മാദ്ധ്യമങ്ങളെ ജനാധിപത്യത്തിന്റെ നാലാംതൂണുകള്‍ എന്നാണു വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ രാജ്യത്തിനുള്ളില്‍ നിന്നുകൊണ്ട് ദേശതാത്പര്യങ്ങള്‍ക്ക് തുരങ്കം വെക്കുന്ന അഞ്ചാംപത്തികളായി മാദ്ധ്യമപ്രവര്‍ത്തകര്‍ അധഃപതിച്ചുപോയ അനുഭവങ്ങള്‍ സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തില്‍ ഒട്ടേറെയുണ്ട്. ഇക്കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെ മൂന്നാമതും പ്രധാനമന്ത്രി പദത്തില്‍ അവരോധിച്ചുകൊണ്ടുള്ള ജനവിധിയെ യാഥാര്‍ത്ഥ്യബോധത്തോടെ ഉള്‍ക്കൊള്ളാന്‍ ഭാരതത്തിലെ ചില മാദ്ധ്യമങ്ങളും മാദ്ധ്യമപ്രവര്‍ത്തകരും ഇപ്പോഴും വല്ലാതെ വിഷമിക്കുകയാണ്.
ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ മുന്നണി കേവലഭൂരിപക്ഷത്തോടെ രാജ്യത്ത് വീണ്ടും അധികാരത്തിലേറിയിട്ടും ഇരുന്നൂറ്റി നാല്പത് സീറ്റു നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ ബിജെപി ഈ തിരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടുവെന്നും വിശാല പ്രതിപക്ഷ പാര്‍ട്ടികളുടെയെല്ലാം പിന്തുണയുണ്ടായിട്ടും നൂറ് സീറ്റുകളിലൊതുങ്ങിപ്പോയ കോണ്‍ഗ്രസിന് വന്‍മുന്നേറ്റമുണ്ടായെന്നുമാണ് പല ‘നിഷ്പക്ഷ’ മാദ്ധ്യമങ്ങളും പ്രചരിപ്പിക്കുന്നത്. തുടര്‍ച്ചയായി പത്ത് വര്‍ഷത്തെ രാജ്യഭരണത്തിനു ശേഷം തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക് ഏതാനും സീറ്റുകള്‍ നഷ്ടമായി എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുമ്പോള്‍ തന്നെ, 2014 ല്‍ പത്ത് വര്‍ഷത്തെ ഭരണത്തിനുശേഷം തിരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസ് കേവലം നാല്പത്തിനാല് സീറ്റുകളിലേക്ക് ചുരുങ്ങി അധികാരഭ്രഷ്ടരാകുകയായിരുന്നുവെന്ന ചരിത്രം മാദ്ധ്യമങ്ങള്‍ ബോധപൂര്‍വം വിസ്മരിക്കുകയാണ്. തിരഞ്ഞെടുപ്പ് ഫലം വന്നശേഷം അധികാരത്തില്‍ തുടരുന്ന ബിജെപിക്കുള്ളില്‍ പരാജയബോധവും ആഭ്യന്തരപ്രശ്‌നങ്ങളും സൃഷ്ടിച്ചെടുക്കാന്‍ മാദ്ധ്യമങ്ങള്‍ വിയര്‍പ്പൊഴുക്കുകയാണ്. അതിനുവേണ്ടി അവര്‍ നിരന്തരം വ്യാജവ്യാഖ്യാനങ്ങളും ആഖ്യാനങ്ങളും ചമയ്ക്കുന്നു. ഏറ്റവുമൊടുവില്‍, ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് നാഗ്പൂരിലെ രേശിംഭാഗില്‍ സംഘത്തിന്റെ കാര്യകര്‍തൃ വികാസ് വര്‍ഗ് ദ്വിതീയയുടെ സമാപന പരിപാടിയില്‍ സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുവെന്നാണ് മാദ്ധ്യമങ്ങള്‍ പ്രചരിപ്പിച്ചത്.
