പുലര്‍ച്ചെ നാലുമണിക്ക് അഞ്ചു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ അലാറം ഉണര്‍ന്ന് പതിവുപോലെ തലക്കിട്ട് തട്ടി വിളിച്ചതാണ്. സെക്കന്റുകളുടെ പിന്‍ബലത്തില്‍ ഉറക്കത്തിന്റെ പിടിയിലേക്ക് വീണ്ടും ഊര്‍ന്നിറങ്ങുമ്പോള്‍ പെട്ടെന്ന് ഒരു ഉള്‍വിളിയുടെ ഗര്‍ജനത്തില്‍ ഞെട്ടിയെണീറ്റ് തിരക്കിട്ട് ഓരോന്ന് ചെയ്തുതീര്‍ത്ത് പുറത്തിറങ്ങുമ്പോള്‍ പഞ്ചാബി ഒഴികെ എല്ലാവരും പോയി കഴിഞ്ഞിരുന്നു. ഫിനിഷിങ് പോയിന്റിലായിരുന്ന പഞ്ചാബി മയമൊട്ടുമില്ലാതെ എന്നെ ഒന്നു നോക്കി.
ദൈവമേ വണ്ടി പോയോ… എന്ന ആധിയോടെ ഫോണിലേക്ക് ഒന്നു നോക്കി.
ഹേയ് ഇല്ല…സെക്കന്റുകള്‍ ഇനിയും ബാക്കിയുണ്ട്. പല്ല് തേപ്പും കുളിയും ഒരു പേരിനു മാത്രമാണ് പലരുടെയും. ചിലര്‍ക്ക് അതുപോലുമില്ലെന്ന് സംശയമുണ്ട്. ഞാന്‍ ഒടുവിലായതുകൊണ്ടാണ് ഈ കുനിഷ്ട് ആക്ഷേപമെന്ന് നിങ്ങളില്‍ ചിലര്‍ക്കെങ്കിലും തോന്നാം. ആയിക്കോട്ടെ വിരോധല്ല്യ…
ടിക്ക്…. ടിക്ക്…, സ്റ്റീല്‍ സ്റ്റെയര്‍കെയ്സില്‍ പതിക്കുന്ന സേഫ്റ്റി ഷൂവിന്റെ ശബ്ദം ഹൃദയമിടിപ്പിന്റെ ശബ്ദത്തില്‍ ലയിച്ചു. ഈ ചടുലമായ ചവിട്ട് പക്ഷേ ഗോവണിക്ക് സഹിച്ചില്ല എന്ന് വ്യക്തം. ഒന്നുവഴുക്കി. കുടുംബത്തിന്റെ ഭാഗ്യം അനിഷ്ടമൊന്നും സംഭവിച്ചില്ല. പക്ഷെ പിന്നാലെയെത്തിയ പഞ്ചാബിയുടെ തിരുമുഖത്ത് ഒരു ആഹ്ലാദത്തിന്റെ തിരയിളക്കം സമ്മാനിക്കാന്‍ അത് സഹായിച്ചു.
