2014 മുതല്‍ ഭാരതത്തില്‍ നടന്ന മൂന്നു പൊതുതിരഞ്ഞെടുപ്പുകളിലും നരേന്ദ്ര ദാമോദര്‍ദാസ് മോദിയുടെ നേതൃത്വത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടി നേതൃത്വം നല്‍കിയ മുന്നണി തന്നെ അധികാരത്തില്‍ വന്നു എന്നത് ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ജനാധിപത്യ ചരിത്രത്തിലെ അത്ഭുതമായി തന്നെ കാണേണ്ടതുണ്ട്. ഈ നൂറ്റാണ്ടില്‍ ലോകത്തെ മറ്റു ജനാധിപത്യരാജ്യങ്ങളില്‍ ഒരിടത്തും തിരഞ്ഞെടുപ്പില്‍ മൂന്നാം തവണയും ഒരേ നേതാവിന്റെ കീഴില്‍ ഒരേ മുന്നണി അധികാരത്തില്‍ വന്നിട്ടില്ല. നെഹ്‌റു 1951, 1957, 1962 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി തിരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നു എന്നാണ് ചില ആധുനിക മാധ്യമപാണന്മാര്‍ പാടിനടക്കുന്നത്. സ്വാതന്ത്ര്യം ലഭിച്ച ആദ്യവര്‍ഷങ്ങളില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടികള്‍ വളര്‍ന്നു പ്രചരിച്ചുതുടങ്ങിയിരുന്നില്ല എന്നതാണ് വാസ്തവം. പുതിയ പാര്‍ട്ടി ജനിച്ചാലും അതിന് ജനങ്ങളില്‍ എത്താനുള്ള പ്രചാരണ സംവിധാനങ്ങളും അന്നില്ലായിരുന്നു. ആകാശവാണി എന്നത് നെഹ്‌റു സര്‍ക്കാരിന്റെ കയ്യിലായിരുന്നു. അതിനെ എങ്ങനെ ദുരുപയോഗം ചെയ്താലും ചോദ്യം ചെയ്യാന്‍ അന്ന് ആളില്ലായിരുന്നു. പുതുക്കി പണിത ഗുജറാത്തിലെ സോമനാഥ ക്ഷേത്രം ഭാരതത്തിന്റെ പ്രസിഡന്റ് ഡോ.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്ത വാര്‍ത്ത പോലും നെഹ്‌റുവിന് താല്പര്യമില്ലാത്തതിനാല്‍ ആകാശവാണി റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
1885 ല്‍ രൂപീകരിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഭാരത സ്വാതന്ത്ര്യത്തിനായി സമരം നടത്തിയ ഒരു ജനകീയ പ്രസ്ഥാനമായിരുന്നു. എന്നാല്‍, സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ് പിരിച്ചു വിടണം എന്ന മഹാത്മാഗാന്ധിയുടെ വാക്കുകള്‍ തള്ളിക്കളഞ്ഞ് സ്വാര്‍ത്ഥ ലക്ഷ്യത്തോടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നെഹ്‌റു തീരുമാനം എടുത്തു. ഏതാണ്ട് 62 കൊല്ലം ഭാരതത്തിലെ ജനങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഒരു സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റുമ്പോള്‍ അതിനു ജനങ്ങള്‍ക്കിടയില്‍ ലഭിക്കുന്ന അംഗീകാരം, പ്രചാരം എന്നിവ എത്ര വലുതായിരിക്കും എന്ന് ഊഹിക്കാമല്ലോ? ആ കാലഘട്ടത്തിലെ തിരഞ്ഞെടുപ്പു ഫലങ്ങള്‍ കാണുമ്പോള്‍ അത് ബോധ്യമാവും.
ബിജെപിയുടെ മൂന്നാം വരവില്‍ വിറങ്ങലിച്ച ഇന്‍ഡി മുന്നണി ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയില്ല എന്നും എന്‍ഡിഎക്ക് 400 സീറ്റുകള്‍ കിട്ടിയില്ല എന്നും പറഞ്ഞ് ഇപ്പോള്‍ ആശ്വാസം കൊള്ളുകയും മോദിയെ വിമര്‍ശിക്കുകയുമാണ്. ഭരിക്കാന്‍ വേണ്ട ഭൂരിപക്ഷം മുന്നണിയായി നേടിയാണ് നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. കേന്ദ്രത്തില്‍ മൂന്നാം തവണ അധികാരത്തില്‍ വരിക എന്നത് മാത്രമല്ല ആന്ധ്ര, ഒഡിഷ, അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി അധികാരം പിടിക്കുകയും ചെയ്തു. ജൂണ്‍ 5 ആയപ്പോഴേക്കും മോദി നേതൃത്വം നല്‍കുന്ന എന്‍ഡിഎ ഭരണം ശക്തമായ രീതിയില്‍ മുന്നേറുമെന്ന് ഉറപ്പിക്കാന്‍ കഴിയുന്നവിധം എന്‍ഡിഎ സീറ്റുകള്‍ 305 ആയി ഉയര്‍ന്നു. ഇനിയും അത് ഉയര്‍ന്നു കൊണ്ടിരിക്കും എന്നതില്‍ സംശയമില്ല. ഇന്‍ഡി മുന്നണി ദിവസം തോറും നേര്‍ത്ത് വരും എന്നു സാരം.
വോട്ടിംഗ് നിലയില്‍ വന്ന കുറവാണ് ബിജെപിയുടെ നാന്നൂറ് സീറ്റെന്ന ലക്ഷ്യം തകര്‍ത്തത്. ഹിന്ദു മധ്യവര്‍ഗം വെയില്‍ കൊള്ളാന്‍ മടിച്ചു, വോട്ട് ചെയ്യാതെ വീട്ടില്‍ ഇരുന്നു എന്ന് പറയേണ്ടിവരും. 2019 ലെ വോട്ടിംഗ് നിലവാരം കൈവരിച്ചിരുന്നു എങ്കില്‍ നരേന്ദ്രമോദിയുടെ ‘അഗലി ബാര്‍ ചാര്‍ സൗ പാര്‍’ എന്ന മുദ്രാവാക്യം സാക്ഷത്കരിക്കാന്‍ കഴിയുമായിരുന്നു. 70% വോട്ടിംഗ് വന്നാല്‍ മാത്രമേ മുസ്ലിം വര്‍ഗീയവോട്ടിംഗ് തടയാന്‍ കഴിയൂ എന്ന് ദേശീയവാദികള്‍ ഓര്‍ക്കേണ്ടതുണ്ട്. നരേന്ദ്രമോദി 400 കിട്ടും എന്ന് പറഞ്ഞതുകൊണ്ടുമാത്രം അതു കിട്ടില്ല. രാഷ്ട്രം നല്ല രീതിയില്‍ മുന്നേറണം എന്ന് ആഗ്രഹമുള്ളവര്‍ 400 നേടാന്‍ യത്‌നിക്കേണ്ടിയിരുന്നു. നരേന്ദ്ര മോദി തന്റെ ലക്ഷ്യം നേടാന്‍ കഠിനമായി യത്‌നിച്ചു. എന്നാല്‍ പ്രവര്‍ത്തകര്‍ അതിനുവേണ്ടി എത്രമാത്രം കഷ്ടപ്പെട്ടു എന്ന് ചിന്തിക്കണം. 