നിയമലംഘനങ്ങള്‍ തങ്ങളുടെ അവകാശമാണെന്ന് കരുതുകയും, അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് നെഹ്‌റു കുടുംബക്കാര്‍. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പിതാവ് മോട്ടിലാല്‍ നെഹ്‌റുവിന്റെ കാലം മുതല്‍ തുടര്‍ന്നുവരുന്ന ഒരു രീതിയാണിത്. കോണ്‍ഗ്രസ് പാര്‍ട്ടിയിലും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാരുകളിലും ഇങ്ങനെ ചെയ്തിട്ടുള്ളതിന്റെ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. നിക്ഷിപ്ത താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി നിലവിലുള്ള നിയമങ്ങള്‍ ലംഘിക്കുകയോ ദുര്‍വ്യാഖ്യാനിക്കുകയോ ചെയ്യുക, തെറ്റായ കീഴ്‌വഴക്കങ്ങള്‍ സൃഷ്ടിക്കുക എന്നിവയൊക്കെ നെഹ്‌റു കുടുംബത്തിന്റെ പതിവ് രീതികളാണ്. രാജഭരണകാലത്തെ കൊട്ടാര സേവകരെപ്പോലെ നെഹ്‌റു കുടുംബത്തിന്റെ വിധേയന്മാര്‍ യജമാനന്മാര്‍ക്കുവേണ്ടി എന്തു കടുംകൈ വേണമെങ്കിലും ചെയ്‌തെന്നുവരും. നെഹ്‌റു കുടുംബത്തിന്റെ നിയമവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ രാജ്യദ്രോഹം പോലും ഉള്‍പ്പെടും. പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിക്ക് ലക്ഷദ്വീപില്‍ അവധിക്കാലം ആഘോഷിക്കാന്‍ രാജ്യത്തിന്റെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിരാട് ഉപയോഗിച്ച സംഭവം ഇതിലൊന്നാണ്.
1987 ഡിസംബര്‍ അവസാനമാണ് പ്രധാനമന്ത്രി രാജീവ് ഗാന്ധിയും പരിവാരങ്ങളും ഐഎന്‍എസ് വിരാടില്‍ ലക്ഷദ്വീപിന്റെ ഭാഗവും വിജനവുമായ ബംഗാരം ദ്വീപില്‍ 10 ദിവസം നീണ്ടുനില്‍ക്കുന്ന പുതുവത്സരാഘോഷത്തിന് എത്തിയത്. രാജീവിന്റെ ബന്ധുക്കളും സ്വദേശികളും വിദേശികളുമായ സുഹൃത്തുക്കളും ഈ സംഘത്തില്‍ ഉണ്ടായിരുന്നു. രാജീവ് ഗാന്ധിയുടെ ഭാര്യ സോണിയ, മക്കളായ രാഹുലും പ്രിയങ്കയും, അമിതാഭ് ബച്ചന്റെ സഹോദരനായ അജിതാഭ് ബച്ചന്റെ മൂന്നു മക്കള്‍, അമിതാഭ് ബച്ചനും ഭാര്യ ജയയും മക്കളായ ശ്വേതയും അഭിഷേകും, സോണിയയുടെ അമ്മ പൗളോ മെയ്‌നോ, സോണിയയുടെ സഹോദരി നാദിയ വാള്‍ഡിമോറയും അവരുടെ കുട്ടി ജി. വാള്‍ഡിമോറയും, സോണിയയുടെ സഹോദരീ ഭര്‍ത്താവ് വാള്‍ട്ടര്‍ വിന്‍സി, സോണിയയുടെ ജര്‍മ്മന്‍ സുഹൃത്ത് സബിന എന്നിവരാണ് ഉല്ലസിക്കാന്‍ ബംഗാരം ദ്വീപിലെത്തിയത്. വിദേശികള്‍ അടക്കം 24 പേര്‍ ഈ സംഘത്തില്‍ ഉണ്ടായിരുന്നു. ഇവരെ പരിചരിക്കുന്നതിനായി പാചകവിദഗ്ദ്ധര്‍, വീട്ടുജോലിക്കാര്‍, നാവിക സേനാംഗങ്ങള്‍ എന്നിങ്ങനെ 70 പേര്‍ വേറെയും. ലക്ഷദ്വീപില്‍ നിന്നും മധ്യപ്രദേശ് സായുധ പോലീസില്‍ നിന്നും കാവലിനായി കൊണ്ടുവന്ന 1200 പോലീസുകാര്‍ ബംഗാരം ദ്വീപിന്റെ പുറംഭാഗത്തുള്ള അഗത്തി ദ്വീപില്‍ കാത്തുകിടന്നു. പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ അതിശക്തനായ പേഴ്‌സണല്‍ സെക്രട്ടറി വി.ജോര്‍ജ്, രാജീവിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന സര്‍ള ഗ്രെവാള്‍, നെഹ്‌റു കുടുംബത്തിന്റെ പ്രത്യേകിച്ച് രാജീവിന്റെ സ്തുതിപാഠകനായ മണി ശങ്കരയ്യര്‍, മലയാളിയും മേഘാലയ ഗവര്‍ണറുമായിരുന്ന എം. എം. ജേക്കബ് തുടങ്ങിയവര്‍ കരയിലേക്കിറങ്ങാതെ കപ്പലില്‍തന്നെ തങ്ങി.
ബംഗാരം ദ്വീപിലെ ആഘോഷ രാവുകള്‍
നാവികസേനയുടെ കപ്പലായിരുന്നതിനാല്‍ 24 മണിക്കൂറും അതിന് സുരക്ഷ ഒരുക്കേണ്ടതുണ്ടായിരുന്നു. മറ്റ് യുദ്ധക്കപ്പലുകളായ ഐഎന്‍എസ് വിന്ധ്യാഗിരിക്കും ഐഎന്‍എസ് താരാഗിരിക്കും അനുബന്ധ ജോലികള്‍ ഉണ്ടായിരുന്നു. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഓയില്‍ ടാങ്കറുകളായ എംടി സുഹേലിയും എംടി ഭാരതും സേവനസന്നദ്ധമായിരുന്നു. യാത്രാ കപ്പലുകളായ എംവി ഭാരത് സീമയും ഗവേഷണക്കപ്പലായ സാഗര്‍ ദ്വീപും പതിവ് യാത്രകള്‍ നിര്‍ത്തി രാജീവ് കുടുംബത്തിന്റെ അവധിയാഘോഷത്തിനായി ഉപയോഗിച്ചു. ഇതിനുപുറമേ ലക്ഷദ്വീപിന്റെ തന്നെ ഹൈ സ്പീഡ് ബോട്ടുകളും നാവികസേനയുടെ ഉല്ലാസ ബോട്ടുകളും സേവനനിരതമായി. അവധി ആഘോഷിക്കാന്‍ വന്നവര്‍ക്ക് നാവികസേന വിന്‍സര്‍ഫറിംഗ് യാനവും സമ്മാനിച്ചു. കടലില്‍ നീന്തലും ബോട്ട് യാത്രയും ടൂണ മത്സ്യം പിടിക്കലുമൊക്കെയായി പ്രധാനമന്ത്രിയും സംഘവും തിമിര്‍ത്തു. സ്ത്രീപുരുഷന്മാരുടെ കബഡി ടീമുകള്‍ പരസ്പരം ഏറ്റുമുട്ടി. പുതുവത്സര രാവ് കടല്‍ത്തീരത്തെ വെളിച്ചത്തില്‍ കുളിപ്പിച്ചു എന്നുതന്നെ പറയാം.
വിരുന്നിനെത്തിയ പ്രധാനമന്ത്രിയുടെ സംഘത്തെ കഴിയുംവിധമൊക്കെ സന്തോഷിപ്പിക്കാനും സുഖിപ്പിക്കാനും ലക്ഷദ്വീപ് ഭരണകൂടം പരമാവധി ശ്രമിച്ചു. ഭക്ഷണവിഭവങ്ങള്‍ക്ക് കയ്യും കണക്കുമില്ലായിരുന്നു. അമ്പലപ്പുഴ പാല്‍പ്പായസം വലിയതോതില്‍ ബംഗാരം ദ്വീപില്‍ എത്തിച്ച് വിതരണം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ പരിശോധിച്ച് ഗുണമേന്മ ഉറപ്പുവരുത്തിയ കോഴിയിറച്ചിയും മാട്ടിറച്ചിയും, ഒട്ടും കേടുവരാത്ത പച്ചക്കറികളും കൊച്ചിയില്‍ നിന്ന് വിമാനമാര്‍ഗ്ഗം ലക്ഷദ്വീപില്‍ എത്തിച്ചു.
തൊട്ടുതലേവര്‍ഷം ആന്‍ഡമാന്‍ ദ്വീപില്‍ ആയിരുന്നു പ്രധാനമന്ത്രി രാജീവിന്റെയും സംഘത്തിന്റെയും പുതുവത്സരാഘോഷങ്ങ ള്‍. അന്നും ബന്ധുക്കളും സുഹൃത്തുക്കളും ഒപ്പം ഉണ്ടായിരുന്നു. ഇതേ രീതിയിലാണ് ക്രിസ്തുമസിനു ശേഷമുള്ള പത്ത് ദിവസത്തെ അവധി ആഘോഷത്തിന് ലക്ഷദ്വീപില്‍ എത്തിയത്. ഇതിനുവേണ്ട സൗകര്യം ഒരുക്കാന്‍ കോണ്‍ഗ്രസ് നേതാക്കളും കോണ്‍ട്രാക്ടര്‍മാരുമൊക്കെ കഠിനമായി പ്രയത്‌നിച്ചു. എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ അതിവേഗം ഹെലിപ്പാഡുകളും ആധുനിക സൗകര്യങ്ങളുള്ള കുടിലുകളും ബംഗാരം ദ്വീപില്‍ ഒരുക്കി. ഇതിനുവേണ്ടതായ സാമഗ്രികള്‍ നൂറുകണക്കിന് കിലോമീറ്റര്‍ അകലെയുള്ള കൊച്ചിയില്‍ നിന്ന് വിമാനമാര്‍ഗ്ഗം എത്തിക്കുകയായിരുന്നു. കുടിവെള്ളവും ജനറേറ്ററുകളും ഇതില്‍പ്പെടുന്നു. നാളികേരവും മത്സ്യവും മാത്രം ഇങ്ങനെ കൊണ്ടുവരേണ്ടതില്ലായിരുന്നു. കാരണം അത് ലക്ഷദ്വീപില്‍ സുലഭമാണല്ലോ. ലക്ഷദ്വീപിലേക്കുള്ള ജനങ്ങളുടെ വരവും പോക്കും പ്രധാനമന്ത്രിയുടെയും സംഘത്തിന്റെയും അവധിയാഘോഷത്തിനു വേണ്ടി വിലക്കി. രണ്ടാഴ്ചമുന്‍പു തന്നെ ടിക്കറ്റുകള്‍ ക്ലോസ് ചെയ്തു. എല്ലാ സീറ്റുകളും ബുക്ക് ചെയ്തിരിക്കുകയാണ്, കുറച്ചു സീറ്റുകള്‍ പ്രധാനമന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കുമായി നീക്കിവെച്ചിരിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കി.
