ഭാരതത്തിന്റെ ദേശീയ, ആദ്ധ്യാത്മിക, സാംസ്‌കാരിക, ചിന്താധാരയ്ക്ക് ആദിശങ്കരാചാര്യ സ്വാമികള്‍ നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണ്. അദ്ദേഹം വേദാന്ത തത്വജ്ഞാനത്തിന്റെ പരമകാഷ്ഠയില്‍ എതിരാളികളില്ലാത്ത പരമാചാര്യനായി, സര്‍വജ്ഞപീഠത്തിന് അര്‍ഹനായി. വേദ, ഉപനിഷത്തുക്കളുടെ പാരമ്പര്യത്തിലൂന്നി അദ്വൈതചിന്ത പ്രചരിപ്പിച്ച് സനാതനധര്‍മ്മത്തിലൂടെ വിശ്വകല്യാണത്തിനായി പ്രവര്‍ത്തിച്ചു. സനാതനധര്‍മ്മ പ്രതിഷ്ഠാപനത്തിനായി ഭാരതത്തിന്റെ നാലു ദിശകളിലായി അദ്ദേഹം നാലു മഠങ്ങള്‍ സ്ഥാപിച്ചു – ഒഡിഷ സംസ്ഥാനത്തിലെ പുരിയില്‍ ശ്രീ ഗോവര്‍ദ്ധനപീഠം, ഗുജറാത്തിലെ ജാമ്‌നഗറില്‍ ദ്വാരകാ ശാരദാ പീഠം, ഉത്തരാഖണ്ഡിലെ ബദരിയില്‍ ശ്രീ ജ്യോതിര്‍ പീഠം, കര്‍ണാടകയിലെ ശൃംഗേരിയില്‍ ശ്രീ ശാരദാ പീഠം. നാല് ശിഷ്യന്മാര്‍ക്ക് ഓരോ മഠത്തിന്റെ ചുമതലയേല്‍പ്പിക്കുകയും ചെയ്തു. പ്രപഞ്ചവിജ്ഞാനത്തിലെ കലവറകളായ നാല് വേദങ്ങള്‍ ധാരമുറിയാതെ തലമുറകളിലേക്ക് പകര്‍ന്നു നല്‍കാന്‍ ഓരോ പീഠത്തിനും ഓരോ വേദവും നിര്‍ദേശിച്ചു; പുരിയില്‍ ഋഗ്വേദം, ശൃംഗേരിയില്‍ യജുര്‍വേദം, ദ്വാരകയില്‍ സാമവേദം, ബദരിയില്‍ അഥര്‍വവേദം.
ശ്രീശങ്കരാചാര്യരുടെ ജന്മസ്ഥലമെന്ന നിലയിലാണ് കാലടി ലോകഭൂപടത്തില്‍ അറിയപ്പെടുന്നത്. ദക്ഷിണാമ്‌നായ ശൃംഗേരി ശ്രീ ശാരദാപീഠത്തിലെ 33-മത് ആചാര്യ സച്ചിദാനന്ദ ശിവാഭിനവ നരസിംഹ ഭാരതി മഹാസ്വാമികളാണ് 1910ല്‍ കാലടിയിലെ ആദിശങ്കര ജന്മസ്ഥാനത്ത് ശാരദാദേവിയുടേയും ശങ്കരാചാര്യരുടേയും പ്രതിഷ്ഠകള്‍ നടത്തിയത്.
ആചാര്യരുടെ ജന്മസ്ഥലമായ കാലടി പവിത്രവും അനേകായിരങ്ങളുടെ തീര്‍ത്ഥാടന കേന്ദ്രവുമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ജ്യോതിര്‍ലിംഗ ക്ഷേത്രമായ കേദാര്‍നാഥ് സന്ദര്‍ശിച്ച് ആരതി നടത്തി. പുനര്‍നിര്‍മിച്ച ശങ്കരാചാര്യ സമാധിയിലെ ആചാര്യ പ്രതിഷ്ഠ നിര്‍വഹിച്ചു. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പുനര്‍നവീകരിച്ച കാശി വിശ്വനാഥ സമുച്ചയത്തിലും ശങ്കരാചാര്യസ്വാമികളുടെ പ്രതിഷ്ഠയ്ക്ക് സ്ഥാനം ലഭിച്ചു. പ്രധാനമന്ത്രി കാലടിയും സന്ദര്‍ശിക്കുകയുണ്ടായി.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കാലടിയിലേക്ക് ഏഴ് കിലോമീറ്റര്‍ മാത്രമേ അകലമുള്ളു. വിമാനത്താവളം ഭാരതത്തിന്റെ എക്കാലത്തെയും മികച്ച നവോത്ഥാന നായകനായ ആദിശങ്കരന്റെ പേരില്‍ അറിയപ്പെടണമെന്ന കാലടി നിവാസികളുടെ ചിരകാലാഭിലാഷം ഇന്നും നടപ്പായിട്ടില്ല.
ഭാരതീയര്‍ക്ക് ആദിശങ്കരന്‍ മനുഷ്യരൂപത്തില്‍ പിറന്ന, ശിവം (ലോകകല്യാണം) ചെയ്യുന്ന ശങ്കരന്‍ (ശിവന്‍) തന്നെയായിരുന്നു. എട്ട് വയസ്സില്‍ ആരംഭിച്ച് കേദാര്‍നാഥില്‍ ജ്യോതിയായി കുടിക്കൊള്ളുന്ന ശ്രീശങ്കര ഭഗവാന്റെ തൃപ്പാദങ്ങളില്‍ 32 വയസ്സില്‍ സമാധിയാകുംവരെ 24 വര്‍ഷങ്ങള്‍ക്കുള്ളില്‍ ആചാര്യന്‍ ചെയ്തുതീര്‍ത്ത കാര്യങ്ങള്‍ അത്ഭുതകരമാണ്. ‘സനാതന ധര്‍മ്മ’ത്തിന്റെ പുനരുജ്ജീവനത്തിന് ബ്രഹ്‌മസൂത്രം, ഉപനിഷത്തുക്കള്‍, ഭഗവദ്ഗീത ഉള്‍പ്പടെയുള്ള സുപ്രധാന ഗ്രന്ഥങ്ങള്‍ക്ക് വ്യാഖ്യാനങ്ങള്‍ എഴുതി. സൗന്ദര്യലഹരി, ശിവാനന്ദലഹരി, വിവേകചൂഡാമണി, ആത്മബോധം, വാക്യവൃത്തി, ഉപദേശസാഹസ്രി തുടങ്ങി മുന്നൂറിലേറെ കൃതികള്‍ രചിച്ചു. ലക്ഷക്കണക്കിനാളുകളെ ആരാധകരും അനുയായികളുമാക്കി മാറ്റി. പണ്ഡിതരെ തോല്‍പ്പിച്ചു ദിഗ്വിജയം നടത്തി. കാലടിയില്‍ നിന്ന് പുറപ്പെട്ട ശങ്കരന്‍ കശ്മീരിലെ ശാരദാപീഠത്തില്‍ സര്‍വജ്ഞപീഠം കയറി.
മാധ്വാചാര്യര്‍ ദ്വൈതം കൊണ്ടും വല്ലഭാചാര്യര്‍ ശുദ്ധാദ്വൈതം കൊണ്ടും രാമാനുജാചാര്യര്‍ വിശേഷാദ്വൈതം കൊണ്ടും പ്രസ്ഥാനത്രയങ്ങളെ വ്യാഖ്യാനിച്ച് ആചാര്യസ്ഥാനം നേടിയിട്ടുണ്ടെങ്കിലും നമുക്ക് അദ്വൈത വേദാന്ത ദര്‍ശനത്തിന്റെ ആകാരമായ ശങ്കരാചാര്യ സ്വാമികള്‍ തന്നെയാണ് ജഗദ്ഗുരു.
ശൈവവും വൈഷ്ണവവും ശാക്തേയവും കൗമാരവും സൗരവും ഗാണപത്യവും കലഹിക്കാനല്ല, കൈകോര്‍ക്കാനാണെന്നു തെളിയിച്ച് ശങ്കരാചാര്യന്‍ ഷണ്‍മതസ്ഥാപനം നടത്തി. ‘ദശനാമി സമ്പ്രദായ’ത്തിലൂടെ സന്ന്യാസ പാരമ്പര്യത്തെ ബലപ്പെടുത്തി.
സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി വര്‍ഷമായ 2047നകം ഭാരതം ലോകത്തിലെ ഏറ്റവും വലിയ വികസിതരാജ്യമായി മാറുമെന്ന് നാം പ്രതീക്ഷിക്കുന്നു. 144 കോടി ജനസംഖ്യയുള്ള ഭാരതം ജനാധിപത്യത്തിന്റെ ഉത്തമ മാതൃകയാണ്. ഭാരതത്തിന്റെ തത്വശാസ്ത്രങ്ങള്‍, യോഗ, ആയുര്‍വേദം, ശാസ്ത്രീയ സംഗീതം, നൃത്തം എന്നിവക്കെല്ലാം ഇന്ന് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നുണ്ട്. ദ്വൈതമില്ലാത്തിടത്ത് സംഘര്‍ഷത്തിനും സംഘട്ടനങ്ങള്‍ക്കും അവസരമില്ല. ജഗദ്ഗുരുവിന്റെ അദ്വൈത വേദാന്ത ദര്‍ശനം ജഗദ്ഗുരുത്വത്തിലെത്താന്‍ വഴികാട്ടിയാകാവുന്ന സംഘര്‍ഷരഹിതമായ തത്വചിന്തയാണ്. ഏകം സദ് വിപ്രാ ബഹുധാ വദന്തി, ലോകാ സമസ്താ സുഖിനോ ഭവന്തു, ലോകമേ തറവാട് എന്നിങ്ങനെ വിവിധ രൂപങ്ങളില്‍ വെളിപ്പെടുന്ന അദ്വൈതസിദ്ധാന്തത്തിന്റെ ആവിഷ്‌കാരങ്ങള്‍ ആദിശങ്കരനെ മനസ്സിലാക്കുന്നതിന് സഹായകരമാവും.
ഭാരതം മുഴുവന്‍ ശങ്കരാചാര്യരുടെ മഹത്വം മനസ്സിലാക്കിവരികയാണ്. കേദാര്‍നാഥിലും ഓംങ്കാരേശ്വറിലും കാശിയിലും ശ്രീശങ്കരാചാര്യരുടെ അതിമനോഹരമായ ശില്പങ്ങള്‍ സ്ഥാപിച്ചുകഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ശിവരാജ്‌സിംഗ് ചൗഹാനും കേന്ദ്രമന്ത്രിമാരുമടക്കം അനേകം സുപ്രധാന വ്യക്തികള്‍ ഇതിനോടകം കാലടി സന്ദര്‍ശിച്ചു.
കാലടി ഇന്ന് പ്രൗഢിയോടെ തലയുയര്‍ത്തിപ്പിടിച്ചുനില്‍ക്കുകയാണ്. അത് ഒറ്റ ദിവസംകൊണ്ട് ഉണ്ടായതല്ല. വിവിധ കാലഘട്ടങ്ങളായി പെരിയാര്‍ എന്നറിയപ്പെടുന്ന പൂര്‍ണാ നദിയുടെ തീരത്ത് ശ്രീകൃഷ്ണ ക്ഷേത്രം, ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം, ശൃംഗേരി മഠം, ശ്രീശങ്കരകീര്‍ത്തിസ്തംഭം തുടങ്ങി നിരവധി സാമൂഹിക-ആദ്ധ്യാത്മിക-സാംസ്‌കാരിക സ്ഥാപനങ്ങള്‍ വന്നു. ശ്രീശങ്കര സംസ്‌കൃത സര്‍വകലാശാലയും ശ്രീശങ്കര കോളേജും പോലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളും രൂപംകൊണ്ടു.
ശ്രീശങ്കരന്‍ പുനഃസ്ഥാപിച്ച അദ്വൈതദര്‍ശനം ജനകീയമാക്കണമെന്ന ചിന്തയില്‍ ആദിശങ്കര ജന്മദേശ വികസനസമിതി രൂപീകരിച്ചതും ചരിത്രസംഭവമാണ്. സമിതിയുടെ നേതൃത്വത്തില്‍ ഇരുപതു വര്‍ഷങ്ങള്‍ക്കുമുമ്പ് ശങ്കരോത്സവം എന്ന പേരില്‍ വൈശാഖ ശുക്ലപഞ്ചമി ദിനത്തില്‍ ശ്രീശങ്കര ഭഗവദ്പാദരുടെ ജന്മദിനം വിപുലമായി ജനപങ്കാളിത്തത്തോടെ ആരംഭിച്ചു. ഈ ജന്മസ്ഥാനം ഏതുകാലത്തും ഭാരതത്തിനു മുഴുവന്‍ പ്രചോദനമാകണമെന്ന ഉദ്ദേശ്യലക്ഷ്യത്തോടെ ശ്രീശങ്കരാചാര്യരുടെ ജീവിതവും സന്ദേശവും ജനകീയമാക്കുന്നതിനും അനുഷ്ഠാനത്തിന്റെ ഭാഗഭാക്കാക്കുന്നതിനുമായി 2004 മുതല്‍ സമിതി പ്രവര്‍ത്തിച്ചുവരുന്നു.
