സൂര്യന്‍ എന്നും ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നു. അതൊരു സാധാരണ കാര്യം മാത്രം. അതിനെപ്പറ്റി പ്രത്യേകിച്ചെന്താണ് പറയാനുള്ളത്!
‘വിത്താര്‍ നട്ടു തടം പിടിച്ച കരമേ-
താര്‍ താന്‍ നനച്ചൂ ക്രമാ-
ലിത്തയ്യിത്ര വളര്‍ന്നിടും വരെ വളം
വെയ്ക്കാന്‍ മിനക്കെട്ടതാര്‍!
നിത്യം തേന്‍പഴമേകീടുന്നതു ഭൂജി-
ച്ചീടുന്നതല്ലാതെ നാ-
മത്രയ്‌ക്കൊന്നുമറിഞ്ഞിടാന്‍ തുനിയുമോ
തേന്മാവു സാധാരണം!’
എന്ന് കവി വി.കെ. ഗോവിന്ദന്‍നായര്‍ പറയുമ്പോള്‍, സാധാരണ കാണുന്ന കാര്യങ്ങളുടെ പിന്നില്‍ അന്തര്‍ലീനമായിക്കിടക്കുന്ന വസ്തുതകള്‍ അറിയാന്‍ നാം ശ്രമിക്കാറില്ല എന്നാണല്ലോ മനസ്സിലാക്കേണ്ടത്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ സാധാരണ നടക്കുന്ന കാര്യങ്ങളുടെ ഉറവിടങ്ങള്‍ തേടിപ്പോയാല്‍ ഒന്നും കണ്ടെത്താന്‍ കഴിയുകയില്ല എന്ന സത്യം മനസ്സിലാക്കി, അതിനെപ്പറ്റി കൂടുതല്‍ ചിന്തിക്കാതിരിക്കാന്‍ നമ്മള്‍ നിര്‍ബ്ബന്ധിതരായതാണെന്നും കരുതാം. എന്തുകൊണ്ടെന്നാല്‍ ഭഗവദ്ഗീതയില്‍ ഭഗവാന്‍ പറയുന്നു
‘അവ്യക്താദീനി ഭൂതാനി
വ്യക്ത മദ്ധ്യാനി ഭാരത
അവ്യക്ത നിധനാന്യേവ
തത്ര കാ പരിദേവന!’ എന്ന്.
അപ്പോള്‍, അവ്യക്തങ്ങളായ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് സമയം കളയാതെ, വ്യക്തമായ കാലത്ത് ചെയ്യാനുള്ളത് ചെയ്യുക എന്നതാണ്,
‘അദര്‍ശനാദാപതിതഃ
പുനശ്ചാദര്‍ശനം ഗതഃ’ എന്ന മട്ടില്‍ ഇവിടെ വന്നു പോകുന്ന നമുക്കു ചേര്‍ന്ന കാര്യം എന്നാണല്ലോ ഭഗവാന്‍ സൂചിപ്പിക്കുന്നത്.
അതുകൊണ്ട് സാധാരണമായി നടക്കുന്ന സൂര്യോദയത്തെപ്പറ്റി നമുക്ക് ചിന്തിക്കാതിരിക്കാം.
എന്നാല്‍ അസാധാരണമായൊരു സൂര്യോദയത്തെപ്പറ്റി ഭഗവദ്ഗീതയില്‍ തന്നെ പറയുന്നുണ്ട്.
‘അജ്ഞാനേനാവൃതം ജ്ഞാനം
തേന മുഹ്യന്തി ജന്തവഃ’ എന്നും
‘ജ്ഞാനേനതു തദജ്ഞാനം
യേഷാം നാശിത മാത്മനഃ
തേഷാമാദിത്യവല്‍ജ്ഞാനം
പ്രകാശയതി തല്‍പരം’ എന്നും പറയുന്നു.
ഓരോ മനസ്സിലും ജ്ഞാനം നിറഞ്ഞുനില്‍ക്കുന്നുണ്ട്. എന്നാല്‍ അജ്ഞാനമാകുന്ന മറ ജ്ഞാനത്തെ മൂടി കിടക്കുകയാല്‍, ശരിയും തെറ്റും തിരിച്ചറിയാനാകാതെ ജീവജാലങ്ങള്‍ കഷ്ടപ്പെടുകയാണ്. എപ്പോഴെങ്കിലും ആ മറ നീങ്ങിക്കിട്ടിയാല്‍ ജ്ഞാനം സൂര്യനെപ്പോലെ മനസ്സില്‍ പ്രകാശം പരത്തും എന്നാണല്ലോ മേല്‍പറഞ്ഞ ശ്ലോകം വ്യക്തമാക്കുന്നത്.
