കേരളത്തിലെ ആധ്യാത്മികാചാര്യന്മാരില്‍ പ്രഥമഗണനീയനാണ് ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍. സര്‍വ്വജ്ഞനും ഋഷിയും മഹാപ്രഭുവുമായ സ്വാമികള്‍ തന്റെ ഭൗതികദേഹം വെടിഞ്ഞിട്ട് നൂറുവര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. സ്വാമികള്‍ ലോകത്തിനു നല്‍കിയ ഏറ്റവും വലിയ സംഭാവന അദ്ദേഹം തന്റെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി കാണിച്ചുതന്ന ജീവകാരുണ്യദര്‍ശനമാണ്. സമസ്തലോകത്തെയും ഒരേ ചൈതന്യത്തിന്റെ പ്രതിഫലനമായി അറിഞ്ഞ ആ മഹാത്മാവിന്റെ ജീവകാരുണ്യദര്‍ശനം ഇന്നത്തെ യുദ്ധമുഖരിതവും അശാന്തവുമായ ലോകത്തിനു ശാന്തിയും സമാധാനവും നല്‍കുവാന്‍ പര്യാപ്തമായതാണ്. അഹിംസയുടെയും ജീവകാരുണ്യത്തിന്റെയും സമഗ്രദര്‍ശനമായ വിദ്യാധിരാജദര്‍ശനം ഹിംസാത്മകമായ ലോകത്തിനു ദിവ്യമായ ഔഷധമാണ്.
ജീവിതരേഖ
തിരുവനന്തപുരം നഗരത്തിനടുത്ത് കണ്ണമ്മൂലയിലെ കൊല്ലൂര്‍ ദേവീക്ഷേത്രത്തിനു സമീപത്തുള്ള ഉള്ളൂര്‍ക്കോട് എന്ന നായര്‍ ഭവനത്തിലാണ് ചട്ടമ്പിസ്വാമികള്‍ അവതരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ തന്നെയുള്ള മലയിന്‍കീഴിലെ വേണിയത്ത് കുടുംബത്തിന്റെ ഒരു ശാഖയിലെ അംഗമായിരുന്ന നങ്ങമ്മയാണ് ചട്ടമ്പിസ്വാമികളുടെ മാതാവ്. കാരണവന്മാരുടെ ധൂര്‍ത്തും ആര്‍ഭാടത്തോടെ ആചരിച്ചുവന്ന അനാചാരങ്ങളും മറ്റു നായര്‍ കുടുംബങ്ങളെപ്പോലെ വേണിയത്ത് തറവാടിനെയും ദരിദ്രമാക്കിയിരുന്നു. വളരെയേറെ സിദ്ധന്മാര്‍ക്കും സംസ്‌കൃത പണ്ഡിതന്മാര്‍ക്കും ജന്മം നല്‍കിയ ഈ തറവാട്ടില്‍ നിന്നും തൊഴില്‍തേടി കൊല്ലൂര്‍മഠത്തിലെത്തിയ ഒരു ശാഖയിലെ അംഗങ്ങളായിരുന്നു കുഞ്ഞിപ്പെണ്ണും അനുജത്തി നങ്ങമ്മയും. ഇവര്‍ കൊല്ലൂര്‍ മഠത്തിലെയും ദേവീക്ഷേത്രത്തിലെയും ജോലിക്കാരായി നിയോഗിക്കപ്പെട്ടു. മാവേലിക്കര താമരശ്ശേരി ഇല്ലത്തെ അംഗമായ വാസുദേവശര്‍മ്മയും കൊല്ലൂര്‍ ദേവീക്ഷേത്രത്തിലെ പൂജാരിയായി നിയോഗിക്കപ്പെട്ടു. അക്കാലത്തെ ആചാരപ്രകാരം വാസുദേവശര്‍മ്മ നങ്ങമ്മയെ സംബന്ധം ചെയ്യുകയും, ആ ബന്ധത്തിലെ കനിഷ്ഠ പുത്രനായി ചട്ടമ്പിസ്വാമികള്‍ ജന്മമെടുക്കുകയും ചെയ്തു. മാതാവ് വാത്സല്യപൂര്‍വ്വം കുഞ്ഞന്‍ എന്നു വിളിച്ചിരുന്ന സ്വാമികളുടെ യഥാര്‍ത്ഥ നാമം അയ്യപ്പന്‍ എന്നായിരുന്നു. ജഗദംബയുടെ അവതാരമാണ് തന്റെ മാതാവെന്നു വിശ്വസിച്ച സ്വാമികള്‍ അമ്മ വിളിച്ചിരുന്ന ഓമനപ്പേര്‍ ഔദ്യോഗിക നാമമായി സ്വീകരിക്കുകയും കുഞ്ഞന്‍ പിള്ള എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു.
വളരെ ചെറിയ പ്രായം മുതല്‍തന്നെ രണ്ടുനേരത്തെ കുളിയും ശരീരശുദ്ധിയും സസ്യാഹാരനിഷ്‌കര്‍ഷയും കുഞ്ഞന്‍ പാലിച്ചിരുന്നു. വീട്ടില്‍ മുക്കുവത്തി കൊണ്ടുവന്ന മത്സ്യക്കുട്ടയില്‍ മൂത്രമൊഴിച്ചാല്‍ മാതാവിന്റെ കൈയ്യില്‍ നിന്നും തല്ലുവാങ്ങിക്കൂട്ടേണ്ടിവരും എന്നുറപ്പുണ്ടായിട്ടും, പിന്മാറാന്‍ കുഞ്ഞന്റ കുഞ്ഞുമനസ്സ് തയ്യാറായില്ല. ഈ പ്രതിഷേധം ഫലം ചെയ്തു. അതിനുശേഷം ആ വത്സല മാതാവ് ആ വീട്ടില്‍ മത്സ്യമാംസാദികള്‍ കയറ്റിയിട്ടില്ല.
കഷ്ടിച്ച് പട്ടിണി അകറ്റുവാനുള്ള വക മാത്രം സമ്പാദിക്കുവാന്‍ കഴിഞ്ഞ നങ്ങമ്മയ്ക്ക് മക്കളെ വേണ്ടവിധം വിദ്യാഭ്യാസം ചെയ്യിക്കുവാനുള്ള സാഹചര്യം ഇല്ലായിരുന്നു. മാത്രമല്ല ചെറുപ്രായത്തില്‍ത്തന്നെ ക്ഷേത്രത്തിലേക്കുള്ള പൂമാല എത്തിച്ചും മറ്റു സേവനങ്ങളിലൂടെയും ഭക്ഷണത്തിനുള്ള വക സമ്പാദിച്ച കുഞ്ഞന്‍ കുടുംബത്തെ സംരക്ഷിക്കുന്ന ചുമതലയും സ്വയം ഏറ്റെടുത്തിരുന്നു. അപ്പോഴും അറിവിനു പിന്നാലെയായിരുന്നു കുഞ്ഞന്റെ കുഞ്ഞുമനസ്സ്. അറിവു നേടുവാനുള്ള ഒരു അവസരവും കുഞ്ഞന്‍ നഷ്ടപ്പെടുത്തിയിരുന്നില്ല. സമപ്രായക്കാരായ കുട്ടികളുടെ എഴുത്തോല വാങ്ങി പഠിച്ചും, കൊല്ലൂര്‍ മഠത്തിലെ കുട്ടികളെ പഠിപ്പിക്കുന്ന ശാസ്ത്രികളുടെ ക്ലാസ്സ് ഒളിഞ്ഞുനിന്നു കേട്ടുപഠിച്ചും തന്റെ ജ്ഞാനദാഹം തീര്‍ക്കുവാന്‍ കുഞ്ഞന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ഏതാണ്ട് 14 വയസ്സുള്ളപ്പോഴാണ് ഒരു ഔപചാരിക പഠനകേന്ദ്രത്തില്‍ ചേര്‍ന്ന് പഠിക്കുവാനുള്ള അവസരം കുഞ്ഞന് ലഭിച്ചത്. അക്കാലത്ത് കേരളത്തിലെ തന്നെ പ്രധാന ഗുരുകുലങ്ങളില്‍ ഒന്നായ പേട്ടയില്‍ രാമന്‍പിള്ള ആശാന്റെ ഗുരുകുലമായിരുന്നു ആ പാഠശാല. തന്നെക്കാള്‍ ഏറെ പ്രായം കുറഞ്ഞ കുട്ടികള്‍ക്കൊപ്പം പഠനം ആരംഭിച്ച കുഞ്ഞന്‍ ക്രമേണ അവരുടെ പഠനസഹായിയായി മാറി. ആശാന്‍ തന്നെ കുഞ്ഞനെ ക്ലാസ്സ് ലീഡറാക്കി മാറ്റി. ലീഡര്‍ അന്നു ചട്ടമ്പി (ചട്ടം നടപ്പിലാക്കുന്നയാള്‍) എന്നപേരില്‍ അറിയപ്പെട്ടു. പില്‍ക്കാലത്ത് തന്റെ ഗുരുനാഥന്‍ നല്‍കിയ ആ ബഹുമതി തന്റെ പേരിന്റെ ഭാഗമാക്കിമാറ്റി. അങ്ങനെ കുഞ്ഞന്‍പിള്ള കുഞ്ഞന്‍പിള്ള ചട്ടമ്പി എന്ന പേരില്‍ അറിയപ്പെടുവാന്‍ തുടങ്ങി. ഇക്കാലത്ത് കൊല്ലൂര്‍ ക്ഷേത്രത്തിലെത്തിയ ഒരു സന്ന്യാസി കുഞ്ഞന് ബാലാസുബ്രഹ്‌മണ്യ മന്ത്രം ഉപദേശിച്ചു. അതു ജപിച്ചു സിദ്ധി വരുത്തിയ കുഞ്ഞന് ഷണ്‍മുഖദാസനെന്നു പേരുലഭിച്ചു.
