രണ്ട് വര്‍ഷം മുന്‍പ് ആര്‍.എസ്. എസ് അഖിലഭാരതീയ കാര്യകാരി അംഗം രാംമാധവ് രചിച്ച ‘പാര്‍ട്ടീഷന്‍ഡ് ഫ്രീഡം’ എന്ന പുസ്തകത്തിന്റെ പ്രകാശനചടങ്ങില്‍ വെച്ച് രാജ്യസഭാംഗവും പ്രസിദ്ധ തിരക്കഥാകൃത്തുമായ വിജയേന്ദ്രപ്രസാദ് നടത്തിയ പ്രസംഗം ദേശീയതലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. അദ്ദേഹം പറഞ്ഞു ‘എനിക്ക് ആര്‍എസ്എസ്സിനെക്കുറിച്ച് മൂന്ന്, നാല് വര്‍ഷം മുമ്പുവരെ കാര്യമായി ഒന്നുമറിയില്ലായിരുന്നു. മറ്റ് പലരെയും പോലെ ഗാന്ധിയെ കൊന്നവര്‍ എന്ന് ഞാനും വിശ്വസിച്ചു. ഞാന്‍ നാഗ്പൂരില്‍ പോയി മോഹന്‍ ഭാഗവതിനെ കണ്ടു. ഒരു ദിവസം അവിടെ തങ്ങി. ഈ മഹത്തായ പ്രസ്ഥാനത്തെ അറിയാന്‍ ഇത്ര വൈകിയതെന്ത് എന്ന് ഞാന്‍ പശ്ചാത്തപിച്ചു. ആര്‍എസ്എസ് ഉണ്ടായിരുന്നില്ലെങ്കില്‍ കശ്മീര്‍ പാകിസ്ഥാനോട് ചേരുമായിരുന്നു. ആര്‍എസ്എസ് ഒരു തെറ്റ് ചെയ്തു എന്ന് ഞാന്‍ കരുതുന്നു. അവര്‍ അവരെക്കുറിച്ച് മാത്രം ജനങ്ങളുടെ മുന്നില്‍ ഒന്നും പറഞ്ഞില്ല.’
ഈ പ്രസംഗത്തില്‍ പരാമര്‍ശിച്ച പ്രധാനകാര്യം കാശ്മീര്‍ ഇന്ന് ഭാരതത്തോടൊപ്പം നില്‍ക്കുന്നത് സംഘം കാരണമാണ് എന്നതാണ്. നാളിതുവരെ ജമ്മു കാശ്മീരില്‍ സംഘം നടത്തിയ ഇടപെടലുകള്‍ ചര്‍ച്ചകള്‍ക്കും പഠനത്തിനും വിധേയമാകേണ്ടതുണ്ട്.
ജമ്മു കാശ്മീരിന്റെ ചരിത്രം
ശൈവസിദ്ധാന്തത്തിന്റെ ഹൃദയഭൂമികയാണ് കാശ്മീരം. ശങ്കരന്റെ ശാരദാപീഠം കാശ്മീരത്തിലാണ്. ഗോപാദ്രി മലയിലെ ജ്യേഷ്‌ഠേശ്വരനും, ഝലം നദിക്കരയിലെ ദുര്‍ഗ്ഗാമന്ദിരവും, ആദിപരാശക്തിയുടെ വാസസ്ഥലമായ ഗൗരിമാര്‍ഗ്ഗും, വരാഹ മുല്ല എന്നാ ബാരാമുല്ലയും എല്ലാം ശൈവിസത്തിന്റെ അലകളാണ്. കശ്യപമഹര്‍ഷിയും, ഭരതമുനിയും, ലളിതാദിത്യനും, ബുദ്ധനും, ശങ്കരനും, കാശ്മീരത്തിന്റെ സ്വന്തമാണ്. അറിവിന്റെ കേന്ദ്രമാണത്. ബി.സി 3000ത്തിനു മുന്‍പ് നിയൊലിതിക് കാലഘട്ടത്തില്‍ തന്നെ അവിടെ സാംസ്‌കാരിക വളര്‍ച്ചയെത്തിയ ഒരുജനത ഉണ്ടായിരുന്നു എന്നതിനു തെളിവുണ്ട്. ശൈവത്തിനൊപ്പം തന്നെ മഹായാനബുദ്ധിസവും കാശ്മീരില്‍ പടര്‍ന്നിരുന്നു. ബി.സി 300ല്‍ അശോക ചക്രവര്‍ത്തിയുടെ കാലത്താണ് ബുദ്ധിസം അവിടെ വേരോടുന്നത്. കനിഷ്‌ക ചക്രവര്‍ത്തിയുടെ കാലത്ത് നാലാമത് ബുദ്ധ കൗണ്‍സില്‍ ചേര്‍ന്നത് കാശ്മീരിലാണ്.
