1992ല്‍ അയോദ്ധ്യയിലെ തര്‍ക്ക മന്ദിരം കര്‍സേവകര്‍ തകര്‍ത്തതിനെ തുടര്‍ന്ന് ഇന്ത്യയില്‍ പലഭാഗത്തും സംഘര്‍ഷം അരങ്ങേറി. എന്നാല്‍ കേരളത്തില്‍ സംഘര്‍ഷം ഉണ്ടായില്ല എന്നാണ് സോദ്ദേശ മാധ്യമങ്ങളും മതനിരപേക്ഷരെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ നേതാക്കളും പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഇതല്ല വാസ്തവം. കേരളത്തില്‍ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ മലപ്പുറം ജില്ലയില്‍ നിരപരാധികളായ ഹിന്ദുക്കള്‍ ആക്രമിക്കപ്പെട്ടു. കോഴിക്കോട്-മലപ്പുറം ജില്ലകളുടെ അതിര്‍ത്തിയില്‍ ശബരിമല അയ്യപ്പന്മാരെ പോലും തടഞ്ഞു നിര്‍ത്തി കെട്ടിലെ തേങ്ങ റോഡില്‍ അടിപ്പിച്ച സംഭവങ്ങളും ഉണ്ടായി. മുസ്ലീം ലീഗ് ഉള്ളതുകൊണ്ടാണ് കേരളത്തില്‍ എവിടെയും സംഘര്‍ഷം ഉണ്ടാകാതിരുന്നത് എന്നും അവരാണ് മതനിരപേക്ഷതയുടെ കാവലാളുകള്‍ എന്നും കൊട്ടിപ്പാടി നടക്കാന്‍ മുന്നണി നേതാക്കള്‍ പലരും ഉണ്ടായിരുന്നു. മലപ്പുറത്ത് ഹിന്ദുക്കള്‍ക്കെതിരെ നടന്ന എല്ലാ ആക്രമണങ്ങള്‍ക്കും നേതൃത്വം കൊടുത്തത് മുസ്ലിംലീഗായിരുന്നു. എല്ലാ പാര്‍ട്ടിയിലെയും മുസ്ലിങ്ങള്‍ ഈ അക്രമങ്ങള്‍ക്ക് പിന്നില്‍ ഒത്തുചേര്‍ന്നു എന്ന് പോലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ട് തന്നെ പറയുന്നു. മുസ്ലിം ലീഗ് കേരളത്തില്‍ ഭരണത്തിലിരിക്കുമ്പോഴാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. മലപ്പുറം ജില്ലയിലെ മുതുവപ്പറമ്പില്‍ വേണു, മോഹന്‍, രാജീവ് എന്നിവര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ചുള്ള പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ പറയുന്നു: ”മരണപ്പെട്ടവര്‍ രണ്ടുപേരും ആര്‍. എസ്. എസ് അനുഭാവികളാണ്. പ്രതികളായ മുസ്ലിങ്ങള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലും പെട്ടവരാണ്.”
പോലീസ് രേഖകളനുസരിച്ച്, അയോദ്ധ്യാ സംഭവത്തെ തുടര്‍ന്ന് കേരളത്തില്‍ 547 വര്‍ഗ്ഗീയ സംഘര്‍ഷങ്ങളാണ് നടന്നത്. പതിനേഴുപേര്‍ കൊല്ലപ്പെട്ടു. 