ജൂണ്‍ 20
ഹിന്ദു സാമ്രാജ്യദിനം
ഉത്സവം എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ ഊര്‍ദ്ധ്വാഗമനമായിട്ടുള്ളത്, മുന്നോട്ട് അഥവാ പുരോഗതിയിലേക്ക് പ്രവഹിക്കുന്നത് എന്നിങ്ങനെയൊക്കെയാണ്. അങ്ങനെ നോക്കുമ്പോള്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഉത്സവങ്ങള്‍ സംഘത്തെ അല്ലെങ്കില്‍ സമാജത്തെ പുരോഗതിയിലേക്ക് നയിക്കുന്നവ തന്നെയാണ് എന്ന് നിസ്സംശയം പറയാന്‍ സാധിക്കും. ഭാരത സമൂഹത്തെ അത്തരത്തില്‍ സഹസ്രാബ്ദങ്ങളോളം മുന്നോട്ട് നയിക്കുവാന്‍ സാധിക്കുന്ന അപരിമിതമായ ശക്തിവിശേഷങ്ങള്‍ വഹിക്കുന്ന ഒരു ഉത്സവമാണ് ഹിന്ദു സാമ്രാജ്യദിനം.
ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയതെന്ന ഗരിമയും പേറി ഭാരതം സഹസ്രാബ്ദങ്ങളായി ലോകഭൂപടത്തില്‍ വിരാജിക്കുന്നു. ഇവിടുത്തെ മൗലിക ജനതയായ ഹിന്ദു സമൂഹമാവട്ടെ രണ്ടായിരത്തി അഞ്ഞൂറിലധികം വര്‍ഷങ്ങള്‍ നീണ്ട വൈദേശിക സാമ്രാജ്യത്വ ശക്തികളുടെ നിരന്തര ആക്രമണങ്ങളെ അതിജീവിച്ചുകൊണ്ട് ഇന്നും ഈ സനാതന ഭൂമിയില്‍ തുടരുന്നു. പടയോട്ടങ്ങള്‍, പാലായനങ്ങള്‍, പ്രതിരോധങ്ങള്‍, രക്തരൂക്ഷിത വിപ്ലവങ്ങള്‍ അങ്ങനെയങ്ങനെ ഒരു രാഷ്ട്രത്തിന്റെ അടിസ്ഥാന ശിലകളെ തകര്‍ക്കുന്ന അനവധി സംഭവബഹുലങ്ങളായ അനുഭവങ്ങളിലൂടെ കടന്നു പോയിട്ടും ഇന്നും ഭാരതമാവുന്ന മഹാനദി അനുസ്യൂതം അതിന്റെ പ്രവാഹം തുടരുകയാണ്. സര്‍വ്വം സഹയായ ഗംഗയെ പോലെ. അതിനാല്‍ തന്നെ ഹിന്ദു സാമ്രാജ്യം എന്ന സങ്കല്‍പത്തിന്റെ പ്രസക്തിയും പ്രാധാന്യവും ഇന്നു നാം നില്‍ക്കുന്ന ഈ ചരിത്ര സന്ധിയില്‍ ഏറെ നിര്‍ണായകമാണ്.
