പാരമ്പര്യത്തൊഴില്‍ അഭയമാണ്. അച്ഛന്റെയും അമ്മയുടെയും നെഞ്ചിലെ തണുത്ത സ്പര്‍ശം പോലെ… ജന്മജന്മാന്തരങ്ങളില്‍ ആരോ കരുതിവച്ച നിയോഗം. പ്രകാശന്‍ ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ തുടങ്ങിയത് ഈയടുത്ത കാലത്താണ്. നഗരത്തിലെ മഹാക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലെ പഴകിയ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ചെറിയൊരു മുറിയിലിരുന്ന് പ്രകാശന്‍ ചിന്തിച്ചു. ആരെന്നും എന്തെന്നുമറിയാത്ത ജീവിതങ്ങളുടെ ഭ്രമണ വ്യവസ്ഥയുടെ ഗ്രഹഗണിതത്തിന്റെ നിഗൂഢതയെ അയാള്‍ രാശി ചക്രത്തില്‍ തിരഞ്ഞു.
റോഡിന് അഭിമുഖമായ ജീര്‍ണ്ണിച്ച ജനാലയില്‍ ഉറപ്പിച്ചിരുന്ന ‘ശ്രീ മുരുകാ ജ്യോതിഷാലയം’ എന്ന ബോര്‍ഡില്‍, പതിവായി പ്രകാശന്റെ ജ്യോതിഷം കേള്‍ക്കാന്‍ എത്താറുള്ള ഞൊണ്ടി കാക്ക വന്നിരുന്നു. ചിന്താവിഷ്ടനായ അയാളെ തുറിച്ചുനോക്കി കരഞ്ഞിട്ട് കാക്ക പറന്നുപോയി. പ്രകാശന് കാക്കയെ ഇഷ്ടമാണ്. തന്റെ കുലത്തിന്റെ സ്വഭാവം ചിത്രീകരിക്കുന്ന ഒരു പഴഞ്ചൊല്ല് കാക്കയുമായി ബന്ധമുള്ളതാണ്. നിരീക്ഷണബോധവും നര്‍മ്മബോധവുമുള്ള ഏതോ പൂര്‍വ്വികന്റെ ജീവിതാനുഭവമുള്ള ചൊല്ല്; ‘കാക്കക്കുഞ്ഞും, കണിക്കുഞ്ഞും, കോഴിക്കുഞ്ഞും, കുറക്കുഞ്ഞും.’
പഴയ വീടിന്റെ വരാന്തയില്‍ ഉച്ചവരെ കമിഴ്ന്നു കിടന്നുറങ്ങുമ്പോള്‍ അയാളെ നോക്കി അമ്മൂമ്മ പറയാറുള്ള പരിഹാസ ചൊല്ല് കേള്‍ക്കുമ്പോള്‍ പ്രകാശന് അരിശം വരും.
പ്രകാശന്‍ പൂര്‍ണ്ണമായി കാക്കക്കുഞ്ഞു തന്നെയായിരുന്നു. മാന്ത്രികത്തിലും ജ്യോതിഷത്തിലും വിദഗ്ദ്ധനായ അച്ചു ആശാന്റെ ഏകമകന്‍. അച്ചു ആശാന്‍ നാട്ടിലെ അരയന്മാര്‍ക്ക് ദൈവമായിരുന്നു. ആശാന്റെ മാന്തിക്രവിദ്യയാല്‍ വലനിറച്ച് മീന്‍പെടും. കടലിലെ മീനുകളെ മയക്കാന്‍ ആശാന്റെ പക്കല്‍ പല സൂത്രവിദ്യകളുണ്ടായിരുന്നു. എതിരാളികളുടെ മീന്‍വല ബന്ധിക്കാനും, വള്ളം മറിക്കാനും രഹസ്യവിദ്യയറിയുന്ന മാന്ത്രികനായിരുന്നു അച്ചു ആശാന്‍. എന്നാല്‍ വഴിത്തെറ്റി നടന്ന മകനെ നിയന്ത്രിക്കാനുള്ള സൂത്രവിദ്യ ആശാനറിയില്ലായിരുന്നു.