181 പേര്‍ക്ക് പരിക്കുപറ്റി. ഇരുപത് സ്ഥലത്ത് വെടിവയ്പു നടന്നു. മുപ്പതിലേറെ ക്ഷേത്രങ്ങള്‍ തകര്‍ത്തു. മലപ്പുറം, കാസര്‍ക്കോട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ അക്രമസംഭവങ്ങള്‍ ഉണ്ടായത്. അയോദ്ധ്യയിലെ തര്‍ക്കമന്ദിരം തകര്‍ക്കപ്പെട്ടതിന്റെ പേരില്‍ കേരളത്തില്‍ മുസ്ലിം കലാപകാരികള്‍ നടത്തിയ അതിക്രമങ്ങള്‍ ആരും കണ്ടതായി നടിച്ചില്ല. അയോദ്ധ്യയിലെ തര്‍ക്കമന്ദിരം തകര്‍ത്തതിനെതിരെ നാടുമുഴുവന്‍ പ്രസ്താവനയിറക്കുകയും പ്രതിഷേധിക്കുകയും ചെയ്ത രാഷ്ട്രീയക്കാര്‍ ആരും ഈ സംഭവങ്ങളെ അപലപിക്കാന്‍ തയ്യാറായില്ല. മുസ്ലിം ലീഗിന്റെ ബാനറില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലേയും മുസ്ലിം അംഗങ്ങള്‍ ഒരു ഭാഗത്ത് അണിനിരന്നു. മുസ്ലിങ്ങളുടെ പ്രശ്‌നത്തില്‍ തങ്ങളുടെ ആത്മാര്‍ത്ഥത പ്രകടമാക്കാന്‍ മുസ്ലിംലീഗ് എം. എല്‍. എമാരുടെ നേതൃത്വത്തില്‍ തന്നെയാണ് അക്രമങ്ങള്‍ നടന്നതെന്ന് മലപ്പുറത്തെ ഹിന്ദു നേതാക്കള്‍ പറഞ്ഞു. ”യു. പിയിലുണ്ടായ സംഭവത്തിന്റെ പേരില്‍ ഇവിടെ എത്ര ക്ഷേത്രങ്ങള്‍ തകര്‍ത്തു. യു. പിയിലായാലും കേരളത്തിലായാലും തകര്‍ക്കപ്പെടുന്ന ആരാധനാലയങ്ങള്‍ക്ക് മതവ്യത്യാസം ഉണ്ടോ?” അവര്‍ ചോദിച്ചു. അവരുടെ ഈ ചോദ്യം മതനിരപേക്ഷമെന്ന് പറയുന്ന എല്ലാ രാഷ്ട്രീയകക്ഷികളോടും ഉള്ളതാണ്.

വളാഞ്ചേരി സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍പ്പെട്ട വട്ടപ്പാറയില്‍ അയോദ്ധ്യാ സംഭവത്തിന്റെ തൊട്ടടുത്ത ദിവസം ശബരിമലയില്‍ നിന്ന് മടങ്ങിവന്ന തീര്‍ത്ഥാടകരെ ആക്രമിച്ചു. ശബരിമല തീര്‍ത്ഥാടകരുടെ കെട്ടഴിപ്പിച്ച് ഇബ്രാഹിം സുലൈമാന്‍ സേഠിന് സിന്ദാബാദ് വിളിപ്പിച്ച് തേങ്ങ ഉടപ്പിച്ച സംഭവവും ഉണ്ടായി. ഇത്തരം സംഭവങ്ങള്‍ ഫറോക്കിലും ആവര്‍ത്തിച്ചു. പക്ഷേ, പോലീസ് നടപടി ഉണ്ടായില്ല. മുഹമ്മദ് യാസിന്‍ ആയിരുന്നു മലപ്പുറം എസ്. പി. പിന്നീട് കോഴിക്കോടെത്തിയ പോലീസ് ഡയറക്ടര്‍ ജനറല്‍ സി. സുബ്രഹ്മണ്യത്തോട് സംഭവം നടന്നപ്പോള്‍ ആകാശത്തേയ്‌ക്കെങ്കിലും വെടിവച്ചിരുന്നെങ്കില്‍ ജനക്കൂട്ടം പിരിഞ്ഞുപോകില്ലായിരുന്നോ എന്ന് പത്രലേഖകര്‍ ചോദിച്ചതിന് ഡിപ്പാര്‍ട്ട്‌മെന്റ് തലത്തില്‍ നടപടിയെടുക്കും എന്നു മാത്രമായിരുന്നു മറുപടി. പക്ഷേ, പിന്നീട് യാസീനെതിരെ ഒരു നടപടിയും ഉണ്ടായില്ലെന്നു മാത്രമല്ല, സ്ഥാനക്കയറ്റങ്ങളോടെ മുസ്ലീം ലീഗിന്റെ കണ്ണിലുണ്ണിയായി മാറുകയും ചെയ്തു. മുസ്ലീം ലീഗിന്റെ നേതാക്കളായ ചില വിവാദ വ്യവസായികളുടെ പങ്കാളികളായി ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളില്‍ ചിലര്‍ മാറി എന്ന ആരോപണവും ഇടയ്ക്ക് ഉയര്‍ന്നിരുന്നു.
