ആലപ്പുഴയിലെ കായംകുളം മിലാദ്-ഇ-ഷെരീഫ് (എം. എസ്. എം) കോളേജില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ ഒരു പ്രകടനം ദേശീയ അന്വേഷണ ഏജന്‍സിയുടെ ഇടപെടലിന് കാരണമായിരുന്നു. പലസ്തീനിലെ ഹമാസ് ഭീകരവാദികളുടെ വേഷമണിഞ്ഞുകൊണ്ട് തോക്കുകള്‍ ഉള്‍പ്പടെയുള്ള മാതൃകകള്‍ ഉപയോഗിച്ചു കൊണ്ടാണ് ഭീകരവാദികള്‍ക്ക് അവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. എന്നാല്‍ വിഷയം അന്വേഷിച്ച കേരള പോലീസ് അത് വിദ്യാര്‍ത്ഥികള്‍ നടത്തിയ ഒരു നിസ്സാര സംഭവമാക്കി മാറ്റി. സമാനമായാണ് കേരള സര്‍വ്വകലാശാല കലോത്സവത്തിന് ‘ഇന്റിഫാദ’ എന്ന പേര് നല്‍കി പലസ്തീന്‍ ഭീകരവാദികളെ വെള്ളപൂശാന്‍ കമ്മ്യൂണിസ്റ്റ് -മുസ്ലിം വിദ്യാര്‍ത്ഥി സംഘടനകള്‍ ശ്രമിച്ചത്. ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ 2023 നവംബറില്‍ സംഘടിപ്പിച്ച ഓണാഘോഷത്തിലും മഹാബലിയെ പലസ്തീന്‍ പതാക അണിയിച്ചു കൊണ്ട് ഭീകരവാദികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാനുള്ള ശ്രമം ഇക്കൂട്ടര്‍ നടത്തി. എന്നാല്‍ ഇവയൊക്കെ ദേശീയ പ്രസ്ഥാനങ്ങളുടെ ഇടപെടല്‍ മൂലം അധികൃതര്‍ക്ക് റദ്ദാക്കേണ്ടി വന്നു. ഇതിന് പുറമെ രാജ്യത്തെ പല ക്യാമ്പസുകളിലും പോസ്റ്ററുകള്‍ പതിക്കുകയും ജനങ്ങള്‍ക്കിടയില്‍ മുസ്ലിം അനുകമ്പ വ്യാപിപ്പിക്കുവാനുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നുവെങ്കില്‍ ഇസ്രായേല്‍ വിരുദ്ധ സമരങ്ങള്‍ വിവിധ സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ചു നടക്കുകയും തീവ്ര ഇസ്ലാമിക ശക്തികള്‍ അതിന്റെ മറവില്‍ പിടിമുറുക്കയും ചെയ്യുമെന്നത് ഉറപ്പാണ്. കാരണം ഇതൊരു ആഗോള അജണ്ടയുടെ ഭാഗമായ നീക്കമാണ്. അതാണ് ഇപ്പോള്‍ യൂറോപ്പ്, അമേരിക്ക തുടങ്ങിയ ലോകത്തിന്റെ വിവിധ ഭാഗങ്ങ ളിലെ സര്‍വ്വകലാശാലകള്‍ കേന്ദ്രീകരിച്ചു അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അതിന്റെ പ്രതിഫലനമാണ് ഭാരതത്തിലും കേരളത്തിലും നാം കണ്ടത്. മലപ്പുറത്ത് മുന്‍ ഹമാസ് മേധാവിയെ പങ്കെടുപ്പിച്ചു കൊണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ പൊതുസമ്മേളനം പോലെ ക്യാമ്പസുകള്‍ക്ക് പുറത്തും കലാപ അന്തരീക്ഷം രൂപപ്പെടുത്തികൊണ്ടിരിക്കുന്നു.
വിദ്യാര്‍ത്ഥി സമരമോ ഇസ്ലാമിക കലാപമോ?
