പൊതു ഇടങ്ങളില്‍ സദ്യ കഴിക്കുമ്പോള്‍ എല്ലാ വിഭവങ്ങളും വിളമ്പിയതിനുശേഷം ഒന്നിച്ച് ആഹാരം കഴിച്ചുതുടങ്ങുകയും ഊണ് കഴിഞ്ഞശേഷം എല്ലാവരും ഒരേസമയത്തുതന്നെ എഴുന്നേല്‍ക്കുകയും ചെയ്യുക എന്നുള്ളതാണ് നമ്മുടെ സംസ്‌കാരവും ആചാരങ്ങളും. വിവാഹസദ്യകളിലൊക്കെ സമൂഹത്തിന്റെ എത്ര ഉന്നതതലങ്ങളില്‍ പെട്ടവരാണെങ്കിലും പ്രായഭേദമെന്യേ സദ്യക്ക് ഇരിപ്പിടം കിട്ടിയാലുടന്‍ തന്നെ തങ്ങളുടെ മുന്നിലുള്ള ഇലയിലുള്ള വിഭവങ്ങള്‍ ആര്‍ത്തിയോടെ ഭക്ഷിക്കുന്നു. ചോറും പരിപ്പും വരുന്നതുവരെ ക്ഷമിച്ചിരിക്കാനുള്ള മാനസികാവസ്ഥ അധികം പേര്‍ക്കും ഉണ്ടാകുന്നില്ല. വിവാഹചടങ്ങുകള്‍ക്കും മറ്റും അങ്ങനെയൊരു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഇന്നത്തെ സാഹചര്യത്തില്‍ കഴിഞ്ഞെന്ന് വരികയില്ല. പക്ഷെ ക്ഷേത്രാചാരത്തിന്റെ ഭാഗമായി നടക്കുന്ന ആറന്മുള വള്ളസദ്യയില്‍ പോലും സദ്യാലയത്തിലേക്ക് നമ്മളെ കടത്തി ഇരുത്തുമ്പോള്‍ വള്ളക്കാരും അടിയന്തിരക്കാരും വന്ന് ഇരുന്നതിനുശേഷം വഞ്ചിപ്പാട്ടും പ്രാര്‍ത്ഥനയും കഴിഞ്ഞ് മാത്രമേ ആഹാരം കഴിച്ചുതുടങ്ങാവൂ എന്ന് നടത്തിപ്പുകാര്‍ പറയാറുണ്ട്. ഇത്രയും വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കില്‍ പോലും സീറ്റ് കിട്ടിയാല്‍ ഉടന്‍ തന്നെ വിളമ്പിയിരിക്കുന്ന വിഭവങ്ങള്‍ തിരക്കിട്ട് കഴിക്കുന്ന രീതി നേരിട്ട് കണ്ടിട്ടുണ്ട്.
പൊതു ഇടങ്ങളിലും ദേവാലയങ്ങളിലും സപ്താഹത്തോടനുബന്ധിച്ചും ഇത്തരത്തില്‍ ഭക്ഷണം കൊടുക്കുവാന്‍ കഴിയുമോ എന്ന് ചോദിക്കുന്നവരുണ്ടാകാം. എന്തുകൊണ്ട് കഴിയുകയില്ല എന്ന മറുചോദ്യം തന്നെയാണ് അതിന് ഉത്തരം. ഇതൊക്കെത്തന്നെയാണ് സൗകര്യപ്രദമെന്ന സംതൃപ്തിയനുഭവിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇവിടുന്ന് ഒരു മുന്നോട്ടുപോക്ക് അസാധ്യമാണ്. കേരളത്തിന് പുറത്ത് പ്രതിദിനം ഇരുപതിനായിരം മുതല്‍ ഒരു ലക്ഷം വരെ ഭക്തര്‍ക്ക് മൂന്ന് നേരങ്ങളിലായി ഭക്ഷണം കൊടുക്കുന്ന നൂറുകണക്കിന് തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ഉണ്ട്. അമൃത്‌സര്‍ പോലെയുള്ള സിക്ക് ഗുരുദ്വാരകള്‍, തിരുപ്പതി, ധര്‍മ്മസ്ഥല, ഉഡുപ്പി, കൊല്ലൂര്‍ മൂകാംബിക, ഉജ്ജയിനി, അയോദ്ധ്യ തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളില്‍ മലയാളികള്‍ പലരും ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ പോയി അന്നദാനം സ്വീകരിച്ചിട്ടുണ്ടായിരിക്കും. എന്തിന് ഏറെ പറയുന്നു തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന കേരളത്തിനോട് വളരെ അടുത്ത് കിടക്കുന്ന തിരുവട്ടാര്‍ ക്ഷേത്രത്തില്‍ പോലും ഉച്ചയ്ക്ക് നടക്കുന്ന പ്രസാദമൂട്ട് എല്ലാവരെയും ഒരേസമയത്ത് ഇരുത്തി ഒരേസമയത്ത് ഭക്ഷണം കൊടുത്ത് ഒരേസമയത്ത് എഴുന്നേല്‍ക്കത്തക്ക രീതിയിലാണ് വിളമ്പുന്നത്. കേരളത്തില്‍ത്തന്നെയുള്ള നൂറോളം ഗൗഢ സാരസ്വതബ്രാഹ്‌മണ ക്ഷേത്രങ്ങളിലും അവിടുത്തെ ഉത്സവങ്ങളോട് അനുബന്ധിച്ച് ഓരോ ക്ഷേത്രത്തിലും ഒരു വര്‍ഷം 20-30 ദിവസങ്ങളില്‍ എങ്കിലും പ്രസാദമൂട്ട് നടക്കാറുണ്ട്. 500 മുതല്‍ 4000 വരെയുള്ള ഭക്തജനങ്ങളെയെല്ലാം ഒന്നിച്ച് നിലത്ത് ചമ്രംപടിഞ്ഞ് ഇരുത്തി ഓരോരുത്തര്‍ക്കും തൃപ്തികരമായി ഭക്ഷണം വിളമ്പികൊടുത്തുകൊണ്ട് നടത്തുന്ന അന്നദാനത്തിന് സമാരാധന എന്നാണ് പറയുന്നത്. ഒരു സമാരാധനയ്ക്ക് ചിലപ്പോള്‍ അര-മുക്കാല്‍ മണിക്കൂര്‍ ഒക്കെ സമയം എടുത്തെന്നിരിക്കും. പക്ഷേ ഉണ്ണാനിരിക്കുന്ന ആര്‍ക്കും തങ്ങള്‍ക്ക് വിഭവങ്ങള്‍ എല്ലാം ലഭിക്കുമോ എന്നുള്ള ആശങ്കകള്‍ ഒന്നും ഉണ്ടാവാറില്ല. ഗുരുവായൂര്‍, വൈക്കം(പ്രാതല്‍), പറശ്ശിനിക്കടവ്, മണ്ണാറശ്ശാല പോലുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളിലും പ്രസാദമൂട്ട് പരാതികള്‍ക്കിടയില്ലാതെ നടക്കുന്നുണ്ട്. എല്ലായിടങ്ങളിലും ആ രീതി പിന്‍തുടരുന്നതിനെക്കുറിച്ച് ചിന്തിച്ച് തുടങ്ങുകയെങ്കിലും വേണം. ഭഗവദ്ഗീതയില്‍ത്തന്നെ പതിനഞ്ചാം അദ്ധ്യായത്തില്‍ 14-ാമത്തെ ശ്ലോകത്തില്‍ പറയുന്നത് നോക്കുക.
അഹം വൈശ്വാനരോ ഭൂത്വാ
പ്രാണിനാം ദേഹമാശ്രിത:
പ്രാണാപാന സമായുക്ത:
പചാമ്യന്നം ചതുര്‍വിധം
ഞാന്‍ പ്രാണികളുടെ ദേഹത്തില്‍ പ്രവേശിച്ച് ജഠരാഗ്‌നിയായി വര്‍ത്തിച്ച് പ്രാണാപാനവായുക്കളോട് ചേര്‍ന്ന് നാലുവിധത്തിലുള്ള അന്നത്തേയും ദഹിപ്പിക്കുന്നു.
ഇതെല്ലാം ഭഗവാനാണ് ചെയ്യുന്നതെങ്കില്‍ നാം കഴിക്കുന്ന ആഹാരം ഭഗവാന് സമര്‍പ്പിക്കുന്ന നിവേദ്യസമാനം തന്നെയാവണം. മൃഗങ്ങളെ കൊന്ന് നാം ഭക്ഷിക്കുന്ന ആഹാരം ദഹിപ്പിക്കുന്ന ജോലി ഭഗവാനെ ഏല്‍പ്പിക്കുന്നത് എത്രമാത്രം നിന്ദ്യമാണെന്ന് ആലോചിച്ചുനോക്കൂ. വിശിഷ്യാ ഈശ്വരവിശ്വാസികള്‍ എങ്കിലും ചിത്രനും ചിത്രഗുപ്തനും യമനും യമധര്‍മ്മനും ഒക്കെ ബലി കൊടുത്ത ശേഷം മാത്രം നാം ഭക്ഷണം കഴിക്കുമ്പോള്‍ മറ്റൊരു സങ്കല്‍പ്പം കൂടിയുണ്ട്. ഞാന്‍ യജ്ഞമെന്ന് കരുതി കഴിക്കുന്ന ഭക്ഷണം കഴിച്ച് തീരുന്നതുവരെ എന്നെ മരണം സമീപിക്കരുതെന്നാണത്.
ചിത്രാഹൂതി ചെയ്ത ശേഷം അല്‍പം ജലമെടുത്ത് പ്രാശനം ചെയ്യണം. ഞാന്‍ കഴിക്കുന്ന അമൃതസമാനമായ ഭക്ഷണത്തിന് ഈ ജലം വിരിയായിരിക്കണമേ എന്ന അര്‍ത്ഥം വരുന്ന ‘ഓം അമൃതോപസ്തരണമസീ സ്വാഹാ:’ എന്ന മന്ത്രം ചൊല്ലി അല്‍പം ജലം കൈയ്യിലെടുത്ത് തീര്‍ത്ഥം പോലെ കുടിക്കണം. ഭോജനശേഷവും അതേപോലെ ഞാന്‍ കഴിച്ച അമൃതസമാനമായ ഭക്ഷണത്തിന്റെ മൂടിയായിത്തീരട്ടെ ഈ ജലം എന്ന് സങ്കല്‍പ്പിച്ചുകൊണ്ട് ‘ഓം അമൃതാപിധാനമസീസ്വാഹാ:’ എന്ന മന്ത്രം ചൊല്ലി അല്‍പം ജലം കയ്യിലെടുത്ത് തീര്‍ത്ഥം പോലെ കുടിക്കണം. മനുഷ്യജന്മത്തില്‍ മാത്രം ചെയ്യാന്‍ കഴിയുന്ന മഹത്തായ സത്കര്‍മ്മങ്ങള്‍ ചെയ്യാന്‍ ശരീരം നിലനില്‍ക്കണം. അതിനായി അനശ്വരത പ്രാര്‍ത്ഥിച്ചുകൊണ്ടാണ് ഭക്ഷണം കഴിക്കേണ്ടത്. അമൃത് കഴിച്ചാലല്ലേ അന്വശ്വരത ലഭിക്കുകയുള്ളു. അങ്ങനെയാണ് ആഹാരം അമൃത് ആയി മാറുന്നത്. അത് സൂക്ഷിക്കുന്ന നമ്മുടെ ആമാശയം അമൃതകലശമായും മാറുന്നത്.
ആഹാരം കഴിച്ച് തുടങ്ങുമ്പോള്‍ അല്‍പ്പാല്പം ചോറെടുത്ത്
ഓം പ്രാണായ സ്വാഹാ
ഓം അപാനായ സ്വാഹാ
ഓം വ്യാനായ സ്വാഹാ
ഓം ഉദാനായ സാഹാ
ഓം സമാനായ സ്വാഹാ
ഓം ബ്രഹ്‌മണേ സ്വാഹാ
എന്ന മന്ത്രം ചൊല്ലിക്കൊണ്ട് പഞ്ചപ്രാണനും ബ്രഹ്‌മാവിനും നിവേദിക്കുന്നതുപോലെ ചുണ്ടിലൂടെ ആറുപ്രാവശ്യമായി പതുക്കെ കഴിക്കണം. ഈ സമര്‍പ്പണം നമ്മുടെ ശരീരത്തിലുള്ള ജഠരാഗ്നി മുഖാന്തരം മേല്‍പ്പറഞ്ഞ ആറുദേവതകളും സ്വീകരിക്കുന്നു. അതിനു ശേഷം മാത്രമേ മറ്റ് വിഭവങ്ങളൊക്കെ ചേര്‍ത്ത് നാം നമുക്കുവേണ്ടി ഭക്ഷണം കഴിച്ചുതുടങ്ങാവൂ. ഇത്രയുമൊക്കെ വിശദമായി ചെയ്യുന്നതിന് പതിവായി ചെയ്യുന്ന പക്ഷം എല്ലാത്തിനും കൂടി ഒരു മിനിറ്റ് പോലും വേണ്ടി വരുകയില്ല.
അന്നദാനത്തിന്റെ മഹത്വം വര്‍ണ്ണിക്കുന്ന രണ്ട് കഥകള്‍ ചുരുക്കത്തില്‍ പറഞ്ഞുകൊണ്ട് ഈ ലേഖനം അവസാനിപ്പിക്കാം.
മഹാഭാരതത്തില്‍ ധര്‍മ്മപുത്രര്‍ രാജസൂയയാഗമൊക്കെ വിജയകരമായി നടത്തിയ ശേഷം വേണ്ടപ്പെട്ടവരുമായി യാഗത്തിന്റെ മേന്മകളെപ്പറ്റി പരസ്പരം പുകഴ്ത്തിയും മറ്റാരേക്കൊണ്ടും സാധിക്കാത്തതെന്നുമൊക്കെയാണെന്ന് വിലയിരുത്തിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ സാധാരണ കാണാത്ത തരത്തിലുള്ള ഒരുവശം മാത്രം സ്വര്‍ണ്ണനിറമുള്ള ഒരു കീരി അവിടെ വന്നു ചേര്‍ന്നു. മനുഷ്യരുടെ ഭാഷയില്‍ അവിടെ കൂടിയിരുന്നവരോട് ആ കീരി പറഞ്ഞു ”ഹേ നരേന്ദ്രന്മാരെ, യജ്ഞത്തെ പ്രശംസിച്ചതുമതി, കുരുക്ഷേത്രത്തില്‍ ഉഞ്ഛവൃത്തിക്കൊണ്ട് ഉപജീവനം കഴിച്ചിരുന്ന ബ്രാഹ്‌മണന്റെ ഒരിടങ്ങഴി മലര്‍പ്പൊടി ദാനത്തോടടുക്കുകയില്ല നിങ്ങള്‍ നടത്തിയ ഈ യജ്ഞം.”
