ഏഷ്യാ വന്‍കരയില്‍ ഭാരതത്തോടൊപ്പം സ്വാതന്ത്ര്യം പ്രാപിച്ച രാജ്യങ്ങളിലൊന്നും തന്നെ ശരിയായ അര്‍ത്ഥത്തില്‍ ജനാധിപത്യ ഭരണക്രമം നിലനില്‍ക്കുന്നു എന്നു പറയാനാവില്ല. എന്നാല്‍ ഭാരതം അടിയന്തരാവസ്ഥയുടെ ചുരുങ്ങിയ ഒരു കാലയളവൊഴികെ ജനാധിപത്യത്തിന്റെ വഴിയില്‍ നിന്ന് വ്യതിചലിക്കാതെ മുന്നേറിയ പാരമ്പര്യമുള്ള രാഷ്ട്രമാണ്. അതുകൊണ്ടു തന്നെ ഭാരതത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് മാമാങ്കങ്ങള്‍ ലോകശ്രദ്ധ ആകര്‍ഷിക്കാറുണ്ട്. 2014ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി നയിക്കുന്ന ബി.ജെ.പി.സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ ഭാരത ജനാധിപത്യം അപകടത്തിലാണ് എന്ന് ചില പ്രമുഖ പ്രതിപക്ഷ കക്ഷികള്‍ ആഗോള വേദികളില്‍ വരെ പ്രചരണം നടത്തിയിരുന്നു. ഭാരത മഹാരാജ്യത്തെ തങ്ങളുടെ സന്തതിപരമ്പരകള്‍ക്ക് തന്നിഷ്ടപ്രകാരം ഉപഭോഗിക്കാന്‍ ലഭിച്ച പാരമ്പര്യ സ്വത്തായിക്കണ്ട നെഹ്രു കുടുംബത്തിന് ഏറ്റ തിരിച്ചടിയായിരുന്നു 2014ലെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിയുടെ വിജയം. അധികാരം അഴിമതി നടത്താനുള്ള അവസരമായി കണ്ട നെഹ്രു കുടുംബത്തിനും കോണ്‍ഗ്രസ്സുകാര്‍ക്കും കരയില്‍ പിടിച്ചിട്ട മീനിന്റെ അവസ്ഥയായിരുന്നു പിന്നീടിങ്ങോട്ടുള്ള പത്തു വര്‍ഷക്കാലം. 2019 ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 303 സീറ്റോടെ ബി.ജെ.പി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നതോടെ നരേന്ദ്ര മോദിയെ അധികാര ഭ്രഷ്ടനാക്കാന്‍ വിദേശ രാജ്യങ്ങളുടെ വരെ സഹായം തേടുന്ന അവസ്ഥയില്‍ കോണ്‍ഗ്രസ് എത്തി. രണ്ടു തവണയായി അധികാരത്തില്‍ തുടരുന്ന ബി.ജെ.പി സര്‍ക്കാരിന്റെ കീഴില്‍ ഭാരതം വമ്പന്‍ സാമ്പത്തിക, സൈനിക ശക്തിയായി മാറുന്നതില്‍ അസൂയ പൂണ്ട ശത്രുരാജ്യങ്ങളുടെ വരെ സഹായം തേടിക്കൊണ്ട് കോണ്‍ഗ്രസ് പടച്ചുണ്ടാക്കിയ ‘ഇന്‍ഡി’ മുന്നണിയാണ് ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നണിയെ നേരിട്ടതെങ്കിലും അവര്‍ പരാജയപ്പെട്ടു. കഴിഞ്ഞ പത്തു വര്‍ഷക്കാലത്തെ ഭരണം കൊണ്ട് ഇരുപത്തഞ്ച് കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാനും മൂന്നു കോടി പാവപ്പെട്ടവര്‍ക്ക് വീട് നല്‍കാനും വനിതാ സംവരണം പോലുള്ള മഹത്തായ പരിഷ്‌ക്കരണങ്ങള്‍ നടത്താനും ബി.ജെ.പി സര്‍ക്കാരിന് കഴിഞ്ഞിരുന്നു. ഇതൊക്കെയാണെങ്കിലും ബി.ജെ.പിക്ക് പ്രതീക്ഷിച്ചത്ര ഉജ്ജ്വലമായ വിജയം നേടാനായില്ല എന്ന സത്യം ബാക്കിയാണ്. എങ്കിലും എന്‍.ഡി.എയ്ക്ക് കേവല ഭൂരിപക്ഷം സുഗമമായി നേടാന്‍ കഴിഞ്ഞു. കോണ്‍ഗ്രസ് മുന്നണി നിരന്തരമായി ഉയര്‍ത്തിവിട്ട നുണപ്രചരണങ്ങളെ വേണ്ടതുപോലെ തുറന്നുകാട്ടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ബി.