ഇപ്പോള്‍ സമയം ഓക്കേ…, അഞ്ചു മണി കിറുകൃത്യം… അതെ പഠാണി അഞ്ചുമണിക്ക് തന്നെ മിനി ബസ്സുമായി വന്നു ഞങ്ങളെ എടുത്തു കൊണ്ടു പോകും. എന്നാല്‍ ഈയിടെയായി ചിലപ്പോള്‍ പഠാണിക്കൊരു ഭാവമാറ്റം കാണുന്നുണ്ട്. ഞങ്ങള്‍ പത്തിരുപതാളുകള്‍ ക്യാമ്പിനോട് ചേര്‍ന്നുള്ള റോഡരികിലെ അടഞ്ഞുകിടക്കുന്ന കടകളുടെ വരാന്തയില്‍ ഇരുന്നു. ചിലരെല്ലാം മൊബൈലില്‍ തോണ്ടി കൂട്ടുന്നുണ്ട്. മറ്റു ചിലര്‍ ഈ ബില്‍ഡിങ്ങിന്റെ ഒരറ്റത്ത് സ്ഥിതി ചെയ്യുന്ന പാകിസ്ഥാനി ടീം നടത്തുന്ന ഫ്യൂച്ചര്‍ റെസ്റ്റോറന്റില്‍ ചായകുടിച്ചും സൊറ പറഞ്ഞും ഇടയ്ക്ക് പഠാണിയെ ചീത്ത പറഞ്ഞുമിരുന്നു. ഞാനും വീണു കിട്ടിയ ഈ സമയം പാഴാക്കിയില്ല. റസ്റ്റോറന്റിലേക്ക് കാലുകള്‍ നീട്ടിച്ചവിട്ടി. ശൂന്യമായ വയറ്റില്‍ ഒരു കാലിച്ചായ ഉണ്ടാക്കിയ സ്വാധീനം ചെറുതല്ല. ഞങ്ങളിപ്പോള്‍ ഈ ഇരുത്തം തുടങ്ങിയിട്ട് ഏകദേശം ഇരുപത് മിനിറ്റ് പിന്നിട്ടിരിക്കുന്നു. നിങ്ങള്‍ ഇപ്പോള്‍ വിചാരിക്കുന്നുണ്ടാകും ഇതൊരു കുറഞ്ഞ സമയമല്ലേ എന്ന്. അത് നാട്ടില്‍. ഇവിടെ സമയത്തിനൊക്കെ ഡോളറിന്റെ വിലയാണ് കൂട്ടരേ. സൈറ്റുകളില്‍ പഞ്ചിംഗ് സിസ്റ്റമായതിനാല്‍ പാഴായിപ്പോകുന്ന ഈ സമയം ലാഭിക്കാമെന്ന് കരുതേണ്ട. അതാണ് ചിലരുടെ ചന്തി മൂലക്കുരുവിന്റെ അസുഖമുള്ളവരെ പോലെ നിലത്തുറയ്ക്കാത്തതിന്റെ കാരണം. അല്ലെങ്കിലും ഒരു പ്രവാസിയുടെ ഏറെയും നഷ്ടം ഒഴികിപ്പോകുന്ന ഈ കാത്തിരിപ്പ് സമയം തന്നെയല്ലേ.
പ്രകൃതി ഇപ്പോഴും കറുപ്പുടയാടയില്‍ തന്നെയാണെങ്കിലും കൂറ്റന്‍ ബള്‍ബുകളങ്ങനെ അനവധി തലയ്ക്കു മുകളില്‍ പ്രതാപത്തോടെ ജ്വലിച്ചു നില്‍ക്കുന്നതിനാല്‍ അന്തരീക്ഷം ഏതാണ്ട് പകല്‍ പോലെ തന്നെ. ഇത്രയും സമയം കിട്ടിയിരുന്നെങ്കില്‍ ഇങ്ങനെ ഉറക്കത്തില്‍ നിന്നും ചാടിപ്പിടിച്ച് എണീറ്റ് ചടപടാന്ന് പ്രാഥമിക കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടായിരുന്നില്ല. ബാത്റൂമില്‍ നിന്നും ഇറങ്ങാത്ത പഞ്ചാബിയെ വെറുതെ ചീത്ത വിളിച്ചു. ഇനി അവന്റെ മുഖമൊന്ന് തെളിഞ്ഞു കാണണമെങ്കില്‍ ആഴ്ചകളെടുക്കും.