കുഞ്ഞന്‍പിള്ള ഒരു സിദ്ധ-ജന്മമാണെന്നു കരുതേണ്ടിവരും. സര്‍വ്വസംഗപരിത്യാഗി തലത്തിലേക്ക് ഉയര്‍ന്ന സന്യാസിമാരില്‍ പോലും മിക്കവരും ഭയമുക്തരല്ല. ഭയത്തില്‍ നിന്നും മുക്തി നേടുക എന്നതാണ് അദ്വൈത ജീവിതത്തിന്റെ അത്യുന്നതതലം. അപൂര്‍വ്വ സിദ്ധിയുള്ളവര്‍ക്കു മാത്രമേ ഭയമുക്തരായ അവധൂതന്മാരാവാന്‍ കഴിയുകയുള്ളൂ. എന്നാല്‍ കേവലം 15 വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞന്‍ അവധൂതലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. ഇത് ഏവര്‍ക്കും ബോദ്ധ്യമായത് പേട്ടയില്‍ രാമന്‍പിള്ള ആശാന്റെ ഗുരുകുലതാമസകാലത്താണ്. ഒരു ദിവസം രാവേറെച്ചെന്നിട്ടും കുഞ്ഞന്‍പിള്ളയെ കാണാതെ ഗുരുവും ശിഷ്യരും കൂടി അന്വേഷിച്ചിറങ്ങി. ആ അന്വേഷണം അവസാനിച്ചത് ഇടിഞ്ഞുപൊളിഞ്ഞുകിടക്കുന്ന ഒരു കാളീക്ഷേത്രത്തിലാണ്. പകല്‍ പോലും സാമാന്യജനം എത്തിനോക്കാന്‍ മടിക്കുന്ന കാളീക്ഷേത്രത്തില്‍ അര്‍ദ്ധരാത്രിയില്‍ ധ്യാനനിരതനായിരിക്കുന്ന കുഞ്ഞന്‍ പിള്ളയെ കണ്ട രാമന്‍പിള്ള ആശാനും ശിഷ്യരും ഭയചകിതരായി. ഒന്നിനോടും ഭയമില്ലാത്ത കുഞ്ഞന്‍പിള്ള അസാധാരണനായ വ്യക്തിയാണ് എന്ന് ആശാന്‍ തിരിച്ചറിഞ്ഞു. മലയന്‍കീഴ് വേണിയത്ത് തറവാട്ടിലെ സിദ്ധന്മാരുടെ പാരമ്പര്യരക്തം നിറഞ്ഞ കുഞ്ഞന്‍പിള്ള, അവര്‍ പൂര്‍ത്തിയാക്കാതെ അവശേഷിപ്പിച്ച സിദ്ധപൂര്‍ണ്ണതയിലേക്ക് സ്വാഭാവികമായി ഉയര്‍ന്നതാവാതെ തരമില്ല. അഭൗമമായ ഒരു ജന്മമാണ് കുഞ്ഞന്‍ പിള്ള എന്നതിന് അടിവരയിടുന്ന സംഭവമാണ് ഇത്.
വീട്ടിലെ ദാരിദ്ര്യം കാരണം ബാലനായിരുന്നപ്പോള്‍ മുതല്‍ കുഞ്ഞനും അമ്മയെ സഹായിക്കാനായി ആവുംവിധം പണിയെടുത്തിരുന്നു. കൊല്ലൂര്‍ മഠത്തിലെ അടുക്കളയിലേക്ക് താളും, തകരയും മറ്റു പച്ചക്കറികളും ശേഖരിച്ചെത്തിക്കല്‍, ക്ഷേത്രത്തിലേക്കുള്ള ആഹാരം തയ്യാറാക്കാന്‍ അമ്മയെ സഹായിക്കല്‍, മഠത്തിലെ സദസ്സിനായി വരുന്നവരെ സഹായിക്കല്‍ തുടങ്ങി വിവിധ ജോലികള്‍ ആ ബാലന്‍ ചെയ്തിരുന്നു. ഇളയസഹോദരങ്ങള്‍ക്ക് ഭക്ഷണം തികയാതെ വന്നാലോ എന്നു കരുതി അവരൊക്കെ ഭക്ഷണം കഴിച്ചശേഷമായിരുന്നു കുഞ്ഞന്‍ ഭക്ഷണം കഴിച്ചിരുന്നത്.
ഭക്ഷണം തികയാതെ കരയുന്ന ഇളയതുങ്ങള്‍ക്ക് കുഞ്ഞന്‍ തന്റെ പാത്രത്തില്‍ നിന്നും പങ്കു നല്‍കുമായിരുന്നു. ഏക വസ്ത്രമായ തോര്‍ത്ത് പലപ്പോഴും അങ്ങിങ്ങ് കീറിയതുമായിരിക്കും. ഇളയ സഹോദരങ്ങളെ സംരക്ഷിക്കേണ്ട ചുമതലയേറ്റ കുഞ്ഞന്‍, രാമന്‍പിള്ള ആശാന്റെ കളരിയിലെ പഠനം നിര്‍ത്തി. തുടര്‍ന്ന് കൊല്ലൂര്‍ മഠത്തിലെ കണക്കപ്പിള്ളയായും, ഗവ. സെക്രട്ടറിയറ്റ് നിര്‍മ്മാണസമയത്ത് മണ്ണും കല്ലും ചുമക്കുന്ന തൊഴിലാളിയായും, പിന്നെ അവിടത്തന്നെ ഗുമസ്തനായും, പിന്നീട് വക്കീല്‍ ഗുമസ്തനായും, ആധാരമെഴുത്തുകാരനായും ജോലിചെയ്തു. സ്വാമികളെപ്പോലെ ജീവിതത്തിന്റെ സമസ്ത മേഖലയിലും അനുഭവജ്ഞാനമുള്ള മറ്റൊരു മഹത്‌വ്യക്തിയും കേരള ചരിത്രത്തില്‍ ഇല്ല. സെക്രട്ടറിയേറ്റില്‍ ജോലിചെയ്യവെ, നിയമിക്കുമ്പോള്‍ പറഞ്ഞ 4 അണയ്ക്കു പകരം, ജോലിയില്‍ തൃപ്തി തോന്നിയ മേലധികാരി 8 അണ ശമ്പളമായി നല്‍കിയപ്പോള്‍, അര്‍ഹതയില്ലാത്തതെന്നു പറഞ്ഞ് അധികമായി നല്‍കിയ 4 അണ തിരിച്ചുനല്‍കിയ സ്വാമികളുടെ തൊഴില്‍ സംസ്‌ക്കാരം, നോക്കുകൂലിയുടെ വര്‍ത്തമാനകാല തൊഴില്‍ സംസ്‌കാരവുമായി താരതമ്യം അര്‍ഹിക്കുന്നില്ല.
രാമന്‍ പിള്ള ആശാന്‍ മുന്‍കൈ എടുത്തു സ്ഥാപിച്ച ജ്ഞാനപ്രജാഗരം എന്ന പണ്ഡിതസഭ കുഞ്ഞന്‍പിള്ള ചട്ടമ്പിയെ സംബന്ധിച്ചിടത്തോളം തേടിയ വള്ളിയായി ഭവിച്ചു. ഈ സഭയിലെ പ്രഭാഷകരായെത്തിയ പലരും കുഞ്ഞന്‍പിള്ള ചട്ടമ്പിയുടെ ഗുരുനാഥന്മാരായി. കുഞ്ഞന്‍ പിള്ളയെ ഹഠയോഗം പഠിപ്പിച്ച തൈക്കാട് അയ്യാസ്വാമി, തമിഴ് വേദാന്തവും തമിഴ് വ്യാകരണവും പഠിപ്പിച്ച, മഹാരാജാസ് കോളേജ് (ഇന്നത്തെ യൂണിവേഴ്‌സിറ്റി കോളേജ്) പ്രൊഫസര്‍ സ്വാമിനാഥ ദേശികന്‍, ഇംഗ്ലീഷ് സാഹിത്യം പരിചയപ്പെടുത്തിയ മനോന്‍മണിയം സുന്ദരന്‍ പിള്ള എന്നിവര്‍ അവരില്‍ ഉള്‍പ്പെടുന്നു. സ്വാമികളുടെ ജീവിതത്തെത്തന്നെ മാറ്റി മറിച്ച ചരിത്രസംഗമമായിരുന്നു കുഞ്ഞന്‍പിള്ളയും, അന്നത്തെ തെക്കേ ഇന്ത്യയിലെതന്നെ ഏറ്റവും പ്രസിദ്ധപണ്ഡിതനായ സുബ്ബജടാപാഠികളും തമ്മിലുണ്ടായത്. ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തില്‍ നടന്ന പണ്ഡിത സദസ്സിനെത്തിയ സുബ്ബജടാപാഠികള്‍ക്ക് സ്വാമിനാഥ ദേശികന്‍ കുഞ്ഞന്‍പിള്ളയെ പരിചയപ്പെടുത്തി. പ്രഥമദൃഷ്ടിയില്‍ത്തന്നെ കുഞ്ഞന്‍ പിള്ളയില്‍ അസാധാരണനായ ഒരു ശിഷ്യനെ ദര്‍ശിച്ച ആ മഹാഗുരു കുഞ്ഞന്‍പിള്ളയെ തന്റെ ആസ്ഥാനമായ തമിഴ്‌നാട്ടിലെ കല്ലടക്കുറിച്ചിയിലേക്ക് വരുവാന്‍ ആവശ്യപ്പെട്ടു. രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും ഒന്ന് എന്നപോലെ അപ്പോള്‍ത്തന്നെ ആ ക്ഷണം സ്വീകരിക്കുകയും ഗുരുവിനൊപ്പം കുഞ്ഞന്‍ പിള്ള കല്ലടക്കുറിച്ചിയിലേക്ക് യാത്രതിരിക്കുകയും ചെയ്തു.
തുടര്‍ന്നുള്ള 5 വര്‍ഷം, മക്കളില്ലാത്ത സുബ്ബജടാപാഠി ദമ്പതികളുടെ മകനെപ്പോലെതന്നെ കുഞ്ഞന്‍ പിള്ള കല്ലടക്കുറിച്ചിയില്‍ താമസിച്ചു. ഭാരതത്തിലെ തന്നെ പ്രഗത്ഭരായ പണ്ഡിതന്മാര്‍ നിരന്തര സന്ദര്‍ശനം നടത്തുകയും സംവാദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്ത ആ ഗുരുകുലമാണ് കുഞ്ഞന്‍പിള്ളയെ വിദ്യാധിരാജനായി പരിവര്‍ത്തിപ്പിച്ചത്. വേദാന്തം, വ്യാകരണം, തര്‍ക്കം, നിരുക്തം, ജ്യോതിഷം, സാഹിത്യം, ശാസ്ത്രം, സംഗീതം, വാദ്യോപകരണങ്ങള്‍, സിദ്ധവൈദ്യം തുടങ്ങി വൈവിദ്ധ്യമാര്‍ന്ന വിവിധ മേഖലകളിലുള്ള വൈദഗ്ദ്ധ്യം നേടുവാന്‍ കുഞ്ഞന് അവസരം ലഭിച്ചത് കല്ലടക്കുറിച്ചിയിലും സമീപപ്രദേശങ്ങളിലുമാണ്. അവിടെനിന്നും സാദ്ധ്യമായ എല്ലാ അറിവും കുഞ്ഞന്‍പിള്ള നേടി. ഗുരുവിനുപരി, പിതൃതുല്യനായ സുബ്ബജടാപാഠികളുടെ അനുവാദം വാങ്ങി ഭാരത പര്യടനം നടത്തുവാന്‍ കുഞ്ഞന്‍ പിള്ള ആഗ്രഹിച്ചു. അനുമതിക്കായി കുഞ്ഞന്‍പിള്ള ഗുരുവിനെ സമീപിച്ചു. തനിക്കുശേഷം ആ വിദ്യാപീഠത്തിന്റെ അധിപനായി കുഞ്ഞന്‍പിള്ള ഉണ്ടാവണമെന്ന് സുബ്ബജടാപാഠികള്‍ ആഗ്രഹിച്ചു. എന്നാല്‍ കുഞ്ഞന്‍പിള്ളയുടെ നിയോഗം മറ്റൊന്നാണ് എന്നു മനസ്സിലാക്കിയ ഗുരു ശിഷ്യന്റെ ആഗ്രഹം അംഗീകരിച്ചു.
കുഞ്ഞന്‍ പിള്ള തന്റെ യാത്ര ആരംഭിച്ചു. ഈ യാത്രയിലാണ് കുഞ്ഞന്‍പിള്ള മര്‍മ്മാധിരാജനായത്. കുമാരവേലു നാടാര്‍ എന്ന് പൂര്‍വ്വാശ്രമനാമമുള്ള ആത്മാനന്ദസ്വാമികളെ കണ്ടുമുട്ടുകയും, ശിവരാജയോഗത്തിലും, മര്‍മ്മവിദ്യയ്ക്കു പ്രാധാന്യമുള്ള തെക്കന്‍ കളരിയിലും വൈദഗ്ദ്ധ്യം നേടുകയും ചെയ്തു. കൂടാതെ കന്യാകുമാരിയില്‍ വച്ചു കണ്ടുമുട്ടിയ ക്രിസ്ത്യന്‍ പാതിരിയില്‍ നിന്നും ബൈബിളും ക്രിസ്തുമതവും സംബന്ധിച്ച അറിവു നേടുവാനും, ഒരു സൂഫിപണ്ഡിതനില്‍ നിന്നും ഖുറാന്‍ സംബന്ധമായ അറിവുനേടുവാനും സാധിച്ചു. തുടര്‍ന്ന് ആസേതുഹിമാചലമുള്ള തീര്‍ത്ഥസ്ഥലങ്ങളും ജ്ഞാനകേന്ദ്രങ്ങളും ഒരു ജ്ഞാനാര്‍ത്ഥിയായി സന്ദര്‍ശിച്ചു. ഒടുവില്‍ തമിഴ്‌നാട്ടില്‍ തിരിച്ചെത്തി, പതിനെട്ടു സിദ്ധന്മാരുടേതുള്‍പ്പെടെയുള്ള പവിത്രസ്ഥലങ്ങളും മറ്റ് ശൈവസിദ്ധാന്ത കേന്ദ്രങ്ങളും സന്ദര്‍ശിച്ച് തെക്കന്‍ തമിഴ്‌നാട്ടില്‍ പ്രവേശിച്ചു. തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രാമദ്ധ്യേ വടിവീശ്വരത്തു വച്ച് പ്രാകൃതരൂപിയായ ഒരു അവധൂതസന്ന്യാസിയില്‍ നിന്നും ആത്മസാക്ഷാത്ക്കാരം നേടി ബ്രഹ്‌മജ്ഞനായി.
