അടിമത്ത കാലത്ത് അയോദ്ധ്യയിലുണ്ടായ അപമാനം നിയമവഴിയിലൂടെ രാജ്യത്തെ ഹൈന്ദവ സമൂഹം കഴുകിക്കളഞ്ഞിരിക്കുന്നു. തങ്ങളുടെ സംസ്‌കാരത്തെയും പൈതൃകത്തെയും ചവിട്ടിമെതിച്ച അധിനിവേശ ശക്തികളോടും സ്വാതന്ത്ര്യാനന്തരം അവരുടെ പ്രതിബിംബങ്ങളായി പ്രവര്‍ത്തിച്ച രാഷ്ട്രീയ മേലാളന്മാരോടും രാമഭക്തര്‍ നടത്തിയ ഒത്തുതീര്‍പ്പില്ലാത്ത പോരാട്ടത്തിന്റെ ഫലം കൂടിയാണ് രാമജന്മഭൂമിക്കനുകൂലമായ പരമോന്നത കോടതിയുടെ അന്തിമ വിധി. അയോദ്ധ്യയില്‍ രാമക്ഷേത്രം ഉയരുമ്പോള്‍ അതാഗ്രഹിച്ചവര്‍ മറക്കരുതാത്ത ഒരു പേരുണ്ട്- മീനാക്ഷി ജെയിന്‍. അക്കാദമിക് രംഗവും മാധ്യമ മേഖലയും അടക്കിവാണ ഇടത് ബുദ്ധിജീവികള്‍ സൃഷ്ടിച്ച ഹിന്ദു വിരുദ്ധ പൊതുബോധത്തെ പരസ്യമായി വെല്ലുവിളിച്ച് നേരിനൊപ്പം സഞ്ചരിച്ച അപൂര്‍വ്വം ചിലരിലൊരാള്‍.
‘രാമാ ആന്റ് അയോദ്ധ്യ’, ‘ദ ബാറ്റില്‍ ഫോര്‍ രാമ: കേസ് ഓഫ് ദ ടെമ്പിള്‍ അറ്റ് അയോദ്ധ്യ’ എന്നീ പുസ്തകങ്ങളിലൂടെ ഇടതിന്റെ നുണകള്‍ ചരിത്രപരമായ തെളിവുകളും കോടതി രേഖകളും ചൂണ്ടിക്കാട്ടി മീനാക്ഷി ജെയിന്‍ വിളിച്ചുപറഞ്ഞു. തങ്ങളുടെ അഭിപ്രായങ്ങളും നിഗമനങ്ങളും ഊഹാപോഹങ്ങളും ചരിത്രവും തെളിവുകളുമാണെന്ന് അവകാശപ്പെട്ട ഇടത് ബുദ്ധിജീവികളെ അവര്‍ പൊതുസമൂഹത്തില്‍ അപഹാസ്യരാക്കി. അലഹബാദ് ഹൈക്കോടതിയും ഇപ്പോള്‍ സുപ്രീം കോടതിയും ഇടത് ചരിത്രകാരന്മാരുടെ വാദങ്ങളെ നിഷ്‌കരുണം തള്ളിക്കളഞ്ഞപ്പോള്‍ വിജയിച്ചത് മീനാക്ഷി ജെയിനിന്റെ നിശ്ചയദാര്‍ഢ്യം കൂടിയായിരുന്നു.
നൊബേല്‍ പുരസ്‌കാര ജേതാവായ വി.എസ്. നയ്പാളിന്റെ അഭ്യര്‍ത്ഥന മാനിച്ച്, പാശ്ചാത്യരുടെ കാഴ്ച്ചപ്പാടിലുള്ള ഇന്ത്യയെക്കുറിച്ച് സഹോദരിയും മാധ്യമ പ്രവര്‍ത്തകയുമായ സന്ധ്യാ ജെയിനുമായി ചേര്‍ന്ന് രചിച്ച ‘ദ ഇന്ത്യ ദേ സോ’ എന്ന നാല് വോള്യങ്ങളുള്ള ബൃഹദ് ഗ്രന്ഥം മീനാക്ഷി ജെയിനെ ചരിത്ര രചനയുടെ കൊടുമുടിയില്‍ പ്രതിഷ്ഠിച്ചു. വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് എന്‍സിഇആര്‍ടി മധ്യകാല ചരിത്രം സംബന്ധിച്ച റൊമീലാ ഥാപ്പറിന്റെ രചന പിന്‍വലിച്ച് മീനാക്ഷി ജെയിനിന്റെ പാഠപുസ്തകം പുറത്തിറക്കി. മിഡീവല്‍ ഇന്ത്യ, സതി: ഇവാഞ്ചലിക്കല്‍സ്, ബാപ്റ്റിസ്റ്റ് മിഷനറീസ് ആന്റ് ദ ചെയ്ഞ്ചിംഗ് കൊളോണിയന്‍ ഡിസ്‌കോഴ്‌സ് തുടങ്ങി നിരവധി കൃതികളും രചിച്ചു.
