സമാജത്തിന്റെ ഉത്ക്കര്‍ഷത്തിനും ശാന്തിപൂര്‍ണ്ണമായ സഹവര്‍ത്തിത്വത്തിനും വൈഭവത്തിനും ജനത അവരുടെ ജീവിതത്തില്‍ ചില മൂല്യങ്ങള്‍ അനുഷ്ഠിക്കേണ്ടതുണ്ട്. തലമുറകളിലേക്ക് അവ പകര്‍ന്നു നല്‍കുകയും വേണം. അവയില്‍ പ്രധാനപ്പെട്ടതാണ് ഗുരുഭക്തി, ഈശ്വരഭക്തി, പുത്രവാത്സല്യം, സഹോദരസ്‌നേഹം, പത്‌നീധര്‍മ്മം, ദീനാനുകമ്പ തുടങ്ങിയവ. രാമായണ പഠനവും പാരായണവും മനുഷ്യ മനസ്സുകളെ ഈ മ്യൂല്യങ്ങളെ പകര്‍ന്നുകൊണ്ട് പ്രകാശപൂര്‍ണ്ണമാക്കുകയാണ്.
അദ്ധ്യാത്മരാമായണം ആറ് കാണ്ഡങ്ങളായി പകുത്തിരിക്കുന്നു. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്‌കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം എന്നിവയാണ് അവ. സുന്ദരകാണ്ഡം ഒഴികെ മറ്റെല്ലാ കാണ്ഡങ്ങളുടെയും ഉള്ളടക്കത്തിലെ വിഷയം പേരുകളില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്.
സുന്ദരകാണ്ഡം എന്ന പേരിന്റെ ഉത്പത്തിയെക്കുറിച്ച് വിവിധ അഭിപ്രായങ്ങള്‍ നിലവിലുണ്ട്. ഹനുമാനെക്കുറിച്ചുള്ള മിക്ക പരാമര്‍ശങ്ങളും സുന്ദരകാണ്ഡത്തിലാണ് വരുന്നത്. സമുദ്രലംഘനം, മാര്‍ഗ്ഗവിഘ്‌നം, ലങ്കാലക്ഷ്മീമോക്ഷം, സീതാസന്ദര്‍ശനം, ഹനുമല്‍ സീതാസംവാദം, ലങ്കാമര്‍ദ്ദനം, ഹനുമാന്റെ പ്രത്യാഗമനം, ഹനുമാന്‍ ശ്രീരാമസന്നിധിയില്‍, സീതാവൃത്താന്ത നിവേദനം എന്നിവയാണ് സുന്ദരകാണ്ഡത്തിലെ പ്രമേയങ്ങള്‍.
രാമായണം ആത്മസാക്ഷാത്ക്കാരത്തിലേക്കുള്ള നിത്യശാന്തിയുടെ വാതായനങ്ങള്‍ തുറന്നിടുക മാത്രമല്ല, മനുഷ്യരാശിയെ സദ്ചിന്തകളിലേക്കും സദ്പ്രവൃത്തികളിലേക്കും നയിക്കുകയും ചെയ്യുന്നു. ഓരോ കാണ്ഡങ്ങളും ജീവിതഗന്ധികളായ സാരോപദേശങ്ങളാല്‍ സമ്പുഷ്ടമാണ്.
ബാലകാണ്ഡം
‘ദുര്‍ല്ലഭം മദ്ദര്‍ശനം മോക്ഷത്തിനായിട്ടുള്ളോ –
ന്നില്ലല്ലോ പിന്നെയൊരു ജന്മസംസാരദുഃഖം.
എന്നുടെ രൂപമിദം നിത്യവും ധ്യാനിച്ചുകൊള്‍-
കെന്നാല്‍ വന്നീടും മോക്ഷ,മില്ല സംശയമേതും.’
ബാലകാണ്ഡത്തില്‍, ധ്യാനത്തിന്റെ പ്രാധാന്യം സൂചിപ്പിച്ചുകൊണ്ട് ഭഗവാന്‍ പറയുകയാണ്, സംശയിക്കേണ്ട എന്റെ കഥ പഠിക്കുകയോ പാരായണം ചെയ്യുകയോ കേള്‍ക്കുകയോ ചെയ്യുകയാണെങ്കില്‍, ജന്മസംസാരദുഃഖം, ഐഹികജീവിത ദുഃഖം എന്നിവ തരണം ചെയ്യാനുള്ള ശാന്തമായ, ശക്തമായ മനസ്സ് ലഭിക്കും.
അയോദ്ധ്യാകാണ്ഡം
ലക്ഷ്മണോപദേശം വരുന്നത് അയോദ്ധ്യാകാണ്ഡത്തിലാണ്. പിതാവിനോടുള്ള ക്രോധത്താല്‍ ജ്വലിച്ചുനില്‍ക്കുന്ന അനുജനെ സമാശ്വസിപ്പിക്കാന്‍ രാമന്‍ ശ്രമിക്കുകയാണ്.
‘വഹ്നിസന്തപ്തലോഹസ്ഥാംബുബിന്ദുനാം
സന്നിഭം മര്‍ത്ത്യജന്മം ക്ഷണഭംഗുരം
ചക്ഷുഃശ്രവണഗളസ്ഥമാം ദര്‍ദുരം
ഭക്ഷണത്തിനപേക്ഷിക്കുന്നതുപോലെ
കാലാഹിനാ പരിഗ്രസ്തമാം ലോകവു-
മാലോല ചേതസാ ഭോഗങ്ങള്‍ തേടുന്നു.’
ചുട്ടുപഴുത്തലോഹത്തില്‍ വീണ ജലകണം പോലെ, പെട്ടെന്നു നശിക്കുന്നതാണ്, ക്ഷണഭംഗുരമാണ് മനുഷ്യജന്മം. പാമ്പിന്റെ വായില്‍ പെട്ടിരിക്കുന്ന തവള ആഹാരത്തിനാഗ്രഹിക്കുന്നതുപോലെ കാലമാകുന്ന സര്‍പ്പം വിഴുങ്ങിക്കൊണ്ടിരിക്കുന്ന ജീവികള്‍ ഒടുങ്ങാത്ത ആഗ്രഹത്തോടെ ലൗകിക സുഖാനുഭൂതികള്‍ക്കു പിന്നാലെ ഓടുന്നു. ഐഹികജീവിതനിരാസത്തെ പ്രോത്സാഹിപ്പിക്കുകയല്ല. മറിച്ച് ഭോഗങ്ങള്‍ തേടിയുള്ള മനുഷ്യമനസ്സിനെ ബോധിപ്പിക്കുകയാണ്. അരുത്, ക്ഷണപ്രഭാചഞ്ചലമാണ് ഭോഗങ്ങള്‍. അതിനപ്പുറത്ത് ശാശ്വതമായ മറ്റൊന്നുണ്ട്. അതാണ് ശാന്തിയെ പ്രദാനം ചെയ്യുന്നത്.
ആരണ്യകാണ്ഡം
രാമന്‍, രാവണന്റെ സഹോദരിയായ ശൂര്‍പ്പണഖയെ കാണുന്നതും പരിചയപ്പെടുന്നതും ആരണ്യകാണ്ഡത്തിലാണ്. രാമന്‍ സ്വയം പരിചയപ്പെടുത്തിക്കൊണ്ടു പറയുന്നു.
‘സുന്ദരീ! കേട്ടുകൊള്‍ക ഞാനയോദ്ധ്യാധിപതി-
നന്ദനന്‍ ദാശരഥി രാമനെന്നല്ലോ നാമം.
എന്നുടെ ഭാര്യയിവള്‍ ജനകാത്മജാ സീത
ധന്യേ! മല്‍ഭ്രാതാവായ ലക്ഷ്മണനിവനെടോ.
എന്നാലെന്തൊരു കാര്യം നിനക്കു മനോഹരേ!
നിന്നുടെ മനോഗതം ചൊല്ലുക മടിയാതെ.’
അല്ലയോ സുന്ദരീ, ഞാന്‍ അയോദ്ധ്യയിലെ രാജാവായ ദശരഥന്റെ മകനാണ്. പേര് രാമന്‍. ഇത് എന്റെ ഭാര്യ സീത. ജനകമഹാരാജാവിന്റെ മകളാണ്. ഇവന്‍, എന്റെ സഹോദരനായ ലക്ഷ്മണനാണ്. എന്നില്‍ നിന്നും എന്തെങ്കിലും സഹായം ആവശ്യമുണ്ടോ? മടികൂടാതെ പറയണം.
വനവാസക്കാലത്ത്, നിസ്സഹായതയുടെ കാലത്ത്, തന്റെ മുന്‍പില്‍ നില്‍ക്കുന്ന വ്യക്തിക്ക് തന്നാലാവുംവിധം തണലാവാനുള്ള വിശാലതയാണ് ഈ വരികളില്‍ കാണുന്നത്. പിന്നീട് രാമലക്ഷ്മണന്മാരുമായി സംസാരിച്ച് കാമാതുരയായി മാറുന്ന ശൂര്‍പ്പണഖ ക്രോധത്താല്‍ ജ്വലിച്ചുകൊണ്ട് സീതയെ നേരിടാനൊരുങ്ങുമ്പോള്‍ ലക്ഷ്മണന്‍ പ്രതിരോധിക്കുന്നതു ലോകനീതി.
കിഷ്‌കിന്ധാകാണ്ഡം
കിഷ്‌കിന്ധാകാണ്ഡത്തില്‍ ഭഗവാന്‍ താരയോടു പറയുന്നു:
‘ധന്യേ! രഹസ്യമായുള്ളതു കേള്‍ക്ക നീ
യാതൊരളവു ദേഹേന്ദ്രിയാഹങ്കാര-
ഭേദഭാവേന സംബന്ധമുണ്ടായ്‌വരും
അത്രനാളേക്കുമാത്മാവിനു സംസാര-
മെത്തുമവിവേകകാരണാല്‍ നിര്‍ണ്ണയം.