കാശ്മീരത്തിന്റെ രാജനൈതിക ചരിത്രം ചര്‍ച്ചചെയ്യുമ്പോള്‍ ആദ്യം പ്രതിപാദിക്കേണ്ട ഗ്രന്ഥമാണ് രാജതരംഗിണി. 12-ാം നൂറ്റാണ്ടില്‍ കാശ്മീരില്‍ ജീവിച്ചിരുന്ന സംസ്‌കൃത പണ്ഡിതനായ കല്‍ഹണനാല്‍ എഴുതപ്പെട്ട എട്ടു പുസ്തകങ്ങളാണ് രാജതംഗിണി എന്ന് അറിയപ്പെടുന്നത്. കല്‍ഹണന്‍ എന്ന മഹാപണ്ഡിതന്റെ പിതാവ് കാശ്മീര്‍ ഭരിച്ചിരുന്ന ഹര്‍ഷചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്നു. ബി.സി. 2448 മുതലുള്ള ചരിത്രം കല്‍ഹണന്‍ രേഖപ്പെടുത്തുന്നു. ഗോനന്ദ ഒന്നാമന്‍ 2448 ബിസിയില്‍ കാശ്മീര്‍ ഭരിച്ചതായി അദ്ദേഹം രാജതരംഗിണിയില്‍ സൂചിപ്പിക്കുന്നു. ബിസി 1100 വരെ കാശ്മീര്‍ ഭരിച്ചിരുന്ന മുഴുവന്‍ രാജാക്കന്മാരുടെയും ചരിത്രം അദ്ദേഹം രാജതരംഗിണിയില്‍ പറയുന്നു.
വേദാന്തത്തില്‍ അഭിനവ ഗുപ്തനും ഉത്പല്‍ ദേവനും, ലോകാക്ഷി ജ്യോതിശാസ്ത്രത്തില്‍, ചരകനും വാഗ്ഭടനും ആയുര്‍വേദത്തില്‍, സുശ്രുതന്‍ വൈദ്യശാസ്ത്രത്തില്‍, വ്യാകരണത്തില്‍ പാണിനി, ത്രികോണമിതിയില്‍ വടേശ്വര്‍, സംസ്‌കൃത സാഹിത്യത്തില്‍ കാളിദാസന്‍, സോമഭട്ടന്‍ നിയമത്തില്‍, ഭാസന്‍ സൗന്ദര്യ ശാസ്ത്രത്തില്‍, സംഗീത ശാസ്ത്രത്തില്‍ ശാര്‍ങ്ഗദേവന്‍, അദ്വൈതത്തില്‍ വസുഗുപ്തനും സോമാനന്ദനും, ധര്‍മ്മശാസ്ത്രത്തില്‍ വിഷ്ണുഗുപ്തന്‍- പഞ്ചതന്ത്രമെഴുതിയതും അതേ വിഷ്ണുഗുപ്തനാണ്, രാജാ ലളിതാദിത്യ, നാട്യശാസ്ത്രം രചിച്ച ഭരതമുനി, ധ്വന്യലോകം എഴുതിയ ആനന്ദവര്‍ദ്ധന്‍ തുടങ്ങി ആയിരക്കണക്കിന് പണ്ഡിതന്മാര്‍ കശ്മീരിന്റെ സംഭാവനയാണ്. ഭാരതീയ സാഹിത്യ- ദാര്‍ശനിക മീമാംസയുടെ പ്രധാന കേന്ദ്രമായിരുന്നു ശാരദാക്ഷേത്രം എന്നറിയപ്പെടുന്ന കാശ്മീരം. ഈ ചരിത്രമാണ് കല്‍ഹണന്‍ രാജതരംഗിണിയില്‍ 7826 ശ്ലോകങ്ങളില്‍ എഴുതിവെച്ചിട്ടുള്ളത് (അവലംബം Saga of the Kings of Kashmir by Ranjit Sitaram Pandit, The Indian Press, Allahabad; 1935).
ശ്രീധര ഗിരിനിരകളാല്‍ ചുറ്റപ്പെട്ട മഹാസരിത് എന്ന ദാല്‍ തടാകം കാശ്മീരത്തിന്റെ രത്‌നമാണ്. പുരാണങ്ങളില്‍ മഹാസരിത് എന്നാണ് ദാല്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. തടാകത്തിന്റെ പടിഞ്ഞാറു ഭാഗത്തായി ഇസാബാര്‍ എന്നൊരു പ്രദേശമുണ്ട്, ഇവിടെയാണ് ദുര്‍ഗ്ഗാ ദേവിയുടെ വാസസ്ഥലം എന്നാണ് വിശ്വാസം. ദാല്‍ തടാകത്തില്‍ നിന്നും നോക്കിയാല്‍ മലമുകളില്‍ ശങ്കരാചാര്യ ക്ഷേത്രം കാണാം. ബിസി 371 ല്‍ രാജാ ഗോപാദിത്യ നിര്‍മ്മിച്ചതാണ് ഈ ശിവാലയം. 5 അടിയിലധികം ഉയരവും 2 അടി വ്യാസവുമുള്ള ഒരു സാളഗ്രാമമാണ് ശിവലിംഗം. ശ്രീശങ്കരാചാര്യര്‍ കാശ്മീരത്തില്‍ എത്തിയപ്പോള്‍ പൂജചെയ്ത ക്ഷേത്രമാണ് ഇത്. പാക് അധീന കാശ്മീരിലെ കൃഷ്ണഗംഗാനദിക്കരയിലാണ് (Neelum river) ശക്തിപീഠങ്ങളില്‍ ഒന്നായ ശാരദാ പീഠം. സതീദേവിയുടെ വലതുകരം വീണ സ്ഥലമാണിത് എന്നാണ് വിശ്വസം. ഈ ക്ഷേത്രത്തിനോട് ചേര്‍ന്ന് വലിയ ഒരു പാഠശാലയും ഉണ്ടായിരുന്നതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ശാരദാപീഠം ഒരേസമയം ബുദ്ധിസത്തിന്റേയും കാശ്മീരശൈവത്തിന്റെയും കേന്ദ്രമായിരുന്നു.
