അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെ ഒരു നവജാതശിശുവിന് പേരിടാന്‍ രക്ഷിതാക്കള്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ അദ്ദേഹം അതിനു തയ്യാറായി. പേരെന്ത് വിളിക്കണം എന്ന് ചോദിച്ചപ്പോള്‍ ‘സുനാമി’ എന്നോ ‘ഇരുള്‍’ എന്നോ ആണ് നിര്‍ദ്ദേശിച്ചത്. വാജ്‌പേയി അത് രണ്ടും നിഷേധിച്ചു. ദുരന്തത്തെ ഓര്‍മ്മിപ്പിക്കുന്ന, നിരാശ ജനിപ്പിക്കുന്ന പേരല്ല മറിച്ച് പ്രതീക്ഷയും പ്രചോദനവും നല്‍കുന്നതാവണം പേരുകള്‍ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ‘സുനാമി’ ഒരു ദുരന്തമായിരുന്നല്ലോ.
ഓര്‍മ്മകള്‍ ജീവിതത്തിനുള്ള പുതിയ കരുത്തും പ്രേരണയും നല്‍കുന്നതാകുമ്പോഴാണ് അത് പ്രചോദനമാകുന്നത്. എന്റെ ആഗ്രഹങ്ങള്‍ അനന്തമായതിനാല്‍ ഒരു മകന് ആകാശെന്നും ആഗ്രഹങ്ങള്‍ നടപ്പാക്കാന്‍ ആവേശം ഏറെ വേണ്ടതിനാല്‍ രണ്ടാമത്തെ മകന് ആവേശ് എന്നും പേരിട്ടുവെന്ന് ഒരു സംഘാടകന്‍ പറഞ്ഞതും ഓര്‍മ്മവരുന്നു. കണ്ണൂരിലെ പാനൂരിലെ ചെറ്റക്കണ്ടിയില്‍ 2015ല്‍, പാര്‍ട്ടി പ്രവര്‍ത്തനത്തിനുവേണ്ടി ബോംബുണ്ടാക്കുന്നതിനിടെ ബോംബിന്റെ കൂട്ടുതെറ്റിയോ ശ്രദ്ധതെറ്റിയോ ഉണ്ടായ സ്‌ഫോടനത്തിനിടെ മരണപ്പെട്ട രണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (മാര്‍ക്‌സിസ്റ്റ്) പ്രവര്‍ത്തകര്‍ക്ക് സിപിഎം ഫണ്ടു പിരിച്ച് സ്മാരകം നിര്‍മ്മിച്ചതിനെക്കുറിച്ച് ചിന്തിച്ചപ്പോഴാണ് പേരിനും സ്മാരകത്തിനും ജീവിതത്തിനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചിന്തിച്ചത്.
കണ്ണൂര്‍ ജില്ലയിലാണ് കേരളത്തില്‍ ഏറെ കുപ്രസിദ്ധമായ ബോംബ് പ്രയോഗ സിദ്ധാന്തം സിപിഎം നടപ്പാക്കുന്നത്. എന്നാല്‍ കേരളത്തില്‍ എമ്പാടും മാത്രമല്ല, ബംഗാളിലും ത്രിപുരയിലും ഉള്‍പ്പെടെ ആ പാര്‍ട്ടിക്കും ആ ആശയത്തിനും എവിടെയെല്ലാം ചലനശേഷിയുണ്ടോ അവിടെയെല്ലാം ആക്രമണത്തിന്റെ ബോംബുപ്രയോഗങ്ങള്‍ അവരുടെ ശൈലിയാണ്. കമ്മ്യൂണിസത്തിന്റെ ലോകചരിത്രം തന്നെ അങ്ങനെയാണ്. അത് അവര്‍ അംഗീകരിച്ച ആദര്‍ശമാണ്. ഉന്മൂലനമാണ് തത്ത്വവും പ്രയോഗവും; നിരാസമോ നിഷേധമോ അല്ല ഹത്യയാണ് രീതി. അതുകൊണ്ടാണ് തൊഴിലാളിവര്‍ഗ്ഗത്തിന്റെ പേരില്‍, ആ അടിത്തറയില്‍ രൂപം കൊടുത്തിട്ടുള്ള കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തിന്റെ കേരളമോഡല്‍ എന്നോ കണ്ണൂര്‍ മോഡല്‍ എന്നോ ഒക്കെ വിശേഷിപ്പിക്കപ്പെടാവുന്ന തരത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയും ആഭ്യന്തരമന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ ആ പ്രസ്താവന നടത്തിയത്; ‘പാടത്ത് പണിയെടുത്താല്‍ വരമ്പത്ത് കൂലി.’ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തെ ന്യായീകരിച്ചുകൊണ്ടായിരുന്നു ആ പ്രസ്താവന. ”വേണ്ടി വന്നാല്‍ പോലീസ് സ്റ്റേഷനിലും ബോംബുണ്ടാക്കും” എന്ന് വീരസ്യം പറഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ബോംബാക്രമണ തെമ്മാടിത്തരങ്ങള്‍ക്ക് ന്യായവാദം ചമച്ചതും കോടിയേരി ബാലകൃഷ്ണനായിരുന്നു. ഒരുപക്ഷെ, താരതമ്യേന (പിണറായി വിജയനേയും ജയരാജന്മാരേയും ഒക്കെ ചേര്‍ത്ത് താരതമ്യം ചെയ്യുമ്പോള്‍) മര്യാദക്കാരനെന്ന്, മരണാനന്തരം പലരും വാഴ്ത്തിയ കോടിയേരിയുടെ നിലപാടുകളായിരുന്നു അത്. അതായത്, വ്യക്തിയുടെ നയമല്ല, ഇത് പാര്‍ട്ടിയുടെ നയമാണെന്നര്‍ത്ഥം. 2015ല്‍ ബോംബുപൊട്ടി മരിച്ച ‘കുട്ടി സഖാക്കള്‍’ക്ക് 2024ല്‍ സ്മാരകം നിര്‍മ്മിച്ച്, അത് സിപിഎം സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍ ബോംബുപൊട്ടിയ കാലത്ത് കോടിയേരി ബാലകൃഷ്ണന്‍ മരിച്ച സഖാക്കള്‍ക്ക് പാര്‍ട്ടിബന്ധമില്ലായിരുന്നുവെന്ന് തള്ളിപ്പറഞ്ഞത് വെറും ‘അടവുനയ’ മായിരുന്നുവെന്ന് വ്യക്തമാവുകയാണ്. എന്നു പറഞ്ഞാല്‍ എതിര്‍ത്തു നില്‍ക്കുന്നവരുടെ ഉന്മൂലനം അതിന് ആക്രമണം, ആക്രമണത്തിന് ബോംബു പ്രയോഗം, ബോംബ് നിര്‍മ്മാണം എന്നിങ്ങനെയുള്ളവ പാര്‍ട്ടിയുടെ അംഗീകൃത നയ- നടപടിക്രമങ്ങളാണ്.