അശ്വമേധികപര്‍വ്വത്തിലെ ‘നകുലോപാഖ്യാനം’ എന്ന അദ്ധ്യായത്തില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന കീരിയുടെ വാക്കുകളാണിവ. സംസ്‌കൃതത്തില്‍ നകുലം എന്നാല്‍ കീരി എന്നാണര്‍ത്ഥം. ഇത് കേട്ടയുടന്‍ എല്ലാവരും സ്തംഭിച്ചുപോയി. അവര്‍ കീരിയോടു ചോദിച്ചു:
”നീ ആരാണ്? എവിടെ നിന്നാണ് വരുന്നത്? വേദവിധിയനുസരിച്ച് ചെയ്തിട്ടുള്ള ഈ യജ്ഞത്തെ നിന്ദിക്കുവാന്‍ എന്താണ് കാരണം? ഇവിടത്തെ ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും തൃപ്തിയാകും വിധം തന്നെയാണല്ലോ ഉപചാരങ്ങള്‍ എല്ലാം അര്‍പ്പിച്ചതും ദാനങ്ങള്‍ ചെയ്തതും. കുരുക്ഷേത്രത്തിലെ ഉഞ്ഛവൃത്തി ചെയ്യുന്ന ബ്രാഹ്‌മണന്‍ ആരാണ്? അദ്ദേഹം നടത്തിയ ഇടങ്ങഴി മലര്‍പ്പൊടിദാനത്തിന്റെ കഥയെന്താണ്? നീ ഒരു സാധാരണ കീരിയല്ല എന്ന് ഞങ്ങള്‍ക്ക് മനസ്സിലായിരിക്കുന്നു. എല്ലാം വിസ്തരിച്ചു പറയുക.”
സദസ്സിനെ അനുസരിച്ചുകൊണ്ട് കീരി പറഞ്ഞു: ”അല്ലയോ മഹത്തുക്കളേ, ഞാന്‍ പറയുന്നതെല്ലാം സത്യമാണ്. ഞാന്‍ നേരിട്ട് കണ്ടതും അനുഭവിച്ചതുമായ കഥയാണ്.
”കുരുക്ഷേത്രത്തില്‍ താമസിച്ചിരുന്ന ഒരു ദരിദ്രബ്രാഹ്‌മണന്‍ വിധിയാംവണ്ണം ചെയ്ത ദാനത്തിന്റെ മഹത്വത്താലാണ് എന്റെ ദേഹം പകുതിയോളം സ്വര്‍ണ്ണനിറമായത്. ആ വിപ്രന്റെ ഇടങ്ങഴി മലര്‍പ്പൊടി ദാനം എങ്ങനെയാണ് ഇത്രയും മഹത്തായ ഫലം നല്‍കിയതെന്ന് കേട്ടാലും”.
കുരുക്ഷേത്രത്തില്‍ വസിച്ചിരുന്ന മേല്‍പ്പറഞ്ഞ ബ്രാഹ്‌മണന്‍ വീട്ടില്‍ ഭാര്യയുടേയും മകന്റെയും മകന്റെ ഭാര്യയുടേയും ഒപ്പമാണ് താമസിച്ചിരുന്നത്. അതിദരിദ്രന്മാരായിരുന്ന അവര്‍ വിളവെടുപ്പുകഴിഞ്ഞ് ഉടമസ്ഥര്‍ പോയ ശേഷം കൃഷിസ്ഥലത്ത് വീണ് കിടക്കുന്ന കതിര്‍മണിയും ധാന്യങ്ങളും ശേഖരിച്ച് കിട്ടുന്നതുകൊണ്ട് ആണ് ഭക്ഷണം കഴിച്ചിരുന്നത്. വല്ലപ്പോഴും കിട്ടുന്ന ധാന്യം പാകം ചെയ്ത് അവര്‍ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കും. അങ്ങനെയിരിക്കെ അപ്രതീക്ഷിതമായി വന്ന കടുത്ത വേനല്‍ മൂലം പാടങ്ങളെല്ലാം ഉണങ്ങിപ്പോയി. കൃഷിയിറക്കിയവര്‍ക്കുപോലും ഒരു മണി ധാന്യം കിട്ടാതായി. അപ്പോള്‍ പിന്നെ കൊയ്ത്ത് കഴിഞ്ഞ് ധാന്യങ്ങള്‍ പെറുക്കി ജീവിക്കുന്നവര്‍ക്ക് വിശപ്പടക്കാന്‍ എങ്ങനെ കഴിയും?
