ഭാരതം, അമേരിക്ക, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെ പൊതുതിരഞ്ഞെടുപ്പുകളെ സ്വാധീനിക്കാന്‍ ചൈനീസ് ഭരണകൂട പിന്തുണയുള്ള സൈബര്‍ പോരാളികള്‍ ശ്രമം നടത്തിയെന്ന മൈക്രോസോഫ്റ്റിന്റെ വെളിപ്പെടുത്തലുണ്ടായത് ഈ അടുത്ത കാലത്താണ്. ഇപ്രകാരം സോഷ്യല്‍ മീഡിയയില്‍ കൃത്രിമത്വം ചെയ്യുന്നതിനും, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനും ലോകത്തെ 81 ഓളം രാജ്യങ്ങള്‍ വ്യാപൃതരായിട്ടുണ്ടെന്നാണ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത്. ഭാരതവും ഈ ഭീഷണിയില്‍ നിന്നും മോചിതമല്ല. എന്നാല്‍, ഭാരതം നേരിടുന്ന പ്രധാന ഭീഷണികളിലൊന്നാണ് വര്‍ഷങ്ങളായി രാഷ്ട്രത്തിനെതിരെയും ഹിന്ദു സംസ്‌കാരത്തിനെതിരെയും അതിനെ നില നിര്‍ത്താന്‍ ശ്രമിക്കുന്ന സംഘടനകള്‍ക്കെതിരെയും നടക്കുന്ന ആഖ്യാന യുദ്ധം (Narration War).
വിവിധ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നു അവയ്ക്ക് പുതിയ ആഖ്യാനങ്ങള്‍ നല്‍കി ഓരോ രാജ്യങ്ങളിലെയും നേതാക്കന്മാരെയും രാഷ്ട്രീയ പാര്‍ട്ടികളെയും ജനങ്ങളില്‍ നിന്നകറ്റുവാനും സര്‍ക്കാരുകളെ അട്ടിമറിക്കുവാനും ലോകത്തിന്റെ പല കോണുകളിലും വലിയ പദ്ധതികളാണ് വിവിധ സര്‍ക്കാരുകളും ചാര സംഘടനകളും വ്യക്തികളും സ്വകാര്യ ഗവേഷണ സ്ഥാപനങ്ങളും സര്‍വ്വകലാശാലകളും തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയും സര്‍വകലാശാലകള്‍ – ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവ വഴി പുതിയ ആഖ്യാനങ്ങള്‍ ചമച്ചുകൊണ്ടു (Narration Building) ജനങ്ങളുടെ മനസ്സില്‍ തങ്ങളുടെ ഇംഗിതം രൂപപ്പെടുത്തിയെടുക്കാനും ഇത്തരം ശക്തികളുടെ താല്പര്യത്തിനനുസരിച്ച് പൊതു അഭിപ്രായവും, അവിശ്വാസവും വളര്‍ത്തിയെടുക്കാനുമാണ് ശ്രമിക്കുന്നത്.
അടുത്തിടെ ഡിസ്ഇന്‍ഫോ ലാബ് ( Disinfo Lab) പുറത്തുവിട്ട ഒരു റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത് അമേരിക്ക, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് 2024ലെ ലോകസഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനും മോദിയെ പുറത്താക്കാനും കോടികള്‍ മുടക്കിയെന്നാണ്. ‘ദി ഇന്‍വിസിബിള്‍ ഹാന്‍ഡ്: ഫോറിന്‍ ഇന്റര്‍ ഫിയറന്‍സ് ഇന്‍ ഇന്ത്യന്‍ ഇലക്ഷന്‍സ് 2024’ എന്ന തലക്കെട്ടില്‍ പുറത്തിറക്കിയ 85 ഓളം പേജുള്ള റിപ്പോര്‍ട്ടില്‍ അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘ഹെന്ററി ലൂസ് ഫൗണ്ടേഷ’നും (HLF) ബെല്‍ജിയംകാരനും ശതകോടിശ്വരനുമായ ജോര്‍ജ് സോറോസിന്റെ ‘ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷ’നും(OSF) ഫ്രഞ്ച് രാഷ്ട്രീയ വിശകലന വിദഗ്ദ്ധനും ഭാരതത്തെക്കുറിച്ച് ദശാബ്ദങ്ങളായി ഗവേഷണം നടത്തുന്ന ക്രിസ്റ്റഫെ ജാഫ്രിലോട്ട് (CJ) തുടങ്ങിയവരും ഒപ്പം നിരവധി ഗവേഷണ സ്ഥാപനങ്ങളും വര്‍ഷങ്ങളായി ഇതിന് വേണ്ടി അഹോരാത്രം പ്രയത്‌നിക്കുന്നുവെന്ന വിവരങ്ങളാണ് നല്‍കുന്നത്.
ലക്ഷ്യം ഭാരതത്തിന്റെ തകര്‍ച്ച
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഭാരത ഭരണഘടന ഉറപ്പുവരുത്തുന്ന സ്വാതന്ത്ര്യത്തിന്റെ ദൗര്‍ബല്യങ്ങളെ സമര്‍ത്ഥമായി ഉപയോഗിച്ചുകൊണ്ടാണ് ജനങ്ങളുടെ മാനസിക ഐക്യത്തെ തകര്‍ക്കുവാന്‍ വിവിധ ശക്തികള്‍ വര്‍ഷങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിനായി വലിയൊരു ആഖ്യാന യുദ്ധ (Narration War) പോര്‍മുഖമാണ് ഇവര്‍ തുറന്നിരിക്കുന്നത്. ഒരു ഭൗമ-രാഷ്ട്രീയ സാമ്പത്തിക ശക്തിയായി ഉയര്‍ന്നുവരുന്ന ഭാരതത്തെ അസ്ഥിരപ്പെടുത്തുന്നതിനായി, വിവിധ ജാതി മത വിഭാഗങ്ങളെ തമ്മിലകറ്റുന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ രാജ്യത്ത് കൃത്യമായി നടപ്പിലാക്കുകയും കലാപങ്ങള്‍ക്ക് വഴിമരുന്നിടുകയും ചെയ്യുന്നു. ഇത്തരത്തില്‍ വിവിധ മാര്‍ഗ്ഗങ്ങളിലൂടെ ജനങ്ങള്‍ക്കിടയില്‍ തങ്ങള്‍ വിചാരിക്കുന്ന തരത്തില്‍ അഭിപ്രായം രൂപീകരിക്കുകയെന്നതാണ് ഈ വമ്പന്മാരുടെ ലക്ഷ്യം.
ഭാരതത്തിലെ ലോകസഭാ തിരഞ്ഞെടുപ്പ് മാസങ്ങള്‍ നീണ്ടുനിന്ന ഒരു പ്രക്രിയയായിരുന്നു. അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയും അല്ലാതെയുമുള്ള വിദേശ ഇടപെടലുകള്‍ക്കും ആഖ്യാന നിര്‍ മ്മാണങ്ങള്‍ക്കും വലിയ സാധ്യതയാണ് അതിലുണ്ടായിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും ഈ ഇടപെടലുകളെക്കുറിച്ച് പല ഘട്ടങ്ങളിലായി സൂചിപ്പിക്കുകയുണ്ടായി. ഒരു ആഗോള ശക്തിയായി ഭാരതം ഉയര്‍ന്നു വരുന്നത് മറ്റ് രാജ്യങ്ങളുടെ, ഉദാഹരണത്തിന്, ചൈന, അമേരിക്ക പോലുള്ളവരുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. അതുകൊണ്ട് തന്നെ ഭാരതത്തിന്റെ വളര്‍ച്ചയ്ക്ക് ശക്തമായി നേതൃത്വം നല്‍കുന്ന മോദി സര്‍ക്കാരിനെ അട്ടിമറിക്കുകയെന്നതായിരുന്നു പ്രധാന ലക്ഷ്യം. ചില മത ശക്തികളും ഇതിനായി ശ്രമിച്ചു.
ക്രിസ്റ്റഫെ ജാഫ്രലോട്ടും ഫ്രഞ്ച് മാധ്യമങ്ങളും
ഭാരതത്തെ തകര്‍ക്കുവാന്‍ വളരെക്കാലമായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിത്വമാണ് ഫ്രഞ്ച് പൗരനായ ജാഫ്രലോട്ട്. അദ്ദേഹത്തിനും ഫ്രാന്‍സിലെ വിവിധ മാധ്യമങ്ങള്‍ക്കും 2024 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ വലിയ താല്പര്യമാണുണ്ടായിരുന്നത്. ഭാരതത്തില്‍ ഇസ്ലാമോഫോബിയയും ജനാധിപത്യവിരുദ്ധ പ്രവണതകളും, ജാതീയതയും വര്‍ദ്ധിക്കുന്നുവെന്നും പാര്‍ട്ടിയിലും രാജ്യത്തും മോദിയുടെ ഏകാധിപത്യം നിലനില്‍ക്കുന്നുവെന്നും വരുത്തിത്തീര്‍ക്കാന്‍ നിരന്തരമായി ആഖ്യാനങ്ങള്‍ ചമച്ചുകൊണ്ട് ‘ലെ-മോണ്ടെ’ പോലുള്ള ഫ്രഞ്ച് മാധ്യമങ്ങള്‍ ലേഖനങ്ങള്‍ എഴുതുകയും ഇതിനായി ഭാരതത്തിലെ മാധ്യമങ്ങളെ കൂട്ടുപിടിച്ചു അഭിപ്രായ രൂപീകരണം നടത്തുകയും ചെയ്തു. അതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചത് ജാഫ്രലോട്ടിന്റെ എഴുത്തുകളാണ്. ഭാരതത്തിലെ ജാതി വികാരത്തെ ആളിക്കത്തിക്കുവാന്‍ 2010 മുതല്‍ ലേഖനങ്ങള്‍, ട്വിറ്റര്‍ തുടങ്ങിയവിലൂടെ വലിയ പരിശ്രമമാണ് ഇദ്ദേഹം നടത്തുന്നതെന്നാണ് കണക്ക് സഹിതം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. 2021 മുതല്‍ ഇവ കൂടുതല്‍ ശക്തമാക്കി.