പ്രതാപകാലം
ജമ്മുകാശ്മീരിന്റെ പ്രതാപകാലം ഏതെന്ന് ചോദിച്ചാല്‍ ചരിത്രം നമുക്ക് നല്‍കുന്ന ഉത്തരം ലളിതാദിത്യ മഹാരാജാവിന്റെ ഭരണകാലഘട്ടം എന്നാണ്. എഡി 625-855 കാലഘട്ടത്തില്‍ കാശ്മീര്‍ ഭരിച്ചിരുന്ന രാജവംശമാണ് കാര്‍ക്കോട രാജവംശം, ഈ കാലഘട്ടമാണ് കാശ്മീരിന്റെ സുവര്‍ണ്ണകാലമായി കണക്കാക്കുന്നത്.
കല്‍ഹണന്റെ രാജതരംഗിണിയില്‍ പറയുന്നത് എഡി 724 -760 ആണ് രാജാ ലളിതാദിത്യന്റെ ഭരണകാലം എന്നാണ്. മധ്യഭാരതം ഭരിച്ചിരുന്ന യശോധധര്‍മ്മനെ പരാജയപ്പെടുത്തിയ ലളിതാദിത്യന്‍ വിന്ധ്യാചലം കടന്ന് കര്‍ണ്ണാടകവരെയുള്ള പ്രദേശം കാശ്മീര്‍ കേന്ദ്രമാക്കി ഭരിച്ചിരുന്നു എന്ന് രാജതരംഗിണി സാക്ഷ്യപ്പെടുത്തുന്നു. ഇന്നത്തെ അഫ്ഗാനും, മധ്യേഷന്‍ രാജ്യങ്ങളും ചൈനീസ് രാജവംശമായ താങ്ങ് രാജവംശവും തിബറ്റും ലളിതാദിത്യന്റെ കീഴിലായിരുന്നു.
ഖലീഫ ഹിഷാമിന്റെ ഉത്തരവനുസരിച്ച് സിന്ധിലെ അറബ് ഗവര്‍ണറായ ജുനൈദ് കാശ്മീര്‍ ആക്രമിച്ചു. ആ ജുനൈദിനെയും അറബ് സൈന്യത്തെയും ലളിതാദിത്യന്‍ പരാജയപ്പെടുത്തി, ആക്രമണകാരികളായ തുഖാരന്മാരെ യും (തുര്‍ക്ക്‌മെനിസ്ഥാനിലെ തുര്‍ക്കികളും ബഡക്സ്ഥാനില്‍ നിന്നുള്ള ടോക്രാനും), ബാള്‍ട്ടിസ്ഥാനില്‍ നിന്നും ടിബറ്റില്‍ നിന്നുമുള്ള ആക്രമണങ്ങളേയും ലളിതാദിത്യന്‍ ചെറുത്തു പരാജയപ്പെടുത്തി. ഉസ്‌ബെക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, തെക്കന്‍ കിര്‍ഗിസ്ഥാന്‍, തെക്കുപടിഞ്ഞാറന്‍ കസാഖ്സ്ഥാന്‍ തുടങ്ങിയ ആധുനിക രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന മധ്യേഷ്യയിലും അദ്ദേഹം വിജയിച്ചു. അതിനുശേഷം അദ്ദേഹം കാബൂളിലൂടെ തുര്‍ക്കിസ്ഥാന്‍ ആക്രമിക്കുകയും ബുഖാറയിലെ മോമിനെ നാല് തവണ പരാജയപ്പെടുത്തുകയും അഞ്ചാം തവണ വധിക്കുകയും ചെയ്തു. പേര്‍ഷ്യന്‍ ചരിത്രകാരനായ അല്‍ബെറൂണിയുടെ അഭിപ്രായത്തില്‍, കശ്മീരി രാജാവായ മുത്തായി ഉസ്‌ബെക്കിസ്ഥാന്റെ ഗവര്‍ണറായിരുന്ന മോമിനെ പരാജയപ്പെടുത്തി. ഈ മുത്തായി മറ്റാരുമല്ല, ലളിതാദിത്യ മുക്തപിഡയായിരുന്നു. ഹിന്ദുകുഷ്-പാമിര്‍ മേഖലയ്‌ക്കെതിരെയും അദ്ദേഹം വിജയിച്ചു. അദ്ദേഹം തന്റെ സാമ്രാജ്യം കാസ്പിയന്‍ കടലിലേക്കും കാരക്കോറം പര്‍വ്വതനിരകളിലേക്കും വ്യാപിപ്പിച്ചു. വടക്ക് ടിബറ്റ് മുതല്‍ ദ്വാരക വരെയും തെക്ക് ഒറീസാതീരംവരെയും കിഴക്ക് ബംഗാള്‍ മുതല്‍ പടിഞ്ഞാറ് മധ്യേഷ്യ വരെ ലളിതാദിത്യന്റെ സാമ്രാജ്യം പരമോന്നത ശക്തിയോടെ സ്ഥാപിക്കപ്പെട്ടു. അദ്ദേഹത്തിന്റെ സൈന്യം പേര്‍ഷ്യയില്‍ (ഇറാന്‍) വരെ എത്തി. നിരവധി പട്ടണങ്ങളാണ് അദ്ദേഹം നിര്‍മ്മിച്ചത്, ഹിന്ദു ബൗദ്ധ ക്ഷേത്രങ്ങളും അദ്ദേഹം പണികഴിപ്പിച്ചു. ഇത്രയും ശക്തനായ ഹിന്ദു രാജാവിന്റെ കീഴിലാണ് കാശ്മീര്‍ വിശ്വപ്രസിദ്ധമായത്. അദ്ദേഹത്തിന്റെ സാന്നിധ്യം കശ്മീരിനെ ആക്രമിക്കുന്നതില്‍ നിന്ന് മുസ്ലീം രാജ്യങ്ങളെ നിരുത്സാഹപ്പെടുത്തി.