ഇസ്ലാമിക തീവ്രവാദികളുടെ പിന്തുണയോടെ പലസ്തീന്റെ പേരില്‍ വിവിധ കലാപങ്ങള്‍ ഭാരതത്തിലും തുടക്കമിട്ടെങ്കിലും അവ ദീര്‍ഘകാലം നിലനിര്‍ത്താന്‍ സാധിച്ചില്ല. എന്നാല്‍ പാശ്ചാത്യലോകത്തെ സ്ഥിതി മറിച്ചാണ്. നിലവില്‍ ഇതുമായി ബന്ധപ്പെട്ട് യൂറോപ്പിലും അമേരിക്കയിലുമടക്കം നടക്കുന്ന കലാപങ്ങള്‍ മാസങ്ങളായി തുടരുന്നു. വിദ്യാര്‍ത്ഥികള്‍ നടത്തുന്ന യുദ്ധവിരുദ്ധ പ്രക്ഷോഭമായി മുഖ്യധാരാ മാധ്യമങ്ങളെല്ലാം ഇതിനെ അവതരിപ്പിക്കുന്നു. 1970 കളില്‍ അമേരിക്കന്‍ സര്‍വ്വകലാശാലകളില്‍ പടര്‍ന്നു പിടിച്ച വിയറ്റ്‌നാം യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങളുടെ സ്മരണകള്‍ ഉയര്‍ത്തിയാണ് ഇപ്പോള്‍ നടക്കുന്ന കലാപത്തെ പലരും ബന്ധിപ്പിക്കുന്നത്. 50,000 ത്തോളം അമേരിക്കക്കാര്‍ കൊല്ലപ്പെടുകയും 30,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത വിയറ്റ്‌നാം യുദ്ധകാലത്ത് നടത്തിയ പ്രക്ഷോഭങ്ങളുടെ ഓര്‍മ്മകള്‍ നിലനില്‍ക്കുന്നവര്‍ക്ക് ഒറ്റനോട്ടത്തില്‍ ഇപ്പോള്‍ നടക്കുന്നത് വിദ്യാര്‍ത്ഥികളുടെ സമരമാണെന്ന് തോന്നും. എന്നാല്‍ യാഥാര്‍ഥ്യം അങ്ങനെയല്ല. പലസ്തീന്റെ പേരില്‍ നടക്കുന്നത് ഒരു ഇസ്ലാമിക കലാപമാണ്. മുസ്ലിങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയാണ് പ്രതിഷേധക്കാര്‍ വാദിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ പേരില്‍ സമരം നയിക്കുന്നത് ഇസ്ലാമിക മതമൗലികവാദികളാണ്. സ്വയം ശക്തിപ്പെടാനുള്ള അവസരമായാണ് പലസ്തീന്‍ വിഷയത്തെ മറ്റ് നാടുകളില്‍ അവര്‍ ഉപയോഗിക്കുന്നത്. ‘ലാ ഇലാഹ ഇല്ലല്ലാഹ്’ അഥവാ അള്ളാഹു അല്ലാതെ മറ്റൊരു ‘ഇലാഹ്’ അഥവാ ‘ആരാധിക്കപ്പെടുന്നവന്‍ ഇല്ലെ’ന്ന മുദ്രാവാക്യങ്ങളാണ് വിദ്യാര്‍ത്ഥികള്‍ എന്ന് വിശേഷിപ്പിക്കുന്നവര്‍ തെരുവീഥികളില്‍ മുഴക്കുന്നത്. നിലവിലെ കലാപശ്രമങ്ങള്‍ ശക്തവും അക്രമാസക്തവും രാജ്യങ്ങളുടെ ആഭ്യന്തര സുരക്ഷയെ തന്നെ ബാധിക്കുന്നതുമാണ്. അതുകൊണ്ടാണ് ‘പ്രതിഷേധിക്കുകയെന്നത് ഒരു അവകാശമാണെങ്കിലും അത് സമൂഹത്തില്‍ കലാപം വ്യാപിപ്പിക്കുവാനുള്ള അവകാശമല്ലെന്ന്’ യു.എസ് പ്രസിഡന്റ് ജോ ബൈഡന് അഭിപ്രായപ്പെടേണ്ടി വന്നത്.
