അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്, ഫാസിസ്റ്റ് ഭരണം നടപ്പിലാക്കി, കൊടുംക്രൂരതയുടെ ചുടലനൃത്തം നടത്തിയ ഇന്ദിരാ ഗാന്ധി 1977ല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ലോകത്തിന് മുമ്പില്‍ വീണ്ടും ജനാധിപത്യവാദിയുടെ മുഖംമൂടിയണിയാന്‍ വേണ്ടി നടത്തിയ കപടനാടകമായിരുന്നു. പക്ഷേ, അവസരത്തിനൊത്തുയര്‍ന്ന ഭാരതീയ ജനത ആ നാടകം പൊളിച്ചടുക്കി ചരിത്രം തിരുത്തി. 1977 മാര്‍ച്ച് 21ന് ഫലം പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികള്‍ ഒന്നിനു പിറകെ ഒന്നായി തോറ്റ് തുന്നംപാടിയ വാര്‍ത്തകളാണ് പുറത്തു വന്നത്. അതോടെ എല്ലാവരുടെയും കാതുകള്‍ ഇന്ദിര മത്സരിക്കുന്ന റായ്ബറേലിയിലേക്ക് തിരിഞ്ഞു. പക്ഷേ രാത്രി ഏറെ വൈകിയിട്ടും, അവിടെ നിന്ന് വാര്‍ത്തകളൊന്നും പുറത്തു വരുന്നില്ലായിരുന്നു. യഥാര്‍ത്ഥത്തില്‍ എതിര്‍ സ്ഥാനാര്‍ത്ഥി രാജ് നാരായണന്റെ മുന്നില്‍ ഇന്ദിരയെന്ന ഏകാധിപതി അടിയറവു പറയുകയായിരുന്നു. ഇന്ദിരയുടെ തിരഞ്ഞെടുപ്പ് ഏജന്റും കോണ്‍ഗ്രസ്സിലെ അധികാരദല്ലാളുമായിരുന്ന എം.എല്‍. ഫൊത്തേദാര്‍ മൂന്നു പ്രാവശ്യം വോട്ടണ്ണല്‍ ആവര്‍ത്തിപ്പിച്ചു. ഇന്ദിരയുടെ പരാജയത്തിന്റെ ആഴം വീണ്ടും വീണ്ടും വര്‍ദ്ധിക്കുകയായിരുന്നു ഫലം. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പറഞ്ഞറിയിക്കാനാകാത്ത പിരിമുറുക്കമായിരുന്നു. തിരഞ്ഞെടുപ്പ് ഫലം കയ്യില്‍ കിട്ടിയിട്ടും പ്രഖ്യാപിക്കാന്‍ റിട്ടേണിംഗ് ഓഫീസര്‍ വിനോദ് മല്‍ഹോത്ര ഭയപ്പെടുകയായിരുന്നു. ‘കൊല്ലുന്ന പ്രധാനമന്ത്രിയുടെ തിന്നുന്ന ആഭ്യന്തരമന്ത്രിയായി’ അക്കാലത്ത് ഭാരതം അടക്കിവാണിരുന്ന ഇന്ദിരയുടെ ആജ്ഞാനുവര്‍ത്തി ഓം മേത്തയും മറ്റൊരു ഭരണകൂട ദല്ലാളായിരുന്ന ആര്‍.കെ.ധവാനും പല പ്രാവശ്യം റിട്ടേണിംഗ് ഓഫീസര്‍ മല്‍ഹോത്രയെ വിളിച്ച് ഇന്ദിര പരാജയപ്പെട്ടു എന്ന പ്രഖ്യാപനം നടത്തരുതെന്ന് ആജ്ഞാപിച്ചു. അവരുടെ ആജ്ഞകളെ ധിക്കരിച്ച് ഇന്ദിര പരാജയപ്പെട്ടുവെന്ന തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതോടെ തന്റെയും കുടുംബത്തിന്റെയും ഭാവി ഇരുളടഞ്ഞതാകുമെന്ന ഭയത്തില്‍ അദ്ദേഹത്തിന്റെ കയ്യും കാലും വിറക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് തോറ്റാലും അടിയന്തരാവസ്ഥ നിലവിലുണ്ടായിരുന്ന സാഹചര്യം മുതലെടുത്ത് ഇന്ദിര അധികാര കൈമാറ്റം ഒഴിവാക്കുമോയെന്ന സംശയം നിലനിന്നിരുന്നതുകൊണ്ട് റിട്ടേണിംഗ് ഓഫീസര്‍ ഭയചകിതനായതില്‍ അതിശയിക്കാനൊന്നുമില്ല. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാന്‍ വൈകിയതോടെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ജനങ്ങള്‍ രോഷാകുലരാകുകയും ചെയ്തു.
