ബാങ്കിന്റെ ഡെപ്പോസിറ്റു കൂടിക്കൂടിവരികയും വായ്പകളില്‍ നല്ല വര്‍ദ്ധനവുണ്ടാവുകയും കിട്ടാക്കടങ്ങള്‍ കുറഞ്ഞു കുറഞ്ഞുവരികയും – ഇങ്ങനെ നല്ലതു മാത്രം സംഭവിച്ചുകൊണ്ടിരിക്കുന്ന അക്കാലത്തൊരു പ്രഭാതത്തില്‍ മുണ്ടൂര്‍ ബ്രാഞ്ചിന്റെ മാനേജര്‍ ചന്ദ്രഹാസന്‍ അപ്രത്യക്ഷനായി.
ഒമ്പതു മണിക്ക് എന്നത്തേയുംപോലെ അക്കൗണ്ടന്റ് ശ്രീധരനുണ്ണി ബ്രാഞ്ചിനകത്തേക്കു പ്രവേശിച്ച് ഇടതുവശത്തുള്ള മാനേജരുടെ ക്യാബിനിലേക്കു കണ്ണുപായിച്ചു. ക്യാബിന്‍ ശൂന്യം. സാര്‍ ബാത്ത്‌റൂമിലായിരിക്കും. ശ്രീധരനുണ്ണി അയാളുടെ സീറ്റില്‍ ചെന്നിരുന്ന് പതിവുപ്രവൃത്തികളില്‍ മുഴുകി.
മണിക്കൂറൊന്നായിട്ടും ചന്ദ്രഹാസന്‍സാറിനെ ക്യാബിനില്‍ കണ്ടില്ല. പുറത്തെവിടെയെങ്കിലും പോയതായിരിക്കുമോ. ബ്രാഞ്ചു തുറന്നുവെച്ച് അങ്ങനെ ഇറങ്ങിപ്പോകുന്നയാളല്ലല്ലോ. സ്വീപ്പറോടു പറഞ്ഞിട്ടായിരിക്കുമോ സാര്‍ പുറത്തുപോയത്.?
”രാധാമണി!”
മറുപടി ഉണ്ടായില്ല.
ശ്രീധരനുണ്ണി ഡൈനിങ്ങ് റൂമിന്റെ വാതില്‍ തറന്നു നോക്കി. രാധാമണി ബാത്ത്‌റൂം ഉരച്ചുകഴുകിക്കൊണ്ടു നില്‍ക്കുന്നു.
”മാനേജരെവിടെപ്പോയി? തന്നോടെന്തെങ്കിലും പറഞ്ഞോ. എങ്ങോട്ടു പോവുകയാണെന്നോ മറ്റോ?””
”ഇല്ല സാറെ. ഞാന്‍ വന്നപ്പോഴും സാറിനെ കണ്ടില്ല. കാപ്പികുടിക്കാന്‍ അപ്പുറത്തെ ഹോട്ടലില്‍ പോയതായിരിക്കും എന്നല്ലേ ഞാന്‍ വിചാരിച്ചത്.””
ശ്രീധരനുണ്ണി ബ്രാഞ്ചിനു വെളിയില്‍ വന്നു. അടുത്തുള്ള കടകളിലും ഹോട്ടലിലും അന്വേഷിച്ചു. ചന്ദ്രഹാസന്‍സാര്‍ ഷട്ടര്‍ വലിച്ചുപൊക്കുന്നതും ഗ്രില്ലുഡോറിന്റെ പൂട്ടു തുറക്കുന്നതും ഗ്ലാസ്‌ഡോര്‍ തുറന്ന് ഹാളിലേക്കു കടക്കുന്നതും കണ്ടവരുണ്ട്. എട്ടുമണി എന്നൊരു സമയമുണ്ടെങ്കില്‍ ചന്ദ്രഹാസന്‍ സാര്‍ ബ്രാഞ്ചു തുറന്നിരിക്കും എന്ന് ഇവര്‍ക്കൊക്കെ അറിയാവുന്നതാണ്.
പത്തുമണി. സ്റ്റാഫെല്ലാവരും എത്തിക്കഴിഞ്ഞു. സേഫു തുറന്ന് ക്യാഷെടുക്കണം. ഇന്നത്തെ ഇടപാടുകള്‍ തുടങ്ങേണ്ട നേരമായിരിക്കുന്നു.
സാര്‍ അടുത്തെവിടെയെങ്കിലും ഇന്‍സ്‌പെക്ഷനു പോയിട്ടുണ്ടാകുമെന്നുതന്നെ ശ്രീധരനുണ്ണിയും സ്റ്റാഫും പ്രതീക്ഷിച്ചു.
പത്തേകാലായിട്ടും പത്തരയായിട്ടും ചന്ദ്രഹാസന്‍സാര്‍ വന്നില്ല. സാറിന്റെ മൊബൈല്‍ നമ്പറില്‍ വിളിച്ചുനോക്കിയാലോ. ഈ ബുദ്ധിയെന്തേ ആദ്യമേ ഉദിച്ചില്ല! ശ്രീധരനുണ്ണി മൊബൈലെടുത്തു.
ആശ്വാസം. റിങ്ങു പോകുന്നുണ്ട്. അപ്പോള്‍ സബ്സ്റ്റാഫ് ഉണ്ണികൃഷ്ണന്‍, മാനേജരുടെ മേശപ്പുറത്ത് നിര്‍ത്താതെ അടിച്ചുകൊണ്ടിരിക്കുന്ന ഫോണെടുത്ത് ശ്രീധരനുണ്ണിയുടെ മേശപ്പുറത്തു വെച്ചു. ആരോടും പറയാതെ, മൊബൈല്‍ഫോണുപോലുമെടുക്കാതെ ചന്ദ്രഹാസന്‍സാര്‍ ബ്രാഞ്ചില്‍നിന്നിറങ്ങിപ്പോവുക. രാധാമണിയോടുപോലും പറയാതിരിക്കുക. അതിശയമായിരിക്കുന്നു!
ശ്രീധരനുണ്ണി അപകടം മണത്തു. പെട്ടെന്ന് തലകറക്കമോ മറ്റോ വന്ന് ബ്രാഞ്ചിനു വെളിയിലെവിടെയെങ്കിലും സാറ് കുഴഞ്ഞുവീണു കിടക്കുന്നുണ്ടാകുമോ. ശ്രീധരനുണ്ണിയും ഉണ്ണികൃഷ്ണനും ബ്രാഞ്ചുകെട്ടിടത്തിന്റെ ചുറ്റിലും നടന്നു നോക്കി.
വീട്ടില്‍നിന്ന് ഫോണ്‍ വന്നിട്ടുണ്ടാകുമോ. സാറിന്റെ മിസ്സിസിനോ മക്കള്‍ക്കോ ആര്‍ക്കെങ്കിലും എന്തെങ്കിലും അത്യാപത്ത്! സാധ്യത തള്ളിക്കളയാനാവില്ല. ബേജാറുകൊണ്ട്് ആരോടും പറയാതെ ഇറങ്ങിപ്പോയതാവാം.
