ചരിത്രം സൃഷ്ടിച്ചുകൊണ്ട് തൃശ്ശൂര്‍ ലോകസഭ സീറ്റില്‍ എന്‍ഡിഎ വിജയം നേടിയതിനു പിന്നില്‍ കഠിനാദ്ധ്വാനത്തിന്റെയും, സ്ഥാനാര്‍ത്ഥി മികവിന്റെയും, സംഘടനാവൈഭവത്തിന്റെയും, നേതൃപാടവത്തിന്റെയും, രസതന്ത്രവും കരുത്തുമുണ്ട്. കൃത്യവും ആസൂത്രിതവുമായ പ്രചാരണവും പ്രവര്‍ത്തനങ്ങളുമാണ് തൃശ്ശൂരില്‍ ബിജെപിയുടെ വിജയത്തിന് അടിത്തറ പാകിയത്. മണ്ഡലത്തില്‍ വളരെ നേരത്തെ മുതലുള്ള സ്ഥാനാര്‍ത്ഥിയുടെ സാന്നിദ്ധ്യവും, സംഘടനാപരമായ ജാഗ്രതയും വിജയക്കുതിപ്പിന് കാരണമായി.
2019ല്‍ മത്സരിക്കുമ്പോള്‍ തൃശ്ശൂരില്‍ എന്‍ഡിഎയുടെ കൈവശമുണ്ടായിരുന്ന വോട്ട് ഒരു ലക്ഷത്തിലധികം മാത്രം. അന്ന് ഒരു ലക്ഷം വോട്ട് കൈവശമുള്ള ഒരു പാര്‍ട്ടി ജയിക്കുമെന്ന് അവകാശവാദമുന്നയിക്കുമ്പോള്‍ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസമുണ്ടായിരുന്നില്ല. കേള്‍ക്കുന്ന വോട്ടര്‍മാര്‍ക്കും അത് വിശ്വസിക്കാന്‍ കഴിയുമായിരുന്നില്ല. കാരണം ഒരു ലക്ഷം വോട്ടില്‍ നിന്ന് 4 ലക്ഷം വോട്ട് നേടുക എന്നുള്ളത് ചിന്തിക്കാന്‍ കഴിയാത്ത കാര്യമായിരുന്നു. എന്നാല്‍ ഇത്തവണ മത്സരിക്കുമ്പോള്‍ മൂന്നു ലക്ഷത്തോളം വോട്ടുകള്‍ എന്‍ഡിഎയുടെ കൈവശം ഉണ്ടായിരുന്നു. ഇത്തവണ ജയിക്കും എന്നു പറയുമ്പോള്‍ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. കേള്‍ക്കുന്ന വോട്ടര്‍മാര്‍ക്കും അത് വിശ്വസനീയമായിരുന്നു. അതുകൊണ്ട് ഇത്തവണ നൂറു ശതമാനവും ജയിക്കും എന്ന പ്രതീതി തുടക്കം മുതല്‍ ഉണ്ടായി.
ചരിത്രപരമായ ഈ വിജയത്തിനാധാരമായ മറ്റൊരു കാര്യം കഴിഞ്ഞ തവണ പരാജയപ്പെട്ടിട്ടും സുരേഷ്‌ഗോപി മണ്ഡലം കൈവിടാതെ ജനങ്ങള്‍ക്കൊപ്പം നിന്നു എന്നതാണ്. രാജ്യസഭാ എം.പി എന്ന നിലയില്‍ സാമ്പത്തിക സഹായങ്ങളും, വികസന പദ്ധതികളും അദ്ദേഹം ഏറ്റെടുത്തു നടത്തി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തന്റെ സിനിമാ പ്രവര്‍ത്തനത്തില്‍ നിന്നു കിട്ടുന്ന വരുമാനത്തിന്റെ സിംഹഭാഗവും വിനിയോഗിച്ച് സുരേഷ്‌ഗോപി മണ്ഡലത്തില്‍ ജനകീയ ഇടപെടലുകള്‍ നടത്തി. ശക്തന്‍ മാര്‍ക്കറ്റ് വികസനം അദ്ദേഹത്തിലുള്ള ജനവിശ്വാസം വര്‍ദ്ധിപ്പിച്ചു. മണ്ഡലത്തില്‍ മുഴുവന്‍ യാത്ര ചെയ്ത് അദ്ദേഹം ജനങ്ങളുടെ കണ്ണീരൊപ്പി.