മുസ്ലീം അധിനിവേശം
കാശ്മീരം കീഴടക്കാന്‍ ഇസ്ലാമിക അധിനിവേശക്കാര്‍ തുടര്‍ച്ചയായി ശ്രമിച്ചുകൊണ്ടേയിരുന്നു. എഡി 1300 ലാണ് ആദ്യമായി താഴ്‌വരയില്‍ മുസ്ലീം ഭരണം വരുന്നത്. 1339-ല്‍ ഷാമിര്‍ കശ്മീരിലെ ആദ്യത്തെ മുസ്ലീം ഭരണാധികാരിയായി. 1450-ല്‍ മുസ്ലീം രാജാവായ സൈനുല്‍ ആബേദിന്റെ പിതാവ് സുല്‍ത്താന്‍ സികന്ദര്‍ ആണ് കാശ്മീരില്‍ ഏറ്റവും കൂടുതല്‍ ക്ഷേത്രങ്ങളും ബുദ്ധകേന്ദ്രങ്ങളും തകര്‍ത്തത്. 1586 മുതല്‍ 1751 വരെ ഭരിച്ചിരുന്ന മുഗള്‍ സാമ്രാജ്യവും 1747 മുതല്‍ 1819 വരെ ഭരിച്ചിരുന്ന അഫ്ഗാന്‍ ദുറാനി സാമ്രാജ്യവും ഉള്‍പ്പെടെയുള്ള അഞ്ച് നൂറ്റാണ്ടുകളില്‍ മുസ്ലീം രാജാക്കന്മാര്‍ കാശ്മീര്‍ ഭരിച്ചു. അവിടെ തുടങ്ങി അഞ്ച് നൂറ്റാണ്ടിനിടയില്‍ കാശ്മീരിന്റെ എല്ലാ വൈവിധ്യങ്ങളും സംസ്‌കാരങ്ങളും ഇല്ലാതായി. താഴ്‌വരയിലെ തദ്ദേശീയ ജനതയെ മതപരിവര്‍ത്തനം നടത്തി. പല ക്ഷേത്രങ്ങളും ബുദ്ധസ്തൂപങ്ങളും തകര്‍ത്തു. താഴ്‌വര ദാറുള്‍ ഇസ്ലാം ആയി പ്രഖ്യാപിക്കാന്‍ തിരക്ക് കൂട്ടുന്ന ഒരു ജനത അവിടെ ഭൂരിപക്ഷമായി മാറുകയായിരുന്നു. മറ്റെല്ലാ മതബിംബങ്ങളും കാശ്മീരില്‍ നിന്നും മാറ്റപ്പെട്ടുകൊണ്ടിരുന്നു. 1818-ല്‍ രഞ്ജിത് സിങ്ങിന്റെ കീഴില്‍ സിഖുകാര്‍ കാശ്മീര്‍ പിടിച്ചെടുത്തു. 1846-ല്‍, ഒന്നാം ആംഗ്ലോ-സിഖ് യുദ്ധത്തിലെ സിഖ് പരാജയത്തിനുശേഷം, ലാഹോര്‍ ഉടമ്പടി ഒപ്പുവച്ചു, അമൃത്‌സര്‍ ഉടമ്പടി പ്രകാരം ഈ പ്രദേശം ബ്രിട്ടീഷുകാരില്‍ നിന്ന് വാങ്ങിയതിന് ശേഷം, ജമ്മുവിലെ രാജാവായ ഗുലാബ് സിംഗ് പുതിയ ഭരണാധികാരിയായി. 1846 മുതല്‍ 1947 വരെ ദോഗ്രാ രാജവംശം കാശ്മീര്‍ ഭരിച്ചു. നീണ്ടകാലത്തെ മുസ്ലീം ഭീകരഭരണത്തില്‍ നിന്നും ആശ്വാസം നല്‍കിയ വര്‍ഷങ്ങളായിരുന്നു അത്.