തിരുവനന്തപുരത്തു തിരിച്ചെത്തിയ കുഞ്ഞന്‍പിള്ള ചട്ടമ്പി ലോകോപകാരാര്‍ത്ഥമുള്ള ഗവേഷണം, പഠനം, തത്വപ്രകാശനം എന്നിവ തുടര്‍ന്നുകൊണ്ടിരുന്നു. അങ്ങനെയാണ് കുഞ്ഞന്‍പിളള കൂപക്കര മഠത്തില്‍ എത്തിച്ചേരുന്നത്. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റെ ഭരണസമിതിയായ എട്ടരയോഗത്തിലെ (8 പോറ്റിമഠങ്ങളും പകുതി സ്ഥാനമുള്ള രാജാവും) പ്രധാനപോറ്റിമാരില്‍ ഒരാളായ കൂപക്കരപ്പോറ്റിയെ സമീപിച്ചു. പൊടിപിടിച്ചും അടുക്കുംചിട്ടയില്ലാതെയും കിടക്കുന്ന താളിയോലഗ്രന്ഥങ്ങള്‍ എല്ലാം വൃത്തിയാക്കി അടുക്കി വയ്ക്കാം എന്ന കുഞ്ഞന്‍പിള്ളയുടെ നിര്‍ദ്ദേശം അംഗീകരിച്ച പോറ്റി കുഞ്ഞന്‍പിള്ളയെ ഗ്രന്ഥപ്പുരയില്‍ കടക്കുവാന്‍ അനുവദിച്ചു. മൂന്നു രാവും പകലും ആ ഗ്രന്ഥപ്പുരയിലെ അരണ്ട വെളിച്ചത്തില്‍ കഴിഞ്ഞുകൂടിയ കുഞ്ഞന്‍പിള്ളക്ക് ആ ഗ്രന്ഥശേഖരത്തിലൂടെ കടന്നു പോകുവാനുള്ള അവസരം ലഭിച്ചു. ദൗത്യം പൂര്‍ത്തിയാക്കിയ കുഞ്ഞന്‍പിള്ള പുറത്തുവന്നപ്പോള്‍ എല്ലാം പഠിച്ചുവോ എന്ന പോറ്റിയുടെ ഫലിതരൂപേണയുള്ള ചോദ്യത്തിന് വേണ്ടതെല്ലാം മനസ്സിലാക്കി എന്ന് മറുപടി നല്‍കി. കുഞ്ഞന്‍ പിള്ളയെ ഒന്നു പരിഹസിക്കുവാനായി പോറ്റി ചില ചോദ്യങ്ങള്‍ ഉയര്‍ത്തി. കൂപക്കര ഗ്രന്ഥശാലയില്‍ ലഭ്യമല്ലാത്ത സപ്തര്‍ഷി സംവാദം എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കി കാര്യകാരണ സഹിതം ലളിതമായ രീതിയില്‍ ചോദ്യത്തിന് വിശദമായ ഉത്തരം നല്‍കി കുഞ്ഞന്‍പിള്ള പോറ്റിയെ അതിശയിപ്പിച്ചു. തന്റെ തെറ്റുമനസ്സിലാക്കിയ പോറ്റി ഇരുകൈകളും കുഞ്ഞന്‍പിള്ളയുടെ ശിരസ്സിലേക്കുയര്‍ത്തി നീ വിദ്യാധിരാജനാണ് എന്ന് അനുഗ്രഹിച്ചു.
അന്നത്തെ കേരളസമൂഹത്തെ ഗ്രസിച്ചിരുന്ന ജാതിവിവേചനവും അനാചാരങ്ങളും ക്ഷേത്രങ്ങളിലെ ജന്തുബലിയും അവസാനിപ്പിക്കുന്നതിന് സ്വാമികള്‍ പരിശ്രമിച്ചു. അറിവിന്റെ വെളിച്ചം സമൂഹത്തിനു നിഷേധിച്ച പുരോഹിതവര്‍ഗ്ഗമാണ് കേരളത്തെ ഇരുട്ടിലേക്ക് തള്ളിവിട്ടത്എന്നു സ്വാമികള്‍ മനസ്സിലാക്കി. അന്നത്തെ അറിവിന്റെ ഉറവിടമായ വേദങ്ങളും അനുബന്ധ ഗ്രന്ഥങ്ങളും പൊതുസമൂഹത്തിന് അപ്രാപ്യമാക്കുന്നതില്‍ പൗരോഹിത്യം വിജയിച്ചു. വിദ്യാഭ്യാസവും വിജ്ഞാനസ്രോതസ്സുകളുടെ ഉപയോഗവും ഭൂരിപക്ഷം ജനങ്ങള്‍ക്ക് നിഷേധിക്കുന്നതിലൂടെ ഭൗതികസമ്പത്ത് ആര്‍ജ്ജിക്കുന്നതിനും പോഷിപ്പിക്കുന്നതിനുമുള്ള അവരുടെ സാദ്ധ്യതകളെ തടയുക എന്ന തന്ത്രമായിരുന്നു വേദ/സംസ്‌കൃത പഠനനിഷേധം. കേരളസമൂഹത്തിലെ ഭൂരിപക്ഷവും പോരാളിവര്‍ഗ്ഗവുമായ നായര്‍ വിഭാഗത്തെ ശൂദ്രരാക്കി തരംതാഴ്ത്തിയ പൂരോഹിതര്‍, ജാതിശ്രേണിയില്‍ ശൂദ്രര്‍ മുതല്‍ താഴോട്ടുള്ള വിഭാഗങ്ങള്‍ക്കൊപ്പം സ്ത്രീകള്‍ക്കും വേദപഠനം നിഷേധിച്ചു. തങ്ങളുടെ അധീശത്വം ഉറപ്പിക്കുവാന്‍ രാജാധികാരത്തെയും അവര്‍ വശത്താക്കി. കടുത്ത ശിക്ഷനല്‍കി കേരളസമൂഹത്തെ ചൊല്‍പ്പടിയില്‍ നിര്‍ത്തുവാന്‍ പൗരോഹിത്യത്തിനു സാധിച്ചു. പുരോഹിതദാസ്യം പൗരോഹിത്യഭക്തിയായി വികസിച്ചു. അവര്‍ പ്രചരിപ്പിച്ച, പലപ്പോഴും പരസ്പരവിരുദ്ധമായ, ആശയങ്ങളും കഥകളും സമൂഹം വിശ്വസിച്ചു. ഈശ്വരാരാധന ഭൂസുരപൂജയായി അധ:പതിച്ചു.
ഈ സാഹചര്യം ബോദ്ധ്യപ്പെട്ട സ്വാമികള്‍, പുരോഹിതവിരചിതമായ ഗ്രന്ഥങ്ങളിലെ വൈരുദ്ധ്യങ്ങളെ ഉപയോഗിച്ചുകൊണ്ടു തന്നെ, പൗരോഹിത്യം അടിച്ചേല്‍പ്പിച്ച വേദപഠനനിഷേധത്തെ ഖണ്ഡിച്ചു. ആര്‍ക്കും നിഷേധിക്കാനാവാത്ത ദൃഷ്ടാന്തങ്ങളിലൂടെ വേദപഠനവും ജ്ഞാനസമ്പാദനവും ഏതു മനുഷ്യന്റെയും ജന്മാവകാശമാണെന്നു സ്ഥാപിച്ചുകൊണ്ട് സ്വാമികള്‍ രചിച്ച വേദാധികാരനിരൂപണം എന്ന ഗ്രന്ഥം പൗരോഹിത്യനിഷേധത്തെ തകര്‍ക്കുന്ന വജ്രായുധമായി ഭവിച്ചു. പൗരോഹിത്യധാര്‍ഷ്ട്യം ആമാശയബദ്ധമാണ്, അല്ലാതെ ആശയബദ്ധമല്ല, എന്ന തിരിച്ചറിവു സമൂഹത്തിനു പകര്‍ന്നു കൊടുക്കുവാന്‍ ഈ ഗ്രന്ഥത്തിനായി. പൗരോഹിത്യ അഹന്ത എതിര്‍ക്കപ്പെടാവുന്നതാണ് എന്ന ധൈര്യം സമൂഹത്തിനു പകര്‍ന്നുകൊടുക്കുവാന്‍ ഈ ഗ്രന്ഥത്തിലൂടെ സ്വാമികള്‍ക്ക് കഴിഞ്ഞു. അങ്ങനെ കേരളനവോത്ഥാനത്തിന്റെ ആശയത്തുടക്കമായി വേദാധികാര നിരൂപണം മാറി. സ്വാമികളുടെ ഗവേഷണപരമായ ഗ്രന്ഥങ്ങളായ പ്രാചീനമലയാളവും, ആദിഭാഷയുമൊക്കെ വേദാധികാര നിരൂപണമെന്ന തീപ്പന്തത്തിന്റെ ചൂടു വര്‍ദ്ധിപ്പിച്ചു. കേരളനവോത്ഥാനത്തിന്റെ ആശയ അടിത്തറയായി മാറിയ ഈ ഗ്രന്ഥങ്ങളിലൂടെയും, സമൂഹത്തില്‍ നിലനിന്ന അനാചാരങ്ങള്‍ക്കെതിരെയുള്ള ധീരമായ ഇടപെടലിലൂടെയും കേരളനവോത്ഥാന നായകരില്‍ പ്രഥമഗണനീയനായി സ്വാമികള്‍ അംഗീകരിക്കപ്പെടുന്നു.
ചട്ടമ്പി സ്വാമികളുടെ സമാധി ശതാബ്ദിയോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ വള്ളികുന്നം ഗ്രാമത്തില്‍ വിദ്യാധിരാജ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റെ ക്യാമ്പസ്സില്‍ സ്ഥാപിച്ചിരിക്കുന്ന ചട്ടമ്പി സ്വാമികളുടെ ലോകത്തെ ഏറ്റവും വലിയ പ്രതിമ.