നാഗ്പൂരിലെ സംഘത്തിന്റെ പരിശീലന വര്‍ഗ്ഗില്‍ പങ്കെടുത്ത കാര്യകര്‍ത്താക്കള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കവെ, മുഴുവന്‍ രാഷ്ട്രവും ശ്രദ്ധിക്കുകയും പരിഗണിക്കുകയും ചെയ്യേണ്ട ചില വിഷയങ്ങളെ പരാമര്‍ശിച്ചുകൊണ്ടാണ് ആര്‍എസ്എസ് സര്‍സംഘചാലകന്‍ പ്രസംഗിച്ചത്. അതിനെ കേവലം കക്ഷിരാഷ്ട്രീയ വിഷയങ്ങള്‍ മാത്രം പ്രതിപാദിക്കുന്ന ഒരു പ്രതിഷേധപ്രസംഗമാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് മാദ്ധ്യമനീതിക്ക് നിരക്കുന്നതല്ല. രാജനൈതികരംഗം രാഷ്ട്രജീവിതത്തിന്റെ കേവലമൊരു ഘടകം മാത്രമാണെന്ന വിശാലവീക്ഷണമാണ് രാഷ്ട്രീയ സ്വയംസേവക സംഘം എക്കാലവും മുന്നോട്ടു വെച്ചിട്ടുള്ളത്. ഭരണാധികാരികളുടെ അധികാരാരോഹണങ്ങളിലൂടെ മാത്രം കൈവരിക്കാവുന്ന ലക്ഷ്യമാണ് രാഷ്ട്രത്തിന്റെ പരമവൈഭവപഥം എന്ന അബദ്ധധാരണയും സംഘം വെച്ചുപുലര്‍ത്തുന്നില്ല. അതുകൊണ്ട് തന്നെ സര്‍സംഘചാലകന്റെ വാക്കുകള്‍ക്ക് സങ്കുചിതമായ രാഷ്ട്രീയ വ്യാഖ്യാനങ്ങള്‍ കല്പിക്കുന്നത് ഒട്ടും ഉചിതമല്ല.
മണിപ്പൂരിലെ അശാന്തി അവസാനിപ്പിക്കാന്‍ പരിശ്രമിക്കണമെന്ന സര്‍സംഘചാലകന്റെ പരാമര്‍ശം പ്രധാനമന്ത്രി മോദിക്കെതിരായ വിമര്‍ശനമാണെന്നാണ് മാദ്ധ്യമങ്ങള്‍ വ്യാഖ്യാനിച്ചത്. ഇത്രയുംകാലം മണിപ്പൂരിലെ ഗോത്രസംഘര്‍ഷത്തെ മതകലാപമായി ചിത്രീകരിച്ച് അതിന്റെ ഉത്തരവാദിത്തം ആര്‍എസ്എസിനുമേല്‍ കെട്ടിവെച്ചവരാണ് ഇപ്പോള്‍ സര്‍സംഘചാലകന്റെ വാക്കുകള്‍ പ്രധാനമന്ത്രിക്കെതിരായ കുറ്റപത്രമാണെന്നു വിധിയെഴുതുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഷ്ട്രീയ മര്യാദകള്‍ ലംഘിക്കപ്പെട്ടുവെന്ന് സര്‍സംഘചാലകന്‍ പറഞ്ഞതിനെയും മാദ്ധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് സാങ്കേതികവിദ്യ ഉപയോഗിച്ച് പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിച്ചുവെന്നും ഒരു കാരണവുമില്ലാതെ സംഘത്തെ പോലും അതിലേക്ക് വലിച്ചിഴച്ചുവെന്നും കുബുദ്ധികള്‍ വിദ്യയെ വിവാദത്തിന് ഉപകരണമാക്കുകയാണെന്നുമുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെക്കുറിച്ച് വാസ്തവത്തില്‍ ആത്മപരിശോധന നടത്തേണ്ടത് മാദ്ധ്യമങ്ങള്‍ തന്നെയാണ്. ജാതിയുടെ പേരില്‍ ഇപ്പോഴും തുടരുന്ന വിവേചനങ്ങള്‍ അവസാനിപ്പിക്കേണ്ടതുണ്ടെന്നും ഭാരതത്തിന്റെ പാരമ്പര്യം ഭിന്നതയുടേതല്ല ഏകതയുടേതാണെന്നുമുള്ള സര്‍സംഘചാലകന്റെ അഭിപ്രായം ഭാരതത്തില്‍ ജാതി വിഭജനങ്ങള്‍ സൃഷ്ടിച്ച് രാഷ്ട്രവിഭജനത്തിന് പരിശ്രമിക്കുന്ന മാദ്ധ്യമങ്ങളോടും രാഷ്ട്രീയപ്പാര്‍ട്ടികളോടുമുള്ള ഓര്‍മ്മപ്പെടുത്തലാണെന്നും തിരിച്ചറിയേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ആര്‍എസ്എസ്സിന്റെ അപ്രീതിയാണ് ബിജെപിക്ക് സീറ്റ് കുറയാന്‍ കാരണമെന്നുപോലും അന്വേഷണാത്മകമായി കണ്ടെത്തിക്കഴിഞ്ഞ മാദ്ധ്യമങ്ങള്‍ സര്‍സംഘചാലകന്റെ വാക്കുകളെ രാഷ്ട്രീയവിവാദമാക്കുന്നതില്‍ ഒട്ടും അത്ഭുതപ്പെടാനില്ല. സര്‍സംഘചാലകന്റെ വാക്കുകളെ തെറ്റിദ്ധാരണ പരത്തുംവിധത്തില്‍ മാദ്ധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് ഇതാദ്യമല്ല. സംവരണനയം ആവിഷ്‌കരിച്ചവരുടെ അഭിലാഷമനുസരിച്ച്, അവശ വിഭാഗങ്ങള്‍ക്കെല്ലാം ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്ന് 2015 ല്‍ അദ്ദേഹം പ്രസ്താവിച്ചതിനെ സംവരണനയം പുന:പരിശോധിക്കണമെന്ന് സര്‍സംഘചാലക് ആവശ്യപ്പെട്ടുവെന്നാണ് മാദ്ധ്യമങ്ങള്‍ വളച്ചൊടിച്ചത്. വിയോജിക്കുന്നവരുടെ വാക്കുകള്‍ കൂടി ശ്രവിക്കുന്നതാണ് ജനാധിപത്യം എന്നു ഘോഷിക്കുന്ന മാദ്ധ്യമങ്ങള്‍ തന്നെ ഏതാനും വര്‍ഷങ്ങളായി ദൂരദര്‍ശനില്‍ സര്‍സംഘചാലകന്റെ വിജയദശമി ബൗദ്ധിക് സംപ്രേഷണം ചെയ്യുന്നതിനെ വലിയ അപരാധമായാണ് ചിത്രീകരിക്കാറുള്ളത്. മാദ്ധ്യമപ്രവര്‍ത്തനം രാഷ്ട്ര ശത്രുക്കളുടെ ടൂള്‍ കിറ്റുകള്‍ വിറ്റഴിക്കാനുള്ള വാണിഭമാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്നവരില്‍ നിന്ന് മാദ്ധ്യമധാര്‍മ്മികത പ്രതീക്ഷിക്കുന്നത് ഭീമമായ അബദ്ധമായിരിക്കും.