പ്രത്യേകിച്ച് ‘ജാതി സെന്‍സസി’നെ സംബന്ധിച്ച് ജാഫ്രലോട്ട് എഴുതിയ ലേഖനങ്ങള്‍ ഭാരതത്തില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. അതിനെ ഉദ്ധരിച്ചുകൊണ്ടും അതിന്റെ ആശയമെടുത്തുകൊണ്ടും നിരവധി ലേഖനങ്ങളും ചാനല്‍ ചര്‍ച്ചകളും സെമിനാറുകളും പിറക്കുകയും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. കോണ്‍ഗ്രസ്സും ഇന്‍ഡി സഖ്യവും ജാതി സെന്‍സസിനെ സംബന്ധിച്ചുള്ള ആശയങ്ങള്‍ വടക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായി പ്രചരിപ്പിച്ചു. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ജാതി സെന്‍സസ് ഉള്‍പ്പെടുത്തുകയും എന്‍.ഡി.എ നാന്നൂറ് സീറ്റ് നേടിയാല്‍ സംവരണം ഇല്ലാതാക്കുമെന്നും പ്രചരിപ്പിക്കുകയും ചെയ്തു. ഇപ്രകാരമുള്ള പ്രചരണ ആയുധങ്ങള്‍ ഗവേഷണത്തിലൂടെ കണ്ടെത്തിയത് ജാഫ്രട്ടിനെ പോലെയുള്ള ബുദ്ധി കേന്ദ്രങ്ങളാണ്. ജാതി സെന്‍സസ് എന്ന ആയുധം വളരെ മൂര്‍ച്ഛയേറിയതും ബിജെപിക്ക് ദോഷകരമായ ഒന്നുമാണ്. ജാതി അടിസ്ഥാനമാക്കിയുള്ള വാദങ്ങള്‍ക്ക് ശക്തിയേറുന്നതും തുടര്‍ന്നു ഹിന്ദു സമൂഹം ഭിന്നിക്കുന്നതും കോണ്‍ഗ്രസിനും കൂട്ടര്‍ക്കും ഗുണകരമാവും. കാരണം അവര്‍ മുസ്ലിങ്ങളെ ബിജെപി-ഹിന്ദു പേടിയില്‍ ഒന്നിപ്പിച്ചു വോട്ട് പിടിക്കുന്നതിനാല്‍ പല സീറ്റുകളിലും അവര്‍ക്ക് ജയിക്കാനാവും. ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടായതും അതുതന്നെയാണ്. ഒരു സവര്‍ണ്ണ ജാതി ആധിപത്യമുള്ള പാര്‍ട്ടിയാണ് ബിജെപിയെന്ന ആഖ്യാനം വര്‍ഷങ്ങള്‍ക്ക് മുന്‍പേ ജാഫ്രലോട്ടിന്റെ തൂലികയില്‍ പിറന്നതാണ്.
ഇത്തരത്തിലുള്ള ആഖ്യാന നിര്‍മ്മാണങ്ങള്‍ക്ക് (Narration Building) അമേരിക്കയില്‍ നിന്നുള്ള ഹെന്റി ലൂസ് ഫൗണ്ടേഷന്‍ പോലെയുള്ള സംഘടനകള്‍ പ്രമുഖ ഗവേഷണ സ്ഥാപനങ്ങള്‍ക്ക് വര്‍ഷങ്ങളായി, പ്രത്യേകിച്ചു 2021 മുതല്‍ 2024 വരെയുള്ള കാലഘട്ടത്തില്‍ പ്രത്യേക ഫണ്ടിംഗ് നല്‍കി വരുന്നു. ബിജെപിയെ അധികാരത്തില്‍ നിന്നും താഴെയിറക്കുന്നതിന് സഹായകരമായ വിഷയങ്ങള്‍ ഗവേഷണത്തിലൂടെ കണ്ടെത്തുകയും അവയില്‍ പുതിയ ആഖ്യാനങ്ങള്‍ ചമച്ചുകൊണ്ട് പ്രബന്ധങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുക യും ചെയ്യുന്നതിനാണ് ഈ പണം നല്‍കുന്നത്. ലോകത്തെയും ഭാരതത്തിലെയും പ്രധാന സര്‍വ്വകലാശാലകളും ഇതിന്റെ ഭാഗമാണ്. ഭാരതത്തിലെ രാഷ്ട്രീയ വിവരങ്ങള്‍ വിശകലനം ചെയ്യുന്നതിനായി അശോക സര്‍വ്വകലാശാലയും അമേരിക്കയിലെ മിഷിഗണ്‍ സര്‍വകലാശാലയും സംയുക്തമായി 15 കോടി രൂപ ചെലവില്‍ സ്ഥാപിച്ച ത്രിവേദി സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ ഡാറ്റയാണ് (TCPD) അതിലൊന്ന്. ഇതിന്റെ സഹസ്ഥാപകന്‍ ബെല്‍ജിയന്‍ പണ്ഡിതനും ക്രിസ്റ്റോഫ് ജാഫ്രെലോട്ടിന്റെ ഉപദേശകനുമായ ഗില്ലെസ് വെര്‍ണിയേഴ്‌സായിരുന്നു. അവര്‍ ഫ്രാന്‍സിലെ ദേശീയ ഗവേഷണ സ്ഥാപനമായ ‘സി.എന്‍.ആര്‍.എസു’മായും ഫ്രാന്‍സിലെ ഒരു സര്‍വ്വകലാശാലയായ ‘സയന്‍സ് പോ’യുമായും ചേര്‍ന്നുകൊണ്ട് ഭാരതത്തിലെ രാഷ്ട്രീയ വിവരങ്ങള്‍ ശേഖരിക്കുകയും അത് വിശകലനം ചെയ്യുന്ന പ്രക്രിയയില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യാജ ആഖ്യാനങ്ങള്‍ പലതും ജന്മമെടുത്തതും ഭാരതത്തില്‍ പ്രചരിക്കപ്പെട്ടതും.
എന്താണ് ഹെന്റി ലൂസ് ഫൗണ്ടേഷന്‍?