നാടകമായിരുന്നു പ്രകാശന്റെ ദൗര്‍ബല്യം. ഗാന്ധിജി ആര്‍ട്‌സ് ക്ലബ്ബിന്റെ സെക്രട്ടറിയായി, നാടുനീളെ നാടകം കളിച്ച്, പ്രീഡിഗ്രി തോറ്റു. ജാനകിയമ്മയുടെ സങ്കടം പറച്ചിലില്‍ സഹിക്കെട്ട് പാരലല്‍ കോളേജില്‍ ചേര്‍ന്ന് മൂന്നു പ്രാവശ്യം പരീക്ഷയെഴുതി പ്രീഡിഗ്രി ജയിച്ചു. ആശാന്റെ മാന്ത്രികചരടിലാണ് പ്രകാശന്‍ പരീക്ഷ ജയിച്ചതെന്ന് അമ്മൂമ്മ അയല്‍ക്കാരോട് പറഞ്ഞ് തൃപ്തിയടഞ്ഞു.
ഒരു ദിവസം പ്രകാശനിലെ നടന്‍ വണ്ടി കയറി. നാടക ട്രൂപ്പില്‍ ചേരണം. പുതിയതായി ആരംഭിച്ച നാടക സമിതിയില്‍ താല്‍ക്കാലിക തൊഴിലാളിയായി ചേര്‍ന്നു. രണ്ടുദിവസത്തെ പട്ടിണി സഹിക്കാന്‍ കഴിയാതെ പ്രകാശന്‍ തിരികെയെത്തി, വീട്ടിലെ വരാന്തയിലെ കട്ടിലില്‍ വന്നു കിടന്നു. അയാളുടെ എല്ലുന്തിയ ദേഹത്ത് അമ്മൂമ്മ പഴഞ്ചൊല്ലുകളുടെ മുള്ളുകള്‍ വാരിയെറിഞ്ഞു.
ആ കാലത്താണ് പന്ത്രണ്ടാം വാര്‍ഡിലെ തൊഴില്‍രഹിതനെ സഖാവ് ഇബ്രാഹിമിന്റെ കണ്ണില്‍പ്പെടുന്നത്. ”പട്ടിയെപോലെ ജീവിച്ചിട്ട് കാര്യമില്ല. പ്രകാശാ… ചവിട്ടിമെതിക്കപ്പെട്ട തൊഴിലാളി വര്‍ഗ്ഗത്തിനുവേണ്ടി നിന്റെ യുവത്വം, നിന്റെ കലാബോധം ഉപയോഗപ്പെടുത്തണം.”
സഖാവ് ഇബ്രാഹിം ചെമന്നപതാക പ്രകാശന്റെ കൈയില്‍ കൊടുത്തു. ഉറക്കെ വിളിക്കാന്‍ പറഞ്ഞു. ”സാമ്രാജ്യത്വം തുലയട്ടെ.” പ്രകാശന്‍ അതേറ്റുവിളിച്ചു. മുദ്രാവാക്യരചന. തെരുവ് നാടകം, പഞ്ചായത്ത് മേള, സായാഹ്നധര്‍ണ്ണ ഇവകളില്‍ പ്രകാശന്‍ ചുമതലക്കാരനായി. അങ്ങനെ പ്രകാശന്റെ ജീവിതം തിരക്കുള്ളതായി തീര്‍ന്നു. എന്നാല്‍ ക്ഷൗരത്തിന് അമ്പട്ടന്‍ ഭാസിയ്ക്കുള്ള രൂപയ്ക്കായി അയാള്‍ അമ്മയുമായി കലഹിച്ചു.
മന്ത്രവാദം കഴിഞ്ഞ് പാതിരാത്രിയിലെത്തിയ അച്ചു ആശാന് കരുപ്പട്ടികാപ്പി കൊടുക്കുന്നതിനിടയില്‍ ജാനകി ആശാട്ടി പരിഭവിച്ചു. ഈ നാട്ടാരുടെ എന്തെല്ലാം പ്രശ്‌നങ്ങള്‍ നിങ്ങള് ശരിയാക്കണ്. നമ്മടെ മോന്റെ കാര്യത്തില്‍ നിങ്ങക്കൊരു ശ്രദ്ധയും ഇല്ലല്ലോ? വലിച്ചു കൊണ്ടിരുന്ന പാതി ബീഡി മുറ്റത്തെറിഞ്ഞ് അച്ചു ആശാന്‍ ഭാര്യയെ ദയനീയമായി നോക്കി.