പണ്ഡിതര്‍ക്കും പാമരര്‍ക്കും ശ്രീശങ്കര ചിന്തകളുടെ സൗരഭ്യം പകരുന്ന ജ്ഞാനസദസ്, സന്ന്യാസി സമ്മേളനം, സെമിനാര്‍, സിമ്പോസിയം, കുടുംബയോഗം, മത്സരങ്ങള്‍, സാംസ്‌കാരിക സമ്മേളനങ്ങള്‍, ഭജനകള്‍, മഹാപരിക്രമം, പൂര്‍ണാനദി പൂജ, മഹാസ്‌നാനം തുടങ്ങി വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചുകൊണ്ടാണ് ആഘോഷങ്ങള്‍ നടത്തിവന്നത്. സന്ന്യാസിശ്രേഷ്ഠര്‍ മാര്‍ഗദര്‍ശനം നല്‍കി. ശങ്കരവേഷമണിഞ്ഞ കുട്ടികള്‍ മഹാപരിക്രമയുടെ ഭാഗമായി. ശ്രീശങ്കര കീര്‍ത്തിസ്തംഭത്തിന്റെ പരിസരത്തുനിന്നാരംഭിക്കുന്ന യാത്ര ഇതിഹാസപ്രസിദ്ധമായ മുതലക്കടവിലാണ് അവസാനിക്കുക. മുതലക്കടവില്‍ പൂര്‍ണാനദി പൂജക്കുശേഷം മഹാസ്‌നാനം നടക്കും.

ഭാരതത്തേയും ഭാരതീയരേയും ഭാരതത്തിലെ വ്യത്യസ്ത ചിന്താധാരകളേയും ഏകീകരിക്കുന്ന അത്ഭുത ശക്തിസ്രോതസ്സാണ് ആദിശങ്കരന്‍. കാലടിയില്‍ ശങ്കര ജയന്തിയോടനുബന്ധിച്ച് 2024ല്‍ നടന്ന ശങ്കരമഹോത്സവം വിവിധ വിഭാഗങ്ങളുടേയും, വ്യത്യസ്ത മഠങ്ങളുടേയും സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേയും സമന്വയവേദി കൂടിയായി. ആദിശങ്കര ജന്മദേശവികസന സമിതിയുടെ നേതൃത്വത്തില്‍ നടന്ന ശ്രീശങ്കരോത്സവത്തിന്റെ ഭാഗമായി ശൃംഗേരി മഠം ഹാളില്‍ സന്ന്യാസി സംഗമം നടന്നു. മൈസൂര്‍ എടത്തൊറെ ശ്രീ യോഗാനന്ദേശ്വര സരസ്വതി മഠം പീഠാധിപതി ശ്രീശങ്കരഭാരതി മഹാസ്വാമികള്‍ ഉദ്ഘാടനം ചെയ്തു. ഋഷികേശ് കൈലാസാശ്രമം മഹാമണ്ഡലേശ്വര്‍ വിജയാനന്ദപുരി അദ്ധ്യക്ഷത വഹിച്ചു. കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമികള്‍, മാര്‍ഗദര്‍ശക മണ്ഡല്‍ സെക്രട്ടറി സത്‌സ്വരൂപാനന്ദ സ്വാമികള്‍, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം അദ്ധ്യക്ഷന്‍ പ്രജ്ഞാനന്ദതീര്‍ത്ഥപാദര്‍, കൃഷ്ണാനന്ദ സരസ്വതി (പാലക്കാട്), ശിവഗിരി മഠം പ്രതിനിധി ദേവ ചൈതന്യ, ശ്രീരാമകൃഷ്ണാശ്രമം പുറനാട്ടുകരയിലെ സ്വാമി നന്ദാത്മജാനന്ദ, സ്വാമി അയ്യപ്പദാസ് എന്നിവര്‍ പ്രസംഗിച്ചു. മാര്‍ഗദര്‍ശക മണ്ഡലവുമായി ബന്ധപ്പെട്ട ഒട്ടനേകം സന്ന്യാസിശ്രേഷ്ഠരും സംഗമത്തില്‍ പങ്കെടുത്തു.

ശ്രീശങ്കരന്റെ ദര്‍ശനങ്ങളും സന്ദേശങ്ങളും ഭേദവ്യത്യാസമില്ലാതെ എല്ലാ വീടുകളിലും എത്തിക്കുക എന്ന ലക്ഷ്യമാണുള്ളതെന്ന് ശങ്കരഭാരതി സ്വാമികള്‍ പറഞ്ഞു. കാലടി ശൃംഗേരി മഠത്തില്‍ സ്ഥാപിച്ച ശ്രീശങ്കര പ്രതിഷ്ഠയുടെ സമീപം എല്ലാവര്‍ക്കും അഭിഷേകവും അര്‍ച്ചനയും ആരാധനയും നടത്താനുള്ള സൗകര്യം ഒരുക്കുമെന്നും സ്വാമികള്‍ അറിയിച്ചു.
ജന്മദിനത്തോടനുബന്ധിച്ചു നടന്ന മഹാസമ്മേളനത്തില്‍ റിട്ടയേഡ് ജില്ലാ ജഡ്ജും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ജില്ലാ സംഘചാലകനുമായ അഡ്വ.സുന്ദരം ഗോവിന്ദ്, കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, മൈസൂര്‍ ആശ്രമത്തിലെ ശങ്കരഭാരതി സാമികള്‍, ഇടപ്പള്ളി അമൃതാനന്ദമയി മഠം സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദ പുരി, ആദിശങ്കര വികസന സമിതി ചെയര്‍മാന്‍ കെ.എസ്.ആര്‍. പണിക്കര്‍, ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെ.വി.ശിവന്‍ എന്നിവര്‍ പങ്കെടുത്തു.
തുടര്‍ന്ന് നടന്ന മഹാപരിക്രമയില്‍ ആയിരക്കണക്കിനാളുകള്‍ അണിനിരന്നു. ശ്രീകാഞ്ചി കാമകോടി പീഠം ശങ്കര കീര്‍ത്തി സ്തംഭത്തില്‍ നിന്നാരംഭിച്ച് ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം, ശ്രി ശൃംഗേരി മഠം, ശ്രീശങ്കര ജന്മഭൂമി ക്ഷേത്രം, ശ്രീകൃഷ്ണ ക്ഷേത്രം വഴി മുതലക്കടവിലെത്തി നദീപൂജയോടെ പരിക്രമം സമാപിച്ചു. പരിക്രമക്ക് മുമ്പായി ശങ്കര ജയന്തി മഹായോഗവും നടന്നു. കേരളത്തിലെ പ്രമുഖ മഠങ്ങളിലെ ആചാര്യന്മാര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സ്വാമി ചിദാനന്ദ പുരി, സ്വാമി പൂര്‍ണാമൃതാനന്ദ പുരി (അമൃതാനന്ദമയീ മഠം), സ്വാമി വിവിക്താനന്ദ സരസ്വതി (ചിന്മയാ മിഷന്‍ കേരള അധ്യക്ഷന്‍), സ്വാമി നന്ദാത്മജാനന്ദ (ശ്രീരാമകൃഷ്ണ മഠം), സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി (സംബോധ് ഫൗണ്ടേഷന്‍) തുടങ്ങി നിരവധി ആചാര്യന്മാരോടൊപ്പം ഋഷികേശ് കൈലാസാശ്രമം മഠാധിപതി മഹാമണ്ഡലേശ്വര്‍ വിജയാനന്ദ പുരി സ്വാമി, മൈസൂര്‍ യോഗാനന്ദേശ്വര സരസ്വതി മഠം പീഠാധിപതി ശങ്കര ഭാരതി സ്വാമികള്‍, ആദിശങ്കര ജന്മഭൂമി വികസനസമിതി ചെയര്‍മാന്‍ കെ.എസ്.ആര്‍. പണിക്കര്‍, മാര്‍ഗനിര്‍ദേശക് വി.കെ.വിശ്വനാഥന്‍ (വിശ്വന്‍പാപ്പ) തുടങ്ങിയവര്‍ മഹാപരിക്രമണത്തിന് നേതൃത്വം നല്‍കി.

രണ്ടു പതിറ്റാണ്ടുകാലത്തെ വികസന സമിതിയുടെ പരിശ്രമഫലമായി കാലടിയിലും സമീപപ്രദേശത്തും മാത്രമല്ല, കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വാഹനങ്ങള്‍ ബുക്കുചെയ്ത് തീര്‍ത്ഥാടകസംഘങ്ങള്‍ എത്തുന്നത് ശങ്കരസന്ദേശം വ്യാപിക്കുന്നതിന്റെ ശുഭ ലക്ഷണമാണ്.
ശ്രീശങ്കരാചാര്യരുടെ ജീവിതത്തെയും ദര്‍ശനത്തേയും അറിയാനും പഠിക്കാനും ആചരിക്കാനുമായി കാലടിയില്‍ ഈ വര്‍ഷം പുതിയൊരു കേന്ദ്രംകൂടി ആരംഭിച്ചത് ശുഭോദര്‍ക്കമാണ്. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലക്കടുത്ത് മൈസൂരിലെ എടത്തൊറെ ശ്രീ യോഗാനന്ദേശ്വര സരസ്വതി മഠം പീഠാധിപതി ശ്രീശങ്കരഭാരതി മഹാസ്വാമികളുടെ പരിശ്രമത്താലാണ് ശാങ്കരജ്യോതി ആദ്ധ്യാത്മികകേന്ദം ആരംഭിച്ചത്. സൗന്ദര്യലഹരി ഉപാസനാമണ്ഡലിയുടെയും ആദിശങ്കര ജന്മദേശ വികസനസമിതിയുടേയും സംയുക്ത സഹകരണവും ഈ കേന്ദ്രത്തിനുണ്ട്.
ശ്രീശങ്കര ജന്മസ്ഥാനക്ഷേത്രത്തില്‍ വരുന്ന സന്ദര്‍ശകര്‍ക്ക് ഗോപുരം കടന്നു ചെല്ലുമ്പോള്‍ വലതുവശത്തായി നേരിട്ട് പുഷ്പാര്‍ച്ചന ചെയ്യാന്‍ കഴിയുന്ന തരത്തില്‍ അതിമനോഹരമായ ശങ്കരപ്രതിഷ്ഠ പൂര്‍ത്തിയായതും കാലടിക്ക് തിലകക്കുറിയായി.
ആദിശങ്കര കുലദേവതാക്ഷേത്രമായ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ 2024 മെയ് 8 മുതല്‍ 12വരെ അക്ഷയതൃതീയ കനകധാരാ യജ്ഞം നടന്നു. ദരിദ്രമായ ഒരില്ലത്ത് ബാല്യകാലത്ത് ഭിക്ഷക്കെത്തിയ ശങ്കരന് മറ്റൊന്നുമില്ലാതിരുന്നതുകൊണ്ട് അന്തര്‍ജനം ഉണക്ക നെല്ലിക്ക കൊടുത്തുവെന്നും അവരുടെ ദാരിദ്ര്യമകറ്റാന്‍ ശ്രീശങ്കരന്‍ കനകധാരാസ്‌തോത്രം ചൊല്ലിയപ്പോള്‍ ലക്ഷ്മീപ്രസാദത്താല്‍ സ്വര്‍ണ നെല്ലിക്കകള്‍ വര്‍ഷിച്ചുവെന്നുമാണ് ഐതിഹ്യം.

സ്ഥാപിച്ച ശ്രീശങ്കര പ്രതിമ
മാതാവിന്റെ ഈശ്വരോപാസനയുടെ ഭാഗമായി നിത്യസ്‌നാനത്തിന് സൗകര്യപ്രദമാംവണ്ണം ‘കാല്‍ വരയുന്നിടത്ത് നദിയുടെ ഗതിമാറട്ടെ’എന്ന് ശങ്കരനെ ഭഗവാന്‍ അനുഗ്രഹിച്ചതായും ‘കാല്‍ വരഞ്ഞ സ്ഥലം’ കാലടിയായി എന്നും ഐതിഹ്യം പറയുന്നു. ആദിശങ്കരന്റെ കാലടി പതിഞ്ഞ പാതയിലൂടെ പൂര്‍ണാനദി വഴിമാറി ഒഴുകി. അനതിവിദൂരഭാവിയില്‍ ലോകം മുഴുവന്‍ ശ്രീശങ്കര കാലടികളെ പിന്‍തുടര്‍ന്ന് വഴിമാറി ഒഴുകുമെന്ന കാര്യത്തില്‍ സംശയമില്ല.