അബുദാബി മുസഫയിലെ വളരെ പരിമിത സൗകര്യങ്ങളുള്ള ഈ ക്യാമ്പില്‍ മൂന്നാം നിലയില്‍ പതിനഞ്ചോളം റൂമുകളില്‍ ഞങ്ങളടക്കം വിവിധ കമ്പനികളുടെ ലേബര്‍മാര്‍ വസിക്കുന്നുണ്ട്. കുടിയിരിപ്പ് അവകാശിക്ക് പണ്ട് ഭൂജന്മി മൂന്നടിവഴി ഇഷ്ടമില്ലാതെ അളന്നു കൊടുത്ത് ഇരുസൈഡും മതിലുകള്‍ കെട്ടി അരിശം തീര്‍ത്തതുപോലെ റൂമുകളുടെ ഇടയിലൂടെയുള്ള ഈ കോറിഡോറിലൂടെ ശരിക്കും ഒന്ന് നെഞ്ചുവിരിച്ചു നടക്കാമെന്ന് ആരും ആഗ്രഹിക്കരുത്. പിന്നെ കള്ളില്‍ കുളിച്ച് കണ്‍ട്രോള്‍ നഷ്ടപ്പെട്ടു വരുന്നവര്‍ക്ക് ബാലന്‍സ് ചെയ്യാന്‍ ഈ കോറിഡോര്‍ ഉപകാരപ്രദമാണെന്ന് പറയാതെ വയ്യ! ഞാനിതൊക്കെ തുറന്നുപറയുമ്പോള്‍ നിങ്ങളുടെ മുഖത്ത് വിടരുന്ന ഭാവത്തിലെ പരിഹാസം ഞാന്‍ വായിക്കുന്നുണ്ട്. ഈ നൊമ്പരക്കാഴ്ചകള്‍ സഹിക്കാന്‍ പറ്റാത്തതു കൊണ്ടാണ് ഞങ്ങള്‍ പ്രവാസികളില്‍ ചിലര്‍ ഈ വക കാര്യങ്ങള്‍ നിങ്ങളോട് പറയാതെ നെഞ്ചിന്‍ക്കൂട്ടില്‍ ഒളിപ്പിച്ചുവെച്ച് വിശിഷ്ട കാരക്കയുടെ മാധുര്യം മാത്രം നിങ്ങളോട് പങ്കുവെക്കുന്നത്.
മൂന്നാംനിലയിലുള്ള ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും കൂടി മൂന്ന് കക്കൂസും മൂന്ന് കുളിമുറിയുമാണുള്ളത്. പിന്നെ രണ്ട് വാഷ്ബേസിനും. മറ്റു കമ്പനിക്കാരുടെ ടൈമിങ്ങില്‍ വ്യത്യാസമുള്ളതുകൊണ്ടാണ് കൂടുതല്‍ യുദ്ധങ്ങള്‍ ഒഴിവാക്കപ്പെടുന്നത്. എന്നിട്ടും കാര്യങ്ങള്‍ കൂട്ടിമുട്ടി കുഴപ്പമാകുകയാണ്. ചിലര്‍ ഉള്ളില്‍ കയറിപ്പറ്റിയാല്‍ സുഖവാസത്തിന് പോയ പോലെയാണ്. പിന്നെ പുറത്തേക്കില്ല. കക്കൂസില്‍ തന്നെ ചിലര്‍ കുളിയും നനയും നടത്തുന്നതിനാല്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണ്. എല്ലാവരും ഒരേ സമയത്തു പോകേണ്ടവരാണെന്ന വിചാരം എല്ലാവര്‍ക്കും വേണ്ടെ.
ബദാമും അണ്ടിപ്പരിപ്പും കയ്യില്‍ കരുതി കാര്യസാധ്യത്തിനിടയില്‍ നൊട്ടിനുണയുന്ന ചില കേമന്മാരുണ്ടെന്നു പറഞ്ഞാല്‍ നിങ്ങള്‍ മുഖം തിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. മാത്രമല്ല എന്റെ കയ്യില്‍ ഇതൊന്നും ഇല്ലാത്തതിന്റെ അസൂയയാണെന്ന് കൂടി നിങ്ങള്‍ പറഞ്ഞെന്നിരിക്കും. പറഞ്ഞോളൂ സാരമില്ല. എല്ലാം സഹിക്കേണ്ടുന്ന ഈ പ്രവാസിയുടെ ജീവിതം പിന്നെയും ബാക്കി…
കാത്തുനില്‍പ്പിന്റെ സമയം പിടഞ്ഞ് ചോര്‍ന്നുപോകുമ്പോള്‍ നമ്മള്‍ പിന്നെ നിലത്തുറയ്ക്കാത്ത കാലുകളുമായി വേറെ എന്തു ചെയ്യും. വാതിലില്‍ മുട്ടുകയും വായില്‍ തോന്നിയത് പറയുകയുമല്ലാതെ… സമയത്തെ പിടിച്ചുനിര്‍ത്താനുള്ള കണ്ടുപിടിത്തങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലല്ലോ. അങ്ങനെ വെപ്രാളപ്പെട്ട് കാര്യങ്ങള്‍ ഒരുവിധം ഒതുക്കി ഉണക്കാനിട്ട സ്ഥാനം തെറ്റി കിടക്കുന്ന ഡ്യൂട്ടി ഡ്രസ്സ് കണ്ടുപ്പിടിച്ച് എടുത്തിട്ട്, സേഫ്റ്റി ഷൂ കുത്തിക്കേറ്റി പിന്നെ തിരക്കിട്ട് കോണിപ്പടിയിലൂടെ ഒരു ഓട്ടമാണ്. ഇങ്ങനെയൊക്കെ പ്രഭാതങ്ങളോട് പട വെട്ടി, കഷ്ടത സഹിച്ചു താഴെ വന്നിട്ടാണിഷ്ടാ ചിലപ്പോഴുള്ള ഈ കാത്തിരിപ്പ്. ചില സന്ദര്‍ഭങ്ങളില്‍ സമയത്തിന് മുന്‍പേയെത്തി പഠാണിയുടെ ഹോണടി ഞങ്ങളില്‍ ഈര്‍ഷ്യയുണ്ടാക്കുമെങ്കിലും സമയത്തിന് മുമ്പ് വണ്ടിയെടുത്താല്‍ പണി കിട്ടും എന്ന് പഠാണിക്ക് നന്നായി അറിയാം എന്നതുകൊണ്ട് പുല്ലു വിലയെ ഞങ്ങള്‍ ലേബര്‍മാര്‍ ആ ഹോണടിക്ക് കൊടുക്കാറുള്ളു.
സെക്കന്റുകള്‍ കയ്യില്‍ പിടിച്ച് ഡ്യൂട്ടി ഡ്രസ്സ് തോളില്‍ അണിഞ്ഞ് സേഫ്റ്റി ഷൂ കക്ഷത്തില്‍ ഒതുക്കി ചിലരുടെ വണ്ടി പിടിക്കാനുള്ള ഏകാങ്ക ഓട്ടമത്സരം ആരിലും ചിരിയുടെ അമിട്ടുകള്‍ വിരിയിക്കുന്നതാണ്. നീളനെയുള്ള ഷോപ്പുകളുടെ വരാന്തയില്‍ താഴേക്ക് കാലുകളിട്ട് ഞങ്ങള്‍ അബുദാബിയിലെ അല്‍ ഖ്യൂറാമിലുള്ള വര്‍ക്ക് സൈറ്റിലേക്ക് കേവലം മുപ്പതു മിനിറ്റ് ദൈര്‍ഘ്യമുള്ള യാത്രയ്ക്കായി കുത്തിയിരിപ്പ് തുടര്‍ന്നു. ക്യാമ്പിന്റെ മുന്നില്‍ പാര്‍ക്കിംഗ് സൗകര്യമില്ലാത്തതിനാല്‍ വേറെ എവിടെയോ ആണ് വണ്ടി ഇടുന്നത്. പഠാണി ഇവിടെ നിന്ന് ടാക്സി വിളിച്ചു പോയി വേണം ബസ്സെടുക്കാന്‍. പഠാണി ചിലപ്പോള്‍ നടന്നുപോകുമെന്നും ടാക്സിക്കായി കമ്പനി കൊടുക്കുന്ന പൈസ പോക്കറ്റില്‍ നിക്ഷേപിക്കുമെന്നും ഈ സന്ദര്‍ഭങ്ങളിലാണ് നേരം വൈകുന്നതെന്നും ഞങ്ങള്‍ക്കിടയില്‍ ഒരു സംസാരം ശക്തി പ്രാപിച്ചുവരുന്നുണ്ട്. പക്ഷെ തെളിവുകളുടെ അഭാവം പഠാണിയെ സംരക്ഷിക്കുകയാണ്. ചിലരൊക്കെ വീണു കിട്ടിയ ഈ സന്ദര്‍ഭം ഉപയോഗിക്കാന്‍ തന്നെ തീരുമാനിച്ചുറച്ച മട്ടാണ്. നാട്ടില്‍ സുഖനിദ്ര കൊള്ളുന്ന പ്രിയരെ അനവസരത്തില്‍ വിളിച്ചുണര്‍ത്തി സംസാരിക്കുന്നുണ്ട്. ഒരു സുപ്രഭാതത്തെ എങ്ങനെ അസുഖകരമാക്കാം എന്നതിന്റെ ദൃഷ്ടാന്തങ്ങളായിരുന്നു ചിലരുടെ പൊട്ടിത്തെറിച്ചുള്ള സംസാര രീതി. തോണ്ടി കളിക്കാന്‍ പറ്റിയ ഫോണ്‍ അല്ല കയ്യിലുള്ളത് എന്നതുകൊണ്ടും പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല എന്നതിനാലും തമ്പാക്ക് സിഗരറ്റ് എന്നിവയുടെ മടുപ്പിക്കുന്ന ഗന്ധത്തില്‍ നാസാരന്ധ്രങ്ങള്‍ അസഹിഷ്ണുത പ്രകടിപ്പിച്ചതുകൊണ്ടും കൂടിയാണ് കുറച്ച് അകന്നിരിക്കാന്‍ നിര്‍ബന്ധിതനായത്. ഈ സമയമാണ് ഒരു ചികയലിന്റെ ശബ്ദം എന്റെ കാതുകളില്‍ കടിപിടി കൂടിയത്. പാണ്ടന്‍ പൂച്ചയാണ്. തൊട്ടടുത്തുള്ള കച്ചറ ഡ്രമ്മില്‍ എന്തോ പരതിക്കൊണ്ടിരിക്കുകയാണ് കക്ഷി. ലോകത്തെവിടെയാണെങ്കിലും പൂച്ചയുടെ സ്വഭാവം ഒരുപോലെയാണെന്ന് തോന്നി. ഈ പൂച്ചയുടെ ഭാഷ എന്തായിരിക്കും അറബിയായിരിക്കുമോ ഹിന്ദി, ഇംഗ്ലീഷ്, ഉറുദു… എന്തോ അറിയില്ല. ഒരുപക്ഷേ പൂച്ചയ്ക്ക് എല്ലാ ഭാഷയും ഒരുപോലെയായിരിക്കും.
‘മ്യാവൂ… മ്യാവൂ….’ പൂച്ച പരതല്‍ നിര്‍ത്തി കച്ചറ ഡ്രമ്മില്‍ നിന്നും ഇറങ്ങി വന്ന് എനിക്ക് അഭിമുഖമായി രണ്ടു കാലിലിരുന്നു. ശേഷം കയ്യും നാക്കും നക്കി തുടച്ചു വൃത്തിയാക്കി. ഇതിനിടയ്ക്ക് പൂച്ച എന്നെയൊന്നു ഒളികണ്ണിട്ട് നോക്കി കുഴപ്പക്കാരനല്ലെന്ന് ഉറപ്പുവരുത്തി. പിന്നെ രണ്ടു കയ്യും കൂടി മുന്നിലേക്ക് നീട്ടിവെച്ചു ഒന്നു നടുനിവര്‍ത്തി. എന്റെ കണ്ണുകളിലേക്ക് ഒന്നുകൂടി സൂക്ഷിച്ചു നോക്കി.
അവിടെ തന്നെ ഇരുപ്പുറപ്പിച്ചു. ഞാന്‍ പറഞ്ഞു ‘എന്റെ കയ്യില്‍ നിനക്കു തരാന്‍ തല്‍ക്കാലം ഒന്നുമില്ല’ ഇത് കേട്ട് പൂച്ചയുടെ മുഖത്ത് ഒരു വിസ്മയം വിരിഞ്ഞു. ഇന്നുവരെ ഒരു മനുഷ്യനും ഈ വിധം പറഞ്ഞിട്ടില്ല. പൂച്ചയുടെ മനസ്സ് നിറഞ്ഞതുപോലെ.
‘അതു കുഴപ്പല്ല്യ… ലൈറ്റായിട്ട് ഇവിടുന്ന് കിട്ടി.’
പൂച്ച നല്ല സംസാര പ്രിയനാണെന്ന് ബോധ്യായി. എന്തായാലും വണ്ടി വരുന്നതുവരെ പൂച്ചയുമായി സംസാരിക്കാന്‍ തന്നെ തീരുമാനിച്ചു.
‘പൂച്ചയാണെങ്കിലും നിനക്കെന്തൊരു സുഖാ…’
‘എന്ത് സുഖം..?’
‘ബ്രഹ്‌മ മുഹൂര്‍ത്തത്തില്‍ അലാറം അലറുന്നത് കേട്ട് ചാടിപ്പിടഞ്ഞ് എണീക്കണ്ടല്ലോ…?’
‘ആരു പറഞ്ഞു…. രാത്രീല് ഉറക്കം തന്നെല്ല്യ…’
‘എന്നാല്‍ പകല്‍ ഉറങ്ങാലോ….?’
‘പകലുറക്കം ശരിയാവില്ല്യ ചില ആളോള് സമ്മതിക്കില്ല്യ.’ ഞാനുമങ്ങനെ എളുപ്പം വിട്ടുകൊടുക്കാന്‍ തയ്യാറായില്ല.
‘നിനക്ക് പണിക്കൊന്നും പോണ്ടല്ലോ ജീവിക്കാന്‍….?’
‘ആരു പറഞ്ഞു പണിയില്ലെന്ന്…. ഈ ജീവിതം തന്നെ ഉന്തി കൊണ്ടുപോകുന്നത് വലിയൊരു പണിയാ…’
‘ഈ കച്ചറ ഡ്രമ്മ് ഉള്ളിടത്തോളം നിനക്ക് ഭക്ഷണത്തിന് ബുദ്ധിമുട്ടില്ലല്ലോ…?’
‘കുറെയൊക്കെ ശരിയാണ്. എന്തായാലും നിങ്ങള്‍ ഊമ്പിയതും ചപ്പിയതും തുപ്പിയതും ഒക്കെ അല്ലേ…?’
‘ശരി തന്നെ വിശപ്പ് തീരുമല്ലോ. നീ ഞങ്ങളെ നോക്ക് വിശപ്പടക്കാന്‍ തന്ന്യാ ഞങ്ങള്‍ ഈ പെടാപ്പാടൊക്കെപ്പെടുന്നത്. കാക്ക കൊള്ളാത്ത കൊട്ടം വെയില് കൊള്ളുന്നതും, കുടുംബത്തോട് ഒന്നിച്ചുള്ള ജീവിതമില്ലാത്തതും വിശപ്പിന്റെ മുന്നില്‍ തോറ്റു കൊടുക്കാതിരിക്കാന്‍ വേണ്ടി മാത്രാ അറിയ്വോ….? വീട്ടില്‍ നിന്നും വിളിച്ച് അയച്ച പൈസ തീര്‍ന്നെന്നും ഉടനെ പൈസ അയക്കണമെന്നും പറയുമ്പോള്‍ ഒരു മാസം ഒരു ശമ്പളമേയുള്ളു രണ്ട് ശമ്പളമില്ലെന്നും അടുത്തത് കിട്ടുമ്പോള്‍ അയക്കാമെന്നും പറഞ്ഞ് സമാധാനിപ്പിക്കുവാന്‍ ശ്രമിക്കുമ്പോള്‍ ദേഷ്യപ്പെട്ട് ഫോണ്‍ കട്ട് ചെയ്യും ഭാര്യ അറിയ്വോ….ഇത് വല്ലതും നിനക്കുണ്ടോ…?’