ഭാരതത്തില്‍ രാഷ്ട്രവിരുദ്ധമായ ആശയങ്ങള്‍ക്ക് വേരുമുളപ്പിക്കുവാനും രാജ്യവിരുദ്ധ രാഷ്ട്രീയത്തിന് പ്രചാരം നല്‍കാനും മാദ്ധ്യമങ്ങള്‍ പലപ്പോഴും കിണഞ്ഞുശ്രമിക്കുകയാണ്. രാഷ്ട്ര സ്വാതന്ത്ര്യത്തിനുമേലെയല്ല മാദ്ധ്യമ സ്വാതന്ത്ര്യം. രാഷ്ട്രം പ്രതിസന്ധി നേരിടുമ്പോഴെല്ലാം ഭരണകൂടത്തെ പ്രതിരോധത്തിലാക്കാനുള്ള നീക്കങ്ങള്‍ക്ക് ചില മാദ്ധ്യമങ്ങള്‍ നേതൃത്വം നല്‍കാറുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാരതത്തിന്റെ യാത്രാവിമാനം മതഭീകരവാദികള്‍ ഗാന്ധാരത്തിലേക്കു റാഞ്ചിക്കൊണ്ടുപോയപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ പട, യാത്രക്കാരുടെ ബന്ധുക്കളുടെ കരളലിയിക്കുന്ന ദീനരോദനം ക്യാമറയില്‍ ഒപ്പിയെടുത്ത് ഭരണകൂടത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ മുന്‍കൈയെടുക്കുകയായിരുന്നു. 2014 ന് ശേഷം രാജ്യത്ത് നടന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപി ആധികാരിക വിജയം നേടാന്‍ തുടങ്ങിയപ്പോള്‍ തിരഞ്ഞെടുപ്പ് സംവിധാനത്തെ പോലും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ മാദ്ധ്യമ ഇടപെടലുകളുണ്ടായി. രാജ്യത്ത് കര്‍ഷകപ്രക്ഷോഭത്തെയും ദല്‍ഹി കലാപത്തെയും സിഎഎ വിരുദ്ധ സംഘര്‍ഷത്തെയും ആളിക്കത്തിക്കാന്‍ എണ്ണയും തീയും സംഭരിച്ച് ചാനല്‍മുറികളില്‍ വാര്‍റൂമുകളൊരുക്കിയത് മാദ്ധ്യമങ്ങളായിരുന്നു. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കലാപം സംഘടിപ്പിക്കാന്‍ പോയ നിരോധിത ഭികരവാദ സംഘടനയുടെ നേതാവായ മലയാളി മാദ്ധ്യമപ്രവര്‍ത്തകനെ മഹാത്മാവായി ചിത്രീകരിക്കാന്‍ ഇവിടുത്തെ രാഷ്ട്രവിരുദ്ധ രാഷ്ട്രീയക്കാരും മാദ്ധ്യമങ്ങളും ഒറ്റക്കെട്ടായാണ് അണിചേര്‍ന്നത്. ഭാരതത്തില്‍ രാഷ്ട്രവിരുദ്ധത പടര്‍ത്താന്‍ ചൈനീസ് ഫണ്ട് സ്വീകരിച്ചതിനു ചില മാദ്ധ്യമങ്ങള്‍ ഇപ്പോഴും പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്. കാശ്മീരും അരുണാചല്‍പ്രദേശും ഭാരതത്തിന്റെ ഭാഗമല്ലെന്നും അവ തര്‍ക്കപ്രദേശങ്ങളാണെന്നും വരുത്തിത്തീര്‍ക്കാന്‍ ഇപ്പോഴും അക്ഷരം നിരത്തുന്ന മാദ്ധ്യമമുത്തശ്ശിമാരുണ്ട്. എന്തിനേറെ, ദക്ഷിണഭാഗത്തെ ഭാരതത്തില്‍ നിന്ന് മുറിച്ചുമാറ്റണമെന്ന മുദ്രാവാക്യവുമായി കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ ‘കട്ടിംഗ് സൗത്ത്’ എന്ന പേരില്‍ ശില്പശാല സംഘടിപ്പിച്ചത് മാദ്ധ്യമങ്ങളുടെ ആഭിമുഖ്യത്തിലും ആശീര്‍വാദത്തിലുമാണ്. ഭാരത സ്വാതന്ത്ര്യസമരത്തിന്റെ പോലും ഗതിനിര്‍ണ്ണയിച്ച പാരമ്പര്യമുള്ള ജനാധിപത്യത്തിന്റെ നാലാംതൂണുകള്‍ രാഷ്ട്രശത്രുക്കളുടെ അഞ്ചാംപത്തികളായി അധ:പതിക്കുന്നത് അശാസ്യമല്ല. മാദ്ധ്യമനൈതികതയും മാദ്ധ്യമധാര്‍മ്മികതയുമൊക്കെ മാദ്ധ്യമപഠനമുറികളില്‍ നിന്ന് പ്രായോഗിക മാദ്ധ്യമപ്രവര്‍ത്തനത്തിലേക്ക് പകര്‍ത്തപ്പെടേണ്ട മൂല്യങ്ങളാണെന്ന് മാദ്ധ്യമപ്രവര്‍ത്തകര്‍ ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു.