ലോകസഭാ തിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത കുറ്റത്തിന് 1975 ജൂണ്‍ 12-ാം തീയതി അലഹബാദ് ഹൈക്കോടതി രാജ് നാരായണന്റെ ഹര്‍ജിയില്‍ ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കുകയും ആറ് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുകയുമായിരുന്നു. 1975 ജൂണ്‍ 24ന് സുപ്രീം കോടതി ജസ്റ്റിസ്സായിരുന്ന വി.ആര്‍.കൃഷ്ണയ്യര്‍ കേസ്സിന്റെ അന്തിമ തീര്‍പ്പു വരെ സ്റ്റേ അനുവദിക്കുകയും പ്രധാനമന്ത്രിയായി തുടരാന്‍ ഇന്ദിരാഗാന്ധിക്ക് അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ ജൂണ്‍ 25-ാം തീയതി രാത്രി പ്രസിഡന്റ് ഫക്രുദീന്‍ അലിയുടെ ഒപ്പുവാങ്ങി അടിയന്തരാവസ്ഥാ ഓര്‍ഡിന്‍സ് മന്ത്രിസഭയുടെ അനുമതി പോലുമില്ലാതെ ആകാശവാണിയിലൂടെ പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് രാത്രി തന്നെ പത്രസ്ഥാപനങ്ങളിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കുകയും വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുകയും ചെയ്തു. പ്രധാനപ്രതിപക്ഷ നേതാക്കളെയെല്ലാം രാത്രി തന്നെ അറസ്റ്റ് ചെയ്യുകയും 1971ലെ മിസാ (MISA) നിയമഭേദഗതി ഓര്‍ഡിനന്‍സിലൂടെ വിചാരണ കൂടാതെ ആരേയും തടങ്കലില്‍ വെക്കാന്‍ അധികാരം നേടുകയും ചെയ്തു. മിസയോടൊപ്പം (MISA) ഡിഫന്‍സ് ആന്റ് ഇന്റേണല്‍ സെക്യൂരിറ്റി ഓഫ് ഇന്ത്യാ റൂള്‍ 1971 ഉം ഉപയോഗിച്ച് അടിയന്തരാവസ്ഥക്കാലത്ത് മൊത്തം 11 ലക്ഷത്തോളം പേരെയാണ് 6 മാസം മുതല്‍ 18 മാസം വരെ തടങ്കലിലാക്കിയത്.
അടിയന്തരാവസ്ഥ സൃഷ്ടിച്ച ഭീകരാവസ്ഥയും ദുരിതങ്ങളും മനുഷ്യാവകാശലംഘനങ്ങളുമെല്ലാം ഭീതിജനകമായിരുന്നു. ജയിലില്‍ കഴിഞ്ഞിരുന്ന പലരുടേയും സ്ഥിതി അതിദയനീയമായിരുന്നു. പ്രതിപക്ഷ നേതാക്കള്‍ അനുഭവിച്ച ദുരിതങ്ങളും വര്‍ണ്ണനാതീതമായിരുന്നു. അടിയന്തരാവസ്ഥയുടെ മറവില്‍ നടന്ന അതിക്രമങ്ങളും പീഡനങ്ങളും ക്രൂരതകളുമെല്ലാം പില്‍ക്കാലത്ത് വിശദമായി ചര്‍ച്ചചെയ്യപ്പെട്ടു. ഇന്ദിരഗാന്ധി എന്ന ഒരു വ്യക്തിയുടെ അധികാരപ്രവണതയും ഏകാധിപത്യപ്രവണതയും പ്രതിപക്ഷ വിദ്വേഷവുമാണ് അടിയന്തരാവസ്ഥക്ക് കാരണമായി പല ചര്‍ച്ചകളിലും ചൂണ്ടിക്കാണിച്ചിരുന്നത്. ഇന്ദിരാഗാന്ധിയുടെ അമിതമായ അധികാരമോഹവും ഏകാധിപത്യ മാനസികാവസ്ഥയും അടിയന്തരാവസ്ഥയ്ക്ക് ഒരു കാരണമായിരുന്നുവെന്ന് നിഷേധിക്കാനാവില്ല. അടിയന്തരാവസ്ഥയ്ക്ക് കാരണമായത് ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയകുടിലതയും അഹന്തയുമായിരുന്നുവെന്നതും തര്‍ക്കമറ്റ കാര്യമാണ്. എന്നാല്‍ അടിയന്തരാവസ്ഥയുടെ പിന്നാമ്പുറങ്ങളിലേക്കും അതിലേക്കു നയിച്ച ഗൂഢാലോചനകളെ കുറിച്ചുമൊന്നും കാര്യമായ പഠനങ്ങളോ ചര്‍ച്ചകളോ നടക്കാത്തത് അതിശയകരമായി തോന്നുന്നു. ഇന്ദിരാഗാന്ധിയുടെ അധികാരമോഹവും ഏകാധിപത്യപ്രവണതയെയും മറയാക്കി മറ്റു ചിലര്‍ നടത്തിയ വലിയൊരു ഗൂഢാലോചന അടിയന്തരാവസ്ഥ നടപ്പാക്കിയതിന്റെ പിറകിലില്ലേ എന്നത് വിശദമായി അന്വേഷിക്കേണ്ട വിഷയമാണ്.