‘കഴിഞ്ഞൊ….?’
‘ഇല്ല്യ ഇനീംണ്ട്…’
‘പറയാന്‍ വരട്ടെ. ഇടയ്ക്ക് എന്റേത് കൂടി കേള്‍ക്ക്.’
‘ങും എന്നാ വേഗം പറയ്യ്…’
‘നിങ്ങള്‍ മനുഷ്യന്മാരാണ്. നിങ്ങള്‍ക്ക് ദുഃഖ്വോണ്ടെങ്കില്‍ സുഖോംണ്ട്… നിങ്ങള് ഓണോം പെരുന്നാളും ക്രിസ്തുമസും ആഘോഷിക്കാറില്ലേ….? ഞങ്ങള്‍ക്കൊക്കെ ഒരു വേലേംല്യ പൂരോല്യാ. എപ്പോഴും ആധിപ്പിടിച്ചൊരു ജീവിതം തന്ന്യാ അറിയ്വോ…?’
‘ഞങ്ങള്‍ക്ക് ആധിയില്ലെന്നാണോ നിന്റെ വിചാരം. ഇപ്പോള്‍ തന്നെ നോക്ക് വണ്ടി വൈകുന്നതിന്റെ ആധി. സൈറ്റുകളില്‍ പോയാലോ വര്‍ക്കുകളുടെ ആധി. എഞ്ചിനീയര്‍ മുതല്‍ ഫോര്‍മാന്മാര്‍ വരെയുള്ളവരുടെ ചീത്ത വിളി വേറെയും. പിന്നെ വെയിലത്ത് നിന്ന് പൊരിയുമ്പോള്‍ കരിഞ്ഞ മണം വരുമ്പോഴുള്ള ആധി. നിനക്ക് ഇതു വല്ലതുമുണ്ടോ…? ‘
‘ഉണ്ടെന്നൊ ഞങ്ങളിലുമുണ്ട് രാജാവും മന്ത്രിയും കയ്യൂക്കുള്ളോരുമൊക്കെ. അതൊന്നും മനുഷ്യര്‍ക്ക് പറഞ്ഞാല്‍ മനസ്സിലാവില്ല്യ…’
ഇതിനിടയ്ക്കാണ് അപ്രതീക്ഷിതമായി അത് സംഭവിച്ചത്. ഒരു കാടന്‍ പൂച്ച ഓടിവന്ന് പാണ്ടന്‍ പൂച്ചയെ അറ്റാക്ക് ചെയ്യാനുള്ള ഒരു ശ്രമം നടത്തി. പക്ഷേ മനുഷ്യന്റെ ഇടപെടല്‍ ഉണ്ടാവുമെന്ന് പേടിച്ചാവും കാടന്‍ പൂച്ച ‘നിന്നെ ഞാന്‍ പിന്നെ എടുത്തോളാം’ എന്ന് മുരണ്ടുകൊണ്ട് അപ്രത്യക്ഷമായത്. ഒരു ഭയത്തിന്റെ വിറയല്‍ ഉള്ളിലൊതുക്കിക്കൊണ്ട് പാണ്ടന്‍ പൂച്ച തുടര്‍ന്നു.
‘കണ്ടില്ലേ ഞങ്ങളിലുമുണ്ട് മനുഷ്യരെപ്പോലെ ചില ഗുണ്ടകള്‍. ഇപ്പോ നിങ്ങള്‍ ഉള്ളതുകൊണ്ടാ അവന്‍ ഒന്നടങ്ങിയത്. ഇല്ലെങ്കില്‍ കാണായിരുന്നു പൂരം…!’