ഭാരതത്തിന്റെ പ്രധാനമന്ത്രി വിദേശികള്‍ക്കൊപ്പം രാജ്യത്തിന്റെ യുദ്ധക്കപ്പലില്‍ സഞ്ചരിച്ചു എന്നതും, അവധി ആഘോഷത്തിന് ഈ കപ്പല്‍ ഉപയോഗിച്ചു എന്നതും ഗുരുതരമായ തെറ്റ് തന്നെയായിരുന്നു. ഇത് അനുവദിക്കാന്‍ പാടില്ലെന്ന് പലരും പറഞ്ഞെങ്കിലും അവഗണിക്കപ്പെട്ടു. നാവികസേനയിലെ എല്ലാ വിഭാഗങ്ങളും ഇതിനെ എതിര്‍ത്തു. ”ഞങ്ങള്‍ നിസ്സഹായരായിരുന്നു. എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചിരുന്നെങ്കില്‍ അവര്‍ ഞങ്ങള്‍ക്കെതിരെ കലാപത്തിന് കേസെടുക്കുമായിരുന്നു” എന്നാണ് നാവിക ഉദ്യോഗസ്ഥനായിരുന്ന കമാന്‍ഡര്‍ ഹരീന്ദ്ര സിഖ പിന്നീട് ഒരു വാര്‍ത്താ ചാനലിനോട് പ്രതികരിച്ചത്. ”അങ്ങേയറ്റം സുരക്ഷാ പ്രാധാന്യമുള്ള ഈ യുദ്ധക്കപ്പലില്‍ വിദേശ പൗരന്മാര്‍ സ്വതന്ത്രമായി വിഹരിക്കാന്‍ പാടില്ലായിരുന്നു. കപ്പലിലെ കണ്‍ട്രോള്‍ റൂമുകള്‍ ഇവര്‍ക്കായി തുറന്നു കൊടുത്തു. നാവികസേനയുടെ വിഭവങ്ങള്‍ അവധി ആഘോഷങ്ങള്‍ക്ക് ഉപയോഗിച്ചു. ഇത് ശരിയായിരുന്നില്ല. ഞങ്ങള്‍ ക്ഷുഭിതരായിരുന്നു. പക്ഷേ സേവനത്തിലിരിക്കുന്ന ഉദ്യോഗസ്ഥര്‍ ആയിരുന്നു. അതുകൊണ്ട് ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ ആകുമായിരുന്നില്ല. ഇപ്പോഴാണ് അതിനെക്കുറിച്ച് പറയാന്‍ കഴിയുന്നത്.”
സിഖ ഇങ്ങനെ തുടരുന്നു: ”ഭാരതത്തിന്റെ പ്രധാനമന്ത്രിക്ക് ഐഎന്‍എസ് വിരാടില്‍ തങ്ങാം. പക്ഷേ സ്വന്തം ഭാര്യയായ വിദേശ വനിതയ്ക്കും മറ്റും അതിനുള്ള അവകാശമില്ലായിരുന്നു. സുരക്ഷാ രഹസ്യങ്ങള്‍ അപകടത്തിലാവും. നാവിക ഉദ്യോഗസ്ഥര്‍ക്ക് പോലും പ്രവേശനം ഇല്ലാത്ത ഇടങ്ങള്‍ ഈ കപ്പലിലുണ്ട്. അവിടെയും അവധി ആഘോഷിക്കാന്‍ എത്തിയവരെ പ്രവേശിക്കാന്‍ അനുവദിച്ചു. ഈ പ്രശ്‌നം ഞാന്‍ കമാന്റിംഗ് ഓഫീസര്‍ക്ക് മുന്നില്‍ ഉന്നയിക്കുകയും എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ എന്നോട് വായടയ്ക്കാനാണ് ആവശ്യപ്പെട്ടത്. നാവികസേനയുടെ കപ്പലിലെ ഒരു മൊട്ടുസൂചി ഉപയോഗിച്ചാല്‍ പോലും അതിന്റെ വിവരം രേഖപ്പെടുത്തണമെന്നുണ്ട്. ഐഎന്‍എസ് വിരാട് നാവിക സേനയുടെ ഭാഗമാക്കിയ വര്‍ഷം തന്നെയാണ് (1987) പ്രധാനമന്ത്രിക്കും പരിവാരങ്ങള്‍ക്കും അവധി ആഘോഷിക്കാനായി ഈ കപ്പല്‍ വിട്ടുകൊടുത്തത്.”