1999 ഡിസംബര്‍ ഒന്നിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മുന്നില്‍ ക്ലാസ് മുറിയില്‍ വെച്ച് യുവമോര്‍ച്ച നേതാവ് കെ.ടി. ജയകൃഷ്ണനെ കൊന്നു കളഞ്ഞപ്പോള്‍ സിപി.എമ്മിനെതിരെ ഉണ്ടായ ജനവികാരത്തെ തുടര്‍ന്നാണ് ആക്രമണത്തിന്റെ വഴി നേട്ടമല്ല ഉണ്ടാക്കുന്നതെന്ന് സിപിഎമ്മിന് തോന്നിയത്. എന്നിട്ടും അവരത് തുടര്‍ന്നു. 2012 മെയ് 4 ന് ടി.പി. ചന്ദ്രശേഖരന്റെ വധത്തില്‍ എത്തിയപ്പോള്‍ ജനരോഷം രൂക്ഷമായി. എന്നിട്ടും 2015ലും പാര്‍ട്ടി ബോംബു നിര്‍മ്മാണം തുടര്‍ന്നു. കഴിഞ്ഞ ഏപ്രില്‍ 5ന്, ബോംബു നിര്‍മ്മാണത്തിനിടെ ഒരു സിപിഎം പ്രവര്‍ത്തകന്‍ മരിച്ചതും പലര്‍ക്കും പരിക്കുപറ്റിയതുമായിരുന്നു ഏറ്റവും പുതിയ സംഭവം. അതും പാനൂര്‍ പ്രദേശത്തുതന്നെ. അതായത്, സിപിഎം നേതാക്കള്‍ മുതല്‍ സാധാരണക്കാരായ അണികള്‍ വരെ പ്രതികളാകുന്ന ഈ കേസുകള്‍ പറയുന്നത് ബോംബു നിര്‍മ്മാണവും ആക്രമണവും പാര്‍ട്ടിനയമാണെന്നും പാര്‍ട്ടി അത് ഒരു കാരണവശാലും ഉപേക്ഷിക്കില്ലെന്നുമാണ്.
ഒരു ആശയം പ്രവൃത്തിതലത്തില്‍ വിജയിക്കുന്നില്ലെങ്കില്‍ അത് തെറ്റായ ആശയമാണ്, എത്ര വലിയ ആദര്‍ശ പരിവേഷം നല്‍കിയാലും, പ്രതീകവത്കരിച്ചാലും, കമ്മ്യൂണിസത്തിന്റെ കാര്യം, അതുതന്നെയാണ്. ബ്രാക്കറ്റില്‍ എന്തൊക്കെ വിശേഷണം ചെയ്ത് അവതരിപ്പിച്ചാലും ഈ പരാജയതത്ത്വം അവരെ പിന്‍തുടരും. ആശയത്തിന്റെ ആവിഷ്‌ക്കാരം പ്രതീകവല്‍ക്കരിച്ചാണ് അവര്‍ പാര്‍ട്ടി ചിഹ്നമുണ്ടാക്കിയത്. അരിവാള്‍, കര്‍ഷകന്റേയും ചുറ്റിക നിര്‍മ്മാണത്തൊഴിലാളികളുടേയും സ്മാരകമാക്കി കമ്മ്യൂണിസ്റ്റുകള്‍ അവതരിപ്പിച്ചു. പക്ഷേ അരിവാളും ചുറ്റികയും കൊലപാതകത്തിന്റേയും ആക്രമണത്തിന്റേയും പ്രതീകമായി മാറി. അതിനുമപ്പുറം വളര്‍ന്ന് ആക്രമണത്തിന് ബോംബുനിര്‍മ്മാണം നയമാക്കുമ്പോള്‍ സ്മാരകങ്ങള്‍ക്കു മുകളിലെ അടയാളങ്ങളും പ്രതീകാത്മകമായി മാറുകയാണ്. ജനാവലിക്കിടയിലെ, ആ മാറ്റത്തിന് കാറ്റുവീശിക്കൊടുക്കുകയാണ് എം.വി.ഗോവിന്ദനെപ്പോലുള്ള പാര്‍ട്ടിനേതൃത്വം. ഈ സ്മാരകങ്ങള്‍ ഒന്ന് ഉറപ്പിക്കുകയാണ് സിപിഎം ആക്രമണങ്ങള്‍ അവസാനിപ്പിക്കില്ല; അവര്‍ സ്വയം അവസാനിക്കുന്നതല്ലാതെ.