”കണ്ടകശനിയാ അവന്. കൂട്ടത്തില് കേതുദശയും…. ഇപ്പോഴൊന്നും ശരിയാവില്ല…. ഇരുപത്തേഴ് വയസ്സ് വരെ നമ്മടെ മോന് ദോഷകാലം.”
ഗ്ലാസ്സ് തിരികെ നല്‍കി ആശാന്‍ മുറ്റത്തിറങ്ങി………
തന്റെ മകന്റെ ജീവിതത്തെ അശാന്തമാക്കുന്ന ശനിയേയും കേതുവിനെയും ശപിച്ച് ജാനകിയമ്മ അകത്തേയ്ക്കുപോയി. രാത്രി നിശ്ശബ്ദതയില്‍ കരിയിലകളില്‍ മഴത്താളം നിറച്ച് നിലാവെളിച്ചത്തില്‍ ആശാന്‍ നിന്നു.
അപ്രതീക്ഷിതമായ താളത്തില്‍ നിദ്രാഭംഗം വന്ന അയലത്തെ ചെല്ലമ്മ അക്കന്റെ നായ ഉണര്‍ന്ന് മുരണ്ടു.
വാറ്റുകാരി കല്യാണിയുടെ മുറ്റത്തിരുന്ന് ഓലമെടഞ്ഞുകൊണ്ടിരുന്ന ചെല്ലമ്മ അക്കന് വിശ്വാസം വന്നതേയില്ല. കരുപ്പട്ടികൊണ്ടുവരുന്ന
വണ്ടിക്കാരന്‍ പുതിയാപ്പിള എന്ന ഇരട്ടപ്പേരുള്ള മുഹമ്മദ് കൊടുത്ത വളയുടെ ഭംഗി നോക്കിക്കൊണ്ട്് കല്ല്യാണി ആണയിട്ടുപറഞ്ഞു.
”രാത്രിയാണേലും എനിക്കു മനസ്സിലായി അക്കാ…അതു ആശാന്റെ മോന്‍ തന്നെ…. മുടിപ്പൊരയമ്മയാണെ അമ്മച്ചിയാണെ സത്യം.”
പാതിമെടഞ്ഞ ഓല തണലത്തേയ്ക്ക് മാറ്റിയിട്ട് ചെല്ലമ്മ അക്കന്‍ എഴുന്നേറ്റു.
ഞാനിപ്പവരാം. ധൃതിയില്‍ നടന്നുപോയ അക്കന്‍ കേള്‍ക്കാന്‍ കല്ല്യാണി വിളിച്ച് പറഞ്ഞു. ”ആശാന്റെ വീട്ടില് പോയി പറയല്ലേ……”
അച്ചു ആശാന്റെ മകന്‍ പ്രകാശന്‍ മക്കളില്ലാത്ത ചെല്ലമ്മ അക്കന് മകനെപ്പോലെയാണ്. അവനെക്കുറിച്ചുളള അപരാധം പറച്ചില്‍കേട്ട് അക്കന്‍ സങ്കടപ്പെട്ടു.
അടുക്കളയില്‍ നിന്ന ജാനകിയോട് ചെല്ലമ്മ അക്കന്‍ ശബ്ദം താഴ്ത്തി പറഞ്ഞു.
”ചെല്ലാ….. നമ്മടെ പ്രകാശന്‍ ചാരായം കുടി തൊടങ്ങി. കല്യാണീടെ വീട്ടില് രാത്രി കുപ്പി വാങ്ങിക്കാന്‍ ചെന്നെന്ന്… നെന്റെ അമ്മാവി അറിയണ്ട…. നാടുമുഴ്‌ക്കെ പറഞ്ഞു നടക്കും.” ”ചെറുക്കന്‍ നശിച്ചു”.. ജാനകി നെഞ്ചില്‍ കൈവച്ച് കരഞ്ഞു.
ഇതൊന്നുമറിയാതെ പ്രകാശന്റെ അമ്മൂമ്മ വെയിലത്തിരുന്ന് നരച്ച മുടി കോതി കൊണ്ടുപാടി.
”കണ്ണിറുകെ കെട്ടിന പാശം
കടുവേ ഞാനറത്തു വിട്ടേ
അരനാണെ ശിവന്തന്നാണേ
കാലപാശം തീര്‍ന്നൊഴികെ
നാവിറുകെ കെട്ടിനപാശം
കടുവേ ഞാനറുത്തു വിട്ടേ
അരനാണെ ശിവന്‍ തന്നാണേ
കാലപാശം തീര്‍ന്നൊഴികാ”
കുട്ടന്‍ നായരുടെ *അരപ്പാന്‍ കടയ്ക്കു പിറകിലെ വാടക മുറിയിലിരുന്ന് ഇബ്രാഹിം സഖാവ് ചാരായം നിറച്ച ഗ്ലാസ് പ്രകാശന് നേരെ നീട്ടി. പാര്‍ട്ടിക്കാര്‍ക്കായി കല്ല്യാണി മുന്തിരിയിട്ടു വാറ്റിയ പ്രത്യേക മദ്യമെന്ന് എല്ലാരേയും ഓര്‍മ്മിച്ചു. ഇടതുകൈക്കൊണ്ട് മൂക്ക് പൊത്തിപ്പിടിച്ച് പ്രകാശന്‍ ഒറ്റവലിക്ക് അകത്താക്കി. തീക്ഷ്ണതയുടെ ശമനത്തിന് മമ്മാത്തിലിന്റെ ചായക്കടയിലെ പുഴുങ്ങിയ താറാവ് മുട്ട വായിലിട്ടു. മുതിര്‍ന്ന സഖാവ് നാരായണന്‍ കുട്ടി കുപ്പിയില്‍ നിന്നും ഒരുകവിള്‍ കുടിച്ചിട്ട് പറഞ്ഞു. ”ഉഗ്രന്‍ സാധനം. നിന്റെ കല്യാണിയക്കന്റെ ചന്തിപോലെ.”
ഇബ്രാഹിം സഖാവിന്റെ തോളിലടിച്ച് നാരായണന്‍ സഖാവ് ഉറക്കെ ചിരിച്ചു. എല്ലാപേരും കൂടെ ചിരിച്ചു. പരസ്യമായ രഹസ്യമായി ചാരായം വാറ്റി വില്‍ക്കുന്ന കല്ല്യാണിയക്കനെ പോലീസ് അന്വേഷിച്ചെത്താതിന്റെ രഹസ്യം അപ്പോഴാണ് പ്രകാശന് ബോധ്യമായത്.
പാര്‍ട്ടി സ്വത്താണ് കല്ല്യാണിയക്കന്‍!
അബോധമായ ആ രാത്രിയില്‍, പ്രകാശന്‍ പാര്‍ട്ടി ഓഫീസില്‍ കിടന്നുറങ്ങി.
ചിങ്ങമാസം ഒന്നാംതീയതി ചാണകവെള്ളത്തില്‍ കവടി കഴുകി ശുദ്ധമാക്കി. പ്രശ്‌നപലകയില്‍ നവഗ്രഹങ്ങളെ പ്രാര്‍ത്ഥിച്ച് കവടിനിരത്തുമ്പോള്‍ അച്ചു ആശാന്‍ പ്രകാശന്റെ കാര്യത്തില്‍ ഒരു പ്രധാന തീരുമാനമെടുത്തിരുന്നു.
”പ്രകാശാ ഇന്നു മുതല്‍ എന്റെ കൂടെ മന്ത്രവാദത്തിനു വരണം, ജ്യോതിഷവും പഠിച്ചു തുടങ്ങണം.” അച്ചു ആശാന്റെ ശാസനകേട്ട് ജാനകിയമ്മയ്ക്കും, അമ്മൂമ്മയ്ക്കും വിശ്വസിക്കാന്‍ കഴിഞ്ഞില്ല.
”എനിക്ക് വയ്യ. അന്ധവിശ്വാസം കൊണ്ടു നടക്കാന്‍. എന്റെ പാര്‍ട്ടി ഇതിനെതിരാ.”
ജാനകിയ്ക്ക് ദേഷ്യം വന്നു.
”അഹങ്കാരി… ഇതുവരെ നെനക്ക് ചോറു തന്നത് പാര്‍ട്ടിയാ?”
”കൊടുക്കെടി, അവന്റെ മൊകത്തൊരണ്ണം. കൊലത്തൊഴിലിനെ മാനിക്കാത്തവന്‍” അമ്മൂമ്മ ആട്ടിത്തുപ്പി.
”എനിക്ക് മനസ്സില്ല.” പ്രകാശന്‍ ഇരുന്ന കസേര ചവിട്ടിയെറിഞ്ഞ് പുറത്തേക്കുപോയി.
”കണിയാനെ തല്ലി തെങ്ങേല്‍ കേറ്റണ്ട.” അമ്മൂമ്മ പ്രകാശനെ അവജ്ഞയോടെ നോക്കി പുലമ്പി.
അച്ചു ആശാന്‍ നിശ്ശബ്ദനായി, കവടിക്കുമുന്നില്‍ കണ്ണടച്ചിരുന്നു. എങ്ങും ഇരുട്ട്. പിതൃസ്മരണയോടെ പ്രശ്‌ന പലകയില്‍ കൂട്ടിവച്ച കവടിയില്‍ തഴുകി. കവടിയില്‍ നിന്ന് കാറ്റിരമ്പി, പിന്നെ കടലിരമ്പം ഒഴുകിയെത്തി. കവടിയില്‍ നിന്നും സമുദ്രം തിരയടിച്ചു. എങ്ങും ജലം, കടല്‍ ആശാനിലേക്ക് കൈകള്‍ നീട്ടി. കവടിയില്‍ മുറുകെപിടിച്ച് ആശാന്‍ ധ്യാനത്തിലിരുന്നു. കടല്‍ അച്ചു ആശാനെ ആഴത്തിലേയ്ക്ക് കൊണ്ടുപോയി. അരയന്മാരുടെ വലകളില്‍ മീനുകള്‍ ശ്വാസത്തിനായി പിടഞ്ഞു.
നേരം പുലര്‍ന്നിരുന്നില്ല.
അരയന്മാര്‍ നാലുപേരുണ്ടായിരുന്നു. അറുപതോടടുത്ത് പ്രായമുള്ളവര്‍. തൂക്കാന്‍ ജാനകിയമ്മ തുറപ്പയുമായി മുറ്റത്തേയ്ക്കു വന്നപ്പോള്‍ നാലുപേരും കൈകള്‍ കൂപ്പി. അവര്‍ കാണാതിരിക്കാന്‍ ജാനകി തുറപ്പ ദൂരെയിട്ടു. അശയില്‍ കിടന്ന തോര്‍ത്തെടുത്ത് മാറത്തിട്ട് അവരുടെ അടുക്കലേക്ക് ചെന്നു.
”മീന്‍പ്പെട്ടിട്ട് ദിവസങ്ങളായി വള്ളം കടലിലെറക്കാന്‍ പറ്റണില്ല. വലവലിക്കാനാരും വരണില്ല. ഞങ്ങള്‍ പട്ടിണിയിലായി.” കൂട്ടത്തിലെ പ്രധാനിയായ ആള്‍ ദയനീയമായി പറഞ്ഞു.
ജാനകിയുടെ കണ്ണുകള്‍ നനവാര്‍ന്നു. വരാന്തയിലെ ചുവരില്‍ രാമച്ചമാലയിട്ട ആശാന്റെ ഫോട്ടോയിലേയ്ക്കു നോക്കി തേങ്ങി.
”ഞങ്ങളറിഞ്ഞു, ഒരു മോനുണ്ടല്ലോ, മോനെ കൊണ്ട് എന്തെങ്കിലും മന്തിരം ചെയ്തു തരണം.”
”മോന്‍ ഇതൊന്നും പഠിച്ചിട്ടില്ല,” ജാനകി നിസ്സഹായയായി.
പതിവില്ലാതെ പ്രകാശന്‍ നേരത്തെ ഉണര്‍ന്നു. മുറ്റത്തു നില്‍ക്കുന്ന ആവലാതിക്കാരോട് ഉറക്കെ പറഞ്ഞു.
”മീനിനെ വലയിലാക്കുന്ന മന്ത്ര വിദ്യ എനിക്കറിയില്ല- വേണേല്‍ മീന്‍ പിടിക്കാന്‍ വരാം. കൂലി തന്നാല്‍ മതി എനിക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ല.”
അവരുടെ മറുപടിക്ക് കാത്തു നില്‍ക്കാതെ അയാള്‍ വാതിലടച്ച് അകത്തേക്കുപോയി.
കൂട്ടത്തിലൊരാള്‍ ചെത്തിമിനുക്കിയ ഒരു നാളികേരം ജാനകിയുടെ നേരെ നീട്ടിക്കൊണ്ടുപറഞ്ഞു.
”അമ്മാ, ഈ തേങ്ങ ആശാന്റെ പോട്ടേടെ മുമ്പില് വച്ച് പ്രാര്‍ത്തിച്ച്താ…..ഞങ്ങക്ക് നെറച്ച് മീന്‍പെടും, ആശാനെ ഞങ്ങക്ക് അത്ര വിശ്വാസാണ്.”
ജാനകിയുടെ കണ്ണുകള്‍ നിറഞ്ഞു. പിന്നൊന്നും ആലോചിച്ചില്ല. കിണറ്റിന്‍കരയിലിരുന്ന കുടത്തില്‍ നിന്നും വെള്ളമെടുത്ത് കൈയും കാലു മുഖവും കഴുകി, നാളികേരം വാങ്ങി അച്ചു ആശാന്റെ ഫോട്ടോയ്ക്കുമുന്നില്‍ ദീര്‍ഘനേരം കണ്ണടച്ചു നിന്നു. കണ്ണുനീര്‍ വീണ് നാളികേരം നനഞ്ഞു.
അതൊരു കടലായി നാളികേരത്തില്‍ നിറഞ്ഞു. അച്ചു ആശാന്റെ മന്ത്രം ആഴക്കടലില്‍ മീനുകള്‍ക്കുചുറ്റും മാന്ത്രികവലയം തീര്‍ത്തു. കൂട്ടം കൂട്ടമായി അനുസരണയോടെ മീനുകള്‍ വന്നു വലയില്‍ നിറഞ്ഞു.
അന്നൊരു അമാവാസി ദിവസം ഇലക്ഷന്‍ പ്രചരണത്തിന്റെ ക്ഷീണം തീര്‍ക്കാന്‍ കല്യാണി അക്കന്റെ വാറ്റുപുരയില്‍ സഖാക്കള്‍ കൂടി. ലഹരി മുറുകിയപ്പോള്‍ പ്രകാശന്‍ എഴുന്നേറ്റു. മുത്രമൊഴിക്കാനെന്ന ആംഗ്യം കാട്ടി പുറത്തേക്കു നടന്നു.
ഇരുട്ടിലലിഞ്ഞ വെളിച്ചത്തില്‍ അയാള്‍ കമലത്തിനെ കണ്ടു.
പറഞ്ഞതുപോലെ അവള്‍ വീടിന്റെ പിറകിലുള്ള പുളിമരത്തിന്റെ ചുവട്ടില്‍ തന്നെയുണ്ട്. ഒരു വര്‍ഷത്തെ ജാരബന്ധം.
പ്രകാശനില്‍ ലഹരിയുടെ വന്യത നഖങ്ങള്‍ നീട്ടി. ഒരു കുശലത്തിനു നേരം കളയാതെ അയാള്‍ അവളെ കെട്ടിപ്പുണര്‍ന്നു.
”ആരെടാ അവിടെ” കല്ല്യാണി അക്കന്റെ ശബ്ദം.
”അയ്യോ! അമ്മ” കമലം അയാളെ തള്ളിമാറ്റി വീട്ടിലേക്കോടി.
ഭയന്നുവിറച്ച പ്രകാശന്‍ പുളിമരത്തിന്റെ പിന്നിലെ ഇരുട്ടില്‍ മറഞ്ഞു നിന്നു.
കല്യാണി അക്കന്‍ കമലത്തിനെ പൊതിരെതല്ലി. അവളുടെ കഴുത്തിന് കുത്തിപ്പിടിച്ച് ചോദിച്ചു.
”ആരെടീ, അവന്‍…. പറയെടീ…..”
ബഹളം കേട്ട് വാറ്റുപുരയില്‍ നിന്നും സഖാക്കള്‍ കുഴകാലുകളുമായി ഓടിവന്നു.
”പ്രകാശണ്ണന്‍!” കമലം ഞരങ്ങി.
”കൊല്ലടാ ആ പട്ടിയെ,” കല്യാണി അക്കന്‍ അലറി.
പ്രകാശാ…. ഇബ്രാഹിം സഖാവ് ഉറക്കെ വിളിച്ചു. അതൊരു വേട്ടക്കാരന്റെ ആഹ്വാനമായിരുന്നു. പ്രകാശന്‍ സര്‍വ്വശക്തിയുമെടുത്ത് ഇരുട്ടിലുടെ ഓടി പിറകെ സഖാക്കളും.