2023 ഒക്ടോബര്‍ ഏഴിനാണ് ഹമാസ് ഇസ്രായേലില്‍ ഭീകരാക്രമണം നടത്തുന്നത്. 700 ലധികം വരുന്ന ഇസ്രായേലി പൗരന്മാര്‍ വധിക്കപ്പെട്ടു. തുടര്‍ന്നാണ് ഒരു ഭീകര വിരുദ്ധ സൈനിക പദ്ധതി ഇസ്രായേല്‍ ആസൂത്രണം ചെയ്യുന്നതും പലസ്തീനില്‍ ഇടപെട്ടതും. നിലവിലെ ഇസ്രായേല്‍ -പലസ്തീന്‍ പ്രശ്‌നം ഒരു യുദ്ധമായി കാണുവാന്‍ സാധിക്കില്ല. മറിച്ച് ഇസ്രായേല്‍ തങ്ങളുടെ സുരക്ഷയ്ക്കായി നടത്തുന്ന ഭീകരവാദ വിരുദ്ധ പോരാട്ടമാണത്. ഇക്കാലയളവില്‍ മുപ്പത്തിനായിരത്തിലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്ന് പലസ്തീനും മാധ്യമങ്ങളും അവകാശപ്പെടുന്നുണ്ട്. എന്നാല്‍ അല്‍-ജസീറ അടക്കമുള്ള പരമ്പരാഗത മാധ്യമങ്ങളെ ഉപയോഗിച്ച് ഇസ്രായേലിനെ പ്രതിക്കൂട്ടിലാക്കുന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള തന്ത്രം സോഷ്യല്‍ മീഡിയ യുഗത്തില്‍ വിജയിച്ചില്ല. അതിന്റെ തുടര്‍ച്ചയെന്നോണമാണ് ലോകത്തെ പ്രധാന സര്‍വ്വകലാശാലകളും കോളേജുകളും കേന്ദ്രീകരിച്ചുകൊണ്ടു കലാപങ്ങള്‍ക്ക് വഴിമരുന്നിടുന്നത്.
അമേരിക്ക, ഭാരതം, യൂറോപ്പ്, ആസ്‌ട്രേലിയ
ഇസ്രായേലുമായും അവിടെ നിന്നുള്ള കമ്പനികളുമായും ബന്ധമുള്ള അമേരിക്കയിലെയും മറ്റ് നാടുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തങ്ങളുടെ എല്ലാ ബന്ധവും വിച്ഛേദിക്കണമെന്ന ആവശ്യമാണ് കലാപകാരികള്‍ മുന്നോട്ടുവെയ്ക്കുന്നത്. അതായത് ഈ രാജ്യങ്ങളുടെ നയങ്ങളും രാജ്യ താല്‍പര്യങ്ങളും പശ്ചിമേഷ്യയില്‍ നടക്കുന്ന ഒരു പ്രശ്‌നത്തിന്റെ പേരില്‍ മാറ്റണമെന്നതാണ് അവരുടെ ആവശ്യം. ചുരുക്കത്തില്‍, തങ്ങളുടെ പ്രശ്‌നങ്ങള്‍ ലോകത്തിന്റെ പ്രശ്‌നങ്ങളാവണമെന്നുള്ള പിടിവാശിയാണ് ഈ മതമൗലികവാദികള്‍ക്കുള്ളത്. ഇത്തരമൊരു നയം മാറ്റത്തിലൂടെ സ്വന്തം രാജ്യത്തിനുണ്ടാകുന്ന ദോഷത്തെക്കുറിച്ച് അവര്‍ ബോധവാന്മാരല്ല. കാരണം അവര്‍ക്ക് രാജ്യത്തെക്കാള്‍ വലുത് മതമാണല്ലോ. രാജ്യസ്‌നേഹത്തേക്കാള്‍ പ്രാധാന്യം മതസ്‌നേഹത്തിനാണല്ലോ. അതിനാല്‍ ലോകത്ത് ഇസ്ലാമുമായുണ്ടാകുന്ന ഏതൊരു പ്രശ്‌നത്തിന്റെയും യഥാര്‍ത്ഥ കാരണങ്ങള്‍ അവര്‍ വിസ്മരിക്കുന്നു. ഇപ്രകാരം കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി, ലോസ് ഏഞ്ചലിസ്, ന്യൂയോര്‍ക്കിലെ ഫോര്‍ഡ്ഹാം