അങ്ങിനെയുള്ള ഒരു സൂര്യോദയത്തിന്റെ കഥയാണ് കവി എം.എന്‍.പാലൂരിന്റെ ‘ഉഷസ്സ്’ എന്ന കവിതയില്‍ നമുക്ക് വായിക്കാന്‍ കഴിയുന്നത്.
പെട്ടെന്നൊരിയ്ക്കല്‍ കവിയുടെ മനസ്സില്‍ വെളിച്ചം വന്നു നിറയുന്നു. അതുകണ്ട കവി, ‘ഇരുട്ടെങ്ങു പോയെങ്ങുപോയ്’ എന്ന് അത്ഭുതപ്പെടുന്നു.
‘കിഴക്കും വടക്കും
പടിഞ്ഞാറുമത്തെക്കു
ദിക്കും മുകള്‍ ഭാഗവും
ചോടുമെങ്ങും’
വെളിച്ചം മാത്രം കണ്ട്, താന്‍ കാണുന്നത് സൂര്യോദയമാണെന്ന് ധരിച്ച് ചുറ്റും നോക്കുമ്പോള്‍ എങ്ങും സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്നതായി അനുഭവപ്പെട്ട കവി,
ഉഷസ്സേ, മനുഷ്യന്റെ
സൗന്ദര്യ സങ്കല്പ-
മാകെ ക്കുഴച്ചാരു-
നിര്‍മ്മിച്ചു നിന്നെ!
എന്ന് ആശ്ചര്യചകിതനാകുന്നു. മാത്രമല്ല, താന്‍ കാണുന്ന സൗന്ദര്യം മാഞ്ഞുപോകുമോ എന്ന പരിഭ്രാന്തിയില്‍.
‘വിഹായസ്സിലേയ്ക്കുള്ള
കോണിപ്പടിയ്ക്കല്‍
വിളംബം വരുത്തില്ല ഞാ-
നൊന്നു നില്‍ക്കു
ഇരക്കുന്നു ഞാ-
നത്രയുണ്ടെന്റെ മോഹം.
ശരിയ്‌ക്കൊന്നു കാണട്ടെ
ഞാന്‍ പൊന്നുഷസ്സേ!
മഹാ ഭാഗ്യശാലിയ്ക്കു
പോലും ലഭിയ്ക്കാന്‍
മഹാ ദുര്‍ഘടം നിന്‍
മുഖം ദര്‍ശനീയം’
എന്ന് അപേക്ഷിക്കുകയും ചെയ്യുന്നു.
തനിയ്ക്കു കിട്ടിയ വെളിച്ചം മറ്റുള്ളവര്‍ക്കും പകര്‍ന്നു കൊടുക്കാനുള്ള ത്വരയാണ് ഒരു വ്യക്തിയെ എഴുതാന്‍ പ്രേരിപ്പിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. മനസ്സില്‍ ജ്ഞാനസൂര്യന്‍ പ്രകാശം പരത്തിക്കൊണ്ടു നില്‍ക്കുമ്പോള്‍, കവിയിലും ആ ത്വര ഉണര്‍ന്നു. തന്റെ ഉള്ളിലുള്ള വെളിച്ചം ലോകമെമ്പാടും പരത്തുവാന്‍ അദ്ദേഹത്തിന് ധൃതിയായി. അപ്പോള്‍, ഉഷസ്സിനോട് അദ്ദേഹം ഇങ്ങനെ അപേക്ഷിക്കുന്നു.
‘പൊന്നുഷസ്സേ
വരൂ നിന്നില്‍ നിന്നും
കൊളുത്തട്ടെ പത്തല്ല
നൂറല്ല കത്തി-
ജ്ജ്വലിയ്ക്കുന്ന പന്തങ്ങ,-
ളെന്‍ പിന്‍മുറക്കാര്‍
വരും, ഞാനവര്‍ക്കായ്
വഴിയ്‌ക്കൊക്കെ യോരോ
വെറും മണ്‍ചിരാ-
തെങ്കിലും വെച്ചുപോകാം.’