ബ്രാഹ്‌മണനും കുടുംബവും കുറെ ദിവസങ്ങള്‍ പട്ടിണി കിടന്നു. അതിനുശേഷം കിട്ടിയ നെല്ല് കൊണ്ടുവന്ന് മലരാക്കി പൊടിയുണ്ടാക്കി ആ കുടുംബം ഭക്ഷണം കഴിക്കാനിരുന്നു. ആ സമയത്ത് വിശപ്പുകൊണ്ട് തീരെ അവശനായിത്തീര്‍ന്നിരുന്ന ഒരു വഴിപോക്കന്‍ ബ്രാഹ്‌മണന്‍ അവിടെയെത്തി. ഉടനെ തന്നെ ഉഞ്ഛവൃത്തി ബ്രാഹ്‌മണന്‍ എഴുന്നേറ്റ് അതിഥിയെ യഥാവിധി സ്വാഗതം ചെയ്ത് സ്വീകരിച്ച് അര്‍ഘ്യപാദ്യാദികള്‍ സമര്‍പ്പിച്ചതിനുശേഷം തനിക്ക് കിട്ടിയ മലര്‍പ്പൊടി ആഗതന് കഴിക്കാന്‍ കൊടുത്തു. അയാള്‍ അത് ഭക്ഷിച്ചുവെങ്കിലും പാവത്തിന്റെ വിശപ്പടങ്ങിയില്ല. കുറച്ചുകൂടി ഭക്ഷണം കിട്ടിയാല്‍ കൊള്ളാമെന്നദ്ദേഹമറിയിച്ചു. അതിഥിയുടെ വിശപ്പടക്കേണ്ടത് ആതിഥേയന്റെ ധര്‍മ്മമാണല്ലോ. ഭര്‍ത്താവ് തുടങ്ങിയ ദാനം പൂര്‍ത്തിയാക്കേണ്ടത് ഭാര്യയുടെ ധര്‍മ്മവും. ബ്രാഹ്‌മണന്‍ ഭാര്യയുടെ ഭാഗം ഭക്ഷണവും വാങ്ങി അതിഥിക്ക്് കൊടുത്തു. അതുകഴിച്ചതിന് ശേഷവും അതിഥിക്ക് വിശപ്പടങ്ങിയില്ല. അദ്ദേഹത്തിന്റെ മുഖം സംതൃപ്തമായില്ല. അപ്പോള്‍ മകന്‍ പറഞ്ഞു: ”അച്ഛാ, എന്റെ ഭാഗവും കൂടി ഞാനിതാ വിപ്രന് നല്‍കുന്നു. അദ്ദേഹത്തിന്റെ വിശപ്പുമാറട്ടെ.” അച്ഛന്‍ തുടങ്ങിവെച്ചത് വിജയിപ്പിക്കേണ്ടത് പുത്രന്റെ കര്‍ത്തവ്യമാണല്ലോ. അച്ഛന്‍ അതും വാങ്ങി അതിഥിക്ക് കൊടുത്തു. ആ മലര്‍പ്പൊടികൂടി ഭക്ഷിച്ചിട്ടും അതിഥിക്ക് തൃപ്തിയായില്ല. അപ്പോള്‍ സാധ്വിയായ പുത്രഭാര്യ അവളുടെ ഭാഗവും അതിഥിക്കുകൊടുക്കുവാന്‍ സമ്മതമാണെന്ന് അച്ഛനെ അറിയിച്ചു. അല്‍പ്പം വൈമനസ്യത്തോടുകൂടിയാണെങ്കിലും ആതിഥേയ ബ്രാഹ്‌മണന്‍ അതും വാങ്ങി അതിഥിക്കുനല്‍കി. അതുകൂടി കഴിച്ചപ്പോള്‍ അതിഥിയായ വിപ്രന്‍ സംതൃപ്തനായി.
ഉടനെ അതിഥി അവരെ അനുഗ്രഹിച്ചുകൊണ്ട് പറഞ്ഞു. ”ഞാന്‍ മനുഷ്യരൂപം ധരിച്ച ധര്‍മ്മദേവനാണ്. നിങ്ങളുടെ ആത്മാര്‍ത്ഥമായ ദാനം ഇന്ന് അതിന്റെ പരമമായ രൂപത്തില്‍ എനിക്ക് അനുഭവമായി. ദേവന്മാരെല്ലാം അതാ ആകാശത്തുനിന്നും പുഷ്പവൃഷ്ടി നടത്തുന്നു. ദേവന്മാരും ഗന്ധര്‍വ്വന്മാരുമെല്ലാം നിങ്ങളെ വാഴ്ത്തി സ്തുതിക്കുന്നു. ഈ ദാനം നിമിത്തം നിങ്ങളുടെ പൂര്‍വ്വപിതാക്കന്മാര്‍ക്കെല്ലാം മോക്ഷം ലഭിച്ചിരിക്കുന്നു. ഇതാ നിങ്ങളെ സ്വര്‍ഗ്ഗത്തിലേക്കു കൊണ്ടുപോകുവാനായി വിമാനം വന്നിരിക്കുന്നു. നിങ്ങളുടെ ഭക്തിവിശ്വാസങ്ങള്‍ നിങ്ങളെ രക്ഷിച്ചിരിക്കുന്നു. ഇടങ്ങഴി മലര്‍പ്പൊടി ദാനം ചെയ്തതിന്റെ പുണ്യമായി അക്ഷയമായ ബ്രഹ്‌മലോകമാണ് നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. തുടര്‍ന്ന് ആ ബ്രാഹ്‌മണന്‍ ഭാര്യാപുത്രസ്‌നുഷമാരോടുകൂടി വിമാനത്തില്‍ കയറി യാത്രയായി.
അവര്‍ നാലുപേരും സ്വര്‍ഗ്ഗത്തിലേക്കുപോയിക്കഴിഞ്ഞപ്പോള്‍ ഞാന്‍ അവിടെ ചെന്ന് അതിഥിയുടെ പാത്രത്തില്‍നിന്ന് ചിതറി നിലത്ത് വീണ മലര്‍പ്പൊടിമേല്‍ കിടന്നുരുണ്ടു. ദാനം ചെയ്ത ബ്രാഹ്‌മണന്റെ തപഃശക്തിയുടെ ഫലമായി എന്റെ ദേഹത്തിന്റെ പകുതിഭാഗം സ്വര്‍ണ്ണമയമായിത്തീര്‍ന്നു. അതിനുശേഷം എന്റെ ദേഹത്തിന്റെ മറ്റുഭാഗങ്ങളും സ്വര്‍ണ്ണമയമാക്കിത്തീര്‍ക്കുവാന്‍ എന്താണ് മാര്‍ഗ്ഗമെന്നാലോചിച്ച് അലയുകയായിരുന്നു. അതുപോലെയുള്ള പുണ്യകര്‍മ്മങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ തേടി നടന്ന് ശ്രദ്ധാഭക്തികളോടുകൂടിയുള്ള ദാനങ്ങള്‍ ആരൊക്കെ ചെയ്യുന്നുവെന്നും അവിടങ്ങളിലൊക്കെ നടക്കുന്ന ദാനത്തിന്റെ മഹത്വം എത്രയുണ്ടെന്നും അന്വേഷിച്ച് നടക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് കുരുരാജാവിന്റെ യജ്ഞത്തെപ്പറ്റി കേട്ടത്. എണ്ണമറ്റ ബ്രാഹ്‌മണരെ കാല്‍കഴുകിച്ച് ഊട്ടിച്ചതിന്റെ ഫലമായി ഒരു ജലാശയംപോലെ ഇവിടെ കിടന്നിരുന്ന വെള്ളത്തില്‍ കിടന്നുരുണ്ടാല്‍ ബാക്കി ഭാഗം കൂടി സ്വര്‍ണ്ണമയമാകുമെന്നാശിച്ചുകൊണ്ട് ഞാന്‍ ആ ജലത്തില്‍ കിടന്നുരുണ്ടു. എന്നാല്‍ ഒന്നും സംഭവിച്ചില്ല. അതുകൊണ്ടാണ് ഉഞ്ഛവൃത്തി ബ്രാഹ്‌മണന്റെ ആ ഇടങ്ങഴി മലര്‍പ്പൊടിദാനത്തിന് തുല്യമല്ല ഇവിടെ നടന്ന യജ്ഞമെന്ന് ഞാന്‍ പറഞ്ഞത്”.
ഇത്രയും പറഞ്ഞ് കീരി അവിടെ നിന്നും അന്തര്‍ദ്ധാനം ചെയ്തു. തങ്ങള്‍ ചെയ്തത് വളരെ മഹത്തരമായ യജ്ഞമാണെന്ന് അഭിമാനിച്ചിരിക്കുമ്പോള്‍ സദസ്സില്‍ വച്ച് ഇത്തരത്തിലൊരു പരാമര്‍ശം കേള്‍ക്കേണ്ടി വന്ന ധര്‍മ്മപുത്രരുടെ മാനസികാവസ്ഥ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. മറ്റാര്‍ക്കും കഴിയാത്ത എന്തൊക്കെയോ പുണ്യകര്‍മ്മങ്ങള്‍ ചെയ്തു എന്നും ഇതുവരെ ആര്‍ക്കും നേടാന്‍ കഴിയാത്തയത്ര പുണ്യം രാജസൂയത്തിലൂടെ നേടി എന്നും ഉള്ള ഭാവത്തില്‍ ഇരിക്കുന്ന ധര്‍മ്മപുത്രരെ സംബന്ധിച്ചിടത്തോളം കീരി നടത്തിയ പരാമര്‍ശം അവഹേളനാത്മകം തന്നെയായിരുന്നു. ത്യാഗത്തിന്റെയും സമര്‍പ്പണഭാവത്തിന്റെയും പിന്‍ബലം കൂടിയുണ്ടെങ്കിലേ ദാനം പൂര്‍ണ്ണമാകുന്നുള്ളൂ എന്ന് സാരം.
1533 ല്‍ ജനിച്ച് 1599-ല്‍ സമാധിയായതും മഹാരാഷ്ട്രയില്‍ ജീവിച്ചുവന്നിരുന്നതുമായ സന്ന്യാസി ശ്രേഷ്ഠനാണ് സന്ത് ഏകനാഥന്‍. ഭാരതീയ നവോത്ഥാനത്തിന് തുടക്കം കുറിച്ച സന്ത് നാമദേവ്, സന്ത്ജ്ഞാനേശ്വര്‍, സമര്‍ഥരാമദാസ് എന്നിവരുടെ ആത്മീയ പിന്‍ഗാമിയായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. ജ്ഞാനേശ്വറിന്റെ പുനര്‍ജന്മം ആണ് അദ്ദേഹം എന്ന് കരുതുന്ന വൈഷ്ണവരും ധാരാളമുണ്ട്.
വൈഷ്ണീപുരത്തുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ നിത്യേന ജാതിമതഭേദമെന്യേ അതിഥികളെയും വഴിപോക്കരെയും സ്വീകരിച്ച് അദ്ദേഹം അന്നദാനം നടത്തുമായിരുന്നു. അദ്ദേഹത്തിന്റെ അന്നദാനത്തിനെക്കുറിച്ച് നാടെങ്ങും കീര്‍ത്തി പരന്നു. ഏകനാഥന്റെ ത്യാഗത്തിലും സമര്‍പ്പണമനോഭാവത്തിലും സന്തുഷ്ടനായ ഭഗവാന്‍ ശ്രീകൃഷ്ണന്‍ വേഷം മാറി ശ്രീകണ്ഠകൃഷ്ണന്‍ എന്ന പേര് സ്വീകരിച്ച് അവിടുത്തെ പരിചാരകനായി പന്ത്രണ്ട് വര്‍ഷത്തോളം കഴിഞ്ഞുകൂടിയതായി മഹാഭക്തവിജയത്തില്‍ ഒരു കഥയുണ്ട്.
മറ്റൊരു ഉത്തമബ്രാഹ്‌മണന്‍ ഭഗവാനെ കാണാനായി ദ്വാരകയിലെത്തുകയും ഭഗവാനെ കാണാതെ വിഷമിക്കുകയും ചെയ്തിരിക്കുന്ന സമയത്ത് രുഗ്മിണി-സത്യഭാമമാര്‍ ആ ഭക്തന് സ്വപ്‌നദര്‍ശനം നല്‍കുകയും 12 മനുഷ്യവര്‍ഷങ്ങളായി ശ്രീകൃഷ്ണന്‍ ഇവിടെ ഇല്ലെന്നും വൈഷ്ണീപുരത്ത് ഏകനാഥസ്വാമിയുടെ അടുത്താണ് ഭഗവാന്‍ ഉള്ളതെന്നും അവിടെ പോയാല്‍ മാത്രമേ ഭഗവാനെ കാണാന്‍ കഴിയുകയുള്ളൂ എന്നും ആ ബ്രാഹ്‌മണനെ സ്വപ്‌നത്തിലൂടെ അറിയിക്കുകയും ചെയ്തു. ആ ബ്രാഹ്‌മണന്‍ ഏകനാഥസ്വാമിയുടെ വീട് അന്വേഷിച്ച് വീട്ടിലെത്തി. ഏകനാഥസ്വാമി പടിപ്പുരയിലെത്തി ആ ബ്രാഹ്‌മണനെ ഉപചാരങ്ങളോടെ സ്വീകരിക്കുന്ന അവസരത്തില്‍ ആഗതബ്രാഹ്‌മണന്‍ അകത്ത് ഭഗവാന്‍ ശ്രീകൃഷ്ണനെ കാണാനിടയായി. ശ്രീകൃഷ്ണനെ കണ്ടമാത്രയില്‍ ബ്രാഹ്‌മണന്‍ ഓടിച്ചെന്ന് പരിചാരകവേഷത്തിലുള്ള ശ്രീകണ്ഠകൃഷ്ണന്റെ കാല്‍ക്കല്‍ വീണ് നമസ്‌കരിച്ച് ദ്വാരകയില്‍ പോയ കാര്യവും സ്വപ്‌നദര്‍ശനം ലഭിച്ച കാര്യവുമൊക്കെ പറഞ്ഞ് കേള്‍പ്പിച്ചു. ഇത് കേട്ടപ്പോഴാണ് തന്റെ പരിചാരകനായി ഇത്രയും നാള്‍ തന്റെ കൂടെ താമസിച്ചത് ഭഗവാന്‍ ശ്രീകൃഷ്ണന്‍ ആണെന്ന് ഏകനാഥസ്വാമിക്ക് മനസ്സിലായത്. ശ്രീകണ്ഠകൃഷ്ണന്‍ അവിടെയെത്തുന്ന അതിഥികള്‍ക്കുള്ള ഭക്ഷണം തയ്യാറാക്കുന്നതിനും വിളമ്പുന്നതിനും അതിനുള്ള വെള്ളവും വിറകും ധാന്യങ്ങളും മറ്റും കൊണ്ടുവരുന്നതിനും അതീവ ശ്രദ്ധയോടെ പരിശ്രമിച്ചിരുന്നു. വിശ്രമമില്ലാതെ യാതൊരു പ്രതിഫലവും വാങ്ങാതെയാണ് ഇതൊക്കെ ചെയ്തിരുന്നത്. അന്നദാനത്തിലും അതിഥിസല്‍ക്കാരത്തിലും ഏകനാഥസ്വാമി കാണിച്ചിരുന്ന നിഷ്ഠയില്‍ ആകൃഷ്ടനായിട്ടാണ് ഭഗവാന്‍ അവിടെ സഹായിയായി കൂടുവാന്‍ തീരുമാനിച്ചത്. തന്റെ പരിചാരകനെന്ന നിലയില്‍ ഇത്രയുംനാള്‍ ഭഗവാനെക്കൊണ്ട് കഠിനാധ്വാനം ചെയ്യിച്ചതിലുള്ള പശ്ചാത്താപം സഹിക്കവയ്യാതെ ഏകനാഥസ്വാമിയും പത്‌നിയും ഭഗവാന്റെ കാല്‍ക്കല്‍ വീഴുകയും മാപ്പപേക്ഷിക്കുകയും ചെയ്തു. തനിക്ക് താല്‍പ്പര്യമുള്ളതുകൊണ്ടും ആസ്വദിച്ചുകൊണ്ടുമാണ് താന്‍ അതെല്ലാം ചെയ്തിരുന്നത് എന്ന് ഭഗവാന്‍ ഏകനാഥസ്വാമിയേയും പത്‌നിയേയും പറഞ്ഞ് സമാധാനിപ്പിച്ചു. ഭഗവാന്‍ സന്തുഷ്ടനായി മൂന്നുപേര്‍ക്കും-ഏകനാഥസ്വാമിക്കും പത്‌നിക്കും ദ്വാരകയില്‍ പോയി മടങ്ങിവന്ന ബ്രാഹ്‌മണനും- മഹാവിഷ്ണുവിന്റെ രൂപത്തില്‍ത്തന്നെ ദര്‍ശനം നല്‍കി.
