വര്‍ണ്ണവ്യവസ്ഥ ആകട്ടെ വൈദികസമ്പ്രദായികളുടെ ഇടയില്‍ യാഗകര്‍മ്മത്തിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി രൂപപ്പെടുത്തിയ വൈദികകര്‍മ്മപരമായ ഒരു വിഭജനം ആയിരുന്നു. യാഗവുമായി ബന്ധപ്പെട്ട അതാതു കര്‍മ്മങ്ങള്‍ക്കായി വ്രതം എടുത്തവര്‍ അതാതു വര്‍ണ്ണമായി കണക്കാക്കപ്പെട്ടു. ‘വര്‍ണ്ണ പ്രേരണേ’ എന്ന സംസ്‌കൃത ധാതുവില്‍ നിന്നാണ് ഇവിടുത്തെ വര്‍ണ്ണ പദത്തിന് അര്‍ത്ഥം പറയേണ്ടത്. നിറം എന്ന അര്‍ത്ഥം ഇവിടെ ചേരുകയില്ല എന്നു കാണാം. ബ്രാഹ്‌മണരിലും കറുത്ത നിറമുള്ളവര്‍ ധാരാളം ഉണ്ടല്ലോ. പുരുഷസൂക്തത്തില്‍ യജ്ഞപുരുഷന്റെ അതാതു ദേഹഭാഗത്തില്‍ നിന്നും ഈ വര്‍ണ്ണങ്ങള്‍ ഉത്ഭവിച്ചതായി പറയുന്നു. ഈ വര്‍ണ്ണികളുടെ അതാതു യാഗകര്‍മ്മവുമായി ബന്ധപ്പെട്ട നിയോഗത്തെ കുറിക്കുവാനാണ് അത് എന്നതു സ്പഷ്ടമാണ്. അതിന് നിലനില്‍ക്കുന്ന ജാതിഘടനയുമായി സത്യത്തില്‍ ഒരു ബന്ധവുമില്ല. ഈ വര്‍ണ്ണവിഭജനം ക്രമേണ അനുലോമവിലോമ വര്‍ണ്ണങ്ങളും ചേര്‍ന്ന് ജന്മബദ്ധമായ ശ്രേണീവിധാനവും തുടര്‍ന്ന് വൈദികമായ സാമൂഹ്യവ്യവസ്ഥിതിയും ആയി പരിണമിച്ചു എന്നു കരുതേണ്ടിയിരിക്കുന്നു. ഈ പ്രക്രിയക്കു സമാന്തരമായി രാജനീതിപരമായി വിവിധജാതികള്‍ക്ക് രാജാവുമായി വ്യത്യസ്തതോതില്‍ ഉള്ള അടുപ്പം ക്രമേണ ഭരണതലത്തിലെ ശ്രേണികളായും അത് പിന്നീട് ജാതീയമായ സാമൂഹ്യശ്രേണികളായും മാറുന്ന പ്രവണതയെ കുറിച്ച് Nicholas B. Dirks തന്റെ Castes of Mind എന്ന പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
ബ്രാഹ്‌മണര്‍ക്ക് ഭാരതമാസകലം ഒരു ഏകരൂപസമാജം ഒരു കാലത്തും ഇല്ലായിരുന്നു. അവര്‍ ഒട്ടും ഇല്ലാതിരുന്ന ഗ്രാമങ്ങള്‍ പലതുണ്ടായിരുന്നു. ബ്രാഹ്‌മണ്യത്തെക്കുറിച്ചു കേട്ടുകേള്‍വി പോലും ഇല്ലാത്തവ നിരവധി ആയിരുന്നു. അവര്‍ക്ക് പ്രാമുഖ്യം കല്‍പ്പിക്കാത്ത ഇടങ്ങളും ഏറെ ആയിരുന്നു. രണ്ടായിരത്തോളം ബ്രാഹ്‌മണവിഭാഗങ്ങള്‍ ഭാരതത്തില്‍ ഉള്ളതായി സര്‍ദാര്‍ കെ. എം. പണിക്കര്‍ പറയുന്നു. അവരില്‍ മക്കത്തായികളും മരുമക്കത്തായികളും ഉണ്ടായിരുന്നു. സസ്യഭുക്കുകളും അല്ലാത്തവരും ഇന്നുമുണ്ട്. വിവാഹാദിബന്ധങ്ങള്‍ പരസ്പരം വിലക്കപ്പെട്ട പല ബ്രാഹ്‌മണവിഭാഗങ്ങള്‍ ഉള്ളതായി എം. എന്‍. ശ്രീനിവാസന്‍, ഇരാവതി കാര്‍വേ തുടങ്ങിയ സാമൂഹ്യശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. ബ്രാഹ്‌മണര്‍ക്ക് എല്ലാവര്‍ക്കും ഒരുപോലെ ബാധകം ആയ ഒരു സ്മൃതി പോലും ഇന്നേ വരെ ഇല്ല.