രാത്രി മുഴുവന്‍ ചെല്ലപ്പന്‍ ചെട്ടിയാരുടെ കൊപ്രാപ്പുരയില്‍ പ്രകാശന്‍ ഒളിച്ചിരുന്നു. പള്ളിയിലെ വാങ്ക് വിളി കേട്ടപ്പോള്‍ മയക്കത്തില്‍ നിന്നുണര്‍ന്നു.
നേരം പുലരും മുമ്പ് സ്ഥലം വിടണം. ചുറ്റുപാടും ആരുമില്ലെന്ന് ബോധ്യമായപ്പോള്‍ അയാള്‍ വീട്ടിലേക്കുനടന്നു. ശബ്ദമുണ്ടാക്കാതെ, സാക്ഷയില്ലാത്ത അടുക്കള വാതില്‍ തുറന്ന് വീട്ടിനകത്തുകയറി. അമ്മയും അമ്മൂമ്മയും നല്ല ഉറക്കം. ഇരുട്ടില്‍ മുറിയില്‍ കിടന്ന വസ്ത്രങ്ങളെടുത്ത് കയ്യില്‍ കിട്ടിയ ബാഗിലാക്കി, ആശാന്റെ പൂജാമുറിയിലെ പഴനി മുരുകന്റെ ചിത്രം പതിച്ച കാശുപെട്ടിയും എടുത്ത് അയാള്‍ റെയില്‍വേ സ്റ്റേഷനിലേക്കു ഇരുട്ടുപറ്റി നടന്നു. രാമച്ചമാലയിട്ട അച്ചു ആശാന്റെ ഫോട്ടോയുടെ പിറകിലിരുന്ന് ഗൗളി പടിഞ്ഞാറ് നോക്കിയിരുന്ന് ശബ്ദിച്ചു.
സംക്രമങ്ങളുടെ ഋതുഭേദങ്ങളറിയാതെ അശാന്തനായി പ്രകാശന്‍ അലഞ്ഞു. മഹാക്ഷേത്രങ്ങളുടെ തീര്‍ത്ഥങ്ങളില്‍ കുളിച്ചു തൊഴുതു. ഒരു പെരുഴയില്‍ മലമുകളിലെ ക്ഷേത്രമണ്ഡപത്തില്‍ തളര്‍ന്നുറങ്ങിയ പ്രകാശന്റെ സ്വപ്‌നത്തില്‍ ഒരു മയില്‍പ്പീലി തിരുകി അച്ചു ആശാന്‍ വിളിച്ചുണര്‍ത്തി.
ഈറനണിഞ്ഞ കണ്ണുകളോടെ ആശാന്‍ മകന്റെ നെറുകിയില്‍ നനുത്ത ഉമ്മ നല്‍കി. നനഞ്ഞ താടി രോമങ്ങള്‍ അയാളുടെ മുഖത്ത് പൈതൃക ഗന്ധത്തിന്റെ കുളിര്‍മ്മ പകര്‍ന്നു.
ഒടുവില്‍ മടക്കയാത്ര!
രാമായണമുരുവിട്ടിരുന്ന കര്‍ക്കടക സന്ധ്യയില്‍
അമ്മയുടെ കാല്‍ക്കല്‍ വീണ് പ്രകാശന്‍ തേങ്ങി.
നാതന്‍ നിയോഗിക്കിലേതുമേ സംശയം
ചേതസി ചെറ്റില്ലെനിക്കെന്നറികെ നീ
താത കാര്യമനാജ്ഞപ്തമെന്നാകിലും
മോദേന ചെയ്യുന്ന നന്ദനനുത്തവന്‍!
ഇളകി വീഴാറായ ജാലകവാതിലിരുന്ന് ഉച്ചത്തില്‍ വിളിച്ച് കാക്ക പ്രകാശനെ ഓര്‍മ്മകളില്‍ നിന്നുണര്‍ത്തി, പറന്നു പോയി.
അകലെ മഹാക്ഷേത്രത്തിന്റെ ഗോപുരമുകളില്‍ വെളുത്ത മേഘങ്ങള്‍ ജട വിടര്‍ത്തി നിശ്ചലം നിന്നു.
പ്രകാശന്റെ ഉച്ച വിശപ്പിനെ ഓര്‍മ്മിപ്പിച്ച് റോഡിനപ്പുറമുള്ള സ്വാമിയുടെ ടീസ്റ്റാളില്‍ നിന്നും മസാലദോശയുടെ ഗന്ധം മീനവെയിലില്‍ നിറഞ്ഞു.