‘അതെയോ എന്നെക്കൊണ്ട് നിനക്ക് അങ്ങനെയൊരു ഗുണമുണ്ടായല്ലോ. നോക്ക്, പുലര്‍ച്ചെ മൂന്നരയ്ക്കും നാലിനുമൊക്കെ ഉറക്കപിരാന്തില്‍ എണീക്കുന്ന ഒരൊറ്റ കാര്യം ആലോചിച്ചാല്‍ മതി ഞങ്ങളുടെ ഈ ജീവിതത്തിന്റെ ആഴം അളന്നെടുക്കാന്‍….’
‘അതുപിന്നെ നിങ്ങള്‍ പാതിരാവരെ മൊബൈലില്‍ കുത്തിയും കണ്ടും കിടന്നിട്ടല്ലേ..?’
‘ഹേയ്…, അങ്ങനെയുള്ളോരും ഉണ്ട്. പിന്നെ ഇതൊരു കൂട്ടുകുടുംബമല്ലെ. എല്ലാവരും ഉറങ്ങുമ്പോഴേ സുഖനിദ്ര പ്രാപ്തമാകൂ….’
‘നിങ്ങള്‍ മനുഷ്യര്‍ക്ക് എന്തുമാവാലോ പൈസണ്ടായാല്‍ മത്യേലൊ…’
‘പിന്നെ…, എന്നെ ഇപ്പൊത്തന്നെ നോക്ക് കവറോളിന്റെയുള്ളില്‍ കിടന്നു വിയര്‍ത്തൊലിക്കുകയാണ്. ഇനിയിപ്പോ ആ വെയിലത്ത് ചെല്ലുമ്പോള്‍ അടുത്തറിയാം സൂര്യന്റെ തനി സ്വരൂപം…’
ഒരു ഹോണടിയുടെ ശബ്ദം ഞങ്ങളുടെ സംസാരത്തെ മുറിച്ചു. പഠാണി വണ്ടിയുമായി എത്തിയിരിക്കുന്നു. ഇനി അതിനുള്ളില്‍ ഇഷ്ട സീറ്റ് പിടിക്കാനുള്ള ചിലരുടെ വെപ്രാളം.
‘ഇനി പിന്നെ കാണാം ട്ടാ…’
‘ങാ….ഇവിടെയുണ്ടെങ്കില്‍. മനുഷ്യര്‍ പലവിധം അല്ലേ?’
പാണ്ടന്‍ പൂച്ച പറഞ്ഞതിന്റെ അര്‍ത്ഥം വേണ്ടത്ര ഗ്രഹിക്കാതെ വണ്ടിയിലേക്ക് കാലെടുത്തുവെക്കവെ ‘മ്യാവോ….’ എന്നൊരു അലര്‍ച്ച കാതില്‍ വന്നു തറച്ചു.
ആരോ… ആഞ്ഞുവീശിയിരിക്കുന്നു, പാവം. ഒന്നുപുളഞ്ഞു മേല്‍പ്പോട്ടുയര്‍ന്നു താണ പൂച്ച ഒന്നു തിരിഞ്ഞു നിന്ന് എന്നോട് ചോദിച്ച ആ അവസാന ചോദ്യം നെഞ്ചില്‍ വന്നു തറക്കുന്നതായിരുന്നു.
‘എന്തായാലും ഇങ്ങനെയൊരവസ്ഥ നിങ്ങള്‍ക്ക് അനുഭവിക്കേണ്ടി വരില്ലല്ലോ…?’
വേദന കടിച്ചമര്‍ത്തി മൂന്നു കാലില്‍ ദയനീയമായി നില്‍ക്കുന്ന പൂച്ചയോട് എന്തെങ്കിലും പറയും മുന്‍പേ എന്നെയും കൊണ്ട് വണ്ടി അതിവേഗം പാഞ്ഞുപോയിരുന്നു.