ഇന്ത്യന്‍ പാര്‍ലമെന്ററി ചരിത്രത്തില്‍ ആദ്യമായി ഒരു കോണ്‍ഗ്രസ് ഇതര പാര്‍ട്ടി-ബിജെപിയും പ്രധാനമന്ത്രിയും തുടര്‍ച്ചയായി മൂന്നാം തവണയും തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ, 293 അംഗ എന്‍ഡിഎ മുന്നണിയിലൂടെ ഭൂരിപക്ഷം നേടി മന്ത്രിസഭ രൂപീകരിക്കുകയും ചെയ്യുന്നു എന്നതാണ് 2024ലെ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം. നാലു സംസ്ഥാനങ്ങളില്‍ ബിജെപി പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും 240 അംഗങ്ങളെ ജയിപ്പിച്ച പാര്‍ട്ടി തെക്കേ ഇന്ത്യയിലും കിഴക്കേ ഇന്ത്യയിലും കൂടെ ശക്തി തെളിയിച്ചു എന്നതും ശ്രദ്ധേയമാണ്. ഒറീസയിലും അരുണാചല്‍പ്രദേശിലും ബിജെപി ഒറ്റയ്ക്കും ആന്ധ്രാപ്രദേശില്‍ മുന്നണിയായും, സംസ്ഥാന ഭരണം നേടുക മാത്രമല്ല, തെലുങ്കാന, ആന്ധ്രാപ്രദേശ്, ഒറീസ, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ച് തെക്കേ ഇന്ത്യയില്‍ ശക്തമായ വേരോട്ടം ഉണ്ടാക്കിയ തിരഞ്ഞെടുപ്പു കൂടിയാണിത്. ബിജെപി മുന്നണിയ്ക്ക് 293 സീറ്റും കോണ്‍ഗ്രസിന് 99 സീറ്റും ഇന്ത്യാ മുന്നണിയ്ക്ക് ആകെ 232 സീറ്റുമാണ് ലഭിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഭാരതം ജനാധിപത്യത്തിന്റെ മാതാവ് കൂടിയാണ് എന്നു തെളിയിക്കുന്നതായിരുന്നു 2024ലെ തിരഞ്ഞെടുപ്പ്. മാത്രമല്ല ബംഗാള്‍ പോലുള്ള ചില സംസ്ഥാനങ്ങള്‍ ഒഴിച്ചാല്‍ ഇന്ത്യയുടെ ചരിത്രത്തില്‍ നടന്ന ഏറ്റവും സമാധാനപരമായ തിരഞ്ഞെടുപ്പായിരുന്നു 18-ാം ലോകസഭയിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പ്. 65.79 ശതമാനമായിരുന്നു 2024 പോളിംഗ് ശതമാനം. എന്നാല്‍ എടുത്തു പറയേണ്ട വസ്തുത 63 സീറ്റുകള്‍ നഷ്ടമായിട്ടും ഏതാണ്ട് 2019ല്‍ ലഭിച്ച വോട്ടുകള്‍ ബിജെപിയ്ക്ക് ലഭിച്ചു എന്നതാണ്. 2019ല്‍ 303 സീറ്റും, 37.36 ശതമാനം വോട്ടും ലഭിച്ചിരുന്നു എങ്കില്‍ 2024ല്‍ അത് 240 സീറ്റായി കുറഞ്ഞു, എന്നാല്‍ 36.56 തമാനം വോട്ടുകള്‍ ലഭിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി 52 സീറ്റില്‍ നിന്നും 99 സീറ്റായി ഉയര്‍ത്തി എങ്കിലും ജനപിന്തുണ 19.49 ശതമാനത്തില്‍ നിന്ന് 1.7 ശതമാനം വര്‍ദ്ധിച്ച് 21.19 ശതമാനമായാണ് മാറിയത്. ബിജെപിയ്ക്ക് 23,59,73,935 വോട്ടുകള്‍ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ചത് 13,67,59,064 വോട്ടുകളാണ്. തെക്കേ ഇന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളില്‍ 129 സീറ്റുകള്‍ ഉള്ളതില്‍ എന്‍ഡിഎയ്ക്ക് 49 സീറ്റുകള്‍ ലഭിച്ചപ്പോള്‍ ബിജെപിയ്ക്കു മാത്രമായി 28 സീറ്റുകളുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ബിജെപിയ്ക്കു ലഭിച്ചു. കോണ്‍ഗ്രസിന് 40 സീറ്റും 3,91,65,682 വോട്ടും ലഭിച്ചു എങ്കില്‍ ബിജെപിയ്ക്ക് 3,94,65,778 വോട്ട് ലഭിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ബിജെപി തെക്കേ ഇന്ത്യയില്‍ വന്‍ മുന്നേറ്റം നടത്തിയത്. തമിഴ്‌നാട്ടില്‍ മാത്രമാണ് 2024 ല്‍ ബിജെപിയ്ക്ക് പ്രതിനിധിയില്ലാതെ പോയത്. എന്നാല്‍ 2019ല്‍ ബിജെപിയ്ക്ക്, കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ പ്രതിനിധികള്‍ ഉണ്ടായിരുന്നില്ല. തമിഴ്‌നാട്ടില്‍ ബിജെപി മുന്നണി ഇരു ദ്രാവിഡ പാര്‍ട്ടി മുന്നണികളെയും എതിര്‍ത്ത് മത്സരിച്ച 2024ല്‍ 18.27 ശതമാനം വോട്ടുനേടി. കേരളത്തില്‍ തൃശ്ശൂര്‍ മണ്ഡലത്തില്‍ സുരേഷ് ഗോപിയെ വിജയിപ്പിച്ച് ബിജെപി കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ മാറ്റി എഴുതി. കേരളത്തില്‍ ബിജെപി മുന്നണിയ്ക്ക് ലഭിച്ചത് 19.8 ശതമാനമാണ് (വിശദമായ വിവരണം കാണുക).
സര്‍ക്കാര്‍ വിരുദ്ധ വികാരം പ്രകടമാക്കാത്ത ജനവിധി
ഒറ്റനോട്ടത്തില്‍ ബിജെപിയ്ക്ക് സീറ്റുകള്‍ കുറഞ്ഞിട്ടും ജനപിന്തുണയില്‍ കുറവുണ്ടായിട്ടില്ല. 2014ല്‍ ബിജെപിയ്ക്ക് 282 സീറ്റുകളും 31 ശതമാനം വോട്ടും ലഭിച്ചപ്പോള്‍ 2019ല്‍ അത് 303 സീറ്റായും 37.36 ശതമാനമായും ഉയര്‍ന്നു. 2014ല്‍ എന്‍ഡിഎ മുന്നണിയ്ക്ക് ലഭിച്ചത് 38.5 ശതമാനം വോട്ടും, 2019ല്‍ എന്‍ഡിഎയ്ക്ക് 42.5 ശതമാനവുമാണ്. 2024ല്‍ ബിജെപി വോട്ട് 36.56 ശതമാനവും എന്‍ഡിഎയുടെ വോട്ട് 42 ശതമാനവുമാണ്. 2019ലെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ബിജെപിയ്ക്ക് 2024ല്‍ ഉണ്ടായ വോട്ടിലെ കുറവ് കേവലം ഒരു ശതമാനത്തിനും താഴെ 0.8 ശതമാനം മാത്രമാണ്.
ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഹരിയാന, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബിജെപി പ്രകടനം മോശമായിരുന്നെങ്കില്‍ മറ്റെല്ലാ സംസ്ഥാനങ്ങളിലും ബിജെപി ഏറെ മുന്നില്‍ വന്നു. ബീഹാര്‍, ഒറീസ, അസം, മദ്ധ്യപ്രദേശ്, ചത്തീസ്ഗഡ്, ഹിമാചല്‍, തെലുങ്കാന, ഉത്തരാഖണ്ഡ്, ആന്ധ്രാപ്രദേശ്, അരുണാചല്‍പ്രദേശ്, ദല്‍ഹി, ജാര്‍ഖണ്ഡ്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങലില്‍ വന്‍മുന്നേറ്റമാണ് ബിജെപിയും എന്‍ഡിഎയും നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപിന്തുണ രാജ്യത്തിന്റെ എല്ലാപ്രദേശത്തും ഒരുപോലെ പ്രകടമായ തിരഞ്ഞെടുപ്പു കൂടെയാണ് 2024ലെ തിരഞ്ഞെടുപ്പ്. ഹിന്ദി ഹൃദയഭൂമിയിലെ ആകെയുള്ള 225 സീറ്റില്‍ 2019ല്‍ 176 സീറ്റുകള്‍ വിജയിച്ച ബിജെപി 2024ല്‍ 126 സീറ്റില്‍ മാത്രമാണ് വിജയിച്ചത്. അതുപോലെ രാജ്യത്തെ 103 മുസ്ലിം കേന്ദ്രീകരണമുള്ള മണ്ഡലങ്ങളില്‍ 2019ല്‍ 45 സീറ്റില്‍ ബിജെപി ജയിച്ചു എങ്കില്‍ 2024ല്‍ അത് 35 ആയി കുറഞ്ഞു. 2019ല്‍ മുസ്ലിം ശക്തികേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് ജയിച്ചത് 11 സീറ്റിലായിരുന്നെങ്കില്‍ 2024ല്‍ കേവലം 12 സീറ്റില്‍ മാത്രമാണ് വിജയിച്ചത്. ബിജെപി, കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളാണ് 2024ല്‍ മുസ്ലിം കേന്ദ്രീകൃത മണ്ഡലങ്ങളിലെ 55 സീറ്റില്‍ വിജയിച്ചത്. എടുത്തു പറയേണ്ട വസ്തുത മുസ്ലിം സമൂഹത്തില്‍ വന്‍ ഭീതി വിതച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട ഇന്ത്യാസഖ്യവും മുസ്ലിങ്ങളെ സ്ഥാനാര്‍ത്ഥികളാക്കാന്‍ ശ്രമം നടത്തിയില്ല. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ മുസ്ലിം പങ്കാളിത്തമാണ് 4.4 ശതമാനം 18-ാം ലോകസഭയില്‍ ഉണ്ടാകുന്നത്. 2014ല്‍ മുസ്ലിം പ്രാതിനിധ്യം 4.5 ശതമാനവും 2019ല്‍ 5 ശതമാനവും ആയിരുന്നു.
ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, ഹരിയാന, രാജസ്ഥാന്‍, മഹാരാഷ്ട്ര
ഉത്തര്‍പ്രദേശില്‍ ബിജെപി 62 സീറ്റില്‍ നിന്ന് 33 ആയി ചുരുങ്ങിയപ്പോള്‍ സമാജ്‌വാദിപാര്‍ട്ടി അഞ്ചുസിറ്റില്‍ നിന്ന് 37 ആയി വര്‍ദ്ധിച്ചു. 2019ല്‍ 49.98 ശതമാനം വോട്ട് ലഭിച്ചു എങ്കില്‍ 2024ല്‍ ജനപിന്തുണ 41.3 ശതമാനമായി കുറഞ്ഞു. എന്നാല്‍ സമാജ് വാദിപാര്‍ട്ടി 18.11 ശതമാനത്തില്‍ നിന്ന് 33.59 ശതമാനമായി ഉയര്‍ത്തി. സഖ്യകക്ഷിയായ കോണ്‍ഗ്രസ് പാര്‍ട്ടി നിലവിലുണ്ടായിരുന്ന ഒരു സീറ്റ് ആറ് ആയി ഉയര്‍ത്തി. വോട്ട് വിഹിതം 6.3 ശതമാനത്തില്‍ നിന്ന് 9.46 ശതമാനമായി കോണ്‍ഗ്രസ് ഉയര്‍ത്തി. മുസ്ലിം, യാദവ, ദളിത് വോട്ടുകള്‍ കേന്ദ്രീകരിക്കാന്‍ സമാജ്‌വാദി-കോണ്‍ഗ്രസ് പ്രചരണത്തിന് കഴിഞ്ഞു. മുസ്ലിം സമൂഹത്തില്‍ ഭീതി വളര്‍ത്തിയും, സംവരണം ബിജെപി അവസാനിപ്പിക്കാന്‍ പോകുന്നു എന്നതുമായിരുന്നു പിന്നാക്ക-ദളിത് മേഖലകളില്‍ കോണ്‍ഗ്രസ് – സമാജ് വാദി പാര്‍ട്ടി പ്രചരണം. അയോദ്ധ്യ ഉള്‍പ്പെടുന്ന ഫൈസാബാദിലെ തിരഞ്ഞെടുപ്പുഫലം സൂചിപ്പിക്കുന്നത് രാമക്ഷേത്രം തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച തരത്തില്‍ സ്വാധീനിച്ചില്ല എന്നതു തന്നെയാണ്. കൂടാതെ ബിഎസ്പിയുടെ ദളിത്-മുസ്ലിം വോട്ടുകള്‍ ഏതാണ്ട് പൂര്‍ണ്ണമായും സമാജ്‌വാദി-കോണ്‍ഗ്രസ് മുന്നണിയിലേക്ക് ഒഴുകി. 2019ല്‍ 19.4 ശതമാനം വോട്ടും പത്തു സീറ്റും നേടിയ ബിഎസ്പി 2024ല്‍ ഒരു സീറ്റിലും വിജയിച്ചില്ല. വോട്ട് ശതമാനം പത്തുശതമാനം കുറഞ്ഞ് 9.39 ശതമാനമായി. എടുത്തു പറയേണ്ട വസ്തുത ഉത്തര്‍പ്രദേശിലെ ഇന്ത്യാസഖ്യത്തിലെ വിജയിച്ച പതിനേഴു മണ്ഡലങ്ങളില്‍ ഭൂരിപക്ഷം അമ്പതിനായിരത്തിനും രണ്ടായിരത്തിനും ഇടയിലാണ്. പോളിംഗ് ശതമാനത്തിലെ കുറവും, ഹിന്ദു വിഭാഗങ്ങളിലെ ആലസ്യവും ബിജെപി വോട്ടുകളെ ബാധിച്ചു.
മഹാരാഷ്ട്രയില്‍ ബിജെപി മുന്നണിയ്ക്ക് 43.55 ശതമാനം വോട്ടും പതിനേഴു സീറ്റും ലഭിച്ചപ്പോള്‍ ഇന്‍ഡിസഖ്യത്തിന് 43.71ശതമാനം വോട്ടും 30 സീറ്റും ലഭിച്ചു. എന്‍ഡിഎയ്ക്ക് 7.79 ശതമാനം വോട്ട് കുറഞ്ഞപ്പോള്‍ ഇന്‍ഡി സഖ്യത്തിന് 11.64 ശതമാനം കൂടി. ബിജെപിയുടെ സീറ്റുകള്‍ 23ല്‍ നിന്ന് ഒന്‍പതായി കുറഞ്ഞു. ശിവസേനയ്ക്ക് ഏഴും, എന്‍സിപിയ്ക്ക് ഒരു സീറ്റുമാണ് വിജയിക്കാനായത്. മറാത്താ സംവരണ സമരവും മറ്റുവിഭാഗങ്ങളിലെ തര്‍ക്കവും എന്‍ഡിഎയെ സാരമായി സ്വാധീനിച്ചു. കര്‍ഷക സമരവും, ഉള്ളി കയറ്റുമതി നിരോധനവും, ദളിത്-മുസ്ലിം വോട്ടുകളുടെ ഏകീകരണവും എന്‍ഡിഎ വോട്ടുകളെ സ്വാധീനിച്ചു. ഉത്തര്‍പ്രദേശിലും, മഹാരാഷ്ട്രയിലും വോട്ടിന്റെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ വലിയ തകര്‍ച്ചയല്ല, മറിച്ച് പിന്നാക്ക-ദളിത്-കാര്‍ഷിക വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചാല്‍ എന്‍ഡിഎയ്ക്ക് മുന്നേറാന്‍ കഴിയും.
രാജസ്ഥാനില്‍ ബിജെപിയുടെ അംഗബലം 25 സീറ്റില്‍ നിന്ന് പതിനാലായി കുറഞ്ഞു. ജാട്ട് വിഭാഗങ്ങളിലെ തര്‍ക്കം ബിജെപിയെ ബാധിച്ചു. മറ്റ് ജാതി വിഭാഗങ്ങളിലും ബിജെപി വിരുദ്ധ വികാരം വളര്‍ന്നു. മുസ്ലിം-ദളിത് ഏകീകരണത്തിന് കോണ്‍ഗ്രസ് മുന്നണിയ്ക്ക് കഴിഞ്ഞു. 2019ല്‍ 59.07 ശതമാനം വോട്ട് ബി.ജെ.പിയ്ക്ക് ലഭിച്ചു എങ്കില്‍ 2024ല്‍ അത് 49.24 ശതമാനായി കുറഞ്ഞു. കോണ്‍ഗ്രസിന്റെ വോട്ടുകള്‍ 34.24 ശതമാനത്തില്‍ നിന്ന് 37.91 ശതമാനമായി ഉയര്‍ന്നു. കോണ്‍ഗ്രസിന് എട്ടുസീറ്റുകളും സിപി.എം. ഉള്‍പ്പെട്ട മൂന്നു ഘടകങ്ങള്‍ക്ക് ഒരോ സീറ്റ് വീതവും ലഭിച്ചു.
പശ്ചിമബംഗാളില്‍ തൃണമൂലിന് 29 സീറ്റും ബിജെപിയ്ക്ക് 12 സീറ്റും, കോണ്‍ഗ്രസിന് ഒരു സീറ്റും ലഭിച്ചു. സി.പി.എം. കഴിഞ്ഞ തിരഞ്ഞെടുപ്പിലേതു പോലെ ഒരു സീറ്റിലും വിജയിച്ചില്ല, തൃണമൂല്‍ കോണ്‍ഗ്രസ് 2.46 ശതമാനം വോട്ട് വര്‍ദ്ധിപ്പിച്ച് 45.76 ശതമാനമായി ഉയര്‍ത്തിയപ്പോള്‍ ബിജെപി 1.97 ശതമാനം കുറഞ്ഞ് 38.73 ശതമാനമായി. കോണ്‍ഗ്രസ്-സിപിഎം മുന്നണിയില്‍ കോണ്‍ഗ്രസിനും ഒരു ശതമാനം വോട്ടു കുറഞ്ഞ് 4.68 ശതമാനമായപ്പോള്‍ സി.പി.എമ്മിന്റെ വോട്ട് 5.67 ശതമാനമാണ്. 0.66 ശതമാനത്തിന്റെ കുറവാണ് സിപി.എമ്മിനുണ്ടായത്. കേന്ദ്രത്തിന്റെ അവഗണന എന്ന ആരോപണവും മുസ്ലിം സമൂഹത്തിന്റെ പൂര്‍ണ്ണ പിന്തുണയും, തൃണമൂലിന് സഹായകമായി.
ഹരിയാനയില്‍ ബിജെപി പത്തില്‍ നിന്ന് അഞ്ച് സീറ്റിലേക്ക് താണു. ബിജെപിയുടെ വോട്ടു വിഹിതം 12.10 ശതമാനം കുറഞ്ഞ് 47.11 ശതമാനമായപ്പോള്‍ കോണ്‍ഗ്രസ്-എ.എ.പി സഖ്യം 47.61 ശതമാനമാക്കി ഉയര്‍ത്തി. 5.54 ശതമാനം കുറവ് പോളിംഗില്‍ ഉണ്ടായതും, കര്‍ഷക പ്രശ്‌നവും, സംസ്ഥാന ഭരണവിരുദ്ധ വികാരവും ഒക്കെ ബിജെപിക്ക് എതിരായി. ചുരുക്കത്തില്‍ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, രാജസ്ഥാന്‍, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ തിരിച്ചടി പരിഹരിക്കാന്‍ കഴിയുന്ന തരത്തിലാണ്. ബിജെപിയുടെ ജനപിന്തുണ പശ്ചിമബംഗാളില്‍ ഒഴികെയുള്ള സംസ്ഥാനങ്ങളിലൊക്കെ ഇന്‍ഡി സഖ്യത്തെക്കാള്‍ മുന്നിലാണ്.
ഉത്തര്‍പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ ഇന്‍ഡി സഖ്യത്തിന്റെ നേട്ടത്തിന്റെ പ്രധാനകാരണം ന്യൂനപക്ഷ-ദളിത്-പിന്നാക്ക ജാതി രാഷ്ട്രീയത്തെ ഉപയോഗിച്ചു മുന്നണി സംവിധാനം മെച്ചപ്പെടുത്തിയതാണ്. ഉത്തര്‍പ്രദേശില്‍ യാദവ-മുസ്ലിം-ബഹുജന്‍ മുന്നണി കോണ്‍ഗ്രസ്- സമാജ്‌വാദി പാര്‍ട്ടികള്‍ക്ക് ഗുണകരമായി. ഹരിയാനയില്‍ കോണ്‍ഗ്രസ് എ.എ.പി സഖ്യവും, രാജസ്ഥാനില്‍ കോണ്‍ഗ്രസ് – സിപിഎം-ഇടതു ആദിവാസി പാര്‍ട്ടി – ആര്‍.എല്‍.പി. സഖ്യവും ഇന്ത്യാസഖ്യത്തിന് സഹായകമായി. മഹാരാഷ്ട്രയിലും ഇതേ സമവാക്യമാണ് മുന്നണി ശക്തിപ്പെടുത്തി ശരത് പവാറിനെയും ഉദ്ദവ് താക്കറെയും മുന്നില്‍ നിര്‍ത്തി കോണ്‍ഗ്രസ് നേട്ടമുണ്ടാക്കിയത്. എടുത്തു പറയേണ്ട വസ്തുത ഈ സംസ്ഥാനങ്ങളില്‍ ഒക്കെ ബിജെപിയ്ക്ക് തിരിച്ചടിയുണ്ടായെങ്കിലും ജനപിന്തുണയില്‍ വലിയ തകര്‍ച്ച ഉണ്ടായിട്ടില്ല എന്നതാണ്. സ്വയം വിമര്‍ശനവും തിരുത്തലുകളും, അടിസ്ഥാന ജനവിഭാഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധയും ഉണ്ടായാല്‍ ബിജെപിയ്ക്ക് നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ കഴിയും.
അയോദ്ധ്യ ഉള്‍പ്പെട്ട ഫൈസാബാദിലെ പരാജയം
അയോദ്ധ്യ ഉള്‍പ്പെടുന്ന ഫൈസാബാദില്‍ സമാജ് വാദി പാര്‍ട്ടിയിലെ അവധേശ് പ്രസാദ് (അയോദ്ധ്യയിലെ മില്‍ദിപ്പൂര്‍ സംവരണ അസംബ്ലിമണ്ഡലത്തിലെ എംഎല്‍എ) വിജയിച്ചു. ബിജെപിയിലെ സിറ്റിംഗ് എംപിയായ ലല്ലുസിംഗിന് 43.81 ശതമാനം വോട്ടും അവധേശ് പ്രസാദിന് 48.59 ശതമാനവും ലഭിച്ചു. യാദവ് പിന്നാക്ക-ദളിത് – മുസ്ലിം വിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള ഫൈസാബാദില്‍ ഒരു ദളിത് സ്ഥാനാര്‍ത്ഥിയെ മുന്നില്‍ നിര്‍ത്തിയാണ് സമാജ്‌വാദി പാര്‍ട്ടി വിജയിച്ചത്. ഫൈസാബാദില്‍ 22 ശതമാനം പിന്നാക്ക വിഭാഗങ്ങളും 21 ശതമാനം ദളിതരും, 6 ശതമാനം താക്കൂര്‍മാരും, 18 ശതമാനം ബ്രാഹ്‌മണരും, 10 ശതമാനം വൈശ്യരും, 19 ശതമാനം മുസ്ലീങ്ങളുമുണ്ട്. 1989ല്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടി ഫൈസാബാദില്‍ നിന്ന് വിജയിച്ചിട്ടുണ്ട്. 1991, 2014, 2019 എന്നീ തിരഞ്ഞെടുപ്പുകളില്‍ മാത്രമാണ് ബിജെപി വിജയിച്ചത്. കോണ്‍ഗ്രസ്, സമാജ്‌വാദി, ബിഎസ്പി സ്ഥാനാര്‍ത്ഥികളാണ് മറ്റെല്ലാ തിരഞ്ഞെടുപ്പിലും വിജയിച്ചത്.
അയോദ്ധ്യയില്‍ ഉണ്ടായ വികസനം, ഭൂമി കൈമാറ്റം, ഗ്രാമപ്രദേശങ്ങളിലെ പിന്നാക്കവസ്ഥ, ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച വിഷയങ്ങള്‍, പുത്തന്‍ വികസനത്തില്‍ പിന്നാക്ക-ദളിത്-ന്യൂനപക്ഷ വിഭാഗങ്ങള്‍ അവഗണിക്കുന്നു എന്നതൊക്കെയായിരുന്നു സമാജ്‌വാദി പാര്‍ട്ടിയുടെ വിഷയങ്ങള്‍. എടുത്തു പറയേണ്ട വസ്തുത ബിഎസ്പി ഒരു ബ്രാഹ്‌മണ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ഫൈസാബാദില്‍ 46,000 വോട്ടുകള്‍ നേടി. നിലവിലെ എം.പി. ലല്ലുസിംഗിന്റെ, ഭരണഘടന മാറ്റാന്‍ 400 സീറ്റുകള്‍ വേണമെന്ന് പ്രസംഗം ന്യൂനപക്ഷ-ദളിത്-യാദവ വിഭാഗങ്ങളുടെ സംവരണത്തെ അട്ടിമറിക്കാനാണ് എന്ന് പ്രചാരണം ഉണ്ടായി. അമിതമായ ആത്മവിശ്വാസവും ബിജെപിയെ ഫൈസാബാദില്‍ തോല്പിച്ചു. ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വക്താക്കള്‍ക്ക് ഒരുപാഠമാകണം ഫൈസാബാദിലെ ബിജെപി പരാജയം.
ഒഡീസയിലെയും അരുണാചല്‍ പ്രദേശിലെയും ബിജെപി മുന്നേറ്റവും ആന്ധ്രാപ്രദേശിലെ എന്‍ഡിഎ വിജയവും
കഴിഞ്ഞ 25 വര്‍ഷമായി തുടര്‍ച്ചയായി നവീന്‍ പട്‌നായിക്കിന്റെ ബിജെഡി ഭരണം നടത്തുന്ന ഒറീസയില്‍ ലോകസഭാ തിരഞ്ഞെടുപ്പിനോടൊപ്പം സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പും നടന്നു. ഒഡീസയില്‍ എട്ട് ലോകസഭാസീറ്റുകള്‍ ഉണ്ടായിരുന്ന ബിജെപി 2024ല്‍ ഇരുപതായി ഉയര്‍ത്തി. കോണ്‍ഗ്രസിന് ഒരു സീറ്റ് ലഭിച്ചപ്പോള്‍ ബിജെഡിയ്ക്ക് ഒരു സീറ്റിലും വിജയിക്കാനായില്ല. ബിജെപി വോട്ട് വിഹിതം 2019ലെ 38.4 ശതമാനത്തില്‍ നിന്ന് 45.34 ശതമാനമായി ഉയര്‍ത്തി. സീറ്റുകള്‍ ഒന്നും ലഭിച്ചില്ലെങ്കിലും ബിജെഡിക്ക് 37.53 ശതമാനം വോട്ടു ലഭിച്ചു. കോണ്‍ഗ്രസിന് 13.4 ശതമാനം മാത്രമാണ് ലഭിച്ചത്.
ഒഡീസ നിയമസഭയിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 147 അംഗ സഭയില്‍ ബിജെപി എഴുപത്തി എട്ടു സീറ്റായി ഉയര്‍ത്തി. 2019ല്‍ ബിജെപിയ്ക്ക് 23 സീറ്റും ബിജെഡിയ്ക്ക് 112 സീറ്റുമാണ് ഉണ്ടായിരുന്നത്. നിയമസഭയിലെ വോട്ടുവിഹിതം ബിജെപിയ്ക്കും, ബിജെഡിക്കും ഏതാണ്ട് ഒരു പോലെയാണ്. ബിജെപിയ്ക്ക് 40.07 ശതമാനവും, ബിജെഡിയ്ക്ക് 40.22 ശതമാനവും 51 സീറ്റുകളും ലഭിച്ചു. നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറെ സ്വാധീനം ചെലുത്തിയ സംസ്ഥാനമാണ് ഒഡീസ. 2014ല്‍ ഒരു എം.പിമാത്രമാണ് ബിജെപിയ്ക്ക് ഒഡീസയില്‍ ഉണ്ടായിരുന്നത്. അത് 2019ല്‍ എട്ട് ആയും 2024ല്‍ ഇരുപതായും മാറി. പത്ത് വര്‍ഷം കൊണ്ട് ബിജെപിയുടെ ജനപിന്തുണ 21.88 ശതമാനത്തില്‍ നിന്ന് 45.34 ശതമാനമായി ഉയര്‍ന്നു. അരുണാചല്‍പ്രദേശില്‍ രണ്ടു ലോകസഭാസീറ്റുകളും 60 അംഗ നിയമസഭയില്‍ അഞ്ചുസീറ്റുകള്‍ വര്‍ദ്ധിപ്പിച്ച് 48 ആയും ഉയര്‍ത്തി. 54.57 ശതമാനം വോട്ടാണ് ബിജെപിയ്ക്ക് അരുണാചലില്‍ ലഭിച്ചത്.
ആന്ധ്രാപ്രദേശില്‍ ബിജെപി-ടിഡിപി മുന്നണി വന്‍വിജയമാണ് നേടിയത്. ബിജെപി-ടിഡിപി – ജനസേന പാര്‍ട്ടി സഖ്യം സംസ്ഥാനത്തെ 25 സീറ്റില്‍ 21 സീറ്റുകള്‍ വിജയിച്ചു. ടിഡിപിയ്ക്ക് 16 സീറ്റുകളും ബിജെപിയ്ക്ക് മൂന്നും, ജെഎസ്പിയ്ക്ക് രണ്ടും സീറ്റും ലഭിച്ചു. ബിജെപിയുടെ വോട്ടുവിഹിതം 1.25 ശതമാനത്തില്‍ നിന്ന് 11.28 ശതമാനമായി ഉയര്‍ത്തി. ടിഡിപിയ്ക്ക് 2.4 ശതമാനം വോട്ട് കുറഞ്ഞ് 37.79 ശതമാനവും ജനസേനയ്ക്ക് 1.57 ശതമാനം കുറഞ്ഞ് 4.30 ശതമാനവുമായി. നരേന്ദ്രമോദിയുടെ ജനപിന്തുണ ടിഡിപി-ബിജെപി-ജെഎസ്പി സഖ്യത്തിന് ഏറെ സഹായകമായി. വൈഎസ്ആര്‍സിപിയ്ക്ക് നാലുസീറ്റ് ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് ഒരു സീറ്റും ലഭിച്ചില്ല. കേവലം 2.66 ശതമാനം വോട്ടുമാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. എന്നാല്‍ വൈഎസ്ആര്‍സിപിയ്ക്ക് 39.61 ശതമാനം വോട്ടു ലഭിച്ചു. യഥാര്‍ത്ഥത്തില്‍ ബിജെപി സഖ്യമാണ് ടിഡിപിയ്ക്ക് വൈഎസ്ആര്‍സിപിയെ തോല്പിക്കാന്‍ സഹായകമായത്. ആന്ധ്രാനിയമസഭയില്‍ ടിഡിപിയ്ക്ക് 135 സീറ്റും ജെഎസ്പിയ്ക്ക് 21 സീറ്റും ബിജെപിയ്ക്ക് 8 സീറ്റും ലഭിച്ചപ്പോള്‍ ഭരണകക്ഷിയായിരുന്ന വൈഎസ്ആര്‍സിപിയ്ക്ക് 11 സീറ്റുകളാണ് ലഭിച്ചത്. കോണ്‍ഗ്രസ് ആന്ധ്രപ്രദേശില്‍ നിന്ന് ഏതാണ്ട് പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെട്ടു.