ജീവകാരുണ്യ നിരൂപണം
സ്വാമികളുടെ കാലാതീതമായ രചനയാണ് ജീവകാരുണ്യ നിരൂപണം എന്ന ഗ്രന്ഥം. ജന്തുരാശികളും സസ്യജാലങ്ങളും തന്റെ ജീവന്റെ ഭാഗം തന്നെ എന്നു കണ്ട സ്വാമികള്‍ ആ കാരുണ്യത്തിനു യുക്തിസഹമായ വ്യാഖ്യാനം നല്‍കുവാനായാണ് ജീവകാരുണ്യ നിരൂപണം എന്ന ഗ്രന്ഥം രചിച്ചത്. സഹജീവികളുടെ ജീവചലനങ്ങള്‍ തന്റെ സ്വന്തം ഹൃദയത്തുടിപ്പായി അനുഭവിക്കുന്ന മഹാകാരുണികനായ സ്വാമികള്‍ സ്‌നേഹകാരുണ്യ മഹിമയെ യുക്തിബദ്ധമായി സംഗ്രഹിക്കുകയാണിവിടെ. പ്രേമസ്വരൂപനാണ് താന്‍ എന്നു തിരിച്ചറിയുന്ന മഹായോഗികള്‍ക്ക് അഹിംസ ഒരു സ്വാഭാവിക ജീവിതവ്രതമാണ്.
മനുഷ്യമനസ്സിന്റെ ഉദാത്തവും വൈശിഷ്ട്യമാര്‍ന്നതുമായ വികാരം സ്‌നേഹമാണെന്നതാണ് വിദ്യാധിരാജ ദര്‍ശനത്തിന്റെ ആത്മാവ്. ജീവകാരുണ്യ നിരൂപണം അഹിംസയുടെ ശാസ്ത്രീയതയും സമഗ്രതയും യുക്തിയുമാണ് വിശകലനം ചെയ്യുന്നത്. മാംസഭുക്കുകളും സസ്യഭുക്കുകളും ജന്മനാ വ്യത്യസ്തരാണ് എന്നതാണ് സ്വാമികളുടെ ചിന്ത. അഹിംസയുടെ മഹത്വം സ്ഥാപിക്കുന്നതിനായി സ്വാമികള്‍ പാശ്ചാത്യ ഭിഷഗ്വരന്മാരെയും പ്രകൃതി ശാസ്ത്രജ്ഞന്മാരെയും ഇവിടെ യഥോചിതം ഉദ്ധരിക്കുന്നുണ്ട്.
സമസ്തജീവജാലങ്ങളും സമതയോടെ പുലരുന്ന ഭൂപ്രകൃതിയായിരുന്നു സ്വാമികളുടെ പ്രകൃതിദര്‍ശനത്തിന്റെ കാതല്‍. ഒരു ജീവിയെയും ദ്രോഹിക്കാത്ത ശുദ്ധമായ അഹിംസയില്‍ അധിഷ്ഠിതമാണ് സ്വാമികളുടെ പ്രകൃതിദര്‍ശനം. നാക്കിലും വാക്കിലും അഹിംസാപാലകരായിരുന്നു സ്വാമികളും ശിഷ്യന്മാരും. സ്വാമികളുടെ ആതിഥേയത്വം ആഗ്രഹിച്ചിരുന്നവരോടുള്ള ആദ്യചോദ്യം ഇവിടെ ആദ്യാവതാര സേവയുണ്ടോ (മത്സ്യം) എന്നായിരിക്കും. മത്സ്യമാംസാദി പാചകം ചെയ്യുന്നിടം ശ്മശാനതുല്യമെന്നായിരുന്നു സ്വാമികള്‍ കരുതിയിരുന്നത്. അഹിംസാതത്വത്തെ സാക്ഷാത്കരിച്ച് അതിനെ സ്വജീവിതത്തില്‍ പ്രായോഗികമാക്കി പ്രചരിപ്പിച്ച ആത്മീയാചാര്യനാണ് ചട്ടമ്പിസ്വാമികള്‍.
എം.ആര്‍.മാധവവാര്യര്‍ സ്വാമികളുടെ ജീവകാരുണ്യത്തെ ഇങ്ങനെയാണ് രേഖപ്പെടുത്തിയത്.
ഉറുമ്പീച്ചയും പാറ്റ പാമ്പും ഭവാനില്‍
കുറുമ്പെന്നിയെ ചെന്നു കൂടെക്കിടന്നും
ചെറുപ്രാണികള്‍ക്കങ്ങു ചേതോവിഹാരം
പെറും നല്ല ചങ്ങാതിയായിട്ടിരുന്നു.
സ്വാമികള്‍ ഉറുമ്പുകളുമായി സൗഹൃദത്തിലിരിക്കുന്ന സമയത്ത് എത്തിയ ചിത്രമെഴുത്തു കെ.എം.വര്‍ഗ്ഗീസ്, സ്വാമീ ഉറുമ്പുകള്‍ക്ക് നമ്മുടെ വിചാരങ്ങള്‍ എങ്ങനെയാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത് എന്ന് ചോദിച്ചു. അതിനു സ്വാമികള്‍ പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു:
‘നാം അവയെ സ്‌നേഹിക്കുന്നുണ്ട് എന്ന് ആ വസ്തുവിനു തീര്‍ത്തും ബോദ്ധ്യമായാല്‍ അവയും നമ്മെ സ്‌നേഹം കൊണ്ടുപൊതിയും. അവയ്ക്ക് അതു മനസ്സിലാവണമെന്നു മാത്രം. സ്‌നേഹത്തിന്റെ ശക്തിക്ക് പരിമിതികളില്ല. ഉറുമ്പുകള്‍ക്ക് നമ്മുടെ ചിന്തകള്‍ മനസ്സിലാക്കാനുള്ള കഴിവുണ്ട്. കാരണം അവ നമ്മില്‍ നിന്നും വ്യത്യസ്തമല്ല. ഈ പ്രപഞ്ചം മുഴുവന്‍ ഒറ്റ മനസ്സാണ്. മനസ്സിനും മനസ്സിനുമിടയ്ക്ക് ശൂന്യതയില്ല.’
ജീവകാരുണ്യ ദര്‍ശനം
ജീവകാരുണ്യം മനുഷ്യന്റെ ഔദാര്യമല്ല, സഹജീവികളുടെ അവകാശമാണ്. ഒരു അദ്വൈതിക്ക് ഘോരസര്‍പ്പവും മാന്‍പേടയും ഒരേപോലെയാണ്. അവയ്ക്ക് നമ്മുടെയും നമുക്ക് അവയുടെയും ആവാസവ്യവസ്ഥ തകര്‍ക്കുവാന്‍ അവകാശമില്ല. ഭൂമിയില്‍ ജീവന്റെ നിലനില്‍പ്പിനാവശ്യമായ വ്യവസ്ഥ സംരക്ഷിക്കുവാന്‍ ഭൂമിയില്‍ ജീവജാലങ്ങളില്‍ വച്ച് കൂടുതല്‍ ബുദ്ധിയുള്ള വര്‍ഗ്ഗമായ മനുഷ്യര്‍ ബാധ്യസ്ഥരാണ്. പക്ഷിമൃഗാദികളെ മനുഷ്യര്‍ക്ക് ഭക്ഷണമായി സൃഷ്ടിച്ചതാണ് എന്നു വാദിക്കുന്നവരോട്സിംഹം, കടുവ, പുലി തുടങ്ങിയ ജീവികള്‍ മനുഷ്യനെയും കൊന്നു തിന്നുന്നതിനാല്‍ അവയുടെ ആഹാരമായിട്ടാണ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് എന്നു ചിന്തിക്കേണ്ടിവരുമല്ലോ എന്നാണ് സ്വാമികളുടെ മറുപടി. ജന്തുബലി തുള്ളല്‍ തുടങ്ങിയ ദുരാചാരങ്ങളെ നീക്കി വൈദികവും സാത്വികവും സമ്പന്നവുമായ ഒരു ഹിന്ദുമതം ജനസാമാന്യത്തിനിടയില്‍ ഉറപ്പിക്കുവാനാണ് സ്വാമികള്‍ ശ്രമിച്ചത്.