എഡി 1674, വിക്രമസംവല്‍സരം 1731, ശാലിവാഹന ശകം 1576ല്‍ മഹാരാഷ്ട്രയിലെ റായ്ഗഡില്‍ വച്ച് ഛത്രപതി ശിവാജി മഹാരാജാവിന്റെ കിരീടധാരണം നടന്നു. ഈ മഹത്തായ സുദിനമത്രെ ആദ്യത്തെ ഹിന്ദു സാമ്രാജ്യദിനം. കേവലം ഒരു ചക്രവര്‍ത്തിയോ രാജാവോ ആയി അവരോധിക്കപ്പെട്ട ഒരു വ്യക്തി മാത്രമായിരുന്നില്ല ശിവാജി, മറിച്ച് ബാല്യകാലത്തില്‍ തന്നെ ജ്വലിക്കുന്ന ഹൈന്ദവ ബോധത്താല്‍ ഗിരിവാസികളെയും കര്‍ഷകരെയും നഗരനിവാസികളെയും അടക്കം ആബാലവൃദ്ധം ജനങ്ങളെയും ഹിന്ദുരാഷ്ട്രം എന്ന സമ്പുഷ്ടാശയത്തില്‍ കോര്‍ത്തിണക്കിയ രാഷ്ട്രതന്ത്രജ്ഞന്‍ കൂടിയായിരുന്നു അദ്ദേഹം. സഹസ്രാബ്ദങ്ങളോളം അടിമത്തത്തിന്റെ നുകം പേറി ഇരുട്ടിലാണ്ടുപോയ ഒരു ജനസഞ്ചയത്തെ സ്വാഭിമാനവും സ്വാശ്രയത്വവും പഠിപ്പിക്കുകയും വൈദേശിക അധിനിവേശത്തിനെതിരെ സായുധരായി പട നയിക്കുവാന്‍ പ്രാപ്തരാക്കുകയും ചെയ്തു ഛത്രപതി ശിവാജി. മുഗളരും അറബികളും തകര്‍ത്തെറിഞ്ഞ ക്ഷേത്രാവശിഷ്ടങ്ങളുടെ കൂമ്പാരങ്ങളില്‍ നിന്ന് പൂര്‍വ്വകാല ഗരിമകളുടെ ദീര്‍ഘനിശ്വാസങ്ങള്‍ വിടുകയല്ല മറിച്ച് അവയെ പുനര്‍നിര്‍മ്മിച്ച് ഹിന്ദു സാമ്രാജ്യമെന്ന ബദല്‍ നിര്‍ദ്ദേശിക്കുകയാണ് ആ മഹാത്മാവ് ചെയ്തത്. ആ ചരിത്രപുരുഷന്റെ സ്ഥാനാരോഹണമാണ്, ആ മഹാപ്രയാണത്തിന്റെ തുടക്കമാണ് ഹിന്ദു സാമ്രാജ്യദിനം.
ലഷ്‌കറിന്റെയും ഐഎസ്‌ഐഎസിന്റെയും പ്രാകൃത ഗോത്രരൂപങ്ങളായിരുന്ന മുഗളന്മാരടക്കമുള്ള അറേബ്യന്‍ അധിനിവേശ ശക്തികള്‍ കൊടികുത്തിവാണിരുന്ന കാലത്താണ് ഹൈന്ദവ നേതാവായി ശിവാജി ഉയര്‍ന്നുവന്നത്. പ്രത്യാശയുടെ കിരണം പോലും പ്രവേശിക്കാത്ത അന്ധകാര സമുദ്രത്തില്‍ നിന്ന് എങ്ങനെയാണ് പ്രോജ്ജ്വലമായ ഹിന്ദു സാമ്രാജ്യം കെട്ടിപ്പടുക്കേണ്ടതെന്ന് അദ്ദേഹം അന്നു കാണിച്ചുതന്ന വഴി ഇന്നും ഓരോ ഭാരതീയനും പഥപ്രദര്‍ശകങ്ങളാണ്.