ഐഎന്‍എസ് വിരാടില്‍ രാജീവിന്റെ കിടപ്പറ
പ്രധാനമന്ത്രി രാജീവ് ഗാന്ധി സ്വന്തം അധികാരം ഉപയോഗിച്ച് രാജ്യത്തിന്റെ യുദ്ധക്കപ്പല്‍ സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചത് വലിയ ചര്‍ച്ചാവിഷയമായത് 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി വിമര്‍ശിച്ചതോടെയാണ്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഐഎന്‍എസ് വിരാട് അവധി ആഘോഷിക്കാന്‍ സ്വകാര്യ ടാക്‌സിയെ പോലെ ഉപയോഗിച്ചു എന്നാണ് മോദി വിമര്‍ശിച്ചത്. ”സ്വകാര്യ ടാക്‌സിയെ പോലെ ഉപയോഗിച്ച് ഐഎന്‍എസ് വിരാടിനെ നിന്ദിക്കുകയായിരുന്നു. രാജീവ് ഗാന്ധിയും കുടുംബവും 10 ദിവസത്തെ അവധി ആഘോഷിക്കാനാണ് ഇത് ചെയ്തത്. നമ്മുടെ സമുദ്രാതിര്‍ത്തി സുരക്ഷിതമാക്കുന്നതിനാണ് ഐഎന്‍എസ് വിരാട് വിന്യസിക്കുന്നത്. എന്നാല്‍ ഉല്ലാസത്തിനായി നെഹ്‌റു കുടുംബത്തെ ഇതിന് അനുവദിക്കുകയായിരുന്നു. രാജീവ് ഗാന്ധിയുടെ ഇറ്റലിയിലുള്ള ബന്ധുക്കളും ഒപ്പം ഉണ്ടായിരുന്നു. വിദേശ പൗരന്മാരെ യുദ്ധക്കപ്പലില്‍ കയറ്റുന്നത് സുരക്ഷാവീഴ്ചയല്ലേ എന്നതാണ് പ്രശ്‌നം.”
പ്രധാനമന്ത്രി മോദി ഇങ്ങനെ പറഞ്ഞത് സ്വാഭാവികമായും കോണ്‍ഗ്രസിനെയും നെഹ്‌റു കുടുംബത്തെയും വെട്ടിലാക്കി. അവര്‍ എതിര്‍പ്പുമായി രംഗത്തെത്തി. പ്രധാനമന്ത്രിയായിരുന്ന രാജീവ് ഔദ്യോഗിക ആവശ്യത്തിനാണ് യുദ്ധക്കപ്പല്‍ ഉപയോഗിച്ചതെന്ന് നാവികസേനയില്‍ നിന്ന് വിരമിച്ച വൈസ് അഡ്മിറല്‍ വിനോദ് പസ്‌റീചയെക്കൊണ്ട് പ്രസ്താവന ഇറക്കിച്ച് സംഭവത്തെ നിഷേധിക്കാന്‍ കോണ്‍ഗ്രസ് വിഫല ശ്രമം നടത്തി.