യൂണിവേഴ്‌സിറ്റി, വിസ്‌കോണ്‍സിന്‍ യൂണിവേഴ്‌സിറ്റി, മാഡിസണ്‍, അരിസോണ യൂണിവേഴ്‌സിറ്റി, ട്യൂസണ്‍, യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് തുടങ്ങിയ അമേരിക്കയിലെ ലോകപ്രശസ്തമായ എണ്‍പതോളം യൂണിവേഴ്‌സിറ്റികള്‍, കോളേജുകള്‍ എന്നിവിടങ്ങളിലേക്ക് കലാപം വ്യാപിച്ചു കഴിഞ്ഞു. ഇതുവരെയായി രണ്ടായിരത്തോളം കലാപകാരികളെ അമേരിക്കന്‍ പോലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലെ കൊളംബിയ സര്‍വ്വകലാശാലയില്‍ നടക്കുന്ന കലാപങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടു ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലും ഇടത്-മുസ്ലിം സംഘടനകള്‍ ഏപ്രിലില്‍ റാലി നടത്തിയിരുന്നു. തുടര്‍ന്ന് ഭാരതത്തിലെ യു. എസ് അംബാസിഡര്‍ ഗാര്‍സെറ്റിയുടെ ജെ.എന്‍.യു ക്യാമ്പസ് സന്ദര്‍ശനം മാറ്റിവെയ്‌ക്കേണ്ടി വന്നു.
യൂറോപ്പിലും സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. അമേരിക്കയില്‍ പഠിക്കുന്ന യൂറോപ്യന്‍ മുസ്ലിം വിദ്യാര്‍ത്ഥികളും കലാപങ്ങളില്‍ പങ്കാളികളായിട്ടുണ്ട്. ബ്രിട്ടണിലെ മാഞ്ചസ്റ്റര്‍, ലീഡ്‌സ്, യോര്‍ക്ക്, ന്യൂകാസില്‍, ഷെഫീല്‍ഡ്, ബ്രിസ്റ്റോള്‍ എന്നീ സര്‍വ്വകലാശാലകള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖ സ്ഥാപനങ്ങളില്‍ മുസ്ലിം വിദ്യാര്‍ത്ഥികള്‍ കുത്തിയിരിപ്പ് സമരം നടത്തി. പാരീസില്‍, സയന്‍സസ് പോ സര്‍വകലാശാലയ്ക്ക് പുറത്ത് നേരത്തെ നടന്ന പ്രകടനം പോലീസുമായി ഏറ്റുമുട്ടലില്‍ കലാശിച്ചതിന് ശേഷം ഈ ആഴ്ച ആദ്യം സോര്‍ബോണ്‍ സര്‍വകലാശാലയ്ക്ക് സമീപം നൂറോളം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. അതുപോലെ അക്രമവും കലാപവും ശക്തമായതിന്റെ ഭാഗമായി ജര്‍മ്മനിയിലെ ബെര്‍ലിനില്‍ പ്രതിഷേധക്കാരുടെ ഒരു ക്യാമ്പ് പോലീസ് തകര്‍ത്തു. സ്വീഡനില്‍ നടന്നുവരാറുള്ള 200 മില്യണില്‍ അധികം ആളുകള്‍ കാണുന്ന യൂറോവിഷന്‍ ഗാന മത്സരം മുസ്ലിം കലാപത്തെ ഭയന്ന് റദ്ദാക്കേണ്ടി വന്നു. യൂറോപ്യന്‍ ബ്രോഡ്കാസ്റ്റിംഗ് യൂണിയന്‍ നടത്തുന്ന പരിപാടി നേരിട്ട് ആസ്വദിക്കുവാനെത്തുന്നത് വിദേശികളടക്കം ഒരു ലക്ഷത്തിലധികം ആളുകളാണ്. ഇവിടെ ഇസ്രായേലില്‍ നിന്നുള്ള ഗാനസംഘത്തെ ഒഴിവാക്കണമെന്നാണ് കലാപകാരികളുടെ ആവശ്യം. ഇങ്ങനെ യൂറോപ്പിലെ തനതായ സാംസ്‌കാരിക പരിപാടികളെയും ക്രൈസ്തവരുടെ ദുഃഖ വെള്ളി, ഈസ്റ്റര്‍ തുടങ്ങിയ മത ചടങ്ങുകളെയും പലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ പേരില്‍ മുസ്ലിങ്ങള്‍ നടത്തുന്ന കലാപങ്ങള്‍ വലിയ തോതിലാണ് ബാധിച്ചത്. പലസ്തീന്റെ പേരില്‍ ആസ്‌ട്രേലിയിലെ എഴോളം ക്യാമ്പസുകളിലാണ് മുസ്ലിം വിദ്യാര്‍ത്ഥികള്‍ ആദ്യം കലാപം അഴിച്ചുവിട്ടത്. ക്യാമ്പസുകളിലെ ജൂത വിദ്യാര്‍ത്ഥികളെയാണ് അവര്‍ ആദ്യം ലക്ഷ്യം വെച്ചത്. പിന്നീട് ക്രൈസ്തവര്‍ അടക്കമുള്ള മറ്റ് സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ തിരിയുകയും രാജ്യത്തിന്റെ ക്രമസമാധാനത്തെ തന്നെ ബാധിക്കുന്ന തലത്തിലേക്ക് വളരുകയും ചെയ്തു. അതുകൊണ്ടാണ് ആസ്‌ട്രേലിയയിലെ പ്രതിപക്ഷ നേതാവ് ഈ വിദ്യാര്‍ത്ഥികളെ ‘വംശീയ വിരോധികളെ’ന്നും ‘സെമറ്റിക് വിരുദ്ധരെ’ന്നും വിശേഷിപ്പിച്ചത്.
മനുഷ്യാവകാശമല്ല; മുസ്ലിങ്ങള്‍ക്ക് വേണ്ടിയുള്ള ശബ്ദം
പാശ്ചാത്യലോകത്തും ഭാരതം ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും ന്യൂനപക്ഷ പദവിയും സംരക്ഷണവുമാണ് മുസ്ലിങ്ങള്‍ ആഗ്രഹിക്കുന്നത്. വാസ്തവത്തില്‍ ഈ സഥലങ്ങളിലെല്ലാം രണ്ടാമത്തെ ഭൂരിപക്ഷ സമുദായമാണ് മുസ്ലിങ്ങള്‍. വളരുന്ന ജനസംഖ്യ തന്നെയാണ് കലാപങ്ങള്‍ സംഘടിപ്പിക്കുവാനും വിഘടനവാദം ശക്തിപ്പെടുത്തുവാനും ഇവിടെയെല്ലാം അവര്‍ക്ക് സഹായകരമാവുന്നത്. ഇവയെല്ലാം മനുഷ്യാവകാശം, ന്യൂനപക്ഷാവകാശം തുടങ്ങിയവയുടെ പേരിലാണ് നടത്തുന്നത് എന്നതാണ് വിചിത്രം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇതെല്ലാം സംഘടിപ്പിക്കുന്നത് മുസ്ലിങ്ങള്‍ക്ക് വേണ്ടി മാത്രമാണ്. കാരണം അവര്‍ മറ്റുള്ളവരുടെ അവകാശങ്ങളില്‍ വിശ്വസിക്കുന്നുവെങ്കില്‍ മുസ്ലിങ്ങള്‍ ഭൂരിപക്ഷമായ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ മുസ്ലിം ഇതര സമുദായങ്ങളെ കൈകാര്യം ചെയ്യുന്നത് ഇങ്ങനെയായിരിക്കുമായിരുന്നില്ല. ഈ മേഖലയില്‍ വലിയ രീതിയിലാണ് മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടക്കുന്നത്. അവിടെയൊന്നും ഇതിനെതിരെ ശബ്ദിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമോ അവകാശമോ ഇല്ല. പ്രധാനമായും