ഭാരതത്തിലെ കെ.ജി.ബിയുടെ ദൗത്യം
ഭാരതം സ്വതന്ത്രയായതു മുതല്‍ സോവിയറ്റ് യൂണിയന്റെ ചാരസംഘടനയായ കെ.ജി.ബിയും അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.എയും ഭാരതത്തില്‍ വലിയ തോതില്‍ ചാരപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അതില്‍ കെ.ജി.ബിക്കായിരുന്നു മുന്‍തൂക്കം. നെഹ്‌റുവിന്റെ സോവിയറ്റ് സൗഹൃദവും സോഷ്യലിസ്റ്റ് പ്രേമവും കെ.ജി.ബിയ്ക്ക് കൂടുതല്‍ ആഴത്തിലുള്ള പ്രവര്‍ത്തനത്തിന് അവസരമൊരുക്കി. വി.കെ.കൃഷ്ണമേനോന്‍ അവരുടെ പ്രധാന സഹായികളിലൊരാളായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ പോലും കെ.ജി.ബിയ്ക്ക് വലിയ സ്വാധീനമുണ്ടായിരുന്നതായി പിന്നീടുള്ള പ്രസിദ്ധീകരണങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
ഭാരതത്തിലെ കെ.ജി.ബിയുടെ പ്രവര്‍ത്തനങ്ങളുടെ സമഗ്രതയുടെ ഏകദേശരൂപം രണ്ട് മുന്‍ സോവിയറ്റ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലില്‍ നിന്നും ലഭ്യമാണ്. ഒന്നാമത്തേത് ദല്‍ഹിയിലെ സോവിയറ്റ് എംബസിയില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറായിരുന്ന യൂറി ബ്രസ്മനോവുമായുള്ള ഒരു ചാനല്‍ അഭിമുഖമാണ്.1 രണ്ടാമത്തേത് കെ.ജി.ബിയുടെ ആസ്ഥാനത്ത് അവരുടെ ആര്‍ക്കൈവ്‌സിലെ മുന്‍ ഉദ്യോഗസ്ഥനായിരുന്ന വാസിലി മിത്രോക്കിന്‍ (Vasili Mithrokhin) സോവിയറ്റ് യൂണിയന്റെ പതനശേഷം 1992ല്‍ കടത്തിക്കൊണ്ടുപോയ കെ.ജി.ബി രഹസ്യരേഖകളില്‍ തിരഞ്ഞെടുത്തവ ക്രിസ്റ്റഫര്‍ ആന്‍ഡ്രുവും മിത്രോക്കിനും ചേര്‍ന്ന് പ്രസിദ്ധീകരിച്ച ദി മിത്രോക്കിന്‍ ആര്‍ക്കൈവ് – 2: കെ.ജി.ബി ആന്‍ഡ് ദി വേള്‍ഡ്, എന്ന 677 പേജുള്ള ബൃഹദ് ഗ്രന്ഥമാണ്.2 ഇവര്‍ ഒന്നാം വാല്യം നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ആര്‍ക്കൈവ് രണ്ടില്‍ 17ഉം 18ഉം അദ്ധ്യായങ്ങള്‍ കെ.ജി.ബിയുടെ ഭാരതത്തിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടവയാണ്.
യൂറി ബ്രസ്മനോവ് പ്രസ്തുത അഭിമുഖത്തില്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നവയാണ്. ചരിത്രത്തിലെ ഏതു കൊളോണിയല്‍ ശക്തികളേക്കാളും ആയിരം മടങ്ങ് പൈശാചികവും ചൂഷണാത്മകവുമായ കൊളോണിയല്‍ സംസ്‌കാരമാണ് സോവിയറ്റ് യൂനിയന്‍ ഭാരതത്തോട് കാണിച്ചതെന്നും ഞാനതു കണ്ട് ഭയചകിതനായി എന്നുമാണ് ബ്രസ്മനോവ് തുറന്നു പറഞ്ഞത്. ഭാരതത്തെ ഒരു സുഹൃദ് രാജ്യമായല്ല സോവിയറ്റ് യൂണിയന്‍ കണ്ടതെന്നും ഭാരതത്തിന്റെ വികസനത്തിലോ വളര്‍ച്ചയിലോ അവര്‍ക്ക് യാതൊരു താല്പര്യവുമില്ലായിരുന്നു എന്നുമാണ്. ഭാരതത്തെ ചൂഷണം ചെയ്യാനും അടിമയാക്കാനുമാണവര്‍ ശ്രമിച്ചതെന്നും ബ്രസ്മനോവ് വിശദീകരിക്കുന്നുണ്ട്. കെ.ജി.ബിയുടെ ഒറ്റുകാരും, സഹായികളുമായി തിരഞ്ഞെടുക്കപ്പെടുന്ന ബുദ്ധിജീവികള്‍, കമ്മ്യൂണിസ്റ്റ് നേതാക്കള്‍, പത്രപ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരെ ഭാരതത്തില്‍ അസ്ഥിരതയും അസ്വസ്ഥതകളും സൃഷ്ടിക്കാന്‍ പരമാവധി ഉപയോഗിച്ചശേഷം കെ.ജി.ബിയുടെ പങ്ക് പുറത്തറിയാതിരിക്കാന്‍ അവരെ യഥാസമയം ഇല്ലാതാക്കലുമാണ് കെ.ജി.ബിയുടെ പ്രവര്‍ത്തനരീതി എന്നും ബ്രസ്മനോവ് വിശദീകരിക്കുന്നുണ്ട്. ഇത്തരത്തില്‍ വധിക്കാനുള്ളവരുടെ ലിസ്റ്റ് കെ.ജി.ബി തയ്യാറാക്കിയിരുന്നതു താന്‍ കണ്ടിരുന്നുവെന്നും ബ്രസ്മനോവ് സാക്ഷ്യപ്പെടുത്തുന്നത് ശ്രദ്ധേയമാണ്. 1975നു ശേഷം ഭാരതത്തില്‍ ദുരൂഹസാഹചര്യങ്ങളിലും വിമാനാപകടങ്ങളിലും മറ്റപകടങ്ങളിലും കൊല്ലപ്പെട്ട പല രാഷ്ട്രീയ നേതാക്കളുടെയും ചരിത്രം ഈ തന്ത്രത്തിന്റെ ഭാഗമായിരുന്നോ എന്ന് സംശയിക്കുന്നതില്‍ തെറ്റില്ല.
കെ.ജി.ബിയും ഇന്ദിരാഗാന്ധിയും
കെ.ജി.ബിയും ഇന്ദിരാഗാന്ധിയുമായുള്ള ബന്ധവും ബ്രസ്മനോവിന്റെ അഭിമുഖത്തില്‍ നിന്നും മിത്രോക്കിന്‍ ആര്‍ക്കൈവില്‍ നിന്നും ലഭ്യമാണ്. നെഹ്‌റുവിന്റെ കാലത്തു തന്നെ കെ.ജി.ബി. പ്രധാനമന്ത്രിയുടെ ഓഫീസിലടക്കം നടന്നുകയറിയിരുന്നു എന്നവര്‍ വിശദമാക്കുന്നുണ്ട്. 1953ല്‍ ഇന്ദിരാഗാന്ധിയുടെ ആദ്യ സോവിയറ്റ് യൂണിയന്‍ സന്ദര്‍ശനം മുതല്‍ കെ.ജി.ബി. അവരുമായി അടുപ്പം നിലനിര്‍ത്തിയിരുന്നു. ലാല്‍ബഹാദൂര്‍ ശാസ്ത്രി സോവിയറ്റ് യൂണിയനിലെ താഷ്‌ക്കന്റില്‍ പാകിസ്ഥാനുമായി യുദ്ധമവസാനിപ്പിക്കാനുള്ള ഉടമ്പടി ഒപ്പുവെച്ച രാത്രി ദുരൂഹമായി മരണമടഞ്ഞതില്‍ കെ.ജി.ബിയുടെ പങ്ക് സംശയിക്കാവുന്നതാണ്. തുടക്കത്തില്‍ അവര്‍ സി.ഐ.എയെ കുറ്റപ്പെടുത്തി പ്രചരണം ആരംഭിച്ചെങ്കിലും അതു തിരിച്ചടിയാകുമെന്ന് ഭയന്ന് പിന്നീട് ഉപേക്ഷിക്കുകയാണുണ്ടായത്. മാത്രവുമല്ല നീലനിറം ബാധിച്ചതും ചില മുറിവുകള്‍ ഉണ്ടായിരുന്നതുമായിരുന്ന ശാസ്ത്രിജിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം പോലും നടത്താതെ ദഹിപ്പിച്ചതും അത് വിവാദമാക്കാതിരുന്നതും കോണ്‍ഗ്രസ് നേതൃത്വത്തില്‍ കെ.ജി.ബിക്കുണ്ടായിരുന്ന സ്വാധീനം കൊണ്ടാണ് എന്നു സംശയിച്ചാലും തെറ്റില്ല. ഇന്ദിരാഗാന്ധിയെ അധികാരത്തിലെത്തിക്കാന്‍ കെ.ജി.ബി. നടത്തിയ ഒരു അട്ടിമറിയായി ഇതിനെ പിന്നീട് പലരും വിലയിരുത്തിയിരുന്നതും ശ്രദ്ധേയമാണ്.
ഇന്ദിരാഗാന്ധിയുടെ ഭരണകാലത്താണ് കെ.ജി.ബി. പ്രവര്‍ത്തനം ഭാരതത്തില്‍ പൂര്‍വ്വാധികം ശക്തിപ്രാപിച്ചതെന്ന് ബ്രസ്മനോവും മിത്രോക്കിനും ചൂണ്ടിക്കാണിക്കുന്നുണ്ട്. ലോകത്തെവിടെയും ഉള്ളതിനേക്കാള്‍ ശക്തവും സമഗ്രവുമായ കെ.ജി.ബി. പ്രവര്‍ത്തനം ഭാരതത്തില്‍ നടത്താനായത് ഇന്ദിരാഗാന്ധിയുടെ ഭരണകാലഘട്ടത്തിലാണെന്ന് മിത്രോക്കില്‍ ആര്‍ക്കേവ്-2ല്‍ വിശദീകരിക്കുന്നുണ്ട് (പേജ് 324). കെ.ജി.ബി. ഫയലുകളനുസരിച്ച് 1973 ഓടെ, 10 പ്രധാന പത്രങ്ങള്‍ കെ.ജി.ബിയുടെ സാമ്പത്തിക സഹായം കൈപ്പറ്റി അവര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്നു. ഇവയില്‍ കൂടി 1973ല്‍ 2700 ലേഖനങ്ങളും 1974ലും 1975ലും യഥാക്രമം 4486ഉം 5510ഉം ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി (പേജ് 324). ഇവ മുഖ്യമായും സോവിയറ്റ് യൂണിയന്റെ നേട്ടങ്ങളെക്കുറിച്ചും, ഭാരതവുമായുള്ള സൗഹൃദത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, ഇന്ദിരാഗാന്ധിയുടെ സോഷ്യലിസ്റ്റ് നയങ്ങളെയും മറ്റും പുകഴ്ത്തിക്കൊണ്ടുമുള്ളവയായിരുന്നു. കെ.ജി.ബി പ്രവര്‍ത്തനത്തിന് കൂടുതല്‍ സ്വീകാര്യതയോടൊപ്പം കൂടുതല്‍ പേരെ സോവിയറ്റ് ചേരിയിലേക്ക് ആകര്‍ഷിക്കാനുമാണ് ഈ പ്രസിദ്ധീകരണങ്ങളിലൂടെ ശ്രമിച്ചത്. അതോടൊപ്പം എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം അമേരിക്കയും അവരുടെ ചാര സംഘടനയായ സി.ഐ.എയുമാണെന്ന പ്രചരണത്തിന് ശക്തി പകരാനും ഈ ലേഖനങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട്. 1974ല്‍ ഹെന്റി കീസിംഗര്‍ ഭാരതം സന്ദര്‍ശിച്ച സമയത്ത് അമേരിക്കയും സി.ഐ.എയും ഭാരതത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നു എന്ന് അവകാശപ്പെടുന്ന 70 കെട്ടുകഥകളാണ് കെ.ജി.ബി പ്രസിദ്ധീകരിച്ചതെന്ന് മിത്രോക്കിന്‍ ആര്‍ക്കൈവ്-2ല്‍ വെളിപ്പെടുത്തിയിട്ടുണ്ട് (പേജ് 327). ലിയോനിഡ് ഷെബര്‍ഷിന്‍ ഭാരതത്തില്‍ എമ്പസിയില്‍ പബ്ലിക് റിലേഷന്‍സ് തലവനായി വന്നതു മുതലാണ് ഈ തന്ത്രം ശക്തിപ്പെട്ടത്.
