ഹാരുകി മുറാകാമി (Haruki Murakami) ഇന്നത്തെ ജാപ്പനീസ് സാഹിത്യത്തിലെ ശ്രദ്ധേയ മുഖങ്ങളിലൊന്നാണ്. ജാപ്പനീസ് ഭാഷയെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും നമുക്കു വലിയ പരിചയമൊന്നുമില്ലാത്തതിനാല്‍ ഇംഗ്ലീഷിലൂടെ കിട്ടുന്ന ചെറിയ ചില അറിവുകളേയുള്ളൂ. സാഹിത്യത്തില്‍ പടിഞ്ഞാറിനേക്കാള്‍ മുന്‍പേ സഞ്ചരിക്കുന്ന ജപ്പാന്‍ പല പാശ്ചാത്യ സാഹിത്യകാരന്മാരുടെയും കൃതികളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളാറുണ്ട്. എന്നാല്‍ ആവിഷ്‌കാരത്തിന്റെ എല്ലാ തലത്തിലും ജപ്പാന്‍ എഴുത്തുകാര്‍ നമ്മെ അതിശയിപ്പിക്കുന്നു. മുറാകാമി എന്ന പേരില്‍ ജപ്പാനില്‍ രണ്ടെഴുത്തുകാരുണ്ട് ഹാരുകി മുറാകാമിയും റിയു മുറാകാമിയും. ഹാരുകിയെ കുറച്ച് അന്വേഷിക്കാനിടവന്നത് എം. മുകുന്ദന്‍ ഭാഷാപോഷിണിയില്‍ എഴുതിയ ലേഖനം വായിച്ചതുകൊണ്ടാണ്.
ഹാരുകി മുറാകാമിയുടെ ഒരു ചെറുകഥാ സമാഹാരമാണ് “Men Without women’ ‘സ്ത്രീകളെക്കൂടാതെയുള്ള പുരുഷന്മാര്‍.’ ഏഴ് കഥകളുടെ ഒരു സമാഹാരമാണിത്. ഇതേ പേരില്‍ ഏണസ്റ്റ് ഹെമിങ്‌വേയ്ക്ക് ഒരു സമാഹാരമുണ്ട്. എന്നാല്‍ അതും മുറാകാമിയുടെ കൃതിയും തമ്മില്‍ ഒരു ബന്ധവുമില്ല. ഹെമിങ്‌വേയുടെ സമാഹാരത്തിന് വാസ്തവത്തില്‍ അങ്ങനെയൊരു പേരിന്റെ ആവശ്യമേയില്ല. ഉള്ളടക്കത്തിലെങ്ങും പേരിനോടു നീതി പുലര്‍ത്തുന്ന ഒന്നുമില്ല. എന്നാല്‍ മുറാകാമിയുടെ സമാഹാരം അങ്ങനെയല്ല. ഈ സമാഹാരത്തിലെ ഏഴു കഥകളിലും സ്ത്രീപുരുഷ ബന്ധത്തിന്റെ സങ്കീര്‍ണതകളും സ്ത്രീയെ നഷ്ടപ്പെടുന്ന പുരുഷന്റെ വ്യഥകളുമുണ്ട്.
ജാപ്പാനുമായി നമുക്ക് സാംസ്‌കാരികമായി ഒരടുപ്പവുമില്ലെങ്കിലും അവര്‍ ലോകത്തെ എല്ലാ സാഹിത്യത്തെയും പഠിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നുണ്ട്. ഹെമിങ്‌വേയുടെ കഥ വായിച്ചിട്ടാണോ ഇങ്ങനെയൊരു തലക്കെട്ട് കൊടുത്തതെന്നറിയില്ല. ‘Samsa in Love’ (പ്രണയത്തിലകപ്പെട്ട സാംസ) എന്ന കഥയിലെ നായകന്റെ പേര് ഗ്രിഗര്‍ സാംസ (Gregor Samsa) എന്നാണ്. ഈ പേര് കാഫ്കയുടെ ലോകപ്രശസ്ത കഥയായ രൂപാന്തരണത്തിലെ (Metamorphosis) നായകന്റെ പേരാണ്. കഥയ്ക്ക് പലയിടത്തും