നദീപ്രവാഹങ്ങളുടെയും ശുദ്ധജലസമൃദ്ധിയുടെയും പേരില്‍ അഭിമാനിച്ചിരുന്ന കേരളം ഇന്ന് മാലിന്യക്കിണറായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുകയാണ്. പുണ്യവാഹിനികളായിരുന്ന നമ്മുടെ നദികളെല്ലാം മാലിന്യവാഹിനികളായി മാറിക്കഴിഞ്ഞിരിക്കുന്നു. തിരുവനന്തപുരം തമ്പാനൂരിലെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനിറങ്ങിയ കരാര്‍ തൊഴിലാളി ജോയിയുടെ മരണം കേരളത്തിന്റെ പരാജയപ്പെട്ട മാലിന്യനിര്‍മ്മാര്‍ജ്ജ പ്രവര്‍ത്തനങ്ങളുടെ ദുരന്തചിത്രമാണ് വരച്ചുകാട്ടുന്നത്.
38,863 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണം മാത്രമുള്ള കേരളം 44 പ്രധാന നദികളും അമ്പതിനായിരത്തില്‍പ്പരം കുളങ്ങളും വിസ്തൃതമായ കായലുകളും 589.5 കിലോമീറ്റര്‍ നീളമുള്ള സമുദ്രതീരവും ഉള്‍ക്കൊള്ളുന്ന സംസ്ഥാനമാണ്. എന്നാല്‍ നമ്മുടെ ജലപ്രവാഹങ്ങളെല്ലാം മാലിന്യക്കൂമ്പാരങ്ങള്‍ തള്ളിയൊഴുക്കാനുള്ള ഓടകളായി മാറ്റപ്പെട്ടിരിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ദേശീയ ഹരിത ട്രൈബ്യൂണലില്‍ നല്‍കിയ പുതിയ റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 2023ലെ കണക്ക് പ്രകാരം കേരളത്തില്‍ ഏറ്റവുമധികം മലിനീകരണം നേരിടുന്നത് കോഴിക്കോട്ടെ കല്ലായിപ്പുഴയാണ്. 2022ല്‍ മലിനീകരണം രൂക്ഷമായിരുന്ന തിരുവനന്തപുരത്തെ കരമനയാര്‍ തൊട്ടുപിന്നിലുണ്ട്. സംസ്ഥാനത്തെ 44 നദികളില്‍ അഞ്ച് നദികളില്‍ മാത്രമാണ് മാലിന്യം കുറവുള്ളതെന്നാണ് മൂന്ന് വര്‍ഷം മുന്‍പു കേന്ദ്ര ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ(സിഡബ്ല്യുആര്‍ഡിഎം) റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാവുന്നത്. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ മലിനീകരണമുള്ള നദി തിരുവനന്തപുരത്തെ കരമനയാറാണ്. തലസ്ഥാന നഗരത്തിലെ ഓടകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ മിക്കവയും നദികളിലേക്കാണ് തുറന്നുവിടുന്നത്. കടകളിലും വീടുകളിലും നിന്നുള്ള കക്കൂസ് മാലിന്യമടക്കം നദികളില്‍ കലരുന്നുണ്ടെന്നതും സ്ഥിരീകരിക്കപ്പെട്ട കാര്യമാണ്. തലസ്ഥാനത്ത് നഗരഭാഗത്ത് നിന്നാണ് ഏറ്റവും കൂടുതല്‍ മാലിന്യം കരമനയാറ്റിലേക്കെത്തുന്നത്.
ആമയിഴഞ്ചാന്‍ തോട് ഒഴുകുന്ന റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള ഭാഗത്താണ് ഏറ്റവും കൂടുതല്‍ മാലിന്യം അടിഞ്ഞുകൂടിയത് എന്ന് വാദിച്ചുകൊണ്ട് സംഭവിച്ച ദുരന്തത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കൈകഴുകാനാണ് നഗരസഭാ ഭരണകൂടവും സംസ്ഥാന സര്‍ക്കാരും ശ്രമിക്കുന്നത്. എന്നാല്‍, ജലസേചനവകുപ്പിന്റെ കീഴില്‍ വരുന്ന, പന്ത്രണ്ട് കിലോമീറ്റര്‍ നീളമുള്ള ആമയിഴഞ്ചാന്‍ തോടിന്റെ 117 മീറ്റര്‍ മാത്രമാണ് റെയില്‍വെയുടെ പരിധിയില്‍ വരുന്നതെന്നതാണ് യാഥാര്‍ത്ഥ്യം. അതിലൂടെ റെയില്‍വേ മാലിന്യം മാത്രമല്ല ഒഴുകുന്നതെന്നും ഇക്കൂട്ടര്‍ക്കറിയാത്തതല്ല. റെയില്‍വേയെ പഴിചാരി മാലിന്യസംസ്‌കരണ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതില്‍ നഗരസഭയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ അനാസ്ഥ മറച്ചുവെക്കാനുള്ള പാഴ്‌വേലയാണ് അവര്‍ നടത്തുന്നത്. തിരുവനന്തപുരം നഗരത്തിലെ മാലിന്യനീക്കത്തിന് അനുവദിച്ച തുകയില്‍ നിന്ന് വളരെ ചെറിയ ശതമാനം മാത്രമാണ് ഇതുവരെ ചെലവഴിച്ചിട്ടുള്ളതെന്ന് വകുപ്പ് മന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2015 ല്‍ ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി 700 ടണ്‍ മാലിന്യമാണ് തിരുവനന്തപുരത്തെ റെയില്‍വെ ടണലില്‍ നിന്ന് മാത്രം നീക്കിയത്. എന്നാല്‍, ഈ ദൗത്യം തുടര്‍ന്നുകൊണ്ടുപോകുന്നതില്‍ ബന്ധപ്പെട്ട ഭരണകര്‍ത്താക്കള്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചപ്പോള്‍ ആഴ്ചകള്‍ക്ക് ശേഷമാണ് തീ പൂര്‍ണമായും അണയ്ക്കാന്‍ കഴിഞ്ഞത്. കേരളത്തില്‍ പ്രതിദിനം 11,449 ടണ്‍ ഖരമാലിന്യം പുറന്തള്ളപ്പെടുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ സംസ്ഥാനത്തെ 941 പഞ്ചായത്തുകളില്‍ കേവലം എട്ടെണ്ണം മാത്രമാണ് മാലിന്യനിര്‍മ്മാര്‍ജനത്തില്‍ പൂര്‍ണ്ണമായ കാര്യക്ഷമത കൈവരിച്ചിട്ടുള്ളത്.
പദ്ധതി ആസൂത്രണത്തിലെ പാളിച്ചകളും അവ സമയബന്ധിതമായി നടപ്പിലാക്കുന്നതിലെ കെടുകാര്യസ്ഥതയുമാണ് ഇന്ന് കേരളം നേരിടുന്ന ഗുരുതരമായ പല പ്രതിസന്ധികളുടെയും മൂലകാരണം. മാത്രമല്ല, ഏതാണ്ടെല്ലാസര്‍ക്കാര്‍പദ്ധതികളിലും അഴിമതിയുടെ കറപുരളുകയാണ്. നേരത്തെ ഇടതു സര്‍ക്കാര്‍ സോണ്ട ഇന്‍ഫോടെക് കമ്പനിയുമായി ചേര്‍ന്നു നടത്തിയ അഴിമതിയാണ് ബ്രഹ്മപുരത്ത് തീയായി പടര്‍ന്നത്. പ്രളയഫണ്ടും വിവിധ പദ്ധതി വിനിയോഗത്തിനായി ലഭിക്കുന്ന കേന്ദ്ര ഫണ്ടുകളും കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഗുരുതരമായ വീഴ്ചകളാണ് വരുത്തിയത്. ഇപ്പോള്‍ കൊച്ചി കുടിവെള്ള പദ്ധതിയുടെ പേരില്‍ ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കില്‍നിന്ന് 2500 കോടിയിലേറെ രൂപ കടമെടുക്കാനുള്ള ഇടതുമുന്നണി സര്‍ക്കാരിന്റെ തീരുമാനം പോലും അഴിമതിക്ക് വഴിയൊരുക്കുന്നതാണ്. സര്‍ക്കാരിന്റെ മാലിന്യ സംസ്‌കരണ പദ്ധതികളെല്ലാം അഴിമതിക്കൂമ്പാരങ്ങള്‍ അവശേഷിപ്പിച്ചതിന്റെ പരിണതഫലമാണ് കേരളം നേരിടുന്ന രൂക്ഷമായ മാലിന്യപ്രശ്‌നങ്ങള്‍.
‘ഹരിതകേരളം’, ‘മാലിന്യവിമുക്ത കേരളം’ തുടങ്ങിയ ദൗത്യപദ്ധതികള്‍ കേവലം പ്രചാരണമുദ്രാവാക്യങ്ങള്‍ മാത്രമാക്കി ചുരുക്കിയ സംസ്ഥാന സര്‍ക്കാര്‍ മാലിന്യസംസ്‌കരണത്തെ ഇനിയെങ്കിലും ഗൗരവത്തോടെ പരിഗണിക്കേണ്ടിയിരിക്കുന്നു.’കേരളം നമ്പര്‍ വണ്‍’എന്ന് നിരന്തരം അഭിമാനം കൊള്ളുമ്പോഴും കേന്ദ്രസര്‍ക്കാരിന്റെ വാര്‍ഷിക ശുചിത്വ സര്‍വ്വെയില്‍ രാജ്യത്തെ ശുചിത്വ നഗരങ്ങളുടെ പട്ടികയില്‍ ആദ്യ നൂറില്‍പ്പോലും കേരളത്തിലെ ഒരു നഗരവും ഇടം നേടിയിട്ടില്ല എന്നത് ആത്മപരിശോധനയ്ക്ക് വിധേയമാക്കേണ്ട വിഷയമാണ്. കൂടാതെ മഴക്കാല പൂര്‍വ ശുചീകരണം വ്യാപകമായി നടപ്പില്‍വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കേണ്ടതുണ്ട്. നദികളും തണ്ണീര്‍ത്തടങ്ങളും മാത്രമല്ല ഇന്ന് ഭൂഗര്‍ഭത്തില്‍ വരെ മാലിന്യം വഹിക്കുന്ന നാടായി കേരളം മാറിക്കഴിഞ്ഞിരിക്കുന്നു. അതിന്റെ തിക്തഫലമെന്നോണം ജലജന്യരോഗങ്ങളും പകര്‍ച്ചവ്യാധികളും പടര്‍ന്നുപിടിക്കുകയും കേരളമൊന്നാകെ പനിക്കിടക്കയിലാവുകയും ചെയ്യുകയാണ്.
വിളപ്പില്‍ശാലയും ബ്രഹ്മപുരവും ഞെളിയന്‍പറമ്പുമെല്ലാം മാലിന്യക്കയമാകുന്ന കേരളത്തിന്റെ ദുരന്തചിത്രമാണ് വെളിവാക്കുന്നത്. പമ്പയും ഭാരതപ്പുഴയും ഉള്‍പ്പെടെയുള്ള നമ്മുടെ അമൃതവാഹിനികള്‍ പോലും മലിനവാഹിനികളാകുകയും കേരളം ഒരു മാലിന്യക്കിണറായി മാറ്റപ്പെടുകയും ചെയ്യുമ്പോള്‍ ജലദുരന്തങ്ങളും ജലജന്യരോഗങ്ങളും മലയാളികളെ ഏറെക്കാലം ശ്വാസം മുട്ടിക്കുക തന്നെ ചെയ്യും. ആമയിഴഞ്ചാന്‍ തോട്ടിലെ ജീവബലിയില്‍ നിന്നു കേരളം പഠിക്കേണ്ട പരിസ്ഥിതിപാഠം വളരെ വലുതാണെന്നു സാരം.