400 എന്നത് ഒരു വലിയ ലക്ഷ്യമാണ്. അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുല്‍ കലാം ‘കുന്നിക്കുരുവോളം നേടണം എങ്കില്‍ കുന്നോളം സ്വപ്‌നം കാണണം’ എന്ന് പറഞ്ഞത് പോലെയാണ് മോദി അണികള്‍ക്ക് മുന്നില്‍ ഒരു ലക്ഷ്യം വെച്ചത്. മൂന്നാം വരവില്‍ ഭാരതത്തിന്റെ മുഖച്ഛായ മാറ്റാന്‍ കഴിയണം എന്ന ലക്ഷ്യം വെച്ച മോദിജിക്ക് ഭാഗികമായി നിരാശപ്പെടേണ്ടിവന്നു. മൂന്നാം മത്സരത്തില്‍ എല്ലാം മറന്ന് ഒത്ത് പിടിച്ചിട്ടും ഭരണം നേടാന്‍ കഴിയാതെ പോയ ഇന്‍ഡി മുന്നണി നേതാക്കള്‍, രാഷ്ട്രവിരുദ്ധ ശക്തികളുടെ പക്ഷം ചേര്‍ന്ന് നില്‍ക്കുന്ന മാധ്യമങ്ങള്‍ എന്നിവര്‍ സ്വയം ആശ്വസിക്കാന്‍ പടച്ചുവിടുന്ന വാര്‍ത്തകള്‍ വിഴുങ്ങി നെടുവീര്‍പ്പിടുന്നതിന് പകരം തെറ്റുകള്‍ മനസ്സിലാക്കി മുന്നേറുകയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ചെയ്യേണ്ടത്.
ബിജെപി പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ കൃത്യമായി നടപ്പിലാക്കിയതാണ് മോദി സര്‍ക്കാരിനെ ഇതര സര്‍ക്കാരുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ജമ്മുകശ്മീര്‍ സംസ്ഥാനത്തിന് പ്രത്യേകപദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ നീക്കം ചെയ്യുക, മുസ്ലിം സ്ത്രീകളെ പുരുഷന്റെ ഭോഗവസ്തു ആയി കണ്ട് ഉപയോഗശേഷം വലിച്ചെറിയാന്‍ അനുമതി കൊടുത്തിരുന്ന മുത്തലാഖ് നിയമം റദ്ദ് ചെയ്യല്‍ എന്നിവ മുഴുവന്‍ പ്രതിപക്ഷകക്ഷികളുടെയും എതിര്‍പ്പിനെ അവഗണിച്ചുകൊണ്ട് നടപ്പിലാക്കിയതാണ് മോദി സര്‍ക്കാരിന്റെ നേട്ടം. പത്ത് വര്‍ഷം ഭരിച്ചിട്ടും പ്രതിപക്ഷത്തിന് മോദി സര്‍ക്കാരിനെതിരെ ഒരു തരത്തിലുള്ള അഴിമതിയും ഉയര്‍ത്താന്‍ കഴിഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്. 2014 ല്‍ അധികാരമേറ്റപ്പോള്‍ നരേന്ദ്രമോദിയാണ് രാജ്യത്ത് എല്ലാവര്‍ക്കും സീറോ ബാലന്‍സ് ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ പ്രേരണ നല്‍കിയത്. നേരത്തെ രാജീവ് ഗാന്ധി ഒരു രൂപ ദല്‍ഹിയില്‍ നിന്നയയ്ക്കുമ്പോള്‍ പതിനഞ്ച് പൈസമാത്രമേ ഉദ്ദേശിച്ച വ്യക്തിക്ക് ലഭിക്കൂ എന്ന് പരിതപിച്ചതിന് വിപരീതമായി ഡിജിറ്റല്‍ പേയ്‌മെന്റിലൂടെ അയക്കുന്ന പണം പൂര്‍ണ്ണമായും ഉദ്ദേശിച്ച വ്യക്തിക്ക് ലഭിക്കുന്ന വിധത്തില്‍ മാറ്റിയെടുത്തത് മോദിയാണ്. രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി നടത്തിയ നിരവധിയായ ക്ഷേമപ്രവര്‍ത്തനങ്ങളും, അടിസ്ഥാന സൗകര്യമേഖലയില്‍ ഉണ്ടായ വികസനവും സാമ്പത്തിക കുതിപ്പും ലോക രാഷ്ട്രങ്ങളുടെ ഇടയില്‍ ഭാരതത്തിന്റെ യശസ്സുയര്‍ത്തി. 