കോണ്‍ഗ്രസിന്റെ വാദം തള്ളി നാവികസേനാ കമാന്‍ഡര്‍ രംഗത്തെത്തി. അവധി ആഘോഷത്തിന് നാവികസേനാ വിഭവങ്ങള്‍ രാജീവും കുടുംബവും ഉപയോഗിച്ചുവെന്ന് സ്ഥിരീകരിച്ചു. ”ബംഗാരം ദ്വീപില്‍ അവധി ആഘോഷിക്കാന്‍ രാജീവ് ഗാന്ധി ഐഎന്‍എസ് വിരാട് ഉപയോഗിച്ചു. നാവികസേനാ വിഭവങ്ങള്‍ ധൂര്‍ത്തടിച്ചതിന് ഞാന്‍ സാക്ഷിയാണ്. ആ സമയത്ത് എന്നെ പോസ്റ്റ് ചെയ്തിരുന്നത് ഐഎന്‍എസ് വിരാടിലായിരുന്നു. ഔദ്യോഗിക യാത്രയാണോ അനൗദ്യോഗിക യാത്രയാണോ എന്നൊക്കെ നിങ്ങള്‍ക്ക് സൗകര്യംപോലെ വിളിക്കാം. ലക്ഷദ്വീപില്‍ അവധി ആഘോഷിക്കാന്‍ രാജീവും പരിവാരവും പോയപ്പോള്‍ ഐഎന്‍എസ് വിരാട് ഉപയോഗിച്ചു എന്നത് സത്യമാണ്. കപ്പലിലെ അഡ്മിറലിന്റെ മുറിയാണ് ഇവര്‍ക്കുവേണ്ടി സജ്ജീകരിച്ചത്. അക്കാര്യം എനിക്ക് നൂറുശതമാനവും ഉറപ്പാണ്.”
പുഷ്പചക്രം അര്‍പ്പിക്കാന്‍ ഐഎന്‍എസ് ത്രിശൂല്‍
നാവികസേനയുടെ സൗകര്യങ്ങള്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്ന നിന്ദാര്‍ഹമായ രീതി രാജീവ് ഗാന്ധിയില്‍ നിന്നല്ല, പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവില്‍ നിന്ന് തുടങ്ങുന്നതാണ്. കുടുംബവുമൊത്ത് അവധിക്കാലം ആഘോഷിക്കാന്‍ യുദ്ധക്കപ്പലായ ഐഎന്‍എസ് ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റുവും ഉപയോഗിച്ചിട്ടുണ്ട്. 1933 ല്‍ നാവിക സേനയ്ക്കുവേണ്ടി നിര്‍മിച്ചതും, ബ്രിട്ടീഷ് ഭരണകാലത്ത് എച്ച്എംഎസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്നതുമായ ഐഎന്‍എസ് ദല്‍ഹി 1950 ലാണ് ജവഹര്‍ലാല്‍ നെഹ്‌റു വ്യക്തിപരമായ ആവശ്യത്തിന് വിനിയോഗിച്ചിട്ടുള്ളത്. മകള്‍ ഇന്ദിരയും അവരുടെ മക്കളായ രാജീവും സഞ്ജയ്‌യും നെഹ്‌റുവിനൊപ്പം ഐഎന്‍എസ് ദല്‍ഹി യില്‍ ഉല്ലാസയാത്രയ്ക്കുണ്ടായിരുന്നു.
ജവഹര്‍ലാല്‍ നെഹ്‌റുവും വൈസ്രോയി ആയിരുന്ന ലൂയിസ് മൗണ്ട്ബാറ്റന്റെ ഭാര്യ എഡ്വിനയുമായുള്ള പ്രണയം പ്രസിദ്ധമാണല്ലോ. നെഹ്‌റുവുമായി പ്രണയത്തിലായ എഡ്വിനയ്ക്ക് ഇതുമൂലം സ്വന്തം കുട്ടികളെ നോക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല എന്നാണ് പറയപ്പെടുന്നത്. ‘അവരും (എഡ്വിന) പണ്ഡിറ്റ്ജിയും തമ്മില്‍ വലിയ സൗഹൃദമായിരുന്നുവെന്നും, ഇവരെയും തങ്ങള്‍ അനുഭവിച്ചിരുന്ന ഏകാന്തതയില്‍നിന്ന് പുറത്തുകടക്കാന്‍ ഈ ബന്ധം സഹായിച്ചുവെന്നു’മാണ് എഡ്വിനയുടെ മകള്‍ പമേല എഴുതിയിട്ടുള്ളത്.
തന്റെ മൃതദേഹം കടലില്‍ സംസ്‌കരിക്കണമെന്നായിരുന്നു എഡ്വിനയുടെ അന്ത്യാഭിലാഷം. 1960 ല്‍ അവര്‍ മരിച്ചപ്പോള്‍ ഇതനുസരിച്ച് മൃതദേഹം ഇംഗ്ലണ്ടിലെ പോര്‍ട്ട് മൗണ്ടിലേക്ക് കൊണ്ടുവന്നു. അവിടെ അന്ത്യോപചാരം അര്‍പ്പിക്കാന്‍ ഫിലിപ്പ് രാജ്കുമാരന്റെ അമ്മ, ഗ്രീസിലെ രാജകുമാരി തുടങ്ങിയവരുണ്ടായിരുന്നു. കാന്‍ഡിന്‍ബെറി ആര്‍ച്ച് ബിഷപ്പ്, മൗണ്ട് ബാറ്റന്‍പ്രഭു, മൗണ്ട് ബാറ്റന്റെ രണ്ട് മക്കള്‍ എന്നിവരുമുണ്ടായിരുന്നു. പോര്‍ട്‌സ് മൗണ്ടില്‍നിന്ന് 12 മൈല്‍ അകലെ കടലില്‍ എഡ്വിനയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള കപ്പല്‍ എച്ച്എംഎസ് നിര്‍ത്തിയിട്ടു.
1960 ല്‍ 59 വയസ്സുള്ള എഡ്വിന മരിക്കുമ്പോള്‍ കൗതുകകരമായ ഒരു അന്തിമോപചാരം നടക്കുകയുണ്ടായി. അത് പ്രധാനമന്ത്രി നെഹ്‌റുവിന്റേതായിരുന്നു. എഡ്വിനയുടെ മൃതദേഹത്തില്‍ പുഷ്പചക്രം വയ്ക്കാന്‍ നെഹ്‌റു പറഞ്ഞയച്ചത് നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് ത്രിശൂല്‍ ആയിരുന്നു. തങ്ങള്‍ അന്തിമോപചാരം അര്‍പ്പിച്ച് പിന്‍വാങ്ങിയശേഷം ഐഎന്‍എസ് ത്രിശൂല്‍ എത്തിയെന്നും ”പണ്ഡിറ്റ്ജിയുടെ നിര്‍ദ്ദേശപ്രകാരം തിരമാലകള്‍ക്കുമേല്‍ സൂര്യകാന്തിപ്പൂക്കള്‍ വിതറി”യെന്നുമാണ് പമേല എഴുതിയിട്ടുള്ളത്.
നെഹ്‌റുവിന്റെ യൂറോപ്യന്‍ വനിതാ സുഹൃത്തുക്കള്‍ക്ക് സഞ്ചരിക്കാന്‍ വ്യോമസേനാ വിമാനങ്ങള്‍ വിട്ടുനല്‍കാതിരുന്നതിനെ തുടര്‍ന്ന് 1950 കളില്‍ പ്രതിരോധ സെക്രട്ടറിയായിരുന്ന ജെ.ഡി. കപാഡിയയെ മാറ്റിയ സംഭവമുണ്ട്. പകരക്കാരനായെത്തിയ പ്രതിരോധ സെക്രട്ടറി നെഹ്‌റുവിന്റെ ഇംഗിതത്തിന് വഴങ്ങുകയും ചെയ്തുവത്രേ. രാജ്യത്തിന്റെ സ്വത്ത് സ്വകാര്യസ്വത്തായി ഉപയോഗിക്കുന്ന നെഹ്‌റു കുടുംബത്തിന്റെ രീതിയാണ് ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ രാജീവ് ഗാന്ധിവരെയുള്ളവരില്‍ കാണുന്നത്.
(തുടരും)