മുസ്ലിംലീഗ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍, പല സ്ഥലങ്ങളിലും വെടിവയ്പ്പിലും ലാത്തിച്ചാര്‍ജിലുമാണ് അവസാനിച്ചത്. കേരളത്തിന്റെ എല്ലാ ഭാഗത്തും ക്ഷേത്രങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായെങ്കിലും കൊണ്ടോട്ടി ധര്‍മശാസ്താക്ഷേത്രത്തിനു മാത്രമാണ് പള്ളിക്കാരും മറ്റും ഇടപെട്ട് നഷ്ടപരിഹാരം നല്കിയത്. തിരൂരില്‍ റോഡ് തടഞ്ഞു. ശബരിമലയ്ക്കു പോകാന്‍ വ്രതമെടുത്തിരുന്നവരുടെ മാല പൊട്ടിച്ച് ആക്ഷേപിച്ചു. ഹിന്ദുക്കള്‍ പുറത്തിറങ്ങാന്‍ ഭയപ്പെട്ടു. ബാലകൃഷ്ണന്‍ നായരുടെ പാത്രക്കട കത്തിച്ചു. താനൂരില്‍ വളപ്പില്‍ ഭരതന്റെ വീട് കുത്തിപ്പൊളിച്ചു. കിണറ്റില്‍ ഡീസലും ടാറും ഒഴിച്ചു. ഒട്ടു പുറം ചക്കിയൊടി ചീരു, ചക്കിയൊടി കുഞ്ഞാമു പെരവന്‍, ചക്കിയൊടി കുഞ്ഞുമോന്‍, പരിയാപുരം ഒട്ടു പുറം തുമ്പന്‍കുട്ടി, കുണ്ടനീര്‍ കാളിയമ്മ, തോലില്‍ കുട്ടിമോന്‍ എന്ന വേലായുധന്‍, തോലില്‍ അമ്മു, തോലില്‍ ചെറിയ താമി, കറളോത്തുങ്കല്‍ വേലായുധന്‍, തോലില്‍ കറുപ്പന്‍, കാക്കലൂരി ചന്ദ്രന്‍, തോലില്‍ രാമന്‍, തോലില്‍ കണക്കറായ്, തോലില്‍ ദേവയാനി, തോലില്‍ കുഞ്ഞമ്മു, തോലില്‍ ചന്ദ്രന്‍, ചാത്തന്‍കുഴിയില്‍ വേലായുധന്‍, ഒട്ടുപുറം ചത്തപ്പന്‍, പരിയാപുരം കുണ്ടനിയില്‍ ശങ്കരന്‍ താമി, കുണ്ടനിയില്‍ ശങ്കരന്‍ കുയിലന്‍, കുണ്ടനിയില്‍ ചാത്തപ്പന്‍ എന്നിവര്‍ക്ക് അയ്യായിരം മുതല്‍ എഴുപത്തയ്യായിരം രൂപവരെ നഷ്ടമുണ്ടായി. നാശനഷ്ടം സംഭവിച്ച വേറെ ഇരുപത്തഞ്ചോളം പേര്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ ആയിരം മുതല്‍ അമ്പതിനായിരം രൂപവരെ നഷ്ടപരിഹാരം നല്കി. രണ്ട് ജീപ്പില്‍ വന്ന അക്രമികളാണ് ചക്കിയോടി ദേവീക്ഷേത്രം തകര്‍ത്തത്. ക്ഷേത്രത്തിലെ കല്‍വിളക്കും മറ്റും പൊളിച്ചു കളഞ്ഞു. ചിറയ്ക്കല്‍ ഒരിക്കലേരി വേലു, മേച്ചേരി മാധവന്‍ എന്നിവരുടെ കടകള്‍ പൊളിച്ചു കളഞ്ഞു. സാധനങ്ങള്‍ കൊള്ളചെയ്തു. നൂറിലധികം കേസുകളാണ് പോലീസ് ചാര്‍ജ് ചെയ്തത്. ഒരോ കേസിലും പത്തു മുതല്‍ നാല്പത്തഞ്ചുവരെ പ്രതികളുണ്ട്. സ്ഥലത്തെ മുസ്ലിംലീഗ് നേതാവാണ് അക്രമങ്ങള്‍ക്ക് നേതൃത്വം നല്കിയത്. തൊണ്ണൂറ്റിരണ്ട് ഡിസംബര്‍ എട്ടിന് ഒരിക്കലേരി ബാലകൃഷ്ണന്റെ ചായക്കട കത്തിനശിച്ചു. വിവരം കുട്ടി അഹമ്മദ് കുട്ടി എം.എല്‍.എയെ കണ്ട് പറഞ്ഞെങ്കിലും അദ്ദേഹം നിഷ്‌ക്രിയത്വം പാലിച്ചു. താനൂര്‍ ഒട്ടുംപുറത്തെ പാട്ടിന്റെ പുരയ്ക്കല്‍ സച്ചിദാനന്ദന്റെ വീട് കത്തിനശിച്ചു. ‘വീട് പൂര്‍ണമായും കത്തിച്ചാമ്പലായ ശേഷം വീടിനു മുന്നില്‍ കരഞ്ഞുകൊണ്ടു നിന്ന തന്നെ പിടിക്കാനാണ് പോലീസ് വന്നതെ’ന്ന് സച്ചിദാനന്ദന്‍ പറയുന്നു. തേങ്ങ മോഷ്ടിച്ചു എന്നു പറഞ്ഞ് ലീഗുകാര്‍ നല്കിയ പരാതിയായിരുന്നു പോലീസ് വരാനുണ്ടായ കാരണം. തിരൂര്‍ ഡി. വൈ. എസ്. പി ധനദന്‍ ഇടപെട്ടതുമൂലമാണ് താനൂരില്‍ ആള്‍നാശം സംഭവിക്കാതിരുന്നത്. അക്രമസംഭവങ്ങള്‍ ഉണ്ടായപ്പോള്‍ ‘താനൂരിലേയ്ക്ക് ഫോഴ്‌സിനെ അയയ്ക്കണമെന്നു പറഞ്ഞപ്പോള്‍ ഫോഴ്‌സിനെ ഉണ്ടാക്കുന്ന പണിയല്ല എനിക്ക്’ എന്നാണ് എസ്. പി. മുഹമ്മദ് യാസീന്‍ പറഞ്ഞതെന്ന് തിരൂരിലെ പത്രപ്രവര്‍ത്തകനായ തിരൂര്‍ ദിനേശ് പറഞ്ഞു. ‘ആര്‍. എസ്. എസ്സുകാരെ നാട്ടുകാര്‍ നേരിട്ടുകൊള്ളും’ എന്ന അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്റെ പ്രസ്താവന മാപ്പിള ആക്രമണം ശക്തമാക്കാനേ ഉപകരിച്ചുള്ളു. സച്ചിദാനന്ദന്റെ വീട് കത്തിച്ച കേസിലെ പ്രതികളെ തിരൂര്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി വെറുതെവിട്ടു. പോലീസ് കേസ് ചാര്‍ജ്ജ് ചെയ്തതിലെ അപാകതകളായിരുന്നു കാരണം.
അയോദ്ധ്യാ സംഭവത്തെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ മരണമടഞ്ഞത് മലപ്പുറം ജില്ലയിലാണ്. ആര്‍. എസ്. എസ്സുമായോ വിശ്വഹിന്ദു പരിഷത്തുമായോ യാതൊരു ബന്ധവും ഇല്ലാത്ത നിരപരാധികളെപ്പോലും കലാപകാരികള്‍ കൊലപ്പെടുത്തി.