2014 ന് മുന്‍പ് ഭാരതം ലോകത്തിലെ പതിനൊന്നാമത്തെ സാമ്പത്തിക ശക്തി ആയിരുന്നുവെങ്കില്‍ 2022 ല്‍ അഞ്ചാം സ്ഥാനത്ത് എത്തി. 2027 ഓടെ മൂന്നാം സ്ഥാനം എന്നതാണ് മോദിയുടെ ലക്ഷ്യം. അതിനാണദ്ദേഹം കഠിനാധ്വാനം ചെയ്യുന്നത്. വളര്‍ച്ചാ നിരക്കില്‍ ലോകത്തിലെ വികസിത രാജ്യങ്ങള്‍ പിന്നോട്ട് പോയപ്പോള്‍ എട്ടു ശതമാനത്തിലേറെ നമ്മുടെ സമ്പദ് ഘടന വളര്‍ന്നു എന്ന് ഐ.എം.എഫ്. അടക്കമുള്ള ലോകസാമ്പത്തിക ഏജന്‍സികള്‍ അഭിപ്രായപ്പെട്ടു. യുപിഎ കാലഘട്ടത്തില്‍ രണ്ടക്കത്തില്‍ തുടര്‍ന്നിരുന്ന പണപ്പെരുപ്പം എല്ലായ്‌പ്പോഴും അഞ്ചു ശതമാനത്തില്‍ താഴ്ന്നു തന്നെ തുടര്‍ന്നു എന്നതും രാജ്യത്തെ ജനങ്ങള്‍ക്ക് പ്രയാസമില്ലാതെ ജീവിക്കാന്‍ പറ്റിയ അന്തരീക്ഷം സൃഷ്ടിച്ചു. ചൈനയെ ഉപേക്ഷിച്ചുപോകുന്ന വ്യവസായ സ്ഥാപനങ്ങള്‍ ഭാരതത്തില്‍ വന്ന് പ്രവര്‍ത്തനം തുടങ്ങുന്നു എന്നത് 2014 മുതല്‍ നമ്മുടെ രാജ്യത്ത് മികച്ച വ്യവസായിക അന്തരീക്ഷം ആണെന്ന് സാക്ഷ്യപ്പെടുത്തുന്നു.
2014 ല്‍ അധികാരത്തില്‍ വന്ന മോദി സര്‍ക്കാര്‍ രാജ്യത്ത് നിന്നും അഴിമതി തുടച്ചുനീക്കാനായി കനത്ത പോരാട്ടമാണ് തുടര്‍ന്നു കൊണ്ടിരിക്കുന്നത്. ഭാരത സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിക്കാനായി 2016 നവംബര്‍ മാസത്തില്‍ മോദി സര്‍ക്കാര്‍ നടത്തിയ നോട്ട് നിരോധനം രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ അടക്കം മുഴുവന്‍ കള്ളപ്പണക്കാരുടെയും നടുവൊടിച്ചിരുന്നു. മുഖ്യമന്ത്രിമാരും സംസ്ഥാന മന്ത്രിമാരും അടക്കം നിരവധി പേര്‍ ജയിലില്‍ എത്തി എന്നതാണ് പ്രതിപക്ഷ കക്ഷികളെ പ്രകോപിപ്പിച്ചത്. 2012 ല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുപിഎ സര്‍ക്കാരിനെതിരെ അണ്ണാ ഹസാരയുടെ നേതൃത്വത്തില്‍ ഉയര്‍ന്ന അഴിമതി വിരുദ്ധ പ്രക്ഷോഭം മുതലെടുത്ത് കൊണ്ട് അധികാരത്തില്‍ എത്തിയ കെജ്‌രിവാളിന് പോലും മദ്യ അഴിമതിയില്‍ കുരുങ്ങി ജയിലില്‍ പോകേണ്ടി വന്നു.