അന്നത്തെ ഭാരതത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക ഭൂമികയില്‍ പ്രതീക്ഷക്ക് വകയൊന്നും ഇല്ലായിരുന്നു. വീരന്മാരായ രജപുത്രന്മാരും എന്തിനധികം പറയുന്നു ശിവാജിയുടെ പിതാവായ ഷഹാജി പോലും മുഗളന്മാരുടെ സാമാന്തന്മാരായി മാറിക്കഴിഞ്ഞിരുന്നു. മറ്റ് വീരന്മാരായിരുന്ന ജസ്വന്ത്‌സിംഗ് അടക്കമുള്ള രാജാക്കന്മാരാവട്ടെ അവരുടെ വീരത്വം എല്ലാം മുഗളര്‍ക്കടിയറവച്ച് കേവലമായ സ്വാര്‍ത്ഥത്തിനുവേണ്ടി ശിവാജിയുടെ ദേശീയ സ്വാതന്ത്ര്യാദിവാഞ്ചക്കും ഹിന്ദു സാമ്രാജ്യത്വാശയത്തിനും എതിരായി നിന്നു. തന്റെ പേരും പെരുമയും സ്ഥാനമാനങ്ങളുമെല്ലാം സ്വരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി മാറ്റിവച്ച് ഒരു സാധാരണ പോരാളിയായി പോലും നിലകൊള്ളാന്‍ തയ്യാറാണെന്ന് ശിവാജി ഒന്നിലധകം തവണ പ്രഖ്യാപിക്കുന്നതായി ചരിത്രം പറയുന്നുണ്ട്. പക്ഷെ അതെല്ലാം ബധിരകര്‍ണ്ണങ്ങളില്‍ ആണ് പതിച്ചതെന്നു മാത്രമല്ല മുഗള സാമ്രാജ്യത്തിനെതിരെ പടനയിക്കുന്ന ഒരു രാജ്യദ്രോഹിയായിട്ട് അദ്ദേഹം ചിത്രീകരിക്കപ്പെടുകയാണ് പിന്നീടുണ്ടായത്. ചുരുക്കിപ്പറഞ്ഞാല്‍ അനുകൂല ഘടകങ്ങളുടെ ഒരു കണികപോലും ദേശീയവാദിയായ ശിവാജിക്ക് കിട്ടിയിരുന്നില്ല. സര്‍വ്വസാധാരണക്കാരായിരുന്ന ജനങ്ങള്‍ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ശക്തി. ഇന്നും ആ സ്ഥിതിക്ക് കാര്യമായ മാറ്റമൊന്നും ഇല്ലെന്ന് നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കും. രാഷ്ട്രത്തിനു വേണ്ടിയും സംസ്‌കാരത്തിനുവേണ്ടിയും നിലകൊള്ളുന്നവര്‍ക്കെതിരെ ഇന്നും ഉയരുന്ന കോലാഹലങ്ങള്‍ ശ്രദ്ധിച്ചാല്‍ ശിവാജിയുടെ കാലഘട്ടത്തിലെ ഹൈന്ദവ മനോഭാവം ഇനിയും ഒരുപാട് മാറാനുണ്ട് എന്ന് നമുക്ക് അനുമാനിക്കാനാവും. വ്യക്തിനിര്‍മ്മാണത്തിലൂന്നിയുള്ള സംഘപ്രവര്‍ത്തനത്തിന്റെ ആവശ്യകതയും നവനവശിവാജിമാരുടെ രൂപീകരണവും രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിന്റെ നൈരന്തര്യവും കാലം നമ്മോടാവശ്യപ്പെടുന്നുണ്ട്.
ആദ്ധ്യാത്മികമായ ശക്തിയാണ് ഇതിനൊക്കെ ആധാരം എന്നതും മറന്നു കൂടാ. സമര്‍ത്ഥ രാമദാസിന്റെ ആദ്ധ്യാത്മിക ചൈതന്യമാണ് ഛത്രപത്രി ശിവാജിയിലൂടെ സംക്രമിച്ചത്. അനേകമനേകം യുവ കിശോരന്മാരെ സമര്‍ത്ഥ രാമദാസ് സ്വാമികള്‍ ദേശീയ മുഖ്യധാരയിലേക്ക് ആകര്‍ഷിച്ചു. അവരെയെല്ലാം ഹിന്ദു സാമ്രാജ്യ സങ്കല്‍പ്പത്തോടൊത്ത് അണിചേര്‍ക്കുവാനും പോര്‍ച്ചട്ടയണിയിക്കുവാനും അദ്ദേഹത്തിന്റെ ദേശാടനങ്ങള്‍ക്കും പ്രബോധനങ്ങള്‍ക്കും സാധിച്ചു എന്നുള്ളത് ഇത്തരുണത്തില്‍ പ്രസ്താവ്യമാണ്. ആബാലവൃദ്ധം ജനങ്ങളോടൊപ്പം ആധ്യാത്മികതയാവുന്ന പെരുംതോണിയിലേറി ശിവാജി ഹിന്ദു സാമ്രാജ്യമെന്ന വന്‍കരയിലേക്ക് കടന്നുകയറി എന്ന് ആലങ്കാരികമായി പറയാം.
തുടര്‍ന്ന് നടന്ന ധീരോദാത്തവും രോമാഞ്ചദായകവും ആയ പോരാട്ടങ്ങളില്‍ മുഗളന്മാരെയും ഡെക്കാണിലെ സുല്‍ത്താന്മാരെയും ഛത്രപതി ശിവാജി തകര്‍ത്തെറിഞ്ഞു. സംഘടിത ശക്തിയായി രൂപാന്തരീകരണം പ്രാപിച്ച ഹൈന്ദവ ജനത അഫ്‌സല്‍ഖാനെയും ഷെയിറ്റ്‌സ് ഖാനെയും പോലുള്ള ക്രൂരന്മാരായ മതവെറിയന്മാരെ പരാജയപ്പെടുത്തി. ഔറംഗസീബിന്റെ ചതിയല്‍പ്പെട്ട് തടവറക്കുള്ളിലായെങ്കിലും തന്റെ ബുദ്ധിശക്തിയും ഇച്ഛാശക്തിയും കൊണ്ട് രക്ഷപ്പെട്ട് ശിവാജി വീണ്ടും ഭാരതീയര്‍ക്ക് പുത്തന്‍ ഉണര്‍വ്വേകി. നാവികസേനയടക്കം സുശക്തമായൊരു സൈന്യത്തെ സംഘടിപ്പിച്ചുകൊണ്ട് രാഷ്ട്രത്തിന്റെ അതിരുകള്‍ അമ്മയുടെ ഉടുവസ്ത്രം പോലെ പവിത്രമെന്ന് അദ്ദേഹം വിളംബരം ചെയ്തു. ഇതോടൊപ്പം തന്നെ ഇസ്ലാമിക ഭീകരതയില്‍ ചകിതരായി സനാതനധര്‍മ്മത്തെ ഉപേക്ഷിച്ച് പാലായനം ചെയ്ത നിരവധി പേരെ അദ്ദേഹം സ്വധര്‍മ്മത്തിലേക്ക് പരാവര്‍ത്തനം ചെയ്തു.
രാജ്യത്തിന്റെ എല്ലാ ദിക്കുകളില്‍ നിന്നും ആയിരങ്ങളെ സജ്ജരാക്കി ശിവജി സൈന്യത്തെ സുസംഘടിതമാക്കി. സമ്പുഷ്ടമായൊരു കാര്‍ഷിക പാരമ്പര്യം പിന്തുടര്‍ന്ന ദേശവാസികള്‍ക്ക് കൃഷിഭൂമി പതിച്ചുകൊടുത്തുകൊണ്ട് ശിവാജി ആ കാലത്ത് നടത്തിയ വിപ്ലവം മറക്കാവതല്ല. അഷ്ടപ്രധാനന്മാര്‍ എന്നറിയപ്പെട്ട ഭരണ നിപുണന്മാരിലൂടെ അദ്ദേഹം അധികാര വികേന്ദ്രീകരണം സാധ്യമാക്കി. പുതിയ പുതിയ കാര്യകര്‍ത്താക്കള്‍ക്ക് പരിശീലനത്തിലൂടെ ഭരണ നൈപുണ്യം കൊടുത്ത് രാഷ്ട്രത്തിന്റെ സ്വത്താക്കി മാറ്റി. അത്യത്ഭുതകരമായ ഒരു ഹിന്ദുസാമ്രാജ്യവും ക്ഷേമരാഷ്ട്രവും അദ്ദേഹം ലോകത്തിനു മുന്നില്‍ പടുത്തുയര്‍ത്തി. ഹിന്ദു സാമ്രാജ്യമെന്നാല്‍ മറ്റു മതസ്ഥര്‍ക്ക് രണ്ടാംതരം പൗരത്വം മാത്രമനുവദിക്കുന്ന ഒരു മത-സാമ്രാജ്യത്വ സങ്കല്‍പമായിരുന്നില്ല; മറിച്ച് എല്ലാ മത വിഭാഗങ്ങള്‍ക്കും തുല്യതയും നീതിയും ഒക്കെയുള്ള സമഗ്രമായ ഭരണവ്യവസ്ഥയാണെന്ന് അദ്ദേഹം തെളിയിച്ചു. മറ്റ് മതങ്ങളെയും സംസ്‌കാരങ്ങളെയും കടന്നാക്രമിച്ച് അവയൊക്കെ നിര്‍ബന്ധിതമായി തങ്ങളുടേതാക്കുന്ന പാശ്ചാത്യ-ഇസ്ലാമിക സാമ്രാജ്യത്വ ലോകങ്ങള്‍ക്കിടയില്‍ സര്‍വ്വാശ്ലേഷിയും സര്‍വ്വധര്‍മ്മ സമഭാവന ഉള്‍ക്കൊള്ളുന്നതുമായ ഹിന്ദു സാമ്രാജ്യ സങ്കല്‍പം അങ്ങനെ പ്രഖ്യാപിതമായി.