ജെ.പിയ്ക്ക് തനിച്ച് കേവല ഭൂരിപക്ഷം ലഭിക്കുമായിരുന്നു. നാനൂറില്‍ അധികം സീറ്റോടെ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ഭരണഘടന തിരുത്തുമെന്നും പിന്നാക്ക വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന സംവരണമടക്കമുള്ള ആനുകൂല്യങ്ങള്‍ എല്ലാം റദ്ദുചെയ്യുമെന്ന നുണപ്രചരണം കൊണ്ട് കബളിപ്പിക്കപ്പെട്ട വോട്ടര്‍മാരാണ് ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും മറ്റും ബി.ജെ.പിക്ക് സീറ്റ് കുറയാന്‍ കാരണം. രാജ്യത്തിന്റെ ഭാവിയെത്തന്നെ അപകടപ്പെടുത്തുന്ന സൗജന്യ വാഗ്ദാനങ്ങള്‍ എന്ന തന്ത്രം രാജ്യത്താദ്യം പരീക്ഷിച്ചത് കേജ്രിവാള്‍ ആയിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് വോട്ടു ചെയ്യുന്ന സ്ത്രീകള്‍ക്കെല്ലാം ഒരു ലക്ഷം രൂപ അവരുടെ അക്കൗണ്ടില്‍ കിട്ടുമെന്ന പ്രചരണം നടത്താന്‍ മുന്നില്‍ നിന്നത് രാഹുല്‍ ഗാന്ധി നേരിട്ടായിരുന്നു. ഇത്തരം വാഗ്ദാനങ്ങള്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങളായി കണ്ട് നടപടി സ്വീകരിക്കാന്‍ വേണ്ട നിയമനിര്‍മ്മാണം നടത്തിയില്ലെങ്കില്‍ ഭാവിയില്‍ ഭാരത ജനാധിപത്യം അപകടത്തിലാവുക തന്നെ ചെയ്യും.
ഇത്തരം നുണപ്രചരണങ്ങളെയും തിരഞ്ഞെടുപ്പ് അട്ടിമറി ശ്രമങ്ങളെയും എല്ലാം പരാജയപ്പെടുത്തിക്കൊണ്ട് എന്‍ഡിഎ മുന്നണി നേടിയ ഉജ്ജ്വല വിജയം ഭാരത മഹാരാജ്യത്തിന്റെ തന്നെ വിജയമാണ്. ഇന്ന് രാജ്യത്തെ ഇരുപത്തിരണ്ട് സംസ്ഥാനങ്ങളില്‍ അധികാരത്തിലിരിക്കുന്ന എന്‍ഡിഎ കഴിഞ്ഞ മുപ്പതു വര്‍ഷമായി വിജയകരമായി പ്രവര്‍ത്തിക്കുന്ന മുന്നണിയാണ്. ബി.ജെ.പിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ഉണ്ടായിരുന്നപ്പോഴും മുന്നണി നിലനിര്‍ത്തുവാനും മുന്നണി മര്യാദകള്‍ പാലിക്കുവാനും ബി.ജെ.പി ശ്രദ്ധിച്ചിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടുന്ന ലക്ഷ്യത്തില്‍ നിന്ന് ബി.ജെ.പിയെ തടഞ്ഞത് ഉത്തര്‍പ്രദേശ്,രാജസ്ഥാന്‍,മഹാരാഷ്ട്ര തുടങ്ങിയ ചില സംസ്ഥാനങ്ങളിലെ തിരിച്ചടികളാണ്. എന്നാല്‍ ദക്ഷിണ ഭാരതത്തിലടക്കം രാജ്യവ്യാപകമായി മുന്നേറ്റമുണ്ടാക്കാന്‍ ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കഴിഞ്ഞതുപോലെ മറ്റൊരു പാര്‍ട്ടിക്കും കഴിഞ്ഞിട്ടില്ല. ‘ഇന്‍ഡി’ മുന്നണിയിലെ പ്രമുഖ കക്ഷിയായ കോണ്‍ഗ്രസ്സിന് നൂറു സീറ്റ് തികച്ച് നേടാനായില്ലെങ്കിലും അവരുടെ അവകാശവാദങ്ങള്‍ക്ക് ഒട്ടും കുറവുണ്ടായിരുന്നില്ല. മധ്യപ്രദേശ്, ഗുജറാത്ത്, ദില്ലി, ഛത്തീസ്ഗഡ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ ബി.