ഭാരതത്തെ കേന്ദ്രീകരിച്ചുള്ള ജാഫ്രെ ലോട്ടിന്റെ ഗവേഷണ പ്രോജക്ടുകള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നത് അമേരിക്ക ആസ്ഥാനമായുള്ള ഹെന്റി ലൂസ് ഫൗണ്ടേഷന്‍ പോലെയുള്ള സംഘടനകളാണ്. ഇപ്രകാരം 2021 മുതല്‍ 2024 വരെയുള്ള കാലഘട്ടത്തില്‍ ‘അമേരിക്കന്‍ സയന്‍സ്’ പോ എന്ന ഗവേഷണ സ്ഥാപനത്തിന് 3,85,000 യു.എസ് ഡോളറാണ് ഹെന്റി ലൂസ് ഫൗണ്ടേഷന്‍ നല്‍കിയത്. ‘മുസ്ലിംസ് ഇന്‍ എ ടൈം ഓഫ് ഹിന്ദു മജോറിട്ടേറിയനിസം’ അഥവാ ‘ഹൈന്ദവ ഭൂരിപക്ഷവാദ കാലഘട്ടത്തിലെ മുസ്ലിങ്ങളെ’ന്ന ഒരു പ്രൊജക്റ്റ് ചെയ്യുന്നതിനാണ് ഇത്രയും പണം നല്‍കിയത്. ‘അമേരിക്കന്‍ സയന്‍സ് പോ’ അമേരിക്കയിലെ പ്രിന്‍സ്ടണ്‍, കൊളംബിയ തുടങ്ങിയ സര്‍വ്വകലാശാലകളുമായി ചേര്‍ന്നുകൊണ്ട് ഈ പ്രൊജക്റ്റ് വിഷയത്തില്‍ പുതിയ ആഖ്യാനങ്ങള്‍ ചമച്ചു. രാജ്യത്ത് ഹിന്ദു ഭൂരിപക്ഷ ഭീകരതയുണ്ടെന്ന് ചിത്രീകരിക്കുകയാണ് ഇതിന്റെ യഥാര്‍ത്ഥ ലക്ഷ്യം. സമാനമായി, അമേരിക്കയിലെ ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റിയിലെ ‘സെന്റര്‍ ഫോര്‍ റിലീജിയന്‍, പീസ് ആന്‍ഡ് വേള്‍ഡ് അഫയേഴ്‌സ്’ എന്ന ഡിപ്പാര്‍ട്ട്‌മെന്റിന് ഫണ്ട് നല്‍കികൊണ്ടു ഹെന്റി ലൂസ് ഫൗണ്ടേഷന്‍ ഏല്‍പ്പിച്ച മറ്റൊരു ഗവേഷണ പ്രോജക്ടിന്റെ പേര് ‘ദി ഹിന്ദു റൈറ്റ് ആന്‍ഡ് ഇന്ത്യാസ് റിലീജിയസ് ഡിപ്ലോമസി’ അഥവാ ‘ഹിന്ദു വലത് പക്ഷവും ഇന്ത്യയുടെ മതപരമായ നയതന്ത്ര’വുമെന്നതാണ്. സമാനമായി ‘കാര്‍ണീജ് എന്‍ഡോവ്‌മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസ്’ (CEIP) എന്നൊരു ഗവേഷണ സ്ഥാപനത്തിന് ‘ഹിന്ദു നാഷണലിസം: ഫ്രം എത്തിനിക് ഐഡന്റിറ്റി ടു അതോറിട്ടേറിയന്‍ റിപ്രഷന്‍’ അഥവാ ‘ഹിന്ദു ദേശീയത: വംശീയ സ്വത്വത്തില്‍ നിന്നും സേച്ഛാധിപത്യ അടിച്ചമര്‍ത്തലിലേക്ക്’ എന്ന വിഷയമുള്‍പ്പടെയുള്ള മൂന്ന് ലേഖനത്തിലൂടെ പുതിയ ആഖ്യാനം ചമയ്ക്കുന്നതിന് 1,20,000 യു.എസ് ഡോളറാണ് ഹെന്റി ലൂസ് ഫൗണ്ടേഷന്‍ നല്‍കിയത്. ഇതിന്റെ യഥാര്‍ത്ഥ ലക്ഷ്യം ഭാരതത്തില്‍ ഹിന്ദു ഭൂരിപക്ഷ വര്‍ഗീയ വാദം ശക്തമാണെന്നും ഇതിലൂടെ ഭാരത പൗരന്മാരായ മുസ്ലിങ്ങളിലും ദളിത്, ഒബിസി വിഭാഗങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കുന്ന തരത്തില്‍ പഠനങ്ങളും ലേഖനങ്ങളും വാര്‍ത്തകളും നല്‍കി രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കുകയെന്നതാണ്. ഭാരതത്തിന്റെ വില ഇടിച്ചു താഴ്ത്താന്‍ ഇവ ആഗോളതലത്തിലും പ്രചരിപ്പിക്കുന്നു. ഒറ്റ നോട്ടത്തില്‍ സര്‍വ്വകലാശാലകളില്‍ നടക്കുന്ന അക്കാദമിക പ്രവര്‍ത്തങ്ങളാണ് ഇവയെന്നേ തോന്നുകയുള്ളൂ. എന്നാല്‍ അത്യന്തികമായി ഒരു രാഷ്ട്രത്തെയും സംസ്‌കാരത്തെയും തകര്‍ക്കുന്ന വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പ്രക്രിയയാണ് നടക്കുന്നത്.
1898ല്‍ ചൈനയില്‍ ജനിച്ച ഹെന്റി റോബിന്‍സണ്‍ ലൂസ് 1936ല്‍ ന്യൂയോര്‍ക്കിലാണ് ഹെന്റി ലൂസ് ഫൗണ്ടേഷന്‍ സ്ഥാപിക്കുന്നത്. ലോകത്തെ പത്രപ്രവര്‍ത്തന, ഉന്നത വിദ്യാഭ്യാസ രംഗത്തും പൊതുനയരൂപീകരണങ്ങളിലും വലിയ സ്വാധീനം ചെലുത്തിയ ഫൗണ്ടേഷനാണിത്. ആദ്യകാലത്ത് അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടനയായ സി.ഐ.എ ഇറ്റലിയിലും ക്യൂബയിലും നടത്തിയിരുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുകയായിരുന്നു ഇവരുടെ ചുമതല. യഥാര്‍ത്ഥത്തില്‍ അമേരിക്കന്‍ ഭരണവ്യവസ്ഥയിലും നയരൂപീകരണത്തിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ‘ഏഷ്യ ഫൗണ്ടേഷന്‍’ (ടി.എ.എഫ്), കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സ് (സി.എഫ്.ആര്‍), ‘സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ്’ തുടങ്ങിയ വിഭാഗങ്ങളാണ് ഹെന്റി ലൂസ് ഫൗണ്ടേഷനെ നയിക്കുന്നത്. ഈ വിഭാഗങ്ങള്‍ക്കെല്ലാം രൂപം നല്‍കിയതാവട്ടെ അമേരിക്കയുടെ രഹസ്യാന്വേഷണ സംഘടനയായ സി.ഐ.എയും. ഉദാഹരണത്തിന്, ശീതയുദ്ധകാലത്ത് വിദ്യാഭ്യാസ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെ ഏഷ്യയില്‍ അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 1954-ല്‍ സി. ഐ.എ നേരിട്ട് സ്ഥാപിച്ചതാണ് ‘ഏഷ്യാ ഫൗണ്ടേഷന്‍’. സമാനമായി ‘കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സും’ ‘സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസും’ സി.ഐ. എയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നു. ഹെന്റി ലൂസ് ഫൗണ്ടേഷനിലെ പ്രമുഖരായ മാരിക്കോ സില്‍വര്‍, ജോണ്‍ ജെ. ഹാംരെ തുടങ്ങിയവര്‍ സി.ഐ.എയുമായി മികച്ച ബന്ധം പുലര്‍ത്തുന്നവരാണ്. അങ്ങനെ പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന വലിയൊരു ശൃംഖലയാണ് ഇത്തരത്തിലുള്ള സംഘടനകളും ഗവേഷണ സ്ഥാപനങ്ങളും.
ഭാരതത്തിലേക്കും പണം ഒഴുകുന്നു
വളരെക്കാലമായി, പ്രത്യേകിച്ച് 2024 ലെ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍, വന്‍തുകയാണ് വിവിധ വിഷയങ്ങളില്‍ പഠനം നടത്തി പുതിയ ആഖ്യാനങ്ങള്‍ സൃഷ്ടിക്കുന്നതിനായി ഭാരതത്തിലെ ഗവേഷണ സ്ഥാപനങ്ങള്‍ക്ക് വിവിധ പ്രോജക്ടുകളിലൂടെ ഹെന്റി ലൂസ് ഫൗണ്ടേഷന്‍ നല്‍കിക്കൊണ്ടിരുന്നത്. ഉദാഹരണത്തിന്, ‘കമ്മ്യൂണലൈസിങ്ങ് സിറ്റിസണ്‍ഷിപ് ഇന്‍ ഇന്ത്യ’ അഥവാ ‘ഇന്ത്യയിലെ വര്‍ഗീയവല്‍ക്കരിക്കപ്പെടുന്ന പൗരത്വം’ എന്നതാണ് അതിലൊരു പ്രൊജക്റ്റിന്റെ പേര്. ഇതിനായി 1,20,000 യു.എസ് ഡോളറാണ് ഫൗണ്ടേഷന്‍ നല്‍കിയത്. മറ്റ് രണ്ടെണ്ണം, (1)’റിലീജിയന്‍, സിറ്റിസണ്‍ഷിപ് ആന്‍ഡ് ബിലോങ്ങിങ് ടു ഇന്ത്യ’ അഥവാ ‘ഇന്ത്യയിലുള്ള മതം, പൗരത്വം’ (2) ‘റിലീജിയന്‍, എത്തിനിസിറ്റി ആന്‍ഡ് എമര്‍ജിങ് ഹിന്ദു വോട്ട് ഇന്‍ ഇന്ത്യ’ അഥവാ മതവും വംശീയതയും ഇന്ത്യയില്‍ ഉയര്‍ന്നുവരുന്ന ഹിന്ദു വോട്ടുകളും’ എന്നിവയായിയുന്നു. സദുദ്ദേശ്യത്തോടെ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം ഇത്രയും വിവാദങ്ങള്‍ സൃഷ്ടിക്കുകയും ഹിന്ദു-മുസ്ലിം വിഭാഗീയത വളര്‍ത്തുവാന്‍ കാരണമാവുകയും ചെയ്തതിന് പിന്നില്‍ ഉണ്ടായിരുന്ന ശക്തി ആരായിരുന്നു എന്നത് ഇപ്പോള്‍ വ്യക്തമാണല്ലോ. മറ്റൊന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന് 3,00,000 യു.എസ് ഡോളര്‍ നല്‍കി നടപ്പിലാക്കിയ മറ്റൊരു പ്രൊജക്റ്റ് ഭാരതത്തിലെയും ഇന്തോ നേഷ്യയിലെയും മ്യാന്മറിലെയും മതപരമായ കലാപങ്ങളെക്കുറിച്ചു ആഖ്യാനം ചമയ്ക്കുന്നതിന് വേണ്ടിയുള്ളതായിരുന്നു. ഇങ്ങനെ ഫണ്ട് വാങ്ങി പ്രവര്‍ത്തിച്ചിരുന്ന ഗവേഷണ സ്ഥാപനങ്ങളുടെ വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ലൈസന്‍സ് മോദി സര്‍ക്കാര്‍ റദ്ദാക്കുകയുണ്ടായി. 18.5 കോടിയോളം രൂപ സ്വീകരിച്ച ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിന്റെ (CPR) ലൈസന്‍സ് 2020ല്‍ റദ്ദാക്കിയത് ഇതിനുദാഹരണമാണ്. ഇതിന്റെ ഡയറക്ടര്‍ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ മകള്‍ യാമിനി അയ്യരായിരുന്നുവെന്നത് ഈ ബന്ധങ്ങള്‍ ആരുടെ പടിവാതിക്കല്‍ വരെ എത്തിനില്‍ക്കുന്നുവെന്ന് വ്യക്തമാക്കുന്നു.
ജോര്‍ജ് സോറോസിന്റെ പങ്ക്
ഭാരത വംശജരോ പൗരന്മാരോ നടത്തുന്ന ഗവേഷണ സ്ഥാപനങ്ങളും രാജ്യത്തിനെതിരെ ആഖ്യാനം ചമയ്ക്കാന്‍ ഇത്തരത്തില്‍ ഫണ്ട് വാങ്ങുന്നുണ്ട്.
കാലിഫോര്‍ണിയ കേന്ദ്രമാക്കി ഇന്ത്യക്കാരിയായ അംഗന പി. ചാറ്റര്‍ജി സഹസ്ഥാപകയായി തുടങ്ങിയ ‘പൊളിറ്റിക്കല്‍ കോണ്‍ഫ്‌ലിക്റ്റ്, ജണ്ടര്‍ ആന്‍ഡ് പീപ്പിള്‍സ് റൈറ്റ് ഇനിഷ്യേറ്റീവ്‌സ്’ എന്ന സംഘടനയ്ക്ക് ബിജെപി വിരുദ്ധ ആഖ്യാനങ്ങള്‍ ചമയ്ക്കുന്നതിന് ഹെന്ററി ലൂസ് ഫൗണ്ടേഷന്‍ 2021ല്‍ ഫണ്ട് നല്‍കുകയുണ്ടായി. ഈ ഗവേഷണ സ്ഥാപനത്തിന് കാലിഫോര്‍ണിയ സര്‍വ്വകലാശാലയുമായി ബന്ധമുണ്ട്. സമാനമായി ഫൗണ്ടേഷനും സര്‍വ്വകലാശാലയുമായി സഹകരിക്കുന്നു.
കശ്മീരിന് പ്രത്യേക പദവി നല്‍കിയ 370-ാം വകുപ്പ് റദ്ദാക്കിയതുമായി ബന്ധപ്പെട്ടും അല്ലാതെയും കശ്മീരില്‍ മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടക്കുന്നുവെന്ന് വ്യാജ ആഖ്യാനങ്ങള്‍ ചമച്ചതും അവ വിവിധ മാധ്യമങ്ങളിലൂടെ ഭാരതത്തിലും അന്താരാഷ്ട്ര തലത്തിലും പ്രചരിപ്പിച്ചതിന്റെ പിന്നിലും ഈ സംഘടനയടക്കമുള്ളവയായിരുന്നു. കശ്മീരിനെ സംബന്ധിച്ച് നിരവധി ലേഖനങ്ങളാണ് അംഗന ചാറ്റര്‍ജിയുടെ സംഘം എഴുതിയത്.
വടക്കേ അമേരിക്കയില്‍ സ്ഥാപിച്ചിട്ടുള്ള ഒരു ഗവേഷണ സ്ഥാപനമാണ് മറ്റൊരുദാഹരണം. വിവിധ ഗവേഷകരും ആക്ടിവിസ്റ്റുകളും വിദ്യാര്‍ത്ഥികളും ചേര്‍ന്നുകൊണ്ട് ഹിന്ദുത്വത്തെ അഥവാ ഹിന്ദു ദേശീയതയെ എതിര്‍ക്കുന്നതിനായി 2021 ജൂലൈയില്‍ സ്ഥാപിതമായ ‘സൗത്ത് ഏഷ്യ സ്‌കോളര്‍ ആക്ടിവിസ്റ്റ് കളക്റ്റീവി’നും അതിലെ സജീവ പ്രവര്‍ത്തകരായ ദീപ സുന്ദരം പോലെയുള്ളവര്‍ക്കും ഹെന്റി ലൂസ് ഫൗണ്ടേഷനില്‍ നിന്ന് ഗ്രാന്റ് ലഭിക്കുന്നു. ഫൗണ്ടേഷനില്‍ നിന്നും ഫണ്ട് കൈപ്പറ്റിക്കൊണ്ട് ഭാരതത്തില്‍ ജനാധിപത്യം മരിച്ചു എന്നുള്ള ആഖ്യാനങ്ങള്‍ക്ക് പിന്നില്‍ ‘ഫ്രണ്ട്‌സ് ഓഫ് ഡെമോക്രസി’ പോലെയുള്ള സംഘടനകളാണ് പ്രവര്‍ത്തിച്ചത്. റിക്കന്‍ പട്ടേല്‍ എന്നൊരു കനേഡിയന്‍-ബ്രിട്ടീഷ് വംശജനാണ് ഇതിന്റെ ചെയര്‍മാന്‍. ജോര്‍ജ് സോറോസിന്റെ മകന്‍ ജോനാഥന്‍ സോറോസ് ഇതിന്റെ സഹ ചെയര്‍മാനാണ്. ജോര്‍ജ് സോറോസ് അംഗമായ ‘നമതി’ ഫൗണ്ടേഷന്റെ അംഗം കൂടിയായിരുന്നു റിക്കന്‍ പട്ടേല്‍. 2023 മാര്‍ച്ചില്‍ ജോര്‍ജ് സോറോസ് അംഗമായ ‘നമതി’ ഫ്രണ്ട്‌സ് ഓഫ് ഡെമോക്രസിക്ക് ഒരു ഫണ്ട് നല്‍കുകയുണ്ടായി. ‘ഫൈറ്റ് എഗയിന്‍സ്റ്റ് ദി റൂളിംഗ് പാര്‍ട്ടി ടു സേവ് ഇന്ത്യ’ അഥവാ ‘ഇന്ത്യയെ രക്ഷിക്കാന്‍ ഭരണകക്ഷിക്കെതിരെ പോരാടുക’ എന്ന പ്രോജക്ട് ചെയ്യുന്നതിന് വേണ്ടിയാണ് പണം നല്‍കിയത്. ഇത് കൂടാതെ 2016 മുതല്‍ 2023 വരെയുള്ള കാലഘട്ടത്തില്‍ മോദി-ബിജെപി വിരുദ്ധ ആഖ്യാനങ്ങള്‍ക്ക് നമതി ഫൗണ്ടേഷനിലൂടെ കോടിക്കണക്കിന് രൂപയാണ് റിക്കന്‍ പട്ടേലിന്റെ ‘ഫ്രണ്ട്‌സ് ഓഫ് ഡെമോക്രസി’ക്ക് നല്‍കിയത്. ബിജെപിയുടെ ദൗര്‍ബല്യങ്ങള്‍ ഗവേഷണത്തിലൂടെ കണ്ടെത്തി അവയ്ക്ക് ആഖ്യാനം ചമച്ചു പ്രചരിപ്പിക്കുകയായിരുന്നു ഇതിന്റെ ഉദ്ദേശ്യം. ഈ ഗവേഷണത്തില്‍ പിറന്ന ഒരു ഒറ്റമൂലിയാണ് ആര്‍. എസ്.എസ്സും ബിജെപിയും തമ്മില്‍ അകന്നുവെന്നുള്ള പ്രചരണം. ജോര്‍ജ് സോറോസിന്റെ സഹോദരനായ ജോനാഥന്‍ സോറോസിന്റെ നേതൃത്വത്തില്‍ പി.എ.സി എന്നൊരു ഗവേഷണ സ്ഥാപനവും മോദിക്കെതിരെയും ബിജെപിക്കെതിരെയും ആഖ്യാനങ്ങള്‍ ചമയ്ക്കാന്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്. ടൈം മാഗസിന്റെ സഹ സ്ഥാപകര്‍ കൂടിയാണ് ജോര്‍ജ് സോറോസിസ്. ഈ മാഗസിന്റെ 2019 മെയ് മാസത്തിലെ പതിപ്പില്‍ മോദിയുടെ മുഖചിത്രവുമായി ‘ഇന്ത്യാസ് ഡിവൈഡര്‍ ഇന്‍ ചീഫ്’ അഥവാ ‘ഇന്ത്യയുടെ വിഭജന നായകന്‍’ എന്ന തലക്കെട്ടോടുകൂടി ലേഖനം ഇറക്കിയത് ഒരു ആഖ്യാനത്തിന്റെ ഭാഗമായിരുന്നു. ഭാരതത്തിലെ മാധ്യമങ്ങള്‍ ഇത് വ്യാപകമായി പ്രചരിപ്പിച്ചു.
2024 ലെ തിരഞ്ഞെടുപ്പോടെ മോദി സര്‍ക്കാരിനെ അട്ടിമറിക്കുകയെന്നതായിരുന്നു അവരുടെ ലക്ഷ്യം. ഈ ലക്ഷ്യത്തിന്റെ ഭാഗമായി, ഭാരതത്തിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി, ഫ്രണ്ട്‌സ് ഓഫ് ഡെമോക്രസി ‘ഭാരതത്തിലെ ജനാധിപത്യത്തെക്കുറിച്ചുള്ള സംഭാഷണങ്ങള്‍’ എന്ന തലക്കെട്ടില്‍ ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ നടത്തുകയും നിലവിലെ സര്‍ക്കാരിന് കീഴിലുള്ള ഭാരതത്തിന്റെ ആഗോള പ്രശസ്തിയെ വിമര്‍ശിക്കുന്ന ‘ദി മോദി മിറേജ്’ അഥവാ ‘മോദിയെന്ന മരീചിക’യെന്ന റിപ്പോര്‍ട്ട് പുറത്തിറക്കുകയും ചെയ്തു. കൂടാതെ, ഫ്രണ്ട്‌സ് ഓഫ് ഡെമോക്രസി, ‘ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്’, ‘ഫൗണ്ടേഷന്‍ ലണ്ടന്‍ സ്റ്റോറി’ എന്നിവയുള്‍പ്പെടെ വിവിധ സംഘടനകളുമായി സഹകരിച്ച് ഭാരതത്തില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുക, സോഷ്യല്‍ മീഡിയ വ്യവഹാരങ്ങളെ സ്വാധീനിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ട് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനും മോദി മന്ത്രിസഭയെ പുറത്താക്കാനും ശ്രമം നടത്തി. ഇതിന്റെയെല്ലാം പിന്നില്‍ ചരട് വലിച്ചത് ഹെന്റി ലൂസ് ഫൗണ്ടേഷനും ജോര്‍ജ് സോറോസും പോലെയുള്ള വ്യക്തികളും അവരെ നിയന്ത്രിക്കുന്ന ചൈനയടക്കമുള്ള രാജ്യങ്ങളുടെ ചാരസംഘടനകളുമായിരുന്നു.
വേണ്ടത് തിരിച്ചറിവും പ്രതിരോധവും
ഇത്തരത്തില്‍ തിരശ്ശീലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന പരസ്പര ബന്ധിതമായ അക്കാദമിക് സ്ഥാപനങ്ങങ്ങളും ശക്തികളുമാണ് ഭാരതമെന്ന രാഷ്ട്രത്തെ എങ്ങനെ ശിഥിലമാക്കാം എന്ന ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതും പല വിധത്തിലുള്ള ആഖ്യാനങ്ങള്‍ ചമച്ചുവിടുന്നതും. ഭാരതത്തിലെ വിവിധ മാധ്യമങ്ങള്‍ക്കും പ്രമുഖ വ്യക്തിത്വങ്ങള്‍ക്കും കൈനിറയെ പണം നല്‍കിയാണ് ഇത്തരത്തിലുള്ള ആശയപ്രചാരണവും അഭിപ്രായരൂപീകരണവും ഭാരതത്തില്‍ നടക്കുന്നത്. കൂടാതെ ഗവേഷണ സ്ഥാപനങ്ങള്‍ ആഖ്യാനം ചമച്ച് പുറത്തിറക്കുന്ന ഗവേഷണ പ്രബന്ധങ്ങളാണ് ഇവരുടെ ആശയങ്ങളുടെ സ്രോതസ്സ്. നമ്മള്‍ നിഷ്പക്ഷമെന്ന് കരുതുന്ന പല അക്കാദമിക ഗവേഷണ ജേര്‍ണലുകളും ഇത്തരം ശക്തികളുടെ ഭാഗമാണെന്നുള്ളതാണ് ഞെട്ടലുണ്ടാക്കുന്നത്. വായിക്കുന്നവരുടെ ചിന്തകളെ അത് ശക്തമായി സ്വാധീനിക്കുന്നു. സങ്കടകരമായ കാര്യം ഭാരതീയമായതൊന്നും അവര്‍ പ്രസിദ്ധീകരിക്കുകയില്ലയെന്നുള്ളതാണ്. ഭാരതതീയതയ്ക്ക് പ്രാധാന്യം നല്‍കുന്ന ഗവേഷണ ജേര്‍ണലുകളും ഗവേഷണ സ്ഥാപനങ്ങളും സ്ഥാപിക്കുകയെന്നതാണ് ഇതിനുള്ള പ്രധാന പ്രതിവിധി. നമ്മുടെ നിയമസംവിധാനത്തിലെ പല ഉന്നതരും ഈ ആഖ്യാന യുദ്ധത്തിന്റെ ഭാഗമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം 400ലധികം സീറ്റുകള്‍ നേടി ബിജെപി അധികാരത്തിലെത്തിയാല്‍ ജഡ്ജി നിയമനത്തിലടക്കം പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമോ എന്നവര്‍ ഭയക്കുന്നു. ജുഡീഷ്യറിയിലെ അഴിമതി, പിന്തുടര്‍ച്ച സമ്പ്രദായം എന്നിവയ്ക്ക് പരിഷ്‌കാരങ്ങള്‍ തടസ്സമാവാം. അതുകൊണ്ടാണോ അഴിമതി കേസില്‍ പിടിയിലായ അരവിന്ദ് കേജ്‌രിവാളിനെ തിരഞ്ഞെടുപ്പ് വേളയില്‍ 21 ദിവസം മോദിക്കെതിരെ പ്രചാരണം നടത്താന്‍ തുറന്നുവിട്ടതെന്നുള്ളത് ചിന്തനീയമാണ്. ഭാരതം വരുംകാലഘട്ടത്തില്‍ നേരിടാന്‍ പോകുന്ന പ്രധാന ഭീഷണികളില്‍ ഒന്നാണിത്. പ്രത്യേകിച്ച് ഒരു കൂട്ടുകക്ഷി മന്ത്രിസഭ കേന്ദ്രത്തില്‍ ഭരിക്കുന്ന കാലഘട്ടത്തില്‍. ശക്തമായ രാഷ്ട്രമായി ഭാരതം ഉയര്‍ന്നു വരുന്നതാണ് അവരുടെ പ്രശ്‌നം. അത് കോണ്‍ഗ്രസ്സായാലും ബിജെപി ആയാലും ഇത്തരത്തിലുള്ള പ്രവര്‍ത്തങ്ങളുമായി ഈ ശക്തികള്‍ മുന്നോട്ട് പോകും. നിലവില്‍ ഭാരതത്തില്‍ ഒരു ഐക്യം ഉണ്ടാവുന്ന തലത്തില്‍ ബിജെപി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതിനാലാണ് സംഘടനയെ അധികാരത്തില്‍ നിന്നും പുറത്താക്കുന്നതിനായുള്ള ആഖ്യാനങ്ങള്‍ ധാരാളം പ്രചരിപ്പിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ അധികാരം എന്ന ലക്ഷ്യത്തിനായി കോണ്‍ഗ്രസ്സും ഇക്കൂട്ടര്‍ക്കൊപ്പം ചേരുകയും അവരുടെ പ്രചാരണായുധങ്ങള്‍ രാജ്യത്ത് പ്രചരിപ്പിക്കുകയും ഭിന്നിപ്പിന് ആക്കം കൂട്ടുകയും ചെയ്യുന്നു. രാഷ്ട്രമാണ് വലുതെന്ന യാഥാര്‍ഥ്യം എല്ലാവരും തിരിച്ചറിയണമെന്നതാണ് മുഖ്യം.
(ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ ഗവേഷകനാണ് ലേഖകന്‍)