതിയിലുള്ള നിര്‍ദ്ദേശങ്ങളാണ് ഈ ബജറ്റിലുള്ളത്. തൊഴില്‍ മേഖലയുടെ പുരോഗതിക്കായി കൈ നിറയെ പദ്ധതികള്‍ പ്രഖ്യാപിച്ച ധനമന്ത്രി ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കാനും, തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനും, അവിടുത്തെ ഡിജിറ്റല്‍ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്. പത്ത് വര്‍ഷത്തെ തിളക്കമാര്‍ന്ന വികസന അനുഭവവുമായാണ് മോദി സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേയ്ക്ക് ചരിത്രം കുറിച്ചുകൊണ്ട് പ്രവേശിച്ചിരിക്കുന്നത്.
250 ദശലക്ഷം പാവങ്ങളെ പട്ടിണിയില്‍ നിന്നു മോചിപ്പിച്ചു എന്നു മാത്രമല്ല അവരുടെ ജീവിതനിലവാരം മൊത്തത്തില്‍ മെച്ചപ്പെടുത്തി എന്നതാണ് മോദിഭരണത്തിന്റെ തിരിച്ചു വരവിന് കാരണമായത്. അതുകൊണ്ടു തന്നെ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ, അതിലേറെ യുവജനങ്ങളുടെ ആശയാഭിലാഷങ്ങള്‍ക്കിണങ്ങുന്ന ഒരു ബജറ്റാണ് നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ചിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. അടിസ്ഥാന സൗകര്യവികസത്തിനോടൊപ്പം വ്യവസായ സംരംഭകര്‍ക്കും, വനിതകള്‍ക്കും, യുവാക്കള്‍ക്കും അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനും, പുതിയ ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കാനും ഒപ്പം, സാമൂഹിക വികസനം ഉറപ്പു വരുത്താനുള്ള ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ ഈ ബജറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വികസിത ഭാരതത്തിന്റെ അടിത്തറ ഭദ്രമാക്കാന്‍ ധനമന്ത്രി സൂചിപ്പിക്കുന്നതുപോലെ അമൃതകാലത്തെ കര്‍ത്തവ്യകാലമായി മാറ്റാനുള്ള കര്‍മ്മപദ്ധതികള്‍ ഈ ബജറ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണം മോദി സര്‍ക്കാരിന്റെ പ്രിയപ്പെട്ട വിഷയമാണ്. ഗ്ലാസ്‌ഗോ ഉച്ചകോടിയിലെ പ്രധാനമന്ത്രി മോദിയുടെ LIFE (Lifestyle For Environment) എന്ന ആശയം ലോക ശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി. 2070 ല്‍ നെറ്റ് സീറോ എന്ന ഭാരതത്തിന്റെ സ്വപ്‌ന ലക്ഷ്യം സാധിതമാക്കാന്‍ സര്‍ക്കാരിന്റെ ഹരിതവികസന നിര്‍ദ്ദേശങ്ങള്‍ ഏറെ സഹായിക്കുന്നതാണ്. വികസിത ഭാരത സങ്കല്പ്പത്തിലേയ്ക്കുള്ള ഭാരതത്തിന്റെ യാത്രയ്ക്ക് കരുത്തു പകരാനുള്ള ഒട്ടേറെ പരിസ്ഥിതി പ്രധാനമായ നിര്‍ദ്ദേശങ്ങള്‍ ഈ ബജറ്റിന്റെ പ്രത്യേകതയാണ്. കാര്‍ഷിക വളര്‍ച്ചയ്‌ക്കൊപ്പം പ്രകൃതികൃഷി പ്രോത്സാഹിപ്പിക്കാനും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്.