കാശ്മീരിന്റെ അന്താരാഷ്ട്രപ്രാധാന്യം
ബിസി രണ്ടാം നൂറ്റാണ്ട് മുതല്‍ പതിനഞ്ചാം നൂറ്റാണ്ടിന്റെ പകുതി വരെ സജീവമായിരുന്ന യുറേഷ്യന്‍ വ്യാപാര പാതകളുടെ ഒരു ശൃംഖലയായിരുന്ന സില്‍ക്ക് റോഡ് കടന്നുപോയിരുന്നത് കാശ്മീരിലൂടെയായിരുന്നു. കാരകോറം പര്‍വ്വത നിരകള്‍ കടന്ന് തിബറ്റിലൂടെ ചൈനയിലേക്ക് സഞ്ചാരികള്‍ പോയിരുന്നത് ഈ റോഡിലൂടെ ആയിരുന്നു. 6,400 കിലോമീറ്ററിലധികം (4,000 മൈല്‍) വ്യാപിച്ചുകിടക്കുന്ന സില്‍ക്ക് റൂട്ട് കിഴക്കും പടിഞ്ഞാറും തമ്മിലുള്ള സാമ്പത്തികവും സാംസ്‌കാരികവും രാഷ്ട്രീയവും മതപരവുമായ ഇടപെടലുകള്‍ക്ക് സാക്ഷ്യം വഹിച്ചു. ഭാരതത്തില്‍ നിന്ന് ബുദ്ധസന്ന്യാസികള്‍ ഇതുവഴി കിഴക്കന്‍ ഏഷ്യയിലേക്കും അഫ്ഗാനിലേക്കും അറേബ്യയിലേക്കും സഞ്ചരിച്ചു. ഇറാനില്‍നിന്നും പേര്‍ഷ്യന്‍ വ്യാപാരികളും അറബികളും ഈ വഴി വന്നു. റോമില്‍നിന്നും യൂറോപ്പില്‍നിന്നും ക്രിസ്ത്യന്‍ മിഷനറി സംഘവും എത്തിയത് ഈ പാതയിലൂടെയാണ്. ലോകസഞ്ചാരിയായ മാര്‍ക്കോപോളോ മംഗോളിയയില്‍ എത്തിയതും ഇതേ പാതയിലൂടെയായിരുന്നു. ഈ പാതയിലേക്കുള്ള ആധിപത്യത്തിനായി ചെങ്കിസ്ഖാന്‍ തുടര്‍ച്ചയായി ചൈനയെ ആക്രമിച്ചിരുന്നു.
ഇന്ത്യന്‍ ഉപഭൂഖണ്ഡം, ചൈന തിബറ്റ്, തെക്കുകിഴക്കന്‍ ഏഷ്യ മധ്യേഷ്യ, മിഡില്‍ ഈസ്റ്റ്, കിഴക്കന്‍ ആഫ്രിക്ക, യൂറോപ്പ് തുടങ്ങിയ പ്രദേശങ്ങള്‍ സില്‍ക് റൂട്ടുമായി ബന്ധപ്പെട്ടു കിടന്നിരുന്നു. ആ പാതയിലെ അതിപ്രധാനമായ സ്ഥലമാണ് കാശ്മീര്‍. ഇന്ന് പാക് അധീന കാശ്മീര്‍ എന്ന് അറിയപ്പെടുന്ന ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ മേഖലയാണ് ഇതിലെ തന്ത്രപ്രധാന പ്രദേശം. അഞ്ച് വിദേശ രാജ്യങ്ങളുമായാണ് കാശ്മീര്‍ അതിര്‍ത്തി പങ്കിടുന്നത്. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ചൈന, തിബറ്റ്, തജാക്കിസ്ഥാന്‍ എന്നിവയാണ് ആ രാജ്യങ്ങള്‍. അതിര്‍ത്തിയില്‍ നിന്ന് 2000 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ദുബായിലും, 3000 കിലോമീറ്റര്‍ പോയാല്‍ മോസ്‌കോയിലും എത്താന്‍ സാധിക്കും. 5000 വര്‍ഷത്തെ ചരിത്രത്തില്‍ എന്നും കാശ്മീരിന്റെ ഭാഗമായിരുന്ന ഈ തന്ത്രപ്രധാനമായ പ്രദേശങ്ങള്‍ ഇന്ന് പാകിസ്ഥാന്റേയും ചൈനയുടേയും നിയന്ത്രണത്തിലാണ്. ചൈന-പാകിസ്ഥാന്‍ ഇകണോമിക്ക് കോറിഡോര്‍ എന്ന പേരില്‍ ഈ തന്ത്രപ്രധാന മേഖലയിലൂടെ ഇരുരാജ്യങ്ങളും റെയില്‍-റോഡ് നിര്‍മ്മാണം നടത്താനൊരുങ്ങുന്നു. കാശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യഘടകമാണ് എന്നത് മനസ്സിലാക്കാനാണ് ഇത്രയും സൂചിപ്പിച്ചത്.