പിന്നീടുള്ള തന്റെ ജീവിതം ആ വാക്കുപാലിക്കാനുള്ള ശ്രമം തന്നെയായിരുന്നു. ജീവിതത്തെ ജ്ഞാനോപാസനയാക്കി മാറ്റിയ അദ്ദേഹം ആര്‍ഷജ്ഞാനത്തിന്റെ കലവറകള്‍ പരതി നടന്നു. ഒടുക്കം ചെന്നെത്തിയത്,
‘ഭാ’ ഭാതി സര്‍വ്വശാസ്‌ത്രേഷു
‘ര’ തിഃ സര്‍വ്വേഷു ജന്തുഷു
‘താ’ രണം സര്‍വ്വലോകേഷു
തേന ‘ഭാരത’ മുച്യതേ എന്നും
മഹത്ത്വാല്‍ ഭാരവത്ത്വാച്ച
മഹാഭാരത മുച്ച്യതേ എന്നും
പേരിന് വ്യാഖ്യാനമുള്ള, വ്യാസമഹര്‍ഷിയുടെ ‘മഹാഭാരതം’ എന്ന ഇതിഹാസത്തിലായിരുന്നു. അന്നുമുതല്‍ മഹാഭാരതത്തെ മുറുകെപിടിച്ച അദ്ദേഹം തന്റെ പിന്‍ഗാമികളോട് പറയുന്നതിനങ്ങനെയാണ്:
‘വ്യാസന്‍ പറഞ്ഞൊരിതിഹാസത്തിലുള്ള വഴി
ശേഷം മഹാകവികള്‍ നേരായ് പുണര്‍ന്ന വഴി
നീ പിന്‍തുടര്‍ന്നിടുക, നിന്നെത്തുണച്ചിടുക
ദോഷം വരില്ല ഹരി നാരായണായ നമഃ’
‘വ്യാസന്‍ പറഞ്ഞൊരിതിഹാസത്തിലുള്ള വഴി’ ഏതെന്ന് കണ്ടുപിടിയ്ക്കാന്‍ ആര്‍ക്കും സമയം ചിലവഴിക്കേണ്ടതില്ല. കാരണം, ഇതിഹാസകര്‍ത്താവ്, ഒരൊറ്റ ശ്ലോകത്തില്‍ ആ വഴി വ്യക്തമാക്കിത്തന്നിട്ടുണ്ട്.
‘തര്‍ക്കോങ്കപ്രതിഷ്ഠ ശ്രുതയോ വിഭിന്നാഃ
നൈകോ ഋഷി യസ്യ മതം പ്രമാണം
ധര്‍മ്മസ്യ തത്ത്വം നിഹിതം ഗുഹായാം
മഹാജനോ യേന ഗതഃ സ പന്ഥാഃ’
(തര്‍ക്കങ്ങള്‍ അന്തമില്ലാത്തവയാണ്. വേദങ്ങള്‍ പലവിധത്തില്‍ പറയുന്നു. ഏതെങ്കിലും ഒരു ഋഷിയുടെ അഭിപ്രായം പ്രമാണമായി എടുക്കാമെന്നുവെച്ചാല്‍, അങ്ങിനെ ഒരു ഋഷി ഇല്ലതന്നെ. ധര്‍മ്മത്തിന്റെ തത്ത്വം ഗുഹയില്‍ ഒളപ്പിയ്ക്കപ്പെട്ടിരിക്കയാണ്, അഥവാ കണ്ടെത്താന്‍ വിഷമമാണ്. അതുകൊണ്ട് മഹാന്മാരായ മനുഷ്യര്‍ പോയ വഴി പിന്‍തുടരുക.)
തന്റെ ജീവിതയാത്രയുടെ അവസാനകാലത്ത്
‘…. ആര്‍ക്കെങ്കിലും എന്നെ-
ങ്കിലും വായിച്ചു നോക്കുവാന്‍
അല്‍പ്പം ജിജ്ഞാസയുണ്ടാക്കാന്‍
നടന്നേ നിത്രകാലവും….’
എന്നു പറഞ്ഞ് കവി എം.എന്‍. പാലൂര്‍ മറ്റുള്ളവര്‍ക്ക് വെളിച്ചം പകര്‍ന്ന് കൊടുക്കുക എന്ന സ്വയം ഏറ്റെടുത്ത ദൗത്യം അവസാനിപ്പിച്ചു. ഏറെ താമസിയാതെ ആ യാത്രയും അവസാനിച്ചു.