രൂപാന്തരണവുമായി ചില സാദൃശ്യങ്ങളൊക്കെയുണ്ട്. I wish there was a machine that could accurately measure sadness (കൃത്യമായി ദുഃഖമളക്കാന്‍ ഒരു യന്ത്രമുണ്ടായിരുന്നെങ്കിലെന്ന് ഞാനാഗ്രഹിച്ചുപോകുന്നു) എന്ന ശ്രദ്ധേയമായ ആഗ്രഹപ്രകടനം ഏകാന്തത എത്ര മാത്രം തീവ്രമായ ഒരു വേദനയായി കഥാകൃത്തില്‍ നില്‍ക്കുന്നുവെന്നും അതിനെ അതിജീവിക്കാനായി അദ്ദേഹം കാണുന്ന ഒറ്റമൂലി സ്ത്രീയുടെ സൗഹൃദവും സാമീപ്യവുമാണെന്നും നമുക്കു തിരിച്ചറിയാന്‍ കഴിയുന്നു. മറ്റൊരു നിരീക്ഷണം ഇങ്ങനെയാണ് “”Whether you want to or not. But the place you return to is always different from the place you left. That is the rule. It can never be exactly the same” (നിങ്ങള്‍ ആഗ്രഹിച്ചാലുമില്ലെങ്കിലും നിങ്ങള്‍ മടങ്ങിയെത്തുന്നയിടം ഒരിക്കല്‍ നിങ്ങള്‍ പുറപ്പെട്ട സ്ഥലത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും. അതാണ് നിയമം. ഒരിക്കലും രണ്ടിടവും ഒന്നാകാന്‍ വയ്യ). സ്ഥലകാലങ്ങളില്‍ പലപ്പോഴും നിസ്സഹായനായിത്തീരുന്ന മനുഷ്യന്റെ ഒറ്റപ്പെടലിന്റെ ഭീകരമുഖമാണ് കഥാകൃത്ത് വരച്ചു കാണിക്കുന്നത്.
എഴുത്തുകാര്‍ പൊതുവെ ഏകാന്തതയെ ഇഷ്ടപ്പെടുന്നവരാണെന്ന തെറ്റിദ്ധാരണ സമൂഹത്തിനുണ്ട്. എന്നാല്‍ ഏകാന്തതയെ വല്ലാതെ ഭയക്കുന്നവരാണവര്‍. ആ ഭയം മൂലമാണ് പലരും തുടര്‍ച്ചയായ പ്രണയബന്ധങ്ങളില്‍ വീണുപോകുന്നത്. മുറാകാമിയുടെ സമാഹാരത്തിലെ ഏഴുകഥകളിലും വിവാഹേതരബന്ധങ്ങളുള്ള കഥാപാത്രങ്ങളുണ്ട്. മനസ്സിലാക്കാന്‍ കഴിഞ്ഞിടത്തോളം പാശ്ചാത്യ ലോകത്തേക്കാള്‍ കുറച്ചുകൂടി കുത്തഴിഞ്ഞതെന്നു പറയാവുന്നതാണ് ജാപ്പനീസ് സമൂഹം. ആദ്യകാലകൃതിയായ ഗഞ്ചിമോണോഗാത്തി(Genji Monogatari) മുതല്‍ തന്നെ ഈ (AD Before 1021) സമൂഹത്തിന്റെ ഈ അരാജകഭാവം പ്രകടമാണ്. കൃതികളിലൂടെ പ്രകടമാകുന്നത് ജപ്പാനിലെ യഥാര്‍ത്ഥ സാമൂഹ്യജീവിതം ആകണമെന്നില്ല. എന്നാല്‍ മിക്കവാറും എല്ലാ ജാപ്പനീസ് നോവലുകളിലും നമ്മള്‍ കാണുന്നത് ഇത്തരത്തില്‍ വഴിവിട്ട ജീവിതരീതിയാണ്. നോവലുകളെല്ലാം കള്ളം പറയുന്നതാണെന്ന് വിശ്വസിക്കാന്‍ വയ്യ.
