ഭാരതത്തെ വെട്ടിമുറിച്ച് അനേകം സ്വതന്ത്രരാജ്യങ്ങളും സാമന്തരാജ്യങ്ങളും പടുത്തുയര്‍ത്താനുള്ള പരിശ്രമങ്ങള്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ ആരംഭിച്ചതാണ്. കേരളത്തെയും കാശ്മീരിനെയും ഭാരതത്തില്‍ നിന്നു വേര്‍പെടുത്തി സ്വതന്ത്രമാക്കണമെന്ന ആവശ്യം രാജ്യതലസ്ഥാനത്തെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ മുദ്രാവാക്യമായി മുഴങ്ങിക്കേട്ടതാണ്. അടുത്ത കാലത്തായി, കേരളത്തെ സ്വതന്ത്ര രാജ്യമായും സ്വയംഭരണ പ്രദേശമായും അവതരിപ്പിച്ചുകൊണ്ടുള്ള നടപടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തന്നെ നേതൃത്വം നല്‍കുകയാണ്. തൊഴില്‍ വകുപ്പ് സെക്രട്ടറിയായിരുന്ന ഡോ. കെ.വാസുകിയെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ച് സംസ്ഥാന പൊതുഭരണ വകുപ്പ് പൊളിറ്റിക്കല്‍ വിഭാഗം പുറത്തിറക്കിയ ഉത്തരവ് ഇതിന്റെ ഒടുവിലത്തെ ദൃഷ്ടാന്തം മാത്രമാണ്.
കേരളത്തിന്റെ സ്വത്വം ഭാരതത്തിന്റെ പൊതു സാംസ്‌കാരിക സ്വത്വത്തില്‍ നിന്നു ഭിന്നമാണെന്നു പ്രചരിപ്പിക്കാനും സ്വയംഭരണാധികാരമുള്ള ഒരു രാജ്യമെന്ന മട്ടില്‍ ഇവിടെ ഭരണനിര്‍വ്വഹണം നടത്താനും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തുടര്‍ച്ചയായി ശ്രമിക്കുകയാണ്. വിശിഷ്ട സേവനങ്ങള്‍ക്ക് രാജ്യം നല്‍കുന്ന പത്മ പുരസ്‌കാര മാതൃകയില്‍ നേരത്തെ സംസ്ഥാന മന്ത്രിസഭ കേരള ജ്യോതി, കേരള പ്രഭ, കേരളശ്രീ എന്നിങ്ങനെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. പാര്‍ലമെന്റ് പാസാക്കിയ പൗരത്വ നിയമഭേദഗതി കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി തന്നെ പലതവണ പരസ്യമായി പ്രസ്താവിക്കുകയുണ്ടായി. പൗരത്വ വിഷയവും വിദേശകാര്യവുമൊന്നും സംസ്ഥാന വിഷയങ്ങളല്ല. അവയൊക്കെ കേന്ദ്ര സര്‍ക്കാരിന്റെ മാത്രം അധികാരപരിധിയില്‍ വരുന്ന കാര്യങ്ങളാണ്. വിദേശരാജ്യവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ കേന്ദ്രപട്ടികയില്‍ പത്താം ഇനമായി വിശദീകരിച്ചിട്ടുണ്ട്. ഈ ചട്ടങ്ങളെല്ലാം കേരള സര്‍ക്കാര്‍ തുടര്‍ച്ചയായി ലംഘിക്കുകയാണ്. യുഎഇ കോണ്‍സുലേറ്റുമായുള്ള സംസ്ഥാന സര്‍ക്കാരിന്റെ ബന്ധങ്ങള്‍ നേരത്തെ തന്നെ ചര്‍ച്ചാവിഷയമായതാണ്. യുഎഇ റെഡ് ക്രസന്റ് സൊസൈറ്റിയില്‍ നിന്ന് വീടു നിര്‍മാണത്തിന് പണം എത്തിച്ചതും നോമ്പിന് സക്കാത്ത് നല്‍കിയതും ഖുറാന്‍ എത്തിച്ചതുമൊക്കെ രാഷ്ട്രീയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് നടന്ന വിദേശകാര്യ ചട്ട ലംഘനവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അടുത്തിടെ കുവൈത്തില്‍ തീപിടിത്തമുണ്ടായപ്പോള്‍ സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് യാത്രാനുമതി ലഭിക്കുന്നതിന് മുന്‍പ് തന്നെ യാത്ര പുറപ്പെട്ട് വിവാദം സൃഷ്ടിച്ചു. ഇപ്പോള്‍ വിദേശകാര്യ സെക്രട്ടറിയെ നിയമിക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കേന്ദ്ര വിദേശകാര്യ വകുപ്പ് തന്നെ ശക്തമായി രംഗത്തുവന്നത് വിഷയത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു.