അയോദ്ധ്യാ സംഭവത്തെ തുടര്‍ന്ന് ജില്ലയുടെ പല ഭാഗത്തും ബാബറി ആക്ഷന്‍ കമ്മറ്റിയുടേയും മുസ്ലിം ഐക്യവേദിയുടേയും ആഭിമുഖ്യത്തില്‍ പ്രകടനം നടന്നു. മഞ്ചേരി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട പുല്ലാരമൂച്ചിക്കലും പ്രകടനം നടന്നു. ആ സമയത്ത് പട്ടന്മാര്‍ തൊടി അറുമുഖന്‍ പുല്ലാരയിലെ കൃഷിസ്ഥലത്തു നിന്നും മടങ്ങുകയായിരുന്നു. ‘പള്ളി പൊളിച്ച നായ് ഇതാ പോന്നേ’ എന്ന് ആരോ വിളിച്ചു പറഞ്ഞു. അതോടെ ജാഥയില്‍ ഉണ്ടായിരുന്നവര്‍ അറുമുഖനെ അക്രമിക്കാന്‍ ചെന്നു. കൃഷിസ്ഥലത്തു നിന്നും വരികയായിരുന്ന അയാള്‍ കയ്യിലുണ്ടായിരുന്ന കത്തി വീശി. അക്രമികളില്‍ ചിലരുടെ ദേഹം മുറിഞ്ഞു. ഈ ബഹളത്തിനിടെ അറുമുഖന്‍ രക്ഷപ്പെട്ടു. കുറച്ചു കഴിഞ്ഞ് ഒരുസംഘം മുസ്ലിങ്ങള്‍ അറുമുഖന്റെ വീടുവളഞ്ഞു. രാജന്‍ എന്നയാളിനു വെട്ടേറ്റു. പോലീസിനെ അറിയിക്കാനും രാജനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കാര്‍ വിളിക്കാനുമായി അല്പം ദൂരെ ഫോണുള്ള അഡ്വ. രാജേന്ദ്രന്റെ വീട്ടിലേയ്ക്ക് പട്ടന്മാര്‍തൊടി വേണുവും പട്ടന്മാര്‍തൊടി സുരേന്ദ്രനും പോയി. അഡ്വ. രാജേന്ദ്രന്‍ അവരെ തിരിച്ചയച്ചു. അപ്പോഴേയ്ക്കും മുസ്ലിങ്ങള്‍ അഡ്വക്കേറ്റിന്റെ വീട്ടില്‍ എത്തിയിരുന്നു. വേണുവും സുരേന്ദ്രനും വിറകു പുരയില്‍ ഒളിച്ചെങ്കിലും വേണുവിനെ മാപ്പിളമാര്‍ വെട്ടി. എന്നിട്ട് വിറകുകൊണ്ട് അടിച്ചു കൊന്നു. മൂന്നു ദിവസം കഴിഞ്ഞ് പൂക്കോട്ടൂര്‍ ഹൈസ്‌ക്കൂളിന്റെ പിന്നില്‍ നിന്നാണ് മൃതദേഹം കിട്ടിയത്.
ഓട്ടോ ഡ്രൈവര്‍ മധുരങ്ങാട് രവിയെ രാത്രി മര്‍ദ്ദിച്ച് മരിച്ചെന്ന് കരുതി ഓവുചാലില്‍ ഉപേക്ഷിച്ചു. പോലീസ് എത്തി ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ രക്ഷപ്പെട്ടു. പല്ലുകള്‍ മുഴുവന്‍ കൊഴിഞ്ഞുപോയി. ഈ കേസില്‍ സാക്ഷി പറഞ്ഞവര്‍ക്ക് തൊഴില്‍ നിഷേധിച്ചു. ആശാരിമാരായ ബാലന്‍, അച്യുതന്‍ എന്നിവര്‍ ചെറുമുറ്റത്ത് ഒരു ഹാജിയുടെ വീട്ടില്‍ പണിക്കുപോയതാണ്. ‘ഇന്ന് പണിയെടുക്കേണ്ട, ആകെ കുഴപ്പമാണ് തിരിച്ചു പൊയ്‌ക്കോളൂ’ എന്ന് ഹാജിയാര്‍ പറഞ്ഞു. ‘പതിവായി പോകാറുള്ള വഴിയെ പോകാതെ മറ്റൊരു വഴിയെ പോകാനും’ ഹാജിയാര്‍ നിര്‍ദേശിച്ചു. ഇരുവരേയും വഴിയില്‍ കാത്തുനിന്ന മുസ്ലിങ്ങള്‍ വെട്ടിക്കൊന്നു. 1992 ഡിസംബര്‍ 21 ലെ ‘ഇന്ത്യാടുഡേ’ ഇങ്ങനെ പറയുന്നു: ”1921 ലെ മാപ്പിള ലഹളയ്ക്കു ശേഷം ഏറനാട്ടിലെ മണ്ണ് ഒരിക്കല്‍ക്കൂടി മനുഷ്യരക്തം കൊണ്ട് ചുവന്നു. അയോദ്ധ്യാ സംഭവത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചതോടെ മലപ്പുറം ജില്ലയില്‍ കൊള്ളയും കൊള്ളിവയ്പ്പും ആരംഭിച്ചു. വര്‍ഗീയകലാപ വിമുക്തപ്രദേശമെന്ന് കീര്‍ത്തിനേടിയിരുന്ന ആ ജില്ല മതഭ്രാന്തന്മാരുടെ കൂത്തരങ്ങായി മാറി. വീടുകള്‍ തീവച്ച് നശിപ്പിച്ചു. നിരപരാധികള്‍ കൊലചെയ്യപ്പെട്ടു.”
എല്ലാ പൗരന്മാരോടും തുല്യനീതി പുലര്‍ത്തേണ്ട സംസ്ഥാന സര്‍ക്കാര്‍ ലഹളക്കാര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുകയായിരുന്നു. മുസ്ലിംലീഗ് ഭരണത്തിലുള്ളപ്പോഴൊക്കെ കേരളത്തില്‍ വര്‍ഗ്ഗീയ കലാപമുണ്ടാകുമെന്ന ആരോപണം ശരിവയ്ക്കുന്നതായിരുന്നു മലബാറിലെ ആക്രമണങ്ങള്‍. അയോദ്ധ്യാപ്രശ്‌നത്തിന് കേരളത്തില്‍ സംഘപരിവാറുമായി ബന്ധമുള്ളവരെ ഉപദ്രവിക്കാനും കൊലപ്പെടുത്താനും മലപ്പുറത്തെ മുസ്ലിങ്ങള്‍ക്ക് അധികാരമുണ്ടോ എന്ന കാര്യം അയോദ്ധ്യ സംഭവത്തിനെതിരെ പ്രതിഷേധം ഉയര്‍ത്തിയവരോടുള്ള ചോദ്യമാണ്. രാമന്റെ ദുഃഖം തേടി നടന്നവരോടുളള ചോദ്യമാണ്. കോഴിക്കോട് പത്രപ്രവര്‍ത്തകരും പ്രതിഷേധജാഥ നടത്തി. മതനിരപേക്ഷവാദികളുടെ മുഖംമൂടി വ്യക്തമാകുന്നത് ഇവിടെയാണ്. ന്യൂനപക്ഷങ്ങള്‍ നടത്തിയ അക്രമത്തേയും കൊലപാതകത്തേയും തള്ളിപ്പറയാന്‍ ഒരു രാഷ്ട്രീയകക്ഷിയും തയാറായില്ല. യഥാര്‍ത്ഥ മതനിരപേക്ഷവാദികളാണെങ്കില്‍ അയോദ്ധ്യാ സംഭവത്തെ അപലപിച്ച അതേ നിലപാടുതന്നെ മലപ്പുറത്തെ അക്രമസംഭവങ്ങളോടും സ്വീകരിക്കേണ്ടതാണ്. അതുണ്ടായില്ല. കൊണ്ടോട്ടിയില്‍ നിന്ന് ആറു കിലോമീറ്റര്‍ അകലെ മുണ്ടക്കുളത്തെ കോരുക്കുട്ടിയെ വധിച്ചത് അത്യന്തം ഹീനമായ രീതിയിലായിരുന്നു. കോരുക്കുട്ടി സംഘപരിവാറുമായി യാതൊരു ബന്ധവുമില്ലാത്ത സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ലഹളക്കാര്‍ സംഘപരിവാറുകാരെ മാത്രമേ ഉപദ്രവിക്കുകയുള്ളു എന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്സുകാരനായ കോരുക്കുട്ടി സ്വന്തം ചായക്കട തുറന്നത്. കട തുറന്നതിനെച്ചൊല്ലിയുള്ള വാഗ്വാദത്തെ തുടര്‍ന്ന് കോരുക്കുട്ടി ജീവനും കൊണ്ട് സഹോദരന്റെ വീട്ടിലേയ്‌ക്കോടി. ലഹളക്കാര്‍ അവിടെച്ചെന്ന് കോരുക്കുട്ടിയെ പിടികൂടി. കൈകള്‍ പിന്നിലേയ്ക്ക് ബന്ധിച്ച് വിജനമായ കുന്നിന്‍മുകളില്‍ നിന്ന് താഴേയ്ക്ക് നടത്തി. കുന്നിന്‍ചെരുവില്‍വച്ച് കൈകളും കാലുകളും വെട്ടിമാറ്റി. കോരുക്കുട്ടി മരിച്ചു എന്ന് ഉറപ്പായ ശേഷം മടങ്ങിയെത്തിയവര്‍ സഹോദരന്റെ വീട് ഇടിച്ചു നിരത്തി.
