എത്ര പകലുകള്‍, എത്ര രാത്രികള്‍
ഇദ്ധരിത്രിയില്‍
കാലമുറയൂരിക്കളഞ്ഞു!
ഞാനീ മണ്ണിലൊരു
ഭവനം പണിതീര്‍ത്തു
പാര്‍ക്കാന്‍ തുടങ്ങിയി-
ട്ടേറെ വര്‍ഷങ്ങളായ്.
അതിരു കെട്ടി
വളച്ചെടുത്തു ഞാ-
നെന്റേതാക്കി, യീ
തോട്ടങ്ങള്‍, പാടങ്ങള്‍.
കിട്ടിയിട്ടില്ല
പട്ടയമെങ്കിലും
നട്ടുവളര്‍ത്തി ഞാന്‍
വൃക്ഷ സസ്യാദികള്‍.
എന്റേതെന്നു നിനച്ചു ഞാന്‍ കൈവശ-
മാക്കിയ സ്ഥാവര, ജംഗമമൊക്കെയും
കൈവിട്ടു പോകണമെന്നതാ-
ണിപ്പോളെന്നെയലട്ടുന്ന സങ്കടം!