കേരളത്തെ ഒരു സ്വതന്ത്ര രാജ്യമാക്കാനും വിദേശ ശക്തികളുടെ സാമന്തരാജ്യമാക്കാനുമൊക്കെ ആസൂത്രിതമായ പദ്ധതികള്‍ അനേകകാലമായി അണിയറയിലുണ്ട്. അതിനുവേണ്ടി ആഗോള ഇസ്ലാമിക ശക്തികളുടെയും വൈദേശിക വിധ്വംസക ശക്തികളുടെയും പിണിയാളുകളായി പ്രവര്‍ത്തിക്കുന്ന വ്യക്തികളും സംഘടനകളും കേരളത്തിലുണ്ട്. ഭാരതത്തില്‍ മാപ്പിളസ്ഥാന്‍ രൂപീകരിക്കാനുള്ള ആഹ്വാനങ്ങള്‍ പുതിയതല്ല. കേരളത്തെ ഒരു മുസ്ലിം രാജ്യമാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് മുന്‍ മുഖ്യമന്ത്രിയായ വി.എസ്. അച്യുതാനന്ദന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ അഭിപ്രായപ്പെട്ടിരുന്നു. കേരളത്തെ വിഭജിക്കണമെന്നും മലബാര്‍ സംസ്ഥാനം രൂപീകരിക്കണമെന്നും അടുത്തിടെ സമസ്തയുടെ ഒരു മുന്‍നിര നേതാവ് പ്രസംഗിച്ചിരുന്നു. രാഷ്ട്രവിഭജനത്തെ തുടര്‍ന്ന് സ്വതന്ത്രഭാരതത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ നിന്ന് എന്നന്നേക്കുമായി നാമാവശേഷമാക്കപ്പെട്ട മുസ്ലിം ലീഗ് പിന്നീട് അതേപേരില്‍ പുനര്‍ജനിച്ചപ്പോള്‍ അവര്‍ക്ക് വേരുറപ്പിക്കാനായതും നിയമനിര്‍മാണ സഭയില്‍ ഇരിപ്പിടം ലഭിച്ചതുമെല്ലാം കേരളത്തിലാണ്. മലപ്പുറം ജില്ല രൂപീകരിക്കണമെന്ന അവരുടെ മതശാഠ്യത്തിനു മുന്നില്‍ മാര്‍ക്‌സിസ്റ്റുപാര്‍ട്ടി മുട്ടുമടക്കുകയായിരുന്നു. 1921 ലെ മാപ്പിള കലാപം കര്‍ഷക സമരമാണെന്നും വാരിയംകുന്നന്‍ സ്ഥാപിച്ച ‘അല്‍ ദൗള’ എന്ന രാജ്യം മതരാജ്യമായിരുന്നില്ലെന്നും അതിന്റെ പേര് മലയാളനാട് എന്നായിരുന്നെന്നുമൊക്കെ മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്മാര്‍ ഇപ്പോഴും ദുര്‍വ്യാഖ്യാനങ്ങള്‍ ചമയ്ക്കുന്നു. ഭീകരസംഘടനയായ ഹമാസിനോട് ഐക്യപ്പെടാന്‍ പോലും കേരളത്തിലെ ഭരണപ്രതിപക്ഷക്കാര്‍ക്ക് പ്രയാസമില്ല. ഇക്കഴിഞ്ഞ കാര്‍ഗില്‍ വിജയ ദിനത്തില്‍ രാജ്യം യുദ്ധവീരന്മാരായ സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതില്‍ മുഴുകിയപ്പോള്‍ കേരളത്തിലെ ബാങ്ക് ജീവനക്കാരുടെ ഒരു യൂണിയന്‍ മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ അനുസ്മരിക്കാന്‍ രംഗത്ത് വരികയായിരുന്നു. സനാതനധര്‍മ്മാചാര്യന്മാരും, ഇതിഹാസഗ്രന്ഥങ്ങളുമൊക്കെ കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ നിരന്തരം അവഹേളിക്കപ്പെടുകയാണ്. കേരളത്തെ പ്രത്യേക രാജ്യമാക്കണമെന്ന ആവശ്യത്തിന് അംഗീകാരം നല്‍കുന്ന തരത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെയും സമീപനം. കഴിഞ്ഞ വര്‍ഷം ദക്ഷിണ ഭാരതത്തെ വിഭജിക്കുകയെന്ന മുദ്രാവാക്യവുമായി വിദേശ ഫണ്ട് സ്വീകരിച്ചുകൊണ്ട് കൊച്ചിയില്‍ സംഘടിപ്പിച്ച ‘കട്ടിങ് സൗത്ത്’ എന്ന മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്തത് കേരളത്തിന്റെ മുഖ്യമന്ത്രി തന്നെയാണ്.
രാഷ്ട്രത്തിനുള്ളില്‍ രാഷ്ട്രങ്ങള്‍ സൃഷ്ടിച്ചെടുക്കുകയെന്നത് വിഭജനരാഷ്ട്രീയത്തിന്റെ കുടിലമായ പ്രയോഗപദ്ധതിയാണ്. ഭാരതത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും അതിലംഘിക്കാനുള്ള ഗൂഢശ്രമങ്ങളെ കേരളം കരുതിയിരിക്കണം. ‘കേരളമില്ലാത്ത ഭാരതം അപൂര്‍ണ്ണവും ഭാരതമില്ലാത്ത കേരളം അപകടകരവുമാണ്’ എന്ന സ്വര്‍ഗീയ പി. പരമേശ്വര്‍ജിയുടെ മുന്നറിയിപ്പ് എക്കാലവും പ്രസക്തമാണ്. കേരളത്തെ സാംസ്‌കാരികമായും ഭൂമിശാസ്ത്രപരമായും ഭരണപരമായും ഭാരതത്തില്‍ നിന്ന് വേര്‍പെടുത്താനുള്ള നീക്കങ്ങളെ നാം ഒറ്റക്കെട്ടായി എതിര്‍ത്തു തോല്‍പ്പിക്കേണ്ടതുണ്ട്. ആര്‍ഷകേരളത്തെ ആര്‍ഷഭാരതത്തില്‍ നിന്ന് അന്യവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. രാമകഥ രചിച്ച് ഭാഷാനവീകരണം സാധ്യമാക്കിയ തുഞ്ചത്തെഴുത്തച്ഛനാണ് മലയാള ഭാഷയുടെ പിതാവായി അറിയപ്പെടുന്നത്. ഭദ്രകാളിയെ ഭാരതമാതാവിനോട് സമഭാവം ചെയ്ത കേരളത്തിന്റെ മഹാകവി പി.കുഞ്ഞിരാമന്‍ നായര്‍ പറഞ്ഞതുപോലെ കാറ്റിലും നഭസ്സിലും അര്‍ണ്ണവപ്പരപ്പിലുമെല്ലാം ഭാരതദേവീസ്‌തോത്രം മാറ്റൊലികൊണ്ടീടട്ടെ.