മോദിയുടെ മൂന്നാമൂഴത്തിന് മിഴിവേകാനുള്ള ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ സാമാന്യ ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നവയാണ്. അവരുടെ ആശകളും പ്രതീക്ഷകള്‍ക്കുമൊപ്പം നില്‍ക്കാന്‍ നിര്‍മ്മലാ സീതാരാമന്‍ ബജറ്റിലൂടെ ശ്രമിച്ചിട്ടുണ്ട്. തൊഴില്‍, നൈപുണ്യ വികസനം, സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായം, മധ്യവര്‍ഗ്ഗ ജനത എന്നിവയെ കേന്ദ്രീകരിച്ചുള്ളതാണ് മോദി സര്‍ക്കാരിന്റെ പന്ത്രണ്ടാമത്തെ ബജറ്റ്. എല്ലാ വിഭാഗം ആളുകളേയും തൃപ്തിപ്പെടുത്തത്തക്ക വിധത്തില്‍ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ സമതുലിതവും, സമഗ്രവും സര്‍വാശ്ലേഷിയുമായി നിലനിര്‍ത്താന്‍ ധനമന്ത്രി ശ്രമിച്ചിട്ടുണ്ട്. ആദായ നികുതിയില്‍ കാലോചിതമായ പരിഷ്‌കാരത്തിന്റെ ഭാഗമായി ലളിതവല്‍ക്കരണവും, സുതാര്യത ഉറപ്പ് വരുത്തലും ബജറ്റ് ലക്ഷ്യമിടുന്നു. നികുതി നിരക്കില്‍ കാര്യമായ മാറ്റം വരുത്തിയില്ലെങ്കിലും സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 75000 രൂപയായി വര്‍ദ്ധിപ്പിച്ചത് നികുതിദായകര്‍ക്ക് ആശ്വാസമാകുന്നതാണ്. മൂന്നു ലക്ഷം വരെ നികുതി വേണ്ട എന്ന തല്‍സ്ഥിതി തുടരുന്നതാണ്. പതിനഞ്ച് ലക്ഷത്തിന് മുകളിലുള്ളവര്‍ക്ക് മാക്‌സിമം നിരക്കായ മുപ്പത് ശതമാനം ബാധകമാകുന്നതാണ്.
വ്യക്തികള്‍ക്കും വ്യവസായികള്‍ക്കും ഒരുപോലെ നാടിന്റെ വികസനത്തില്‍ പങ്കാളികളാകാന്‍ സാധിച്ചു എന്നതാണ് പത്ത് വര്‍ഷത്തെ മോദിയുടെ ഭരണത്തിന്റെ പ്രത്യേകത. സാധാരണക്കാരന്റെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും സാമൂഹിക സുരക്ഷ ഉറപ്പു വരുത്തുമ്പോഴും, വികസന കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ മുന്നോട്ടു കൊണ്ട് പോകാന്‍ മോദിക്ക് സാധിച്ചു. സ്വന്തം രാഷ്ട്രീയ നിലപാടില്‍ ഉറച്ചു നില്‍ക്കുമ്പോഴും രാജ്യ താല്പര്യം ചോര്‍ന്നു പോകാതെ സൂക്ഷിക്കാന്‍ പ്രധാനമന്ത്രിക്ക് സാധിച്ചിട്ടുണ്ട്. സ്വന്തം ഭരണ മികവിന് ജനങ്ങള്‍ നല്കിയ സമ്മാനമാണ് ഈ മൂന്നാമൂഴം.
ആ മികവ് തുടര്‍ന്നു കൊണ്ടുപോകാനുള്ള സാമ്പത്തിക ഉത്തേജനങ്ങളാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ തന്റെ ഏഴാമത്തെ ചരിത്ര ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വികസിതഭാരതം ലക്ഷ്യമിട്ടുള്ള സര്‍ക്കാരിന്റെ കുതിപ്പിന് കരുത്തു പകരുന്നതാണ് ബജറ്റ് നിര്‍ദ്ദേശങ്ങള്‍. സമഗ്ര വികസനം, സുസ്ഥിര വികസനം എന്നിവയിലൂന്നി കാര്‍ഷിക വികസനത്തിനും ഗവേഷണത്തിനും ഡിജിറ്റല്‍വല്‍ക്കരണത്തിനും കര്‍ഷകന്റെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുമായി 1.52 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കാര്‍ഷിക ഗവേഷണത്തിനായി ബജറ്റ് പ്രത്യേക ഊന്നല്‍ നല്‍കുന്നു.
വ്യവസായ വളര്‍ച്ചയ്ക്കും, മൂലധനനിക്ഷേപങ്ങള്‍ക്കും, അടിസ്ഥാന സൗകര്യ വികസനത്തിനും ഡിജിറ്റല്‍ സാങ്കേതിക വിദ്യാ വികസനത്തിനും, ഗതാഗത സൗകര്യ വികസനത്തിനും ബജറ്റ് ഊന്നല്‍ നല്‍കുന്നു. ഗ്രാമവികസനത്തിനായി വന്‍ പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ചെറുകിട വ്യവസായത്തിന് ഊന്നല്‍, നാലു കോടി ജനങ്ങളെ ലക്ഷ്യമാക്കി ഗ്രാമീണമേഖലാ വികസനം, വഴിയോര കച്ചവടക്കാരുടെ ക്ഷേമം, ചെറുകിട ഇടത്തര വ്യവസായ സംരംഭകര്‍ക്കുള്ള വികസനം എന്നിവ ഈ ബജറ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തിന്റെയും, ആരോഗ്യ രംഗത്തിന്റെയും, ശാസ്ത്ര സാങ്കേതിക വികസനത്തിന്റേയും മികവ് നിലനിര്‍ത്താനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഈ ബജറ്റിന് സ്വന്തമാണ്. ഏറ്റവും വേഗത്തില്‍ വളരുന്ന ഏഷ്യന്‍ രാജ്യം എന്ന ശ്രേഷ്ഠ പദവി നിലനിര്‍ത്താനും, അമേരിക്കയ്ക്കും ചൈനയ്ക്കും ഒപ്പം വികസന കുതിപ്പില്‍ പങ്കാളിയാകുകയും ചെയ്യുക എന്നതാണ് മോദി മൂന്നിന്റെ പ്രഖ്യാപിത ലക്ഷ്യം.
