ജീവിതം ആകസ്മികതകളുടെ വിളയാട്ട ഭൂമിയാണ്. ആസൂത്രണങ്ങളെ അപ്രസക്തമാക്കുന്ന അനാദിയുടെ ഇടപെടലിനെയാണ് പലപ്പോഴും നാം ജീവിതം എന്നു വിളിക്കുന്നത് തന്നെ. ഞാന്‍ ഇഷ്ടപ്പെടുന്ന പല യാത്രകളും ഇതുപോലെ അപ്രതീക്ഷിതമായാണ് സംഭവിച്ചിട്ടുള്ളത്. നിരവധി കാര്യങ്ങള്‍ ആസൂത്രണം ചെയ്ത് നീങ്ങുമ്പോഴാണ് എറണാകുളം മാധവ നിവാസില്‍ നിന്ന് എനിക്കൊരു ഫോണ്‍ വിളി എത്തുന്നത്. 2023 ഏപ്രില്‍ 24 മുതല്‍ മൂന്നുദിവസം ഉത്തര്‍പ്രദേശിലെ വൃന്ദാവനില്‍ വച്ച് നടക്കുന്ന ഒരു വൈചാരിക സത്രത്തില്‍ ഞാനും പങ്കെടുക്കണമത്രെ. വൃന്ദാവനം എന്ന് കേട്ടപ്പോള്‍ എനിക്ക് ഉത്സാഹമേറി. ശ്രീകൃഷ്ണ പരമാത്മാവിന്റെ ലീലാ ഭൂമിയില്‍ വീണ്ടുമൊരിക്കല്‍ക്കൂടി എത്തിച്ചേരാന്‍ കഴിയുന്നു എന്ന ചിന്ത എനിക്ക് ആനന്ദംപകര്‍ന്നു. ഏതാണ്ട് പതിനഞ്ച് വര്‍ഷങ്ങള്‍ക്കു മുന്നെ ഭാഗികമായി മാത്രം കാണാന്‍ കഴിഞ്ഞ ശ്രീകൃഷ്ണ ജന്മഭൂമിയായ മഥുരയും അതിനോട് ചേര്‍ന്നു കിടക്കുന്ന വൃന്ദാവനവും വിശദമായി കാണുവാന്‍ തന്നെ തീരുമാനിച്ചു. വൃന്ദാവനില്‍ കേശവ ധാം എന്ന സാംസ്‌ക്കാരിക കേന്ദ്രത്തിലായിരുന്നു വിചാര സത്രം നടന്നിരുന്നത്. ഇത് ദീനദയാല്‍ ഉപാധ്യയ്ക്കായി സമര്‍പ്പിക്കപ്പെട്ട ഒരു കേന്ദ്രം കൂടിയായിരുന്നു. ഇതിന്റെ വിശാലമായ ക്യാമ്പസില്‍ ഒരു ശ്രീകൃഷ്ണ മന്ദിരവും കുട്ടികള്‍ താമസിച്ച് വേദം പഠിക്കുന്ന ഒരു കേന്ദ്രവും പ്രവര്‍ത്തിക്കുന്നു.