ബിജെപി മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ച സംസ്ഥാനങ്ങള്‍
2024ലെ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത, ബിജെപിയുടെ സീറ്റുകള്‍ കുറയുകയാണെങ്കിലും നരേന്ദ്രമോദിയുടെയും ബിജെപിയുടെയും സ്വീകാര്യത കൂടുതല്‍ വ്യാപിച്ചു എന്നതാണ്. 2019ല്‍ ലഭിച്ച വോട്ടുവിഹിതം ബിജെപിയ്ക്ക് നിലനിര്‍ത്താനായത് ബിജെപി കിഴക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലും കൂടുതല്‍ വ്യാപിച്ചതുകൊണ്ടാണ്. അതോടൊപ്പം ബിജെപിയുടെ ശക്തികേന്ദ്രങ്ങളായ നിരവധി സംസ്ഥാനങ്ങളില്‍ ബിജെപിയുടെ വിജയം തിളക്കമേറിയതായിരുന്നു. ബിജെപിയ്ക്ക് അരുണാചല്‍പ്രദേശില്‍ രണ്ടുസീറ്റുകളും 50.61 ശതമാനം വോട്ടും ലഭിച്ചു. അസമില്‍ പതിനാലില്‍ പതിനൊന്നു സീറ്റുകള്‍ ബിജെപി സഖ്യത്തിന് ലഭിച്ചപ്പോള്‍ ബിജെപിയ്ക്ക് ഒറ്റയ്ക്ക് ഒന്‍പത് സീറ്റുകള്‍ ഉണ്ട്. എന്‍ഡിഎ സംഖ്യത്തിന് 42.29 ശതമാനം വോട്ടു ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് 37.48 ശതമാനം വോട്ടും മൂന്നു സീറ്റുകളും ലഭിച്ചു. ഒഡീസയില്‍ 21 സീറ്റില്‍ 20 സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ ജാര്‍ഖണ്ഡില്‍ 9 സീറ്റില്‍ എന്‍ഡിഎയും 8 സീറ്റില്‍ ബിജെപിയും നേടി. 47.22 ശതമാനം എന്‍ഡിഎയ്ക്കും ഇന്‍ഡി സഖ്യത്തിന് 38.9 ശതമാനം വോട്ടു അഞ്ചുസീറ്റും ലഭിച്ചു. ചത്തീസ്ഗഡില്‍ ബിജെപിയ്ക്ക് പത്തുസീറ്റുകളും കോണ്‍ഗ്രസിന് ഒന്നുമാണ് വിജയിക്കാനായത്. ബിജെപിയുടെ വോട്ടുവിഹിതം വര്‍ദ്ധിച്ച് 52.65 ശതമാനമായപ്പോള്‍ കോണ്‍ഗ്രസിന് 41.06 ശതമാനമാണ്. മദ്ധ്യപ്രദേശില്‍ 29 സീറ്റില്‍ 29 ഉം ബിജെപി വിജയിച്ചു. കോണ്‍ഗ്രസിന് നിലവിലുണ്ടായിരുന്ന ഏകസീറ്റും നഷ്ടമായി. ദല്‍ഹിയില്‍ എഎപി കോണ്‍ഗ്രസ് സഖ്യമുണ്ടായിരുന്നെങ്കിലും ബിജെപി ഏഴുസീറ്റുകളിലും വിജയിച്ചു. 54.35 ശതമാനം വോട്ടുകള്‍ ബിജെപിയ്ക്ക് ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് 18.91 ശതമാനം വോട്ടുമാത്രമാണ് ലഭിച്ചത്. എഎപിയ്ക്ക് 24.17 ശതമാനം വോട്ടു ലഭിച്ചപ്പോള്‍ സീറ്റുകള്‍ ഒന്നും നേടാനായില്ല. കെജ്‌രിവാളിന്റെ ജയില്‍വാസവും, ഇടക്കാലജാമ്യവും ഒക്കെ വലിയ തരംഗം ഉണ്ടാക്കുമെന്ന മാധ്യമചര്‍ച്ചകള്‍ക്കൊന്നും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിഞ്ഞില്ല. ഗുജറാത്തില്‍ 26ല്‍ 25 സീറ്റുകള്‍ ബിജെപി വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് ലഭിച്ചു. 61.86 ശതമാനം വോട്ട് ബിജെപിയ്ക്ക് ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ്-എഎപി സഖ്യത്തിന് 33.93 ശതമാനം വോട്ടു ലഭിച്ചു. ഹിമാചല്‍പ്രദേശില്‍ 4 സീറ്റുകളിലും ബിജെപി വിജയിച്ചപ്പോള്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന് ഒരു സീറ്റും ലഭിച്ചില്ല. 56.44 ശതമാനം വോട്ട് ബിജെപിയ്ക്കും 41.67 ശതമാനം വോട്ട് കോണ്‍ഗ്രസിനും ലഭിച്ചു.
തെലുങ്കാനയിലെ ബിജെപി വിജയം എടുത്തു പറയേണ്ടതാണ്. ബിജെപി നാല് സീറ്റില്‍ നിന്ന് എട്ടുസീറ്റായും 19.65 ശതമാനം വോട്ടില്‍ നിന്ന് 35.08 ശതമാനം വോട്ടും നേടി. ഭരണം നടത്തുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് 8 സീറ്റുകള്‍ ലഭിച്ചു. 40.10 ശതമാനമാണ് കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം. ബി.ആര്‍.എസിന് കേവലം 16.68 ശതമാനം വോട്ടുമാത്രമാണ് ലഭിച്ചത്. 2019ല്‍ ഒന്‍പത് സീറ്റുകള്‍ ലഭിച്ച ബിആര്‍എസ് ഇക്കുറി ഒരു സീറ്റിലും വിജയിച്ചില്ല. ബിജെപി പ്രധാനപ്രതിപക്ഷമായി തെലുങ്കാനയില്‍ വളര്‍ന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ നേട്ടം. കര്‍ണ്ണാടകത്തില്‍ ബിജെപി സഖ്യം പത്തൊന്‍പതു സീറ്റുകളില്‍ വിജയിച്ചു. ഭരണകക്ഷിയായ കോണ്‍ഗ്രസ് ഒന്‍പതു സീറ്റുകളില്‍ വിജയിച്ചു. ബിജെപിയ്ക്ക് 17 സീറ്റുകളും ജെഡിഎസിന് രണ്ടുസീറ്റും ലഭിച്ചു. എന്‍ഡിഎയുടെ വോട്ട് വിഹിതം 51.66 ശതമാനവും ഭരണ കക്ഷിയായ കോണ്‍ഗ്രസിന്റേത് 45.43 ശതമാനവുമാണ്. ഉത്തരാഖണ്ഡില്‍ അഞ്ചില്‍, അഞ്ചുസീറ്റും ബിജെപി നേടിയപ്പോള്‍ കോണ്‍ഗ്രസിന് ഒരു സീറ്റിലും വിജയിക്കാനായില്ല. ബിജെപിയ്ക്ക് 56.81 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് 32.83 ശതമാനം ലഭിച്ചു. ബീഹാറില്‍ എന്‍ഡിഎ സഖ്യം മുപ്പതു സീറ്റുകളിലും ഇന്ത്യാസഖ്യം ഒന്‍പതു സീറ്റിലും സ്വതന്ത്രന്‍ ഒരു സീറ്റിലും വിജയിച്ചു. 48 ശതമാനം വോട്ട് എന്‍ഡിഎയ്ക്ക് ലഭിച്ചപ്പോള്‍ ഇന്ത്യാസഖ്യത്തിന് 34 ശതമാനം വോട്ടും ലഭിച്ചു. കോണ്‍ഗ്രസിന് മൂന്ന് സീറ്റും, ആര്‍ജെഡിയ്ക്ക് നാലും സീറ്റുകള്‍ ലഭിച്ചു.