ശ്രീധരനുണ്ണി ചേലക്കരയ്ക്കു ഫോണ്‍ ചെയ്തു. മാലിനിച്ചേച്ചിയാണ് ഫോണെടുത്തത്.
”സാര്‍ ചേലക്കരയ്ക്കു വന്നിട്ടുണ്ടോ?” ”
”എന്തിനാ ഏട്ടന്‍ ഈ സമയത്ത് ഇങ്ങോട്ടു വരുന്നത്? എന്നെ രാവിലെ ഏഴരയ്ക്കു വിളിച്ചിരുന്നു. ദാ, ബ്രാഞ്ചിലേക്ക് പുറപ്പെട്ടു എന്നാണ് എന്നോടു പറഞ്ഞത്. ഏട്ടനെന്തു പറ്റി?”
”ബേജാറാവാതെ ചേച്ചി. സാര്‍ ഇന്‍സ്‌പെക്ഷനോ മറ്റോ പോയതായിരിക്കും. ഉടനെ വരുമായിരിക്കും. വന്നാല്‍ അങ്ങോട്ടു വിളിക്കാന്‍ പറയാം.”
ബാങ്ക് മാനേജര്‍ ചന്ദ്രഹാസന്‍സാറിനെ കാണാനില്ലെന്ന വാര്‍ത്ത തീപോലെ പടര്‍ന്നു.
ശ്രീധരനുണ്ണി ഡിവിഷണല്‍ ഓഫീസിലേക്കു വിളിച്ചു. ഉടനെ പോലീസിനെ അറിയിക്കാനാണ് നിര്‍ദ്ദേശം കിട്ടിയത്. ചീഫ് മാനേജരും രണ്ട് ഓഫീസര്‍മാരും ബാങ്കിന്റെ കാറില്‍ മുണ്ടൂരേക്കു പുറപ്പെട്ടിട്ടുണ്ടെന്ന അറിയിപ്പ് പിറകേ വന്നു.
സമയമേതും കളയാതെ ശ്രീധരനുണ്ണി പോലീസ് സ്റ്റേഷനിലേക്കു ഫോണ്‍ ചെയ്തു. നിമിഷങ്ങള്‍ക്കകം എസ്.ഐയും രണ്ടു പോലീസുകാരും ബ്രാഞ്ചിന്റെ മുമ്പിലെത്തി. ടൈപ്പുചെയ്ത പരാതി ശ്രീധരനുണ്ണി എസ്.ഐക്കു കൈമാറി. പരാതിയുടെ ആവശ്യമില്ലെന്ന് എസ്.ഐ. ഒരു ദേശസാല്‍കൃത ബാങ്കിന്റെ ബ്രാഞ്ചുമാനേജരെയാണ് കാണാതായിരിക്കുന്നത്. അദ്ദേഹത്തിനെന്തു സംഭവിച്ചുവെന്ന് കണ്ടെത്തേണ്ടത് പോലീസിന്റെ ഉത്തരവാദിത്തമാണ്.
ബ്രാഞ്ചിനു മുമ്പില്‍ ജനം കൂടിനില്‍ക്കുന്നു. ചന്ദ്രഹാസന്‍ സാറിനെന്താണ് സംഭവിച്ചത്? നല്ല മനുഷ്യനായിരുന്നു. പരോപകാരിയായിരുന്നു. ആരോടെങ്കിലും ഉച്ചത്തില്‍ സംസാരിക്കുന്നതായോ തട്ടിക്കേറുന്നതായോ ആരും കണ്ടിട്ടില്ല.
സാറിനെ ബലം പ്രയോഗിച്ച് കാറില്‍ തട്ടിക്കൊണ്ടുപോയതായിരിക്കുമോ! സാധ്യത തള്ളിക്കളയാനാവില്ല. ആ നേരത്ത് ബ്രാഞ്ചിന്റെ മുമ്പില്‍ ഏതെങ്കിലും കാര്‍ വന്നുനില്‍ക്കുന്നതോ തിരിച്ചുപോകുന്നതോ കണ്ടവരില്ല. ഏതായാലും, പോലീസുകാര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടല്ലോ. അവര്‍ കണ്ടെത്തിക്കൊള്ളും.
എസ്.ഐ സ്റ്റാഫിനെ ഓരോരുത്തരെയായി വിളിച്ചിരുത്തി ചോദ്യങ്ങള്‍ ചോദിച്ചു. ചുറ്റുവട്ടത്തുള്ള കടകളിലേക്കും ഹോട്ടലിലേക്കും അന്വേഷണം നീണ്ടു. മുണ്ടൂര്‍ ടൗണും പരിസരവും അരിച്ചുപെറുക്കി. തൃശ്ശൂര്‍ ഡിഎസ്പി ഓഫീസില്‍നിന്ന് വയര്‍ലസ് സന്ദേശങ്ങള്‍ മറ്റു ജില്ലകളിലേക്കും പറന്നുചെന്നു.
”സാറിന് ശത്രുക്കളാരെങ്കിലും ഉള്ളതായിട്ടറിയാമോ?” എസ്.ഐ വീണ്ടും ശ്രീധരനുണ്ണിയോട് സ്വകാര്യമായന്വേഷിച്ചു.
എന്റെ അറിവിലില്ലെന്ന് ശ്രീധരനുണ്ണി തറപ്പിച്ചു പറഞ്ഞു. സ്റ്റാഫിനോടായാലും പബ്ലിക്കിനോടായാലും സൗമ്യമായി ഇടപഴകുന്ന സ്വഭാവക്കാരനാണ്. ആര്‍ക്കും സാറിനോട് ശത്രുത തോന്നേണ്ട കാര്യമില്ല.
രണ്ട്
മാനേജര്‍ ചന്ദ്രഹാസന്റെ വെപ്പും തീനും പൊറുതിയും ബ്രാഞ്ചിനകത്തുതന്നെയാണെന്ന് ബാങ്കിന്റെ ഇടപാടുകാര്‍ വിശ്വസിച്ചു.
എട്ടരമണിക്ക് സ്വീപ്പര്‍ രാധാമണി ബ്രാഞ്ചിലെത്തുമ്പോള്‍ സാറ് ക്യാബിനകത്തിരിപ്പുണ്ടാവും. സശ്രദ്ധം ഫയലുകള്‍ പഠിക്കുകയോ ചുണ്ടെലിയെ വലതുകൈപ്പടത്തിലൊതുക്കിപ്പിടിച്ച് കമ്പ്യൂട്ടറില്‍ പരതിക്കൊണ്ടിരിക്കുകയോ ചെയ്യുന്നുണ്ടാവും.