ഭാരതീയരെ എല്ലാം ബാധിക്കുന്ന തരത്തില്‍ മനുസ്മൃതിയെ നീതിന്യായ വ്യവസ്ഥയുമായി ഘടിപ്പിച്ചത് ബ്രിട്ടീഷുകാര്‍ ആണ് എന്നു പ്രസിദ്ധ സാമൂഹ്യശാസ്ത്രജ്ഞനായ എം.എന്‍. ശ്രീനിവാസന്‍ ചൂണ്ടിക്കാണിക്കുന്നു. സഞ്‌ജോയ് ചക്രവര്‍ത്തിയുടെ നിരീക്ഷണത്തില്‍ ഇത് ബൈബിള്‍ മാതൃകയെ അടിസ്ഥാനപ്പെടുത്തി നടപ്പാക്കിയതാണ്. ഈ അനന്തമായ വൈവിധ്യം തന്നെ ആണ് ഇതര വൈദികവര്‍ണ്ണങ്ങളുടെയും മേല്‍പ്പറഞ്ഞ വൈദികേതര ജാതികളുടെയും അവസ്ഥ. ബ്രിട്ടീഷുകാര്‍ തുടങ്ങിവെച്ച സെന്‍സസ്സിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഈ സത്യം തെളിഞ്ഞതാണ്. രാജനൈതിക, സാമ്പത്തിക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലുള്ള കാസ്റ്റ് (ഇത് വംശവിവേചനവുമായി ബന്ധപ്പെട്ട ഒരു പോര്‍ച്ചുഗീസ് പദം ആണ്) എന്ന സ്ഥിരസംവിധാനം (Stereotype) ബ്രിട്ടീഷ് ഭരണകൂടത്തിന്റെ സൃഷ്ടി ആണെന്ന് Sanjoy Chakravarty തന്റെ The Truth About Us എന്ന പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.
Nicholas B. Dirk പറയുന്നത് ഇതാണ് ‘James Mill തൊട്ട് Herbert Risley വരെയും Hegel തൊട്ട് Weber വരെയും G.S. Ghurye തൊട്ട് M N Srinivas വരെയും Louis Dumont തൊട്ട് McKim Marriot വരെയും E.V Ramaswamy Naicker തൊട്ട് B.R. Ambedkar വരെയും Gandhi തൊട്ട് Nehru വരെയും അതുപോലെ കാസ്റ്റിനെ പുകഴ്ത്തുകയും ഇകഴ്ത്തുകയും ചെയ്ത മറ്റു പലരും കാസ്റ്റും വിശിഷ്യാ കാസ്റ്റ് ശ്രേണീരൂപങ്ങളും എങ്ങനെയോ ഇന്ത്യന്‍ നാഗരികത, ഇന്ത്യന്‍ സംസ്‌കാരം, ഇന്ത്യന്‍ പാരമ്പര്യം എന്നിവയുടെ അടിസ്ഥാനമാണ് എന്നു അംഗീകരിച്ചു. സത്യത്തില്‍ കാസ്റ്റ് പ്രാചീന ഇന്ത്യയുടെ മാറ്റം വരാതെ അതിജീവിച്ചു തുടര്‍ന്ന എന്തോ ഒന്നോ, നാഗരികമൂല്യത്തെ പ്രതിഫലിപ്പിക്കുന്ന ഒരേ ഒരു ഘടനയോ, ഇന്ത്യന്‍ പാരമ്പര്യത്തിന്റെ മൗലികമായ ബഹിര്‍സ്ഫുരണമോ അല്ല. മറിച്ച് കാസ്റ്റ് എന്നത് (നാം ഇന്ന് മനസ്സിലാക്കുന്ന തരത്തിലുള്ളത്) ഇന്ത്യയും പാശ്ചാത്യ കൊളോണിയല്‍ ഭരണവും തമ്മിലുള്ള ചരിത്രപരമായ സംഘട്ടനത്തിന്റെ സന്തതിയായ ആധുനികപ്രതിഭാസം ആണ് എന്നു ഞാന്‍ വാദിക്കുന്നു.’