സംഘപ്രവര്‍ത്തനം
1940 കളില്‍ തന്നെ ജമ്മു കാശ്മീരില്‍ സംഘപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. മഹാരാഷ്ട്ര സ്വദേശിയായ മാധവ്‌റാവു മൂളെ എന്ന സംഘപ്രചാരകനാണ് ആദ്യകാലത്ത് പഞ്ചാബ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്നത്. പ്രൊഫസര്‍ ബല്‍രാജ് മധോക് 1940ല്‍ ജമ്മുവില്‍ സംഘശാഖ ആരംഭിച്ചു. ശ്രീനഗര്‍ ഡിഎവി കോളേജില്‍ പ്രൊഫസര്‍ ആയി ജോലി ലഭിച്ച പ്രൊഫസര്‍ ബല്‍രാജ് അവിടേയും ശാഖാ പ്രവര്‍ത്തനം ആരംഭിച്ചു. 1947 ആകുമ്പോഴേക്കും അനന്തനാഗ്, ശ്രീനഗര്‍, ബാരാമുള്ള, ജമ്മു എന്നിവിടങ്ങളില്‍ ശാഖാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജമ്മു മേഖലയില്‍ അറുപതിലധികം ശാഖകളുമായി സഘം സ്വാധീനശക്തിയായി മാറി.
1947 ആഗസ്റ്റ് 12 ന് ജമ്മുകാശ്മീര്‍ രാജാവ് ഇന്ത്യയും പാകിസ്ഥാനുമായി സ്റ്റാന്റ്സ്റ്റില്‍(ടമേിറ േെശഹഹ) കരാറിന് ശ്രമിച്ചു. എന്നാല്‍ ഭാരതം അതിനു തയ്യാറായില്ല. പകരം ഭാരതത്തില്‍ ലയിക്കാന്‍ ദൂതര്‍ മുഖേന ചര്‍ച്ചയാരംഭിച്ചു. എന്നാല്‍ ആദ്യം സ്റ്റാന്റ്സ്റ്റില്‍ കരാറിനെ അംഗീകരിച്ച പാകിസ്ഥാന്‍, കരാറില്‍ ഒപ്പുവെച്ച് 12 ദിവസങ്ങള്‍ക്കുള്ളില്‍, ആഗസ്റ്റ് 24-ന് മഹാരാജാവിന് ഒരു മുന്നറിയിപ്പ് കത്ത് എഴുതി: ”കശ്മീര്‍ മഹാരാജാവ് സ്വയം പാകിസ്ഥാന്‍ തിരഞ്ഞെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കശ്മീര്‍ പാകിസ്ഥാനുമായി ചേരുന്നതില്‍ പരാജയപ്പെട്ടാല്‍, യുദ്ധം ആകും പരിണതഫലം”.
1947 അവസാനം കേന്ദ്രഗവണ്‍മെന്റ് പ്രതിനിധിയായ കന്‍വര്‍ ദിലീപ് സിംഗ് ചര്‍ച്ചകള്‍ക്കായി സംഘപ്രവര്‍ത്തകനായ പണ്ഡിറ്റ് ദോഗ്രയെ ക്ഷണിച്ചിരുന്നു. അതിര്‍ത്തി ജില്ലയായ ബരാമുള്ളയിലെ സ്വയംസേവകര്‍ പാകിസ്ഥാനി നുഴഞ്ഞുകയറ്റത്തെ കുറിച്ചുള്ള വിവരങ്ങള്‍ ബല്‍രാജ് മധോക്ക് വഴി കാശ്മീര്‍ രാജാവിനെ അറിയിച്ചിരുന്നു.
പൂജനീയ ഗുരുജിയുടെ ഇടപെടല്‍
അന്നത്തെ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പൂജനീയ ഗുരുജി കശ്മീരിലെത്തി, മഹാരാജാ ഹരിസിങ്ങിനെ നേരില്‍ കണ്ട് ജമ്മുകാശ്മീരിനെ ഇന്ത്യന്‍ യൂണിയനിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ ആവശ്യപ്പെട്ടു. ജമ്മുകാശ്മീര്‍ സ്വതന്ത്ര രാജ്യമായി നില്‍ക്കുന്നതിനേക്കള്‍ നല്ലത് ഇന്ത്യയില്‍ ചേരുന്നതാണ് എന്ന് ഗുരുജി ഡോഗ്ര ഭരണാധികാരിയോട് വിശദീകരിച്ചിരുന്നു. ഹരിസിംഗ് ഇന്ത്യക്ക് അനുകൂലമായി ഇന്‍സ്ട്രുമെന്റ് ഓഫ് അക്‌സഷന്‍ ഒപ്പിടാന്‍ തയ്യാറായി, അത് പട്ടേലിനോട് തിരികെ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യന്‍ യൂണിയനുമായുള്ള പ്രവേശനത്തെക്കുറിച്ച് ഗുരുജി ഗോള്‍വല്‍ക്കര്‍ മഹാരാജാവിനെ ബോധ്യപ്പെടുത്തി. മഹാരാജാവ് ദല്‍ഹിയിലേക്ക് ദൂതനെ അയച്ചു, ജമ്മു കശ്മീരിലെ ആര്‍എസ്എസ് പ്രവര്‍ത്തകരോട് ജമ്മു കശ്മീരിന്റെ സുരക്ഷയ്ക്കായി അവസാന തുള്ളി രക്തവും ചൊരിയാന്‍ പൂജനീയ ഗുരുജി നിര്‍ദ്ദേശിച്ചു. ഈ നിര്‍ദേശങ്ങള്‍ നല്‍കിയ ശേഷം അദ്ദേഹം ദല്‍ഹിയിലേക്ക് മടങ്ങി. ശ്രീ ഗുരുജി സമഗ്ര ദര്‍ശന്‍ എന്ന പുസ്തകത്തില്‍ ഈ ചരിത്ര വസ്തുതയെക്കുറിച്ച് അന്നത്തെ പഞ്ചാബിലെയും ജമ്മു കശ്മീരിലെയും പ്രാന്ത പ്രചാരക് ആയിരുന്ന അന്തരിച്ച മാധവറാവു മൂളെ പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്.
മാധവ്‌റാവു പറയുന്നതനുസരിച്ച്, ”കേന്ദ്ര ആഭ്യന്തര മന്ത്രി സര്‍ദാര്‍ പട്ടേല്‍, ജമ്മു കശ്മീര്‍ പ്രധാനമന്ത്രി മെഹര്‍ ചന്ദ് മഹാജനോട്, മഹാരാജാ ഹരി സിംഗ് ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ തയ്യാറെടുക്കാന്‍ പറഞ്ഞിരുന്നു. മെഹര്‍ ചന്ദ് മഹാജന്‍ ഗുരുജിക്ക് സന്ദേശം നല്‍കി, മഹാരാജാവിനെ കാണാനും അദ്ദേഹത്തെ പ്രവേശനത്തിന് ഒരുക്കാനും അഭ്യര്‍ത്ഥിച്ചു. മഹാജനാണ് ഗുരുജിയും മഹാരാജാവും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്.
ഗുരുജി 1947 ഒക്ടോബര്‍ 17-ന് ദല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗം ശ്രീനഗറിലെത്തി. ഒക്‌ടോബര്‍ 18-ന് രാവിലെയാണ് കൂടിക്കാഴ്ച നടന്നത്. യോഗത്തിനിടെ, കട്ടിലില്‍ ഒടിഞ്ഞ കാലുമായി പ്രിന്‍സ് കരണ്‍ സിംഗ് അവിടെയുണ്ടായിരുന്നു. മഹാരാജ് വാദിച്ചു, ‘എന്റെ സംസ്ഥാനം പൂര്‍ണ്ണമായും പാകിസ്ഥാനെ ആശ്രയിച്ചിരിക്കുന്നു. എല്ലാ റൂട്ടുകളും സിയാല്‍കോട്ട്, റാവല്‍പിണ്ടി എന്നിവയിലൂടെ കടന്നുപോകുന്നു. ലാഹോര്‍ എന്റെ വിമാനത്താവളമാണ്. എനിക്ക് എങ്ങനെ ഇന്ത്യയുമായി ബന്ധം സ്ഥാപിക്കാനാകും?”
‘താങ്കള്‍ ഒരു ഹിന്ദു രാജാവാണ്’ എന്ന് പറഞ്ഞ് ഗുരുജി ചില കാര്യങ്ങള്‍ അദ്ദേഹത്തോട് സൂചിപ്പിച്ചു. പാകിസ്ഥാനില്‍ ചേരുന്നതിലൂടെ, നിങ്ങളുടെ ഹിന്ദു പ്രജകള്‍ക്ക് ഗുരുതരമായ ബുദ്ധിമുട്ടുകള്‍ക്കെതിരെ പോരാടേണ്ടിവരും. ഇന്ത്യയുമായി റോഡ്, റെയില്‍, എയര്‍ ലിങ്ക് ഇല്ല എന്നത് ശരിയാണ്, പക്ഷേ അത് വേഗത്തില്‍ ക്രമീകരിക്കാന്‍ കഴിയും. താങ്കളുടെ താല്‍പ്പര്യത്തിനും ജമ്മു കശ്മീര്‍ സംസ്ഥാനത്തിന്റെ താല്‍പ്പര്യത്തിനും, നിങ്ങള്‍ ഇന്ത്യന്‍ യൂണിയനില്‍ ചേരുന്നതാണ് നല്ലത്. പ്രധാനമന്ത്രി മഹാജനും ഗോള്‍വല്‍ക്കറെ പിന്തുണക്കുകയും അദ്ദേഹം പറഞ്ഞത് ശരിയാണെന്ന് മഹാരാജാവിനോട് പറയുകയും ചെയ്തു. അവരുടെ യോഗത്തിനൊടുവില്‍, മഹാരാജാവ് ഗുരുജിക്ക് ഒരു ‘ഷാള്‍’ സമ്മാനിക്കുകയും ഇന്ത്യയിലേക്ക് ചേരാനുള്ള തന്റെ സന്നദ്ധത അറിയിക്കുകയും ചെയ്തു.
എട്ട് ദിവസത്തിന് ശേഷം, മഹാരാജന്‍ ഇന്ത്യന്‍ യൂണിയനുമായി പ്രവേശനത്തിനുള്ള കരാറില്‍ ഒപ്പുവെച്ചു, അങ്ങനെ ജമ്മു കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമായി മാറുകയും ചെയ്തു (ഓര്‍ഗനൈസര്‍ വാരിക).