കഴിഞ്ഞ തവണ 15 ദിവസം മാത്രമാണ് സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ സുരേഷ് ഗോപിക്ക് പ്രചാരണത്തിന് ലഭിച്ചത്. എന്നിട്ടും അത്രയും ദിവസം കൊണ്ട് ഒരു ലക്ഷം വോട്ട് മൂന്ന് ലക്ഷത്തോളമാക്കാന്‍ കഴിഞ്ഞു. പുതിയതായി എത്തിയ സ്ഥാനാര്‍ത്ഥിക്ക് 15 ദിവസം കൊണ്ട് രണ്ട് ലക്ഷം വോട്ട് വര്‍ദ്ധിപ്പിക്കാമെങ്കില്‍ 5 വര്‍ഷം മണ്ഡലത്തില്‍ നിറഞ്ഞുനിന്ന സുരേഷ് ഗോപിക്ക് അഞ്ച് ലക്ഷം വോട്ട് നേടാന്‍ കഴിയുമെന്ന സാധ്യത ഇത്തവണ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തി.
തൃശ്ശൂരില്‍ നടന്ന ലക്ഷങ്ങള്‍ പങ്കെടുത്ത സ്ത്രീശക്തി സമ്മേളനം വിജയക്കുതിപ്പിനു ശക്തി പകര്‍ന്നു. തേക്കിന്‍കാട് മൈതാനം ഇന്നുവരെ കാണാത്ത തരത്തില്‍ ലക്ഷങ്ങള്‍ പങ്കെടുത്ത മഹിളാ സമ്മേളനം സ്ത്രീകളില്‍ വലിയ ആത്മവിശ്വാസമുണ്ടാക്കി. മഹിളകള്‍ക്ക് വേണ്ടി നടപ്പാക്കിയ പദ്ധതികള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് ഇത് മോദിയുടെ ഗ്യാരണ്ടിയാണെന്ന് ഏറ്റുവിളിച്ച് ആവേശം പകര്‍ന്ന് ആത്മവിശ്വാസത്തോടെ തിരിച്ചുപോയ മഹിളകള്‍ സുരേഷ് ഗോപിയുടെ വിജയത്തിനായി കഠിനാദ്ധ്വാനം ചെയ്തു. വേദിയിലെ ശോഭന, മിന്നു മണി, പി.ടി.ഉഷ, വൈക്കം വിജയലക്ഷ്മി, ബീനാ കണ്ണന്‍, മറിയക്കുട്ടി തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിലെ മഹിളാ സാന്നിദ്ധ്യം നിഷ്പക്ഷ മഹിളാ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കാരണമായി.
മഹിളാ സമ്മേളനം നടക്കുന്ന അതേസമയത്തു തന്നെ സ്വരാജ് റൗണ്ടില്‍ പതിനായിരക്കണക്കിന് പുരുഷന്മാരെ അണിനിരത്തി നടത്തിയ റോഡ് ഷോ ബിജെപിയുടെ സംഘാടന മികവിന്റെ നേര്‍സാക്ഷ്യമായിരുന്നു. പിന്നീടങ്ങോട്ടുള്ള ദിവസങ്ങള്‍ ചരിത്രമായി മാറുകയായിരുന്നു. ആ പരിപാടികളിലെ സുരേഷ് ഗോപിയുടെ സാന്നിദ്ധ്യം കൃത്യമായ രാഷ്ട്രീയ സന്ദേശം നല്‍കുന്നതായിരുന്നു.