G.S. Ghurye, Susan Bayly, Richard Eaton, David Shulman, Cynthia Talbot തുടങ്ങിയ പണ്ഡിതര്‍ ബ്രിട്ടീഷുകാരുടെ ഭരണത്തിനു മുമ്പുള്ള ഭാരതീയജീവിതത്തെ കുറിച്ച് ആഴത്തില്‍ പഠിച്ചവരാണ്. ജാതി, വര്‍ണ്ണം തുടങ്ങിയവയ്ക്ക് അക്കാലത്ത് ജനസാമാന്യത്തിനിടയില്‍ നാം ഇന്നു കരുതുന്നതുപോലുള്ള വലിയ പ്രാധാന്യം ഒന്നും ഇല്ലായിരുന്നു എന്നാണ് അവരുടെ നിഗമനം.
സാമ്രാജ്യശക്തികളുടെ വൈതാളികരായ ആംഗ്‌ളോ- ജര്‍മ്മന്‍ പണ്ഡിതന്മാരും പിന്നീട് ഇടതരും നടത്തിയതും പ്രചരിപ്പിച്ചതുമായ പഴയ വികലപഠനങ്ങള്‍ അടിവരയിട്ടു സ്ഥാപിക്കുന്ന അതിതീവ്രമായ സാമൂഹ്യസംഘര്‍ഷാന്തരീക്ഷം ആണ് ഭാരതത്തിലെമ്പാടും സഹസ്രാബ്ദങ്ങളായി നിലനിന്നു പോന്നിരുന്നതെങ്കില്‍ ഹിന്ദുസമൂഹം എന്നേ ഛിന്നഭിന്നമായി നാമമാത്രം ആകുമായിരുന്നു! മാത്രമല്ല, സഹസ്രാബ്ദങ്ങളുടെ തുടര്‍ച്ചയും പേറി, അതിനിടയില്‍ രാജനൈതികവും സെമിറ്റിക്മതപരവും സാംസ്‌കാരികവും മറ്റുമായ എണ്ണമറ്റ ആക്രമണങ്ങളേയും നേരിട്ട് അവയെ എല്ലാം അതിജീവിച്ച്, Anthropological Survey of India ഈ അടുത്തകാലത്തു (1985-92) People of India project എന്ന പേരില്‍ നടത്തിയ സര്‍വ്വേയില്‍ തെളിഞ്ഞതു പോലെ, ഈ ഹിന്ദു കൂട്ടായ്മ ഇന്നും സജീവമായി നിത്യനൂതനമായി നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം ആഴമാര്‍ന്നതും ഏവര്‍ക്കും ഒരുപോലെ സ്വീകാര്യമായതും ജാതിഭേദങ്ങള്‍ക്ക് അതീതമായതും എല്ലാവരേയും ഒന്നിപ്പിക്കുന്നതും ഫലദാനസമര്‍ത്ഥവും ആയ ഒരു ജീവിതവീക്ഷണത്തിന്റെയും ജീവിതപദ്ധതിയുടെയും സാമൂഹ്യമായ പൊതുചട്ടക്കൂട് ദേശീയവും പ്രാദേശികവും ആയ തലങ്ങളില്‍ ഇവിടെ രൂപപ്പെട്ടു പുലര്‍ന്നിരിക്കണമല്ലോ.
Castes of Mind- Nicholas B. Dirks (Historian, Anthropologist, Academic, American), Cast, Society and Politics in India – Susan Bayley (Profesosr of Historical Anthropology, Cambridge University), Precolonial India in Practice- Cinthia Talbot (Profesosr of History and Ancient Studies at University of Texas), A Social History of the Deccan- Richard M. Eaton (Profesosr of History at University of Arizona) എന്നീ പുതിയ പഠനങ്ങള്‍ ഇത്തരം പഴയ പഠനങ്ങളുടെ പൊള്ളത്തരം വ്യക്തമാക്കുന്നു.
സവിശേഷമായ സാമൂഹ്യഘടന:
ലോകത്തെ ഇതരസമൂഹങ്ങളുടെ സമൂഹ/ രാഷ്ട്രരൂപീകരണപ്രക്രിയ നോക്കുമ്പോള്‍ മേല്‍പ്പറഞ്ഞത് ശരിയാണെന്നു കൂടുതല്‍ ബോധ്യംവരും. ആഫ്രിക്കാഭൂഖണ്ഡത്തിലെ ഗോത്ര വര്‍ഗങ്ങള്‍ ചേര്‍ന്ന് ഇന്നും ഒരു രാഷ്ട്രമായിട്ടില്ല. നിരവധി ഗോത്രങ്ങളും രാജ്യങ്ങളുമായി അതിന്നും തുടരുന്നു. ഗോത്രവര്‍ഗങ്ങള്‍ തമ്മിലുള്ള കിടമത്സരങ്ങള്‍ മൂലം അവിടം ഇന്നും സംഘര്‍ഷഭരിതമാണു താനും. കിഴക്കന്‍യൂറോപ്പിലും വടക്കന്‍ ഏഷ്യയിലുമായി വ്യാപിച്ചുകിടക്കുന്നതും നിരവധി രാജ്യങ്ങളായി പിരിഞ്ഞു കഴിയുന്നതും (പഴയ കമ്മ്യൂണിസ്റ്റു സോവിയറ്റു യൂണിയനിലെ റിപ്പബ്ലിക്കുകള്‍) ആയ റഷ്യയുടെ ചരിത്രവും നമ്മുടെ കണ്‍മുന്നിലുണ്ട്. ഇതര പാശ്ചാത്യരാജ്യങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. സെമിറ്റിക് മതങ്ങള്‍ക്കും അവയെ ഒന്നാക്കാന്‍ കഴിഞ്ഞിട്ടില്ല. ഏതാണ്ട് പതിനാറാം നൂറ്റാണ്ടു മുതല്‍ക്കാണ് ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ ആധുനിക ‘നേഷന്‍ സ്റ്റേറ്റു’കള്‍ (Nation-State)പാശ്ചാത്യ നാടുകളില്‍ രൂപംകൊണ്ടത്. പലതരം ഗോത്രസമൂഹങ്ങള്‍ നിലനില്‍പ്പ്, സുരക്ഷ മുതലായ ബാഹ്യസമ്മര്‍ദ്ദങ്ങളാല്‍ കൂടിച്ചേര്‍ന്നാണ് അവ ഉണ്ടായത് എന്നു ചരിത്രം പറയുന്നു. തന്മൂലം ബാഹ്യങ്ങളായ ഭരണകൂടം, ലിഖിതഭരണഘടന എന്നിവയാണ് അവയെ ഇന്നും ഒരുമിപ്പിച്ചു നിലനിര്‍ത്തുന്നത് എന്നും കാണാം. ഭാരതത്തിലാകട്ടെ സഹജവും ആന്തരികവുമായ ഏകാത്മതയാണ് ഹിന്ദുക്കളെ ഒരു സമൂഹവും രാഷ്ട്രവുമായി നിലനിര്‍ത്തുന്നത് എന്നത് ഭാരതീയസമൂഹത്തിന്റെ സവിശേഷ സ്വഭാവത്തിനു തെളിവാണ്.
വൈവിധ്യാന്തര്‍ഗതമായ ഏകാത്മത എന്ന പ്രകൃതിസഹജമായ ഘടനയാണ് ഹിന്ദുസമൂഹത്തിന്റെ ഊടും പാവും. അര്‍ത്ഥകാമമോക്ഷങ്ങള്‍ എന്ന ത്രിവിധപുരുഷാര്‍ത്ഥസമ്പാദനത്തിനായുള്ള പരസ്പരപൂരകത അഥവാ പാരസ്പര്യത്തിലൂന്നിയതും ധാര്‍മ്മികവുമായ പ്രായോഗിക പദ്ധതിയാണ് തൊഴില്‍പരമായ ജാതികളും അഭിരുചിയുടെ ആധാരത്തില്‍ ഉരുവം പൂണ്ട ആധ്യാത്മിക സമ്പ്രദായങ്ങളും ഇഴ പിരിക്കാനാവാത്ത തരത്തില്‍ ഇണങ്ങിച്ചേര്‍ന്ന വൈവിധ്യമാര്‍ന്ന സാമുദായിക ജീവിതചര്യകളടങ്ങുന്ന ആ സവിശേഷ സാമൂഹ്യഘടന എന്നു സൂക്ഷ്മപഠനത്തിലൂടെ നമുക്ക് വ്യക്തമാകും. ഈ ജീവിതചര്യയുടെ സുപ്രധാനമായ വശമാണ് പീഠ-ക്ഷേത്ര-തീര്‍ത്ഥ- ധാമാദികളുടെ സന്ദര്‍ശനത്തിനായുള്ള ഭാരതപരിക്രമണം. ഈ പരിക്രമണം ഏതാണ്ട് ആയിരം ബി.സി.ഇ മുതല്‍ക്കെങ്കിലും തുടങ്ങിയിരിക്കണം എന്നാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധ പുരാവസ്തുശാസ്ത്രജ്ഞനായ ദിലീപ് കെ. ചക്രബര്‍ത്തി (Hinduism from Pre-History to History) അനുമാനിക്കുന്നത്. അതിന്റെ ഏതു വശം ഏത് അംശം പരിശോധിച്ചാലും വൈവിധ്യാന്തര്‍ഗതമായ ഏകാത്മതയെ നമുക്കു കാണാന്‍ കഴിയും.