ഏതുവിധേനയും നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പോകേണ്ടത് ഇവിടുത്തെ പ്രതിപക്ഷത്തിന്റെ കൂട്ടായ ആവശ്യമായി വളര്‍ന്നു. അല്ലെങ്കില്‍ തങ്ങള്‍ക്ക് യഥേഷ്ടം അഴിമതി, സ്വജന പക്ഷപാതം എന്നിവ നടത്താന്‍ കഴിയാതെ വരികയും നിലനില്‍പ്പ് തന്നെ അവതാളത്തിലാവുകയും ചെയ്യുമെന്ന് പ്രതിപക്ഷ കക്ഷികള്‍ക്കും മതപരിവര്‍ത്തന ലോബികള്‍ക്കും ഭീകരവാദികള്‍ക്കും ഉറപ്പായിരുന്നു. ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ ആശങ്കയുള്ള അമേരിക്ക, ചൈന, ജര്‍മ്മനി, കാനഡ, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവിടങ്ങളിലെ ഭരണകൂടങ്ങള്‍ക്കും ഭാരതം വളരുന്നതില്‍ അസ്വസ്ഥത നിലനിന്നിരുന്നു. പണവും ആയുധവും കൊടുത്ത് പാകിസ്ഥാനെ വളര്‍ത്തിയാലൊന്നും ഭാരതം തകരില്ലെന്ന് അവര്‍ക്കൊക്കെ ബോധ്യം വന്നു. അമേരിക്കയിലെ ജോര്‍ജ് സൊറസ്, ഫ്രാന്‍സിലെ ക്രിസ്റ്റോഫര്‍ ജാഫര്‍ലോട്ട് മുതലായ വ്യക്തികളും ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍, ഹെന്ററി ലൂസ് ഫൗണ്ടേഷന്‍, ഗാന്ധി എന്‍ഡോവ്‌മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസ് ഫൗണ്ടേഷന്‍ തുടങ്ങിയ സംഘടനകള്‍ ബിജെപി ഭരണത്തില്‍ ന്യൂനപക്ഷങ്ങളും പട്ടിക ജാതിക്കാരും പീഡിപ്പിക്കപ്പെടുന്നു എന്ന് കള്ളങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങളെ ജാതീയമായും മതപരമായും പ്രാദേശപരമായും വിഘടിപ്പിച്ചു നിര്‍ത്താന്‍ വര്‍ഷങ്ങളായി പണിയെടുത്തു കൊണ്ടിരിക്കുന്നുണ്ട്. കട്ടിംഗ് സൗത്ത് പ്രൊജക്റ്റ് ഇതിനുള്ള ഉദാഹരണമാണ്. ആംനെസ്റ്റി ഇന്റര്‍നാഷണല്‍ എന്ന സംഘടന ഭാരതത്തില്‍ നടക്കുന്ന സംഭവങ്ങളെയും തെറ്റായി വ്യാഖ്യാനിച്ചു അന്താരാഷ്ട്രതലത്തില്‍ ദുഷ്പ്രചരണം നടത്തിക്കൊണ്ടിരുന്നു. സര്‍ക്കാര്‍ ചെലവില്‍ ജമ്മു കശ്മീരില്‍ നിലനിന്നിരുന്ന ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഓഫീസ് സംവിധാനം കേന്ദ്ര സര്‍ക്കാറിന് അടച്ചുപൂട്ടേണ്ടി വന്നു.