1967ലെ പൊതുതിരഞ്ഞെടുപ്പില്‍ 30 മുതല്‍ 40 ശതമാനം പാര്‍ലിമെന്റ് മെമ്പര്‍മാരെ സ്വാധീനിക്കാന്‍ കെ.ജി.ബിക്ക് കഴിഞ്ഞതായി ഷെബര്‍ഷിന്‍ മോസ്‌കോയിലേക്ക് റിപ്പോര്‍ട്ട് ചെയ്തതായി മിത്രോക്കിന്‍ ആര്‍ക്കൈവസ് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതു പ്രധാനമായും കെ.ജി.ബിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിങ്ങിലൂടെയും മറ്റ് വിധത്തിലുള്ള പ്രലോഭനങ്ങള്‍ വഴിയുമായിരുന്നു. ജനതാ ഗവണ്‍മെന്റിന്റെ തകര്‍ച്ചക്കു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ 100 ഓളം എം.പിമാര്‍ കെ.ജി.ബിയുടെ സ്വാധീനവലയത്തിലുണ്ടെന്ന് ലിയോനിഡ് ഷെബര്‍ഷിന്‍ മോസ്‌കോയിലേക്ക് റിപ്പോര്‍ട്ട് അയച്ചിരുന്നുവെന്നതും ശ്രദ്ധേയമാണ്.
യൂറി ബ്രസ്മനോവ് മറ്റൊരു ഞെട്ടിപ്പിക്കുന്ന രഹസ്യം കൂടി പ്രസ്തുത അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. ബംഗ്ലാദേശിലെ അവാമി ലീഗ് നേതൃത്വത്തിനും, അവരുടെ മിലിട്ടറി ഓഫീസര്‍മാര്‍ക്കും പരിശീലനം നല്‍കിയത് കെ.ജി.ബിയുടെ ഒത്താശയോടെ മോസ്‌ക്കോയിലും സോവിയറ്റ് യൂണിയന്റെ വ്യത്യസ്ത പ്രദേശങ്ങളിലുമായിരുന്നു എന്ന് ബ്രസ്മനോവ് വിശദീകരിക്കുന്നുണ്ട്. അതേസമയം മുക്തിബാഹിനിയിലെ സന്നദ്ധ ഭടന്മാര്‍ക്ക് ബംഗ്ലാദേശ് അതിര്‍ത്തിക്കു സമീപം ഭാരതത്തിന്റെ മണ്ണിലായിരുന്നുവെന്നും അയാള്‍ വ്യക്തമാക്കുന്നുണ്ട്. ഇത് ഇന്ദിരാ സര്‍ക്കാരിന്റെ അറിവോടും അനുമതിയോടെയുമായിരുന്നുവെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. അവസാനഘട്ടത്തില്‍ ഭാരതസൈന്യം ആക്രമണം നടത്തിയപ്പോള്‍ പാകിസ്ഥാന്‍ പടയാളികള്‍ കീഴടങ്ങുകയും ബംഗ്ലാദേശ് സ്വതന്ത്രമാകുകയും ചെയ്തു. ഇതിന്റെ മുഴുവന്‍ ക്രഡിറ്റും കെ.ജി.ബി. ഇന്ദിരാഗാന്ധിക്കു നല്‍കി അവരുടെ സ്വാര്‍ത്ഥതയും ഇമേജും വര്‍ദ്ധിപ്പിക്കുകയും ചെയ്തത് അവരെ പരമാവധി ഉപയോഗിക്കാനുള്ള തന്ത്രമായിരുന്നു.
ഇന്ദിരാഗാന്ധിക്ക് സി.ഐ.എയില്‍ നിന്ന് ഭീഷണിയുണ്ടെന്ന് കെ.ജി.ബി നിരന്തരം അവരെയും അവരുടെ അനുയായികളെയും വിശ്വസിപ്പിച്ചുകൊണ്ടിരുന്നു. സഞ്ജയ് ഗാന്ധി സോവിയറ്റ് വിരുദ്ധനായതിനാലും അടുത്ത പ്രധാനമന്ത്രിയാകാന്‍ സാദ്ധ്യതയുള്ളതിനാലും കെ.ജി.ബിയുടെ നോട്ടപ്പുള്ളിയായിരുന്നു. നിര്‍ബ്ബന്ധിത കുടുംബാസൂത്രണത്തിന് മുസ്ലിങ്ങളെയടക്കം വിധേയമാക്കിയതും ടുര്‍ക്ക് മാന്‍ ഗെയ്റ്റ് അടക്കമുള്ള ചേരി നിര്‍മ്മാര്‍ജ്ജനവുമെല്ലാം സഞ്ജയനെ അപകടകാരിയാക്കി മാറ്റി. സഞ്ജയ് പറത്തിയ വിമാനത്തിലെ ഇന്ധനം ചോര്‍ന്നിരുന്നു എന്ന കണ്ടെത്തല്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇതിനു പുറകില്‍ സി.ഐ.എ. ആണെന്ന് ഇന്ദിരഗാന്ധിയേയും കോണ്‍ഗ്രസ് നേതൃത്വത്തേയും വിശ്വസിപ്പിക്കാന്‍ കെ.ജി.ബിക്കു കഴിഞ്ഞു. എന്നാല്‍ ഈ അട്ടിമറി മരണത്തില്‍ കെ.ജി.ബിയുടെ കറുത്ത കരങ്ങളുണ്ടോ എന്ന് ആരും അന്വേഷിക്കാന്‍ മുതിര്‍ന്നതുമില്ല.
അതേസമയം രാഷ്ട്രീയത്തിലേയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് പൈലറ്റായി ജോലി ചെയ്തിരുന്ന രാജീവിനെ സഞ്ജയ് ഗാന്ധിയുടെ മരണശേഷം രാഷ്ട്രീയത്തിലേയ്ക്ക് ആനയിച്ചതും കെ.ജി.ബിയുമായി ബന്ധമുണ്ടായിരുന്ന മൈനോസ് (Minos) കുടുംബത്തിലെ സോണിയയുമായി ബന്ധം സ്ഥാപിച്ചു കൊടുക്കുന്നതിലും കെ.ജി.ബി മുന്‍കൈയെടുത്തതായി ചില റിപ്പോര്‍ട്ടുകള്‍ കാണാം. സുബ്രഹ്മണ്യന്‍ സ്വാമി സോണിയയുടെ അച്ഛന്‍ കെ.ജി.ബി.ഏജന്റാണെന്നുവരെ ആരോപിച്ചിരുന്നു (Tumblr.com_3 SONIA’S KGB connection).3 അതേസമയം റഷീദ് കിഡ്‌വായ് ഇന്ത്യാടുഡേയില്‍ നേരത്തെ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ സോണിയയുടെ മാതാപിതാക്കള്‍ സോവിയറ്റ് സംസ്‌കാരം, ഭാഷ, ഭക്ഷണം എന്നിവയില്‍ വളരെ ആകൃഷ്ടരും സോവിയറ്റ് യൂണിയനെ ഇഷ്ടപ്പെടുന്നവരുമായിരുന്നുവെന്ന് വിശദീകരിക്കുന്നുണ്ട്.
പ്രസിഡന്റ് യെല്‍സ്റ്റിന്‍ 1991ല്‍ നിയമിച്ച കെ.ജി.ബി കമ്മീഷനില്‍ അംഗമായിരുന്ന ഡോക്ടര്‍ യവജനിയ ആള്‍ബട്ട്‌സ് (Yevegeria Albats)പിന്നീട് പ്രസിദ്ധീകരിച്ച ദി സ്റ്റെയിറ്റ് വിത്തിന്‍ സ്റ്റെയിറ്റ്: കെ.ജി.ബി. ഇന്‍സോവിയറ്റ് യൂനിയന്‍4 എന്ന പുസ്തകത്തില്‍ മൈനോസ് (Minos) കുടുംബം സോവിയറ്റ് യൂണിയനില്‍ നിന്ന് ഭാരതത്തിലേയ്ക്കുള്ള രാജ്യരക്ഷാ ഉപകരണങ്ങളുടെ കമ്മീഷനായി വലിയ സാമ്പത്തിക സഹായം ലഭ്യമാക്കിയതായി വെളിപ്പെടുത്തിയിട്ടുണ്ട്. 1992 ലെ ഹിന്ദുപത്രത്തില്‍ ഇതിന്റെ ചില ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ കാണുന്നുണ്ട്. പ്രശസ്ത സ്വിസ് മാഗസിനായ ക്ഷിറ്റ്‌സര്‍ ഇല്യുസ്റ്റ്യേറ്റ്,( Schwcitzer Illustrate)1991 നവംബറില്‍ പ്രസിദ്ധീകരിച്ച പതിപ്പില്‍ രാജീവ് ഗാന്ധിക്ക് സ്വിസ്ബാങ്കില്‍ 2 ബില്യണ്‍ ഡോളറിന്റെ രഹസ്യ നിക്ഷേപമുണ്ടായിരുന്നെന്നും രാജീവിന്റെ മരണശേഷം അതു സോണിയയ്ക്ക് ലഭിച്ചുവെന്നും വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ സത്യാവസ്ഥയെ കുറിച്ച് പിന്നീട് അന്വേഷണമൊന്നും നടക്കാത്തത് ദുരൂഹമായിത്തുടരുന്നു. ഇതെല്ലാം വെളിവാക്കുന്നത് ഭാരതത്തിന്റെ രാഷ്ട്രീയത്തില്‍ മാത്രമല്ല, ഭരണാധികാരികളെ തിരഞ്ഞെടുക്കുന്നതില്‍ വരെ കെ.ജി.ബി. നടത്തിയിരുന്ന അനധികൃത ഇടപെടലുകളും രാഷ്ട്ര താല്പര്യത്തിനെതിരായ ഗൂഢാലോചനകളുമാണ്.
ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കിയ അലഹാബാദ് ഹൈക്കോടതി വിധിയും അവരുടെ രാജിക്കുവേണ്ടിയുള്ള പ്രക്ഷോഭങ്ങളും കെ.ജി.ബിക്കും അവരുടെ ഭാരതീയ ഏജന്റുമാര്‍ക്കും വീണു കിട്ടിയ വലിയൊരവസരമായിരുന്നു. ഈ അനിശ്ചിതത്വത്തില്‍ അധികാരം പിടിച്ചെടുക്കാനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയായിരുന്നു അവര്‍. സുപ്രീം കോടതി വിധി വരുന്നതുവരെ പ്രധാനമന്ത്രിയായി തുടരാന്‍ ഇന്ദിരയെ അനുവദിച്ചുകൊണ്ട് ജസ്റ്റിസ് കൃഷ്ണയ്യര്‍ സ്റ്റേ അനുവദിച്ചതു വഴിത്തിരിവായി മാറി. ഈ പ്രതിസന്ധിയെ മറികടക്കാനും ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭത്തെ അമര്‍ച്ച ചെയ്യാനും പ്രതിപക്ഷ പാര്‍ട്ടികളുടേയും പത്രമാദ്ധ്യമങ്ങളുടേയും വായടപ്പിയ്ക്കാനും അടിയന്തരാവസ്ഥാ പ്രഖ്യാപനമാണ് ഏറ്റവും ഫലപ്രദമെന്ന് കെ.ജി.ബിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് ഫോറത്തിലെ കമ്മ്യൂണിസ്റ്റുകാരും, സി.പി.ഐയുടെ പ്രധാന നേതാക്കളും അടങ്ങുന്ന കോക്കസ്സ് ഇന്ദിരാഗാന്ധിയെ ധരിപ്പിക്കുകയും അവരെ അതിന് നിര്‍ബ്ബന്ധിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. അടിയന്തരാവസ്ഥ നടപ്പാക്കുന്നത് വലിയൊരു ഗൂഢാലോചനയുടെ ഭാഗമായിരുന്നു.
അടിയന്തരാവസ്ഥ പ്രഖ്യാപനത്തോടെ പ്രതിപക്ഷ നേതാക്കളും കോണ്‍ഗ്രസ്സിലെ സിന്‍ഡിക്കേറ്റ് വിഭാഗം നേതാക്കളും അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായി. എല്ലാ പ്രതിസന്ധികളിലും ഇന്ദിരാഗാന്ധിയോടൊപ്പം നിന്ന് സംരക്ഷിച്ച ചന്ദ്രശേഖരും കിഷന്‍ കാന്തുമടക്കമുള്ള യുവ തുര്‍ക്കി നേതാക്കളെയും ഇതോടൊപ്പം അറസ്റ്റ് ചെയ്യിച്ച് ഇന്ദിരാഗാന്ധിയെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് ഫോറത്തിന്റെ തണലിലാക്കിയത് ഈ ഗൂഢാലോചനയുടെ ഭാഗമായിട്ടായിരുന്നു. എല്ലാ ജനാധിപത്യ അധികാരകേന്ദ്രങ്ങളും തകര്‍ത്ത് എല്ലാ അധികാരങ്ങളും ഇന്ദിരാ എന്ന വ്യക്തിയില്‍ കേന്ദ്രീകരിച്ചശേഷം ഏറ്റവും അനുകൂലമായ സാഹചര്യത്തില്‍ ഒരു അട്ടിമറിയിലൂടെ ഇന്ദിരയേയും എല്ലാ പ്രതിപക്ഷനേതാക്കളേയും ഒരേ സമയം വകവരുത്തി അധികാരം പിടിച്ചു പറ്റി സോവിയറ്റ് യൂണിയന്റെ കീഴില്‍ ഒരു പാവ സര്‍ക്കാരിനെ വാഴിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഭാരതത്തെ സോവിയറ്റ് യൂണിയന്റെ ഒരു ഉപഗ്രഹമാക്കി മാറ്റുക എന്നതായിരുന്നു കെ.ജി.ബിയുടെ ഈ ദൗത്യത്തിന്റെ അടിസ്ഥാന ലക്ഷ്യം.
എന്നാല്‍ ഇന്ദിരാഗാന്ധി ഈ അട്ടിമറി ശ്രമം യഥാസമയം മണത്തറിഞ്ഞതുകൊണ്ട് ഒരു വലിയ ദേശീയ ദുരന്തം ഒഴിവായി. ഈ ഗൂഢാലോചനയില്‍ പങ്കാളികളായ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് ഫോറത്തിലെ പ്രമുഖര്‍ പിന്നീട് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത് സംശയകരമാണ്. ഇതില്‍ ഇന്ദിരാഗാന്ധിയുടെ പങ്കും കെ.ജി.ബിയുടെ പങ്കും വ്യക്തമല്ല. കെ.ജി.ബിയുടെ രഹസ്യങ്ങള്‍ കൂടുതലായി അറിയുന്നവരെ വകവരുത്തുന്നതാണ് കെ.ജി.ബിയുടെ പ്രവര്‍ത്തനരീതി എന്ന് യൂറി ബ്രസ്മനോവ് വ്യക്തമാക്കിയിരുന്നതാണ്. അത് ഇവിടെയും ആവര്‍ത്തിച്ചിരിക്കാന്‍ സാദ്ധ്യതയുണ്ട്.