വൈചാരിക സത്രത്തിന്റെ ഇടവേളയില്‍ ഒരു സായാഹ്നത്തില്‍ കേശവധാമിന്റെ അഞ്ചാം നിലയിലെ മട്ടുപ്പാവില്‍ നിന്ന് വൃന്ദാവനത്തിന്റെ ഭംഗി ആസ്വദിക്കുമ്പോഴാണ് നീലാകാശത്തിലേക്ക് ഉയര്‍ത്തിപ്പിടിച്ച തൊഴുകൈ പോലെ ഒരു വെണ്‍ശിലാസൗധം എന്റെ ശ്രദ്ധയില്‍ പെട്ടത്. പതിനഞ്ചു വര്‍ഷം മുമ്പ് വൃന്ദാവനത്തിലെത്തിയ എന്നെ വിസ്മയിപ്പിച്ച പ്രേംമന്ദിര്‍ അതാ അത്ര ദൂരത്തല്ലാതെ നില്‍ക്കുന്നു. രാധാകൃഷ്ണ പ്രണയത്തിന്റെ ദിവ്യതയെ മുഴുവന്‍ ആവാഹിച്ചു നില്‍ക്കുന്ന ആ ശില്‍പ്പം പ്രേം മന്ദിര്‍ തന്നെയല്ലേ എന്ന് തദ്ദേശവാസികളായ ചിലരോട് ചോദിച്ച് ഉറപ്പു വരുത്തി. അയ്യായിരത്തിഒരുനൂറ്റിഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയിലേക്ക് ഇറങ്ങിവന്ന പ്രേമസ്വരൂപനായ ശ്യാമമേഘത്തെ ലോകം കൃഷ്ണനെന്ന് വിളിച്ചു. അവന്റെ ദിവ്യ ലീലകളെ ശില്‍പ്പകലയിലും ചിത്രകലയിലും സംഗീത കലയിലും എല്ലാം കോരി നിറച്ചിട്ടും പിന്നെയും ബാക്കിയാകുന്നു. എഴുതിയാലും പറഞ്ഞാലും പാടിയാലും തീരാത്ത അനാദിയുടെ കടലാണ് കൃഷ്ണന്‍. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ക്ഷേത്രങ്ങള്‍ മുതല്‍ ഏതാനും വര്‍ഷങ്ങള്‍ മാത്രം പഴക്കമുള്ള ക്ഷേത്രങ്ങള്‍ വരെയായി വൃന്ദാവനത്തില്‍ അയ്യായിരത്തി അഞ്ഞൂറില്‍പരം ക്ഷേത്രങ്ങളുണ്ട്. എല്ലാം കണ്ടു തീര്‍ക്കണമെങ്കില്‍ മാസങ്ങള്‍ തന്നെ വേണ്ടി വരും. രാധാകൃഷ്ണന്റെ അപദാനങ്ങള്‍ മുഴങ്ങുന്ന വൃന്ദാവനത്തില്‍ രണ്ടര ദിവസം കൊണ്ടു സാധിക്കുന്നവ കണ്ടു തീര്‍ക്കാമെന്ന് ഞാന്‍ തീരുമാനിച്ചു.
വെണ്ണക്കല്ലില്‍ ഒരു പ്രേമ സൗധം
പ്രണയ കുടീരമായി ലോകം കണക്കാക്കുന്ന താജ്മഹലും വൃന്ദാവനത്തിലെ പ്രേം മന്ദിറും തമ്മില്‍ 86 കിലോമീറ്റര്‍ ദൂരം മാത്രമാണ് ഉള്ളതെങ്കിലും ആശയപരമായി രണ്ടും തമ്മില്‍ യുഗദൈര്‍ഘ്യമുണ്ടെന്ന് പറയാതെ വയ്യ. ഷാജഹാന്റെ പ്രണയഭാജനമായിരുന്ന മുംതാസ് പതിനാലാമത്തെ പ്രസവത്തില്‍ മരിച്ചു പോയതില്‍ മനംനൊന്ത് അവരുടെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ചതാണ് താജ്മഹല്‍. എന്നാല്‍ ദ്വാപരയുഗത്തിലെ അചുംബിതമായ ഒരു പ്രണയ സങ്കല്‍പ്പത്തെ സമൂര്‍ത്തമാക്കാനുള്ള ആധുനിക കാല പരിശ്രമമാണ് പ്രേം മന്ദിറില്‍ കാണുന്നത്. രാധാകൃഷ്ണ പ്രണയമെന്ന ദിവ്യസ്‌നേഹത്തെ മാംസനിബദ്ധമായി കാണാന്‍ കഴിയില്ല. ഇഹലോകത്തിലെ വാഴ്‌വിന്റെ മൂര്‍ത്തിയായ കൃഷ്ണന് അനന്തമായ കാലത്തിന്റെ കറുപ്പ് നിറം ചാര്‍ത്തി നല്‍കിയ പുരാണ കവി രാധയെ ജീവപ്രപഞ്ചത്തിന്റെ ഈശ്വരനോടുള്ള അദമ്യമായ പ്രണയത്തിന്റെ പ്രതീകമായി സൃഷ്ടിച്ചു. ജീവിതത്തിന്റെ പ്രതീകമാണ് കൃഷ്ണനെങ്കില്‍ ജീവിതത്തെ പ്രണയിക്കുന്ന ജീവന്റെ പ്രതീകമാണ് രാധ. പ്രപഞ്ച ജീവിതത്തെ ആനന്ദകരമായ രാസലീലയാക്കി ചിത്രീകരിച്ച പുരാണ കവി പ്രണയത്തിന് ഭക്തിയില്‍ ചാലിച്ച പുതിയ അര്‍ത്ഥതലങ്ങള്‍ പകര്‍ന്നു നല്‍കി. ഒരു പക്ഷെ വൃന്ദാവനത്തിലെവിടെയും ഇന്നും കൃഷ്ണനാമത്തിലും ഉയരെ മുഴങ്ങി കേള്‍ക്കുന്ന നാമമാണ് രാധയുടേത്. രാധേശ്യാം എന്ന മന്ത്രം ദിവ്യപ്രണയത്തിന്റെ മുദ്രാവചനമായി ഇന്നും മാറ്റൊലിക്കൊള്ളുന്നു. വൃന്ദാവനത്തില്‍ പരസ്പരം കാണുന്ന റിക്ഷക്കാരനും ചായക്കാരനും വരെ രാധേശ്യാം എന്ന് ഇന്നും പരസ്പരം അഭിസംബോധന ചെയ്യുന്നത് രാധാകൃഷ്ണ സങ്കല്‍പ്പം എത്ര ആഴത്തില്‍ വേരോടിയിരിക്കുന്നു എന്നതിന്റെ തെളിവാണ്.
ഭാരതത്തിന്റെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി താണ്ടി ആര്‍ത്തലച്ചു വന്ന മരുഭൂമി മതാനുയായികള്‍ ഭാരതത്തിലെ അംബരചുംബികളായ നിരവധി മഹാക്ഷേത്രങ്ങളാണ് അടിച്ചുടച്ചത്. ഇപ്പോഴും ക്ഷേത്രാവശിഷ്ടങ്ങളുടെ കൂമ്പാരം രാജ്യത്ത് പലയിടത്തും കാണാം. കരിങ്കല്ലില്‍ എഴുതിയ മഹാകാവ്യങ്ങളായിരുന്നു ആ ക്ഷേത്രങ്ങള്‍ പലതും. ഇനിയൊരിക്കലും ഒരു ഉയര്‍ത്തെഴുന്നേല്‍പ്പുണ്ടാവില്ലെന്നു കരുതിയ ഈ ശിലാ കാവ്യങ്ങള്‍ പലതും ഇന്ന് പൂര്‍വ്വാധികം ഭംഗിയായി പുനരുദ്ധരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതു കൂടാതെ പുതിയ പല ക്ഷേത്രങ്ങളും പ്രാചീന പ്രൗഢിയോടെ നിര്‍മ്മിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു. സ്വാതന്ത്ര്യാനന്തരം ഹരേ കൃഷ്ണപ്രസ്ഥാനവും സ്വാമി നാരായണ പ്രസ്ഥാനവും പോലുള്ള അനേകം സംഘടനകള്‍ മഹാക്ഷേത്രങ്ങള്‍ രാജ്യത്തും വിദേശത്തും നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണ്. ഇക്കൂട്ടത്തില്‍ ശ്രീകൃഷ്ണ ലീലാ ഭൂമിയായ വൃന്ദാവനത്തില്‍ സ്ഥാപിതമായ മനോഹര ക്ഷേത്രങ്ങളില്‍ ഒന്നാണ് പ്രേം മന്ദിര്‍. വൈഷ്ണവ ഭക്തി പ്രസ്ഥാനത്തിന്റെ ആധുനിക മുഖങ്ങളില്‍ ഒന്നായ ജഗത്ഗുരു ശ്രീ കൃപാലുമഹാരാജാണ് ക്ഷേത്രത്തിന്റെ സ്ഥാപകന്‍. ഒരു ഗൃഹസ്ഥ സന്യാസിയായിരുന്ന ഇദ്ദേഹം സമാരംഭിച്ച ജഗത്ഗുരു കൃപാലുപരിഷത്താണ് ക്ഷേത്രം പരിപാലിക്കുന്നത്. ക്യപാലുപരിഷത് വിദ്യാഭ്യാസം, ആത്മീയം തുടങ്ങിയ മേഖലകളില്‍ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ്. അമ്പത്തഞ്ച് ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ക്ഷേത്രം ആധുനികമായ സൗകര്യങ്ങളോട് കൂടിയ ഒന്നാണ്.