പുരുഷാര്‍ത്ഥി സഹായതാ സമിതി
വിഭജനത്തെ തുടര്‍ന്ന് കശ്മീരിലേക്ക് ഒഴുകിയെത്തിയ അഭയാര്‍ത്ഥികള്‍ക്കായി സ്വയംസേവകര്‍ ക്യാമ്പുകള്‍ ഒരുക്കി. ഭക്ഷണവും മരുന്നും വസ്ത്രവും എത്തിച്ചു. പുരുഷാര്‍ത്ഥി സഹായത സമിതി എന്ന പേരില്‍ ആണ് സ്വയംസേവകര്‍ ആ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ലക്ഷക്കണക്കിനു ഹിന്ദുക്കളാണ് ജമ്മുവില്‍ അഭയാര്‍ത്ഥികളായി എത്തിയത്. ഔദ്യോഗിക സംവിധാനങ്ങളും നേതാക്കളും കയ്യൊഴിഞ്ഞ ഹിന്ദു അഭയാര്‍ത്ഥികളെ സംരക്ഷിക്കാന്‍ സ്വയംസേവകര്‍ മാത്രമാണ് ഉണ്ടായത്. പാകിസ്ഥാനില്‍ നിന്നും മാത്രമല്ല അഭയാര്‍ത്ഥി പ്രവാഹം ഉണ്ടായത്. പഷ്തൂണ്‍ മുസ്ലീം നുഴഞ്ഞുകയറ്റകാരുടെ കൂടെ പാക് പട്ടാളവും ശ്രീനഗറിലേക്ക് കടന്നുകയറിയതോടെ പൂഞ്ച് റജൗറി മേഖലകളില്‍ നിന്നും ഹിന്ദുക്കള്‍ ജമ്മുവിലേക്ക് കൂട്ടപാലായനം ചെയ്തു. ആ മേഖലയില്‍ 30000 ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗിക കണക്ക്. അഭയാര്‍ത്ഥികളായി ജമ്മു മേഖലയില്‍ എത്തിയവര്‍ക്കായി വൈദ്യ സഹായവും താമസവും ഭക്ഷണവും ഒരുക്കിയതും പിന്നീട് അവര്‍ക്ക് വിദ്യാഭ്യാസവും വീടും നല്‍കിയതും സ്വയംസേവകരുടെ കൂട്ടായ്മയാണ്.
സുരുചി പ്രകാശന്‍ പ്രസിദ്ധീകരിച്ച മണിക് ചന്ദ്ര വാജ്‌പേയിയും ശ്രീധര്‍ പരാദ്കറും ചേര്‍ന്നെഴുതിയJyoti Jalaa Nij Praan Kii എന്ന പുസ്തകം ഓരോരുത്തരും വായിക്കേണ്ടതാണ്. വിഭജനത്തിന്റെ അര്‍ദ്ധരാത്രിയിലെ കൂട്ടക്കുരുതിയില്‍ നിന്നും പ്രാണനും കൊണ്ട് അതിര്‍ത്തി കടന്നെത്തിയ ഹിന്ദുക്കളെ നെഞ്ചോട് ചേര്‍ത്തുപിടിച്ച ആയിരക്കണക്കിന് സ്വയംസേവകരുടെ ധീരോദാത്തമായ ബലിദാനത്തിന്റേയും ദേശസ്‌നേഹത്തിന്റേയും സേവന മനസ്സിന്റേയും ചരിത്രം രേഖപ്പെടുത്തിയ പുസ്തകമാണത്. ലോക ചരിത്രത്തില്‍ ഇതിനു മുന്‍പോ ശേഷമോ സമാനമായ സംഭവം ഉണ്ടായിട്ടില്ല.
സ്വന്തം വീട് മുസ്ലീം തീവ്രവാദികള്‍ കത്തിക്കുമ്പോഴും മറ്റുള്ളവരെ രക്ഷപ്പെടുത്താന്‍, യുവാക്കളെ കൂട്ടി ഗ്രാമത്തിന് കാവല്‍ നില്‍ക്കാന്‍, സഹോദരിമാരുടെ മാനം കാക്കാന്‍, രാത്രിയുടെ യാമങ്ങളില്‍ ഇന്ത്യന്‍ സൈന്യം എയര്‍ ഡ്രോപ് ചെയ്ത ആയുദ്ധങ്ങള്‍ സംഭരിച്ച് സൈന്യത്തിന് എത്തിച്ച് നല്‍കാന്‍, പാക് പട്ടാളത്തിന് എതിരെ ഇന്ത്യന്‍ സൈനികര്‍ക്ക് യുദ്ധസാമഗ്രികള്‍ എത്തിച്ച് സൈന്യത്തിന് കരുത്ത് പകര്‍ന്ന്, എയര്‍ഫോഴ്‌സ് വിമാനമിറങ്ങാന്‍ മഞ്ഞ് മൂടിയ റണ്‍ വെ ഒറ്റരാത്രികൊണ്ട് വൃത്തിയാക്കാന്‍ ഒക്കെ സ്വയംസേവകര്‍ നേതൃത്വം നല്‍കി, അങ്ങനെ ഒരായിരം സംഭവങ്ങള്‍ ആ പുസ്തകത്തില്‍ നമുക്ക് കാണാം.
(തുടരും)