”ഗുരുവായൂരേകാദശി തൊഴുവാന്‍ പോകുമ്പോള്‍
വഴികാട്ടുക വഴികാട്ടുക നാരായണനാമ”മെന്നു പാടുന്ന ഭക്തനെ ഭഗവാന്‍ തന്റെ തിരുനടയില്‍ എത്തിക്കുമെന്നതിനു തെളിവാണ് എസ്. രമേശന്‍ നായരുടെ ഗാനങ്ങളെല്ലാം തന്നെ.
”കായാം പൂക്കളോടിടയും തിരുമെയ്
കണികാണേണം കൃഷ്ണ ഹരേ” എന്ന ഗാനത്തില്‍ എല്ലാ മനുഷ്യനിലും ഭഗവാനുണ്ട്, എന്നതിനു തെളിവായി ”അഖില ചരാചര മനസ്സേ” എന്നൊരു പ്രയോഗമുണ്ട്. എന്നാല്‍ ഒരു ഭക്തകവിയില്‍ മാത്രം, ഭക്തിഗാനങ്ങളില്‍ മാത്രം അഭിരമിച്ച മനസ്സെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുക വയ്യ. അതിനു തെളിവാണ് എഴുന്നൂറോളം വരുന്ന സിനിമാഗാനങ്ങള്‍. ‘പൂമുഖവാതില്‍ക്കല്‍ സ്‌നേഹം വിടര്‍ത്തുന്ന ഭാര്യയും’ ആ തൂലികയില്‍ നിന്ന് പിറന്നു. ‘ദേവസംഗീതം നീയല്ലേ’, ‘വനശ്രീ മുഖം നോക്കി…….’ എന്നീ ഗാനങ്ങളെല്ലാം തന്നെ സൂപ്പര്‍ഹിറ്റുകളാണ്.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി കേരളക്കരയാകെ എന്നല്ല, മലയാളി എവിടെയുണ്ടോ അവിടമാകെ ഭക്തിയുടെ വാകച്ചാര്‍ത്തൊരുക്കിയ കവനവൈഭവം വൈകുണ്ഠത്തിലേക്കു തിരിച്ചുപോയിട്ട് മൂന്നു വര്‍ഷം തികയുന്നു. നമ്മുടെ ഉഷസ്സുകളെയും സന്ധ്യകളെയും വിശുദ്ധവും അത്രമേല്‍ ആര്‍ദ്രവുമാക്കുന്ന ഭക്തിഗാനങ്ങളിലെന്നും മുന്‍പന്തിയില്‍ നില്‍ക്കുന്നത് എസ്. രമേശന്‍നായരുടെ ഗാനങ്ങളാണ്. വൈകുണ്ഠവാസന്റെ ദിവ്യാനുഗ്രഹം മേല്പുത്തൂരിനെപ്പോലെ, പൂന്താനത്തെപ്പോലെ, മങ്ങാട്ടച്ചനെപ്പോലെ, ചെമ്പൈയെപ്പോലെ ഈ ഭക്തകവിയ്ക്കും ചൊരിഞ്ഞുകിട്ടിയിരുന്നു.
”ഗുരുവായൂരൊരു മഥുര
എഴുതിയാല്‍ തീരാത്ത കവിത
ഒഴുകാതൊഴുകുന്ന യമുന,
ഭക്ത- ഹൃദയങ്ങളില്‍ സ്വര്‍ണ്ണ ദ്വാരക…..”, ഒരുനേരമെങ്കിലും…, ഗുരുവായൂരേകാദശി തൊഴുവാന്‍ പോകുമ്പോള്‍ …., അണ്ഡകടാഹങ്ങള്‍ ചിറകടിച്ചുയരുന്നു….., രാധതന്‍ പ്രേമത്തോടാണോ…., ആയിരം നാവുള്ളൊരനന്തതേ…….., ഗുരുവായൂരപ്പന്റെ പവിഴാധരം മുത്തും…. തുടങ്ങി ഭക്തഹൃദയങ്ങള്‍ നിര്‍വൃതിയിലാറാടുന്ന മനോഹരഗാനങ്ങള്‍ കൊണ്ട് എസ്. രമേശന്‍ നായര്‍ എന്ന പ്രതിഭ മലയാളി മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. മലയാളസാഹിത്യത്തില്‍ ഭക്തിഗാനശാഖ എന്നൊരു പ്രസ്ഥാനംതന്നെ രൂപപ്പെട്ടതില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ അദ്വിതീയമാണ്. രണ്ടായിരത്തിലേറെ കര്‍ണ്ണപുളകിതങ്ങളും ഭക്തിപ്രഹര്‍ഷങ്ങളുമായ ഗാനങ്ങള്‍ ആ അനശ്വരതൂലികയില്‍ നിന്ന് പെയ്തിറങ്ങി. അതില്‍പാതിയോളവും കൃഷ്ണഭക്തിഗാനങ്ങളാണ്.
