ലോക്സഭാ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനുള്ള കോണ്‍ഗ്രസിന്റെ പരിഹാസ്യമായ ശ്രമങ്ങള്‍ക്കാണ് അടുത്തിടെ രാജ്യം സാക്ഷ്യം വഹിച്ചത്. വോട്ടെണ്ണലിന്റെ തൊട്ടുതലേദിവസങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ വ്യാജ പ്രചാരണങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു. ബിജെപി വലിയ വിജയം നേടിയാല്‍ വോട്ടിംഗ് യന്ത്രത്തെയും വിവിപാറ്റിനെയും വോട്ടെണ്ണല്‍ ക്രമീകരണങ്ങളെയും ലക്ഷ്യമിട്ട് രാജ്യവ്യാപക കലാപത്തിനായിരുന്നു കോണ്‍ഗ്രസിന്റെ ശ്രമം. എന്നാല്‍ ഫലം വന്നപ്പോള്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തിന് സീറ്റുകള്‍ വര്‍ദ്ധിച്ചതോടെ നാളുകളായി നടത്തിയ വ്യാജ പ്രചാരണങ്ങള്‍ വിഴുങ്ങേണ്ട ഗതികേടിലായി കോണ്‍ഗ്രസ് നേതാക്കള്‍. ബിജെപി 300ന് മുകളില്‍ സീറ്റുകളിലേക്ക് പോയാല്‍ ഇവിഎമ്മുകളെ ലക്ഷ്യമിട്ട് രാജ്യവ്യാപക പ്രതിഷേധത്തിനായി കോണ്‍ഗ്രസ് പദ്ധതി തയ്യാറാക്കിയിരുന്നു. ഫലം വന്നതിന് ശേഷം പഴയ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ എന്‍ഡിഎ എംപിമാരെ അഭിസംബോധന ചെയ്തു സംസാരിക്കവേ പ്രധാനമന്ത്രി മോദി ചോദിച്ചത് ഇപ്പോള്‍ വോട്ടിംഗ് യന്ത്രം നല്ലതാണോ എന്ന് പ്രതിപക്ഷം പറയണമെന്നായിരുന്നു. രാജ്യത്തെ സുപ്രീംകോടതിയും മാധ്യമങ്ങളും കേന്ദ്രീകരിച്ച് സംഘടിതമായി പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ നീക്കം സമാനതകളില്ലാത്തതായിരുന്നു. രാജ്യത്തെ ഓരോ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും സംഘര്‍ഷത്തിനുള്ള തയ്യാറെടുപ്പുകള്‍ കോണ്‍ഗ്രസും പ്രതിപക്ഷവും നടത്തി. എന്നാല്‍ പ്രതിപക്ഷത്തിന് കൂടി ചെറിയ തോതില്‍ അനുകൂലമായ ഫലം പുറത്തുവന്നു തുടങ്ങിയതോടെ മാസങ്ങളായി നടത്തിയ കള്ളപ്രചാരണങ്ങള്‍ അവര്‍ അവസാനിപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന് ഇപ്പോള്‍ വിശ്വാസ്യതയുണ്ടോ എന്ന ചോദ്യത്തിന് മൗനമാണ് മിക്ക പ്രതിപക്ഷ നേതാക്കളുടേയും മറുപടിയെന്നതും ശ്രദ്ധേയമായി.
പ്രതിപക്ഷത്തിന്റെ നീക്കം
തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസര്‍മാരായ 150 ജില്ലാ കളക്ടര്‍മാരെ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചെന്ന ആരോപണവുമായി വോട്ടെടുപ്പിന് രണ്ടു ദിവസം മാത്രമുള്ളപ്പോഴാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് രംഗത്തെത്തിയത്. എന്നാല്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും ആരോപണത്തിന് തെളിവ് നല്‍കാതെ ഒഴിഞ്ഞുമാറിയ ജയറാം രമേശിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനും കര്‍ശന നിലപാടെടുത്തു. ആരോപണത്തെപ്പറ്റി കൃത്യമായ തെളിവുകള്‍ കമ്മീഷന് നല്‍കണമെന്നും ഇല്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാവുമെന്നും കമ്മീഷന്‍ അറിയിച്ചു.
തെളിവ് നല്‍കാന്‍ ഒരാഴ്ച സമയം വേണമെന്ന ജയറാം രമേശിന്റെ ആവശ്യം കമ്മീഷന്‍ തള്ളിക്കളഞ്ഞെങ്കിലും കോണ്‍ഗ്രസ് നേതാവിനെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കാത്തത് കമ്മീഷന്റെ വീഴ്ചയാണ്. ഈ സമീപനമാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ വീണ്ടും വീണ്ടും ആക്രമിക്കാന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിക്കുന്നതും.
സ്ഥാനാര്‍ത്ഥികളുടെ കൗണ്ടിംഗ് ഏജന്റുമാരെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരുടെ മേശയ്ക്കടുത്ത് നിര്‍ത്താന്‍ സമ്മതിക്കുന്നില്ലെന്ന മറ്റൊരു ആരോപണവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജയ് മാക്കനും രംഗത്തെത്തിയിരുന്നു. വോട്ടിംഗ് യന്ത്രത്തിലെ കൃത്രിമത്തേക്കാള്‍ വലിയ സംഭവമാണിതെന്നും എല്ലാ പ്രതിപക്ഷ സ്ഥാനാര്‍ത്ഥികളും ശ്രദ്ധിക്കണമെന്നുമായിരുന്നു മാക്കന്റെ ആഹ്വാനം. സ്ഥാനാര്‍ത്ഥികളുടെ കൗണ്ടിംഗ് ഏജന്റുമാരെ റിട്ടേണിംഗ് ഓഫീസര്‍മാരുടേയും അസിസ്റ്റന്റ്് റിട്ടേണിംഗ് ഓഫീസര്‍മാരുടേയും മേശയ്ക്കടുത്ത് അനുവദനീയമാണെന്ന്് ദല്‍ഹിയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ മാക്കന് മറുപടി നല്‍കിയതോടെയാണ് ആ വിവാദം അവസാനിച്ചത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ ജാഗ്രത കാണിക്കണം, വിവിപാറ്റുകള്‍ തുറക്കുമ്പോള്‍ ശ്രദ്ധിക്കണം, ഇവിഎമ്മുകള്‍ തുറക്കുന്നത് ശ്രദ്ധിക്കണം, ഓരോ റൗണ്ടിലേയും വോട്ടുകള്‍ കൃത്യമാണോയെന്ന് ഉറപ്പാക്കണം തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി നല്‍കി. ഇവയെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥാനാര്‍ത്ഥികള്‍ക്കും കൗണ്ടിംഗ് ഏജന്റുമാര്‍ക്കും നല്‍കിയ നിര്‍ദ്ദേശങ്ങള്‍ തന്നെയായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. മനപ്പൂര്‍വ്വം ആളുകളില്‍ സംശയങ്ങള്‍ ജനിപ്പിക്കാനുള്ള പ്രതിപക്ഷത്തിന്റെ ബോധപൂര്‍വ്വമായ നീക്കം മാത്രമായിരുന്നു ഇതെല്ലാം.
ശക്തമായ താക്കീതുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍
രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത തകര്‍ത്ത് ജനങ്ങളില്‍ സംശയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നതായി കുറ്റപ്പെടുത്തി കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തി. വോട്ടെടുപ്പിന്റെ തൊട്ടു തലേന്ന് നടത്തിയ അസാധാരണ വാര്‍ത്താ സമ്മേളനത്തിലാണ് വലിയ തോതിലുള്ള അട്ടിമറി ശ്രമങ്ങളെ കമ്മീഷന്‍ തുറന്നുകാട്ടിയത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയെ തകര്‍ക്കാന്‍ രാജ്യത്തിന് പുറത്തുനിന്നുള്ള ശ്രമങ്ങളുണ്ടാവുമെന്നാണ് കരുതിയതെന്നും എന്നാല്‍ രാജ്യത്തിനകത്തുനിന്നും തന്നെയാണ് അതുണ്ടായതെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തുകയും ചെയ്തു. നമ്മുടെ തന്നെ ആളുകള്‍ തിരഞ്ഞെടുപ്പ് തകര്‍ക്കാന്‍ ശ്രമിക്കുന്നത് തിരിച്ചറിയാതെ പോയത് കമ്മീഷന്റെ വീഴ്ചയാണെന്നായിരുന്നു രാജീവ് കുമാറിന്റെ വാക്കുകള്‍.