ഏകനാഥസ്വാമിയുമായി ബന്ധപ്പെട്ട മറ്റൊരു കഥ കൂടി ചുരുക്കത്തില്‍ പറയാം. കുഷ്ഠരോഗം ബാധിച്ച് വികൃതമായ ശരീരവുമായി ഒരു ബ്രാഹ്‌മണന്‍ രോഗവിമുക്തിക്കായി കാശിയിലെത്തി വിശ്വനാഥക്ഷേത്രത്തില്‍ ഭജനമിരുന്നു. ബ്രാഹ്‌മണന്റെ നിഷ്ഠയോടെയുള്ള ഭജനം കണ്ട് കാശിവിശ്വനാഥന്‍ ബ്രാഹ്‌മണന് ദര്‍ശനം നല്‍കിക്കൊണ്ട് എന്താണ് പ്രാര്‍ത്ഥന എന്ന് അന്വേഷിക്കുകയും ചെയ്തു. രോഗവിമുക്തിയാണ് ബ്രാഹ്‌മണന്റെ ആവശ്യമെന്നറിഞ്ഞ മഹാദേവന്‍ മറുപടി പറഞ്ഞു.
”ഹേ ബ്രാഹ്‌മണാ, കഴിഞ്ഞ ജന്മത്തില്‍ അങ്ങ് കടുത്ത ബ്രാഹ്‌മണശാപത്തിനിരയായിട്ടുണ്ട്. അതിന്റെ ഫലമാണ് ഈ ജന്മത്തില്‍ അങ്ങേക്ക് കിട്ടിയ ഈ രോഗം. ഇതിന് പരിഹാരമായി ഒന്നേ ചെയ്യാനുള്ളൂ. വൈഷ്ണീപുരത്ത് താമസിക്കുന്ന ഏകനാഥസ്വാമിയെ കണ്ട്, അദ്ദേഹം അയിത്ത ജാതിക്കാരെ ഉള്‍പ്പെടെ ഇരുത്തി ഈയടുത്ത് നടത്തിയ സമൂഹസദ്യ മൂലം അളവറ്റ പുണ്യം നേടിയിരിക്കുന്നതില്‍ നിന്നും അയിത്ത സമുദായത്തില്‍പ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ ഒരു പെണ്‍കുട്ടിക്ക് അന്നദാനം നടത്തി ലഭിച്ച പുണ്യം നേടുക. അവിടെ പോയി അദ്ദേഹത്തെ കണ്ട് രോഗവിമുക്തിക്കായി അത് തരാന്‍ ആവശ്യപ്പെടണം. ആ പുണ്യം ദാനം ചെയ്ത് കിട്ടിയാല്‍ അങ്ങയുടെ രോഗം മാറുമെന്ന് ഉറപ്പാണ്. ആ ബ്രാഹ്‌മണന്റെ ഭാഗ്യം എന്ന് പറയട്ടെ ഏകനാഥസ്വാമി ആ സമയത്ത് വാരണാസിയില്‍ മറ്റൊരു കാര്യത്തിനായി എത്തിയിട്ടുണ്ടായിരുന്നു. അതറിഞ്ഞ ബ്രാഹ്‌മണന്‍ ഏകനാഥസ്വാമിയെ കണ്ടുപിടിച്ച് ആഗമനോദ്ദേശം അറിയിക്കുകയും സ്വാമി മഹാദേവന്റെ നിര്‍ദ്ദേശപ്രകാരം പൂവും നീരും വീഴ്ത്തി ഏറ്റവും പ്രായം കുറഞ്ഞ അയിത്തജാതിയില്‍പ്പെട്ട പെണ്‍കുട്ടിക്ക് നല്‍കിയ അന്നദാനത്തിലൂടെ തനിക്ക് ലഭിച്ച പുണ്യം ബ്രാഹ്‌മണന് കൈമാറുകയും ചെയ്തു. അതോടെ ബ്രാഹ്‌മണന്റെ രോഗവും വൈരൂപ്യവുമെല്ലാം മാറി. ഭഗവാന്‍ ശ്രീപരമേശ്വരന് പോലും നേരിട്ട് നല്‍കുവാന്‍ കഴിയാത്ത പാപമോക്ഷം ഒരു കുട്ടിക്ക് നല്‍കിയ അന്നദാനത്തിലൂടെ ലഭിച്ച പുണ്യം കൈമാറ്റം ചെയ്തപ്പോള്‍ കിട്ടി എന്ന് മഹാഭക്തവിജയത്തിന്റെ കര്‍ത്താവ് പറഞ്ഞുവയ്ക്കുന്നു. ഇനി മുതല്‍ എങ്ങനെ ആഹാരം കഴിക്കണമെന്നും വിളമ്പണമെന്നും വായനക്കാര്‍ക്ക് തീരുമാനിക്കാം.
(അവസാനിച്ചു)