ശതാഭിഷേകം, വികടവൃത്തം തുടങ്ങിയ നാടകങ്ങളും ജീവചരിത്രങ്ങളും ചിലപ്പതികാരം, തിരുക്കുറള്‍ എന്നിവയുടെ വിവര്‍ത്തനങ്ങളും, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ‘ഗുരുപൗര്‍ണ്ണമി’ എന്ന കാവ്യ സമാഹാരവും ‘സരയൂതീരം’, ‘അഗ്രേ പശ്യാമി’ എന്നീ കവിതാസമാഹാരങ്ങളും മലയാള സാഹിത്യത്തിനു നല്കിയ അനുഗൃഹീത സംഭാവനയാണ്. എഴുത്ത് അദ്ദേഹത്തിനു മിത്രങ്ങളെപ്പോലെ ശത്രുക്കളെയും നേടിക്കൊടുത്തു. അതുനിമിത്തം ജോലിയില്‍ സ്ഥാന ചലനങ്ങള്‍ ഉണ്ടാക്കി.
അദ്ദേഹമെഴുതി ആകാശവാണിയില്‍ പ്രക്ഷേപണം ചെയ്ത ‘കിട്ടുമ്മാവനും കിങ്ങിണിക്കുട്ടനും’, എന്ന പരിപാടിയും ‘ശതാഭിഷേക’മെന്ന നാടകവും രാഷ്ട്രീയ ശത്രുക്കളെ നേടിക്കൊടുത്തതിന്റെ ഫലമായിട്ടാണ് ആകാശവാണിയിലെ ജോലിയില്‍ നിന്നും മുന്‍കൂര്‍ വിരമിയ്ക്കല്‍ സ്വയം സ്വീകരിച്ച് തന്റെ സാമ്രാജ്യമായ കാവ്യസപര്യയുടെ ലോകത്തു പൂര്‍ണ്ണമായി മുഴുകിയത്. അക്ഷരങ്ങളുടെ അക്ഷയ പ്രതിഭയെ ഗാനഗന്ധര്‍വന്‍ വിശേഷിപ്പിച്ചതിങ്ങനെയാണ്: ‘തനിയ്ക്ക് പാട്ടും, രമേശന്‍ നായര്‍ക്ക് അക്ഷരവും വാഗ്‌ദേവതയുടെ കടാക്ഷമാണ്!’
തൃശ്ശൂര്‍ നിലയത്തില്‍ ജോലിചെയ്യുന്ന കാലത്തു പ്രക്ഷേപണം ചെയ്യുന്നതിനായി കുറെ ഗാനങ്ങള്‍ സ്വന്തമായി രചിക്കേണ്ടിവന്നു. ആകാശവാണിയിലെ സംഗീതവിഭാഗം സഹപ്രവര്‍ത്തകനായിരുന്ന പി.കെ. കേശവന്‍ നമ്പൂതിരി അവയ്ക്ക് ഈണം പകര്‍ന്നു. അദ്ദേഹത്തിന്റെ സുഹൃത്തായിരുന്ന പ്രസിദ്ധ ഗായകന്‍ പി.ജയചന്ദ്രന്‍ ഈ ഗാനങ്ങളെല്ലാം കാസറ്റ് ആക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. പാട്ടു റെക്കോര്‍ഡിങ്ങിനുള്ള തയ്യാറെടുപ്പുമായി മദ്രാസില്‍ എത്തിയെങ്കിലും ചില ചെറിയ സാങ്കേതിക തടസ്സങ്ങളാല്‍ പറഞ്ഞ ദിവസങ്ങളിലൊന്നും അതിന്റെ റെക്കോഡിങ് തുടങ്ങാന്‍ കഴിഞ്ഞില്ല. ഇത് തനിയ്ക്ക് മനഃപ്രയാസമുണ്ടാക്കിയെന്ന് അദ്ദേഹം ഒരിക്കല്‍ പറയുകയുണ്ടായി. ‘അപ്പോള്‍ എന്റെ മനസ്സില്‍ ഒരു ചിന്ത വന്നു.
ഞാനെഴുതിയ ഈ പാട്ടുകളിലൊന്നും ആദ്യം സ്തുതിക്കേണ്ടയാളെ പരാമര്‍ശിച്ചിട്ടില്ലല്ലോ! വിഘ്‌നേശ്വരനെ വണങ്ങാതെ ഒരുകാര്യംപാടില്ലെന്നല്ലേ. ഇത് അദ്ദേഹത്തിന്റെ പണിയായിരിക്കും. എന്നാല്‍ ”ഗണപതിയ്ക്ക് വെച്ചുതന്നെ തുടങ്ങാം” എന്ന് ഞാന്‍ തീരുമാനിച്ചു. അങ്ങനെ ഗണപതി ഭഗവാനെ മനസാ സ്മരിച്ച് –
”വിഘ്‌നേശ്വരാ, ജന്മനാളികേരം നിന്റെ
തൃക്കാല്‍ക്കല്‍ ഉടയ്ക്കുവാന്‍ വന്നു.
തുമ്പിയും കൊമ്പും കൊണ്ടടിയന്റെ മാര്‍ഗ്ഗം
തമ്പുരാനെ തടയല്ലേ……” എന്ന് യാചിച്ചു.
അതു ഭഗവാന്‍ കേട്ടു. അതോടെ വിഘ്‌നങ്ങള്‍ എല്ലാം ഒന്നോടെ നീങ്ങി. അടുത്ത് നിശ്ചയിച്ച തീയതിയിലേക്കു റെക്കോഡിങ് ഭംഗിയായി നടന്നു.’ പിന്നീടങ്ങോട്ട് ഭക്തിഗാനങ്ങളുടെ പെരുമഴതന്നെ പിറന്നു. ഗാനവസന്തം എന്നുതന്നെ അക്കാലത്തെ വിശേഷിപ്പിക്കാം.
മലയാളിയുടെ മനസ്സില്‍ ഭക്തിയുടെ കതിര്‍മഴ പെയ്യിച്ച നീലമേഘം പെയ്‌തൊഴിഞ്ഞു. ഒരഭിമുഖത്തില്‍ അദ്ദേഹം പാതികാര്യവും, പകുതി കളിയുമായി ഇപ്രകാരം പറഞ്ഞു. ‘ഞാന്‍ ഗുരുവായൂരപ്പന്റെ ഗുമസ്തനാണ്. ഞങ്ങള്‍ വലിയ അടുപ്പത്തിലാണ്. എന്നെക്കൊണ്ട് ഈവരികളെല്ലാം അവിടുന്നാണ് എഴുതിക്കുന്നത്. എഴുതാനിരിക്കുമ്പോള്‍ ഞങ്ങള്‍ തമ്മില്‍ ഒരു കരാറുണ്ട്. ഞാന്‍ പറയും: ‘ഭഗവാനെ, എന്റെ കൈപിടിച്ച് എല്ലാം ഗംഭീരമാക്കാന്‍. എഴുത്തു മോശമായാല്‍ ചീത്തപ്പേര് അങ്ങേയ്ക്കും കൂടിയാണ്’ എന്ന്. എന്നിട്ടു തൊഴുത് എഴുതാന്‍ തുടങ്ങും. അന്ന് ഉറക്കത്തില്‍ ചിരിതൂകി നില്‍ക്കുന്ന ഭഗവാന്റെ മുഖം കാണാന്‍ കഴിയും. പിന്നെ വരികള്‍ മഴയായ് പൊഴിയും.’
1981-ല്‍ പുറത്തിറങ്ങിയ ‘പുഷ്പ്പാഞ്ജലി’ യാണ്, അദ്ദേഹത്തിന്റെ ആദ്യത്തെ ഭക്തിഗാനസമാഹാരം. അത് മലയാളക്കര ഒന്നോടെ ഏറ്റെടുത്തു. തന്റെ ഭക്തിഗാന രചനാരംഗത്തെ അരങ്ങേറ്റത്തെക്കുറിച്ച് അദ്ദേഹം കൃത്യമായി പറഞ്ഞിട്ടുണ്ട്. ആകാശവാണിയിലെ ഉദ്യോഗമാണ് തന്നെ ഒരു ഭക്തിഗാനരചയിതാവാക്കിയതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
തന്റെ വെള്ളയമ്പലത്തെ താമസക്കാലം അദ്ദേഹം ഓര്‍ത്തെടുത്തത് ഇങ്ങനെയാണ്. ‘മലയാളികള്‍ക്ക് എക്കാലവും പ്രിയങ്കരമായ ”മയില്‍പ്പീലി”എന്ന കാസെറ്റിലെ എല്ലാ ഗാനങ്ങളും ഒരൊറ്റ രാത്രികൊണ്ട് എഴുതിത്തീര്‍ത്തതാണ്. അതൊരു ദൈവാധീനമുള്ള രാത്രിയായിരുന്നു. ഭഗവാന്‍ അവിടെ നിറഞ്ഞു നിന്നിരുന്നുവെന്നേ പറയാനാവൂ! മനസ്സിലേക്കു മഴപോലെ നല്ല വരികള്‍ ഒഴുകി വന്നു. ഞാന്‍ അത് ഉറക്കെ പാടി.അനശ്വര ഗായകരായ ജയവിജയന്മാരില്‍ ജയന്‍ചേട്ടന്‍ എന്നോടൊപ്പമുണ്ടായിരുന്നു. അദ്ദേഹം അതെല്ലാം പെട്ടെന്നു കേട്ട് എഴുതി. അതിനെല്ലാം വളരെ മനോഹരമായി ഈണം പകര്‍ന്നു. അതില്‍ ‘ഗുരുവായൂരൊരു മഥുര, എഴുതിയാല്‍ തീരാത്ത കവിത’ എന്ന ഗാനംകേള്‍ക്കുന്ന ഓരോ ഭക്തന്റെയും മനസ്സ് ‘സ്വര്‍ണ്ണ ദ്വാരക’തന്നെയായി മാറുമെന്ന് നിസ്സംശയം പറയാം.’