ബാങ്കിങ്ങ് ഹാളും ഡൈനിങ്ങ് റൂമും ബാത്ത്‌റൂമുകളും തൂത്തുതുടച്ച്, ചൂലും ബക്കറ്റുമായി രാധാമണി ക്യാബിന്റെ മുമ്പിലെത്തുന്നു. അപ്പോള്‍ മാത്രം ചന്ദ്രഹാസന്‍ മനസ്സില്ലാമനസ്സോടെ ക്യാബിനു പുറത്തിറങ്ങി, ബ്രാഞ്ചിനു വെളിയില്‍ ഇളവെയിലേറ്റുകൊണ്ടു നില്‍ക്കുന്നു.
താങ്കള്‍ക്ക് വിറ്റാമിന്‍ ഡിയുടെ കുറവുണ്ടല്ലോ എന്ന് ചന്ദ്രഹാസനെ പരിശോധിക്കുന്ന ഡോക്ടര്‍ ശശികുമാര്‍ എപ്പോഴും ഓര്‍മ്മിപ്പിക്കുന്നുണ്ട്. വിറ്റാമിന്‍ ഡി ഗുളിക കഴിക്കുന്നതിനേക്കാള്‍ ഭേദമാണ് ഇങ്ങനെ ഇളവെയിലുകൊണ്ടു നില്‍ക്കുന്നത്.
രാധാമണി ക്യാബിന്‍ തുടച്ചു വൃത്തിയാക്കി പുറത്തിറങ്ങേണ്ട താമസം, കൂടുതുറന്നുകിട്ടിയ അല്‍സേഷ്യന്‍ നായ തിരിച്ചു കൂട്ടില്‍ കയറുന്നപോലെ ചന്ദ്രഹാസന്‍ ക്യാബിനിലേക്കു കയറിപ്പോകുന്നു.
ഒമ്പതുമണിക്ക് അക്കൗണ്ടന്റ് ശ്രീധരനുണ്ണി ബ്രാഞ്ചിലെത്തിയിരിക്കും. ഹര്‍ത്താലാവട്ടെ, പണിമുടക്കാവട്ടെ, പേമാരിയാവട്ടെ, സമയത്തിന്റെ കാര്യത്തില്‍ കൃത്യത പാലിക്കാറുണ്ട് ശ്രീധരനുണ്ണി.
ചിലപ്പോള്‍, ചുവരില്‍ ഓടിക്കൊണ്ടിരിക്കുന്ന ക്ലോക്ക് സ്വന്തം സമയസൂചികള്‍ ശരിയാക്കുന്നത് ശ്രീധരനുണ്ണി ബ്രാഞ്ചിനകത്തേക്ക് കാലെടുത്തുവെക്കുമ്പോഴായിരിക്കും.
കാഷ്യര്‍ ദാമോദരന്‍, ക്ലര്‍ക്കുമാരായ ശ്രീലത, സുഷമ, ഗോപകുമാര്‍, സബ്സ്റ്റാഫ് ഉണ്ണികൃഷ്ണന്‍ – ഇവര്‍ ബ്രാഞ്ചിലെത്തുന്നത് ഒമ്പതേ അമ്പതിനും പത്തേകാലിനും ഇടക്കെപ്പോഴെങ്കിലുമായിരിക്കും. കുറ്റം പറയരുതല്ലോ, കാഷ്യര്‍ ദാമോദരന്‍ എന്തായാലും പത്തുമണിക്കുമുമ്പ് ബ്രാഞ്ചില്‍ ഹാജരായിരിക്കും. ക്യാഷ്‌കൂടിന്റെ കിളിവാതില്‍ ഇടപാടുകാരുടെ മുമ്പില്‍ പത്തുമണിയോടെ തുറന്നുവെച്ചിരിക്കണമെന്നാണ് നിയമം.
മുഖവാതിലിന്റെ ഗ്രില്ലുപാളികള്‍ പത്തുമണിയോടെ മലര്‍ക്കേ തുറക്കുന്നു. ഇപ്പോള്‍ ബാങ്കിങ്ങ് ഹാളിലേക്ക് പൊതുജനത്തിന്റെ വരവു തുടങ്ങുന്നു. കൗണ്ടറുകളില്‍ തിരക്കേറുന്നു.
ഇവര്‍ ദൈനന്ദിന ഇടപാടുകള്‍ക്കു വരുന്നവരാണ്. ഇവരെക്കൂടാതെ, വായ്പ ചോദിച്ചുവരുന്നവര്‍, വായ്പാതിരിച്ചടവില്‍ വീഴ്ച വരുത്തുന്നവര്‍, സങ്കടം പറയാനെത്തുന്നവര്‍, അങ്ങനേയും കുറേപ്പേര്‍ മാനേജരുടെ ക്യാബിനു മുമ്പില്‍ കൂട്ടംകൂടിനില്‍ക്കുകയോ ക്യാബിനൊഴിയുന്നതും കാത്ത് സോഫയില്‍ കുത്തിയിരിക്കുകയോ ചെയ്യുന്നുണ്ടാവും.
അതിനിടെ, ബാങ്കിനു വേണ്ടപ്പെട്ടവര്‍ ഹാളിലേക്കു പ്രവേശിക്കുന്നത് മാനേജര്‍ കാണാതെ പോകരുത്. ദൂരക്കാഴ്ചയേറും ചന്ദ്രഹാസന്റെ കണ്ണുകള്‍ക്ക്. അയാള്‍ അവരെ എളുപ്പം തിരിച്ചറിയുന്നു. എലൈറ്റ്് കസ്റ്റമേഴ്‌സ്. ഇവരാണ് ബ്രാഞ്ചിന്റെ വളര്‍ച്ചക്ക് വെള്ളവും വളവും നല്‍കുന്നത്.
എലൈറ്റ്് കസ്റ്റമേഴ്‌സ് പലരാണ്. ഫിക്‌സഡ് ഡെപ്പോസിറ്റു തന്നു സഹായിക്കുന്നവര്‍, ഇടവേളകളില്‍ നാട്ടില്‍ വന്നുപോകുന്ന എന്‍.ആര്‍.ഇ. ക്ലയന്റ്‌സ്, ബ്രാഞ്ചില്‍നിന്ന് ലക്ഷങ്ങള്‍ വായ്പയെടുക്കുന്ന വമ്പന്‍ ബിസിനസ്സുകാര്‍, വ്യവസായികള്‍. ഇവരെ ഡിലൈറ്റഡ് കസ്റ്റമേഴ്‌സ് ആയി മാറ്റിയെടുക്കുന്നതിലാണ് മാനേജരുടെ മിടുക്ക്. ഒരല്‍പ്പം അവഗണന മതി, ഇവര്‍ ഇടപാടുകള്‍ അവസാനിപ്പിച്ച് മറ്റു ബാങ്കുകളില്‍ ചേക്കേറാന്‍.
ക്യാബിനു പുറത്തുവന്ന്, ഇത്തരം കസ്റ്റമേഴ്‌സിനെ ക്യാബിനിലേക്കാനയിച്ച്, ലോഹ്യം പറഞ്ഞ്, വീട്ടുവിശേഷങ്ങള്‍ കൈമാറി, എന്നിട്ടുമാത്രം അവരുടെ വരവിന്റെ ഉദ്ദേശ്യം ചോദിച്ചറിയണം.
ചെക്കു മാറാനോ ഡെപ്പോസിറ്റു പുതുക്കാനോ അക്കൗണ്ട് സ്റ്റേറ്റുമെന്റിനുവേണ്ടിയോ അവരെ കൗണ്ടറിലേക്കു പറഞ്ഞുവിടരുത്. ചന്ദ്രഹാസന്‍തന്നെ ക്യാബിനില്‍നിന്നെണീറ്റുപോയി, ബന്ധപ്പെട്ട സെക്ഷനില്‍ചെന്നു കാര്യം സാധിക്കുന്നു. ക്യാഷ്‌ചെക്കാണെങ്കില്‍ കാഷ്യറില്‍നിന്ന് ക്യാഷ് സ്വീകരിച്ച് ക്യാബിനിലിരിക്കുന്ന മാന്യദേഹത്തിനു കൈമാറുന്നു.
ഡിലൈറ്റഡ് കസ്റ്റമേഴ്‌സിനെ സേവിക്കാനും സുഖിപ്പിക്കാനും ദിവസത്തില്‍ ഒന്നോ രണ്ടോ മണിക്കൂറുകള്‍ ചന്ദ്രഹാസനു ചെലവഴിക്കേണ്ടിവരുന്നു.
ഇതൊരു വൃഥാവ്യായാമമല്ലേ എന്നു ചോദിക്കുന്നവരോട്, അങ്ങനെയല്ലെന്നാണ് ചന്ദ്രഹാസന്റെ മറുപടി. അവരുടെ വരപ്രസാദമാണ് ബാങ്കിന്റെ വളര്‍ച്ച.
മറ്റു ബാങ്കുകളില്‍ വിഹരിക്കുന്ന കൊമ്പന്മാരെ ഇരയിട്ടുകൊടുത്ത് ഇങ്ങോട്ടും ആകര്‍ഷിച്ചു കൊണ്ടുവരണം. ഇഴയടുപ്പമുള്ള പെരുമാറ്റംകൊണ്ടും മധുരമുള്ള വാക്കുകൊണ്ടും ചിലരെയെങ്കിലും വലയിലാക്കാന്‍ ചന്ദ്രഹാസനു കഴിയുന്നു.
ബാങ്കിന്റെ ഡയറിയോ, ലെതര്‍വാലറ്റോ, ബ്രീഫ്‌കെയ്‌സോ, എന്തെങ്കിലുമൊക്കെ തരാതരം കയ്യില്‍ കരുതണം അത്തരക്കാരെ വീട്ടില്‍ചെന്നു കാണുമ്പോള്‍. ബ്രാഞ്ചിനു വേണ്ടപ്പെട്ട കസ്റ്റമേഴ്‌സ്, നിലവിലുള്ളവരായാലും പുതുക്കക്കാരായാലും, അവരെ ചിരിച്ചമുഖത്തോടെ സ്വീകരിക്കാനും അവരുടെ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കാനും സന്തോഷിപ്പിക്കാനും ബ്രാഞ്ചുസ്റ്റാഫിനെ ട്യൂണ്‍ചെയ്‌തെടുക്കണം. സ്റ്റാഫിന്റെ സഹകരണമുണ്ടെങ്കിലേ ഇതു സാധ്യമാകൂ. കൂടെയുള്ളവരെ ഒരു കുടുംബംപോലെ കൊണ്ടുനടക്കുന്നതിലാണ് ബ്രാഞ്ചുമാനേജരുടെ മിടുക്ക്.
ക്യാബിനുപുറത്ത് കൂട്ടംകൂടി നില്‍ക്കുന്നവര്‍ മിക്കവരും ചെറിയവായ്പകള്‍ക്കുവേണ്ടി വരുന്നവരായിരിക്കും. ഒരു കച്ചവടം തുടങ്ങാന്‍, ചെറുകിടവ്യവസായ യൂണിറ്റൊന്നാരംഭിക്കാന്‍, പശുവിനെ വാങ്ങാന്‍.
ലോണ്‍ ചോദിച്ചു വരുന്നവരുടെ ചരിത്രവും ഭൂമിശാസ്ത്രവും ചോദിച്ചറിയണം. സത്യത്തിലെന്താണവരുടെ ആവശ്യമെന്ന് മനസ്സിലാക്കണം. കൂട്ടത്തില്‍ ചിലരുണ്ട്: ”ഒരു ലോണ്‍ വേണല്ലോ സാറെ.”
”എന്താണ് താങ്കളുടെ ആവശ്യം?” ””എന്തിനൊക്കെ ലോണ്‍ കിട്ടും സാറെ?” ” ”
ഇവരെ കയ്യോടെ പറഞ്ഞുവിടുന്നതാണ് ബുദ്ധി. കൊടുത്ത ലോണ്‍ തിരിച്ചുവരില്ലെന്ന് ഇപ്പോഴേ ഉറപ്പിക്കാം. വായ്പ ചോദിച്ചുവരുന്നവരില്‍ കൃഷിക്കാരുണ്ടാവും. അവരെ പ്രത്യേകം പരിഗണിക്കണം. കൃഷിക്കാരനു കൊടുക്കുന്ന വായ്പ പാഴായിപ്പോകാറില്ല. എന്നാലും കരുതലു വേണം. വായ്പയെടുത്ത് മകളെ കെട്ടിക്കാനോ കെട്ടിയവള്‍ക്ക് ഇളക്കത്താലി പണിയിക്കാനോ അനുവദിക്കരുത്. കൃഷിക്കുവേണ്ടിയെടുക്കുന്ന വായ്പ കൃഷിക്കുവേണ്ടിമാത്രം ചെലവാക്കണം. ഒന്നിനു പത്തായി ഭൂമി തിരിച്ചുകൊടുക്കും.
വീടുവെക്കാന്‍ ലോണിനപേക്ഷിക്കുന്നവരുണ്ട്. നല്ല കാര്യം. വീടു പണിയേണ്ട ഭൂമി ബാങ്കിന് ഈടായി വെപ്പിക്കണം. ലോണെടുക്കുന്നയാള്‍ക്ക് സ്ഥിരവരുമാനമുണ്ടോ, തിരിച്ചടവിന് ത്രാണിയുണ്ടോ എന്ന് മൂന്നുവട്ടം ഉറപ്പാക്കണം. കടമ്പകളേറെ കടക്കണം ലോണപേക്ഷ പ്രോസസ് ചെയത് സാങ്ഷനിങ്ങ്‌സ്റ്റേജിലെത്തിക്കാന്‍.
ചെറുതായാലും വലുതായാലും വായ്പയ്ക്കുള്ള ഏതപേക്ഷയും പ്രോസസ് ചെയ്യാന്‍ സമയം വേണം.
ഇല്ലെന്നു പറയാന്‍പാടില്ലാത്ത ലോണുകളുണ്ട്. സര്‍ക്കാറിന്റെ സബ്‌സിഡി വായ്പകള്‍. വിദ്യാഭ്യാസലോണുകള്‍. ഏതുവകുപ്പില്‍പെട്ട വായ്പയായാലും തിരിച്ചടവു വന്നില്ലെങ്കില്‍ മാനേജര്‍ക്കു പണിയായി.
വായ്പകള്‍ കൈകാര്യം ചെയ്യാന്‍മാത്രം ബ്രാഞ്ചില്‍ ഒരോഫീസര്‍ വേണം. അയാള്‍ക്കുമാത്രമായി ഒരു ക്ലര്‍ക്കിനെ കൊടുക്കണം. എങ്കിലേ ബ്രാഞ്ച് ഭംഗിയായി കൊണ്ടുപോകാന്‍ കഴിയൂ.
ആരോടു പറയാന്‍!
ആഘോഷമായി നടക്കുന്ന മാനേജര്‍മാരുടെ കോണ്‍ഫറന്‍സുകളില്‍ ഡിവിഷണല്‍ മാനേജര്‍ വെളിച്ചപ്പാടിനെപ്പോലെ ഉറയുന്നു:
”സ്റ്റാഫിന്റെ കാര്യം മിണ്ടിപ്പോകരുത്. അത് നിങ്ങളുടെ തലവേദനയാകുന്നു. നിങ്ങള്‍ സ്വയം പരിഹാരം കണ്ടുകൊള്‍ക.”
സദയം കല്‍പ്പിച്ചു നല്‍കുന്ന ബിസിനസ് ടാര്‍ഗറ്റുകള്‍ ബ്രാഞ്ചുമാനേജര്‍ എത്തിപ്പിടിക്കുന്നുണ്ടോ, ഇയാള്‍ ഫിനിഷിങ്ങ് പോയന്റിലേക്കോടിയെത്തുന്നുണ്ടോ, അലസം ട്രാക്കില്‍നിന്നു മാറിയിരിക്കുന്നുണ്ടോ – ഇത്രയും കാര്യങ്ങളാണ് കോണ്‍ഫറന്‍സുകളില്‍ ചര്‍ച്ചയാകുന്നത്. അമിതഭാരം വലിക്കുന്ന വണ്ടിക്കാളകളെപ്പോലെയാണ് സിംഹഭാഗം മാനേജര്‍മാരും. ഭാരം കൂടുന്തോറും അവരുടെ മുതുക് വളഞ്ഞുവരുന്നു, നടത്തം പതുക്കെയാകുന്നു, മുതുകത്തുവീഴുന്ന അടിയുടെ എണ്ണം കൂടുന്നു.
വായ്പയെടുത്ത് കുടിശ്ശിക വരുത്തുന്നവരാണ് എപ്പോഴും ചന്ദ്രഹാസന്റെ പണികൂട്ടുന്നത്; സമയം അപഹരിക്കുന്നത്. റജിസ്റ്റേര്‍ഡ് നോട്ടീസും ജപ്തിനോട്ടീസും അയച്ചും, അധമര്‍ണ്ണരെത്തേടി അവരുടെ വീടുകളില്‍ കയറിച്ചെന്നും ചന്ദ്രഹാസന്റെ അപരാഹ്നങ്ങള്‍ തിരക്കേറിയതാകുന്നു.
ബിസിനസ് കോണ്‍ഫറന്‍സിന്റെ ഭാഗമാണ് ഇന്‍ഡിവിജ്വല്‍ ബ്രാഞ്ച് റിവ്യൂ. മാനേജരെ ഒറ്റയ്ക്കു വിളിച്ചിരുത്തി, ഡിവിഷണല്‍ മാനേജര്‍ ഭേദ്യം തുടങ്ങുന്നു.
”താങ്കള്‍ എന്താണ് ബ്രാഞ്ചില്‍ ചെയ്യുന്നത്? റെസ്റ്റെടുക്കാനാണെങ്കില്‍ ഊട്ടിക്കോ കൊടൈക്കനാലിലേക്കോ പോകണം മിസ്റ്റര്‍. ഇടുക്കിയില്‍ ബാങ്കിന് ബ്രാഞ്ചുകളുണ്ടെന്ന് ഓര്‍മ്മിച്ചാല്‍ താങ്കള്‍ക്കു നല്ലത്. ഡെപ്പോസിറ്റ് ഫിഗര്‍ ടാര്‍ഗറ്റിനെത്രയോ പിറകില്‍. അഡ്വാന്‍സ്, ടാര്‍ഗറ്റിന്റെ അയലത്തെങ്ങുമെത്തുന്നില്ലല്ലോ? റിക്കവറിയോ വളരെ മോശം.”””അഡ്വാന്‍സ് സെക്ഷനിലേക്ക് ഒരോഫീസറെ—””
ഡിവിഷണല്‍ മാനേജര്‍ ഡെപ്യൂട്ടിയെ നോക്കുന്നു. എണ്ണയിട്ടു മയംവരുത്തിയ വണ്ണംകുറഞ്ഞ ചൂരല്‍ ഡെപ്യൂട്ടി, ബോസിന്റെ തൃക്കയ്യില്‍ വെച്ചുകൊടുക്കുന്നു.
മീറ്റിങ്ങ് കഴിഞ്ഞ് മടങ്ങുമ്പോള്‍ ചന്ദ്രഹാസന്‍ തിരിച്ചറിയുന്നു. ശങ്കരനിപ്പോഴും തെങ്ങിന്മേല്‍ത്തന്നെ.
ബ്രാഞ്ചിന്റെ ദൈനംദിനകാര്യങ്ങള്‍ ഭംഗിയായി കൊണ്ടുപോകേണ്ട ബാധ്യത അക്കൗണ്ടന്റിനാണ്. തന്നെ ഏല്‍പ്പിച്ച ദൗത്യം ശ്രീധരനുണ്ണി വീഴ്ചയേതും വരുത്താതെ നിറവേറ്റുന്നു. അത്രയും ആശ്വാസം. അക്കൗണ്ടന്റ് അലസനോ ദുര്‍ബലനോ ആണെങ്കില്‍ ബ്രാഞ്ചുമാനേജരുടെ ജോലി ഇരട്ടിക്കുന്നു. സ്റ്റാഫ് നല്ല സഹകരണം കാണിക്കുന്നുണ്ട്. എങ്കിലും അതിരാവിലെ ബ്രാഞ്ചിലെത്തണമെന്നോ അഞ്ചുമണിക്കു ശേഷം ബ്രാഞ്ചിലിരിക്കണമെന്നോ പണി മുഴുവന്‍ തീര്‍ത്തിട്ടേ പോകാവൂ എന്നോ അവരെ നിര്‍ബന്ധിച്ചുകൂടാ. അവര്‍ക്ക് ലേബര്‍ നിയമങ്ങളുടെ പരിരക്ഷയുണ്ട്..
ആപ്പീസര്‍മാരുടെ കാര്യമോ. ‘’ഹാ കഷ്ടമേ’ എന്ന് പണ്ടു കവിപാടിയ അവസ്ഥ. ബ്രാഞ്ചിന്റെ മാനേജരോ, മജിസ്‌ട്രേറ്റിനെപ്പോലെ. ഇരുപത്തിനാലു മണിക്കൂര്‍ ഡ്യൂട്ടി. മാനേജര്‍ എവിടെയുണ്ടോ, അവിടെയാണ് ബാങ്ക്.
കാഷ്യര്‍ക്ക് ക്യാഷില്‍ പിടിപ്പതു പണിയുണ്ട്. മറ്റു ക്ലര്‍ക്കുമാരും അവരുടെ സെക്ഷനുകളില്‍ ബിസിയാണ്. എന്നിട്ടും ലോണ്‍സെക്ഷനിലെ ക്ലറിക്കല്‍ വര്‍ക്കുകള്‍ അവര്‍ സ്വമനസ്സാലെ ചെയ്തു തരുന്നുണ്ട്.
ഒരു ദിവസത്തിന് ഇരുപത്തിനാലു മണിക്കൂര്‍ എന്ന് ആരാണ് വ്യവസ്ഥ ചെയ്തത്! ഉറങ്ങാനും നിത്യകര്‍മ്മങ്ങള്‍ക്കും ആഹാരം കഴിക്കാനും യാത്രയ്ക്കും ഒരു പതിനാലു മണിക്കൂറെങ്കിലും ചെലവാകുന്നു. ബാങ്കിനുവേണ്ടി മാറ്റിവെക്കാവുന്നത് വെറും പത്തു മണിക്കൂര്‍. ബാങ്കു നിശ്ചയിച്ചുതരുന്ന ടാര്‍ഗറ്റുകള്‍ എത്തിപ്പിടിക്കാനും വീഴ്ചവരുത്തുന്ന വായ്പകള്‍ തിരിച്ചുപിടിക്കാനും പത്തു മണിക്കൂര്‍ പോരാതെവരുന്നു.
ചന്ദ്രഹാസന്‍ അങ്കലാപ്പിലായി.
ചേലക്കര ടൗണിലാണ് ചന്ദ്രഹാസന്‍ വീടുവെച്ചത്. ആണും പെണ്ണുമായി രണ്ടു മക്കള്‍. പത്തിലും എട്ടിലും പഠിക്കുന്നു (എന്നാണ് ചന്ദ്രഹാസന്റെ അനുമാനം. ഭാര്യയോടു ചോദിക്കാന്‍ ധൈര്യം വരുന്നില്ല). ഭാര്യ സ്വസ്ഥം ഗൃഹഭരണം. കുട്ടികളുടെ പഠിത്തം മാനിച്ച് കുടുംബം ചേലക്കരയില്‍ കഴിയുന്നു. ഒരു മണിക്കൂറിന്റെ യാത്രയുണ്ട് ചന്ദ്രഹാസന് തൃശ്ശൂരിനപ്പുറത്തുള്ള മുണ്ടൂരുനിന്ന് ചേലക്കരയിലേക്ക്. വൈകീട്ട് ആറുമണിക്കുശേഷം എപ്പോഴെങ്കിലും അയാള്‍ ബ്രാഞ്ചില്‍ നിന്നിറങ്ങുന്നു. ചേലക്കരയിലെത്തുമ്പോള്‍ പത്തും പതിനൊന്നരയുമാകുന്നു. കുളിച്ച്, അത്താഴം കഴിച്ചെന്നു വരുത്തി, ചന്ദ്രഹാസന്‍ കിടക്കയിലേക്കു ചായുന്നു. ഡെപ്പോസിറ്റ് ഫിഗര്‍ ടാര്‍ഗറ്റിന്റെ ബഹുദൂരം പിറകില്‍; വായ്പാകുടിശ്ശിക കൂടിക്കൊണ്ടിരിക്കുന്നു. ഓരോന്നാലോചിച്ചു കിടക്കുമ്പോള്‍ ഉറക്കം മാറിനില്‍ക്കുന്നു. അടുക്കളവാതിലടച്ച് പ്രതീക്ഷയോടെ കിടപ്പുമുറിയിലേക്കു വരുന്ന ശ്രീമതി നെടുവീര്‍പ്പോടെ കിടക്കയില്‍ ഓരംചേര്‍ന്നുകിടന്ന് കണ്ണടയ്ക്കുന്നു. കാലത്ത് ചന്ദ്രഹാസന് ആറരയ്‌ക്കെങ്കിലും പുറപ്പെടണം എട്ടുമണിക്ക് ബ്രാഞ്ചിലെത്തണമെങ്കില്‍.
ബാങ്കിനുവേണ്ടി നീക്കിവെച്ച പത്തുമണിക്കൂര്‍ കൂട്ടാനെന്തു വഴി എന്ന് ചന്ദ്രഹാസന്‍ തലപുകഞ്ഞു.
മുണ്ടൂരില്‍ താമസിക്കാം. രാത്രി എട്ടുമണിവരെ ബ്രാഞ്ചിലിരിക്കാം. ബാങ്കിനുവേണ്ടി രണ്ടു മണിക്കൂര്‍ അധികം ചെലവാക്കാം.
കുടുംബം ചേലക്കരയില്‍ നില്‍ക്കട്ടെ. അതാണ് ബുദ്ധി. വേണമെങ്കില്‍ അവരെ മുണ്ടൂരേക്കു പറിച്ചുനടാം. ചേലക്കര സ്‌കൂളില്‍നിന്ന് മക്കളുടെ ടി.സി. വാങ്ങി, തൃശ്ശൂരേതെങ്കിലും നല്ല സ്‌കൂളില്‍ ചേര്‍ക്കാം. അതുവേണ്ട. ഒരു ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ എപ്പോള്‍വേണമെങ്കിലും പ്രതീക്ഷിക്കണം. വീണ്ടും ടി.സി. വാങ്ങി, മറ്റൊരു സ്‌കൂളില്‍ ചേര്‍ത്ത് –
അപ്രായോഗികം. സന്തോഷപൂര്‍ണ്ണമായ കുടുംബജീവിതത്തിന് അവരെ ചേലക്കര നിര്‍ത്തുന്നതായിരിക്കും നല്ലത്. എന്നും അതിരാവിലെ കണ്ണുതിരുമ്മിയെണീറ്റ് ബാങ്കില്‍ പോവുകയും രാത്രി ഏറെ വൈകിമാത്രം തിരിച്ചുവരികയും ചെയ്യുന്ന ഭര്‍ത്താവ്. ഒരു ഭാര്യയ്ക്കും പൊരുത്തപ്പെടാനാവില്ല. ‘ബാങ്കാണ് ഇയാളുടെ ഒന്നാം ഭാര്യ, ഞാന്‍ സപത്‌നി എന്ന് അവള്‍ ചിന്തിച്ചുകൂടെന്നില്ല. കലഹം ഉറപ്പ്.
ശനിയാഴ്ച വൈകിട്ട് ചേലക്കരയ്ക്കു ബസ്സുകേറാം, ഞായറാഴ്ച ഒരു ദിവസം ഭാര്യയോടും മക്കളോടും കളിച്ചുല്ലസിക്കാം. തിങ്കളാഴ്ച പുലര്‍ച്ചേ മടക്കം.
മറിച്ചൊരഭിപ്രായം ശ്രീമതി പറഞ്ഞില്ല. ബാങ്കിനുവേണ്ടി ഉഴിഞ്ഞിട്ട നേര്‍ച്ചക്കോഴിയാണല്ലോ ഈ മനുഷ്യന്‍.
ബ്രാഞ്ചില്‍നിന്ന് വിളിപ്പാടകലെ ഒരു മുറി കിട്ടി. ഒരു വീടിന്റെ മുകള്‍നില. ബാത്ത് അറ്റാച്ച്ഡ്. രാത്രി വൈകിച്ചെന്നാലും പ്രശ്‌നമില്ല. കോണി പുറത്തുനിന്നാണ്. കാലത്തെണീറ്റു നിത്യകര്‍മ്മങ്ങള്‍ കഴിച്ച്, തൊട്ടടുത്തുള്ള ഹോട്ടലില്‍നിന്ന് പ്രാതല്‍ അകത്താക്കി, ബ്രാഞ്ചിലേക്കു നടക്കുന്നു. എട്ടുമണിയോടെ ബ്രാഞ്ചു തുറന്ന് രണ്ടുമണിവരെ ഒരേയിരുപ്പിരിക്കുന്നു. അയലത്തെ ഹോട്ടലില്‍നിന്ന് ഉച്ചയൂണു കഴിച്ച്, സ്ഥിരം ടാക്‌സിക്കാറിലൊരുത്തനെ ഫോണ്‍ ചെയ്തുവരുത്തുന്നു.
ഈ യാത്രകളിലാണ് ലക്ഷ്മിദേവി അനുഗ്രഹിച്ച ഭാഗ്യവാന്മാരെ ദര്‍ശിക്കുന്നതും സോപ്പിട്ടോ കരഞ്ഞോ കാലുപിടിച്ചോ ഡെപ്പോസിറ്റ് ഒപ്പിച്ചെടുക്കുന്നതും. പുതിയ വായ്പാഅപേക്ഷകരുടെ വീടുകളും, കച്ചവടം തുടങ്ങാനായി വാടകയ്‌ക്കെടുത്ത കടമുറികളും, വ്യവസായം തുടങ്ങാനുദ്ദേശിക്കുന്ന പ്ലോട്ടുകളും പരിശോധിക്കുന്നതും തിരിച്ചടവു മുടക്കിയവരെ അന്വേഷിച്ചുചെല്ലുന്നതും ഈ വേളകളിലാണ്.
റജിസ്റ്റേര്‍ഡ് നോട്ടീസും ജപ്തിനോട്ടീസും കിട്ടിയാലും കുലുക്കമില്ലാത്തവരുണ്ട്. സാമം, ഭേദം, ദാനം, ദണ്ഡം. ചതുരുപായങ്ങളില്‍ ദാനമൊഴിച്ചെല്ലാ ഉപായങ്ങളും പ്രയോഗിക്കേണ്ടിവരും. ദണ്ഡനീതിയിലുള്‍പ്പെട്ടതാണ് ജപ്തിനടപടി.
വായ്പയെടുത്താരംഭിക്കുന്ന കടകളും വ്യവസായ യൂണിറ്റുകളും ഒരു മുന്നറിയിപ്പുമില്ലാതെ അടച്ചുപൂട്ടിയെന്നുവരാം. അധമര്‍ണ്ണന്‍ സ്ഥലംവിട്ടു കാണും. ആടുകിടന്നിടത്ത് ഒരു പൂടപോലും കിടക്കണമെന്നില്ല. ഈടുവെച്ച സ്ഥലം കൈവശത്തിലെടുത്ത് ലേലത്തിനു വെയ്ക്കുന്നത് എളുപ്പമുള്ള പണിയല്ല. കുറേ നൂലാമലകളുണ്ട്. എല്ലാം ബ്രാഞ്ച്മാനേജരുടെ മാത്രം ഉത്തരവാദിത്തം. മാനേജരുടെ അലംഭാവംകൊണ്ട് ബാങ്കിന് നഷ്ടം സംഭവിച്ചുകൂടാ. എങ്കില്‍ വാദി പ്രതിയാവും.
വല്ലപ്പോഴും ബ്രാഞ്ചുമാനേജരുടെ സന്ദര്‍ശനങ്ങളും പരിശോധനയും ക്ഷേമാന്വേഷണങ്ങളുമുണ്ടെങ്കില്‍ ബിസിനസ്സിലുണ്ടാകാവുന്ന കൂമ്പുവാട്ടങ്ങള്‍ സമയത്തു കണ്ടുപിടിക്കാനും പരിഹാരം നിര്‍ദ്ദേശിക്കാനും കഴിയും. കാക്കത്തൊള്ളായിരം കടകളും വ്യവസായ യൂണിറ്റുകളും വായ്പയെടുത്ത് കെട്ടിപ്പൊക്കിയ വീടുകളും വാഹനങ്ങളും മൂന്നു മാസത്തിലൊരിക്കലെങ്കിലും നേരില്‍കണ്ടു ബോധ്യപ്പെടണം. പതിനാറായിരത്തെട്ടു ഭാര്യമാരോടൊത്തും പ്രത്യക്ഷപ്പെടാന്‍ സാക്ഷാല്‍ ശ്രീകൃഷ്ണനു കഴിയും. പാവം മനുഷ്യനായ ബ്രാഞ്ചുമാനേജരെന്തു ചെയ്യും!
അസ്തമയത്തിനുമുമ്പ് ചന്ദ്രഹാസന്‍ ബ്രാഞ്ചില്‍ തിരിച്ചെത്തുന്നു. ഇനിയും ഒരുപാടു ജോലികള്‍ ചന്ദ്രഹാസനെക്കാത്ത് മേശപ്പുറത്തിരിപ്പുണ്ടാവും.
മിടുക്കന്‍ എന്ന് മുകളിലുള്ളവരെക്കൊണ്ട് പറയിക്കണമെന്നുണ്ട് ചന്ദ്രഹാസന്. നല്ല വാക്കുകള്‍ പറയേണ്ടിവരുമ്പോള്‍ ഡിവിഷണല്‍ മാനേജര്‍ പക്ഷേ അറുപിശുക്കനാവുന്നു. മൂന്നുമാസത്തിലൊരിക്കല്‍ അദ്ദേഹം ബ്രാഞ്ചുവിസിറ്റിനു വരുന്ന പതിവുണ്ട്. ഒരു ഭൂതക്കണ്ണാടിയുണ്ടാവും കയ്യില്‍. മാനേജര്‍ക്കു വീഴ്ചപറ്റുന്നതെവിടെ എന്നു കണ്ടുപിടിക്കലാണ് ഉന്നം.
”ഒരു ഓഫീസറെ പോസ്റ്റു ചെയ്യണം സാര്‍” എന്ന് ചന്ദ്രഹാസന്‍ ഒരോ സന്ദര്‍ശനവേളയിലും ഡിവിഷണല്‍ മാനേജരെ നിര്‍ലജ്ജം ഓര്‍മ്മപ്പെടുത്തുന്നു. മാനേജര്‍ മാത്രം വിചാരിച്ചാല്‍ ഇത്രയേറെ കാര്യങ്ങള്‍ ഒരേസമയം നടത്തിക്കൊണ്ടുപോകാനാകില്ലെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക് ആലോചിച്ചാലറിയാവുന്നതാണല്ലൊ. അറിഞ്ഞിട്ടും അറിവില്ലെന്നു ഭാവിക്കുക, കേട്ടിട്ടും കേട്ടില്ലെന്നു നടിക്കുക. അതാണ് ഒരു നല്ല ബാങ്ക് എക്‌സിക്യൂട്ടീവിന്റെ ലക്ഷണം.
ചന്ദ്രഹാസന് വേവലാതിയായി. ദിവസത്തില്‍ പന്ത്രണ്ടു മണിക്കൂര്‍ ബാങ്കിനുവേണ്ടി ഉഴിഞ്ഞിട്ടു. എന്നിട്ടും ചെയ്തുതീര്‍ക്കേണ്ട പ്രവൃത്തികള്‍ ബാക്കി. വൈകീട്ട് എട്ടുമണിക്ക് ഷട്ടറിടുന്ന പതിവുമാറ്റി. പത്തുമണിവരെ ബ്രാഞ്ചിലിരിക്കാമെന്നു നിശ്ചയിച്ചു. ഇപ്പോള്‍ ബാങ്കിനായിച്ചെലവാക്കാന്‍ പന്ത്രണ്ടും രണ്ടും പതിനാലു മണിക്കൂര്‍ കിട്ടി. ഒന്നിടവിട്ട ശനിയാഴ്ചകള്‍ ബാങ്കുകള്‍ക്കവധിയാണ്. ആ ശനിയാഴ്ചകള്‍ സമ്പൂര്‍ണ്ണമായും അയാള്‍ ബാങ്കിനു സമര്‍പ്പിച്ചു. രാത്രിനേരം ചേലക്കരയ്ക്കു ബസ്സുകേറി.
ഞായറാഴ്ച ഉച്ചയൂണുവരെ കുട്ടികളോടൊത്തു കളിച്ചുല്ലസിച്ച്, ഭാര്യയോടു കൊച്ചുവര്‍ത്തമാനം പറഞ്ഞ്, ഒന്നു മയങ്ങയെണീറ്റ്, ചന്ദ്രഹാസന്‍ മുണ്ടൂരേക്കു മടങ്ങി.
മൂന്ന്
മാനേജര്‍ ചന്ദ്രഹാസന്റെ തിരോധാനം പോലീസിനാണ് തലവേദനയായത്. പോലീസിനെ സഹായിക്കാന്‍ സൈബര്‍സെല്ലുണ്ട്. എന്തു പ്രയോജനം! മൊബൈല്‍ഫോണ്‍ ക്യാബിനില്‍ വെച്ചിട്ടാണല്ലൊ ചന്ദ്രഹാസന്‍ ബ്രാഞ്ചില്‍നിന്നിറങ്ങിപ്പോയത്.
ഓരോ പത്തുമിനിട്ടിലും ചന്ദ്രഹാസന്റെ ശ്രീമതി ശ്രീധരനുണ്ണിയെ വിളിച്ചു. ”സാര്‍ ബ്രാഞ്ചിലെത്തിയിട്ടില്ല, പോലീസിന്റെ അന്വേഷണം തുടരുന്നു” എന്ന് അയാള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. കുട്ടികള്‍ സ്‌കൂളില്‍നിന്നുവന്ന ആ നിമിഷം, അവരെ അയല്‍പക്കത്തെ സുമതിയേടത്തിയെ ഏല്‍പ്പിച്ച് ടാക്‌സിയില്‍ മാലിനി മുണ്ടൂരേക്കു പുറപ്പെട്ടു.
മാലിനി ചെല്ലുമ്പോള്‍ ബ്രാഞ്ചിലുണ്ട് ശ്രീധരനുണ്ണിയും സ്റ്റാഫെല്ലാവരും.
”ചേച്ചി വരൂ. അകത്തിരിക്കാം.””
ശ്രീധരനുണ്ണി മാനേജരുടെ ക്യാബിന്റെ ഡോര്‍ തുറന്നുപിടിച്ചു. മാനേജരുടെ ശൂന്യമായ ചെയറിനെതിരെ, ഗ്ലാസുപതിച്ച മേശക്കിപ്പുറം, മാലിനി തളര്‍ന്നിരുന്നു. സാരിത്തലപ്പുകൊണ്ട് മുഖം അമര്‍ത്തിത്തുടച്ചു. എന്നിട്ടും ഇരു കവിളുകളിലും കണ്ണുനീര്‍ ചാലിട്ടൊഴുകി. ഉണ്ണികൃഷ്ണന്‍ ഉപ്പിട്ട നാരങ്ങവെള്ളം കൊണ്ടുവന്ന് ചേച്ചിയെ നിര്‍ബന്ധിച്ചു കുടിപ്പിച്ചു.
അപ്പോള്‍, ശുഭശകുനംപോലെ പല്ലി ചിലച്ചു, മൂന്നുവട്ടം. സീലിങ്ങില്‍ കാണപ്പെടുന്ന കോണ്‍ക്രീറ്റുബീമിന്റെ അടിയില്‍നിന്നാണ് പല്ലി ചിലയ്ക്കുന്നത്. കോണ്‍ക്രീറ്റുബീം താങ്ങിക്കൊണ്ടു നില്‍ക്കുന്നത് ഈ പല്ലിയാണെന്ന് കാഴ്ചക്കാര്‍ക്കു തോന്നി. ഭാരം പൊറാഞ്ഞ് പല്ലി ഞെളിപിരിക്കൊണ്ടു. അത് പിടിവിട്ട് താഴെ ടൈല്‍ഫ്‌ളോറില്‍ വീണു പിടച്ചു.
പല്ലി തറയില്‍ നിശ്ചലനായിക്കിടക്കുകയാണ്. എന്തു വലിയ പല്ലി എന്ന് ശ്രീധരനുണ്ണി അതിശയിച്ചു. ജീവന്‍ ബാക്കിയുണ്ടോ എന്നുറപ്പുവരുത്താനായി പേനത്തുമ്പുകൊണ്ട് അയാള്‍ പല്ലിയെ മലര്‍ത്തിയിട്ടു.
ശ്രീധരനുണ്ണി ഞെട്ടിത്തരിച്ചു.
പല്ലിക്ക് മാനേജര്‍ ചന്ദ്രഹാസന്‍ സാറിന്റെ മുഖമായിരുന്നു.