ഭേദചിന്തകളുമായി എത്രകാലം ബന്ധമുണ്ടായിരിക്കുമോ അത്രയും കാലം സംസാരബന്ധമുണ്ടായിരിക്കും. എന്താണ് ഭേദചിന്ത? ഞാന്‍ ശരീരമാണ്, ഇന്ദ്രിയങ്ങളാണ്, എന്നില്‍നിന്നന്യമാണ് മറ്റെല്ലാം എന്ന ചിന്ത. ഭേദഭാവനയില്‍ സുഖദുഃഖ മോചനമുണ്ടാവില്ല എന്നര്‍ത്ഥം.
സുന്ദരകാണ്ഡം
സുന്ദരകാണ്ഡത്തില്‍ രാവണനോടായി ഹനുമാന്‍ പറയുകയാണ്.
‘മനസി കരുതുക ഭുവനഗതിയെ വഴിയേ ഭവാന്‍
മഗ്‌നനായീടൊലാ മോഹമഹാംബുധൗ
ത്യജമനസി ദശവദന! രാക്ഷസീം ബുദ്ധിയെ
ദൈവീംഗതിയെ സമാശ്രയിച്ചീടു നീ
അതു ജനനമരണഭയനാശിനീ നിര്‍ണ്ണയ-
മന്യയായുള്ളതു സംസാരകാരിണി.’
ഈ ലോകഗതിയെപ്പറ്റി ഭവാന്‍ വേണ്ടവിധം ആലോചിക്കുക. മോഹമാകുന്ന മഹാസമുദ്രത്തില്‍ അങ്ങ് മുങ്ങിപ്പോവരുത്. അല്ലയോ രാവണാ, നീ രാക്ഷസീയമായ ബുദ്ധി ഉപേക്ഷിക്കുക. ദൈവീകമായ മാര്‍ഗ്ഗം കൈക്കൊള്ളുക. അത് ജനനമരണഭയത്തെ നശിപ്പിക്കും. ഒപ്പം സംസാരദുഃഖത്തിനു കാരണമായ മായയെ അതിജീവിക്കാനുമാകും.
യുദ്ധകാണ്ഡം
യുദ്ധകാണ്ഡത്തില്‍ വിഭീഷണന്‍ ജ്യേഷ്ഠനായ രാവണനെ വണങ്ങിക്കൊണ്ട് പറയുകയാണ്.
‘ഇഷ്ടം പറയുന്ന ബന്ധുക്കളാരുമേ
കഷ്ടകാലത്തിങ്കലില്ലെന്നു നിര്‍ണ്ണയം.
തന്നുടെ ദുര്‍ന്നയംകൊണ്ടു വരുന്നതി-
നിന്നു നാമാളല്ല പോകെന്നു വേര്‍പെട്ടു
ചെന്നു സേവിക്കും പ്രബലനെ ബന്ധുക്ക-
ളന്നേരമോര്‍ത്താല്‍ ഫലമില്ല മന്നവ!’
അവരവരുടെ ദുഷ്പ്രവൃത്തികള്‍ നിമിത്തമുണ്ടാകുന്ന ദോഷങ്ങള്‍ക്ക് ഞങ്ങളാരും ഉത്തരവാദികളല്ല എന്നു പറഞ്ഞു വിട്ടുപോകുന്ന ബന്ധുക്കള്‍ മറ്റൊരു പ്രബലനെ ആശ്രയിക്കും. അപ്പോള്‍ അതേക്കുറിച്ചാലോചിച്ചിട്ട് ഫലമില്ല. സ്തുതിക്കുന്ന ബന്ധുക്കളാരും കഷ്ടകാലത്തില്‍ ഒപ്പമുണ്ടാവില്ല.
ഏതൊരു വ്യക്തിയും രാജ്യവും നേരിടേണ്ട സങ്കീര്‍ണതകളില്‍ കൂടിതന്നെയാണ് രാമനും അയോദ്ധ്യയും കടന്നുപോകുന്നത്. അതിന്റെ പര്യവസാനത്തില്‍ ഋഷി കുറിച്ചുവയ്ക്കുന്ന വരികള്‍ ആരുടെ മനസ്സിലും കുളിര്‍മ പകരും. കോരിച്ചൊരിയുന്ന മഴയുടെയും ശക്തമായ കാറ്റിന്റെയും അരികിലിരുന്നു മലയാളി പ്രത്യാശയോടെ അതിങ്ങനെ ചൊല്ലിക്കേള്‍ക്കും.
‘എല്ലാവനുമുണ്ടനുകമ്പ മാനസേ
നല്ലെതൊഴിഞ്ഞൊരു ചിന്തയില്ലാര്‍ക്കുമേ.
നോക്കുമാറില്ലാരുമേ പരദാരങ്ങ-
ളോര്‍ക്കയുമില്ല പരദ്രവ്യമാരുമേ.
ഇന്ദ്രിയനിഗ്രഹമെല്ലാമവനുമുണ്ടു
നിന്ദയുമില്ല പരസ്പരമാര്‍ക്കുമേ.
നന്ദനന്മാരെപ്പിതാവു രക്ഷിക്കുന്ന
വണ്ണം പ്രജകളെ രക്ഷിച്ചു രാഘവന്‍.’