ആര്‍ട്ടിക്കിള്‍ 370 ഉം ജമ്മു കാശ്മീര്‍ ജനവിധിയും
കഴിഞ്ഞ എഴുപത്തി അഞ്ചു വര്‍ഷത്തെ ജമ്മുകാശ്മീര്‍ രാഷ്ട്രീയ ചരിത്രത്തെ തിരുത്തി എഴുതുന്നതായിരുന്നു 2024 ജനവിധി. കഴിഞ്ഞ മുപ്പത്തഞ്ചുവര്‍ഷത്തിനുശേഷം ആദ്യമായാണ് 58.46 ശതമാനം വോട്ടര്‍മാര്‍ പങ്കെടുത്ത തിരഞ്ഞെടുപ്പു നടക്കുന്നത്. 2019നെക്കാള്‍ പോളിംഗ് ശതമാനത്തില്‍ 18 ശതമാനം വര്‍ദ്ധനവും ഉണ്ടായി. മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയും, മെഹബൂബ മുഫ്തിയും പരാജയപ്പെട്ടപ്പോള്‍ ബിജെപി രണ്ടു സീറ്റില്‍ വിജയിച്ചു. നാഷണ്‍ കോണ്‍ഫറന്‍സ് രണ്ടു സീറ്റില്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് ഒരു സീറ്റിലും വിജയിച്ചില്ല. ജയിലില്‍ കഴിയുന്ന വിഘടനവാദി എന്‍ജീനിയര്‍ റഷീദിന്റെ (ഷെയ്ക് അബ്ദുള്‍ റഷീദ്) ബാരമുള്ള മണ്ഡലത്തിലെ വിജയം കാണിക്കുന്നത്, വിഘടനവാദികള്‍ക്ക് ഇപ്പോഴും ഒരു വിഭാഗത്തിന്റെ പിന്തുണ ഉണ്ട് എന്നതാണ്. ഒമര്‍ അബ്ദുള്ളയെയും, സജാദ്‌ലോണിനെയും പരാജയപ്പെടുത്തിയാണ് വിഘടനവാദി നേതാവ് ബാരമുള്ളയില്‍ വിജയിച്ചത്. രണ്ടു സീറ്റില്‍ മാത്രം മത്സരിച്ച ബിജെപിയ്ക്ക് 24.36 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ അഞ്ചു സീറ്റില്‍ മത്സരിച്ച ഇന്‍ഡി സഖ്യത്തിന് 41.68 ശതമാനം വോട്ടു ലഭിച്ചു.
ആഗോള പ്രചാരണം പരാജയം
പാശ്ചാത്യമാധ്യമങ്ങള്‍ ഉള്‍പ്പെടെ, ഭാരതത്തിന്റെ ജനാധിപത്യത്തെയും, മോദിയെയും അപകീര്‍ത്തിപ്പെടുത്തി ക്കൊണ്ട് നടത്തിയ ഇന്ത്യാവിരുദ്ധ പ്രചരണം തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചില്ല. സോഷ്യല്‍ മീഡിയയിലൂടെ അത് ഏറെ പ്രചരിപ്പിച്ച ഇന്ത്യാസഖ്യവും, ചില വിദേശ പിന്തുണയുള്ള ഏജന്‍സികളും നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടു. ”ഇന്ത്യയില്‍ നടക്കുന്ന അവസാന തിരഞ്ഞെടുപ്പ്”, ”ഭരണഘടന തകര്‍ക്കുന്നു”, ”മോദിയുടെ ഫാസിസ്റ്റു ഭരണം”, ”സ്വേച്ഛാധിപതി”, ”ഇന്ത്യന്‍ ജനാധിപത്യം അപകടത്തില്‍”, ”ഇവിഎമ്മിലൂടെ നേടുന്ന മോദി വിജയം”, തിരഞ്ഞെടുപ്പു കമ്മീഷനെതിരായ ആരോപണങ്ങള്‍ എല്ലാം വോട്ടര്‍മാര്‍ തള്ളിക്കളയുകയും മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം നല്‍കി മൂന്നാമതും വിജയം സമ്മാനിക്കുകയുമാണ് ഇന്ത്യന്‍ വോട്ടര്‍മാര്‍ ചെയ്തത്.
ചുരുക്കത്തില്‍ വികസന രാഷ്ട്രീയത്തിനും, നരേന്ദ്രമോദിയുടെ നേതൃത്വത്തിനും ഹാട്രിക് വിജയം നല്‍കുകയാണ് ഇന്ത്യന്‍ വോട്ടര്‍മാര്‍ ചെയ്തത്. ചില പ്രാദേശിക വിഷയങ്ങള്‍ കാരണം ചില സംസ്ഥാനങ്ങളില്‍ വിജയത്തിന് മങ്ങല്‍ ഏറ്റു. ബിജെപിയുടെ ജനപിന്തുണയും എന്‍ഡിഎയുടെ ജനപിന്തുണയും യാതൊരു കോട്ടവും തട്ടാതെ 2024 ലും നിലനില്‍ക്കുന്നു എന്നതാണ് മോദി മാജിക്. രണ്ടു പ്രമുഖ സംസ്ഥാനങ്ങളില്‍ പുതുതായി അധികാരം നേടാനും, ഭരണം ഉണ്ടായിരുന്ന അരുണാചല്‍ പ്രദേശില്‍ ഭരണം നിലനിര്‍ത്താനും എന്‍ഡിഎയ്ക്ക് കഴിഞ്ഞത് മോദിയുടെ വികസന രാഷ്ട്രീയംകൊണ്ടാണ്. തെലുങ്കാനയിലും കേരളത്തിലും, തമിഴ്‌നാട്ടിലും ഉണ്ടായ ബിജെപിയുടെ വളര്‍ച്ചയും വികാസവും കേരളത്തിലെ വിജയവും നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസനപദ്ധതികള്‍ രാജ്യവ്യാപകമായ ജനപിന്തുണ നേടികൊടുത്തതിന് തെളിവാണ്. കോണ്‍ഗ്രസിന്റെ വോട്ടു ശതമാനം കാര്യമായ വികസനം ഉണ്ടാകാതെ മുന്നണി സഹായത്താല്‍ സീറ്റുകള്‍ കൂടുതല്‍ ലഭിച്ചു എന്നത് ശ്രദ്ധേയമാണ്. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും പ്രമുഖ സംസ്ഥാനങ്ങളുടെ ഭരണം കയ്യടക്കിയതുമായ ബിഎസ്പി, (ഉത്തര്‍പ്രദേശ്) ബിജെഡി (ഒറീസ) വൈഎസ്ആര്‍സിപി (ആന്ധ്രപ്രദേശ്) ബിആര്‍എസ് (തെലുങ്കാന) തുടങ്ങിയവ 2024ലെ പാര്‍ലമെന്റില്‍ ഒരംഗംപോലും ഇല്ലാത്ത അവസ്ഥയിലായത് ബിജെപിയുടെയും എന്‍ഡിയുടെയും വളര്‍ച്ച കൊണ്ടുമാത്രമാണ്. അതേസമയം കോണ്‍ഗ്രസ് പാര്‍ട്ടി മദ്ധ്യപ്രദേശ്, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ദല്‍ഹി, ആന്ധ്രപ്രദേശ്, ജമ്മു കാശ്മീര്‍, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പൂജ്യം സീറ്റ് നേടിയപ്പോള്‍ ഗുജറാത്ത്, ചത്തീസ്ഗഢ്, ഒഡിസ, പശ്ചിമബംഗാള്‍, ഗോവ, തുടങ്ങിയ സംസ്ഥാനങ്ങളില്‍ കേവലം ഒരു സീറ്റില്‍ മാത്രമാണ് വിജയിച്ചത്. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് വിജയം ഒറ്റ അക്കത്തില്‍ മാത്രമാണ്. സംസ്ഥാനത്തെ 80 സീറ്റില്‍ കോണ്‍ഗ്രസിന് ലഭിച്ചത്. കേവലം ആറു സീറ്റുകളും 9.46 ശതമാനം വോട്ടുമാണ് (പട്ടിക ഒന്ന് കാണുക)
2024ല്‍ 22 അംഗ ഇന്ത്യാമുന്നണിയ്ക്ക് ഹിന്ദുത്വവിരുദ്ധമായ നിലപാടില്‍ ഒന്നായി നില്‍ക്കുന്നു എന്നു തോന്നാമെങ്കിലും അത് ഒരു പ്രായോഗിക രാഷ്ട്രീയ മുന്നണിയല്ല. സിപിഎം – തൃണമൂല്‍-കോണ്‍ഗ്രസ്-എഎപി- പാര്‍ട്ടികളുടെ പരസ്പര ബന്ധം മാത്രം പരിശോധിച്ചാല്‍ മതി ഒരു രാഷ്ട്രീയ മുന്നണിയുടെ പരിമിതി മനസ്സിലാക്കാന്‍. 2024ലെ ലോകസഭാ തിരഞ്ഞെടുപ്പ് ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ ഇടംനേടുന്നതും പ്രതിപക്ഷ അനൈക്യത്തിന്റെയും, നേതൃത്വരാഹിത്യത്തിന്റെ പശ്ചാത്തലത്തില്‍ മാത്രമായിരിക്കും. എന്‍ഡിഎ സഖ്യവും ബിജെപിയും പടിപടിയായി വളര്‍ന്നു രാജ്യം മുഴുവന്‍ വ്യാപിച്ച രാഷ്ട്രീയ സാഹചര്യവും നരേന്ദ്രമോദിയുടെ വികസനരാഷ്ട്രീയത്തിന്റെ വിജയവും ഒന്നിച്ചുവായിക്കണം.
