പല്ലനയാറിന്റെ തല്പത്തിലുള്ള നീ
ചൊല്ലിത്തരുന്നോരു കാവ്യദുഗ്ദ്ധം,
മെല്ലെ ഞങ്ങള്‍ നുകര്‍ന്നീടട്ടെയാവോളം
മുല്ല പൂത്തേറും സുഗന്ധമോടേ..
തൊട്ടുകൂടാത്തവര്‍ക്കാത്മസന്ദേശമായ്
പൊട്ടിവിടര്‍ന്ന നിന്‍വാക്ശരത്താല്‍,
കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ ജന്മങ്ങള്‍ക്കു
കിട്ടിയ മുത്ത് കുമാരനാശാന്‍..
എണ്ണമേറും കാവ്യവല്ലരിപ്പൂക്കളില്‍
മണ്ണിന്‍മണംകൊണ്ട കര്‍ഷകനും,
കണ്ണീരണിഞ്ഞിടും വീണപൂവും നൂറു-
വര്‍ണ്ണത്തിലിന്നും തിളങ്ങിടുന്നൂ..
ചിന്തതന്നാശയ ഗംഭീരഭംഗിയില്‍
വെന്തപൊന്നെന്നപോലുള്ളവാക്കും,
അന്തരംഗം സ്‌നേഹഗായകനാവതും
ചന്തമേറി പൂത്തുലഞ്ഞുനില്പൂ..
അര്‍ത്ഥമില്ലാത്തോരനാചാരമൊക്കെയും
വര്‍ദ്ധിച്ചു വ്യാപരിക്കുന്നനേരം,
മിണ്ടാതിരിക്കുവാനാവാതെയാശാന്റെ
ചണ്ഡാലഭിക്ഷുകി ചോദ്യമായീ..
ദിവ്യകാവ്യാമൃതമാം സുഗന്ധംപൂശി
ഭവ്യനായ് ചട്ടങ്ങള്‍ മാറ്റുവാനായ്,
നവ്യലോകത്തിന്റെ മാറിലേക്കായിരം
അമ്പുകള്‍ വാക്കിനാലെയ്തു നിന്നൂ..
അല്ലയോ, കാവ്യാംശ ശ്രേഷ്ഠനാം നീ ഭൂവി-
ലില്ലാത്ത നൂറാണ്ട് വന്നിടുമ്പോള്‍,
മണ്ണില്‍ മുളപ്പിച്ച തീക്കാറ്റിലക്ഷരം
വിണ്ണോളമെത്തി പരിലസിപ്പൂ…