ആശയക്കുഴപ്പത്തിലായ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍, വിനോദ് മല്‍ഹോത്ര, അല്പസമയം കണ്ടെത്തി തൊട്ടടുത്തുള്ള വീട്ടിലെത്തി തന്റെ സഹധര്‍മ്മിണിയോട് താന്‍ നേരിടുന്ന വെല്ലുവിളി വിശദീകരിച്ചു. ഫലം പ്രഖ്യാപിച്ചാല്‍ ഇന്ദിരാഗാന്ധിയുടെ രോഷം നമ്മുടെ കുടുംബം തന്നെ ഏറ്റുവാങ്ങേണ്ടി വന്നേക്കാമെന്നും അദ്ദേഹം സന്ദേഹം പ്രകടിപ്പിച്ചു. ഇന്ദിരാഗാന്ധിയുടെ പരാജയം ഒരു ഒറ്റപ്പെട്ട സംഭവം മാത്രമാണെന്നും കേന്ദ്രത്തില്‍ കോണ്‍ഗ്രസ് തന്നെയാകും സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച് ഇന്ദിരയ്ക്ക് വീണ്ടും അധികാരത്തില്‍ വരാമെന്നും അദ്ദേഹം പറഞ്ഞു. അതോടെ തങ്ങളുടെ കുടുംബം ഇരയാക്കപ്പെടുമെന്ന ഭയവും അദ്ദേഹം വ്യക്തമാക്കി. അതൊക്കെ കേട്ടിട്ടും ആ ഐഎഎസ് ഉദ്യോഗസ്ഥനോട് അദ്ദേഹത്തിന്റെ സഹധര്‍മ്മിണി പറഞ്ഞ വാക്കുകള്‍ ഭാരതത്തിന്റെ ജനാധിപത്യ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളില്‍ രേഖപ്പെടുത്തേണ്ടതാണ്. ‘ബര്‍ത്തന്‍ മാംജ്‌ലേംഗേ ലേകിന്‍ ബേയ്മാനി നഹീ കരേംഗേ’ എന്നാണ് മല്‍ഹോത്രയുടെ ഭാര്യ അദ്ദേഹത്തോട് പറഞ്ഞത്. ജീവിക്കാന്‍ വേണ്ടി പാത്രം കഴുകാനും ഞാന്‍ തയ്യാറാണ്; അങ്ങ് സത്യസന്ധമായി കര്‍ത്തവ്യം ചെയ്യൂ എന്നാണ് ആ മഹതി ഒരു സംശയവും കൂടാതെ തന്റെ ഭര്‍ത്താവിനോട് പറഞ്ഞത്. അതിനുശേഷം ഫലം പ്രഖ്യാപിക്കാന്‍ മല്‍ഹോത്രയ്ക്ക് ഒരു മടിയും തോന്നിയില്ല. അതേ തുടര്‍ന്ന് ഫലം പ്രഖ്യാപിക്കുന്നതിനുള്ള വ്യവസ്ഥ ചെയ്തശേഷം അദ്ദേഹം സ്വന്തം സ്വകാര്യ വാഹനത്തില്‍ കുടുംബത്തെയും കൂട്ടി സുരക്ഷിത സ്ഥാനത്തേക്ക് അഭയം തേടിയെന്നും അക്കാലത്ത് പത്രവാര്‍ത്തകള്‍ വന്നിട്ടുണ്ട്.
1980 ല്‍ ഇന്ദിര വീണ്ടും അധികാരത്തിലെത്തിയ ശേഷം ആ ഉദ്യോഗസ്ഥന്‍ ഇരയാക്കപ്പെട്ടതിന്റെ ചരിത്രത്തിലേക്കുള്ള ചില സൂചനകള്‍ കൂടി ഭാരതീയ ജനത അറിയേണ്ടതുണ്ട്. ‘ബിയോണ്ട് ദ ലൈന്‍സ്: ആന്‍ ഓട്ടോബയോഗ്രഫി’ എന്ന തന്റെ ആത്മകഥയില്‍ ഈ ചരിത്ര സംഭവം വിശദീകരിച്ച ശേഷം പ്രസിദ്ധ പത്രപ്രവര്‍ത്തകന്‍ കുല്‍ദിപ് നയ്യാര്‍ കുറിച്ചിരിക്കുന്നത് നോക്കുക. 1977ലെ തിരഞ്ഞെടുപ്പില്‍ റായ്ബറേലി മണ്ഡലത്തില്‍ നിന്ന് ഇന്ദിരാഗാന്ധിയുടെ പരാജയം പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അദ്ദേഹം ഭയന്നത് തന്നെ സംഭവിച്ചു. മൂന്ന് വര്‍ഷത്തിന് ശേഷം ഇന്ദിരാഗാന്ധി അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ മല്‍ഹോത്രയെ കണ്ടെത്തുന്നതില്‍ താന്‍ വളരെയധികം ബുദ്ധിമുട്ടിയെന്നാണ് നയ്യാര്‍ പറയുന്നത്. അവസാനം കണ്ടെത്തിയപ്പോള്‍ നിരന്തരം അങ്ങോട്ടും ഇങ്ങോട്ടും ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുന്നുണ്ടെന്നും മടുത്തുവെന്നും വിനോദ് മല്‍ഹോത്രയെന്ന ആ ഐ.എ.എസ്സ്. ഉദ്യോഗസ്ഥന്‍ വേദനയോടെ കുല്‍ദിപ് നയ്യാരോട് പറഞ്ഞു. അവസാനം പിരിയുമ്പോള്‍ ഇനി അദ്ദേഹത്തെ ബന്ധപ്പെടരുതെന്നും അപേക്ഷിച്ചു.
ഇവിടെ എടുത്തു പറയേണ്ട ഒരു കാര്യം 1977ല്‍ പരാജയപ്പെട്ട ഇന്ദിരയോട് ജയപ്രകാശ് നാരായണനും മൊറാര്‍ജി ദേശായിയും അടല്‍ ബിഹാരി വാജ്‌പേയിയും ലാല്‍ കൃഷ്ണ അദ്വാനിയും ജോര്‍ജ്ജ് ഫെര്‍ണ്ണാണ്ടസ്സും അടങ്ങുന്ന പുതിയ ഭരണപക്ഷം കാട്ടിയ വിശാലവും മനുഷ്യത്വപരവുമായ പരിഗണനയാണ്. താന്‍ ചെയ്ത കൊടും ക്രൂരതകള്‍ക്ക്, ഭരണത്തിലെത്തിയ മറുപക്ഷം പ്രതികാരം ചെയ്യുമെന്ന ചിന്തയില്‍ ഇന്ദിര ഭയചകിതയായി. വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ ഭയമായിരുന്നെന്നും മക്കളുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷ അപകടത്തിലാകുമെന്നവര്‍ ഭയന്നിരുന്നുവെന്നുമാണ് അടുത്തറിഞ്ഞിരുന്നവര്‍ പറഞ്ഞിട്ടുള്ളത്. ഇന്ദിരാ കുടുംബത്തോടുള്ള വിധേയത്വം കൊണ്ട് ശ്രദ്ധേയയായ നീര്‍ജാ ചൗധരിയെന്ന പത്രപ്രവര്‍ത്തക തന്റെ ‘ഹൗ പ്രൈം മിനിസ്റ്റേഴ്‌സ് ഡിസൈഡ്?’ എന്ന പുസ്തകത്തില്‍ ആ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. 1977ല്‍ തിരഞ്ഞെടുപ്പ് തോറ്റയുടന്‍ ഇന്ദിര, സോണിയയെയും മേനകയെയും കൊച്ചുമക്കളെയും ഹിമാചലിലുള്ള സുഹൃത്ത് സുമന്‍ ദുബെയുടെ അടുത്തേക്ക് പറഞ്ഞുവിട്ടു. കുടുംബത്തെ വിദേശത്തേക്ക് കടത്താന്‍ ഒരു സ്വകാര്യ വിമാനം സംഘടിപ്പിക്കാന്‍ കഴിയുമോയെന്ന് അന്വേഷിക്കാന്‍ രാജീവിനെ ബോംബെക്കയച്ചു. രാജീവിന്റെ ബോംബെ ദൗത്യത്തിന്റെ വിവരം രഹസ്യാന്വേഷണ ഏജന്‍സികള്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയെ അറിയിച്ചതോടെ ആ കാര്യത്തില്‍ പുതിയ ഒരു സംഭവമാണ് അരങ്ങേറിയത്. പ്രധാനമന്ത്രി മൊറാര്‍ജി ദേശായി ലോകനായക് ജയപ്രകാശ് നാരായണനെ, ഗാന്ധി പീസ് ഫൗണ്ടേഷനില്‍ ചെന്ന് കാണുകയും വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തു. സര്‍ക്കാര്‍ മാറിയതിന്റെ പേരില്‍ മുന്‍ പ്രധാനമന്ത്രിയും കുടുംബവും രാജ്യം വിട്ടുപോകരുതെന്ന കാര്യത്തില്‍ അവര്‍ക്ക് രണ്ടുപേര്‍ക്കും ഒരു സംശയവുമില്ലായിരുന്നു. മഹാന്മാരായ ആ രണ്ടു നേതാക്കളും ഇന്ദിരയെന്ന ഭയവിഹ്വലയായ ‘ഉരുക്ക് വനിതയെ’ നേരിട്ടു കണ്ടു. ഇന്ദിരയുടെ കുടുംബം രാജ്യത്ത് പൂര്‍ണ്ണമായും സുരക്ഷിതമായിരിക്കുമെന്ന് അവര്‍ ഉറപ്പ് നല്‍കി. അങ്ങനെയാണ് ഇന്ദിരയും കുടുംബവും എങ്ങോട്ടും അഭയം തേടിപ്പോകാതെ ഇവിടെ തന്നെ കഴിയുന്നതിന് നിശ്ചയിച്ചത്. കുടുംബാധിപത്യത്തിന് വേണ്ടി എന്ത് ക്രൂരതയും കാട്ടുന്ന ഏകാധിപതിയും ജനാധിപത്യവും ധാര്‍മ്മികതയും ജീവിതവ്രതമാക്കിയവരും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ വിനോദ് മല്‍ഹോത്രയോട് ഇന്ദിര കാട്ടിയ പ്രതികാര മനോഭാവവും ഇന്ദിരയോട് മറുപക്ഷം കാട്ടിയ മാനവികതയും രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് താരതമ്യപഠനത്തിന് അവസരം നല്‍കുന്നു. 2024 ലെ തിരഞ്ഞെടുപ്പില്‍ തൊട്ടതിനും പിടിച്ചതിനുമൊക്കെ നരേന്ദ്രമോദിയെയും ഇലക്ഷന്‍ കമ്മീഷനെയും തിരഞ്ഞെടുപ്പ് പ്രക്രിയയെയും കുറ്റം പറയുന്ന സോണിയയുടെയും രാഹുലിന്റെയും വിനീതവിധേയരായ ഐ.എന്‍.ഡി.ഐ പക്ഷത്തിന് ഇന്ദിരയുടെ കാലവും ഇക്കാലവും താരതമ്യം ചെയ്യാന്‍ ഒരവസരം!