ചെറുപ്രായം മുതല്‍ തന്നെ സകലജീവജാലങ്ങളെയും ഒരുപോലെ സ്‌നേഹിക്കുവാന്‍ സ്വാമികള്‍ക്ക് കഴിഞ്ഞു. കടുവ, സിംഹം, സര്‍പ്പം, പട്ടി, എറുമ്പ് തുടങ്ങിയ ജന്തുക്കളോട് സംവദിക്കുവാനുള്ള കഴിവ് സ്വാമികള്‍ക്കുണ്ടായിരുന്നു. സ്വാമിക്കടുത്തെത്തിയാല്‍ ഹിംസ്രജന്തുക്കള്‍ പോലും അനുസരണയുള്ള സാധുമൃഗങ്ങളാവും എന്ന് സ്വാമികളുടെ സമകാലികനായ വള്ളത്തോള്‍ നാരായണമേനോന്‍ താഴെപ്പറയുന്ന കവിതാശകലത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
ശാന്തിയെപ്പരത്തുമാ സ്വാമിതന്‍ മുന്നില്‍ ചെന്നാല്‍
ശാര്‍ദ്ദുലഭുജംഗാദി ഹിംസ്രജന്തുക്കള്‍പോലും
ചിക്കെന്നു ഭാവം മാറി ശിഷ്യര്‍ പോലൊതുക്കത്തില്‍
നില്‍ക്കയേ പതിവുള്ളു ഹാ! തൊഴാം തപോരാശേ…
ജീവകാരുണ്യ നിരൂപണം എന്ന ഗ്രന്ഥത്തിലൂടെയും സ്വജീവതത്തിലൂടെയും സ്വാമികള്‍ ലോകസമക്ഷം അവതരിപ്പിച്ച മഹത് ദര്‍ശനമാണ് ജീവകാരുണ്യ ദര്‍ശനം. ജീവകാരുണ്യ ദേവനായി ജീവിച്ച് സമാധിയായ സ്വാമികളുടെ ജീവകാരുണ്യ ദര്‍ശനം അശാന്തിയുടെ വര്‍ത്തമാനകാല ലോകത്ത് എറ്റവും പ്രസക്തിയേറിയ ദര്‍ശനമാണ്.
നാം ശ്വസിക്കുന്ന വായുവിലൂടെയും കുടിക്കുന്ന ജലത്തിലൂടെയും നിരവധി ജീവാണുക്കളെ നാം ബോധപൂര്‍വ്വമായല്ലാതെ കൊല്ലുന്നുണ്ട് എങ്കിലും ഹിംസയുടെ പരിധിയില്‍ അതു വരുന്നില്ല. നാം ബോധപൂര്‍വ്വം നടത്തുന്ന ഹിംസയെയാണ് സ്വാമികള്‍ ഹിംസയായി കരുതിയിരുന്നുത്.
ഈ ലോകം ഇവിടെയുള്ള എല്ലാ ജീവികളുടെയും സ്വന്തമാണ് എന്നും ആയതിനാല്‍ അവയെ ആട്ടിയകറ്റുവാന്‍ മനുഷ്യന് അവകാശമില്ല എന്നും സ്വാമികള്‍ ചിന്തിച്ചു. സസ്യങ്ങള്‍ക്ക് ജീവനുണ്ട് എങ്കിലും, മൂന്നും നാലും അഞ്ചും ഇന്ദ്രിയങ്ങളുള്ള ജീവികളുടെ വേദനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു ഇന്ദ്രിയം മാത്രമുള്ള സസ്യങ്ങളുടെ വേദന തുലോം തുച്ഛമാണ് എന്ന് സ്വാമികള്‍ വിലയിരുത്തി.
വേദനിപ്പിക്കപ്പെടാനും കൊല്ലപ്പെടാനും ഒരുജീവിയും ആഗ്രഹിക്കുന്നില്ല. ഏതൊരു ജീവിയുടെയും ഏറ്റവും വലിയ ഭയം മരണഭയമാണ്. നമുക്കുണ്ടാവുന്ന ഇതേ ഭയം തന്നെയാണ് നാം ഉപദ്രവിക്കുന്ന ജീവിക്കും ഉണ്ടാവുന്നത് എന്നു തിരിച്ചറിയാന്‍ കഴിയുന്നത് മനുഷ്യനു മാത്രമാകയാല്‍, ഒരു ജീവിയെയും വേദനിപ്പിക്കുകയോ കൊല്ലുകയോ ചെയ്യരുത്. ആഹാരത്തിനു വേണ്ടി ജന്മവാസനയാല്‍ മറ്റു ജീവികളെ ഹിംസിക്കുന്ന സിംഹം, കടുവ തുടങ്ങിയ ജീവികളെ ദുഷ്ടമൃഗങ്ങള്‍ എന്നു വിളിക്കുന്നതിലൂടെ ഹിംസ ഒരു ദുഷ്ടകൃത്യമാണ് എന്ന് മനുഷ്യന്‍ തിരിച്ചറിയുന്നുണ്ട് എങ്കിലും അന്യജീവികളെ ഹിംസിക്കുവാന്‍ അതു മനുഷ്യനു തടസ്സമാകുന്നില്ല.
സകല ജീവികളിലും കുടികൊള്ളുന്നത് ഒരേ പരമാത്മാവിന്റെ ചൈതന്യമാണ് എന്നതായിരുന്നു സ്വാമികളുടെ ജീവകാരുണ്യദര്‍ശനത്തിന്റെ സത്ത. മറ്റു ജീവികളിലും തന്റെ തന്നെ ആത്മാവിന്റെ പ്രതിരൂപമാണ് ഉള്ളതെന്ന തിരിച്ചറിവ് എല്ലാ മനുഷ്യരുടെയും മനസ്സില്‍ എത്തിക്കുവാന്‍ കഴിഞ്ഞാല്‍ എല്ലാവിധ ഹിംസയില്‍ നിന്നും മുക്തനാവാന്‍ അവനു കഴിയും. മറ്റു ജീവികള്‍ക്കും വേദനയും മരണഭയവുമുണ്ടെന്നു തിരിച്ചറിയുവാന്‍ കഴിയുന്ന ഏക ജീവി മനുഷ്യനാകയാല്‍, മറ്റു ജീവികളെ വേദനിപ്പിക്കാതിരിക്കുവാനും കൊല്ലാതിരിക്കുവാനും മനുഷ്യനു സാധിക്കണം. എല്ലാ ജീവികള്‍ക്കും ഈ പ്രപഞ്ചത്തില്‍ തുല്യ അവകാശമാണ് ഉള്ളതെന്നതുകൊണ്ടു തന്നെ തുല്യനീതി ഓരോ ജീവിയുടെയും ജന്മാവകാശമാണ്. ഒരു തരത്തിലുള്ള വിവേചനത്തെയും സ്വാമികള്‍ അംഗീകരിച്ചിരുന്നില്ല.
മനുഷ്യന്റെ കടമ
ഭൂമിയിലെ ഏറ്റവും ബുദ്ധിയുള്ള ജീവി എന്ന നിലയില്‍ സ്വന്തം ആവാസവ്യവസ്ഥ സംരക്ഷിച്ചിരുന്ന പോലെ, സഹജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുവാനുള്ള കടമയും മനുഷ്യനുണ്ട്. അതില്‍ നാം വരുത്തിയ വീഴ്ചയുടെ ഫലമാണ്, സമീപകാലത്തെ അരിക്കൊമ്പന്‍ സംഭവം പോലെയുള്ള നിരവധി മനുഷ്യ-മൃഗ സംഘട്ടനങ്ങള്‍ക്ക് കാരണമാവുന്നത്. വംശനാശം സംഭവിക്കുന്ന ജീവികളും, വായുവിന്റെയും ജലത്തിന്റെയും മണ്ണിന്റെയും മലിനീകരണവും ഒക്കെ മനുഷ്യന്റെ നാശത്തിന്റെ മുന്നോടിയാണെന്നു ശാസ്ത്രലോകം മുന്നറിയിപ്പു നല്‍കുന്നുണ്ട്. മരവും, നദിയും, പക്ഷികളും, മൃഗങ്ങളും, മനുഷ്യരും ഒക്കെ പരസ്പരാശ്രിതരാണെന്നും, അവ പരസ്പരസ്‌നേഹത്തോടെ വര്‍ത്തിക്കുകയാണ് ഭൂമിയില്‍ ജീവന്റെ നിലനില്‍പ്പ് ഉറപ്പാക്കുവാനുള്ള രഹസ്യം എന്നും, ഒരു നൂറ്റാണ്ടിനു മുമ്പ്തന്നെ, സ്വാമികള്‍ പ്രഖ്യാപിച്ചു. ജീവകാരുണ്യത്തിന്റെ ഉദാത്തമായ ദര്‍ശനം ജീവിതചര്യയാക്കിയ സ്വാമികള്‍ മനുഷ്യനും മനുഷ്യനും തമ്മില്‍ ഒരു ഭേദവും കണ്ടില്ല. സ്വാമികളുടെ മഹത്തായ ആ ദര്‍ശനപ്രയോഗത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ശാസ്താംകോട്ട സംഭവം. 1907-ല്‍ പൊതുനിരത്തിലൂടെ ഹോയ് ഹോയ് വിളിയോടെ വരുന്ന നമ്പൂതിരിയെക്കണ്ട് ഓടിയകലാന്‍ ശ്രമിച്ച, അശുദ്ധജാതിക്കാരന്റെ പട്ടികയില്‍പ്പെട്ട, മനുഷ്യനെ ചേര്‍ത്തുപിടിച്ചുകൊണ്ട്, അയിത്തോച്ഛാടനത്തിനുള്ള കാലം അതിക്രമിച്ചിരിക്കുന്നു എന്നു പ്രഖ്യാപിച്ച സ്വാമികള്‍ സ്വന്തം ദര്‍ശനം ജീവിതത്തില്‍ പകര്‍ത്തിയ മഹാത്മാവായിരുന്നു.
ഇവിടെ അഹിംസയും സ്‌നേഹവും അഭിന്നമാകുന്നു. ഭയം അഭയത്തില്‍ വിലീനമാകുന്നു. മാനവികതയില്‍ നിന്നും ദൈവികതയിലേക്ക് മനുഷ്യനെ ആനയിക്കുവാന്‍ ചട്ടമ്പിസ്വാമികളുടെ ദര്‍ശനം ഒരു നിയോഗമാവുന്നു. ഈ ജീവകാരുണ്യദര്‍ശനം തന്നെയാണ് ജാതിക്കതീതമായി ചിന്തിക്കുവാനും പരസ്പരം സ്‌നേഹിക്കുവാനും സമൂഹത്തെ പ്രാപ്തമാക്കുവാനുള്ള പ്രേരണ. സ്‌നേഹം കൊണ്ട് ലോകമനസ്സിന്റെ വൈകല്യത്തെ ചികിത്സിച്ചു ഭേദമാക്കാമെന്ന വൈദ്യവിദ്യയാണ് സ്വാമികളുടെ ജീവകാരുണ്യദര്‍ശനത്തിന്റെ സത്ത.
തീര്‍ത്ഥപാദ ആശ്രമങ്ങള്‍
സമൂഹത്തിനു മാര്‍ഗ്ഗദര്‍ശകവും പ്രയോജനകരവുമായ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തുവാനായാണ് ചട്ടമ്പിസ്വാമികളുടെ തൃതീയ സന്ന്യാസിശിഷ്യനായ തീര്‍ത്ഥപാദ പരമഹംസ സ്വാമികള്‍ വാഴൂര്‍ തീര്‍ത്ഥപാദ ആശ്രമം സ്ഥാപിച്ചത്. തീര്‍ത്ഥപാദ സ്വാമികളുടെ നേതൃത്വത്തില്‍ അരനൂറ്റാണ്ടിലധികം കാലം, ഹിന്ദുക്കളുടെ മതപരമായും, സാംസ്‌കാരികമായും, സംഘടനാപരവും ഭൗതികവുമായ നവോത്ഥാനത്തിന് ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വിവിധ സംഘടനകളുടെയും പുരോഗമനപ്രവര്‍നങ്ങളുടെയും തുടക്കത്തിനു തീര്‍ത്ഥപാദ സ്വാമികളുടെ പ്രവര്‍ത്തനം പ്രചോദനമായി. ജനങ്ങള്‍ക്കിടയില്‍ മതനിഷ്ഠയും, സര്‍വ്വസമുദായ മൈത്രിയും സംഘടനാ ബോധവും ഉറപ്പിക്കുവാന്‍ ഈ പ്രവര്‍ത്തനം സഹായകരമായി. ചട്ടമ്പിസ്വാമികളുടെ കൃതികളും മറ്റ് നിരവധി പുസ്തകങ്ങളും ലേഖനങ്ങളും, പത്രമാസികകളില്‍ പ്രസിദ്ധീകരിക്കുകയും തീര്‍ത്ഥപാദ സ്വാമികളും ശിഷ്യന്മാരും കേരളമങ്ങോളമിങ്ങോളം പ്രഭാഷണം നടത്തുകയും ചെയ്തു. പ്രലോഭനങ്ങളിലൂടെയുള്ള മതപരിവര്‍ത്തനത്തിനും, ജാത്യനാചാരങ്ങള്‍ക്കും, മതകലഹത്തിനും എതിരെ പ്രവര്‍ത്തിച്ചു. ചട്ടമ്പിസ്വാമികളുടെ ഷഷ്ഠിപൂര്‍ത്തിയോടനുബന്ധിച്ച് എഴുമറ്റൂരില്‍ വിദ്യാധിരാജ പരമഭട്ടാര ആശ്രമവും അദ്ദേഹം സ്ഥാപിച്ചു. തീര്‍ത്ഥപാദ പരമഹംസരുടെ സമാധിക്കുശേഷം വിദ്യാനന്ദ തീര്‍ത്ഥപാദ സ്വാമികള്‍ പ്രവര്‍ത്തനം തുടര്‍ന്നു. അത് ആത്മീയ പ്രവര്‍ത്തനത്തിലും, ഗ്രന്ഥനിര്‍മ്മാണം, പ്രസാധനം അടക്കമുള്ള ധൈഷണിക പ്രവര്‍ത്തനങ്ങളിലും വ്യാപിച്ചു. വാഴൂരില്‍ ഇന്നുള്ള സ്‌കൂളും കോളേജും സ്വാമികളുടെ പ്രവര്‍ത്തങ്ങളുടെ ഫലമായാണ് ഉണ്ടായത്. കുതിരവട്ടതകിടി എന്നറിയപ്പെട്ടിരുന്ന ആ പ്രദേശത്തെ ഇന്നത്തെ തീര്‍ത്ഥപാദപുരമാക്കിയത് വിദ്യാനന്ദതീര്‍ത്ഥപാദസ്വാമികളാണ്. ചട്ടമ്പിസ്വാമികള്‍ സമാധിയായ പന്മനയില്‍ കുമ്പളത്ത് ശങ്കുപ്പിള്ള സമാധിക്ഷേത്രവും ആശ്രമവും സ്ഥാപിച്ചു. വളരെക്കാലം വേദാന്തക്ലാസ്സുകളും ചര്‍ച്ചകളും തുടര്‍ച്ചയായി നടന്നിരുന്നു. നിരവധി സന്യാസിമാര്‍ അവിടെ താമസിക്കുകയും പഠിക്കുകയും ചെയ്തു വന്നു. എന്നാല്‍ സാമൂഹ്യപ്രവര്‍ത്തനങ്ങളിലൊന്നും ആശ്രമം അധികം ഇടപെട്ടിരുന്നില്ല.ഒരു തുള്ളി രക്തംപോലും ചിന്താതെ അക്ഷരങ്ങളുടെയും ആശയങ്ങളുടെയും അഗ്‌നിയില്‍ കേരളീയ സമൂഹത്തെ ശുദ്ധീകരിച്ച ചട്ടമ്പിസ്വാമികള്‍ എന്ന അതുല്യപ്രതിഭ നമുക്ക് നേടിത്തന്ന സമത്വസുന്ദരമായ ഒരു ലോകത്തെ, വിശ്വാസങ്ങളെയും ആചാരങ്ങളെയും സംസ്‌കാരത്തെയും നശിപ്പിച്ച് സാമ്പത്തിക, വര്‍ഗ്ഗ, വര്‍ണ്ണ വ്യത്യാസങ്ങളും അനാചാരങ്ങളും തിരികെയെത്തിച്ച് നരകമാക്കിത്തീര്‍ക്കുന്ന ദുഷ്ടശക്തികള്‍ പ്രവര്‍ത്തനനിരതമായിരിക്കുന്ന ഇക്കാലത്ത് വിദ്യാനന്ദതീര്‍ത്ഥപാദ സ്വാമികള്‍ തുടങ്ങിവച്ച പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കേണ്ടത് അനിവാര്യമായിരിക്കുന്നു.
വിദ്യാധിരാജ ഇന്റര്‍നാഷണലിന്റെ പ്രവര്‍ത്തനങ്ങള്‍
തീര്‍ത്ഥപാദ പരമഹംസ സ്വാമികളും നീലകണ്ഠതീര്‍ത്ഥപാദ സ്വാമികളും സ്വപ്‌നം കണ്ട സമഗ്രമായ പ്രവര്‍ത്തനപദ്ധതിയാണ് വിദ്യാധിരാജ ഇന്റര്‍നാഷണലിന്റെ നേതൃത്വത്തില്‍ ആലപ്പുഴ ജില്ലയിലെ വള്ളികുന്നത്തുള്ള വിദ്യാധിരാജപുരത്ത് തുടക്കമിട്ടിരിക്കുന്നത്.