മഹിളാ സമ്മേളനത്തില്‍ പങ്കെടുത്ത് രണ്ടാഴ്ചക്കുള്ളില്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ഗുരുവായൂരിലെത്തി. അതിലൂടെ പ്രധാനമന്ത്രി നല്‍കിയ സന്ദേശം വളരെ വലുതായിരുന്നു. മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ മാത്രമുള്ള ബന്ധം ഞങ്ങള്‍ തമ്മിലുണ്ട് എന്ന് തൃശ്ശൂര്‍ മണ്ഡലത്തിലെ 14 ലക്ഷത്തോളം വരുന്ന വോട്ടര്‍മാരോട് പറയാതെ പറയുകയായിരുന്നു പ്രധാനമന്ത്രി. അന്ന് നടന്ന വിവാഹത്തിലെ 10 ദമ്പതികളെ കൂടി പ്രധാനമന്ത്രി അനുഗ്രഹിച്ചു.
പ്രധാനമന്ത്രിയുടെ രണ്ടാം വരവും സംഘടന രാഷ്ട്രീയമായി പ്രയോജനപ്പെടുത്തി. പ്രധാനമന്ത്രി രാവിലെ 7 മണിക്ക് ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടില്‍ ഹെലിപാഡിലിറങ്ങുമ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ അതിരാവിലെ പതിനായിരം പേര്‍ എത്തിച്ചേര്‍ന്നു. സംഘടനാ യന്ത്രം ഊര്‍ജ്ജസ്വലമായി അതിനുവേണ്ടി ചലിച്ചു. അതിരാവിലെ 4 മണി മുതല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വാഹനങ്ങള്‍ പുറപ്പെട്ട് അഞ്ചരയോടെ പതിനായിരത്തിലധികം പ്രവര്‍ത്തകര്‍ ഗ്രൗണ്ടിലെത്തി. സൂര്യനുദിക്കുന്നതിനു മുന്‍പ് പ്രധാനമന്ത്രി കാണുന്നത് തന്നെ കാണാന്‍ എത്തിയ പതിനായിരം പേരെയാണ്. സംഘടന എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചപ്പോള്‍ സമ്മേളനങ്ങള്‍ ചരിത്രമായി മാറി.
ഇതിനിടയിലായിരുന്നു പ്രധാനമന്ത്രിയുടെ തൃപ്രയാര്‍ സന്ദര്‍ശനം. തൃപ്രയാറില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ റോഡ് ഷോ സംഘടിപ്പിച്ചു. ഒരു നിയോജക മണ്ഡലം മാത്രം നടത്തിയ ആ റോഡ് ഷോ വന്‍ വിജയമായിരുന്നു. ഗുരുവായൂരില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ആയിരങ്ങള്‍ അണിനിരന്നു. തൊട്ടു തലേന്നാണ് അതിന് ജില്ലയിലെ 3 നിയോജക മണ്ഡലങ്ങളില്‍ നിന്നും ആയിരങ്ങള്‍ എറണാകുളത്ത് റോഡ് ഷോയ്ക്ക് എത്തിയത്. ഇത്തരത്തില്‍ വളരെ കാര്യക്ഷമമായി തൃശ്ശൂരിലെ സംഘടനാ സംവിധാനം പ്രവര്‍ത്തിച്ചു.
കരുവന്നൂരിലെ ബാങ്ക് തട്ടിപ്പിലെ ഇരകള്‍ക്ക് വേണ്ടി സുരേഷ് ഗോപി നടത്തിയ പദയാത്ര തിരഞ്ഞെടുപ്പ് വിജയത്തിലേക്കുള്ള പാതയൊരുക്കി. വളരെ ശ്രദ്ധേയമായ നീക്കമായിരുന്നു അത്. അദ്ദേഹം 18 കിലോമീറ്റര്‍ പതിനായിരങ്ങള്‍ക്കൊപ്പം നടന്നുനീങ്ങിയത് മുഖ്യധാരാ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും വൈറലാക്കി. ഇരകളെ സന്ദര്‍ശിച്ച് അവരുടെ കണ്ണീരൊപ്പി.
2019ലെ തിരഞ്ഞെടുപ്പില്‍ തന്നെ തൃശ്ശൂരില്‍ ബിജെപി 276 ബൂത്തില്‍ ഒന്നാം സ്ഥാനവും, 338ബൂത്തില്‍ രണ്ടാം സ്ഥാനവും നേടിയിരുന്നു. 2024 ല്‍ ആയിരം ബൂത്തില്‍ ഒന്നാം സ്ഥാനം എന്ന ലക്ഷ്യം വച്ചാണ് പാര്‍ട്ടി പ്രവര്‍ത്തിച്ചത്. കൃത്യമായ പദ്ധതി തയ്യാറാക്കി എഴുപതിനായിരത്തോളം പുതിയ വോട്ടുകള്‍ ചേര്‍ത്തു. 2019ല്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവുമെന്നും വിശ്വസിച്ച നിഷ്പക്ഷ വോട്ടര്‍മാരുടെയും ന്യൂനപക്ഷങ്ങളുടെയും വോട്ടുകള്‍ യുഡിഎഫിന് ലഭിച്ചു. ഇത്തവണ മോദിജി വീണ്ടും അധികാരത്തില്‍ വരും എന്ന് തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ഉറപ്പായിരുന്നു. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിലേക്ക് പോയ നിഷ്പക്ഷ വോട്ടുകള്‍ ഇത്തവണ ബിജെപിക്ക് അനുകൂലമായി വന്നു.
തൃശ്ശൂരില്‍ ജയിച്ചാല്‍ കേന്ദ്രമന്ത്രി
മോദിയുടെ ഗ്യാരണ്ടി എന്ന മുദ്രാവാക്യം ആദ്യം മുതല്‍ തന്നെ മണ്ഡലത്തില്‍ വ്യാപകമായി പ്രചരിപ്പിച്ചു. മോദിയുമായി സുരേഷ് ഗോപിക്കുള്ള ബന്ധം ഇത് അരക്കിട്ടുറപ്പിച്ചു. തൃശ്ശൂരിന് വികസനമുണ്ടാകാന്‍ കേന്ദ്രമന്ത്രി വേണമെന്ന ചിന്ത സൃഷ്ടിക്കപ്പെട്ടതോടെ നല്ലൊരു വിഭാഗം വോട്ടുകള്‍ സുരേഷ് ഗോപിക്ക് അനുകൂലമായി.
അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ഹൈന്ദവവോട്ടര്‍മാരില്‍ വലിയ സ്വാധീനമുണ്ടാക്കി. ബാലചന്ദ്രന്‍ എംഎല്‍എയുടെ ശ്രീരാമ വിരുദ്ധ പരാമര്‍ശവും, പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ ബഹിഷ്‌കരിക്കാനുള്ള സിപിഎം-കോണ്‍ഗ്രസ് തീരുമാനം വിശ്വാസികളില്‍ അവര്‍ക്കെതിരായ വികാരമുണ്ടാക്കി. അങ്ങനെ അവരുടെ വോട്ടുകള്‍ സുരേഷ് ഗോപിക്ക് അനുകൂലമായി.