തിരഞ്ഞെടുപ്പിന് മുന്‍പ് ഭാരതത്തില്‍ ജാതി സെന്‍സസ് നടത്തണം എന്ന പ്രതിപക്ഷ ആവശ്യം വിദേശത്തു നിന്നും വന്ന വ്യാജ പഠനങ്ങള്‍ അടിസ്ഥാനമാക്കി ഉണ്ടായതാണ്. ഉത്തരേന്ത്യയില്‍ മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളെ മുഴുവന്‍ സംഘപരിവാര്‍ ആക്രമിച്ചു കൊണ്ടിരിക്കുന്നു എന്ന പ്രചരണവും മേല്‍പ്പറഞ്ഞ വിദേശനുണകളില്‍ നിന്നും ഉയര്‍ന്നതാണ്. നമ്മുടെ ഭൂരിപക്ഷം മാധ്യമങ്ങളും വിദേശ ഫണ്ട് കൈപ്പറ്റി ഈ നുണകള്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട് എന്നതാണ് വസ്തുത. ഈ പ്രചാരണത്തില്‍ വലിയൊരു ശതമാനം വോട്ടര്‍മാര്‍ വീണു പോയിട്ടുണ്ട് എന്നാണ് യുപി, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും വന്ന തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്.
ബിജെപി സര്‍ക്കാര്‍ കൂടുതല്‍ സീറ്റുകള്‍ നേടി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഭരണഘടന തിരുത്തി പിന്നാക്ക, പട്ടിക ജാതി-വര്‍ഗ സംവരണങ്ങള്‍ ഇല്ലായ്മ ചെയ്യും എന്ന പ്രചരണം യുപിയില്‍ കാര്യമായി സ്വാധീനം ചെലുത്തി എന്നത് വോട്ടിംഗ് ഫലം പഠിച്ചാല്‍ കാണാം. 2019 ല്‍ 10 സീറ്റുകള്‍ നേടിയ ബിഎസ്പിയെ ഇത്തവണ ചിത്രത്തില്‍ കാണുന്നില്ല. ആഭ്യന്തര മന്ത്രി അമിത് ഷായുടെ പേരില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ പിന്നാക്ക സംവരണം നിര്‍ത്തും എന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ചത് ഹിന്ദു വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ വേണ്ടി ആയിരുന്നു. സിഎഎയുടെ മറവില്‍ മുസ്ലിങ്ങളെ ഭാരതത്തില്‍ നിന്നും പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്ക് നാട് കടത്തും എന്ന പ്രചരണവും മുസ്ലിം വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇന്‍ഡി മുന്നണിക്ക് വോട്ട് ചെയ്താല്‍ മാസത്തില്‍ ഒരു കുടുംബത്തിന് 8,500 രൂപയും വര്‍ഷത്തില്‍ ഒരു ലക്ഷം രൂപയും നല്‍കും എന്ന് ഇവര്‍ ഓരോ വീട്ടിലും ഗ്യാരണ്ടി കാര്‍ഡ് കൊടുത്തിരുന്നു എന്ന വിവരം പുറത്ത് വന്നുകൊണ്ടിരിക്കുന്നു. ജൂണ്‍ 5 മുതല്‍ പണം വിതരണം ചെയ്യും എന്ന വാഗ്ദാനം വിശ്വസിച്ചു വനിതകള്‍ ഇപ്പോള്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് മുന്നില്‍ ക്യു നില്‍ക്കുന്നു എന്നാണ് വാര്‍ത്ത. രാഷ്ട്രത്തെ മുന്നോട്ടു നയിക്കാന്‍ വേണ്ടി അല്ല ഇന്‍ഡി മുന്നണി അധികാരം ലക്ഷ്യം വെക്കുന്നത്. സ്വന്തം കുടുംബം നോക്കാന്‍ വേണ്ടിയാണ് അവര്‍ക്ക് ഭരണം.
പ്രതിപക്ഷ കക്ഷികളുടെ ഓരോ പ്രസ്താവനയുടെയും നിജസ്ഥിതി ജനങ്ങള്‍ അറിയുമ്പോള്‍ അവര്‍ കൂടുതല്‍ കൂടുതല്‍ നാണംകെട്ടു കൊണ്ടിരിക്കുകയാണ്. വോട്ടിംഗ് മെഷീന്‍ ബിജെപി ദുരുപയോഗം ചെയ്യും എന്ന് കോടതിയില്‍ പോയി പറഞ്ഞവര്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല. വി.വി പാറ്റ് മുഴുവന്‍ എണ്ണണം എന്ന് ആവശ്യപ്പെട്ട് കോടതിയില്‍ കേസ് കൊടുത്തവര്‍ക്ക് കേസ് തള്ളിപ്പോയതില്‍ നിരാശ വന്നിരുന്നു. വോട്ടെണ്ണല്‍ തലേന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ജയറാം രമേശ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 150 ഓളം ജില്ലാ കളക്ടര്‍മാരെ വിളിച്ചു വോട്ടെണ്ണലില്‍ കൃത്രിമം നടത്താന്‍ അഭ്യര്‍ത്ഥിച്ചു എന്ന ഗുരുതരമായ ആരോപണത്തിന്റെ പേരില്‍ ജയറാം രമേശിന് ഇലക്ഷന്‍ കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെങ്കിലും അദ്ദേഹത്തിന് മറുപടി നല്‍കാന്‍ കഴിഞ്ഞില്ല. നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണഘടനാ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നു എന്ന് ആരോപണം ഉന്നയിക്കുന്ന ഇന്‍ഡി മുന്നണി നേതാക്കള്‍ തന്നെയാണ് ഭരണഘടനാ സ്ഥാപനങ്ങളെ അവഹേളിച്ചുകൊണ്ടിരിക്കുന്നത് എന്നതിന്റെ വലിയ തെളിവുകളാണ് ഇതൊക്കെ. അഴിമതി നടത്തിയ ദല്‍ഹി മുഖ്യമന്ത്രി കേജ്‌രിവാളിന് ഒന്‍പതു തവണ ഇഡി നോട്ടീസ് നല്‍കുകയും തന്നെ അറസ്റ്റ് ചെയ്യുന്നത് തടയണം എന്ന കേജ്‌രിവാളിന്റെ അപേക്ഷ കോടതി തള്ളിക്കളയുകയും ചെയ്ത ശേഷമാണ് ഇ.ഡി അഴിമതിയുടെ പേരില്‍ ദല്‍ഹി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി ആയാലും നിയമം അതിന്റെ വഴിക്ക് നീങ്ങണം എന്ന സന്ദേശമാണ് മോദി സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന നയം. ഇതൊക്കെ എങ്ങനെയാണ് ഭരണഘടനാ സ്ഥാപനങ്ങളെ മോദി സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നതിന്റെ ഉദാഹരണം ആവുന്നത് എന്നറിയില്ല. അഴിമതിക്കെതിരെ മോദിഭരണകൂടം കണ്ണടയ്ക്കണം എന്നാണോ ഇന്‍ഡി മുന്നണി പറയുന്നത്? സത്യത്തില്‍ ഭരണഘടനാ സ്ഥാപനങ്ങളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ മോദി സര്‍ക്കാര്‍ അനുവദിക്കുന്നു എന്നാണ് ഇതൊക്കെ കാണിക്കുന്നത്.
2024 ലെ തിരഞ്ഞെടുപ്പു ഫലം നമ്മുടെ ജനാധിപത്യത്തെ ദുരുപയോഗം ചെയ്യാന്‍ കഴിയുന്ന തരത്തിലാണുള്ളത് എന്ന് തെളിയിക്കുന്നു. വോട്ടര്‍മാര്‍ ഇന്‍ഡി മുന്നണിയുടെ സ്വാധീനത്തില്‍ അകപ്പെട്ടിരിക്കുന്നു എന്ന് തിരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നു. പ്രലോഭനം, ഭയപ്പെടുത്തല്‍ എന്നിവയ്ക്ക് വിധേയമായാണ് വലിയൊരു ശതമാനം വോട്ടര്‍മാര്‍ വോട്ട് ചെയ്തത്.
രാഷ്ട്രത്തെ തകര്‍ക്കുക എന്നതാണ് രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം എന്നാണ് എക്‌സിറ്റ് പോള്‍ ഫലം വന്ന ദിവസം ഷെയര്‍ മാര്‍ക്കറ്റില്‍ വന്ന വ്യതിയാനത്തിനെതിരെ അദ്ദേഹം ഉയര്‍ത്തിയ ആരോപണം തെളിയിക്കുന്നത്. ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപം നടത്തണം എന്ന് നേരത്തെ പ്രധാനമന്ത്രി നടത്തിയ ഒരു അഭ്യര്‍ത്ഥനയെ ജൂണ്‍ രണ്ടിന് ഷെയര്‍ മാര്‍ക്കറ്റില്‍ വന്ന കുതിപ്പുമായും വോട്ടെണ്ണല്‍ ദിവസം വന്ന തകര്‍ച്ചയുമായും ബന്ധിപ്പിക്കാന്‍ ആണ് രാഹുല്‍ ശ്രമിച്ചത്. 30 ലക്ഷം കോടി രൂപ നിക്ഷേപകര്‍ക്ക് നഷ്ടം വന്നു എന്നാണ് രാഹുല്‍ പറയുന്നത്. രാഹുലിന്റെ കണക്കുകള്‍ കള്ളമാണ് എന്ന് പറയാമെങ്കിലും ഷെയര്‍ മാര്‍കറ്റില്‍ ഇതൊക്കെ സാധാരണമാണ്. ഷെയര്‍ മാര്‍ക്കറ്റില്‍ ഒരു രാഷ്ട്രത്തില്‍ വരുന്ന ഭരണമാറ്റം സ്വാധീനം ചെലുത്തും എന്ന് ചിന്തിക്കാന്‍ കഴിയാത്ത മണ്ടനാണോ രാഹുല്‍? സത്യത്തില്‍ ഇത് രാഹുല്‍ അടിച്ച സെല്‍ഫ് ഗോള്‍ ആണ്. മോദി ഭരണം മാര്‍ക്കറ്റില്‍ മുന്നേറ്റം ഉണ്ടാക്കും എന്നും ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥക്ക് ഉത്തേജനം നല്‍കും എന്നും ഇന്‍ഡി ഭരണം ഷെയര്‍ മാര്‍ക്കറ്റില്‍ തകര്‍ച്ച ഉണ്ടാക്കും എന്നും സമ്പദ് വ്യവസ്ഥ തകര്‍ക്കും എന്നും ആണ് രാഹുല്‍ പറയാതെ പറഞ്ഞത്. ഫലം വന്ന ദിവസം പിന്നോട്ട് പോയ മാര്‍ക്കറ്റ് മോദി ഭരണം വരും എന്ന് അറിഞ്ഞപ്പോള്‍ തിരിച്ചു കയറി എന്നത് നമ്മള്‍ കാണുന്നു. ഈ വിഷയത്തില്‍ ജെ.പി.സി. അന്വേഷണം ആണ് രാഹുല്‍ ആവശ്യപ്പെടുന്നത്. തന്റെ വിവരമില്ലായ്മ ജനങ്ങള്‍ അറിയുന്നതില്‍ ഒരു അപമാനവും തോന്നാത്ത നേതാവാണ് രാഹുല്‍ എന്ന് പറയാം.
ഏതായാലും ഭാരതത്തിലെ ജനങ്ങള്‍ ഭാഗ്യവന്മാരാണ് എന്ന് പറയാം. രാഷ്ട്രത്തെ ധ്യാനിച്ചു ഭരണം നടത്തുന്ന കര്‍മ്മയോഗിയായ മോദിയുടെ കീഴില്‍ രാജ്യം മുന്നേറുന്നതും ജനങ്ങള്‍ പുരോഗതി പ്രാപിക്കുന്നതും അനുഭവിച്ചറിയാന്‍ ഭാഗ്യം ലഭിച്ചവരാണ് ഭാരതീയര്‍.