ഒരു വ്യാഴവട്ടക്കാലം ചട്ടമ്പിസ്വാമികളും, ശ്രീനാരായണഗുരുദേവനും, നീലകണ്ഠതീര്‍ത്ഥപാദരും, തീര്‍ത്ഥപാദ പരമഹംസരും പ്രവര്‍ത്തന മണ്ഡലമാക്കിയ ഭൂമിയാണ് വള്ളികുന്നം. ഗോവിന്ദ ബ്രഹ്‌മാനുഭൂതിയായി പരിണമിച്ച ആറമ്പില്‍ ഗോവിന്ദന്‍ ഉണ്ണിത്താന്റെ നേതൃത്വത്തില്‍ നടന്ന അദ്വൈതസഭ ആത്മീയ, ഭൗതിക വിഷയങ്ങളില്‍ വെളിച്ചം പകര്‍ന്ന ഭൂപ്രദേശമാണ് ഇത്. എസ്.എന്‍.ഡി.പി. യോഗത്തിന്റെ രൂപീകരണവും അതിന്റെ നിയമാവലിയും സംബന്ധിച്ചും അദ്വൈതസഭ വിശദമായി ചര്‍ച്ച ചെയ്തിരുന്നു. വാഴൂര്‍, എഴുമറ്റൂര്‍ ആശ്രമങ്ങളുടെ രൂപരേഖ തയ്യാറാക്കിയതും ഇവിടെവച്ചാണ്. അതുപോലെ അയ്യന്‍കാളിയുടെയും, കെ.പി.കറുപ്പന്റെയും നേതൃത്വത്തിലുള്ള സാമൂഹ്യപരിഷ്‌കരണപ്രവര്‍ത്തനങ്ങളും അദ്വൈതസഭയില്‍ വിശദമായ ചര്‍ച്ചയ്ക്കു വിധേയമായിരുന്നു.
വിദ്യാധിരാജ ഇന്റര്‍നാഷണലിന്റെ ഉദ്ഘാടന കര്‍മ്മം ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വ്വഹിക്കുന്നു
ചട്ടമ്പിസ്വാമികളുടെ ജീവകാരുണ്യദര്‍ശനം ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിനായി രൂപീകരിച്ച വിദ്യാധിരാജ ഇന്റര്‍നാഷണല്‍ എന്ന സംഘടന ഈ സാഹചര്യത്തിലാണ് പ്രധാനമാവുന്നത്. 2023 ഫെബ്രുവരി മാസം 2-ാം തീയതി എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ വച്ച്, കൊളത്തൂര്‍ മഠാധിപതി ചിദാനന്ദപുരി സ്വാമികളുടെ സാന്നിദ്ധ്യത്തില്‍, കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് വിദ്യാധിരാജ ഇന്റര്‍നാഷണലിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. വിദ്യാധിരാജ ഇന്റര്‍നാഷണല്‍ അടിസ്ഥാന യൂണിറ്റായ ചാപ്റ്റര്‍ വഴിയാണ് അതിന്റെ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്നത്. വിദ്യാധിരാജ ഇന്റര്‍നാഷണലിന്റെ ദര്‍ശനത്തിനും നിയമാവലിക്കും വിധേയമായി സ്വതന്ത്രമായി പ്രവര്‍ത്തനം നടത്തുന്ന യൂണിറ്റുകളാണ് വിദ്യാധിരാജ ചാപ്റ്ററുകള്‍. ലോകത്ത് പലയിടങ്ങളില്‍ ചാപ്റ്ററുകള്‍ സ്ഥാപിച്ചുകൊണ്ടു വിദ്യാധിരാജ ഇന്റര്‍നാഷണല്‍ ജീവകാരുണ്യപ്രവര്‍ത്തനം നടത്തുന്നു. കോയമ്പത്തൂര്‍, മുംബൈ, ചെന്നൈ, അമേരിക്ക എന്നിവിടങ്ങളില്‍ വിദ്യാധിരാജ ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ അതിദ്രുതം നടന്നുവരുന്നു. അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ടവയെ ഇങ്ങനെ സംഗ്രഹിക്കാം.
1. അനീതിയെപ്പറ്റി മനുഷ്യന്‍ ചിന്തിക്കുന്നത് അതു തനിക്കു നേരെ വരുമ്പോഴാണ്. സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പരിഗണനകള്‍ക്കതീതമായി നിന്നുകൊണ്ട്, വിവേചനം നേരിടുന്ന ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍.
2. ആധുനിക മനുഷ്യന്റെ വളര്‍ച്ചയുടെയും വികാസത്തിന്റെയും അടിസ്ഥാനഘടകം വിദ്യാഭ്യാസമാണ് എന്നുള്ളതുകൊണ്ട് പൊതുധാരയില്‍ നിന്നും ആട്ടിയോടിക്കപ്പെടുന്ന സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്നവരെ വിദ്യാഭ്യാസത്തിലൂടെ ശാക്തീകരിക്കുന്നതിനുള്ള പ്രവര്‍ത്തനം.
3. ഒരു സമൂഹത്തിന്റെ വളര്‍ച്ചയുടെ അളവുകോല്‍ അവിടത്തെ സ്ത്രീസമൂഹത്തിനും യുവതയ്ക്കും കിട്ടുന്ന മുന്തിയ പരിഗണനയാണ്. അംഗീകാരം തന്നെയാണ്. സ്ത്രീകളുടെയും യുവതയുടെയും ശാക്തീകരണം ഒരു പരിഷ്‌കൃത സമൂഹത്തില്‍ അനിവാര്യമാണ്. അത്തരം പ്രവര്‍ത്തനങ്ങള്‍.
4. ആരോഗ്യം സര്‍വ്വധനാല്‍ പ്രധാനം എന്നു തിരിച്ചറിഞ്ഞുകൊണ്ട് ആ അവബോധം സൃഷ്ടിക്കുന്നതിനും അശരണരെ സഹായിക്കുന്നതിനുമുള്ള പ്രവര്‍ത്തനം.
5. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം വര്‍ത്തമാനകാലത്തെ ഗൗരവതരമായ വിഷയമാണ്. മനുഷ്യന്‍ ഏറെ പുരോഗമിച്ചിട്ടും നിരവധി ആളുകള്‍, പട്ടിണിയില്‍ വലയുന്നുണ്ട്. പട്ടിണിക്ക് അറുതി വരുത്തുവാനുള്ള കൂട്ടായ ശ്രമത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനം.
6. ഇന്ന് സമൂഹത്തില്‍ അവഗണന നേരിടുന്ന വിഭാഗമാണ് വയോജനങ്ങള്‍. അവരുടെ പരിപാലനം ഗൗരവതരമായിക്കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ .
7. ഹിംസാധിഷ്ഠിത ഭക്ഷണം സര്‍വ്വസാധാരണമായിരിക്കുന്നു. ഒപ്പം ജീവിതചര്യാരോഗങ്ങളും. സസ്യഭൂക്കായി സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ മാംസാഹാരത്തിലേക്ക് ഏറെ ആകര്‍ഷിക്കപ്പെടുന്നു. ആരോഗ്യജീവിതം ഉറപ്പാക്കുവാന്‍ നാം സസ്യാഹാരശീലത്തിലേക്ക് മടങ്ങിപ്പോകേണ്ടത് അനിവാര്യമാണ്. സസ്യാഹാര ഭക്ഷണശാലകളിലൂടെ പഴയ ഭക്ഷ്യസംസ്‌കാരത്തിലേക്ക് സമൂഹത്തെ നയിക്കുക
അശാന്തിയുടെ വര്‍ത്തമാനകാലത്ത് ചട്ടമ്പിസ്വാമികളുടെ ജീവകാരുണ്യദര്‍ശനത്തിനും അതിനെ ഉള്‍ക്കൊണ്ടുകൊണ്ട് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. ലോകത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നവരാണ്. സമസ്ത ജീവജാലങ്ങളിലും ഒരേ ആത്മചൈതന്യത്തെ കാണുവാന്‍ ആഹ്വാനം ചെയ്യുന്ന വിദ്യാധിരാജദര്‍ശനം ലോകത്ത് വൈരമില്ലാതെയാക്കുവാന്‍ കഴിയുന്ന സമഗ്രദര്‍ശനമാണ്.
(വിദ്യാധിരാജ ഇന്റര്‍നാഷണലിന്റെ പ്രസിഡന്റും അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ തലവനുമാണ് ലേഖകന്‍)