”ഏഴുപത് ലക്ഷം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ കൃത്രിമത്വം കാണിക്കുന്നുവെന്ന ആരോപണം മനപ്പൂര്‍വ്വം സൃഷ്ടിക്കുന്നതാണെന്ന് വ്യക്തമാണ്. 150 റിട്ടേണിംഗ് ഓഫീസര്‍മാരെ കേന്ദ്രആഭ്യന്തരമന്ത്രി വിളിച്ചെന്ന ആരോപണം വ്യാജമാണ്. ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും ആരോപണം ഉന്നയിച്ചവര്‍ക്ക് തെളിവ് നല്‍കാന്‍ സാധിച്ചിട്ടില്ല. ആരെങ്കിലും അത്തരത്തില്‍ സ്വാധീനത്തിന് വിധേയമായാല്‍ അവരെ ശിക്ഷിക്കേണ്ടതുണ്ട്. എന്നാല്‍ ആരോപണം ഉന്നയിച്ചവര്‍ ഒഴിഞ്ഞുമാറുകയാണ്. വോട്ടിംഗ് നടക്കുന്നതും വോട്ടിംഗ് പൂര്‍ത്തിയായി ഇവിഎമ്മുകളും വിവിപാറ്റുകളും സീല്‍ ചെയ്യുന്നതും അവ സ്റ്റോര്‍ റൂമുകളിലേക്ക് മാറ്റുന്നതും സുരക്ഷാ ഉദ്യോഗസ്ഥരുടേയും പോളിംഗ് ഉദ്യോഗസ്ഥരുടേയും വിവിധ സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാരുടേയും സാന്നിധ്യത്തിലാണ്. ഇവിഎമ്മുകള്‍ സൂക്ഷിച്ചിരിക്കുന്നത് മൂന്നുഘട്ട സുരക്ഷയിലാണ്. പുറമേ സിസിടിവി നിരീക്ഷണവുമുണ്ട്. കൗണ്ടിംഗ് ദിനത്തില്‍ ഇവിഎമ്മുകളും വിവിപാറ്റുകളും അടക്കം സീല്‍ മാറ്റി തുറക്കുന്നതും വിവിധ സ്ഥാനാര്‍ത്ഥികളുടെയും ഏജന്റുമാരുടേയും സാന്നിധ്യത്തിലാണ്. കൗണ്ടിംഗ് അടക്കമുള്ള പ്രക്രിയയില്‍ പാലിക്കേണ്ട കാര്യങ്ങളെപ്പറ്റി നിരവധി തവണയായി കമ്മീഷന്‍ പാര്‍ട്ടികള്‍ക്ക് കൈമാറിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കമ്മീഷനെതിരെ ചിലര്‍ ഉപയോഗിക്കുകയാണ്. അതേ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അവരുടേതായി പ്രസിദ്ധീകരിച്ച് കമ്മീഷനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു. റിട്ടേണിംഗ് ഓഫീസര്‍മാരുടെ മേശയ്ക്ക് സമീപം കൗണ്ടിംഗ് ഏജന്റുമാരെ നിര്‍ത്താന്‍ അനുവദിക്കുന്നില്ലെന്ന ആരോപണം കൗണ്ടിംഗിന്റെ ദിവസങ്ങള്‍ക്ക് മുമ്പ് ഉന്നയിക്കുന്നു. റിട്ടേണിംഗ് ഓഫീസര്‍മാരുടെ സമീപത്ത് തന്നെ സ്ഥാനാര്‍ത്ഥികളുടെ കൗണ്ടിംഗ് ഏജന്റുമാര്‍ അനുവദനീയമാണെന്നാണ് കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിലുള്ളത് എന്നിരിക്കെയാണ് പ്രചാരണം. വോട്ടേഴ്‌സ് ലിസ്റ്റ് തെറ്റാണെന്ന് വ്യാപക പ്രചാരണം രാജ്യമെങ്ങും സംഘടിതമായി നടന്നു. ഇവിഎമ്മിനെതിരെയും വിവിപാറ്റിനെതിരെയും കോടതികള്‍ കേന്ദ്രീകരിച്ച് നടന്ന നീക്കങ്ങള്‍ സംശയാസ്പദമാണ്. 2019ലും 2024ലും ആദ്യഘട്ട വോട്ടെടുപ്പിന്റെ കൃത്യം നാലു ദിവസം മുമ്പാണ് ഹര്‍ജികള്‍ സുപ്രീംകോടതിയിലെത്തിയത്. ജനങ്ങളില്‍ സംശയം ജനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കങ്ങള്‍. തിരഞ്ഞെടുപ്പ് പ്രക്രിയയ്‌ക്കെതിരെ ദുരൂഹമായ പ്രചാരണങ്ങളാണ് വ്യാപകമായി നടന്നത്. ”