ഹിന്ദുത്വരാഷ്ട്രീയത്തിന് കേരളവും പാകമായി
ഹിന്ദുത്വ രാഷ്ട്രീയം കേരളത്തില്‍ വേരുറപ്പിക്കില്ല എന്ന ധാരണ തിരുത്തിയെഴുതിക്കൊണ്ടാണ് 2024ല്‍ ബിജെപി കേരളത്തില്‍ വിജയം നേടിയത്. സുരേഷ് ഗോപിയുടെ തൃശ്ശൂരിലെ വിജയം സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിലെ ഒരു പുതിയ അദ്ധ്യായം കുറിക്കുകമാത്രമല്ല, ബംഗാളിന്റെയും ത്രിപുരയുടെയും പാതയില്‍ കേരളവും ഇടതുപക്ഷ കോട്ടയെ തകര്‍ത്തെറിയാന്‍ പ്രാപ്തമായി എന്നതിന്റെ സാക്ഷിപത്രവുമാണ്. ഹിന്ദുത്വരാഷ്ട്രീയത്തിനെതിരായ ഇടത്-വലത് വന്‍മതില്‍ പൊളിച്ചുകൊണ്ടാണ് സുരേഷ്‌ഗോപി താമരചിഹ്നത്തില്‍ തൃശ്ശൂരില്‍ വിജയം നേടിയത്. തിരുവനന്തപുരം, ആറ്റിങ്ങള്‍ നിയോജകമണ്ഡലങ്ങളില്‍ രാജീവ് ചന്ദ്രശേഖരനും, വി.മുരളീധരനും വിജയം നഷ്ടമായത് യഥാക്രമം 1.67%, 1.66% വോട്ടുകളുടെ വ്യത്യാസത്തിലാണ്. കമ്മ്യൂണിസ്റ്റ് കോട്ടയായി അറിയപ്പെട്ടിരുന്ന ആലപ്പുഴയില്‍ ശോഭാ സുരേന്ദ്രന്‍ 28.3 ശതമാനം വോട്ടു നേടിയപ്പോള്‍ സി.പി.എമ്മിന്റെ ഏക ”കനല്‍ തരി”യായി അറിയപ്പെട്ടിരുന്ന എ.എം. ആരിഫ് എം.പി ദയനീയമായി പരാജയപ്പെട്ടു. പാലക്കാട് മണ്ഡലത്തില്‍ ബിജെപിയിലെ സി.കൃഷ്ണകുമാര്‍ 25.31% വോട്ടും പത്തനംതിട്ടയില്‍ അനില്‍ കെ. ആന്റണി 25.49% വോട്ടുംനേടി. ഈ രണ്ടു മണ്ഡലങ്ങളിലും പരാജയപ്പെട്ട സി.പി.എം സ്ഥാനാര്‍ത്ഥികളും ബിജെപിയും തമ്മിലുള്ള വ്യത്യാസം കേവലം ഏഴുശതമാനം മാത്രമാണ്. കാസര്‍കോട് (19.73%) കോഴിക്കോട് (16.5%), ആലത്തൂര്‍ (19%) എറണാകുളം (15.8%), മാവേലിക്കര (15.98%) കൊല്ലം (17.82%), കോട്ടയം (19.74%) തുടങ്ങിയ മണ്ഡലങ്ങളിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ നല്ല പ്രകടനം കാഴ്ചവച്ചു.
2024ല്‍ കേരളത്തില്‍ ബിജെപി (എന്‍ഡിഎ)യ്ക്ക് 19.23 ശതമാനം വോട്ടു ലഭിച്ചപ്പോള്‍ സിപിഎമ്മിന് ലഭിച്ചത് 25.82% വോട്ടുകളാണ്. ഇടതുമുന്നണിക്ക് 33.36 ശതമാനവും കോണ്‍ഗ്രസ് മുന്നണിയ്ക്ക് 43 ശതമാനവും വോട്ടു ലഭിച്ചു. അന്‍പതില്‍ പരം മണ്ഡലങ്ങളില്‍ സി.പിഎമ്മും ബിജെപിയും തമ്മിലുള്ള വോട്ടിലെ അകലം കുറഞ്ഞുവരുന്നത് ശ്രദ്ധേയമാണ്. ഒരു ദശകത്തിനുള്ളില്‍ കേരളത്തില്‍ ബിജെപി നേടിയ വളര്‍ച്ച ഇടതു-വലതു മുന്നണികളുടെ കോട്ടകളില്‍ വിള്ളല്‍ വീഴ്ത്തിയിട്ടുണ്ട്. പട്ടിക കാണുക. (പട്ടിക രണ്ട്)
മുകളിലത്തെ പട്ടിക സൂചിപ്പിക്കുന്നത് 2019ലും 2024ലും ഇടതു മുന്നണിയ്ക്കുണ്ടായ പരാജയത്തിന്റെ പ്രധാനകാരണം ബിജെപി വോട്ടിലെ വളര്‍ച്ചയാണ്. ന്യൂനപക്ഷ സമൂഹം വലതു മുന്നണിയ്ക്ക് വോട്ടു ചെയ്തപ്പോള്‍ ഇടതു പക്ഷത്തോടൊപ്പം നിന്ന വലിയൊരു ശതമാനം അടിസ്ഥാന ജനവിഭാഗങ്ങള്‍ ബിജെപി പക്ഷത്തേയ്ക്ക് മാറി. പട്ടികയില്‍ ഉള്‍പ്പെട്ട പതിമൂന്നു മണ്ഡലങ്ങളില്‍ ആലത്തൂര്‍ മാത്രമാണ് ചെറിയ ഭൂരിപക്ഷത്തില്‍ ഇടതുമുന്നണി 2024ല്‍ വിജയിച്ചത്. 2019ലും ആലപ്പുഴ മണ്ഡലത്തില്‍ മാത്രം നാമമാത്രമായ ഭൂരിപക്ഷത്തിന് ഇടതുപക്ഷം വിജയിച്ചു. ഇതു സൂചിപ്പിക്കുന്നത്, സിപിഎമ്മിന് ബംഗാളും, ത്രിപുരയും പോലെ ഒരു പാര്‍ലമെന്റ് മണ്ഡലത്തിലും വിജയിക്കാന്‍ കഴിയാത്ത സാഹചര്യം കേരളത്തിലും ഉണ്ടാവും എന്നതാണ്. 2024ല്‍ സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളില്‍ ബിജെപി പതിനൊന്നു മണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനത്തും, എട്ടിടത്ത് രണ്ടാം സ്ഥാനവും നേടിയപ്പോള്‍ ഇടതുപക്ഷം കേവലം പത്തൊന്‍പത് മണ്ഡലങ്ങളില്‍ മാത്രമാണ് ഒന്നാം സ്ഥാനത്ത് വന്നത്. കൂടാതെ മന്ത്രിമാരായ ആര്‍.ബിന്ദു (ഇരിഞ്ഞാലക്കൂട), കെ.രാജന്‍ (ഒല്ലൂര്‍) ശിവന്‍കുട്ടി (നേമം) തുടങ്ങിയവരുടെ മണ്ഡലങ്ങളില്‍ ബിജെപിയാണ് ഒന്നാം സ്ഥാനത്തു വന്നത്. പത്തൊന്‍പത് മണ്ഡലങ്ങളില്‍ സിപിഎമ്മിനെ പിന്തള്ളി ബിജെപി മുന്നില്‍ വന്നു. കൂടാതെ മൂന്നു മണ്ഡലങ്ങളില്‍ നാമമാത്രമായ വോട്ടിന് ബിജെപി പിന്നിലായി.
സുരേഷ്‌ഗോപിയുടേത് ചരിത്രവിജയം
ഇടതു-വലതു മുന്നണികളെ ഒരുപോലെ പ്രഹരം ഏല്പിച്ചുകൊണ്ടാണ് സുരേഷ് ഗോപി 4,12,338 വോട്ടുകള്‍ നേടി തൃശ്ശൂരില്‍ വിജയിച്ചത്. 74,686 വോട്ടിന്റെ ഭൂരിപക്ഷം നേടിയ സുരേഷ്‌ഗോപി ഗുരുവായൂര്‍ ഒഴിച്ചുള്ള ആറ് അസംബ്ലിമണ്ഡലങ്ങളിലും ഉയര്‍ന്ന ഭൂരിപക്ഷം നിലനിര്‍ത്തി. മണലൂര്‍, ഒല്ലൂര്‍, തൃശ്ശൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് എന്നീ നിയമസഭ മണ്ഡലങ്ങളില്‍ ഇരുമുന്നണികളെയും പിന്നിലാക്കിയാണ് സുരേഷ്‌ഗോപി ജയിച്ചത്, ”കേരളത്തില്‍ ബിജെപി ഒരു സീറ്റില്‍ പോലും ജയിക്കില്ല. ഇത് എല്‍ഡിഎഫിന്റെ ഉറപ്പ്” എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. ഇടതു-വലതു മുന്നണികളുടെ എല്ലാ അടവുനയങ്ങളെയും പരാജയപ്പെടുത്തിയാണ് തൃശ്ശൂരില്‍ സുരേഷ് ഗോപി ജയിച്ചത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ (2021) നേമത്ത് ബിജെപിയെ തോല്പിക്കാന്‍ ഒരു ‘ചാവേര്‍’ ആയിട്ടാണ് അന്ന് വടകര എം.പിയായ കെ.മുരളീധരന്‍ നേമത്ത് മത്സരിച്ചത്. അതുപോലെ രണ്ടാം തവണയും ബിജെപിയെ തോല്പിക്കാന്‍ വടകരയില്‍ നിന്നും തൃശ്ശൂരില്‍ വന്നത് ‘ചാവേറാ’കാന്‍ തന്നെയാണ്. എന്നാല്‍ കെ. മുരളീധരനെ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്ക് മൂന്നാം സ്ഥാനത്ത് നിര്‍ത്താന്‍ സുരേഷ്‌ഗോപിയ്ക്ക് കഴിഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നെറികെട്ട രാഷ്ട്രീയത്തിനും, ഇടതുമുന്നണിയുടെ അടവു നയങ്ങള്‍ക്കും തൃശ്ശൂരില്‍ ബിജെപിയെ തടയാന്‍ കഴിഞ്ഞില്ല.
തിരുവനന്തപുരം മണ്ഡലത്തില്‍ നേമം, വട്ടിയൂര്‍കാവ്, കഴക്കൂട്ടം തുടങ്ങിയ നിയമസഭാ മണ്ഡലങ്ങളിലും ആറ്റിങ്ങല്‍ മണ്ഡലത്തിലെ കാട്ടാക്കട, ആറ്റിങ്ങല്‍ എന്നീ നിയമസഭാ മണ്ഡലങ്ങളിലും ബിജെപിയാണ് ഭൂരിപക്ഷം നേടിയത്. 2019ല്‍ ശശിതരൂരിന് ലഭിച്ചതിനേക്കാള്‍ നാലുശതമാനം വോട്ട് കുറവ് നേടിയാണ് ഇത്തവണ അദ്ദേഹം വിജയിച്ചത്. അതേസമയം രാജീവ് ചന്ദ്രശേഖറിന് 4.22% വോട്ടുകള്‍ 2019ല്‍ ബിജെപിയ്ക്ക് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ ലഭിച്ചു. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖരിന് 3,42,078 വോട്ടുകള്‍ (35.55%) ലഭിച്ചപ്പോള്‍ മൂന്നാം സ്ഥാനത്ത് പോയ പന്ന്യന്‍ രവീന്ദ്രന് 2,47,648 വോട്ടുകളാണ് (25.74%) ലഭിച്ചത്. അതായത് തിരുവനന്തപുരത്ത് ബിജെപിയ്ക്ക് ലഭിച്ചതിനേക്കാള്‍ പത്ത് ശതമാനം വോട്ടു കുറവാണ് ഇടതു മുന്നണിയ്ക്ക് ലഭിച്ചത്. 2019ല്‍ തിരുവനന്തപുരത്ത് ബിജെപിയെക്കാള്‍ ആറു ശതമാനം കുറവാണ് ഇടതുമുന്നണിയ്ക്ക് ലഭിച്ച വോട്ടുകള്‍.
ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ബിജെപിയ്ക്ക് 2019ല്‍ ലഭിച്ചതിനെക്കാള്‍ 7.4 ശതമാനം കൂടുതല്‍ വോട്ടുകള്‍ 2024ല്‍ ലഭിച്ചു. വി. മുരളിധരന്‍ 3,27,367 വോട്ടുകള്‍ (31.66%) നേടിയപ്പോള്‍ വിജയിച്ച അടൂര്‍ പ്രകാശിന് ലഭിച്ചത് 3,28,051 വോട്ടുകള്‍ (33.32%) മാത്രമാണ്. 2024ലെ തിരഞ്ഞെടുപ്പ് ശ്രദ്ധേയമാകുന്നത് ആറു മണ്ഡലങ്ങളില്‍ ബിജെപി 25.31 ശതമാനത്തിനും, 37.8 ശതമാനത്തിനും ഇടയില്‍ വോട്ടു നേടി എന്നതാണ്. ഇടതു-വലതു മുന്നണികളുടെ വോട്ടിലേയ്ക്ക് ബിജെപി കടന്നുകയറി എങ്കിലും, വലതു മുന്നണിയ്ക്ക് ന്യൂനപക്ഷവോട്ടുകളുടെ കേന്ദ്രീകരണത്തിന്റെ ഗുണം ലഭിച്ചു. എന്നാല്‍ ഇടതു മുന്നണി തകര്‍ച്ചയുടെ വക്കിലുമാണ്. (പട്ടിക മൂന്ന് കാണുക)
കേരളത്തിലെ ഇടതുപക്ഷത്തിന്റെ ഭാവിനിര്‍ണ്ണയിക്കാന്‍ പോകുന്നത് 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ്. നിലവിലെ സാഹചര്യത്തില്‍ പിണറായി വിജയന്‍ സി.പി.എമ്മിന്റെ അവസാനത്തെ മുഖ്യമന്ത്രിയാവാനാണ് സാധ്യത. ചുരുക്കത്തില്‍ കേരളം ഹിന്ദുത്വരാഷ്ട്രീയത്തിന് പാകപ്പെട്ടിരിക്കുന്നു. തൃശ്ശൂരിലെ സുരേഷ്‌ഗോപിയുടെ വിജയം വലിയൊരു മുന്നേറ്റത്തിന്റെ തുടക്കമാണ്.