ഒരു നടനെന്ന നിലയിലും, മനുഷ്യസ്‌നേഹി, ജീവകാരുണ്യ പ്രവര്‍ത്തകന്‍ എന്ന രീതിയിലും പാര്‍ട്ടിക്കതീതമായി നിരവധി വോട്ടുകള്‍ സുരേഷ് ഗോപിക്ക് ഇത്തവണ ലഭിച്ചു. അത് ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ ലഭിച്ചു. നല്ലൊരു വിഭാഗം സ്ത്രീ വോട്ടര്‍മാര്‍ സുരേഷ് ഗോപിക്ക് വോട്ടു ചെയ്തു. അദ്ദേഹം പോകുന്ന സ്ഥലത്തെല്ലാം സ്ത്രീ വോട്ടര്‍മാരുടെ വലിയ നിരതന്നെ ഉണ്ടായിരുന്നു. സംഘടനാ ശാക്തീകരണത്തിനു വേണ്ടി നടത്തിയ പഞ്ചായത്ത് തല നിശാ ശില്‍പ്പശാലകള്‍ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കി. ബൂത്ത് തലത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നും, വോട്ടര്‍ പട്ടിക പഠനം, സമാന്തര പട്ടിക തയ്യാറാക്കല്‍ തുടങ്ങി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ശില്‍പ്പശാലയില്‍ അവതരിപ്പിച്ചു.
തൃശ്ശൂരിലെ ടീം ബിജെപി ബൂത്ത് നേതാക്കള്‍ മുതല്‍ സംസ്ഥാന നേതാക്കള്‍ വരെ ജില്ല അദ്ധ്യക്ഷന്‍ അഡ്വ.കെ.കെ.അനീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിട്ടു. കമല്‍ വാഹിനി രൂപീകരിച്ച് മഹിള സമ്പര്‍ക്കവും മറ്റ് ഗുണഭോക്തൃ സമ്പര്‍ക്കവും കൃത്യമായി മഹിളകളുടെ നേതൃത്വത്തില്‍ നടന്നു. വളരെ നേരത്തെ തന്നെ സാമുദായിക നേതാക്കളെ കണ്ടും യോഗം ചേര്‍ന്നും അവരെ കൂടെ നിര്‍ത്താന്‍ ശ്രമിച്ചു.
കേന്ദ്ര പദ്ധതി ഗുണഭോക്താക്കളുടെ ലിസ്റ്റ് ബൂത്ത് തലത്തില്‍ ശേഖരിച്ച് അവരെ സമ്പര്‍ക്കം ചെയ്ത് വോട്ടുറപ്പിക്കാന്‍ കഴിഞ്ഞു. വികസന രാഷ്ട്രീയം മുന്‍നിര്‍ത്തി പ്രചാരണം നടത്തി. മെട്രോമാന്‍ ഇ.ശ്രീധരന്‍ സാറിന്റെയും സുരേഷ് ഗോപിയുടെയും സാന്നിദ്ധ്യത്തില്‍ തൃശ്ശൂരിലെ വിവിധ മേഖലകളിലെ വിദഗ്ദ്ധരുടെയും പ്രമുഖരുടെയും നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് പ്രകടനപത്രിക തയ്യാറാക്കി. എന്‍ഡിഎ സംവിധാനം ഫലപ്രദമായ രീതിയില്‍ പ്രവര്‍ത്തിച്ചു. മുഴുവന്‍ ഘടകകക്ഷികളും സജീവമായി രംഗത്തിറങ്ങി. പ്രചാരണക്കൊടുങ്കാറ്റഴിച്ചു വിട്ടു. മണ്ഡലത്തിലാകെ പതിനായിരത്തോളം ചുമരുകള്‍ എഴുതി. മറ്റ് പ്രചാരണ പരിപാടികള്‍ വേറെയും. വിവിധ ദേശീയ സംസ്ഥാന നേതാക്കള്‍, അടക്കമുള്ളവര്‍ പ്രധാനവോട്ടര്‍മാരെ സമ്പര്‍ക്കം ചെയ്തു. തീരദേശ മേഖലയില്‍ സുരേഷ് ഗോപിക്കനുകൂലമായ തരംഗമുണ്ടായി. ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് നടത്തിയ പ്രവര്‍ത്തനവും തൃശ്ശൂരില്‍ വിജയത്തിലേക്ക് എത്തുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു.
മറ്റു സംഘടനകളില്‍ നിന്ന് നിരവധി പ്രമുഖരെയും നേതാക്കളെയും ഇത്തവണ പാര്‍ട്ടിയിലെത്തിക്കാന്‍ കഴിഞ്ഞു. മുന്‍ മുഖ്യമന്ത്രിയുടെ മകള്‍ പദ്മജ വേണുഗോപാല്‍ കൂടി ചേര്‍ന്നതോടെ വലിയ തരംഗം സൃഷ്ടിക്കപ്പെട്ടു. കൃസ്തീയ വിഭാഗത്തില്‍പ്പെട്ട നിരവധി വിഭാഗങ്ങള്‍ സുരേഷ് ഗോപിയെ പിന്തുണച്ചു. മുസ്ലിം സമുദായത്തില്‍പെട്ട സുമനസ്സുകളും പിന്തുണച്ചു. പ്രധാനമന്ത്രിയുടെ മൂന്നാം സന്ദര്‍ശനം തൃശ്ശൂരില്‍ വിജയമുറപ്പിച്ചു. ഒരു ജില്ലയില്‍ രണ്ടു മാസത്തിനുള്ളില്‍ ഒരു സ്ഥാനാര്‍ത്ഥിക്കുവേണ്ടി മൂന്ന് തവണ പ്രധാനമന്ത്രിയെത്തിയത് ചരിത്രം. എല്ലാ പഞ്ചായത്തുകളിലും മണ്ഡലങ്ങളിലും മുഴുവന്‍ സമയ പ്രവര്‍ത്തകരും ഒപ്പം പഞ്ചായത്ത്, മണ്ഡലം, ജില്ലാ നേതാക്കളും സംഘടനാ മെഷിനറി ചലിപ്പിച്ചു.
ഇത്തവണ തൃശ്ശൂര്‍ പൂരവും, വെടിക്കെട്ടും തകര്‍ക്കാന്‍ പോലീസും ഭരണകൂടവും പരിശ്രമിച്ചപ്പോള്‍ സുരേഷ് ഗോപി രക്ഷകനായി എത്തിയത് പൂരപ്രേമികളില്‍ വലിയ സ്വാധീനമുണ്ടാക്കിയിരുന്നു. സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ സുരേഷ് ഗോപി ആറ് തവണ മണ്ഡലപര്യടനം നടത്തി, മണ്ഡലത്തിന്റെ മുക്കിലും മൂലയിലും എത്തി വോട്ടര്‍മാരെ കണ്ടു. അതോടൊപ്പം ഏഴ് നിയോജകമണ്ഡലങ്ങളിലെ ബൂത്ത് പ്രവര്‍ത്തകരുമായി സംവദിച്ചു. മണ്ഡലത്തെ ഇളക്കിമറിച്ചുകൊണ്ടുള്ള കുടുംബയോഗങ്ങള്‍, റോഡ് ഷോ എന്നിവയും, മണ്ഡലത്തില്‍ അനുകൂല തരംഗം സൃഷ്ടിച്ചു. ബൂത്തുകളില്‍ വിവിധ പ്രചാരണ സാമഗ്രികളുമായി 7 തവണ സമ്പര്‍ക്കം നടത്തി. കലാശക്കൊട്ടില്‍ സ്വരാജ് റൗണ്ടില്‍ മഹിളകള്‍ അടക്കം ആയിരങ്ങള്‍ നിറഞ്ഞാടിയപ്പോള്‍ മറ്റ് രണ്ട് മുന്നണികളും നിഷ്പ്രഭമായിപ്പോയിരുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു ശേഷം റെയില്‍വേ സ്റ്റേഷനില്‍ നിന്നും സുരേഷ് ഗോപിയുമായി നടത്തിയ റോഡ് ഷോയും വിജയത്തിലേക്കുള്ള വഴി തുറക്കുന്നതായിരുന്നു.
തിരഞ്ഞെടുപ്പു ദിവസം 1275 ബൂത്തിലും അകത്തും പുറത്തും ഏജന്റുമാരെ ഇരുത്താന്‍ കഴിഞ്ഞതും നിര്‍ണ്ണായകമായി. സുരേഷ് ഗോപിയുടെ വിജയത്തിനു വേണ്ടി അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ നിരവധി വ്യക്തികളും സംഘടനകളും രംഗത്തിറങ്ങിയത് ശ്രദ്ധേയമായിരുന്നു.
ഒന്നര വര്‍ഷം മുന്‍പ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത റാലിയോടെ തുടങ്ങിയ തിരഞ്ഞെടുപ്പു പ്രചാരണം പ്രധാനമന്ത്രിയുടെ വരവോടെ ഉച്ചസ്ഥായിയില്‍ എത്തിയിരുന്നു. എല്ലാ കള്ള പ്രചാരണങ്ങളെയും വ്യക്തിഹത്യയെയും മറികടന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി നേടിയ വിജയം കേരള രാഷ്ട്രീയത്തിന്റെ ദിശ മാറ്റുന്നതാണ്. രണ്ട് വര്‍ഷത്തിലധികമായി ബൂത്ത് തലം മുതല്‍ മണ്ഡല തലം വരെ ദേശീയ നേതാക്കളും, സംസ്ഥാന നേതാക്കളുമടങ്ങുന്ന നേതൃനിര കെട്ടിപ്പടുത്ത സംഘടനാ മെഷിനറിയുടെ വിജയം കൂടിയാണിത്. ഈ വിജയത്തില്‍ മഹിളകളുടെ പങ്ക് വളരെ വലുതാണ്. പ്രവര്‍ത്തനത്തിലും വോട്ടിംഗിലും മഹിളാ ശക്തി നിറസാന്നിദ്ധ്യമായി മാറിയിരുന്നു.
ജില്ലാ സോഷ്യല്‍ മീഡിയ ടീമും, പുതിയ സോഷ്യല്‍ മീഡിയ ടീമും അതത് സമയങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെയും റീലുകളിലൂടെ പ്രചരണം കൊഴുപ്പിച്ചു. മാധ്യമങ്ങള്‍ കൂടെ നിന്നു. ‘ചതിക്കില്ല. ഉറപ്പാണ്, വിശ്വസിക്കാം’ എന്ന മുദ്രാവാക്യവുമായി തൃശ്ശൂരിലെ ഓട്ടോ തൊഴിലാളികള്‍ നടത്തിയ പ്രചാരണം ആയിരങ്ങളാണ് നെഞ്ചേറ്റിയത്. അവിടന്നിങ്ങോട്ട് പിന്തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. വോട്ടിംഗ് ദിനത്തില്‍ എന്‍ഡിഎക്ക് ലഭിക്കേണ്ട മുഴുവന്‍ വോട്ടുകളും ചെയ്യിക്കാനെടുത്ത പരിശ്രമം എടുത്തു പറയേണ്ടതാണ്. കേരളത്തിന് പുറത്ത് നിന്ന് ചാര്‍ട്ടേഡ് വാഹനങ്ങളിലും മറ്റുമായി വോട്ടര്‍മാരെ എത്തിക്കാന്‍ ബൂത്തുകള്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചു. അഭ്യുദയകാംക്ഷികളായ നിരവധി പേര്‍ മണ്ഡലത്തിന് പുറത്തു നിന്നും പ്രത്യക്ഷമായും പരോക്ഷമായും സുരേഷ് ഗോപിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു. ഇതിനൊക്കെ പുറമെ പ്രത്യക്ഷത്തില്‍ ഇല്ലെങ്കിലും അണിയറയില്‍ ബൂത്ത് തലം മുതല്‍ പ്രവര്‍ത്തനങ്ങളെ ചലിപ്പിക്കാന്‍ സംഘപ്രസ്ഥാനം വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണ്. അങ്ങനെയാണ് സുരേഷ് ഗോപിക്കുവേണ്ടി ചരിത്രം വഴി മാറി വടക്കുന്നാഥന്റെ മണ്ണില്‍ താമര വിരിഞ്ഞത്.