നമ്മുടെ നാട്ടിലെ കോണ്‍ഗ്രസ്സുകാര്‍ ഗാന്ധിശിഷ്യരാണോ, അതോ ഗോഡ്‌സെ ശിഷ്യരാണോ? മധ്യപ്രദേശിലെ ഒരു കോണ്‍ഗ്രസ് നിയമസഭാംഗം പറഞ്ഞ വാക്കുകള്‍ കേട്ടപ്പോള്‍ ഉണ്ടായ സംശയമാണിത്. പ്രജ്ഞാസിംഗ് താക്കൂറിന്റെ കോലമല്ല കത്തിക്കേണ്ടത്, അവളെ പച്ചയ്ക്കാണ് കത്തിക്കേണ്ടത് എന്നാണ് ആ എം.എല്‍.എ പറഞ്ഞത്. അത് തെറ്റായിപ്പോയി എന്ന് ഒരു കോണ്‍ ഗ്രസ് നേതാവും പറഞ്ഞിട്ടുമില്ല. ഈ എം.എല്‍.എയ്ക്ക് ഇതുപറയാന്‍ ഊര്‍ജ്ജം നല്‍കിയത് കോണ്‍ഗ്രസ്സിന്റെ കിടിലന്‍ നേതാവ് രാഹുല്‍ ഗാന്ധിയാണ്. പ്രജ്ഞയെ ഭീകരവാദി എന്നാണ് രാഹുല്‍ ആക്ഷേപിച്ചത്.
പാര്‍ലമെന്റില്‍ വെച്ച് രണ്ടുതവണ മാപ്പപേക്ഷിക്കുകയാണ് പ്രജ്ഞ ചെയ്തത്. മാപ്പപേക്ഷിക്കുന്നവരുടെ തെറ്റു പൊറുക്കുന്നതാണ് ഗാന്ധിയന്‍ രീതി. മാത്രമല്ല ഒരു കവിളത്തടിച്ചാല്‍ മറുകവിളും കാണിച്ചുകൊടുക്കാനും ഗാന്ധിജി ഉപദേശിച്ചിരുന്നു. ഗാന്ധിയുടെ ഈ അഹിംസാസിദ്ധാന്തം വിട്ട് രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ ആളുകളെ വെടിവെച്ചുകൊല്ലുന്ന ഗോഡ്‌സെയുടെ പൈതൃകമാണ് കോണ്‍ഗ്രസ്സുകാര്‍ സ്വീകരിച്ചിരിക്കുന്നത്. ഒരു തെളിവുമില്ലാതെ തന്നെ ഭീകരവാദി എന്ന് ആക്ഷേപിച്ചതില്‍ വേദനയറിയിച്ച പ്രജ്ഞയോട് തന്റെ നിലപാടില്‍ മാറ്റമില്ല എന്നു രാഹുല്‍ പറഞ്ഞതില്‍ നിന്ന് ഇത് വ്യക്തം. ഗോഡ്‌സെ ഭക്തരായ ഹിന്ദു മഹാസഭക്കാര്‍ക്ക് എക്കാലത്തും സഹായമരുളിയത് കോണ്‍ഗ്രസ് ആയിരുന്നു എന്നും മറക്കരുത്.