അതെല്ലാം തന്നെ പകരംവെക്കാന്‍ കഴിയാത്തവയാണ്. യദുകുല സ്ത്രീകളെപ്പോലെയാണ് ഭഗവാന്റെ തിരുനടയ്ക്കിരുവശവുമുള്ള ദീപങ്ങളെന്നും മണികിലുക്കി നടക്കുന്ന അമ്പാടിപൈക്കളെപോലെയാണ് മണിയൊച്ച മുഴങ്ങുന്ന കണ്ണന്റെ ക്ഷേത്രമെന്നും ആ അമ്പാടി പയ്യിന്റെ അകിടില്‍ നിന്നൂറുന്ന മോക്ഷപ്പാലിനായി തന്റെ ആത്മാവ് ദാഹിക്കുന്നുവെന്നും മറ്റാര്‍ക്കാണ് എഴുതാന്‍ സാധിക്കുന്നത്?
എഴുതിയാല്‍ തീരാത്ത കവിതപോലെ ആ ഗാനങ്ങളും എത്ര കേട്ടാലും കൊതിതീരില്ല. അദ്ദേഹത്തിന്റെ ‘അമ്പാടിതന്നിലൊരുണ്ണി തിരുവമ്പാടിക്കണ്ണനാമുണ്ണി’ എന്ന ഗാനത്തിലെ ബിംബകല്പനകള്‍. ഗാനം വെറുമൊരു ഗാനതലംവിട്ടു കവിതയുടെ ശാദ്വലബിംബാവലികളെ പുണരുകയാണ്.
ചരിത്രപുരുഷനായ ഗുരുദേവനെ ആത്മീയമായി അറിയുവാനും അനുഗ്രഹപൂര്‍ണ്ണമായി പഠിക്കുവാനുമുള്ള അദമ്യമായ ആഗ്രഹത്തില്‍ നിന്നും രൂപം കൊണ്ട ‘ഗുരുപൗര്‍ണ്ണമി’ അനുവാചകലോകത്തിനു ലഭിച്ച ഒരനുഗ്രഹം തന്നെയാണ്. രചയിതാവിനെ സംബന്ധിച്ചിടത്തോളം ആത്മസാക്ഷാത്കാരവും.
കഥാകാരിയായ ഭാര്യ രമയും സംഗീത സംവിധായകനായ മകന്‍ മനുവും സംഗീതജ്ഞയായ മരുമകള്‍ ഉമയും ചേര്‍ന്നപ്പോള്‍ ആ കുടുംബം പത്തരമാറ്റ് തങ്കമായി. അടുത്തിടെ മരുമകളുടെ അകാല വിയോഗം മരണത്തിനു മുമ്പ് അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നു.
ഭഗവാനെ സംഗീതവാകച്ചാര്‍ത്തണിയിച്ച് അക്ഷരവനമാല നേദിച്ച ആ മഹാപ്രതിഭ തീര്‍ച്ചയായും ഭഗവത്പാദങ്ങളില്‍ തന്നെയാവണം വിലയം പ്രാപിച്ചത്. ‘അഗ്രേ പശ്യാമി’……. അതെ; അത് അങ്ങനെതന്നെയാണ്.
മലയാളിയുടെ മനസ്സില്‍ ഭക്തിയുടെ കതിര്‍മഴ പെയ്യിച്ച ആ നീലമേഘം പെയ്‌തൊഴിഞ്ഞു. പക്ഷെ, ആ രചനാവൈഭവത്തിനു മുന്നില്‍ ഏത് അനുവാചകനും ആസ്വാദനോല്‍സുകനാകുമെന്നതുപോലെ, ആ ആത്മസിദ്ധിക്കുമുന്നില്‍ ഏതു ഭക്തഹൃദയവും നമിച്ചുപോകും!