ഇന്നും ഈ സങ്കല്‍പം പ്രസക്തമാണ്. ഹിന്ദു രാഷ്ട്രം ഹിന്ദു സാമ്രാജ്യം എന്നു കേട്ടാല്‍ ഹാലിളകുന്ന അഭിനവ ജസ്വന്ത് സിംഗുമാര്‍ക്കും മിര്‍സാ രാജാ ജയ്‌സിംഗുമാര്‍ക്കും ഇടയില്‍ പകച്ചുനില്‍ക്കുന്ന ഒരു ജനതയല്ല ഇന്നത്തെ ഭാരതത്തിലേത്. മറിച്ച് ഹിന്ദു എന്നു പറയാനുള്ള മടിയും ലജ്ജയും ഒക്കെ മാറ്റിവച്ച് ഹിന്ദു സാമ്രാജ്യ പുനഃസ്ഥാപനത്തിന്റെ ആനന്ദവും അഭിമാനവും പങ്കിടുന്ന ചൈതന്യവത്തായ ഒരു സമൂഹമായി നാം മാറിക്കഴിഞ്ഞിരിക്കുന്നു. അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണമായാലും കോവിഡുകാലത്ത്‌ലോകത്തിനു മുഴുവന്‍ വാക്‌സിന്‍ വിതരണം ചെയ്ത പ്രവര്‍ത്തനമായാലും ശത്രുരാജ്യങ്ങളെയും ഇസ്ലാമിക ഭീകരവാദികളെയും നേരിടുന്ന കാര്യത്തിലായാലും ചാന്ദ്രയാന്‍ പോലുള്ള സ്വാശ്രയ-സ്വാവലംബിത പദ്ധതികളുടെ കാര്യത്തിലായാലും സൈനിക ശക്തിയുടെ കാര്യത്തിലായാലും ഹൈന്ദവ സാമ്രാജ്യമെന്ന ഉത്കൃഷ്ട ചിന്താധാരയുടെ ആനന്ദം നുകരുന്നവരാണ് നാം. പക്ഷെ കേവലമായ രാഷ്ട്രീയാധികാരമോ സുസജ്ജമായ സൈന്യമോ കൊണ്ടു മാത്രം നമുക്ക് സാമ്രാജ്യം പടുത്തുയര്‍ത്താനാവില്ല. മറിച്ച് ഗ്രാമഗ്രാമാന്തരങ്ങളില്‍ വരെ വസിക്കുന്ന ഗിരികന്ദരങ്ങളിലും വനാന്തരങ്ങളിലും നഗരചത്വരങ്ങളിലും ജീവിക്കുന്ന അവസാനത്തെ ഭാരത നിവാസിയില്‍ വരെ ജ്വലിക്കുന്ന രാഷ്ട്രബോധത്തിന്റെ ആശയ ദീപങ്ങള്‍ കൊളുത്തിയാല്‍ മാത്രമേ അത് സാധിക്കൂ. അതിനായി വ്യക്തിനിര്‍മ്മാണമെന്ന സമഗ്ര രാഷ്ട്ര നിര്‍മ്മാണ പ്രക്രിയയുടെ നൈരന്തര്യം ഉറപ്പിച്ചുകൊണ്ട്‌നമുക്ക് മുന്നോട്ട് പോവേണ്ടതുണ്ട്. അതിന് ഹിന്ദു ഹൃദയ സാമ്രാട്ടായ ഛത്രപതി ശിവാജിയുടെ സ്മരണകള്‍ ഓരോ ഭാരതീയനിലും പടര്‍ത്തേണ്ടതുണ്ട്.