ഇത്തരത്തില്‍ ഒരു സംവിധാനം സാമൂഹ്യജീവിതത്തില്‍ സാധ്യമാക്കിയത് പുരുഷാര്‍ത്ഥമാതൃകയുടെ ‘കസ്റ്റമൈസബിലിറ്റി’ ആണെന്നു കാണാം. ആവാസവ്യവസ്ഥയ്ക്കും തൊഴിലിനും അഭിരുചിക്കും അനുഗുണമായി പുരുഷാര്‍ത്ഥമാതൃകയെ പാകപ്പെടുത്തി പറ്റിയ ചര്യാപദ്ധതിക്ക് രൂപം കൊടുക്കാനാകും എന്നതാണ് കസ്റ്റമൈസേഷന് ഇവിടെ അര്‍ത്ഥം. പാശ്ചാത്യങ്ങളായ മത-ഇസ മാതൃകകളില്‍ ആകട്ടെ ചട്ടക്കൂടിന് അനുസരിച്ച് വ്യക്തി/സമൂഹജീവിതങ്ങളെ പാകപ്പെടുത്തണം. അയിത്താചരണം എന്ന മഹാരോഗം ബാധിച്ച സമൂഹശരീരത്തിന് മൃതസഞ്ജീവനി ആയതും ഈ പുരുഷാര്‍ത്ഥ മാതൃകയാണ്. ഈ മാതൃകയുടെ അടിസ്ഥാനത്തിലുള്ള വിവിധ സ മ്പ്രദായങ്ങളുടെ ആചാര്യന്മാരാണല്ലോ അതാതു പ്രദേശത്തു നടമാടിയ ഈ ദുരാചാരത്തെ ഉന്മൂലനം ചെയ്യാന്‍ മുമ്പിട്ടിറങ്ങിയത്.
ഹിന്ദുസമൂഹത്തിന്റെ ഈ വൈവിധ്യാന്തര്‍ഗതമായ ഏകാത്മതയെ ഇന്ന് പല പണ്ഡിതന്മാരും മനസ്സിലാക്കി വരുന്നുണ്ട്. ഉദാഹരണത്തിന് മനുഷ്യസമൂഹങ്ങളുടെ കൂട്ടായ്മകളെ ആധുനിക രാഷ്ട്രതന്ത്രജ്ഞര്‍ പല തരത്തില്‍ നിര്‍വചിച്ചിരിക്കുന്നു. രാജ്യം, സാമ്രാജ്യം, നേഷന്‍, നേഷന്‍-സ്റ്റേറ്റ്, സിവിലൈസേഷന്‍ സ്റ്റേറ്റ് തുടങ്ങിയവയാണ് അവ. അവയില്‍ സിവിലൈ സേഷന്‍ സ്റ്റേറ്റ് എന്ന ഇനത്തിലാണ് ഭാരതത്തെ പരിഗണിക്കുന്നത്. അതിനു കാരണമായി പണ്ഡിതന്മാര്‍ ചൂണ്ടിക്കാട്ടുന്നത് ‘ബ്രിട്ടീഷ് കോളനിവല്‍ക്കരണത്തിനും ഇസ്ലാമിക ആക്രമണത്തിനും മുമ്പു തന്നെ ഇവിടെ ഇന്ത്യക്കാര്‍ ഇന്ത്യത്വം എന്ന ബോധം പൊതുവായി പങ്കിട്ടിരുന്നു ((Shared Indian Identity)’ എന്നതാണ്.
ആന്ത്രോപ്പോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ 1985-92 കാലഘട്ടത്തില്‍ People of India Project എന്ന പേരില്‍ എല്ലാ വിഭാഗങ്ങളിലും പെട്ട ഭാരതീയരെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഒരു സര്‍വ്വേ നടത്തുക ഉണ്ടായി. കാസ്റ്റ്, സ്വദേശി/ വിദേശി വിശ്വാസപദ്ധതികള്‍ (Belief- Systems), ആചാരാനുഷ്ഠാനങ്ങള്‍ തുടങ്ങിയവയിലെ വൈവിധ്യങ്ങള്‍ക്കെല്ലാം അതീതമായി തങ്ങളുടെ ഭാരതീയതയിലും ഭാരതീയപാരമ്പര്യത്തിലും എല്ലാവരും അഭിമാനം കൊള്ളുന്നു എന്ന് അതില്‍ വെളിവായി.
ദേബീപ്രസാദ് ചട്ടോപാധ്യായ (1918-1993) ഭാരതത്തിലെ മാര്‍ക്‌സിസ്റ്റ് ചിന്തകരില്‍ പ്രഥമഗണനീയനാണ്. ഭാരതീയസമൂഹത്തെയും തത്വചിന്തയേയും മാര്‍ക്‌സിയന്‍ കാഴ്ച്ചപ്പാടില്‍ അവതരിപ്പിച്ച അദ്ദേഹത്തിന്റെ Lokayata: A Study in Ancient Indian Materialism പ്രസിദ്ധമാണ്. അദ്ദേഹം രാധാ കുമുദ് മുഖര്‍ജിയുടെ ഫണ്ടമെന്റല്‍ യൂണിറ്റി ഓഫ് ഇന്‍ഡ്യ എന്ന പുസ്തകത്തിന് എഴുതിയ എഡിറ്റോറിയല്‍ നോട്ടില്‍ ഇപ്രകാരം പറയുന്നു: ”ഇന്ത്യയുടെ ദേശീയത (Nationhood) ബ്രിട്ടീഷ് ഭരണത്തിന്റെ ഫലമാണ് എന്ന ആധുനിക ആശയം സങ്കുചിതവും (narrow) അംഗീകരിക്കാനാവാത്തതും (untenable) ആണ്.” മാത്രമല്ല; അതിന്റെ അന്തസ്സത്ത സാംസ്‌കാരികമാണ് എന്നും നിരവധി വൈദേശികമായ ആക്രമണങ്ങളെ അതിജീവിക്കാനും ആക്രമണകാരികളെ ഇവിടുത്തെ ദേശീയമുഖ്യധാരയില്‍ ലയിപ്പിക്കാന്‍ തക്ക കെല്‍പ്പുറ്റതായിരുന്നു അതെന്നും വിലയിരുത്തുന്നു. തലമുറകളായി ഇവിടെ നടന്നുവരുന്ന ധാമ- തീര്‍ത്ഥ- ക്ഷേത്ര പരിക്രമണം ആണ് അതിന്റെ ജീവവായു എന്നും അദ്ദേഹം വ്യക്തമാക്കുന്നു. ആ എഡിറ്റോറിയല്‍ നോട്ടിന്റെ തലവാചകം തന്നെEditors Introduction: The Deep Structure of India’s Fundamental Unityഎന്നാണ്! അതുപോലെ പ്രമുഖ മാര്‍ക്‌സിയന്‍ സോഷ്യോളജിസ്റ്റായ ധൂര്‍ജ്ജടീ പ്രസാദ് മുഖര്‍ജി തന്റെ Modern Indian Culture(1942) എന്ന പുസ്തകത്തില്‍ ബ്രിട്ടീഷുകാര്‍ വരുന്നതിനു മുമ്പ് ഇവിടുത്തെ ഭാരതീയസമൂഹത്തിന് ഒരു പൊതുവീക്ഷണവും പദ്ധതിയും ഉണ്ടായിരുന്നു എന്നു പ്രസ്താവിക്കുന്നു. A. R. Desai (Social Background of Indian Nationalism,1948) എന്ന മറ്റൊരു മാര്‍ക്‌സിസ്റ്റ് ചിന്തകന്‍ ഇതിനെ Religio-Ideological Unity എന്നു വിളിക്കുന്നു. ഇവരാരും തന്നെ ഹിന്ദുത്വവാദികള്‍ ആയിരുന്നില്ല എന്നതു സ്പഷ്ടമാണല്ലോ.
ഈ ആധ്യാത്മികമായ ഏകാത്മവീക്ഷണത്തിനും ധര്‍മ്മബോധത്തിനും ശോഷണം സംഭവിക്കുകയും രാജനൈതികമായ മൂല്യങ്ങള്‍ക്കു മുന്‍തൂക്കം ഉണ്ടാകുകയും ചെയ്ത ഇടങ്ങളിലും കാലങ്ങളിലും ആണ് പാരസ്പര്യം മങ്ങി അയിത്തം, ഉച്ചനീചത്വം തുടങ്ങിയ ദുരാചാരങ്ങള്‍ തലപൊക്കിയത്. ഭരണം നിലനിര്‍ത്താനും മറ്റുമായി ഭരണകൂടങ്ങള്‍ (പ്രത്യേകിച്ചും ലളിതവിസ്തരം എന്ന ബൗദ്ധഗ്രന്ഥത്തിലും മറ്റും പറയുന്ന രാജവംശങ്ങളുടെ കാലം മുതല്‍ക്ക്) ചില ജാതികള്‍ക്കു കൂടുതല്‍ സ്ഥാനമാനങ്ങള്‍ കല്‍പ്പിച്ചതു വഴി അത്തരം ഇടങ്ങളില്‍ ഉച്ചനീചത്വചിന്തയും ശുദ്ധാശുദ്ധതാരതമ്യവും മറ്റു ഭേദചിന്തകളും സാമൂഹ്യജീവിതത്തില്‍ പ്രകടമായി. തുടര്‍ച്ചയായ ആക്രമണങ്ങളും നിഷ്ഠൂരമായ വൈദേശികഭരണങ്ങളും പുരുഷാര്‍ത്ഥമാതൃകയെ ജനജീവിതത്തിന്റെ എല്ലാ തലങ്ങളിലും സജീവമായി നിലനിര്‍ത്തിപ്പോന്ന ഗുരുകുലങ്ങള്‍, സര്‍വകലാശാലകള്‍, പരിവ്രാജകസംഘങ്ങള്‍ എന്നിവയുടെ വേരറുത്തു. അതും ധാര്‍മ്മികമായ അപചയത്തിനു കാരണമായി. ഈ അയിത്താചരണം ദേശമാസകലം ഉണ്ടായിരുന്നില്ല (നവോത്ഥാന നായകരും പ്രസ്ഥാനങ്ങളും: ഡോ. കൃഷ്ണഗോപാല്‍). കേരളത്തിലും സാര്‍വത്രികമായി അതിന്റെ തീവ്രത ഒരുപോലെ ആയിരുന്നില്ല (കേരളത്തിലെ സാമൂഹികചലനാത്മകത: ആധുനികതയും സ്വത്വവും സംഘര്‍ഷത്തില്‍, ഫിലിപ്പോ ഒസാമ- കരോലിന്‍ ഒസാമ ദമ്പതികള്‍). അത് നില നിന്നിരുന്ന ഓരോരോ പ്രദേശത്തും അതിനുള്ള കാരണങ്ങളും വ്യത്യസ്തങ്ങള്‍ ആയിരുന്നു. പില്‍ക്കാലത്ത് വൈദേശികമതസംസ്‌കാരത്തിന്റെ കടന്നുവരവും ഭക്ഷണരീതിയും ഉത്തരഭാരതത്തില്‍ അയിത്താചരണത്തിനു കാരണമായി എന്ന് ചരിത്രകാരനായ പ്രൊഫസര്‍ കെ. എസ്. ലാല്‍ ചൂണ്ടിക്കാട്ടുന്നു. വൈദേശികസംസ്‌കാരങ്ങളുടെ കടന്നുകയറ്റത്തില്‍ നിന്നും സ്വധര്‍മ്മത്തെ രക്ഷിക്കാനായി പല സമൂഹങ്ങളും സ്വയം വാതിലുകള്‍ കൊട്ടി അടച്ചിരിക്കാം. പിന്നീട് അത് ജാതിമാറ്റത്തിന് ഉതകുന്ന സാമൂഹ്യചലനാത്മകതയെ മരവിപ്പിക്കുകയും ചെയ്തുകാണാം. വൈദേശികമതപ്രചാരകര്‍ ജാതികള്‍ തമ്മിലുള്ള അകല്‍ച്ച സൃഷ്ടിക്കാനും വര്‍ദ്ധിപ്പിക്കാനും പ്രയോഗിച്ച അടവുകളും അന്വേഷണവിധേയം ആക്കേണ്ടതാണ്. എല്ലാ ജാതികള്‍ക്കും അവരവരുടേതായ ശുദ്ധാശുദ്ധസങ്കല്‍പ്പങ്ങള്‍ (സൈന്ധവനാഗരികതയിലെ കുളങ്ങള്‍ മുഴുവന്‍ ഹിന്ദുസമാജത്തിന്റെയും ശുദ്ധാശുദ്ധബോധത്തിനു തെളിവായി അനുമാനിക്കപ്പെടുന്നു) ഉണ്ടായിരുന്നു. അതനുസരിച്ചുള്ള അയിത്തം ജാതികള്‍ തമ്മില്‍ തമ്മില്‍ പുലര്‍ത്തിയിരുന്നു. ഒരേ ജാതിയിലേയോ വര്‍ണ്ണങ്ങളിലേയോ ഉപവിഭാഗങ്ങള്‍ തമ്മിലും ചില കാര്യങ്ങളില്‍ അയിത്തം ആചരിക്കപ്പെട്ടിരുന്നു. ബ്രാഹ്‌മണര്‍ക്ക് അയിത്തം കല്‍പ്പിച്ചിരുന്ന ഇതരസമുദായങ്ങളെ എം. എന്‍. ശ്രീനിവാസന്‍, ഇരാവതി കാര്‍വേ തുടങ്ങിയ സാമൂഹ്യശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പാശ്ചാത്യമാതൃകകളുടെ അടിസ്ഥാനത്തില്‍ പല പുരോഗമനവാദികളും ചൂണ്ടിക്കാണിക്കുന്ന തരത്തില്‍ ഭാരതം ആസകലം യൂറോപ്പില്‍ ഉണ്ടായതുപോലുള്ള ഇരുണ്ട യുഗം ഒരു കാലത്തും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം.
ഇത്തരം നിരവധി വ്യത്യസ്തകള്‍ പുലര്‍ത്തിപ്പോന്ന ഹിന്ദുസമുദായങ്ങള്‍ സഹസ്രാബ്ദങ്ങളായി ഒരൊറ്റ സമൂഹമായി നിലനിന്നുപോരുന്നത് അവ ഉള്‍ക്കൊണ്ട, കസ്റ്റമൈസ് ചെയ്ത പുരുഷാര്‍ത്ഥമാതൃകയുടെ പ്രയോഗപദ്ധതികളായ ആധ്യാത്മികസമ്പ്രദായങ്ങളിലെ സാമാന്യതലം (തുടക്കത്തില്‍ നാം സാമാന്യ/ വിശേഷതലങ്ങളെ പരിചയപ്പെട്ടിരുന്നു) കാരണമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പാശ്ചാത്യരുടെ ‘ഏകത എന്നാല്‍ ഏകരൂപത’ എന്നതിന്റെ യുക്തിയില്‍ നിന്നും വ്യത്യസ്തമായി ‘വൈവിധ്യാന്തര്‍ഗതഏകാത്മത’ എന്ന തത്വത്തിന്റെ യുക്തി ആണ് ഹിന്ദു സ്വീകരിച്ചു പോന്നത്. Ascetics of Kashi: An Anthropological Exploration എന്ന പുസ്തകത്തില്‍ വിവരിക്കുന്ന ഒരു യഥാര്‍ത്ഥസംഭവം ഓര്‍ത്തുപോകുന്നു: ഈ പുസ്തകത്തില്‍ ഒരിടത്ത് കാശിയിലെ ഹിന്ദുവിഭാഗങ്ങളില്‍ ഒന്നായ ഡോമുകളെ (dom) പരാമര്‍ശിക്കുന്നുണ്ട്. അവരാണ് തലമുറകളായി മണികര്‍ണ്ണികാഘട്ടില്‍ ശവദാഹം നടത്തിവരുന്നത്. ഇപ്പോഴത്തെ കാസ്റ്റ് പട്ടിക പ്രകാരം അവര്‍ ഷെഡ്യൂള്‍ഡ് കാസ്റ്റില്‍ പെടുന്നു. കൃസ്തുമതം സ്വീകരിച്ച ഒരു ഡോം ഹിന്ദുവിനോട് ഒരു കൃസ്ത്യാനി എന്ന നിലക്ക് താങ്കള്‍ ഉറ്റവരുടെ ശവം ദഹിപ്പിക്കാന്‍ പാടില്ല; കുഴിച്ചിടുകയേ പാടുള്ളൂ എന്നു പാതിരി പറഞ്ഞു. അപ്പോള്‍ ആ ഹിന്ദുഡോം പറഞ്ഞ ശ്രദ്ധേയമായ മറുപടി ഇതാണ്: ”നിങ്ങള്‍ നിങ്ങളുടെ കൈകൊണ്ട് ഒഴിച്ച വെള്ളം ഞങ്ങളുടെ തലയില്‍ ഞങ്ങള്‍ സ്വീകരിച്ചു എന്നതു ശരി തന്നെ. പക്ഷെ, അതുകൊണ്ട് ഞങ്ങള്‍ ഞങ്ങളുടെ ഹിന്ദുധര്‍മ്മത്തെ ഉപേക്ഷിക്കണം എന്നാണെങ്കില്‍ അതു സാധ്യമല്ല”. സാധാരണക്കാരില്‍ സാധാരണനായ ആ ഹിന്ദുവിന്റെ ഈ മറുപടിയില്‍ നിന്നും മേല്‍പ്പറഞ്ഞ തരം പണ്ഡിതന്മാര്‍ ഉയര്‍ത്തിക്കാണിക്കുന്ന സവര്‍ണ്ണ – അവര്‍ണ്ണ ദ്വന്ദ്വവും മറ്റും മരുമരീചികാസമം ആണെന്ന് കാണാം.
(തുടരും)