ഹിന്ദുക്കള്‍ക്ക് വ്യാപകമായി തൊഴില്‍ നിഷേധിച്ചതായിരുന്നു മറ്റൊരു സംഭവം. ഹിന്ദുക്കളായ തൊഴിലാളികളെ പിരിച്ചുവിട്ടു. കടകളില്‍ നിന്ന് ഹിന്ദുക്കള്‍ക്ക് പലവ്യഞ്ജനം കൊടുക്കാത്ത സ്ഥിതിവന്നു. അയോദ്ധ്യയിലും ഫൈസാബാദിലും ഉണ്ടാകാത്ത പ്രതിഷേധവും ആക്രമണവുമാണ് മലപ്പുറത്ത് അരങ്ങേറിയത്. ഇതു സംബന്ധിച്ച് പോലീസ് ചാര്‍ജ് ചെയ്ത കേസുകള്‍ ഏറെയും ദുര്‍ബലമായിരുന്നു. അക്രമങ്ങള്‍ തടയാനോ അക്രമസംഭവങ്ങള്‍ നടന്നിടത്തേയ്ക്ക് ആവശ്യത്തിന് പോലീസിനെ നിയോഗിക്കാനോ ജില്ലാ പോലീസ് സൂപ്രണ്ട് മുഹമ്മദ് യാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരാജയപ്പെട്ടുവെന്ന് മലപ്പുറത്തെ ഹിന്ദു നേതാക്കള്‍ പറഞ്ഞു.
മറ്റൊരു മാപ്പിള ലഹള
1993 ജനുവരി മൂന്നിലെ ‘കേരളശബ്ദം’ ഇങ്ങനെ പറയുന്നു: ”മാപ്പിള ലഹളയെ ഓര്‍മിപ്പിക്കുന്ന ഈ കൊലപാതകങ്ങള്‍ ഒറ്റപ്പെട്ടവയും ഒരിടത്ത് മാത്രം അടങ്ങിനിന്നവയുമാണെന്നത് ആശ്വാസകരം തന്നെ. പക്ഷേ അതിന്റെ കാരണങ്ങള്‍ കണ്ടെത്താതിരുന്നുകൂടാ. ജില്ലയില്‍ ടൗണ്‍പ്രദേശത്ത് സംഘര്‍ഷം ഉണ്ടായെന്ന് പറയാവുന്നത് മഞ്ചേരി മുനിസിപ്പാലിറ്റിക്ക് അടുത്താണ്. അതിനോട് ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് ഈ കൊള്ളകള്‍ ചിലതൊക്കെ നടന്നത്. തിയേറ്ററിലെ തീ, തിരകളില്‍(തിരശ്ശീല)നിന്ന് പുരപ്പുറത്തേയ്ക്ക് ഇറങ്ങി. പോസ്റ്ററുകളിലെ സംഘര്‍ഷം മനുഷ്യരെ തമ്മില്‍ അകറ്റി. ഇത് വര്‍ഷങ്ങളായി നടന്ന ഒരു ആസൂത്രണത്തിന്റെ ഭാഗം തന്നെ.”
1921 ലെ മാപ്പിള ലഹളയ്ക്കുശേഷം മലപ്പുറം ജില്ലയില്‍ നടന്ന മറ്റൊരു മാപ്പിള ലഹളയായിരുന്നു അയോദ്ധ്യാ സംഭവത്തെ തുടര്‍ന്ന് നടന്നത്. ഈ തരത്തില്‍ ഏതാനും ആനുകാലികങ്ങളില്‍ ഇതു സംബന്ധിച്ച പരാമര്‍ശങ്ങള്‍ വന്നതൊഴികെ പ്രധാന ദിനപത്രങ്ങളിലൊന്നും തന്നെ വാര്‍ത്ത വന്നില്ല. മനുഷ്യാവകാശ സംഘടനകളും മതേതരവാദികളായ രാഷ്ട്രീയക്കാരും മലബാറിലെ മണ്ണ് ഹിന്ദുവിന്റെ രക്തംകൊണ്ട് ചുവന്നത് കണ്ടില്ല. അയോദ്ധ്യയിലെ തര്‍ക്കമന്ദിരം തകര്‍ത്തതിന്റെ പേരില്‍ ഒന്നാംപേജില്‍ മുഖപ്രസംഗം എഴുതിയവര്‍, മലപ്പുറത്തെ ക്ഷേത്രങ്ങള്‍ തകര്‍ന്നു വീണത് അറിഞ്ഞില്ല. ‘ക്രമസമാധാനം പാലിക്കേണ്ട പോലീസ് ഉദ്യോഗസ്ഥര്‍ ഭരണകൂടത്തിന്റെ പിന്‍ബലത്തില്‍ അക്രമികള്‍ക്ക് പിന്തുണയായി. അക്രമികളെ ഒതുക്കാനോ കേസെടുക്കാനോ അധികൃതര്‍ ശ്രമിച്ചില്ല’, പത്രപ്രവര്‍ത്തകനായ തിരൂര്‍ ദിനേശ് പറഞ്ഞു.