ക്രൈസ്തവര്‍, ജൂതര്‍ തുടങ്ങി പ്രാദേശിക തലത്തിലെ ധാരാളം ചെറു മത-സംസ്‌കാരങ്ങള്‍ പിന്തുടരുന്നവര്‍ മുസ്ലിങ്ങളുടെ കടുത്ത വിവേചനത്തിനും അക്രമങ്ങള്‍ക്കും വിധേയരാവുന്നു. ക്രൈസ്തവരുടെ ആരാധനാലയങ്ങള്‍ തകര്‍ക്കുന്നു. ക്രിസ്തുമസ് അടക്കമുള്ള വിശേഷ ദിവസങ്ങളില്‍ അവരെ കരുതല്‍ തടങ്കലില്‍ വെയ്ക്കുന്നു. അങ്ങനെ വിവിധങ്ങളായ അവകാശധ്വംസനങ്ങളാണ് അരങ്ങേറുന്നത്.
എന്നാല്‍ അവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും മറവില്‍ മറ്റ് നാടുകളില്‍ കലാപങ്ങള്‍ നടത്തുവാനും പൊതുമുതല്‍ നശിപ്പിക്കുവാനും ആള്‍നാശം ഉണ്ടാക്കുവാനും മുസ്ലിങ്ങള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം. അതാണ് ഇപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍വ്വകലാശാലകള്‍ കേന്ദ്രീകരിച്ചു നടക്കുന്നത്.
ജനസംഖ്യയെന്ന ശക്തി
ഞൊടിയിടയ്ക്കുള്ളില്‍ കലാപങ്ങള്‍ അഴിച്ചുവിടാന്‍ പാകത്തില്‍ മുസ്ലിങ്ങള്‍ പല രാജ്യങ്ങളിലും ശക്തി നേടി. വേഗത്തില്‍ വളരുന്ന ജനസംഖ്യയും തീവ്രമായ മതപഠനവുമാണ് ഇതിന് കാരണമെന്ന് ലോകത്തെ പല രാജ്യങ്ങളിലിലെയും അനുഭവങ്ങള്‍ സൂചിപ്പിക്കുന്നു. യൂറോപ്പിലെ തന്നെ കാര്യമെടുത്താല്‍ എഴുപത് കോടിയിലധികം ജനസംഖ്യയുള്ള യൂറോപ്പില്‍ നിലവില്‍ അഞ്ച് കോടിയിലധികം ഇസ്ലാം മതവിശ്വാസികളുണ്ട്. കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ ഫ്രാന്‍സിലെ മതം മാറ്റം ഇരട്ടിയായെന്നാണ് വിവിധ കണക്കുകള്‍ സൂചിപ്പിക്കുന്നത്. മൊറോക്കോ, അല്‍ജീരിയ, സബ് സഹാറന്‍ ആഫ്രിക്ക, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഫ്രാന്‍സിലേക്കുള്ള മുസ്ലിം കുടിയേറ്റവും വര്‍ദ്ധിക്കുന്നുണ്ട്. ഇത് ഫ്രാന്‍സിലെ മുസ്ലിം ജനസംഖ്യയെ 60 ലക്ഷത്തിന് മുകളിലെത്തിച്ചു. ഇത് 6.8 കോടി ജനസംഖ്യയുള്ള രാജ്യത്തിന്റെ 10 ശതമാനത്തിനടുത്ത് വരും. പതിനേഴ് ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. മാത്രമല്ല, മുസ്ലീം ജനനനിരക്ക് തദ്ദേശീയരേക്കാള്‍ കൂടുതലാണ്. മുസ്ലീം പുരുഷന്മാര്‍ ബഹുഭാര്യത്വം അനുഷ്ഠിക്കുന്നു. ഇതിന്റെ ഫലമായി 2050 ഓടെ ബ്രിട്ടന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങളെ പിന്നിലാക്കി മുസ്ലിം ജനസംഖ്യയില്‍ ഫ്രാന്‍സ് മുന്നിലെത്തുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ബ്രിട്ടനിലെ രണ്ടാമത്തെ വലിയ മതമാണ് ഇസ്‌ലാം. 