അടിയന്തരാവസ്ഥക്കു മുന്‍പ് ഇന്ദിരാഗാന്ധിയുടെ ജീവന് അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എയില്‍ നിന്ന് ഭീഷണിയുണ്ട് എന്നുള്ള കെ.ജി.ബിയുടെ ആരോപണം ഇന്ദിരാഗാന്ധിയേയും കോണ്‍ഗ്രസ് നേതൃത്വത്തെയും നിരന്തരം അറിയിച്ചിരുന്നു. അടിയന്താരവസ്ഥ പ്രഖ്യാപനത്തില്‍ താന്‍ നിരന്തരം ഭീഷണി നേരിടുന്നുവെന്ന് ഇന്ദിരാഗാന്ധി പറഞ്ഞത് ഇതിന്റെ പശ്ചാത്തലത്തിലാണ്. പിന്നീട് ജനതാ ഗവണ്‍മെന്റിന്റെ പരാജയത്തിനുശേഷം ഇന്ദിരാഗാന്ധി വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ കെ.ജി.ബി പുതിയൊരു ആരോപണവുമായി രംഗത്തു വന്നു. ഇന്ദിരയെ വധിക്കാന്‍ അമേരിക്കയും പാകിസ്ഥാനും ഗൂഢാലോചന നടത്തുന്നുവെന്ന് തുടക്കത്തില്‍ ഇന്ദിരയെ വിശ്വസിപ്പിച്ച ശേഷം പാകിസ്ഥാന്‍ അതിനായി ഖാലിസ്ഥാന്‍ തീവ്രവാദികളെ നിയോഗിച്ചിട്ടുണ്ടെന്ന് തുടര്‍ച്ചയായി അവരെ അറിയിച്ചുകൊണ്ടിരുന്നു. ഇത് വലിയൊരു ഗൂഢാലോചനയുടെ ഭാഗമായുള്ള മിസ്ഇന്‍ഫോര്‍മേഷന്‍ കാംപെയിന്‍ ആയിരുന്നു. രണ്ടു സിഖ് ഗാര്‍ഡുകളുടെ വെടിയേറ്റ് ഇന്ദിരാഗാന്ധി മരിച്ചുവീണപ്പോള്‍ കെ.ജി.ബി. പ്രചരിപ്പിച്ച തിയറിക്ക് സ്ഥിരീകരണം ലഭിച്ചതു പോലെയായി. കെ.ജി.ബി. ഒരു വെടിയ്ക്ക് രണ്ടുപക്ഷി എന്ന തത്വം നടപ്പാക്കി. അവരുടെ അട്ടിമറി ശ്രമം പരാജയപ്പെടുത്തിയ ഇന്ദിരയെ ഇല്ലാതാക്കി. രണ്ടാമത് ഇന്ദിരാവധത്തിന്റെ ഉത്തരവാദിത്തം സിഖുകാരുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെട്ടു.
ചുരുക്കത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെയും പല രാഷ്ട്രീയ നേതാക്കളുടേയും നിഗൂഢ മരണങ്ങളിലും ഇന്ദിരാവധത്തിലുമെല്ലാം വലിയ ഗൂഢാലോചനയാണ് നടന്നിട്ടുള്ളത്. കെ.ജി.ബിയുടെ പങ്ക് ഏറെക്കുറെ വ്യക്തമാണെങ്കിലും ആധികാരികമായി ഇവയെക്കുറിച്ചുള്ള അന്വേഷണത്തിലൂടെ മാത്രമെ അവ സ്ഥിരീകരിക്കാനാകൂ.
Reference
1.Uri Brezmeroze, see Facebook. Nation with Namo; Also see Interview with Edward Griffin, “The four stage of ideololgical Subversion (1984) Youtube, Nicholas Marshall.
2.Christopher Andrew and Vasili Mitrokhin, The Mitrokhin Archive II: The KGB and the world.
3.S.G. Expose 3 “Sonia’s KGB Connection; Rajive Gandhi Received funds from USSR: Report by Jyothi Malhotra, Time of India 27-6-1992. See: tumblr, https://www.tumblr.com.
4.Yevegenia Albats, The state within state: The K.G.B. and its Hand on Russia; Past, Present and Future.