ഷെഹറസാദേ (Sheherazade) എന്നൊരു കഥയുണ്ട് ഈ സമാഹാരത്തില്‍. ‘ആയിരത്തിയൊന്നു’ രാവുകളില്‍ നിന്നാണ് ആ പേര് സ്വീകരിച്ചിരിക്കുന്നത്. മറ്റൊരു കഥയുടെ പേര് ‘An Independent Organ’ എന്നാണ്. അതിലെ പ്രധാന കഥാപാത്രം ഒരു ജൂതനാണ്. ‘ഓഷ് വിറ്റ്‌സ്’ (Auschwitz) എന്ന കുപ്രസിദ്ധമായ ജര്‍മ്മന്‍ ജൂതകൂട്ടകൊല ക്യാമ്പിനെക്കുറിച്ചും കഥയില്‍ പരാമര്‍ശിക്കുന്നു. ലോകത്തിലെ എല്ലാം ജപ്പാന്‍ സ്വാംശീകരിക്കുന്നുണ്ട്. അതൊക്കെ അവരുടെ രാജ്യത്തിന്റെ സാംസ്‌കാരികാഭിവൃദ്ധിക്കുവേ ണ്ടി അവര്‍ പ്രയോജനപ്പെടുത്തുന്നു. എന്നാല്‍ നമ്മള്‍ ജപ്പാനില്‍ നിന്ന് വളരെ കുറച്ചേ സ്വീകരിക്കുന്നുള്ളൂ. ചൈനയില്‍ നിന്നും വലിയ ഭീഷണി നേരിടുന്ന രാജ്യം എന്ന നിലയില്‍ ജപ്പാനുമായി നമുക്കു കൂടുതല്‍ അടുക്കാന്‍ കഴിയും. ജനസംഖ്യയുടെ നെഗറ്റീവ് ഗ്രോത്ത് ആണ് അവരുടെ പ്രതിസന്ധിയെങ്കില്‍ അമിത ജനസംഖ്യയാണ് നമ്മുടെ പ്രശ്‌നം. അങ്ങനെ നോക്കുമ്പോഴും പരസ്പരസഹകരണത്തിന് സാധ്യതകള്‍ തുറന്നു കിടക്കുന്നു. ജാപ്പനീസ് ഭാഷാ പഠനത്തിനും പരസ്പര സാംസ്‌കാരിക വിനിമയത്തിനും കൂടുതല്‍ അവസരങ്ങള്‍ ഒരുക്കിയാല്‍ നമുക്ക് വലിയ പ്രയോജനമുണ്ടാകും.
‘ഒരു മുതലനായാട്ട്’ മലയാള ചെറുകഥാ ചരിത്രത്തിലെ ആദ്യകാല കഥകള്‍ വായിക്കുമ്പോള്‍ കാണുന്ന ഒന്നാണ്. സി.എസ്. ഗോപാല പണിക്കരാണ് അതിന്റെ രചയിതാവ്. മാതൃഭൂമിയില്‍ എന്‍.എസ്.മാധവന്റെ കഥ ഭീമച്ചന്‍ വായിച്ചു (മെയ് 12-18) കുറെ ചെന്നപ്പോഴാണറിയുന്നത് അതൊരു തുടരന്‍ ആണെന്ന് ഇപ്പോള്‍ വായിച്ചു കൊണ്ടിരിക്കുന്നത് രണ്ടാം ഭാഗമാണെന്ന്. ഗോപാലപണിക്കരുടെ മുതലനായാട്ടു മാതിരിയല്ല എന്തായാലും മാധവന്റെ മുതല നായാട്ട്. അതിനൊരു ക്രിസ്തീയ പരിസരമൊക്കെയുണ്ട്. പണ്ടൊരു ബഷീര്‍ വിവാദത്തിനുശേഷം മുങ്ങിയ മാധവന്‍ പൊങ്ങിയത് അടിമുടി മതേതരനായാണ്. ‘ഭഗവദ്ഗീതയും കുറെ മുലകളും’ എഴുതിക്കഴിഞ്ഞപ്പോള്‍ ബഷീറിന് അതുവരെ ഇല്ലാതിരുന്ന മഹത്വം മലയാളസാഹിത്യത്തില്‍ പെട്ടെന്നുണ്ടായി. മുട്ടത്തുവര്‍ക്കിയുടെ എഴുത്തുപോലെ ഒരു ജനകീയ മുഖം ഉണ്ട് എന്നല്ലാതെ ബഷീര്‍ അത്ര ഉന്നതനായ എഴുത്തുകാരനാണെന്നു പറയാന്‍ വയ്യ. ആ സത്യം ഒരിക്കല്‍ അബദ്ധത്തില്‍ എന്‍.എസ്.മാധവന്‍ പറഞ്ഞുപോയി. അന്നദ്ദേഹത്തെ വലിയ രീതിയില്‍ കടന്നാക്രമിക്കാന്‍ മതേതര നാട്യക്കാര്‍ തയ്യാറായി. ബഷീര്‍ വിമര്‍ശനങ്ങളെയെല്ലാം വര്‍ഗീയമായി നേരിടാന്‍ തുടങ്ങിയതോടെ പലരും നിശ്ശബ്ദരായി. മാധവനും അക്കൂട്ടത്തിലുണ്ടായിരുന്നു. പിന്നെ തിരിച്ചുവന്നത് വലിയ മതേതര പൊങ്ങച്ചവുമായിട്ടായിരുന്നു. കേന്ദ്രത്തിലെ ഫാസിസ്റ്റ് ഭരണം മൂലം അദ്ദേഹത്തിന് ഉറക്കം പോയത്രേ!
കേരളത്തിലെ പൊതുസമൂഹവും കലാസാംസ്‌കാരിക മേഖലയുമെല്ലാം വല്ലാതെ വര്‍ഗീയവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അത്യന്തം അപകടകരമായ ഈ സ്ഥിതി ഉണ്ടായതിനുകാരണം എഴുത്തുകാരുടെ ഭീരുത്വവും അവാര്‍ഡുമോഹവുമാണ്. സത്യം പറഞ്ഞാല്‍ അവാര്‍ഡു പോകും എന്നുണ്ടെങ്കിലും സത്യം പറയാന്‍ പ്രധാനപ്പെട്ട അഞ്ച് എഴുത്തുകാര്‍ തയ്യാറായിരുന്നെങ്കില്‍ സാഹിത്യത്തിലും സിനിമയിലും ഒക്കെ ശക്തമാകുന്ന മത വര്‍ഗ്ഗീയ നിലപാടുകള്‍ ദുര്‍ബ്ബലമായേനെ. ‘ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം’ എന്ന മട്ടില്‍ ബഷീറിനെ ബേപ്പൂര്‍ സുല്‍ത്താനാക്കിയപ്പോഴും മമ്മൂട്ടിയെ മഹാനടനാക്കിയപ്പോഴുമൊക്കെ ഇത്തരക്കാര്‍ കൈയടിച്ചുകൊടുത്തു. ഇപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടു തുടങ്ങിയിരിക്കുന്നു.
മാതൃഭൂമിയില്‍ (മെയ് 12-18) പി.എസ്. നവാസ് കാലാവസ്ഥാ മാറ്റം സൃഷ്ടിച്ച ഭാഷാ പരിണാമങ്ങളെക്കുറിച്ച് പഠിച്ച് എഴുതിയിരിക്കുന്നു. കാലാവസ്ഥാവ്യതിയാനം തിരഞ്ഞെടുപ്പ് വിഷയം ആക്കണമെന്ന് കഴിഞ്ഞൊരു ദിവസം ഏതോ സായിപ്പ് പറയുന്നതു കേട്ടു. ഈ ലേഖകന്‍ ജനിച്ച കാലം മുതല്‍ ഇന്നു വരെ കാലാവസ്ഥയ്ക്ക് അത്രകാര്യമായ വ്യതിയാനമൊന്നും കാണുന്നില്ല. 1974-75 കാലഘട്ടത്തില്‍ കേരളത്തിലുണ്ടായ വരള്‍ച്ചയ്ക്ക് തുല്യമായ ഒരു വേനല്‍ പിന്നെ ഉണ്ടായതായി കണ്ടിട്ടില്ല. അന്ന് ജനസംഖ്യ ഇന്നത്തേതിന്റെ ഏകദേശം പകുതിയ്ക്ക് അല്പം മുകളിലായിരുന്നു. എന്നിട്ടും കുടിവെള്ളത്തിനു വലിയ ക്ഷാമം ഉണ്ടായി പ്രധാന നദികള്‍ പലതും പൂര്‍ണ്ണമായും വറ്റി. അത്തരം ഒരു വരള്‍ച്ച പിന്നെ കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. 1924 ലെ വെള്ളപ്പൊക്കക്കാലത്ത് (മലയാള വര്‍ഷം 1099) ഇന്നത്തെ തലമുറയില്‍ പെട്ട ആരും ജീവിച്ചിരുന്നിട്ടില്ലെങ്കിലും അതിന്റെ വാര്‍ത്തകള്‍ പറഞ്ഞുകേട്ടിട്ടുണ്ട്. മൂന്നാഴ്ച നീണ്ടു നിന്ന ആ പ്രളയം കേരളത്തില്‍ ഇന്നുള്ളതിന്റെ മൂന്നിരട്ടി വനഭൂമിയും കൃഷിഭൂമിയും ഉണ്ടായിരുന്ന കാലത്തായിരുന്നു. അതിനു സമാനമായ ഒരു പ്രളയം പിന്നെ ഇതുവരെ കേരളത്തില്‍ ഉണ്ടായിട്ടില്ല.
കാലാവസ്ഥ എന്നത് ഒരിക്കലും എല്ലാക്കാലത്തും ഒരുപോലെ തന്നെ ആയിരിക്കില്ല ചെറിയ ചില മാറ്റങ്ങളൊക്കെ വരും.