2011 ലെ സെന്‍സസ് പ്രകാരം ജനസംഖ്യയുടെ 4.4% ആയിരുന്നു ഇസ്ലാം മതവിശ്വാസികള്‍. എന്നാല്‍ 2021 ലെ സെന്‍സസ് അനുസരിച്ച് ഇത് 6.5 ശതമാനമായി വര്‍ദ്ധിച്ചു. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ മുസ്ലിങ്ങള്‍ ഉള്ളത് ലണ്ടനിലാണ്. ജര്‍മ്മനിയില്‍ ഏകദേശം 5.5 ദശലക്ഷം ഇസ്ലാം അനുയായികള്‍ താമസിക്കുന്നു. അവരില്‍ ഏകദേശം 3 ദശലക്ഷം ജര്‍മ്മന്‍ പൗരന്മാരാണ്. ജര്‍മ്മനിയിലെ മൊത്തം ജനസംഖ്യയുടെ 6.6% മാണ് മുസ്ലിം ജനസംഖ്യ. അവര്‍ ജര്‍മ്മനിയിലെ രണ്ടാമത്തെ വലിയ മതസമൂഹമായി മാറിക്കഴിഞ്ഞു. ജനസംഖ്യപരമായി ക്രൈസ്തവര്‍ക്കും ജൂതര്‍ക്കും ശേഷം മൂന്നാം സ്ഥാനമാണ് അമേരിക്കയില്‍ മുസ്ലിങ്ങള്‍ക്ക് ഉള്ളത്. ഭാരതത്തിലും ഏകദേശം 20 കോടിക്കടുത്താണ് മുസ്ലിം ജനസംഖ്യ.
ജനസംഖ്യഘടന മാറുന്നതനുസരിച്ചുള്ള പ്രശ്‌നങ്ങളും ഈ നാടുകളില്‍ വര്‍ദ്ധിച്ചു. പല യൂറോപ്യന്‍ നഗരങ്ങളിലും 18 വയസ്സിന് താഴെയുള്ളവരില്‍ ഭൂരിപക്ഷം മുസ്ലിങ്ങളായിരിക്കുന്നു. ബെല്‍ജിയത്തിലെയും ഡെന്മാര്‍ക്കിലെയും പല സ്‌കൂളുകളിലും ഹലാല്‍ ഭക്ഷണം നല്‍കുന്നു. പല സ്ഥലങ്ങളില്‍ നിന്നും പന്നിയിറച്ചി വിപണന കേന്ദ്രങ്ങള്‍ അപ്രത്യക്ഷമായിരിക്കുന്നു. ബ്രിട്ടനില്‍ 500 ലധികം ക്രൈസ്തവ ദേവാലയങ്ങള്‍ മുസ്ലിം പള്ളികളായി മാറിയിരിക്കുന്നു. ശരിയ നിയമങ്ങള്‍ ബ്രിട്ടീഷ് നിയമവ്യവസ്ഥയുടെ ഭാഗമായി കഴിഞ്ഞു. ഫ്രാന്‍സിലെ തന്നെ പല സ്‌കൂളുകളിലും വോള്‍ട്ടയര്‍ അടക്കമുള്ള ഫ്രഞ്ച് എഴുത്തുകാരെ പാഠപുസ്തകങ്ങളില്‍ നിന്നും നീക്കം ചെയ്തു. ഫ്രാന്‍സിലെ പല പ്രദേശങ്ങളിലും ഹിജാബ് ധരിക്കാതെ സ്ത്രീകള്‍ക്ക് പ്രവേശനം വിലക്കിയിരിക്കുന്നു. ഇങ്ങനെ യൂറോപ്പിലെ ബഹു സാംസ്‌കാരികത മെല്ലെ ഏക സാംസ്‌കാരികതയിലേക്ക് നീങ്ങുകയാണ്. ഇക്കാലയളവില്‍ ധാരാളം പേര്‍ ഭീകരവാദ പ്രവര്‍ത്തങ്ങളിലും ആകൃഷ്ടരായി. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് റാഡിക്കലൈസേഷന്‍ ആന്‍ഡ് പൊളിറ്റിക്കല്‍ വയലന്‍സിന്റെ (ICSR) കണക്കുപ്രകാരം 2015 വരെ 1200 പേരാണ് ഫ്രാന്‍സില്‍ നിന്ന് മാത്രം ഐ.എസ്.ഐ. എസ്സില്‍ (ISIS) ചേര്‍ന്നത്. യു.