വോട്ടിംഗ് യന്ത്രം ജീവനോടെയുണ്ടോ? പ്രതിപക്ഷത്തെ പരിഹസിച്ച് മോദി
ജൂണ്‍ നാലിന് തിരഞ്ഞെടുപ്പ് ഫലമറിഞ്ഞപ്പോള്‍ ആദ്യം അന്വേഷിച്ചത് വോട്ടിംഗ് യന്ത്രങ്ങള്‍ ജീവനോടെ ഉണ്ടോ ഇല്ലയോ എന്നായിരുന്നുവെന്ന പരിഹാസവുമായി പ്രതിപക്ഷത്തെ ശക്തമായ ഭാഷയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിമര്‍ശിച്ചത്. തിരഞ്ഞെടുപ്പ് സംവിധാനത്തെ കുറ്റം പറയാന്‍ പ്രതിപക്ഷം തയ്യാറായി ഇരിക്കുകയായിരുന്നുവെന്നും എന്നാല്‍ ഭാരതത്തിന്റെ നിഷ്പക്ഷതയുടെ ശക്തിയാണ് തിരഞ്ഞെടുപ്പ് ഫലം കാണിച്ചതെന്നും മോദി എന്‍ഡിഎ എംപിമാരുടെ യോഗത്തില്‍ അദ്ദേഹം പറഞ്ഞു. ഫലം വന്നതോടെ പ്രതിപക്ഷം നിശബ്ദരായെന്നും മോദി പറഞ്ഞു. തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ സുപ്രീംകോടതിയുടെ വാതിലില്‍ ഒരേ സംഘം നിരന്തരം ഹര്‍ജികളുമായെത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വലിയൊരു ശ്രദ്ധ കോടതിയിലേക്ക് പോകേണ്ടിവന്നു. ഇവിഎമ്മിനെ കുറ്റംപറയുന്നത് പഴയ തലമുറയുടെ ചിന്താഗതിയാണ്. ആധാറിനെതിരെയും പലവട്ടമാണ് ഇവര്‍ കോടതിയിലെത്തിയത്. സാങ്കേതികവിദ്യകളുടെ വിരോധികളാണവര്‍. രാജ്യത്ത് ജനാധിപത്യം അപകടത്തിലാണെന്ന് പ്രചരിപ്പിച്ചു. ജനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ അവിശ്വാസം ജനിപ്പിക്കാന്‍ അവര്‍ ശ്രമിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ ലോകത്തിന്റെയാകെ ശ്രദ്ധ ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങള്‍ക്ക് ലഭിച്ചുവെന്നും നരേന്ദ്രമോദി വ്യക്തമാക്കി.
തിരഞ്ഞെടുപ്പില്‍ ജയവും പരാജയവുമുണ്ടാവുമെന്നും എന്നാല്‍ തോറ്റുകഴിഞ്ഞാല്‍ ജനാധിപത്യ സംവിധാനങ്ങളെ ചോദ്യം ചെയ്യുന്നത് മാന്യതയല്ലെന്നുമായിരുന്നു വോട്ടെണ്ണലിന്റെ തലേദിവസത്തെ ബിജെപി യുടെ പ്രതികരണം. തെലങ്കാനയിലും കര്‍ണ്ണാടകയിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശരിയായി പ്രവര്‍ത്തിക്കുകയും രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗട്ടിലും കൃത്രിമത്വം കാണിക്കുന്നുവെന്നും ആരോപിക്കുന്നത് ശരിയല്ല. ഹിമാചല്‍ പ്രദേശിലും ദല്‍ഹിയിലും പഞ്ചാബിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഉത്തരാഖണ്ഡിലും ഉത്തര്‍പ്രദേശിലും ഹരിയാനയിലും കമ്മീഷന്‍ തെറ്റായി പ്രവര്‍ത്തിക്കുന്നു എന്ന തരത്തില്‍ പറയുന്നത് എന്തു തരം നിലപാടാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി 150 ജില്ലാ കളക്ടര്‍മാരെ വിളിച്ചെന്ന പ്രതിപക്ഷ ആരോപണം പച്ചക്കള്ളമാണ്. തിരഞ്ഞെടുപ്പ് പരാജയങ്ങള്‍ പ്രതിപക്ഷത്തിന്റെ മനസ്സില്‍ തീരാപ്പക സൃഷ്ടിക്കുകയാണെന്നും ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു.