സാമൂഹ്യ നവോത്ഥാന ശ്രമങ്ങളുടെ ഭാഗമായി കേരളത്തില്‍ ഉയര്‍ന്നുവന്ന എല്ലാ മുന്നേറ്റങ്ങളുടെയും മൂല്യബോധത്തില്‍ മദ്യവര്‍ജ്ജനം എന്ന ആശയം ഉണ്ടായിരുന്നു. ആധ്യാത്മികതയില്‍ അധിഷ്ഠിതമായ ആദ്യകാല നവോത്ഥാന മുന്നേറ്റ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആചാര്യന്മാരെല്ലാം പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍ദ്ദേശിച്ച പരിപാടികളില്‍ ഒന്ന് മദ്യവര്‍ജനമായിരുന്നു.
ശ്രീനാരായണ ഗുരുദേവനെപ്പോലെയുള്ള മഹാമനീഷികള്‍ മദ്യവര്‍ജനത്തിന്റെയും മദ്യനിരോധനത്തിന്റെയും പ്രാധാന്യം പല പ്രാവശ്യം എടുത്തു പറയുകയും സമൂഹത്തെ അതിനായി നിരന്തരം പ്രേരിപ്പിക്കുകയും ചെയ്തു. ഗുരുദേവനെ പിന്തുടര്‍ന്ന ഡോ.പല്‍പ്പു, കുമാരനാശാന്‍ തുടങ്ങിയ ശിഷ്യരും ഇതേ ആശയത്തിന്റെ പ്രചാരകരായിരുന്നു. സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ കേരളത്തില്‍ രൂപംകൊണ്ട ദേശീയ മുന്നേറ്റത്തിന്റെ ആശയധാരകളില്‍ മദ്യനിരോധനം സുപ്രധാനമായ മുദ്രാവാക്യമായിരുന്നു. ഗാന്ധിയന്‍ പ്രസ്ഥാനങ്ങളും കോണ്‍ഗ്രസും ഖാദിക്കും സര്‍വോദയത്തിനും ഒപ്പം പ്രചരിപ്പിച്ച വലിയ ആശയങ്ങളില്‍ ഒന്ന് മദ്യനിരോധനം എന്നതായിരുന്നു.
കേരളത്തിലെ വിദ്യാഭ്യാസ- സാമൂഹ്യപുരോഗതിക്കും ആധുനികവല്‍ക്കരണത്തിനും വലിയ സംഭാവനകള്‍ നല്കിയ ക്രൈസ്തവ സഭാ നേതൃത്വം മദ്യനിരോധനത്തിനു വേണ്ടി കാലങ്ങളായി നിലകൊണ്ടവരാണ്. മദ്യം കേരളത്തിന്റെ സാമൂഹ്യ ജീവിതത്തെയും സന്തുലിതാവസ്ഥയെയും അപകടപ്പെടുത്തുമെന്നും സാമൂഹ്യ പുരോഗതിക്ക് വിഘാതം സൃഷ്ടിക്കുമെന്നും സഭാ നേതൃത്വം നിരന്തരം ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു.
വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ഭാഗമായി നടപ്പാക്കുന്ന വിവിധ പരിപാടികളില്‍ മദ്യനിരോധനത്തെ കുറിച്ചുള്ള പ്രചാരത്തിന് സഭാ നേതൃത്വം പ്രത്യേകം ശ്രദ്ധ നല്‍കുകയും ചെയ്തു പോന്നു.
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളും അണികളെ മദ്യ നിരോധനത്തിന്റെ പ്രാധാന്യം നിരന്തരം ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുന്നു. അടുത്തകാലത്ത് സിപിഎം അഖിലേന്ത്യാതലത്തില്‍ നടത്തിയ പ്ലീനത്തില്‍ പോലും പാര്‍ട്ടി പ്രവര്‍ത്തകര്‍ മദ്യപാനാസക്തിയില്‍ നിന്ന് പിന്‍വാങ്ങണമെന്നും മദ്യപിക്കരുതെന്നും ആഹ്വാനം ചെയ്യുകയുണ്ടായി.
പക്ഷേ നൂറ്റാണ്ടുകളായി കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ മുന്നേറ്റങ്ങളുടെ ആശയാടിത്തറകളില്‍ ഒന്നായി നിലകൊണ്ട മദ്യനിരോധനം എന്ന ആശയത്തെ അടുത്തകാലത്ത് കേരളത്തില്‍ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ അവഗണിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ മദ്യനയം തത്വത്തില്‍ നവോത്ഥാന മൂല്യങ്ങളില്‍ നിന്നുള്ള ആശയപരമായ വ്യതിചലിക്കലാണ്. കേരളത്തിന്റെ സവിശേഷമായ നവോത്ഥാന മൂല്യങ്ങളില്‍ നിന്നും സാമ്രാജ്യത്വ വിരുദ്ധ മനോഭാവത്തില്‍ നിന്നുമുള്ള വ്യതിചലിക്കലും നവലിബറല്‍ വാദങ്ങള്‍ക്ക് മുന്നില്‍ നഗ്നമായ കീഴടങ്ങലുമാണ് ഇടത് സര്‍ക്കാര്‍ ഈ നയം മാറ്റത്തിലൂടെ നടത്തുന്നത്.
പുരോഗമനപരമെന്ന് കേരള സമൂഹം വിശ്വസിച്ചുപോന്ന വലിയ മൂല്യങ്ങളില്‍ ഒന്നിനെ അപകടകരമായ വിധത്തില്‍ ആഗോള മുതലാളിത്ത സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്ക് അടിയറവയ്ക്കുന്ന നയവൈകല്യമാണ് പുതിയ മദ്യനയത്തിലൂടെ പിണറായി സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഈ നയവ്യതിയാനം അപകടകരമായ വിധത്തില്‍ കേരളത്തിന്റെ സാമൂഹ്യ മനോഭാവത്തെ തകര്‍ക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ മദ്യപാനശീലം വളര്‍ത്തുന്നതിനും മദ്യപാനാസക്തി സൃഷ്ടിക്കുന്നതിനും ഇത് ഇടയാക്കും.
മദ്യത്തിനടിമയായി മാറുന്നവരെ അമിതമായ വിലയും അത് ലഭ്യമല്ലാത്ത സാഹചര്യവും മറ്റ് ലഹരികളിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കും. കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിപത്തുകളില്‍ ഒന്നാണ് ലഹരി മാഫിയ. ലഹരിക്ക് അടിമകളായ യുവാക്കള്‍ കേരളത്തില്‍ വലിയ ക്രമസമാധാന പ്രശ്‌നമായി മാറിയിട്ടുണ്ട്. ഇത്തരം അക്രമങ്ങള്‍ മൂലം ലോക ടൂറിസം ഭൂപടത്തില്‍ കേരളം ഇന്ന് ഏറ്റവും അപകടകരമായ പ്രദേശങ്ങളില്‍ ഒന്നായി മാറുകയാണ്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.
ലഹരിയുടെയും മദ്യത്തിന്റെയും അമിതമായ സ്വാധീനം കേരളത്തില്‍ സൃഷ്ടിച്ചത് ഇടതുപക്ഷ സര്‍ക്കാരിന്റെ നയ വൈകല്യമാണ്. സമൂഹത്തെ മുന്നോട്ടു നയിക്കാന്‍ വേണ്ടി മാര്‍ഗദര്‍ശികള്‍ സൃഷ്ടിച്ച നയത്തെ ഉപേക്ഷിച്ച് കേരള സമൂഹത്തെ പിന്നോട്ട് നടത്താനാണ് ഇടത് സര്‍ക്കാര്‍ ശ്രമിച്ചത്. നയപരമായ ഈ വ്യതിയാനത്തിന് പിന്നില്‍ വലിയ സാമ്പത്തിക അഴിമതിയും ഉണ്ടെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
അടുത്തകാലത്ത് പുറത്തുവന്ന ഒരു ഓഡിയോ ക്ലിപ്പാണ് മദ്യനയത്തെ കുറിച്ചുള്ള സമീപകാല വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ബാര്‍ ഉടമകളുടെ സംഘടനയുടെ ഇടുക്കി ജില്ലാ ഭാരവാഹിയായ ആളാണ് സര്‍ക്കാരിന് കോഴ കൊടുക്കാന്‍ വേണ്ടി രണ്ടര ലക്ഷം രൂപ വീതം എല്ലാ ബാര്‍ ഉടമകളും നല്‍കണം എന്ന് ആവശ്യപ്പെട്ട് ഓഡിയോ സന്ദേശം അയച്ചത്. എറണാകുളത്ത് ചേര്‍ന്ന ബാര്‍ ഉടമകളുടെ അസോസിയേഷന്റെ സംസ്ഥാന യോഗത്തില്‍ ഇത്തരമൊരു തീരുമാനമെടുത്തിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സര്‍ക്കാര്‍ മദ്യനയംലഘൂകരിക്കുമെന്നും ബാര്‍ലൈസന്‍സുകള്‍ ഉദാരമാക്കുമെന്നും അതിനായി സര്‍ക്കാരിന് ഓരോ ബാര്‍ ഉടമകളും രണ്ടര ലക്ഷം രൂപ വീതം കോഴ നല്‍കണമെന്നുമാണ് ഈ സന്ദേശത്തിന്റെ കാതല്‍. കാലങ്ങളായി ഇത്തരമൊരു അവിശുദ്ധ ബന്ധം കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ കാലത്ത് ഇത്തരമൊരു ആരോപണം ഉയര്‍ന്നുവന്നിരുന്നു. അന്ന് കേരളം കത്തുന്ന തരത്തിലുള്ള സമര പരമ്പരയ്ക്കാണ് സിപിഎമ്മും ഇടതുമുന്നണിയും നേതൃത്വം നല്കിയത്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ പതനത്തിനും ഈ ബാര്‍കോഴ ആരോപണം കാരണമായിട്ടുണ്ട്.
ആ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പ്രധാന പരസ്യവാചകം മദ്യത്തിന്റെ ഉപയോഗവും വില്പനയും കുറച്ചുകൊണ്ടുവരും എന്നായിരുന്നു. അന്തരിച്ച പ്രശസ്ത സിനിമാതാരങ്ങളായ ഇന്നസെന്റ്, കെപിഎസി ലളിത തുടങ്ങിയവരെ അണിനിരത്തിയാണ് ഇടതുപക്ഷം ഈ പരസ്യം തയ്യാറാക്കിയത്. എന്നാല്‍ 2016-ല്‍ അധികാരത്തില്‍ വന്ന ഒന്നാം പിണറായി സര്‍ക്കാര്‍ മുന്‍പ് പറഞ്ഞതിന് വിരുദ്ധമായി മദ്യനയത്തില്‍ വലിയ തിരുത്തലുകള്‍ വരുത്തുകയും കൂടുതല്‍ ബാറുകള്‍ അനുവദിക്കുകയും ചെയ്യുകയായിരുന്നു. ബാര്‍ ഉടമകളും രാഷ്ട്രീയ നേതൃത്വവും തമ്മില്‍ നിലനില്‍ക്കുന്ന അവിശുദ്ധ ബന്ധവും സാമ്പത്തിക ഇടപാടുകളുമാണ് ഇത്തരം ഉദാരമായ സമീപനങ്ങള്‍ക്ക് പിന്നില്‍.
2016ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ 40 മടങ്ങ് ബാറുകള്‍ കേരളത്തില്‍ വര്‍ദ്ധിച്ചിരിക്കുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കൂടുതല്‍ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുമെന്നും ബാറുകളുടെ പ്രവര്‍ത്തന സമയം വര്‍ദ്ധിപ്പിക്കും എന്നുമാണ് ഇപ്പോള്‍ പറയുന്നത്. എല്ലാ മാസവും ഒന്നാം തീയതിയിലെ ഡ്രൈ ഡേ (അടച്ചിടല്‍) ഒഴിവാക്കി ഇനിമുതല്‍ ബാറുകള്‍ക്ക് അന്നും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും.
ബാറുകളുടെയും മദ്യശാലകളുടെയും പ്രവര്‍ത്തനം ഉദാരവല്‍ക്കരിക്കുന്നതിലൂടെ ടൂറിസം രംഗത്ത് വലിയ മുന്നേറ്റമുണ്ടാകും എന്നാണ് ഇടതു സര്‍ക്കാരിന്റെ ന്യായീകരണം. അങ്ങേയറ്റം വിഡ്ഢിത്തം നിറഞ്ഞ ഒരു കാഴ്ചപ്പാടാണിത്. കേരളത്തിലേക്ക് വിദേശ ടൂറിസ്റ്റുകള്‍ എത്തുന്നത് നമ്മുടെ ജീവിതശൈലിയും സംസ്‌കാരവും പഠിക്കാനും അറിയാനും വേണ്ടിയാണ്. മദ്യപിക്കാനും കൂത്താടാനും വേണ്ടി ഇവിടേക്ക് വിദേശ ടൂറിസ്റ്റുകള്‍ എത്തുന്നു എന്നത് അബദ്ധ ധാരണയാണ്. വളരെ ചെറിയ ഒരു ശതമാനം മാത്രമാണ് അങ്ങനെയുള്ളവര്‍. ബഹുഭൂരിപക്ഷവും വരുന്നത് ഈ നാടിന്റെ ഭൂപ്രകൃതി, സംസ്‌കാരം, ജീവിതശൈലി, ചരിത്രം എന്നിവയില്‍ ആകൃഷ്ടരായാണ്. അത്തരം കാര്യങ്ങളെ വളരെ ഭംഗിയായി ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുകയാണ് ടൂറിസം വകുപ്പ് ചെയ്യേണ്ടത്. അതിനുപകരം പാശ്ചാത്യരുടെ ജീവിതശൈലിയെയും സംസ്‌കാരത്തെയും അന്ധമായി അനുകരിച്ച് കാണിച്ചുകൊടുക്കുന്നത് ദൂരവ്യാപകമായി കേരളത്തിന്റെ ടൂറിസം സാധ്യതകളെ ദരിദ്രമാക്കുകയാണ് ചെയ്യുക.
നമ്മുടെ തനത് രീതികള്‍, ശൈലികള്‍, ചരിത്രം, പാരമ്പര്യം ഇവയൊക്കെ തെളിമയോടെ വിദേശ ടൂറിസ്റ്റുകള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കാന്‍ ശ്രമമുണ്ടാകണം. ബാര്‍ ഉടമകളുടെ സംഘടനാ നേതാവ് പറയുന്നതുപോലെ ഒരു ഇടപാട് ഇതിന് പിന്നില്‍ നടന്നിട്ടുണ്ടെങ്കില്‍ അതൊരു വലിയ കുറ്റകൃത്യമാണ്. സിപിഎം നേതൃത്വം ഈ നാടിനോടും വരും തലമുറയോടും കാണിക്കുന്ന വഞ്ചനയാണ്. അത് അന്വേഷിക്കുകയും സത്യം പുറത്തുകൊണ്ടുവരികയും വേണം. വിവാദങ്ങളും എതിര്‍പ്പും ഉയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയി എന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്.
എന്നാല്‍ ഇടതു സര്‍ക്കാരിന്റെ മുന്‍കാല നിലപാടുകള്‍ പരിഗണിക്കുമ്പോള്‍ താല്‍ക്കാലികമായ ഒരു പിന്‍വാങ്ങല്‍ മാത്രമാണ് ഇതെന്നും കൂടുതല്‍ ശക്തിയോടെ ഇക്കാര്യവുമായി സര്‍ക്കാര്‍ വീണ്ടും വരുമെന്നും തന്നെയാണ് സൂചനകള്‍.