സമാനതകളില്ലാത്തതാണ് ഭാരതത്തിന്റെ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ വളര്‍ച്ചയും വികാസവും. ഇന്റര്‍നെറ്റിന്റെ വ്യാപനവും, മൊബൈല്‍ കണക്ഷന്റെ വര്‍ദ്ധനയും, ഡിജിറ്റല്‍ സാക്ഷരതയും ഭാരതത്തെ ലോകത്തില്‍ മുന്‍നിര രാഷ്ട്രമായി മാറ്റിയിരിക്കുന്നു. നമ്മുടെ ജിഡിപിയുടെ വലിയൊരു ശതമാനം ഡിജിറ്റല്‍ മേഖലയുടെ സംഭാവനയാണ്. സാധാരണ ജീവിതം മുതല്‍ ബഹിരാകാശ ശാസ്ത്രം വരെ നിയന്ത്രിക്കുന്ന ഡിജിറ്റല്‍ മേഖലയ്ക്ക് അര്‍ഹമായ പ്രാധാന്യം ബജറ്റില്‍ ധനമന്ത്രി നല്‍കിയിരിക്കുന്നു. ബഹിരാകാശ ഗവേഷണ മേഖലയുടെ വികസനത്തിനായി 1000 കോടി രൂപ അനുവദിച്ചത് ശ്രദ്ധേയമായി. കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി മോദി സര്‍ക്കാര്‍ കെട്ടിപ്പടുത്ത സാമ്പത്തിക സുസ്ഥിതിക്ക് കരുത്തു പകരുന്നതാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ ബജറ്റ് നിര്‍ദ്ദേശങ്ങള്‍. പണപ്പെരുപ്പം നിയന്ത്രിച്ചും വളര്‍ച്ചാവേഗം ത്വരിതപ്പെടുത്തിയും, സര്‍ക്കാരിന്റെ ലക്ഷ്യമായ 5 ശതമാനത്തില്‍ താഴെ എന്ന ധനക്കമ്മിയിലേയ്ക്ക് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കാനും ലോകത്തിലെ മൂന്നാം സാമ്പത്തിക ശക്തിയായി ഭാരതത്തെ മാറ്റാനുമാണ് ബജറ്റു നിര്‍ദ്ദേശങ്ങള്‍ ലക്ഷ്യമിടുന്നത്. എണ്‍പതിനായിരം എന്ന സര്‍വകാല ഉയരത്തിലേയ്ക്ക് സെന്‍സെക്‌സ് ഉയര്‍ത്തിയാണ് ഓഹരി വിപണി ബജറ്റിനെ സ്വീകരിച്ചിരിക്കുന്നത്. പോയ പത്ത് വര്‍ഷം പോലെ വരുന്ന അഞ്ചുവര്‍ഷക്കാലവും ഭരണമികവിലും (Good Governance), വികസനത്തിലും (Development) പ്രവര്‍ത്തന ക്ഷമതയിലും (Performance) സമാനതകളില്ലാത്ത സ്ഥിതിയിലേയ്ക്ക് ഭാരതത്തെ ഉയര്‍ത്താന്‍ ധനമന്തിയുടെ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ സഹായിക്കുന്നതാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഭാരതത്തിന്റെ പ്രധാനമന്ത്രിയായുള്ള നരേന്ദ്ര മോദിയുടെ മൂന്നാമൂഴത്തെയും ചരിത്രം കുറിച്ച ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ ബജറ്റ് നിര്‍ദ്ദേശങ്ങളെയും ഏറെ പ്രതീക്ഷയോടെയാണ് ലോകം വീക്ഷിക്കുന്നത്.
(കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല മാനേജ്‌മെന്റ് വകുപ്പില്‍ മുന്‍ പ്രൊഫസറും ഭാരതീയവിചാര കേന്ദ്രം സംസ്ഥാന അധ്യക്ഷനുമാണ് ലേഖകന്‍).