കെയില്‍ നിന്നും ജര്‍മ്മനിയില്‍ നിന്നും 500 മുതല്‍ 600 പേരും, ബെല്‍ജിയം 440, നെതര്‍ലന്റ് 200-250 പേരും ഉള്‍പ്പടെ ആയിരക്കണക്കിനാളുകള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ജിഹാദിനായി പോയി. ഭാരതത്തിലെയും അവസ്ഥ വിഭിന്നമല്ല. ഇതിന് പുറമെയാണ് ഇടയ്ക്കിടെ ഓരോ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടു കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത്.
ഇപ്പോള്‍ നടക്കുന്ന കലാപങ്ങള്‍ അതത് രാജ്യങ്ങളുടെ നയങ്ങളെ ഒരു വിധത്തിലും സ്വാധീനിക്കുന്നില്ല. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളുമെല്ലാം തന്നെ ഇസ്രായേല്‍-പലസ്തീന്‍ വിഷയത്തില്‍ തങ്ങളുടെ മുന്‍ നിലപാടില്‍ തുടരുകയാണ്. പ്രതിഷേധങ്ങള്‍ക്കിടയിലും തായ്‌വാന്‍, ഉക്രൈന്‍, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കായി 95 ബില്യണ്‍ യു.എസ് ഡോളറിന്റെ സൈനിക സഹായം ബൈഡന്‍ ഭരണകൂടം നല്‍കി. ഇതിന് പുറമെ 17 ബില്ല്യണ്‍ യു.എസ് ഡോളറിന്റെ പ്രത്യേക സഹായവും അമേരിക്ക ഇസ്രായേലിന് നല്‍കുകയുണ്ടായി. ഇത് കൂടാതെ കലാപങ്ങളില്‍ പങ്കാളികളാവുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കുന്നതടക്കമുള്ള തീരുമാനങ്ങളിലേക്ക് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ കടന്നു. നിലവില്‍ യൂറോപ്പിലും അമേരിക്കയിലുമടക്കമുള്ള കുടിയേറ്റ നയങ്ങളെയും വിഷയം വലിയ തോതില്‍ സ്വാധീനിക്കും. മനുഷ്യാവകാശത്തിന്റെ പേരില്‍ അഭയം നല്‍കിയ രാജ്യങ്ങള്‍ക്കെതിരെ മുസ്ലിങ്ങള്‍ കലാപങ്ങള്‍ അഴിച്ചു വിട്ടത് തദ്ദേശിയര്‍ക്കിടയിലും പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഇത് കണ്ടില്ലെന്ന് നടിക്കുവാന്‍ അവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സാധിക്കില്ല. ഭാരതത്തിന്റെ പൗരത്വ ഭേദഗതിയെ അടക്കം വിമര്‍ശിച്ച പാശ്ചാത്യരാജ്യങ്ങള്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിഷേധിക്കുന്ന കാലം വിദൂരമല്ലെന്നാണ് മുന്‍കാല അനുഭവങ്ങളും ഇപ്പോള്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്ന കലാപങ്ങളും നല്‍കുന്ന സൂചന.
(ന്യൂദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ ഗവേഷകനാണ് ലേഖകന്‍)