ശ്രീരാമനു വേണ്ടി
അയോദ്ധ്യയിലെ ശ്രീരാമ ജന്മഭൂമി വീണ്ടെടുക്കാനുള്ള പോരാട്ടത്തില്‍ മറ്റു സംസ്ഥാനങ്ങള്‍ക്കൊപ്പം സുപ്രധാനമായ സ്ഥാനമാണ് കേരളവും വഹിച്ചത്. 1990 ല്‍ നടന്ന ആദ്യ കര്‍സേവയില്‍ കേരളത്തില്‍ നിന്ന് 2000 പേരാണ് പങ്കെടുത്തത്. തര്‍ക്കമന്ദിരം തകര്‍ത്ത 1992 ലെ കര്‍സേവയില്‍ വി എച്ച് പിയുടെ സംഘടനാ കാര്യദര്‍ശിയായിരുന്ന വി.കെ.വിശ്വനാഥന്റെ (വിശ്വന്‍ പാപ്പ) നേതൃത്വത്തില്‍ 500 ലേറെ കര്‍സേവകര്‍ പങ്കെടുത്തു. എ.ഗോപാലകൃഷ്ണനും ഈ സംഘത്തിന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്നു. അയോദ്ധ്യയില്‍ പുതിയ ക്ഷേത്രം നിര്‍മ്മിക്കാന്‍ വേണ്ടി ദേശവ്യാപകമായി നടന്ന ശ്രീരാമ ശിലാപൂജയ്ക്ക് കേരളത്തിലുടനീളം ആഘോഷപൂര്‍വ്വമായ പങ്കാളിത്തമാണുണ്ടായത്. ശ്രീ മാതാ അമൃതാനന്ദമയീ ദേവിയാണ് കേരളത്തില്‍ ആദ്യശില പൂജിച്ചത്. കേരളത്തിലെ എല്ലാ ജില്ലകളിലും ശിലാപൂജ നടന്നു. ഏറ്റവും ശ്രദ്ധേയമായ കാര്യം കമ്മ്യൂണിസ്റ്റ് ആചാര്യനായിരുന്ന ഇ എം എസ് നമ്പൂതിരിപ്പാടിന്റെ തറവാട്ടില്‍ പോലും ശിലാപൂജ നടന്നു എന്നതാണ്. അദ്ദേഹത്തിന്റെ സഹോദരന്റെ നേതൃത്വത്തിലാണ് ശിലാപൂജ നടന്നതെന്ന് വി.കെ.വിശ്വനാഥന്‍ ഓര്‍മ്മിക്കുന്നു.

സ്വാമി സത്യാനന്ദ സരസ്വതി, സ്വാമി ചിദാനന്ദപുരി തുടങ്ങി കേരളത്തിലെ എല്ലാ ഹിന്ദു ആചാര്യന്മാരും ആദ്ധ്യാത്മിക നേതാക്കളും ഇതില്‍ പങ്കാളികളായി. പൂജിച്ച ശിലകള്‍ പ്രത്യേക രഥങ്ങളില്‍ അയോദ്ധ്യയിലെ കര്‍സേവകപുരത്ത് എത്തിച്ചിട്ടുണ്ട്. മലയാളത്തില്‍ ‘ശ്രീറാം’ എന്നെഴുതിയ പൂജിച്ച ശിലകള്‍ അയോദ്ധ്യയില്‍ കാണാം. ഹിന്ദുക്കളുടെ, ഭാരതത്തിന്റെ ദേശീയ അഭിമാനം വീണ്ടെടുക്കാനുള്ള ഈ ഉജ്ജ്വല പോരാട്ടത്തില്‍ കേരളവും അതിന്റേതായ പങ്ക് വഹിച്ചു.