ജെ.പിയുടെ ഉറച്ച കോട്ടകളിലെ ഒരു കല്ലടര്‍ത്താന്‍ പോലും ‘ഇന്‍ഡി’ മുന്നണിക്കായില്ല എന്നതും ശ്രദ്ധേയം. ബി.ജെ.പിക്ക് ഏറ്റവും ശ്രദ്ധേയമായ മുന്നേറ്റം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞ സംസ്ഥാനങ്ങളില്‍ ഒന്ന് ഒഡീഷയാണ്. ഇവിടെ പാര്‍ലമെന്റിലേക്കുള്ള 21 ല്‍ 20 സീറ്റ് പിടിച്ചു കൊണ്ട് ബി.ജെ.പി. പുതുചരിത്രം കുറിച്ചു എന്നു മാത്രമല്ല കാല്‍ നൂറ്റാണ്ട് അടക്കിവാണ നവീന്‍ പട്‌നായിക് യുഗത്തിന് അന്ത്യം കുറിച്ചു കൊണ്ട് സംസ്ഥാന ഭരണം പിടിക്കാനും ബി.ജെ.പിക്കായി. ആന്ധ്രയിലും തെലുങ്കാനയിലും ഉണ്ടാക്കാന്‍ സാധിച്ച മുന്നേറ്റം ഭാരതത്തിന്റെ ഭാവി രാഷ്ട്രീയത്തിലേക്കുള്ള ഉറച്ച സൂചനയാണ് നല്‍കുന്നത്. കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് ഭരണത്തില്‍ ഇരുന്നിട്ടു കൂടി 28 ല്‍ 17 പാര്‍ലമെന്റു സീറ്റുകള്‍ പിടിക്കാനായതും തമിഴ്‌നാട്ടില്‍ മൂന്നു ശതമാനമായിരുന്ന വോട്ട് പതിനൊന്ന് ശതമാനമായി ഉയര്‍ത്താന്‍ കഴിഞ്ഞതും കേരളത്തില്‍ നിന്ന് ആദ്യമായി പാര്‍ലമെന്റ് സീറ്റ് നേടാനായതുമെല്ലാം ഭാരതീയ ജനതാ പാര്‍ട്ടി നേടിയ ഉജ്ജ്വല വിജയത്തിന്റെ ഉദാഹരണങ്ങളാണ്. കേരളത്തിലെ തൃശ്ശൂര്‍ മണ്ഡലത്തില്‍ മുക്കാല്‍ ലക്ഷത്തോളം വോട്ടുകള്‍ക്ക് സുരേഷ് ഗോപി വിജയിച്ചു എന്നു മാത്രമല്ല നിരവധി നിയമസഭാ മണ്ഡലങ്ങളില്‍ ഭൂരിപക്ഷം നേടാനും ബി.ജെ.പിക്കായി. തിരുവനന്തപുരം, ആറ്റിങ്ങല്‍, ആലപ്പുഴ, പത്തനംതിട്ട തുടങ്ങിയ മണ്ഡലങ്ങള്‍ അടുത്ത തിരഞ്ഞെടുപ്പോടുകൂടി താമരക്കുമ്പിളില്‍ വീഴുമെന്ന ശുഭാപ്തി വിശ്വാസം ഭാരതത്തെ സ്‌നേഹിക്കുന്നവര്‍ക്ക് ഉണ്ടാക്കാന്‍ ഈ തിരഞ്ഞെടുപ്പോടെ കഴിഞ്ഞിട്ടുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ ദേശീയ രാഷ്ട്രീയത്തിന്റെ വിളകൊയ്യാന്‍ കേരളം പോലൊരു സംസ്ഥാനം പാകപ്പെട്ടിരിക്കുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ ഫലശ്രുതി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദക്ഷിണ ഭാരതത്തില്‍ നിന്ന് 30 സീറ്റുകള്‍ മാത്രമാണ് ബി.ജെ.പിക്ക് നേടാനായതെങ്കില്‍ ഈ തിരഞ്ഞെടുപ്പില്‍ അത് 49 സീറ്റായി വര്‍ദ്ധിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരിക്കുന്നു. ഹിന്ദി ഹൃദയ ഭൂമിയില്‍ നിന്ന് താമരപ്പാടം ദക്ഷിണ ഭാരതത്തിലേക്ക് പടര്‍ന്നേറുന്നു എന്ന കൃത്യമായ സൂചന നല്‍കുന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ ഫലം. ‘ഇന്‍ഡി’ മുന്നണിയുടെ എല്ലാ ശകുനി തന്ത്രങ്ങളെയും പരാജയപ്പെടുത്തി ഒടുക്കം ഭാരതം ജയിച്ചു എന്നത് രാജ്യത്തെ സ്‌നേഹിക്കുന്നവര്‍ക്കുണ്ടാക്കുന്ന ആശ്വാസം ചെറുതല്ല.