നിര്‍മ്മാണ സവിശേഷതകള്‍
2001 ജനുവരിയില്‍ നിര്‍മ്മാണമാരംഭിച്ച ഈ ക്ഷേത്രസമുച്ചയം 2012 ഫെബ്രുവരിയിലാണ് പൂര്‍ത്തിയാക്കി ഭക്തജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. നൂറ്റി അമ്പത് കോടി രൂപ ചിലവാക്കി പടുത്തുയര്‍ത്തിയ ഈ ശില്‍പ്പ ശൈലത്തിന്റെ നിര്‍മ്മാണത്തില്‍ പൂര്‍ണ്ണമായും വെളുത്ത ഇറ്റാലിയന്‍ മാര്‍ബിളാണ് ഉപയോഗിച്ചിരിക്കുന്നത്. 3.25 അടി കനമുള്ള മാര്‍ബിള്‍ പാളികള്‍ കൊണ്ടാണ് ഇതിന്റെ ചുവരുകള്‍ തീര്‍ത്തിരിക്കുന്നത്. എന്നാല്‍ ഉയര്‍ന്നു നില്‍ക്കുന്ന കുംഭഗോപുരം താങ്ങി നിര്‍ത്തുന്ന ഭാഗം എട്ട് അടി കനമുള്ള മാര്‍ബിള്‍ ശിലകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. 2001 ജനുവരി 14 ന് മകരസംക്രമനാളില്‍ കൃപാലുജി മഹരാജ് ശിലാസ്ഥാപനം നടത്തിയ മന്ദിരം പൂര്‍ത്തിയാക്കാന്‍ 12 വര്‍ഷമെടുത്തു. ഏതാണ്ട് ആയിരം ശില്‍പ്പികളുടെ അഹോരാത്ര സാധനയുടെ ഫലമാണ് വിരിഞ്ഞു നില്‍ക്കുന്ന വെണ്‍ താമര പോലുള്ള പ്രേമ മന്ദിരം. എഴുപത്തിമൂവായിരം ചതുരശ്ര അടി വിസ്താരമുള്ള മന്ദിരം മൂന്നുനിലകളിലായി ഉയര്‍ന്നു നില്‍ക്കുന്നു. ഇത്രയും ബൃഹത്തായ മന്ദിരത്തിന് തൂണുകള്‍ ഇല്ല എന്നത് ഇതിന്റെ നിര്‍മ്മാണ വൈദഗ്ദ്ധ്യത്തെയാണ് സൂചിപ്പിക്കുന്നത്. വാസ്തുശൈലിയില്‍ രാജസ്ഥാനി മാതൃകയാണ് മുന്നിട്ടു നില്‍ക്കുന്നത്. ക്ഷേത്രത്തോട് ചേര്‍ന്നു തന്നെ ഇരുപത്തയ്യായിരം പേര്‍ക്കിരിക്കാവുന്ന സത്സംഗ മണ്ഡപത്തിന്റെ നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മാര്‍ബിള്‍ വിരിച്ച വിശാലമായ മുറ്റത്തിന് നടുവില്‍ കുറഞ്ഞത് എട്ട് അടിയെങ്കിലുമുയരമുള്ള ഉപപീഠത്തിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. കേരളത്തിലെ ശ്രീകോവിലുകള്‍ സാധാരണ പഞ്ചവര്‍ഗ്ഗ തറയിലാണ് നിര്‍മ്മിക്കാറ്. ശ്രീകോവിലിന് ഉയരം കിട്ടാന്‍ വേണ്ടി ഇവിടെയും ഉപപീഠം ചെയ്യാറുണ്ട്. എന്നാല്‍ പ്രേം മന്ദിറില്‍ ക്ഷേത്രം മുഴുവനായി ഒരു ഉപപീഠത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നതുകൊണ്ട് എവിടെ നിന്നു നോക്കിയാലും കാണാന്‍ കഴിയും. 125 അടി ഉയരവും 190 അടി നീളവും 128 അടി വീതിയുമുള്ള ക്ഷേത്രം ആധുനിക നിര്‍മ്മാണ വൈദഗ്ദ്ധ്യത്തിന്റെ മകുടോദാഹരണമാണ്. സ്വര്‍ണ്ണ നിര്‍മ്മിതമായ താഴിക കുടത്തില്‍ സദാ കൊടി പാറുന്നുണ്ടാവും. ഇത് ഉത്തര ഭാരതത്തിലെ എല്ലാ ക്ഷേത്രങ്ങളിലുമുള്ള രീതിയാണ്. കേരളക്ഷേത്രങ്ങളിലേതുപോലെ കൊടിമരം വേറെ ഉണ്ടാവില്ല.
ക്ഷേത്രത്തിനു ചുറ്റുമുള്ള പൂന്തോട്ടം വളരെ മനോഹരമായ ലാന്റ് സ്‌കേപ്പിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിനു ചുറ്റുമായി പൂന്തോട്ടത്തില്‍ കൃഷ്ണ ലീലകള്‍ ശില്‍പ്പവല്‍ക്കരിച്ചിട്ടുണ്ട്. കാളിയ ലീല, ഗോവര്‍ദ്ധന ലീല, രാസലീല എന്നിവയൊക്കെ അതിമനോഹരമായ പ്രകാശ വിന്യാസം കൊണ്ട് കൂടുതല്‍ മിഴിവുറ്റതാക്കിയിരിക്കുന്നു. ഇവയൊക്കെ ഫൈബര്‍ ശില്‍പ്പങ്ങളാണെന്ന് തോന്നി. കാളിയ നാഗത്തിനു മുകളില്‍ സംഗീതത്തിന്റെ അകമ്പടിയില്‍ കൃഷ്ണന്‍ നൃത്തമാടുമ്പോള്‍ കാളിയന്റെ വായില്‍ നിന്ന് ചോര ഒഴുകുന്നതായി തോന്നും. വെള്ളവും ചുവന്ന പ്രകാശവിധാനവും കൊണ്ടാണ് ഇത് സാധിച്ചിരിക്കുന്നത്. ഭഗവാന്‍ ചെറുവിരലില്‍ ഗോവര്‍ദ്ധനമുയര്‍ത്തി നില്‍ക്കുന്ന ശില്‍പ്പവും അതിലെ ജലപ്രവാഹം കൊണ്ട് ഘോരമഴയുടെ അന്തരീക്ഷം സൃഷ്ടിക്കാന്‍ പോന്നതാണ്. രാസലീലാ ശില്‍പ്പങ്ങള്‍ വട്ടത്തില്‍ നൃത്തമാടിചലിക്കുന്ന വിധമാണ് ചെയ്തിരിക്കുന്നത്. രാത്രി പ്രകാശവിധാനത്തോടു കൂടി ഇത് കാണുമ്പോഴാണ് ഇതിന്റെ ഭംഗി മനസ്സിലാകുക. രാത്രി ലേസര്‍ ലൈറ്റുകള്‍ കൊണ്ട് ക്ഷേത്രത്തിലെ വെണ്‍ മാര്‍ബിളില്‍ അത്ഭുതകരമായ വര്‍ണ്ണ വിന്യാസമാണ് സൃഷ്ടിക്കുന്നത്. പ്രതിനിമിഷം ക്ഷേത്രത്തിന്റെ നിറം മാറിക്കൊണ്ടിരിക്കും. രാത്രി ക്ഷേത്രപരിസരത്തൊരുക്കിയിരിക്കുന്ന വാട്ടര്‍ തീം ഷോ കണ്ണിനും കാതിനും മനസ്സിനും കുളിരുപകരുന്ന ഒന്നാണ്.



ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ രാധാസമേതനായ കൃഷ്ണനെയാണ്. മാര്‍ബിളില്‍ തീര്‍ത്ത വിഗ്രഹങ്ങള്‍ക്ക് നാലടി എങ്കിലും ഉയരം വരും. പട്ടുവസ്ത്രങ്ങള്‍ കൊണ്ടും പൂക്കള്‍ കൊണ്ടും അലങ്കരിച്ച വിഗ്രഹങ്ങള്‍ യഥാതഥ ശൈലിയുടെ ഉദാഹരണമാണ്. ഒന്നാം നിലയില്‍ രാധാകൃഷ്ണനും രണ്ടാം നിലയില്‍ സീതാരാമനും ആണ് പ്രതിഷ്ഠകള്‍. പ്രതിഷ്ഠകളെ പരാമര്‍ശിക്കുമ്പോള്‍ ദേവതകളുടെ ധര്‍മ്മപത്‌നിമാരെയാണ് ആദ്യം പരാമര്‍ശിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പുരാതന ഭാരതത്തില്‍ സ്ത്രീക്കുള്ള പ്രാധാന്യം എത്ര മാത്രമുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു. മന്ദിരത്തിനു ചുറ്റുമുള്ള ചുവരുകളില്‍ രാധാകൃഷ്ണലീലകളാണ് കൊത്തിവച്ചിരിക്കുന്നത്. 84 ചുവര്‍ ശില്‍പ്പങ്ങളാണ് ഇവിടെ ചിത്രീകരിച്ച് വച്ചിരിക്കുന്നത്. ദക്ഷിണ ഭാരതത്തിലെ ശില്‍പ്പ ശൈലിയില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ ഉള്ള ശില്പങ്ങള്‍ റിയലിസ്റ്റിക്കാണ് എന്നു കാണാം.
രാവിലെ 5.30ന് നടതുറന്നാല്‍ ഉച്ചക്ക് 12 മണിക്കാണ് അടയ്ക്കുക. വൈകിട്ട് 4.30ന് നട തുറന്നാല്‍ രാത്രി 8.30 ന് നട അടയ്ക്കും. ഞങ്ങള്‍ വൈകിട്ടെത്തുമ്പോള്‍ ശ്രീ കൃപാലുമഹരാജിന്റെ ചിത്രവും വഹിച്ചുകൊണ്ടുള്ള ഒരു ചെറു രഥം ക്ഷേത്രത്തിന് മുന്നില്‍ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ നാമസങ്കീര്‍ത്തനത്തോടെ ആ രഥവും വലിച്ചുകൊണ്ട് ഭക്തജനങ്ങള്‍ ക്ഷേത്ര പ്രദക്ഷിണം ചെയ്യുന്നതു കണ്ടു. ഉത്തര ഭാരതത്തിലെ ആധുനിക ക്ഷേത്രങ്ങളിലൊന്നും തന്നെ വഴിപാടിന്റെയൊ പൂജയുടെയൊ പേരിലുള്ള പിരിവുകള്‍ ഒന്നും തന്നെയില്ല. പുരോഹിത സംഘങ്ങളുടെ ആര്‍ത്തി മൂത്ത വശീകരണ തന്ത്രങ്ങളും പാണ്ഡകളുടെ കൊള്ളയുമില്ല. ഇത്തരം ക്ഷേത്രങ്ങളിലൊക്കെ ഭക്തി കഥനങ്ങളോ നാമസങ്കീര്‍ത്തനങ്ങളോ മാത്രം. ക്ഷേത്രത്തോടു ചേര്‍ന്നുള്ള പുറം മതിലില്‍ ഘടിപ്പിച്ചിരിക്കുന്ന എല്‍ഇഡി സ്‌ക്രീനില്‍ സദാ സമയം ശ്രീ കൃപാലുമഹരാജിന്റെ ഭജനകളും ഭക്തിപ്രഭാഷണങ്ങളും നടന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. കേരളത്തിലെ ക്ഷേത്രങ്ങളില്‍ എന്നാണ് ഈ സ്ഥിതി സംജാതമാകുന്നതെന്ന് ഒരു നിമിഷം ചിന്തിച്ചു പോയി. സന്ധ്യ മയങ്ങിയതോടെ ക്ഷേത്രം ലേസര്‍ വിളക്കുകളാലും എല്‍ഇഡി പ്രകാശവിധാനത്തിനാലും അലങ്കൃതമായി. മാര്‍ബിള്‍ വിരിച്ച വിശാല മുറ്റത്ത് അനേകം തീര്‍ത്ഥാടകര്‍ക്കൊപ്പം ഞങ്ങളും കാറ്റുകൊണ്ടിരുന്ന് നിറം മാറുന്ന ക്ഷേത്രദൃശ്യങ്ങള്‍ ആസ്വദിച്ചു.
(തുടരും)