പിതാവും ‘ടൈംസ് ഓഫ് ഇന്ത്യ’ മുന്‍ എഡിറ്ററുമായ ഗിരിലാല്‍ ജെയിനും രാമക്ഷേത്രത്തെ അനുകൂലിച്ച് ശക്തമായ പ്രചാരണം നടത്തിയിരുന്നു. ദല്‍ഹി സര്‍വ്വകലാശാലക്ക് കീഴിലുള്ള ഗാര്‍ഗി കോളേജിലെ അസോസിയേറ്റ് പ്രൊഫസറും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്ററിക്കല്‍ റിസര്‍ച്ച് (ഐസിഎച്ച്ആര്‍) അംഗവുമായ മീനാക്ഷി ജെയിന്‍ അയോധ്യാ വിധിയുടെ പശ്ചാത്തലത്തില്‍ ‘കേസരി’യുമായി സംസാരിക്കുന്നു.
- സ്വതന്ത്ര ഇന്ത്യക്കും പിന്നിലേക്ക് വേരുകളുള്ള ഒരു പ്രശ്‌നത്തില്‍ സുപ്രീം കോടതി തീര്‍പ്പു കല്‍പ്പിച്ചിരിക്കുന്നു. അയോദ്ധ്യാ വിധിയെ എങ്ങനെ വിലയിരുത്തുന്നു?
സാധ്യതകളില്‍ ഏറ്റവും ഉചിതമായതാണ് സുപ്രീംകോടതി വിധിയുടെ രൂപത്തില്‍ പുറത്തുവന്നത്. കോടതിയില്‍ ഹാജരാക്കപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തിലാണ് തീര്‍പ്പ്. ലളിതമാണ് വിധി. ആശയക്കുഴപ്പത്തിന്റെ ആവശ്യമില്ല. വളരെ നേരത്തെ തന്നെ ഈ തീരുമാനത്തിലെത്താന്‍ സാധിക്കുമായിരുന്നു. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് അലഹബാദ് ഹൈക്കോടതി 2010ല്‍ വിധി പറഞ്ഞത്. കേസ് സുപ്രീം കോടതിയിലെത്തിയപ്പോള്‍ വീണ്ടും ഒന്‍പത് വര്‍ഷങ്ങള്‍ നഷ്ടമായി. രാജ്യത്തെ കോടിക്കണക്കിന് ഹിന്ദുക്കള്‍ തങ്ങളുടെ ആത്മാഭിമാനത്തിനേറ്റ മുറിവുമായി കാത്തിരിക്കുകയാണെന്ന വികാരം കോടതികള്‍ ഉള്‍ക്കൊണ്ടില്ല. വൈകിയെങ്കിലും അവര്‍ക്ക് നീതി ലഭിച്ചു. പരീക്ഷണ കാലം കഴിഞ്ഞ് അവരുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പോരാട്ടത്തിന് പരിസമാപ്തി കുറിക്കപ്പെട്ടിരിക്കുന്നു. ഇത് സന്തോഷം പകരുന്നതാണ്.
- അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നുണ്ട്?
മുസ്ലിങ്ങളില്‍ വലിയ വിഭാഗം വിധിയെ സ്വാഗതം ചെയ്തിട്ടുണ്ട്. രാമക്ഷേത്രത്തിന് അനുകൂലമായാണ് യുപി ഷിയാ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് അഭിപ്രായം പറഞ്ഞത്. കേസില്‍ കക്ഷിയായ യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് പുനപ്പരിശോധനാ ഹര്‍ജി നല്‍കുന്നില്ല. ഒവൈസിയും മുസ്ലിം ലീഗും വ്യക്തിനിയമ ബോര്‍ഡും സിപിഎമ്മുമൊക്കെയാണ് എതിര്‍ക്കുന്നത്. അതവരുടെ രാഷ്ട്രീയവും ഉപജീവന മാര്‍ഗ്ഗവുമാണ്. ഇവരാണ് മുസ്ലിം സമുദായത്തിന്റെ പ്രതിനിധികള്‍ എന്ന് അഭിപ്രായവുമില്ല.
- തെളിവുകളേക്കാള്‍ വിശ്വാസത്തിന് പ്രധാന്യം നല്‍കുന്ന വിധിയെന്നാണ് എതിര്‍ക്കുന്നവരുടെ ആരോപണം?
വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല വിധിയെന്ന് കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പുരാവസ്തു വകുപ്പിന്റെ (എഎസ്‌ഐ) ഉത്ഖനനത്തില്‍ കണ്ടെടുത്ത തെളിവുകളും വിദേശ സഞ്ചാരികളുടെ വിവരണങ്ങളും റവന്യൂ രേഖകളും ക്ഷേത്രത്തിന് അനുകൂലമാണ്. മറ്റ് വാദങ്ങള്‍ ഉന്നയിക്കുന്നത് വിധിയെ അപഹസിക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണ്.
- ക്ഷേത്രം ഉണ്ടായിരുന്നുവെന്നതിന് ചരിത്രപരമായ എന്തെല്ലാം തെളിവുകളാണുള്ളത്. ചുരുക്കി വിശദീകരിക്കാമോ?
1528ലാണ് ബാബര്‍ ക്ഷേത്രം തകര്‍ത്ത് പള്ളി നിര്‍മ്മിച്ചത്. തുടര്‍ന്നിങ്ങോട്ട് എന്താണ് സംഭവിച്ചതെന്നത് സംബന്ധിച്ച് കൃത്യമായ രേഖകളുണ്ട്. 1608ല്‍ ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ ഇംഗ്ലീഷുകാരനായ വില്ല്യം ഫിഞ്ച് സരയൂ നദിയില്‍ ജനങ്ങള്‍ പുണ്യ സ്‌നാനം ചെയ്യുന്നതും രാമമന്ദിരത്തിലെ ബ്രാഹ്മണര്‍ അവിടെ വരുന്നവരുടെ പേരുകള്‍ രേഖപ്പെടുത്തിയതും വിശദീകരിച്ചിരുന്നു. ഇന്ത്യയില്‍ നാല്‍പ്പത് വര്‍ഷത്തോളം താമസിച്ച ജസ്യൂട്ട് പാതിരിയായ ജോസഫ് തിഫന്‍താലറും രാമനവമിക്ക് ആയിരക്കണക്കിന് വിശ്വാസികള്‍ അയോദ്ധ്യയില്‍ ജന്മസ്ഥാനത്ത് പരിക്രമം നടത്തിയിരുന്നതായി രേഖപ്പെടുത്തി. ഇവരിലൊരാളും ഈ പ്രദേശത്ത് മുസ്ലിങ്ങള്‍ ഉള്ളതിന്റെയോ നമാസ് നടക്കുന്നതിന്റെയോ സൂചന നല്‍കുന്നില്ല. ഇത്തരത്തില്‍ നിരവധി വിദേശ സഞ്ചാരികള്‍ അയോദ്ധ്യയിലെ ഹിന്ദുക്കളുടെ പ്രാധാന്യത്തെക്കുറിച്ച് വിവരണങ്ങള്‍ നല്‍കിയിട്ടുണ്ട്. ഫൈസാബാദ് കോടതിയിലെ നിയമ ഉദ്യോഗസ്ഥനായിരുന്ന ഹഫീസുള്ള 1822ല്‍ രാമജന്മസ്ഥാനത്താണ് ബാബര്‍ പള്ളി നിര്‍മ്മിച്ചതെന്ന് പറഞ്ഞിട്ടുണ്ട്. 18,19 നൂറ്റാണ്ടുകളിലെ സംസ്‌കൃതം, അറബിക്, പേര്‍ഷ്യന്‍ ഭാഷകളിലെ ഇത് സംബന്ധിച്ച എല്ലാ പുസ്തകങ്ങളും രേഖകളും ക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മ്മിച്ചതെന്ന വസ്തുത ശരിവെക്കുന്നതാണ്.
- മുസ്ലിം അവകാശം സംബന്ധിച്ച വാദം എപ്പോഴാണ് ഉയരുന്നത്?
1528 മുതല്‍ 1858വരെ മുസ്ലിം പക്ഷത്തുനിന്നും പരാതി ഉയര്‍ന്നിരുന്നില്ല. 1856ലാണ് ബ്രിട്ടീഷുകാര്‍ അയോദ്ധ്യ ഉള്‍പ്പെടുന്ന അവധ് തങ്ങളുടെ അധീനതയിലാക്കിയത്. 1857ല്‍ ഒന്നാം സ്വാതന്ത്ര്യ സമരമുണ്ടായതിനാല്‍ 1858 മുതലാണ് ബ്രിട്ടീഷുകാര്‍ അവധില്‍ ഭരണം ആരംഭിച്ചത്. നിയമം, റവന്യൂ, നീതിന്യായം, ക്രമസമാധാനം തുടങ്ങിയ മേഖലകളില്‍ അവര്‍ സ്വന്തം സംവിധാനമുണ്ടാക്കി. തര്‍ക്ക ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇപ്പോഴും ഫൈസാബാദ് ജില്ലാ കോടതിയിലുണ്ട്. ഒന്നാം സ്വാതന്ത്ര്യ സമരകാലത്ത് 25 സിഖ് സൈനികര്‍ ബാബറി മസ്ജിദില്‍ കയറി ഭഗവാന്റെ ചിത്രം സ്ഥാപിക്കുകയും ചുവരുകളില്‍ ചാര്‍ക്കോള്‍ ഉപയോഗിച്ച് രാം എന്നെഴുതിയെന്നും പരാതിപ്പെട്ട് ഒരാള്‍ 1858ല്‍ ഫൈസാബാദ് ജില്ലാ കോടതിയില്‍ പരാതി നല്‍കി. പ്രദേശത്തെ ‘മസ്ജിദ് ഇ ജന്മസ്ഥാന്‍’ എന്നാണ് പരാതിയില്‍ വിശേഷിപ്പിച്ചത്. ഇന്ത്യയിലെ മറ്റൊരു പള്ളിയെയും ജന്മസ്ഥാന്‍ എന്ന് പറയുന്നില്ല. എന്തുകൊണ്ടാണ് ബാബറി മസ്ജിദിനെ ഇങ്ങനെ വിശേഷിപ്പിച്ചതെന്നതിന് കൂടുതല്‍ വിശദീകരണം ആവശ്യമില്ലല്ലോ.
- ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ (എഎസ്‌ഐ)യുടെ ഉത്ഖനനത്തിലും ക്ഷേത്രം ഉണ്ടായിരുന്നുവെന്നതിന്റെ തെളിവുകളല്ലേ ലഭിച്ചത്?
എഎസ്‌ഐ ഡയറക്ടറായിരുന്ന ബി.ബി. ലാല്‍ മതിലിന് പുറത്താണ് ആദ്യ ഉത്ഖനനം നടത്തിയത്. ഇതില്‍ ക്ഷേത്ര തൂണുകളുടെ അടിത്തറ കണ്ടെത്തി. മസ്ജിദിന് കേടുപാട് സംഭവിക്കാതെ ഉത്ഖനനം നടത്താന്‍ സാധിക്കുമായിരുന്നുവെന്ന് എഎസ്‌ഐ അന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2003ല്‍ അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഏറ്റവും വ്യാപകവും ആഴത്തിലുള്ളതുമായ ഉത്ഖനനം നടന്നത്. ഇതില്‍ ക്ഷേത്രത്തൂണുകളുടെ കൂടുതല്‍ അടിത്തറകള്‍ ലഭിച്ചു. ക്ഷേത്രത്തിന് മുകളിലുണ്ടാകാറുള്ള അമലകയും ക്ഷേത്രത്തിലെ അഭിഷേക ജലം ഒഴുകിപ്പോകുന്ന മകരപ്രണാളിയും കണ്ടെടുത്തു. എല്ലാ തെളിവുകളും വ്യക്തമാക്കിയത് മസ്ജിദിന് താഴെ ക്ഷേത്രം ഉണ്ടായിരുന്നുവെന്നാണ്.
- ക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മ്മിച്ചതെന്ന് എഎസ്‌ഐ റിപ്പോര്‍ട്ടിലില്ലായെന്നത് കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതാണ് വിധിയെ എതിര്‍ക്കുന്നവര്‍ പ്രധാനമായും ഉയര്‍ത്തിക്കാണിക്കുന്നത്?
ക്ഷേത്രം തകര്‍ത്താണ് മസ്ജിദ് നിര്‍മ്മിച്ചതെന്ന് എഎസ്‌ഐ പറയുന്നില്ല. എന്നാല്‍ മസ്ജിദിന് താഴെ ക്ഷേത്രം ഉണ്ടായിരുന്നതായി പറയുന്നുണ്ട്. ഇതാണ് കോടതി ചൂണ്ടിക്കാട്ടിയത്. ക്ഷേത്രത്തിന് മുകളിലാണ് മസ്ജിദ് നിര്‍മ്മിച്ചതെന്ന് വ്യക്തം. ക്ഷേത്രം നശിപ്പിച്ചല്ലാതെ ഇതെങ്ങനെയാണ് സാധ്യമാകുന്നത്?.
- രാമവിഗ്രഹം പ്രതിഷ്ഠിച്ചതും തര്‍ക്കമന്ദിരം തകര്‍ത്തതും തെറ്റാണെന്ന് കോടതി പറയുന്നു. എന്നിട്ട് അതിന്റെ ഉത്തരവാദികള്‍ക്ക് തര്‍ക്കസ്ഥലം നല്‍കിയെന്നുമാണ് മറ്റൊരു ആരോപണം?
തങ്ങളുടെ വിശ്വാസപരമായ അവകാശത്തിനായി പതിറ്റാണ്ടുകളായി രാമഭക്തര്‍ നടത്തിയ ഐതിഹാസിക പോരാട്ടത്തിനിടെ സംഭവിച്ചുപോയതാണ് ഇവ രണ്ടും. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസുമായി ഇതിനെന്ത് ബന്ധമാണുള്ളത്? തര്‍ക്കമന്ദിരം തകര്‍ത്ത സംഭവത്തില്‍ കേസ് നടക്കുകയാണ്. അതില്‍ വിധി വേറെ വരും. ഈ വിധിയുമായി അതിനെ ബന്ധപ്പെടുത്തേണ്ട കാര്യമില്ല.
- പ്രശ്‌നം വളരെ മുന്‍പ് തന്നെ പരിഹരിക്കപ്പെടുമായിരുന്നുവെന്ന് നേരത്തെ പറഞ്ഞല്ലോ. എന്തുകൊണ്ടാണ് ഒത്തുതീര്‍പ്പ് അസാധ്യമായത്?
ശ്രീരാമന്റെ ജന്മസ്ഥലമെന്ന നിലയില്‍ ഹിന്ദുക്കളുടെ പവിത്ര ഭൂമിയാണ് അയോദ്ധ്യ. മറ്റൊരു സ്ഥലവും ഇതിന് പകരമാവില്ല. മുസ്ലിങ്ങളെ സംബന്ധിച്ച് മറ്റേതൊരു സ്ഥലം പോലെയും. ഹിന്ദു വിശ്വാസികള്‍ക്ക് അയോദ്ധ്യയിലുള്ള സവിശേഷത കണക്കിലെടുത്ത് സ്ഥലം തിരിച്ചുനല്‍കി പ്രശ്‌നം അവസാനിപ്പിക്കാന്‍ മുസ്ലിം സമൂഹം ആഗ്രഹിച്ചിരുന്നു. എന്നാല്‍ കേസ് വളരെ ശക്തമാണെന്നും തെളിവ് തങ്ങള്‍ തരാമെന്നും പറഞ്ഞ് മുസ്ലിം കക്ഷികളെ തെറ്റിദ്ധരിപ്പിച്ച് അനുരഞ്ജനം തകര്‍ത്തത് ഇടത് ചരിത്രകാരന്മാരാണ്. ഇടത് ഇടപെടല്‍ ഇല്ലായിരുന്നുവെങ്കില്‍ തര്‍ക്ക മന്ദിരം തകര്‍ക്കപ്പെടുന്നതിന് മുന്‍പ് വിഷയം പരിഹരിക്കപ്പെടുമായിരുന്നു. പിന്നീട് ഈ സാഹചര്യം തീവ്ര മതനേതാക്കളും സംഘടനകളും മുതലെടുത്തു. ‘ഞാന്‍ ഭാരതീയന്‍’ എന്ന ആത്മകഥയില്‍ പുരാവസ്തു ഗവേഷകന്‍ കെ.കെ. മുഹമ്മദ് ഇത് വിശദീകരിച്ചിട്ടുണ്ട്.
- ആരൊക്കെയായിരുന്നു ഈ ഇടത് ചരിത്രകാരന്മാര്‍? എന്തൊക്കെയായിരുന്നു അവരുടെ വാദങ്ങള്‍?
ജെഎന്‍യു, ദല്‍ഹി സര്‍വ്വകലാശാല, അലിഗഡ് മുസ്ലിം സര്‍വ്വകലാശാല തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രൊഫസര്‍മാരായ ആര്‍.എസ്. ശര്‍മ്മ, ഡി.എന്‍. ഝാ, ഇര്‍ഫാന്‍ ഹബീബ്, റൊമീലാ ഥാപ്പര്‍ എന്നിവരും സൂരജ് ഭാന്‍, ഡി.മണ്ഡല്‍ തുടങ്ങിയവരുമാണ് മുന്‍നിരയിലുണ്ടായിരുന്നത്. അയോദ്ധ്യ ശ്രീരാമന്റെ ജന്മസ്ഥലമാണെന്ന വിശ്വാസത്തെയും വാല്‍മീകി രാമായണത്തിന്റെ സാധുതയെയും ഇവര്‍ ചോദ്യം ചെയ്തു. ഇപ്പോഴത്തെ അയോദ്ധ്യ വാല്‍മീകി രാമായണത്തിലെ അയോദ്ധ്യയല്ല. ആ അയോധ്യ അഫ്ഗാനിലാകാം. അയോദ്ധ്യ രാമന്റെ സ്ഥലമല്ല, ബുദ്ധിസ്റ്റ് നഗരമാണ്. രാമാരാധന പതിനെട്ടോ പത്തൊമ്പതോ നൂറ്റാണ്ടിലെ പ്രതിഭാസമാണ്. ഇതൊക്കെയായിരുന്നു അവരുടെ വാദം. ചരിത്രവുമായോ ഐതിഹ്യവുമായോ ബന്ധമില്ലാത്ത അസംബന്ധങ്ങളായിരുന്നു ഇവയൊക്കെ. ഇതിന് എന്തെങ്കിലും തെളിവ് നല്‍കാന്‍ അവര്‍ക്ക് സാധിച്ചതുമില്ല.
അയോദ്ധ്യയിലല്ലാതെ മറ്റൊരിടത്താണ് ശ്രീരാമന്‍ ജനിച്ചതെന്ന് ഒരു ഗ്രന്ഥവും പറയുന്നില്ല. വാല്‍മീകി രാമായണം രചിക്കുന്നതിന് മുന്‍പ് രാമ കഥകള്‍ ഗ്രാമങ്ങളില്‍ വാമൊഴിയായി പ്രചാരത്തിലുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വാല്‍മീകി രാമായണമെഴുതിയത്. അയോദ്ധ്യയും ശ്രീരാമനും സംബന്ധിച്ച ആദ്യ പ്രത്യക്ഷ തെളിവ് വാല്‍മീകി രാമായണമാണ്. 12ാം നൂറ്റാണ്ടില്‍ മധ്യപ്രദേശിലും അയോദ്ധ്യയിലുമായി മൂന്ന് വലിയ രാമക്ഷേത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. ആര്, എപ്പോള്‍ നിര്‍മ്മിച്ചതെന്നും ഇവയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രം നിര്‍മ്മിച്ച രാജാക്കന്മാരെല്ലാം അവകാശപ്പെട്ടിരുന്നത് അവര്‍ രാമന്റെ പിന്തുടര്‍ച്ചക്കാരെന്നാണ്. ഇത് ശരിയാകണമെന്നില്ല. എന്നിരുന്നാലും അക്കാലത്ത് ശ്രീരാമന്‍ ആരാധിക്കപ്പെട്ടിരുന്നുവെന്ന് വ്യക്തമാണ്. പതിനാറാം നൂറ്റാണ്ടിലാണ് തുളസീദാസ് ശ്രീരാമചരിതമാനസം രചിച്ചത്. പിന്നെങ്ങനെയാണ് രാമാരാധന പതിനെട്ടോ പത്തൊമ്പതോ നൂറ്റാണ്ടിലേതാണെന്ന് പറയുന്നത്.
- തര്‍ക്ക മന്ദിരത്തെ സംബന്ധിച്ച അവരുടെ പ്രചാരണം എങ്ങനെയായിരുന്നു?
ഒഴിഞ്ഞുകിടന്നിരുന്ന സ്ഥലത്താണ് മസ്ജിദ് നിര്‍മ്മിച്ചതെന്നാണ് ആദ്യം ഇടത് ചരിത്രകാരന്മാര്‍ വാദിച്ചത്. എഎസ്‌ഐയുടെ ഉത്ഖനനത്തില്‍ ക്ഷേത്രാവശിഷ്ടം കണ്ടെത്തിയപ്പോള്‍ അത് ഈദ്ഗാഹിന്റേതാണെന്നും അതിന് മുകളിലാണ് മസ്ജിദ് നിര്‍മ്മിച്ചതെന്നും പറഞ്ഞു. മുന്‍പ് ഇങ്ങനെയല്ലല്ലോ പറഞ്ഞതെന്നും എന്തുകൊണ്ടാണ് നിലപാട് മാറ്റുന്നതെന്നും അലഹബാദ് ഹൈക്കോടതി ചോദിച്ചു. 1992ല്‍ തര്‍ക്ക മന്ദിരം തകര്‍ന്നപ്പോള്‍ മസ്ജിദിന്റെ തൂണുകളില്‍ വിഷ്ണു ഹരി പുരാലിഖിതം കണ്ടെത്തിയിരുന്നു. സ്ഥലത്തിന്റെ അവകാശ തര്‍ക്കത്തില്‍ ഇത് വലിയ തെളിവായിരുന്നു. എന്നാല്‍ പുരാലിഖിതം കര്‍സേവകര്‍ അവിടെ കൊണ്ടിട്ടതാണെന്ന് ഇര്‍ഫാന്‍ ഹബീബ് എഴുതി. ആരുടെയോ സ്വകാര്യ ശേഖരത്തിലുണ്ടായിരുന്നതാകാമെന്ന് ആദ്യം പറഞ്ഞ ഹബീബ് പിന്നീട് ലക്‌നൗ മ്യൂസിയത്തില്‍നിന്ന് മോഷ്ടിച്ചതാണെന്ന് ആരോപിച്ചു. വി.പി. സിംഗ് പ്രധാനമന്ത്രിയായിരിക്കെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ചുമതലപ്പെടുത്തിയിരുന്ന കിഷോര്‍ കുനാല്‍ ലക്‌നൗ മ്യൂസിയത്തിലെത്തി അവിടെയുള്ള പുരാലിഖിതത്തിന്റെ ഫോട്ടോ പുറത്തുവിട്ടു. അയോദ്ധ്യയില്‍ കണ്ടെടുത്തതില്‍നിന്നും വ്യത്യാസമുള്ളതായിരുന്നു ഇത്. ഔറംഗസേബിന്റെ കാലത്ത് അയോദ്ധ്യയില്‍ തകര്‍ക്കപ്പെട്ട ത്രേതാ കാ ഠാക്കൂര്‍ ക്ഷേത്രത്തിന്റെ പുരാലിഖിതമായിരുന്നു ലക്‌നൗ മ്യൂസിയത്തിലുണ്ടായിരുന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് കണ്ടെടുത്ത പുരാലിഖിതം അവിടെ സൂക്ഷിച്ചുവരികയായിരുന്നു. പിന്നീട് ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ഹബീബ് തയ്യാറായില്ല.
- എഎസ്‌ഐ റിപ്പോര്‍ട്ടിനെതിരെയും വ്യാപക പ്രചാരണമാണ് നടന്നത്, ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു?
ഉത്ഖനനത്തില്‍ ലഭിച്ച തെളിവുകള്‍ തങ്ങളുടെ അവകാശവാദത്തെ പൂര്‍ണമായും നിരാകരിക്കുന്നതാണെന്ന് വ്യക്തമായതോടെയാണ് എഎസ്‌ഐക്കെതിരെ ഇടത് ചരിത്രകാരന്മാര്‍ രംഗത്തുവന്നത്. ഇരു വിഭാഗത്തിലെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി, ഹൈക്കോടതിയുടെ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന ഉത്ഖനനം നിഷ്പക്ഷമല്ലെന്ന അടിസ്ഥാനരഹിതമായ ആരോപണമാണ് അവര്‍ ഉന്നയിച്ചത്. എഎസ്‌ഐക്ക് ബദലായി ‘ഹിസ്റ്റോറിയന്‍സ് റിപ്പോര്‍ട്ട് റ്റു ദ നാഷന്‍’ എന്ന പേരില്‍ പ്രത്യേകം റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തു. ഈ റിപ്പോര്‍ട്ട് തെളിവായി ഹാജരാക്കിയ സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിനെ സുപ്രീം കോടതി ഓടിക്കുകയാണ് ചെയ്തത്. ഇത് തെളിവല്ലെന്നും ഏതാനും പേരുടെ അഭിപ്രായമായി മാത്രമേ പരിഗണിക്കാന്‍ സാധിക്കൂവെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി. അലഹബാദ് ഹൈക്കോടതിയിലെ വാദത്തിനിടെ ഇവരുടെ കപടമുഖം അഴിഞ്ഞുവീണിരുന്നു. താനും ശര്‍മ്മയും മാത്രമാണ് അയോദ്ധ്യ സന്ദര്‍ശിച്ചതെന്നും പുരാണത്തില്‍ തനിക്ക് അറിവില്ലെന്നും ക്രോസ് വിസ്താരത്തിനിടെ സൂരജ് ഭാന്‍ തുറന്നുസമ്മതിച്ചു. ബി.ബി. ലാലിന്റെ നേതൃത്വത്തില്‍ നടന്ന ഉത്ഖനനത്തിന്റെ റിപ്പോര്‍ട്ട് പോലും വായിച്ചിരുന്നില്ല. അതേ സമയം എഎസ്‌ഐ റിപ്പോര്‍ട്ട് അഭിപ്രായം മാത്രമാണെന്ന മുസ്ലിം കക്ഷികളുടെ വാദം കോടതി തള്ളി. നിരന്തരമായ പഠനത്തിന് ശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ട് വിദഗ്ധാഭിപ്രായമാണെന്നും പ്രത്യേകതയുള്ളതാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. വര്‍ഷങ്ങളായി ഇടത് ചരിത്രകാരന്മാരുടെ നേതൃത്വത്തില്‍ നടന്ന വ്യാജപ്രചാരണമാണ് കോടതി തകര്‍ത്തത്. മാന്യതയുണ്ടെങ്കില്‍ രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചതിനും മതേതര സമൂഹത്തില്‍ വര്‍ഗ്ഗീയതയുടെ വിഷം പടര്‍ത്തിയതിനും ഇവര്‍ മാപ്പ് പറയേണ്ടതാണ്. എന്നാല്‍ കമ്യൂണിസ്റ്റുകാരില്‍നിന്ന് ഇത്തരം മാന്യത പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല.
കോടതിയെ സമീപിച്ച് തങ്ങളുടെ വാദം ധരിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നില്ലേ?
പ്രധാനപ്പെട്ട ഇടത് ചരിത്രകാരന്മാര്‍ കോടതിയില്‍ ഹാജരാവുകയോ വാദം ഉന്നയിക്കുകയോ ചെയ്തിട്ടില്ല. അതിനവര്‍ക്ക് ധൈര്യമുണ്ടായിരുന്നില്ല. പകരം മാധ്യമങ്ങളിലും സെമിനാറുകളിലും മുസ്ലിം വികാരം ഇളക്കിവിടുന്നതില്‍ വ്യാപൃതരായി. എന്താണ് വിഷയമെന്ന് പോലും അറിയാത്ത ശിഷ്യന്മാരായ പ്രൊഫസര്‍മാരെ കോടതിയിലേക്കയച്ചു. അതിലൊരാളായ ജെഎന്‍യുവിലെ സുവിര ജെയ്‌സ്വാള്‍ നല്‍കിയ മൊഴി അലഹബാദ് ഹൈക്കോടതി വിധിയില്‍ രേഖപ്പെടുത്തിയത് ഇങ്ങനെയാണ്. ”ബാബറി മസ്ജിദിനെക്കുറിച്ച് ഞാന്‍ ഒന്നും വായിച്ചിട്ടില്ല. കാര്യമായി പഠിച്ചിട്ടുമില്ല. അതിനാല്‍ എപ്പോഴാണ് മസ്ജിദ് സ്ഥാപിച്ചതെന്ന് പറയാന്‍ സാധിക്കില്ല. മസ്ജിദിന് മുന്‍പ് അവിടെ എന്താണ് ഉണ്ടായിരുന്നതെന്നും പറയാനാകില്ല. രാമക്ഷേത്രം തകര്‍ത്താണ് മസ്ജിദ് നിര്‍മ്മിച്ചതെന്നതിന് തെളിവില്ലെന്നാണ് എന്റെ അറിവ്. ‘ഹിസ്റ്റോറിയന്‍സ് റിപ്പോര്‍ട്ട് റ്റു ദ നാഷന്‍’ വായിച്ചതാണ് ഇത് സംബന്ധിച്ച് എന്റെ അറിവ്. അഭിപ്രായമാണ് ഞാനിവിടെ പറയുന്നത്”. ചരിത്രകാരന്‍ എന്നവകാശപ്പെട്ട ദല്‍ഹി സര്‍വ്വകലാശാലയിലെ ആര്‍.സി. തക്രന്റെ മൊഴി ഇങ്ങനെ. ”ഒരു ചരിത്രകാരന്‍ എന്ന നിലയില്‍ പത്രങ്ങളും വാരികകളും അറിവ് ലഭിക്കുന്നതിനുള്ള സ്രോതസ്സുകളായാണ് ഞാന്‍ പരിഗണിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് ഒരു ചരിത്ര പുസ്തകവും ഞാന്‍ വായിച്ചിട്ടില്ല”.
- ഇടത് പ്രചാരണത്തെ വേണ്ട വിധത്തില്‍ പ്രതിരോധിക്കാന്‍ ക്ഷേത്രത്തെ അനുകൂലിക്കുന്നവര്‍ക്ക് സാധിച്ചിരുന്നോ? ദേശീയതലത്തില്‍ എങ്ങനെയാണ് ഇത്രയും സ്വാധീനം ഇടതിന് ഉണ്ടായത്?
അയോദ്ധ്യ രാമന്റെ ജന്മസ്ഥലമാണ്. ക്ഷേത്രം തകര്‍ത്താണ് മസ്ജിദ് നിര്‍മ്മിച്ചത്. ഇതായിരുന്നു സത്യം. എന്നാല്‍ ഈ സത്യം തുറന്നുപറയുന്നവരെ വര്‍ഗ്ഗീയവാദിയാക്കുന്ന തരത്തിലുള്ള പ്രചാരണം നടത്തുന്നതില്‍ ഇടത്പക്ഷം വിജയിച്ചു. അക്കാദമിക്, മാധ്യമ മേഖലകളില്‍ അവര്‍ക്കുള്ള സ്വാധീനം അത്രത്തോളം വലുതായിരുന്നു. ഇതിനെ പ്രതിരോധിക്കാനുള്ള തന്ത്രപരമായ സമീപനം മറുഭാഗത്ത് ഉണ്ടായിരുന്നില്ല. അതോടെ സത്യത്തിനു വേണ്ടി വാദിക്കുന്നവര്‍ ഫാസിസ്റ്റുകളായി ചിത്രീകരിക്കപ്പെട്ടു. ഇപ്പോഴും എത്ര സര്‍വ്വകലാശാലകളില്‍ ഈ സത്യം നമുക്ക് വിളിച്ചുപറയാന്‍ സാധിക്കും? ഇന്ദിരാ ഗാന്ധിയുടെ കാലത്ത് ഇടതുപക്ഷക്കാരനായ സയ്യിദ് നൂറുല്‍ ഹസ്സന്‍ മാനവവിഭവശേഷി മന്ത്രിയായതോടെയാണ് ഇടത് സ്വാധീനം ആരംഭിച്ചത്. അക്കാദമിക് രംഗത്ത് തങ്ങളുടെ ഇഷ്ടക്കാരെ നിയമിക്കാന്‍ അവര്‍ ശ്രദ്ധിച്ചു. ഫണ്ടിംഗ് ഏജന്‍സിയായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്ററിക്കല്‍ റിസര്‍ച്ച് ആരംഭിച്ചു.
- എന്തുകൊണ്ടാണ് ഇടതന്മാര്‍ എപ്പോഴും ഹിന്ദുവിരുദ്ധര്‍ ആകുന്നത്?
കമ്യൂണിസം വിദേശ ആശയമാണ്. ഭാരതീയ സംസ്‌കാരത്തിലും പൈതൃകത്തിലും അഭിമാനിക്കുന്ന സമൂഹത്തിന് വെറുപ്പും വിദ്വേഷവും മുഖമുദ്രയാക്കിയ കമ്യൂണിസ്റ്റ് ആശയങ്ങളെ ഉള്‍ക്കൊള്ളാനാകില്ല. അതിനാലാണ് കമ്യൂണിസ്റ്റുകള്‍ രാജ്യത്തിന്റെ ആത്മീയ പാരമ്പര്യത്തെ എതിര്‍ക്കുകയും ഭാരതീയ ചിന്തകളെ അപരിഷ്‌കൃതമാണെന്ന് ആക്ഷേപിക്കുകയും ചെയ്യുന്നത്. ഇപ്പോള്‍ അവര്‍ തുറന്നുകാട്ടപ്പെടുന്നുണ്ടെന്നതാണ് ആശ്വാസം.